രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായി ഇന്ദ്രപ്രസ്ഥം എന്നും വാർത്തകളിൽ നിറയുന്നു. അധികാരത്തിന്റെ ഇടനാഴിയിലും അണിയറയിലുമുള്ള ചലനങ്ങൾക്ക് നാമെന്നും കാതോർത്തിരുന്നു. ഏതു ദേശക്കാരനും തൊഴിലും തണലുമൊരുക്കുന്ന പ്രവാസത്തിന്റെ കേന്ദ്രബിന്ദുവായും ഡൽഹി മാറിയതിന് സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ പഴക്കം. എന്നാൽ, ഇന്ന് കൂടൊഴിയാൻ കൊതിക്കുകയാണ്  മലയാളികളടക്കമുള്ള പ്രവാസികൾ. രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഉദ്യോഗസ്ഥതലങ്ങളിലുമൊക്കെ എത്തിപ്പെടാൻ ആളുകൾ ആവേശപ്പെട്ടിരുന്ന പഴയ കാലം മാറുന്നു. ജീവനും മരണത്തിനുമിടയിലെ നൂൽപ്പാലമായി തീർന്നിരിക്കുന്നു, ഡൽഹി ജീവിതമെന്നതു തന്നെയാണ് കാരണം. തീപ്പെട്ടിക്കെട്ടു പോലെ നിരനിരയായി നിൽക്കുന്ന ഫ്ലാറ്റുകൾ, പാതകൾക്കപ്പുറം മനുഷ്യരും മൃഗങ്ങളും ഒരേ തറയിൽ കിടന്നുറങ്ങുന്ന കുടിൽക്കൂട്ടങ്ങളായ ചേരികൾ, നദികളിൽ സുന്ദരിയായി കവിവാക്യത്തിൽ മാത്രമൊതുങ്ങിയ യമുന… ഇങ്ങനെ എല്ലാറ്റിലും വിഷം തീണ്ടി, മലീമസമായി മരണത്തിനു മുന്നിലാണ് ഡൽഹി.

വ്യവസായശാലകൾ തുപ്പുന്ന വിഷവും മനുഷ്യമാലിന്യങ്ങളും നിറഞ്ഞ് യമുനയും ജലസ്രോതസ്സുകളുമൊക്കെ കറുത്തതിന്റെ കഥകൾ നേരത്തെ നാം കേട്ടു കഴിഞ്ഞതാണ്. എന്നാൽ, സ്വപ്‌നനഗരത്തിൽ സ്വന്തം സുഖസൗകര്യങ്ങൾ മാത്രം നോക്കി ആഢംബരങ്ങളിൽ ആർത്തിയോടെ പായുന്ന industrialpollution-f-1 മനുഷ്യശീലങ്ങളുടെ ദുരന്തഫലത്തിലാണ് ഡൽഹിയുടെ വർത്തമാനം. ഈ വിഷവിത്തുകളുടെ വിളവെടുപ്പ് ഭാവിയിൽ മാറാരോഗങ്ങളല്ലാതെ മറ്റൊന്നും തിരിച്ചു നൽകില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് ഒരു പരിസ്ഥിതി പഠനം. വാഹനങ്ങളിൽ നിന്നുള്ള പുക ശ്വസിച്ച് മരണത്തെ കാത്തു കിടക്കുന്ന ഡൽഹിയെക്കുറിച്ച് സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് (സി.എസ്.ഇ) തയ്യാറാക്കിയ പഠനം ലോക പരിസ്ഥിതി ദിനത്തിന്റെ തലേന്ന് പുറത്തു വിട്ടു. വിഷപ്പുക ശ്വസിച്ചു ശ്വസിച്ച് മരണത്തെ വരിക്കുന്ന മാരകരോഗങ്ങളുടെ അപകട മുനമ്പിലാണ് ഡൽഹി.

