ആയിരം – ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുണ്ട് ഈ ജാതി വ്യവസ്ഥയ്ക്ക്.  ആ കാലഘട്ടത്തിൽ  ശക്തിയില്ലാത്തവരും യുദ്ധത്തിൽ തോൽക്കുന്നവരുമായിരുന്നു അടിമത്തതിലേക്കു  അതായത് ജാതി വ്യവസ്ഥയ്ക്ക് സമാനമായ ഒരു വ്യവസ്ഥിതിയിലേക്ക് വന്നത്.  ശേഷം ഈ  രാജ്യത്തിലേക്ക്  ഇരുമ്പും ഒപ്പം ആര്യന്മാരും   വന്നു.  കാർഷിക മേഖല ശക്തിപെടുന്നതോടൊപ്പം കൂടുതൽ തൊഴിലാളികളുടെ സേവനം  ആവശ്യമായി  വന്നു. കൂടുതൽ സാങ്കേതിക ശേഷി കൈയ്യിലുള്ളവർ അതിജീവനത്തിൽ സമൂഹത്തിന്റെ  മുകൾ ശ്രേണി കൈയ്യടക്കി. സുസംഘടിതരായ   ദ്രാവിഡര്‍  വിഘടിച്ച് ശക്തിഹീനരായി.  അപ്പോൾ മുതൽ ജാതി വ്യവസ്ഥ ഈ കാണുന്ന രീതിയില്‍ ശക്തിമത്തായി. അടിച്ചമർത്തപ്പെട്ട്,  ഭാഷ,  സംസ്കാരം, പൈതൃകം ഒക്കെ നഷ്ടപ്പെട്ട തന്റെതെന്ന് പറയാൻ ഒന്നും ഇല്ലാത്ത അവർ ഇന്ത്യൻ സമൂഹത്തിന്റെ വെളിമ്പ്രദേശങ്ങളിൽ  തള്ളപ്പെട്ടു. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലെങ്കിലും അവർ  തിരിച്ചെത്തുന്നത് 1920കളിലാണ്. സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലും ക്രിസ്ത്യന്‍ മിഷനറി പ്രവർത്തനങ്ങളുടെ അനന്തര ഫലമായും.

അങ്ങനെയുള്ള ആ സമൂഹം 4000 വർഷത്തെ അടിച്ചമർത്തലിലൂടെ കടന്നുപോയ  ശേഷം വെറും 80- 100 വർഷങ്ങൾ കൊണ്ട് മുഖ്യധാരയിൽ എത്തണം എന്ന് നമ്മൾ വാശി പിടിക്കുന്നു, അറുപതു വർഷത്തെ റിസർവേഷൻ ആനുകൂല്യങ്ങൾ അനുഭവിച്ചതിനാൽ റിസർവേഷൻ ഉടനേ പിൻവലിക്കണം എന്ന് അഭിപ്രായപ്പെടുന്നു.

