അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

ഇവരെല്ലാം രണ്ടാംലോക യുദ്ധത്തിൽ സോവിയറ്റ്‌ യൂണിയനു വേണ്ടി ജര്‍മ്മനിക്കെതിരെ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്ത് യുദ്ധമുന്നണിയിൽ വെച്ചും നാസീതടവറയിൽ  വിഷവാതകം ശ്വസിച്ചും  മരിച്ചു. യുദ്ധകാലത്ത് തടവറയിലായിരിക്കെ അവർ തുണ്ടുകടലാസുകളിൽ എഴുതിയ കവിതകൾ ഒളിച്ചു കടത്തുകയായിരുന്നു. യുദ്ധാനന്തരം അതെല്ലാം ചേർത്ത് പ്രോഗ്രസ്സ് പബ്ലീഷേഴ്സ് പ്രസിദ്ധീകരിച്ചു. ആ കവികളെ സംബന്ധിച്ചിടത്തോളം നോബൽ  സമ്മാനത്തിനേക്കാൾ  മഹത്തായ പുരസ്കാരമായിരുന്നു ഇത്. അങ്ങിനെ ആ ഭീകരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട, ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഒരു സംഘം കവികൾ അവരുടെ കവിതകളിലൂടെ, സംഗീതത്തിലൂടെ ഇന്നും ജീവിക്കുന്നു. മുപ്പത്തിമൂന്നു മനുഷ്യജീവികൾ. ഓര്‍മ്മക്കുറിപ്പുകളിൽ  സ്വയം ഉണര്‍ന്നും ശ്മശാനങ്ങളുടെ നനഞ്ഞ നിശ്ശബ്ദതയിൽ  ഉറങ്ങിയും കിടക്കുന്ന മുപ്പത്തിമൂന്നു കവികൾ. അവരെക്കുറിച്ച് പറയുമ്പോൾ തീര്‍ച്ചയായും, ആ ജീവിതത്തിന്‍റെ വില എന്തായിരുന്നു എന്ന് നമ്മളറിയും. അങ്ങിനെയുള്ള മുപ്പത്തിമൂന്നു കവികളെയും അവരുടെ തിരഞ്ഞെടുത്ത കവിതകളെയുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

യുദ്ധകവിതകൾ എന്നതിനേക്കാൾ ഇതെല്ലാം ദേശഭക്തി നിറഞ്ഞുനില്‍ക്കുന്ന കവിതകളാണെന്ന് പറയാം. ദേശസ്നേഹത്തിന്, ലോകത്തെ ഏതു രാജ്യത്തിനോടും തോന്നേണ്ട സൌഹൃദത്തിന്, സ്ഥലകാലാതിര്‍ത്തികളില്ല. ജാതിമതവര്‍ഗ്ഗീയഭാഷാചിന്തകളുടെ ഭൌമാകാശാതിര്‍ത്തികളാൽ  ബന്ധിക്കപ്പെട്ട സങ്കുചിതദേശസ്നേഹം യുദ്ധങ്ങളിലേക്ക് നയിക്കും എന്നതിന് ഉദാഹരണം തേടി നമുക്ക് മറ്റെങ്ങും പോകേണ്ടതുമില്ലല്ലോ.

1-ജാക്ക് അള്‍ട്ടോസാൻ

jack altausen

ജാക്ക് (യാക്കോവ്) മൊയ്സയേവിച് അള്‍ട്ടോസാൻ 1907 ഡിസംബർ പതിനാലിന് സൈബീരിയയിലെ ലേനാ നദിക്കടുത്തുള്ള ലേനാ ഗോള്‍ഡ്‌ഫീല്‍ഡിൽ  ഒരു ഖനിജാന്വേഷക കുടുംബത്തിൽ  ജനിച്ചു. അച്ഛൻ  ഖനിത്തൊഴിലാളി ആയിരുന്നു. കാക്കസ്സസ്സിൽ  നിന്നും വന്ന ജാക്കിന്‍റെ  കുടുംബം 1917 ലെ വിപ്ലവകാലത്ത് വടക്കൻ  സൈബീരിയയിലേക്ക് താമസം മാറുകയോ നാടു കടത്തപ്പെടുകയോ ചെയ്തു. അവര്‍ക്ക് ഒരു പെണ്‍കുട്ടിയടക്കം നാല് മക്കളാണ് ഉണ്ടായിരുന്നത്‌. വെറും കൈയ്യോടെയാണ് അവർ  സൈബീരിയയിലെത്തിയത്. ലേനാ നദിക്കു സമീപമുള്ള സ്വര്‍ണ്ണഖനിയിൽ  പണിമുടക്കം ആയിട്ടുകൂടി കഠിനാദ്ധ്വാനിയായാ മോയ്സീ അവര്‍ക്ക്                                                      ജീവിക്കാനുള്ള വകയുണ്ടാക്കി.