നഗരത്തിലെ പ്രധാനപ്പെട്ട ഒമ്പത് അതിർത്തികൾ കേന്ദ്രീകരിച്ചായിരുന്നു സി.എസ്.ഇയുടെ നിരീക്ഷണ സർവ്വെ. കുണ്ട്ലി, തിക്രി, രാജ്‌കോരി, ബദർപുർ, കാളിന്ദികുഞ്ജ് എന്നീ അതിർത്തികൾക്കു CSE-1 പുറമെ, ഗാസിപ്പുരിലെയും ശാഹ്ദ്രയിലെയും രണ്ട് അതിർത്തകളിൽ വീതവും നിരീക്ഷണം നടത്തി. ഡൽഹിയിലേക്കുള്ള ട്രക്കുകളും സ്വകാര്യ വാഹനങ്ങളും പ്രധാനമായും പ്രവേശിക്കുന്ന അതിർത്തികളാണിവ. ദിവസവും 3.07 ലക്ഷം കാറുകളും 1.27 ലക്ഷം ഇരുചക്രവാഹനങ്ങളും ഇതുവഴി ഡൽഹിയിൽ പ്രവേശിക്കുന്നു. നഗരത്തിൽ മൊത്തമുള്ള 124 പ്രവേശന കവാടങ്ങളും വഴിയുള്ള വാഹനങ്ങൾ കണക്കുകൂട്ടിയാൽ ആകെയെണ്ണം 5.65 ലക്ഷമായി കൂടും. ഡൽഹിയിൽ പ്രതിദിനം 5.69 ലക്ഷം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് 2014-15 വർഷത്തെ സാമ്പത്തിക സർവ്വെയിലെ വിലയിരുത്തൽ. ആ റിപ്പോർട്ടും സി.എസ്.ഇ സർവ്വെയും തട്ടിച്ചു നോക്കുമ്പോൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പുതിയ വാഹനങ്ങളുടെ അതേ അളവിൽ അതിർത്തികളിൽ നിന്നും വാഹനങ്ങളെത്തുന്നു. ഇതിനു പുറമെ, ടൂറിസ്റ്റ് പെർമ്മിറ്റുള്ള ഒരു ലക്ഷത്തോളം ടാക്‌സികൾ ഡൽഹിയിലും ദേശീയ തലസ്ഥാനമേഖലയിലുമായി സർവ്വീസ് നടത്തുന്നുണ്ട്.delhi-traffic2

രജിസ്റ്റർ ചെയ്യപ്പെടുന്ന 55 ശതമാനം കാറുകളിൽ 11 ശതമാനവും എസ്.യു.വികളാണ്. ഇരുചക്രവാഹനങ്ങളാവട്ടെ 27 ശതമാനവും. 2014-15 വർഷത്തിൽ 1.65 ലക്ഷം ചെറുകാറുകളും എസ്.യു.വികളും ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. അതിർത്തികൾ വഴിയുള്ള കണക്കനുസരിച്ച് ദിവസവും നാലു ലക്ഷത്തോളം കാറുകൾ ഡൽഹിയിൽ പ്രവേശിക്കുന്നു. അതേസമയം, ഇരുചക്രവാഹനങ്ങൾ 1.65 ലക്ഷമേ പ്രവേശിക്കുന്നുള്ളൂ. നഗരത്തിൽ മാലിന്യം കൂട്ടുന്നതിൽ കാറുകളാണ് മുഖ്യകാരണമെന്നർഥം. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന കണങ്ങളിൽ 43 ശതമാനവും ചെറുകാറുകളിൽ നിന്നുള്ളതാണത്രേ. എസ്.യു.വികളിലൂടെ 23 ശതമാനവും ബഹിർഗ്ഗമിക്കുന്നു. ഇങ്ങനെ, രണ്ടു തരത്തിലുള്ള കാറുകളും കൂടി 66 ശതമാനം നിഷിദ്ധ കണങ്ങൾ പുറത്തേക്കു വിടുന്നു. കൂടാതെ, 46 ശതമാനം നൈട്രജൻ ഓക്‌സൈഡും ബഹിർഗ്ഗമിപ്പിക്കുന്നുവത്രേ.