ഈ വസ്തുതകൾ ഒന്ന് ശ്രദ്ധിക്കൂ. ഇന്ത്യൻ ദളിതരുടെ  മൂന്നാം തലമുറയാണ് ഇപ്പോൾ വിദ്യാഭാസം നേടുന്നത്. എല്ലാവർക്കും അത് പ്രാപ്യവുമാകുന്നില്ല എന്നതും ഓർക്കണം. അങ്ങനെ വിദ്യാഭ്യാസം നേടുന്ന ഒരുവൻ ആരുടെ കൂടെയാണ് മത്സരിക്കുന്നത്? അവന്റെ കഴിവുകൾ ഉരച്ച് നോക്കുന്നത് ആരുമായിട്ടാണു? നൂറ്റാണ്ടുകളായി വിദ്യ കൈയ്യടക്കി വച്ചിരുന്ന മേലാള വിഭാഗത്തോടും പൊതു സമൂഹത്തിൽ നിന്ന് കുറച്ചൊക്കെ മാറ്റി നിറുത്തപ്പെട്ടെങ്കിലും നേരത്തേ തന്നെ സമൂഹത്തോടു പൊരുതാൻ ആർജവമുണ്ടായി ദ്രാവിഡ സംസകാരത്തിന്റെ താൻപോരിമ വിട്ടു കളയാത്ത മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരോടും. അടിസ്ഥാനമില്ലാക്കുഞ്ഞുങ്ങളെയും കാലാകാലങ്ങളിൽ അനുഭവിച്ച മേൽക്കോയ്മ കാരണം ജനതകമായി പോലും ഒരു പടി മുന്നിൽ നിൽക്കുന്ന ഒരു സംഘം കുഞ്ഞുങ്ങളെയും ഒരുമിച്ചിരുത്തി ഒരേ രീതിയിൽ പഠിപ്പിക്കുമ്പോൾ തീർച്ചയായും വളരെ കുറച്ചു പേർക്കേ സമൂഹം നിശ്ചയിച്ചിരിക്കുന്ന അളവു കോലിനാൽ അളക്കാവുന്ന   വിളവ് തരാൻ സാധിക്കൂ. മറ്റുള്ളവരെ ഉപയോഗശൂന്യർ എന്ന് തള്ളിക്കളയാൻ വെറും 50-60 വർഷത്തെ പരീക്ഷണം കൊണ്ട് സമൂഹത്തിനെങ്ങനെ ധൈര്യം വരുന്നു!

ഒരു കാർഷിക സമൂഹം എന്ന നിലയിൽ കൃഷി സംബന്ധമായ ഒരു ഉപമ ആവാം. കൃഷി ഇറക്കും മുൻപ് എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തുന്നത്? നിലമൊരുക്കി, കട്ടയുടച്ച്, അമ്ലത  ക്രമീകരിച്ച്, ജലസേചനം ഉറപ്പാക്കി, കാലാവസ്ഥ നോക്കിയാണ് കൃഷി ഇറക്കുന്നത്. ഒരു വിദ്യാർത്ഥി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് തുലോം അജ്ഞരാണ് പല അദ്ധ്യാപകരും. കുട്ടികളെ അക്ഷര ലോകത്തെത്തിക്കുന്നതിന് മുൻപ് അവളെ/അവനെ പാകപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ  വിദ്യാർത്ഥിയുടെ  സാമൂഹിക അവസ്ഥ എന്നിവയെ കുറിച്ച് അവരോട് നേരിട്ട് സംവദിക്കണം എന്നില്ല. അത്തരം വസ്തുതകൾ മനസ്സിൽ വച്ച് വേണം അധ്യാപനം നടത്താൻ. ഇന്നും ചേരിപ്രദേശങ്ങളിൽ നിന്നും ദുർലഭ സാഹചര്യങ്ങളിൽ നിന്നും തന്നെയാണ് വളരെയധികം ദളിതർ പള്ളിക്കൂടങ്ങളിൽ എത്തുന്നത് – ഭക്ഷണവും മറ്റ് ഭൗതിക സൗകര്യവും നോക്കി മാത്രമാണോ അവൻ വരുന്നത്? ശരി,  എന്നാൽ അതു ലഭിച്ചാൽ അവന് തൃപ്തിയാവും. പക്ഷെ, അതു നൽകുന്നതു വഴി അവന്റെ വളരെ  ചെറിയ ഒരു ആവശ്യം മാത്രമാണ് സാധ്യമാവുന്നത്. അവന്റെ ശരീരത്തിന്റെ ആവശ്യം, എന്നാൽ അവന്റെ ആത്മാഭിമാനം വളർത്താൻ എന്താണ് ഈ വിദ്യാഭ്യാസ സംവിധാനം നൽകുന്നത്? അവനെ മനസിലാക്കി, അവന്റെ ആവശ്യങ്ങൾ മനസിലാക്കി പഠിപ്പിക്കുന്ന അധ്യാപകരെ വിരലിൽ എണ്ണാം. പലരും ഒരു ഔദാര്യമെന്നോണമാണു അവനു ലഭിക്കുന്ന അറിവിനെ നോക്കി കാണുന്നത്.