1920 കളുടെ അവസാനമാണ് ജാക്ക് അള്‍ട്ടോസാൻ അറിയപ്പെടാൻ  തുടങ്ങുന്നത്. പതിനൊന്നാം വയസ്സിൽ തന്‍റെ പ്രതികൂലമായ ജീവിതചുറ്റുപാടുകൾ കാരണം അദ്ദേഹം ചൈനയിലേക്ക് കുടിയേറി. അവിടെ ഹാര്‍ബിൻ, ഷാങ്ഹായ് എന്നീ സ്ഥലങ്ങളിൽ ഭക്ഷണശാലകളിലെ  ചായവിതരണക്കാരൻ, പത്രവില്‍പ്പനക്കാരൻ,  കപ്പൽജോലിക്കാരൻ, തുടങ്ങിയ ജോലികളെടുത്തു ജീവിച്ചു. അവിടെ വെച്ചാണ് അള്‍ട്ടോസാൻ  ‘ജാക്ക്’ എന്നറിയപ്പെടാൻ തുടങ്ങിയതും തന്‍റെ രേഖകളിലെല്ലാം ആ പേര് കൂട്ടിച്ചേര്‍ത്തതും.

സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ തോന്നിയപ്പോൾ ജാക്ക് ചീട്ടയിലേക്ക് പുറപ്പെട്ടു. അവിടെ വെച്ച് തന്‍റെ ഒരു സഹപ്രവര്‍ത്തകനായിരുന്ന കവി ജോസഫ്‌ ഉത്കിനെ കണ്ടുമുട്ടി. ഉത്കിൻ അദ്ദേഹത്തെ ഇര്‍കുട്ട്സിൽ എത്തിച്ചേരാൻ സഹായിച്ചു. പിന്നീട് ഒരു പട്ടാളക്കാരനാണ് അൾട്ടോസാനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.

1922അവസാനം അള്‍ട്ടോസാൻ കോംസോമോൾ  (Komsomol (All-Union Leninist Young Communist League, b.1918) അംഗമായി. കോംസോമോൾ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ യുവജനവിഭാഗമായിരുന്നു. സോവിയറ്റ്‌ യൂണിയനിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നര്‍ത്ഥം വരുന്ന മൂന്നു വാക്കുകളുടെ ആദ്യക്ഷരങ്ങളില്‍നിന്നാണ് കോംസോമോൾ എന്ന പേരുണ്ടായത്. അടുത്തകൊല്ലം അദ്ദേഹത്തെ പഠനത്തിനായി മോസ്കോയിലേക്ക് അയച്ചു. അവിടെ അദ്ദേഹം ഒരു ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. അവിടെ വെച്ചാണ് അള്‍ട്ടോസാൻ, വലേറി ബ്ര്യൂസോവിന്‍റെ  ശ്രദ്ധയിൽ പെടുന്നത്. അള്‍ട്ടോസാന്‍റെ കൃതികൾ വ്ലാഡിമിർ മയക്കോവ്സ്കി, എഡ്വാര്‍ഡ്‌ ബാഗ്രിറ്റ്സ്കി എന്നിവരെ നല്ലവണ്ണം സ്വാധീനിച്ചതിനാൽ, 1920കളുടെ അവസാനം ‘ കോംസോമോള്‍സ്കായ പ്രാവ്ദ ’ എന്ന പത്രത്തിൽ ഒരു ജോലി കിട്ടി.

രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക്‌ വേണ്ടിയും ധീരോദാത്തമായ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകർ, പാര്‍ട്ടിയോട് കൂറു പുലര്‍ത്തുന്നവർ, ചെറുപ്പക്കാരായ കോംസോമോൾ പ്രവര്‍ത്തകർ, കമ്മ്യൂണിസ്റ്റുകാരായ സ്ത്രീ-പുരുഷന്മാർ എന്നിങ്ങനെയുള്ളവരാണ് അള്‍ട്ടോസാന്‍റെ കവിതകളിലെ കഥാപാത്രങ്ങൾ. ആവേശകരമായ ജീവിതാസക്തിയുണ്ടായിരുന്നെങ്കിലും പൊതു താല്‍പ്പര്യം കണക്കിലെടുത്ത് അത്തരം ജീവിതാസക്തികളെല്ലാം  ത്യജിച്ചവരായിരുന്നു ആ കഥാപാത്രങ്ങൾ.

ആരിലും ആവേശം ഉളവാക്കുന്നതരം തീക്ഷ്ണത, ഗാഢമായ സഹാനുഭൂതി, നിഷ്കളങ്കത മുതലായ വൈകാരികാംശങ്ങൾ അദ്ദേഹത്തിന്‍റെ കവിതകളിൽ  കാണാം.

1941ൽ ആരുടെയും കല്‍പ്പനക്ക് കാത്തുനിൽക്കാതെ അള്‍ട്ടോസാൻ  സോവിയറ്റ്‌ ആര്‍മിയിൽ  ചേര്‍ന്നു യുദ്ധം ചെയ്തു. ഒപ്പം കവിതയും എഴുതി.

സോവിയറ്റ്‌ ജനതയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശത്രുവിനെതിരെയുള്ള ധാര്‍മ്മികരോഷമായിരുന്നു അദ്ദേഹത്തിന്‍റെ  യുദ്ധകാല കവിതകൾ.

അള്‍ട്ടോസാന്‍റെ യുദ്ധവീര്യത്തെ ഓര്‍മ്മിച്ചുകൊണ്ട് ‘ റെഡ് ബാനർ ’ എന്ന ബഹുമതി നല്‍കി റഷ്യ അദ്ദേഹത്തെ ആദരിച്ചു.

1942ൽ ഖാര്‍കോവിനു സമീപം യുദ്ധമുന്നണിയിൽ വെച്ച് ശത്രുവുമായുള്ള ഏറ്റുമുട്ടലിനിടയിൽ ജാക്ക് ആള്‍ട്ടോസാൻ എന്ന കോംസോമോൾ കവി കൊല്ലപ്പെട്ടു.

നാല് സഹോദരന്മാരുടെ വീരഗാഥകൾ 

ഒരു കപ്പലിൽ അവരെന്നെ വീട്ടിലേക്ക് കൊണ്ട് വന്നു.
ഒരിടയൻ കൊമ്പു വിളിച്ചു കാഹളം മുഴക്കി.
ഞങ്ങൾ സഹോദരങ്ങൾ നാലു പേർ
ഞാൻ മാത്രം വീണ്ടും എന്‍റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തി.

കഠിനദുഃഖംകൊണ്ട് അന്ധയായ അമ്മേ,
പിഞ്ഞിയ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന അനിയത്തിക്കുട്ടീ,
എന്‍റെ പുറത്തു തൂക്കിയ ഭാണ്ഡത്തിനുള്ളിൽ യാതൊന്നുമില്ല
പ്രിയപ്പെട്ടവരേ, ഞാനൊന്നുംതന്നെ കരുതിയിട്ടില്ല നിങ്ങൾക്ക് വേണ്ടി.

അമ്മേ ഇപ്പോൾ സമയമെത്രയായി?
പറയൂ, ഇന്നത്തെ തിയ്യതിയെന്ത്?
ഏതു കൊല്ലമാണിത്?
ഞങ്ങൾ നാല് സഹോദരന്മാർ ഉണ്ടായിരുന്നു,
ഉല്ലാസവാന്മാരായ ചെറുപ്പക്കാർ,
പക്ഷേ,  ആരാണ് ഹിമച്ചുഴലികളെ അതിജീവിച്ചത്?
ഒരുവൻ അവന്‍റെ തല നരയ്ക്കുന്നതുവരെ
മിന്നിത്തെളിയുന്ന നക്ഷത്രങ്ങളെ സ്വപ്നം കണ്ടുകൊണ്ടിരുന്നു!
പാവം പയ്യൻ!