മുഖ്യമായും ഡീസൽ കാറുകളാണ് അന്തരീക്ഷത്തിലേക്ക് പുക പടർത്തി വിടുന്നത്. ഡൽഹിയിലുള്ളതിനേക്കാൾ രണ്ടിരട്ടി കൂടുതൽ ഡീസൽ കാറുകൾ ദിവസവും അതിർത്തികളിലൂടെ നഗരത്തിനുള്ളിൽ പ്രവേശിക്കുന്നു. ഈ വാഹനങ്ങളുടെയൊക്കെ പുക പുറത്തു വിടുന്ന നൈട്രജൻ ഓക്‌സൈഡും നിഷിദ്ധ കണങ്ങളുമൊക്കെ കുമിഞ്ഞു കൂടി തലസ്ഥാന നഗരത്തിലെ ഓസോൺ കവചം ഭീഷണിയിലായെന്നും സി.എസ്.ഇ മുന്നറിയിപ്പു നൽകുന്നു. ആഢംബരത്തിനും സ്വന്തം കാര്യങ്ങൾക്കും മാത്രമായി ഒന്നിലേറെ കാറുകൾ വാങ്ങിക്കൂട്ടുന്ന ശീലത്തിൽ ഇനിയും ഡൽഹി വാസികൾ മാറ്റം വരുത്തിയിട്ടില്ല. വലിയൊരു എസ്.യു.വി കാറിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്ന കാഴ്ചകൾ ഡൽഹിയിൽ പതിവാണ്. ഒട്ടേറെ പേരെ ഉൾക്കൊള്ളുന്ന ഒരു ബസ്സിനു നീങ്ങാൻ ഇടമില്ലാത്ത വിധത്തിൽ ഇങ്ങനെ എത്രയോ സ്വകാര്യകാറുകൾ റോഡുകളുടെ സ്ഥലം കവരുന്നു. വാഹനക്കുരുക്കിൽ വീർപ്പുമുട്ടി സമയവും ഇന്ധനവും പാഴാക്കി നഗരജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാവുന്നു. ഈ വർഷം ജനവരിയിലും ഏപ്രിലിലും ഡൽഹി സർക്കാർ നടപ്പാക്കിയ സ്വകാര്യ വാഹന നിയന്ത്രണം ഏതാനും ദിവസങ്ങൾ മാലിന്യത്തോതു കുറച്ചെങ്കിലും അടിസ്ഥാനപരമായി പ്രശ്‌നപരിഹാരമായിട്ടില്ല. പൊതുഗതാഗതത്തിന് വേണ്ടത്ര പരിഗണന കൊടുക്കാത്ത സർക്കാർ സമീപനം തന്നെയാണ് ഇതിനുള്ള മുഖ്യതടസ്സം. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഡൽഹിയിലെ പൊതുവാഹനങ്ങൾ സി.എൻ.ജിയിലേക്കു മാറിയിട്ട് ഒന്നര ദശാബ്ദം പിന്നിട്ടു. എന്നാൽ, നഗരത്തിന്റെ ആവശ്യമനുസരിച്ചുള്ള ബസ്സും പൊതുവാഹനങ്ങളും ഇനിയും വേണ്ടത്രയില്ല. 2011-12 വർഷത്തിൽ 6077 ബസ്സുകളുണ്ടായിരുന്നു. ഇത് 2014-15 വർഷത്തിൽ 4977 എണ്ണമായി കുറഞ്ഞു. ഡി.ടി.സിയുടെ ദൈനംദിന യാത്രക്കാരിൽ 17 ശതമാനത്തിന്റെ ഇടിവുണ്ടായി. 2012-13-ൽ 47 ലക്ഷം ദൈനംദിന യാത്രക്കാരുണ്ടായിരുന്നത് 2014-15 വർഷത്തിൽ 39 ലക്ഷമായി കുറഞ്ഞു. ദേശീയ തലസ്ഥാനമേഖലയിൽ നിന്നും ഡൽഹിയിലെത്തുന്ന വാഹനങ്ങളിൽ കേവലം ഒരു ശതമാനമാണ് ബസ്സുകളെങ്കിലും അവ 30 ശതമാനം യാത്രക്കാരെ വഹിക്കുന്നു. പൊതുഗതാഗതത്തിന്റെ സാധ്യത വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. അതിനു നടപടിയെടുക്കാതെ, ഫ്‌ളൈ ഓവറുകളും റോഡുകളും നിർമ്മിച്ച് കൂടുതൽ യാത്രാ സൗകര്യമൊരുക്കുന്നതിൽ മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ. ഈ ഇടങ്ങളിൽ ചേക്കേറുന്നതാവട്ടെ സ്വകാര്യവാഹനങ്ങളും. വിദേശ നഗരങ്ങളിലുള്ളതു പോലെ സൈക്കിൾ യാത്രക്കോ കാൽനടയാത്രക്കോ യാതൊരു സൗകര്യവും സർക്കാർ ചെയ്യുന്നതുമില്ല. ഡൽഹിയിലെ പൊതുഗതാഗതനയം കാര്യക്ഷമമല്ലെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വാഹനപ്പെരുപ്പവും വിഷലിപ്തതയുമെന്നാണ് സർവ്വേക്കു നേതൃത്വം നൽകിയ സി.എസ്.ഇ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയി പറയുന്നത്. 2012-13ൽ നാഷണൽ ക്യാൻസർ രജിസ്ട്രി പരിപാടിയുടെ റിപ്പോർട്ടനുസരിച്ച് ക്യാൻസർ രോഗത്തിൽ ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മുന്നിലാണെന്ന് കണ്ടെത്തിയതും ശ്വാസകോശ ക്യാൻസറിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ തൊട്ടു പിന്നിലായി ഡൽഹി ഇടം പിടിച്ചതുമൊക്കെ ഭാവിയിലെ ദുരന്തങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നു.

Comments

comments