റിസർവേഷൻ നേടി മേൽതട്ടിൽ എത്തിയവരെക്കുറിച്ചും ഉന്നത ഉദ്യോഗം നേടി സാമൂഹ്യ സുരക്ഷ നേടിയവർക്കും എതിരെ സമൂഹം ഉയർത്തുന്ന വാളും വാദഗതികളും കണ്ട് പലപ്പോഴും ഞാൻ പകച്ച് പോയിട്ടുണ്ട്. അവയില്‍ ചിലത് ഇവിടെ കുറിക്കാം:

1. അവർ തങ്ങളെ  ഉൾകൊള്ളുന്ന ജാതിയെ തള്ളിപ്പറയുന്നു അഥവാ സ്വന്തം ജാതിയെ പറ്റി തുറന്നു പറയാൻ മടിക്കുന്നു

2. ഒരു തരത്തിലും സ്വജാതിയിൽ തന്നെക്കാൾ താഴ്ന്നവരെ മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുന്നില്ല.

3. ആഢ്യത്തം കാണിക്കുന്നു.

4. ഒന്നുകിൽ മനുഷ്യത്വരഹിതമായി ചട്ടങ്ങളിൽ മുറുക്കെപ്പിടിക്കുന്നു അല്ലെങ്കിൽ വേഗം അഴിമതിയിലേക്ക് കൂപ്പ് കുത്തുന്നു.

ഇത്തരത്തില്‍ അവനെ ഒരു വൃത്തത്തിനുള്ളില്‍ പൂട്ടുന്നതിന് മുൻപ് ചില പെരുമാറ്റങ്ങൾ സാമാന്യവത്കരിക്കാതെ  ഇതിലേക്ക് വഴി തെളിക്കുന്ന കാരണങ്ങൾ  എന്തൊക്കെയാണെന്ന് കൂടി അറിയാന്‍ ശ്രമിക്കുക. ഒരു ദളിതൻ, അവൻ വെറും സാധാരണ മനുഷ്യനാണ്. ഈ വിദ്യാഭ്യാസം കൊണ്ടോ നേടിയ ഭൗതിക നേട്ടം കൊണ്ടോ മാനവിക സ്നേഹത്തിന്റെ പ്രോക്താക്കളാകാൻ  ഒരുവനും ഒരു കഴിവും സിദ്ധിക്കുന്നില്ല. സ്വാഭാവികമായും വിദ്യാഭ്യാസം ലഭിച്ചു ജോലിയിൽ പ്രവേശിച്ചു സാമ്പത്തിക സുരക്ഷ നേടിയ പലരും തൊട്ടു മുന്നില് കാണുന്ന സമൂഹത്തെ മിറർ ചെയ്യുന്നു. ദളിതർക്കുള്ളിലെ സവർണ്ണരായി അവർ സ്വയം അവരോധിക്കുന്നു. ‘ഞാൻ, എന്റെ കുടുംബം’ എന്ന് ചുരുങ്ങി ചിന്തിക്കുന്നു . ഇതൊരു ചെറിയ ശതമാനമുണ്ട്. മാതൃകാ പരമായി ജീവിച്ചു  സ്വന്തം സമൂഹത്തെ ഉദ്ധരിക്കാൻ ശ്രമിക്കുന്നവർ തീരെ ഇല്ലാതില്ല. അവരെ തേടിപ്പിടിച്ചു കാണാന്‍ നമ്മള്‍ ശ്രമിക്കാറും ഇല്ല,  ചെയ്യുന്ന  കാര്യങ്ങള്‍ അവര്‍ നിശബ്ദമായി ചെയ്യുന്നതിനാല്‍.