അവൻ അവന്‍റെ ജീവിതകാലം മുഴുവൻ സ്വന്തം നാട്ടില്‍നിന്നും
ചന്ദ്രനിലേക്കുള്ള ദൂരം അളന്നുകൊണ്ടിരുന്നു.
പക്ഷെ,  അവനൊരിക്കലും കേള്‍ക്കാൻ കഴിഞ്ഞില്ല,
തിരക്കിട്ട് മണിക്കൂറുകൾ എണ്ണിത്തീര്‍ക്കുന്നതിനിടയിൽ 
അടുത്തും അകലെയുമുള്ള ലോകം മുഴുവൻ
വസന്തത്തിന്‍റെ പേമാരികളിലൊഴുകിയകന്നപ്പോഴും,
അതിന്‍റെ കൊടുങ്കാറ്റിൽ ലോകം ഇരമ്പിമറിയുന്ന ഹൂങ്കാരം.

ഞങ്ങൾ ഞങ്ങളുടെ ജീവൻ വിട്ടുകളയാൻ തയ്യാറായിരുന്നില്ല.
അവൻ ഒരു സംന്യാസിവര്യന്‍റെ കിരീടം മോഹിച്ചു നിരാശനായി.
പാവം വിഡ്‌ഢി! ഒരു മുറത്തിൽ കയറി കടലിനക്കരെ
പോകാന്‍പോലും അവൻ തയ്യാറാകുമായിരുന്നു.

അതിവേഗത്തിലോടുന്ന കുതിരപ്പുറത്ത് ഞങ്ങളണിനിരക്കും
പൊടി നിറഞ്ഞ നിരത്തില്‍ക്കൂടി കുന്നിറങ്ങിപ്പോയാക്രമിക്കും.
കറുകറുത്ത മലങ്കാക്കകളുടെ പെരുംകൂട്ടത്തിനു താഴെ
അപ്പോൾ വെള്ളിലത്തോട്ടത്തിനുള്ളിലെ ദേവദാരുക്കൾ തലകുനിക്കും.

കലമാനുകൾ നിറഞ്ഞ പുല്‍മേടുകളേ, ആലസ്യം വിട്ടുണരൂ.
നിങ്ങളുടെ പൂക്കൾ ഞങ്ങൾക്ക് തലയിണകളായിരുന്നു.
ഞങ്ങളുടെ ജീനിക്കള്‍ക്കടിയില്‍നിന്ന് മൂന്നു പേര്‍ക്കുള്ള
ഉച്ചഭക്ഷണം പുറത്തെടുക്കും : ഓരോ അപ്പക്കഷ്ണങ്ങൾ.

അപ്പോഴും, ആ പാവം പയ്യൻ, ഞങ്ങളുടെ സഹോദരൻ ,
കാറും കോളും നോക്കാതെ, നക്ഷത്രങ്ങളെ നോക്കി,
ജീവിതകാലം മുഴുവൻ അവന്‍റെ  നാട്ടില്‍നിന്നും
ചന്ദ്രനിലേക്കുള്ള ദൂരം അളക്കുകയാകും!

കരിമേഘങ്ങൾ ശക്തമായി ദീര്‍ഘനിശ്വാസമുതിർത്തു കൊണ്ടിരുന്നു,
അപ്പൊഴുമവൻ ദൂരമളന്നുകൊണ്ടേയിരുന്നു.
അതുകൊണ്ടുതന്നെ ആയിരാമത്തെ നാഴികയെത്തും മുന്നേ
ഒരുദിവസം അവൻ മരണമടയുകയും ചെയ്തു.

എന്‍റെ രണ്ടാമത്തെ സഹോദരൻ ഞങ്ങള്‍ക്കരുമയായിരുന്നു.
സമാധാനിക്കൂ, അനിയത്തീ. കരയരുതെന്‍റെ അമ്മേ,!
എനിക്ക് മറക്കാൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു,
കളിവാളുകളില്‍നിന്ന് തീപ്പൊരി പാറിയിരുന്ന കാലം.
അവനൊരിടയൻ : അവൻ പശുകളെ മേയ്ക്കും.

