മോഡി നാലാംവട്ടം യു എസ്സിൽ പോയത് എന്തിനാണ്? രണ്ടു ലക്ഷം കോടിക്ക് രൂപയ്ക്കു ആറു ആണവ റിയാക്റ്ററുകള്‍ വാങ്ങാൻ. ഏറ്റവും ആധുനികമാണത്രേ ഇത്. അഞ്ചാം തലമുറയിൽ പെട്ട ഉഗ്രന്‍! സത്യത്തിൽ ഇത് ലോകമാകെ അറിയപ്പെടുന്നത് മൂന്നാം തലമുറ റിയാക്ടർ എന്നാണു . പഴക്കമുള്ള മാതൃക.
യു എസ്സ് ആണവ റിയാക്ടറുകള്‍ മുപ്പത്തഞ്ചു കൊല്ലം പഴക്കമുള്ള മോഡൽ ആണെന്ന് എം ഐ ടി ടെക്നോളജി റിവ്യൂ കഴിഞ്ഞ വർഷം ഒരു പഠനത്തിൽ രേഖപ്പെടുത്തിയിരുന്നു. ആധുനിക ഡിസൈൻ മാനദണ്ഡങ്ങളനുസരിച്ച് കാലഹരണപ്പെട്ടവയാണു യു എസ് റിയാക്ടറുകൾ. പഴക്കം ചെന്ന് സുരക്ഷാപ്രശ്നങ്ങൾ ഒട്ടേറെയുള്ള അവയുടെ ഓപ്പറേറ്റിംഗ് ലൈസൻസുകൾ ടെക്നിക്കൽ ഉപദേശങ്ങൾ ചെവി കൊള്ളാതെ നീട്ടുന്ന യു എസ് ഗവണ്മെന്റിന്റെ നയത്തെ വിമർശിക്കുകയും ചെയ്തിരുന്നു ആ റിപ്പോർട്ട്. പഴക്കം ചെന്ന ആ മാതൃകയാണ് ഇപ്പോള്‍ ഇന്ത്യ ഇങ്ങോട്ട് കൊണ്ടുവരുന്നത്. വെസ്റ്റിംഗ് ഹൌസ് എ പി എന്ന കമ്പനി. ഇത്തരം വമ്പന്‍ ആക്രിക്കച്ചവടങ്ങളിൽ നല്ല ബിസിനസ് ചാർജ്ജ് (കമ്മീഷന്‍) പതിവാണ്. ഇക്കുറിയും അത് തെറ്റുമെന്നു കരുതാന്‍ ന്യായമില്ല. ഇല്ലെങ്കില്‍ ഭാഗ്യം. ഉണ്ടെങ്കില്‍ അഞ്ചു കൊല്ലം കഴിഞ്ഞു അറിയാം.
ആണവ ഊർജ്ജത്തില്‍ ഇനി നിക്ഷേപം നടത്തേണ്ടെന്ന് യു എസ്സ് നിശ്ചയിച്ചിട്ടുണ്ട്. അവിടുത്തെ വമ്പന്‍ ആണവ റിയാക്ടർ വിൽപ്പനക്കാരായ വെസ്റ്റിംഗ് ഹൗസ്, ജി ഇ എന്നിവയ്ക്ക് പുതിയ ഓർഡറുകള്‍ ഇല്ല. യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിൽ നിന്നും അവർ പുറത്തായി. ഇന്ത്യയും ചൈനയും മാത്രമാണ് ഇപ്പോള്‍ ആണവോർജ്ജം ഉൽപ്പാദിപ്പിക്കാന്‍ മടിക്കാത്തത്. യു എസ്സിന്റെ അന്ത്യശ്വാസം വലിക്കുന്ന ഈ വ്യവസായത്തെ രക്ഷിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ആപല്ക്കരമായ റിയാക്ടറുകൾ വാങ്ങുന്നത്! അതും യു എസ്സും മറ്റു ആണവോർജ്ജ രാജ്യങ്ങളും കാറ്റ്, സോളാർ എന്നിവയിൽ നിന്നുള്ള ഊർജ്ജത്തിലേക്ക് അതിവേഗം നീങ്ങുമ്പോൾ. അത്തരം ഊർജ്ജോല്പാദനത്തിന്റെ ചിലവ് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പതിന്മടങ്ങ് കുറഞ്ഞിരിക്കുന്നു. പക്ഷെ പ്രകൃതിവിരുദ്ധ ഊർജ്ജത്തിന്റെ വക്താക്കള്‍ ഈ വസ്തുത മറച്ചു വെച്ചാണ് പ്രചാരണം നടത്തുന്നത്.