ഒരു പൊതു മനോഭാവം ശ്രദ്ധിക്കു:
“എന്റെ കുടിയാന്റെ മകൻ. എന്റെ മുന്നില്‍ പഞ്ച പുച്ഛം അടക്കി നിന്നവന്‍! അവൻ എന്റെ മകന്റൊപ്പം വിദ്യാഭ്യസം നേടുന്നു” എന്ന് കേട്ട് കേട്ട് തഴമ്പിച്ച് അപകർഷതാ ബോധത്തോടെ വേച്ച് വേച്ച് മുന്നോട്ടെത്തി ഒന്നിരിക്കുമ്പോൾ, മുൻപ് തന്നെ താഴ്ത്തി കെട്ടിയിരുന്നവന്റെ വിഭാഗത്തോട് അസഹിഷ്ണുത കാട്ടുക സ്വാഭാവികമല്ലേ? ഇതിന്റെ മറ്റൊരു വശമുണ്ട്. വിദ്യാഭ്യാസം സാമൂഹിക നീതി ഉറപ്പാക്കാത്തതിനാൽ സമൂഹവും സഹപ്രവർത്തകരും കാണിച്ച അവഗണനയിലും  പക്ഷപാതപരമായ സമീപനത്തിലും  മനം നൊന്ത്  വിദ്യാഭ്യാസ  വകുപ്പില്‍ മാത്രം  ജോലി തന്നെ ഉപേക്ഷിച്ചു പോയ പട്ടിക വര്‍ഗ്ഗക്കാരുടെ കഥ പരസ്യമല്ലേ ?

അഴിമതി ഏതു വിഭാഗത്തിൽ പെട്ടയാൾ നടത്തിയാലും തെറ്റല്ലേ? റിസർവ്വേഷൻ ലഭിച്ചു വന്ന ഒരു ഉദ്യോഗസ്ഥൻ ചെയ്യുമ്പോൾ മാത്രം എങ്ങനെ അതിന് ഇത്ര മാത്രം മിഴിവ് ലഭിക്കുന്നു? അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്താനും (അവർ ഒരു ഉദ്യോഗക്കയറ്റത്തിന്റെ വക്കിലാണെങ്കിൽ പ്രത്യേകിച്ച്) അത്തരം ചില സംഭവങ്ങളെ  സാമാന്യവത്കരിക്കാനും ഉള്ള ഒരു ശ്രമം പ്രത്യക്ഷമായും  പരോക്ഷമായും ഉണ്ട്.

പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ എം എൻ ശ്രീനിവാസൻ കർണാടകത്തിലെ കൂർഗ്ഗിൽ കണ്ടെത്തിയ ഒരു സാമൂഹ്യ പ്രക്രിയ പിന്നെ ഒരു സാമൂഹ്യ ശാസ്ത്ര തത്വമായി അംഗീകരിക്കപ്പെട്ടത് ഓർക്കുമല്ലോ? Sanskritization – തത്തുല്യമായ മലയാള പദം സംസ്കൃതവത്കരണമെന്നാവാം. കൂർഗ്  പ്രദേശത്തെ അധഃകൃതർ കൂട്ടത്തോടെ പലായനം ചെയ്ത് വളരെ ദൂരെ പോയി സ്വയം പൂണൂൽ ധരിച്ച് ബ്രാഹ്മണ നാമങ്ങൾ സ്വീകരിച്ച് മേലാള ഭാഷ സ്വായത്തമാക്കി മുന്നാക്ക വിഭാഗമായി അംഗീകാരം നേടി. വർഷങ്ങളായി അടിച്ചമർത്തപ്പെട്ട് നിന്ദിക്കപ്പെട്ട് പൊതു ഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ അനന്തര തലമുറ ഒരു പക്ഷേ അവരുടെ മുറിവിൽ പുരട്ടുന്ന എണ്ണ നമ്മുടെ പൊതു സമൂഹത്തിന്റെ കണ്ണിൽ ധാർഷ്ഠ്യമായി കാണപ്പെട്ടാൽ കണ്ണട ഒന്നു മാറ്റിവച്ചു തന്നെ നോക്കണം.