പക്ഷെ, പിന്നെക്കാണുന്നത് അവൻ എല്ലുകൊണ്ട് പണിത കൊമ്പു വിളിച്ച്,
സൈനിക പരിശീലനത്തിന് ചേരുന്നതാണ്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ലെര്‍മോണ്ടോവി*ന്‍റെ സ്വഭാവമാണ് അവന്.

ഡെസ്നാനദിയുടെ തീരത്ത്,  ചെര്‍ട്ടോറോയിലെ തൂക്കുമലകളില്‍നിന്ന്
ഞാൻ മൂന്ന് തവണ കുതിരപ്പുറത്ത് ഇറങ്ങിവന്നു
എന്‍റെ സഹോദരൻ നിര്‍വ്വികാര മുഖവുമായി
ഒരു ദേവദാരുവിൽ തൂങ്ങിയാടിയിരുന്നതു കാണാൻ .

ആ പരുഷമായ കാലം ഞങ്ങളെയും പരുപരുക്കന്മാരാക്കി.
അവൻ തൂങ്ങി മരിച്ചു!
ഉയരെ, അവനു മുകളിലൂടെ
വെള്ളക്കപോതങ്ങളുടെ ഒരുനിര നെക്‌ലസ്‌ ചരടുപോലെ
ആകാശത്തുകൂടി ഒഴുകി നീങ്ങിയപ്പോൾ ഞാൻ വീണ്ടും കുന്നു കയറി.

ഞങ്ങളിലെ മൂന്നാമൻ,  ഒരു മുക്കുവനാണ്.
അവൻ സമാധാനമിഷ്ടപ്പെടുന്നവനായിരുന്നു.
എങ്കിലും വെയില്‍കൊണ്ടുകറുത്ത മുഷ്ടികൊണ്ടവന്‍
സിംഹത്തിന്‍റെ പല്ലിടിച്ചു കൊഴിയ്ക്കാൻ കഴിഞ്ഞിരുന്നു.

കായ്ക്കനിത്തോട്ടങ്ങളിലെ പാറകളിൽ പായൽ നിറഞ്ഞിരിക്കുന്നു.
ഗ്രാമങ്ങൾ മുഴുവനും തീ തൂത്തുവാരിയിരിക്കുന്നു.
അവന്‍റെ മാറിലെ മേല്‍വസ്ത്രത്തില്‍ മത്സ്യച്ചെതുമ്പലുകളുമായി
ഒരു രാത്രി അവൻ കുതിരപ്പുറത്തേറി അതിവേഗം കുതിച്ചു.

ഡോണ്‍നദിക്കു കുറുകെ അവൻ അതിവേഗം കുതിരയോടിച്ചു പോയി,
ശരീരത്തിൽ വാളുകൊണ്ട മുറിപ്പാടുകൾ ഉണ്ടായിരുന്നിട്ടുപോലും,
വിശന്നുപൊരിയുന്ന കാക്കക്കൂട്ടങ്ങളിൽ നിന്നും
അവന്‍റെ വിശ്വസ്തനായ പടക്കുതിര അവനെ രക്ഷിച്ചു.

എന്നിട്ടും വാഴ്സക്ക് സമീപം അവൻ കുതിച്ചുകൊണ്ടിരിക്കുമ്പോൾ
മൂടല്‍മഞ്ഞിലൂടെ,  ഒരു വായ്ത്തല സീല്‍ക്കാരത്തോടെ പുളച്ചു.
അപ്പോൾ, അവനെ ശ്വാസംമുട്ടിച്ചുകൊണ്ട്, നാസാരന്ധ്രങ്ങളിലേക്ക് ചുടുരക്തം
കുതിച്ചൊഴുകി.

ഒരു കപ്പലിൽ അവരെന്നെ വീട്ടിലേക്ക് കൊണ്ട് വന്നു.
ഒരിടയൻ കൊമ്പു വിളിച്ചു കാഹളം മുഴക്കി.
ഞങ്ങൾ സഹോദരന്മാർ നാലു പേർ 
ഞാൻ മാത്രം വീണ്ടും എന്‍റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തി.