ആണവ റിയാക്ടറുകള്‍ എത്ര രൂപക്കാണ് വാങ്ങുന്നത് എന്ന് ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഈ റിയാക്ടറുകളുടെ ശരാരി വില പ്രകാരം 2.8 ലക്ഷം കോടി രൂപ വരും. അത്തരം ന്യൂക്ലിയര്‍ ഊർജ്ജത്തിന് യൂണിറ്റിനു പതിനാലു രൂപ കൊടുക്കേണ്ടി വരും. മറ്റെല്ലാ ശ്രോതസ്സില്‍ നിന്നുള്ള ഊർജ്ജത്തെക്കാള്‍ നാലിരട്ടി വിലയാണിത്.
ഒരു ദശാബ്ദം മുൻപ് ഇന്ത്യ നടത്തിയ ഇടപാടാണിത്. അന്ന് ന്യൂക്ലിയര്‍ ക്ലബ്ബിൽ അംഗത്വം കിട്ടാൻ വേണ്ടി ഇന്ത്യ നല്കിയ ഇളവുകൾ ആണ്. ഇന്ത്യക്ക് ആണവ ഇന്ധനം അനുവദിച്ചു. അന്നത്തെ മറ്റൊരു വാഗ്ദാനവും നടപ്പായില്ല. സാങ്കേതികത്വം പോലും ലഭ്യമായിട്ടില്ല. അതിന്റെ തുടര്‍ച്ചയായ ഒരു പ്രഖ്യാപനം മാത്രമാണ് ഇതെങ്കിൽ നാം ഇതര ശ്രോതസ്സുകൾ തേടാൻ പാഴാക്കുന്ന സമയം വലിയ പിറകൊട്ടടി ഉണ്ടാക്കും.
പത്തുവർഷം പിന്നിട്ടു. ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങളും ആഗോള ഊർജ്ജരംഗവും ഒട്ടേറെ മാറി. റിയാക്ടർ സ്ഥാപിക്കാൻ കരാർ നൽകിയിരുന്ന വെസ്ടിംഗ് ഹൌസും ജി ഇ ഹിറ്റാച്ചിയും തട്ടിയും മുട്ടിയും പത്തു വർഷം കളഞ്ഞു. ഇന്ത്യ ഇപ്പോഴും ആണവോർജ്ജം എന്ന് മന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിലവില്‍ അനുവദിച്ച സ്ഥലത്ത് നിന്ന് നിലയം മാറ്റി കിട്ടണമെന്ന് ഇപ്പോൾ ഈ കമ്പനികള്‍ ആവശ്യപ്പെടുന്നു. ഈ റിയാക്ടറുകള്‍ സ്ഥാപിക്കുക ആയാസകരമായ ദീർഘമായ സങ്കീർണ്ണമായ, ജനവാസത്തെയും അതിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രക്രിയയാണ്. അതിനി എത്ര കൊല്ലം കൊണ്ട് ഇന്ത്യയിൽ സ്ഥാപിച്ചാലും സുരക്ഷിതമായിരിക്കില്ല എന്നുറപ്പായി കഴിഞ്ഞു.
ജപ്പാനിലെ ഫുക്കുഷിമ റിയാക്ടറില്‍ ഉണ്ടായ മഹാദുരന്തം ഇപ്പോഴും ഒരു പേക്കിനാവായി പിന്തുടരുന്നു. ഒരു പ്രകൃതിക്ഷോഭം മതി ഒരു റിയാക്ടർ തകരാൻ. ഒരു ഹിരോഷിമ കൂടി പിറക്കാൻ.
Be the first to write a comment.