പൊതു സമൂഹമാണ് ഒരുവന്റെ  മതസ്വാതന്ത്യം പോലും നിർവ്വചിക്കുന്നത്. ക്രിസ്തുമതത്തെ ആലിംഗനം ചെയ്തവര്‍ ഇന്നും ദളിത് ക്രൈസ്തവരായി തുടരുന്നു. ബുദ്ധമതത്തില്‍ ചേർന്നവർ നിയോ ബുദ്ധിസ്റ്റുകൾ ആയും. അതായത് അവര്‍ പ്രത്യേക ശ്മശാനങ്ങൾ പോലും ഉള്ള അസ്‌തിത്വം ആയി നിലനിൽക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇസ്ലാം മതത്തെ പിൻപറ്റിയവർ ആ മതത്തിലേക്ക് കരടൊന്നും ഇല്ലാതെ ആഗിരണം ചെയ്യപ്പെട്ടു എന്നതാണ്. അതായത് അവനെ ഒരു ദളിത് മുസ്ലിം എന്ന് തിരിച്ചറിയാന്‍ സാദ്ധ്യത ഇല്ലാത്ത തരത്തിൽ അവൻ അതുമായി ഇഴുകിച്ചേർന്നു.Chavdar-lake-Ambedkar’s-movement-1

ഓർമ്മയുണ്ടാവുമല്ലോ ദളിതനു വേണ്ടി പൊരുതിയ ദളിതനായ ആ ധിഷണാശാലിയെ – ഡോ ഭീംറാവ്ജി അംബദ്കറെ. മതാധിഷ്ഠിത ഉച്ച നീചത്വങ്ങൾ ആവോളം അനുഭവിച്ച അദ്ദേഹം മുഖ്യധാരാ മതത്തെ കൂട്ടാളികളോടൊപ്പം ഉപേക്ഷിച്ചതും ഇസ്ലാം മതതത്തിൽ ചേരണോ എന്നേറെ ചിന്തിച്ചതും പിന്നെ ബുദ്ധമതത്തെ ആശ്ലേഷിച്ചതും വളരെ പണ്ടല്ല? അവിടെ അവരെ പിന്നെയും നവ ബുദ്ധമത അനുയായികൾ എന്ന് വേർപെടുത്തി കണ്ടു സമൂഹം. അതിൽ നിന്ന് ഒന്ന് തിട്ടമാണ് – ദളിതർ എന്നത് ഇന്നും തികച്ചും അഭംഗിയുള്ള മേലാട തന്നെ, പറിച്ചെറിഞ്ഞാൽ തിരിച്ച് വന്ന് പരിരംഭണം ചെയ്യും.

രോഹിത് വെമുല ഒരു പ്രതീകമാണ്. ഏറ്റവും ഒടുവിലായി ജീവൻ  ഉപേക്ഷിച്ചവൻ. അവന്റെ രാഷ്ട്രീയം, മറ്റു നിലപാടുകൾrohit-vemula-4-v-c1 എന്നിവ മാറ്റി വയ്ക്കുക – എനിക്കവൻ പൊതു ജീവിത വീഥിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട അസംഖ്യം ദളിതന്മാരിൽ ഒരുവൻ. ഇതൊരു തുടർക്കഥയാകരുത്.

 