പൊടിപിടിച്ച കാലുകളില്‍ ഉറയിട്ട്,  ഞാൻ വരുന്നു.
എന്‍റെ ഹെല്‍മെറ്റ്‌ ഞാനെന്‍റെ കയ്യിൽ മുറുക്കെപ്പിടിച്ചിട്ടുണ്ട്.
നാല് മുറിപ്പാടുകൾ വെയിലിൽ കരുവാളിച്ച കവിളുകളിൽ കാണാം-
എല്ലാം എന്‍റെ യുദ്ധകാലത്തിന്‍റെ  ഓര്‍മ്മകളാണ്.

വൈദ്യുതിക്കമ്പികളിൽ നിന്നും ഒരു കൂട്ടം പക്ഷികൾ 
ആകാശത്തേക്ക് പറക്കാൻ തുടങ്ങുന്നു.
അഞ്ചു കൊല്ലം ഞാൻ തെക്കുവടക്ക് കുതിരപ്പടയോട്ടം നടത്തി
എന്‍റെ റിപബ്ലിക്കിൽ വീണ്ടും ഫലവൃക്ഷമേളകള്‍ നടക്കുമെന്ന പ്രതീക്ഷയിൽ 

ഞാൻ വെള്ളവും ഭക്ഷണവും ഉപേക്ഷിച്ച്
ലഡോഗാതടാകത്തിനപ്പുറത്ത്,  ദ്വിനാനദീതീരത്തേക്ക് കുതിരയോടിച്ചു പോയി,
ഞാൻ സ്നേഹിക്കുന്ന ഈ റിപബ്ലിക്, അതിന്‍റെ തോട്ടങ്ങളെ
പുതിയ പഴങ്ങളെക്കൊണ്ട് നിറക്കുമെന്ന പ്രതീക്ഷയിൽ.

അവരെന്നെ വിളിക്കുമ്പോൾ കയ്യിലൊരു തോക്കുമായി
തീജ്വാലകള്‍ക്കടുത്ത് ഞാൻ നില്‍ക്കുന്നുണ്ടാകും.
എന്‍റെ നെഞ്ചിൽ തലവെച്ച് അമ്മ തേങ്ങിക്കരയുന്നു.
എന്‍റെ അനിയത്തി അവളുടെ കൈകൾ എനിക്ക് നീട്ടിത്തരുന്നു.

 

 

*മിഖായേൽ യുറിയേവിച് ലെര്‍മോണ്ടോവ്- 1814 ഒക്ടോബർ പതിനഞ്ചിനു  ജനിച്ചു. 1841 ജൂലൈ ഇരുപത്തേഴിനു മരിച്ചു. പഴയ സോവിയറ്റ്‌ റഷ്യയിലെ കാല്‍പനിക കവി,  ചിത്രകാരൻ എല്ലാമായിരുന്നു അദ്ദേഹം. കാക്കസ്സസ്സിലെ കവി എന്നറിയപ്പെട്ടു. 1837ൽ അലക്സാണ്ടർ പുഷ്കിൻ മരിച്ചതിനു ശേഷം ഏറ്റവും പ്രശസ്തനായ റഷ്യൻ കവി. റഷ്യൻ കാല്‍പ്പനികപ്രസ്ഥാനത്തിന്‍റെ ഏറ്റവും ഉന്നതനായ പ്രയോക്താവ്. അദ്ദേഹത്തിന്‍റെ സ്വാധീനം ആധുനിക റഷ്യൻ സാഹിത്യത്തില്‍പ്പോലും അനുഭവവേദ്യമാണ്.റഷ്യയിലെ മനഃശാസ്ത്ര നോവലുകളുടെ പാരമ്പര്യം നിലനിര്‍ത്തിയ അദ്ദേഹം ആധുനിക പദ്യത്തിലും ഗദ്യത്തിലും ഒരുപോലെ ശ്രദ്ധേയമായ സ്വാധീനം ഉണ്ടാക്കിയ മഹാനാണ്.

 

റഷ്യൻ കവിത -ജാക്ക് ആള്‍ട്ടോസാൻ

സമർപ്പണം: ജോസഫ്‌ ഉത്കിന്

ഇംഗ്ലീഷ് മൊഴിമാറ്റം: ഡോറിയൻ റോട്ടെന്‍ബെര്‍ഗ്

മലയാളമൊഴി : അച്യുതൻ വടക്കേടത്ത് രവി

Comments

comments