അഭ്യസ്ഥവിദ്യരായ ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ദമ്പതികളുടെ അനുഭവം ഇവിടെ കുറിക്കാം. മലയാളികളാണ് അവർ. കാലത്തിന്റെ ഒഴുക്കിൽ ഭാര്യ ഒരു കോളേജ് അദ്ധ്യാപികയായി. മദ്ധ്യ തിരുവതാംകൂറിന്റെ  തിലകക്കുറിയായ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കലാലയം. ജോലിയിൽ പ്രവേശിച്ചു. പരിചയപ്പെടലൊക്കെ കഴിഞ്ഞ് ഒരു മുതിർന്ന അധ്യാപിക ചോദിച്ചു :
“പ്രണയ വിവാഹം ആയിരുന്നല്ലേ? ഭർത്താവ് ഏത് കമ്യൂണിറ്റി?”
“SC ”
ആ അദ്ധ്യാപികയുടെ മുഖം വിളറി വെളുത്തു. തികഞ്ഞ സങ്കടത്തോടെ അവർ ചോദിച്ചു: “കൂടെ വേറാരും പഠിച്ചിരുന്നില്ലേ? മറ്റേതേലും ജാതിയിൽ നിന്നാവാമായിരുന്നില്ലേ വിവാഹം!?”
യുവതിയായ അദ്ധ്യാപിക ഇതു ഒരു ചിരിയിൽ ഉപേക്ഷിച്ചു. അവർക്ക് ആത്യന്തികമായ ഞടുക്കം നൽകിയത് സ്വന്തം മക്കൾ തന്നെയാണ്‌. മക്കളെ ദളിത വിഭാഗത്തിൽ ചേർത്ത് വളർത്തിയത് മാതൃകാപരമെന്ന് കരുതിയിരുന്ന അവരോട് 16 വർഷങ്ങൾക്ക് ശേഷം മക്കൾ ഇങ്ങനെ പറഞ്ഞു. “അമ്മ ഒരു ദളിതന്റെ പ്രശ്നങ്ങൾ കാണുന്നത് ആ വിഭാഗത്തിന്റെ പുറത്ത് നിന്നാണ്. ഞങ്ങൾ അകത്ത് നിന്നും. ഓരോ അദ്ധ്യാപകരും സുഹൃത്തുക്കളും ‘നിനക്ക് പുസ്തകം തുറന്ന് നോക്കിയാൽ മതിയല്ലോ ജോലി ലഭിക്കാൻ, എന്ന് ഒരു ഔദാര്യവും വെറുപ്പും കലർന്ന രീതിയിൽ പറയുമ്പോൾ ഞങ്ങൾക്ക് പോരാടാനല്ല ഒളിച്ചോടാനാണു തോന്നുന്നത്. നിങ്ങൾ ഒരു മഹത്തായ കാര്യം ചെയ്തു എന്ന് തീരെ കരുതണ്ട” എന്ന് പറയുമ്പോൾ,  “ഞങ്ങൾക്ക് ഈ ജാതി/ സംവരണം ഒന്നും വേണ്ട” സർക്കാർ രേഖകളിൽ ജാതി തിരുത്തണം എന്ന് മാത്രമല്ല ഉള്ളതിൽ സവർണമായ വിഭാഗത്തില്‍ പെടുത്തണം  എന്ന് പറയുമ്പോള്‍ ഇത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല എന്നും ദളിതന് എന്നും സാമൂഹികവും സാംസ്കാരികവുമായ പിന്തുണ നൽകി വന്നിട്ടുള്ള കേരള സമൂഹത്തിന്റെ ഉള്ളിലെ ആളലാണ് എന്നും മനസ്സിലാക്കുക. സമൂഹിക അനീതി കൊടികുത്തി വാഴുന്ന, സ്വാഭിമാന കൊലകളും എച്ചിലില ഉരുൾച്ചകളും നഗ്ന സന്യാസികളും വിരാജിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ അവഹേളനങ്ങൾ ദളിതനെ ഉന്മൂലനം ചെയ്യാനുതകും. ഇത്തരം അസഹിഷ്ണുതകൾ നമ്മുടെ കേരളത്തിലും പടരുന്നുണ്ട്.

ആരാണ് ദളിതന്‍? തീരെ അവ്യക്തമാണോ ഈ പദം? രോഹിത് എന്ന പരേതന്റെ ജാതി തിരുത്തുന്നു എന്ന വിഷയത്തെ സംബന്ധിച്ച് സുഹൃത്തുമായി ഒന്നു സംവദിച്ചപ്പോഴാണ് അതിന്റെ ambedkar-2-v-saനിർവ്വചനത്തിന്റെ ദുർഗ്രാഹ്യത ശ്രദ്ധയിൽ പെട്ടത്. വ്യാഖ്യാനം ദേവ ഭാഷയായ  സംസ്കൃതത്തില്‍ നിന്ന് തന്നെ തുടങ്ങാം, ദളിത്  എന്നാല്‍ അടിച്ചമർത്തപ്പെട്ട എന്നർത്ഥം. എബ്രായ ഭാഷയിലോ ‘ദിൽ ‘ ദലൗട്ട് എന്നാൽ സാമ്പത്തികവും ശാരീരികവും മാത്രമല്ല മാനസിക കഴിവുകളിലും ഉള്ള അധഃപതനം കാരണം നിസ്സഹായരായിത്തീർന്നവർ. ഡോ അംബേദ്കർ ഇങ്ങനെ പറഞ്ഞു. “ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയാണ് ഈ രാജ്യത്ത് ദളിതരെ സൃഷ്ടിച്ചത്”.

ഒരു സാമൂഹ്യശാസ്ത്ര പഠിതാവെന്ന നിലയിൽ ഞാൻ ഏറ്റവും സ്നേഹത്തോടെ സ്വീകരിക്കുന്നത് ദളിത് പാന്തർ മാനിഫെസ്‌റ്റോയിൽ പറഞ്ഞിരിക്കുന്ന വിശകലനമാണ്: ദളിത് ഒരു സംഗ്രഹ പദമാണ്. പട്ടികജാതി/വർഗ്ഗത്തിൽ പെട്ടവർ, നവ ബുദ്ധിസ്റ്റുകൾ, തൊഴിലാളികൾ, ഭവനരഹിതർ, ഭൂരഹിതർ, പാവപ്പെട്ട കർഷകർ ,സ്ത്രീ, മതത്തിന്റെ പേരിൽ സാമൂഹികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെടുന്ന ആരും.

ഇന്ത്യൻ ഭാഷാപരമായി ഏറ്റവും പാവപ്പെട്ട മണ്ണിന്റെ മക്കള്‍ അഥവാ ജാതിയ്ക്കു പുറത്തു നിൽക്കുന്നവരാരോ അവർ ദളിതർ.

അപ്പോള്‍ പറയു നമ്മളിൽ ആരാണ് ദളിതരല്ലാത്തത്

അവർണ്ണത അകറ്റാന്‍ സംവരണം ഒരു ഒറ്റമൂലി അല്ല എന്ന് സമ്മതിക്കെ പൊതു ബോധ്യത്തോടുള്ള പോരാട്ടത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ പോലും ജാതീയ സംവരണമുള്ള ഈ കാലത്ത് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിലപാട് ആദരണീയമാണ്. അവര്‍ ആവശ്യപ്പെടുന്നത്  പ്രശ്നങ്ങളെ വിദ്യാര്‍ഥി പ്രശ്നമായി കാണുക, രാഷ്ട്രീയവല്ക്കരിക്കതിരിക്കുക എന്നതാണ്. അതുപോലെ ദളിത പ്രശ്നങ്ങളെ മുഴുവന്‍ സമൂഹത്തിന്റെ പ്രശനമായി കാണാന്‍ തക്ക പരിതസ്ഥിതി ഉണ്ടായാല്‍ മാത്രമേ സമീപ ഭാവിയില്‍ ദളിതനും മനുഷ്യനാണെന്ന ബോധ്യം അവനും സമൂഹത്തിനും ഉണ്ടാവുകയുള്ളൂ. അവനു ജീവനോടെ നിലനില്‍ക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും സാധ്യമാവുകയുള്ളൂ. അതിനായി ഒരു സംഘടിത സമ്മര്‍ദ്ദ ശക്തിയായി അവര്‍ മാറേണ്ടതുണ്ട്. അവരുടെ ആവശ്യം ഔദാരമായി കണക്കാക്കുന്ന കാലം മാറേണ്ടതുണ്ട്. ഈ ആഗോളവത്കരണ കാലഘട്ടത്തില്‍ അവര്‍ പൊരുതി നേടേണ്ടതുണ്ട് . കാരണം എല്ലാതരം ഭരണകൂടങ്ങളും സാമൂഹിക സുരക്ഷാ മേഖലകളില്‍ നിന്ന് അതിദ്രുതം പിന്‍വലിയുന്നു. പുതിയ ലോകം കമ്പോള ലോകമാണ്. അവിടെ വിലപേശല്‍ ഒരു ആഡംബരമല്ല. അനിവാര്യതയാണ്. സമത്വ കേന്ദ്രീകൃത ചിന്തകള്‍ അല്ല – സമ ഭാവനാധിഷ്ഠിതമായ ചര്‍ച്ചകളും സമവായങ്ങളും മാര്‍ഗങ്ങളും പ്രവര്‍ത്തികളും ആണ് ആവശ്യം.

Comments

comments