ഇതൊരു പക്ഷെ കളിക്കിടയിലുള്ള അല്പം കാര്യമല്ല.. കളിയേ ഇല്ലാത്ത വെറും കാര്യം മാത്രമാണ്. സമൂഹത്തിനു നേരെ തുറന്നു പിടിച്ച ഒരു കണ്ണാടിയിൽ കാണുന്ന പച്ചയായ കാര്യങ്ങൾ. സനൽ കുമാർ ശശിധരന്റെ ഒഴിവു ദിവസത്തെ കളി സംബോധന ചെയ്യുന്നത് പുരോഗമനപരം എന്നു നാമോരോരുത്തരും കരുതുന്ന, നാം ജീവിക്കുന്ന സമൂഹത്തിന്റെ യഥാതഥമായ സ്വഭാവത്തെയാണ്.
ഒരു തെരഞ്ഞെടുപ്പ് കാലം, ആണുങ്ങളുടെ മദ്യപാന സദസ്സ്, ലഹരിയുടെ ഉന്മത്തതയിലുള്ള വാക്കുതർക്കങ്ങൾ.. ഇവയൊക്കെ പരിചിതമായ ചില കാഴ്ചകൾ മാത്രം. പക്ഷെ അതിനപ്പുറം ആ കാഴ്ചകൾ നമ്മളിൽ സംവേദിപ്പിക്കുന്ന ചില ദൃശ്യ ശ്രവ്യ അനുഭവങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ -ഉപരിപ്ലവമായ ഒത്തുചേരലുകൾക്കപ്പുറം ഓരോരുത്തരുടെയും ഉള്ളിൽ ഒതുക്കി വച്ചിരിക്കുന്ന ആണധികാരത്തിന്റെ, അധീശത്വത്തിന്റെ, കീഴാളനോടുള്ള പുച്ഛത്തിന്റെ അനുരണനങ്ങൾ. വിപ്ലവമൂല്യവും സാമൂഹ്യനീതിയും ഉദ്‌ഘോഷിക്കുന്ന മുദ്രാവാക്യങ്ങൾക്കും കൊടിയടയാളങ്ങൾക്കും കീഴെ തികട്ടി വരുന്ന ജാതി വർഗ വർണ്ണ ചിന്തകൾ – കറുപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന ഇന്ന് കറുപ്പ് നിറം ഒരു അടയാളപ്പെടുത്തലായി തന്നെ ചിത്രം മുന്നോട്ടു വയ്ക്കുന്നു. കറുപ്പ് എന്നത് എന്നും ഒരു ഒരു അധഃകൃതനിറമായിത്തന്നെയാണ് പൊതുസമൂഹം കരുതിയിരിക്കുന്നത്. നിറം മാത്രമല്ല പ്രശ്നം എന്നിരിക്കിലും നിറവും ഒരു പ്രശ്നം തന്നെയാണ്. വംശീയാധിക്ഷേപത്തിനെതിരെ ഉള്ള കവിത ഉൾപ്പെടുത്തിയതിലൂടെ നിറത്തിന്റെ രാഷ്ട്രീയവും ചിത്രം പങ്കു വയ്ക്കുന്നുണ്ട്. സംഘം ചേരലുകൾക്കിടയിൽ രൂപം കൊള്ളുന്ന ഹിംസാത്മകവികാരം തനിക്കു താഴെ ഉള്ളവൻ എന്നു സ്വയം കൽപ്പിക്കുന്നവന്റെ മേൽ പ്രയോഗിക്കാനുള്ള മനോഭാവം, സ്ത്രീ എന്ന സ്വത്വത്തെ തന്റെ സുരക്ഷിതമായ ചട്ടക്കൂടിനകത്ത് മാത്രം ഒതുക്കി നിർത്താനുള്ള ആമുഖ്യം, സ്വാർത്ഥതാല്പര്യങ്ങളെ മാത്രം മുൻ നിർത്തിയുള്ള രാഷ്ട്രീയകാഴ്ചപ്പാടുകൾ ഇവയൊക്കെ നിശിതമായി വിമർശിക്കപ്പെടുന്നുണ്ട് ചിത്രത്തിൽ.
കണ്ടു ശീലിച്ച ചില കഥാപാത്രങ്ങൾ തന്നെയാണ് നമുക്ക് മുന്നിൽ വരുന്നത് – നാട്ടിൽ മടങ്ങി എത്തിയ വിദേശമലയാളി, അയാളെ ചുറ്റിപ്പറ്റി മദ്യസേവയ്ക്കെത്തുന്ന സുഹൃത്തുക്കൾ, പണിയെടുക്കുന്ന തന്റേടിയായ സ്ത്രീ കഥപാത്രം. പക്ഷെ ഒരവസരത്തിൽ പോലും ഈ കഥാപാത്രങ്ങൾ നമ്മെ മടുപ്പിക്കുന്നില്ല, എന്നു മാത്രമല്ല ഓരോരുത്തരും അവരുടെ ചിന്താഗതികൾ അയത്നലളിതമായി പ്രേക്ഷകരിലേക്ക് പകർന്നു തരുന്നുമുണ്ട്. സ്ത്രീപക്ഷത്തു നിന്നും തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്ന ഒരു സമാന്യരീതിയാണ് ഗീതയുടെ സംഭാഷണം. പൊതു ബോധം കല്പിച്ചു കൊടുത്തിരിക്കുന്ന പവിത്രതയിൽ കുടുംബത്തിനെ സൂക്ഷിച്ച ശേഷം അവനവന്റെ തന്നിഷ്ടത്തിനും തോന്ന്യാസത്തിനുമായി പുരുഷൻ കാട് കയറുന്നതും അവിടെ കാട്ടുപെണ്ണെന്നു അവൻ വിശേഷിപ്പിക്കുന്ന സ്ത്രീയെ കീഴ്പ്പെടുത്താൻ മുന്നോട്ടു വയ്ക്കുന്ന ആണത്തത്തിന്റെ വ്യാഖ്യാനവും മറ്റും ചുറ്റും കാണുന്ന പല മനസ്സുകളുടെയും പരിഛേദം തന്നെയാണ്. സംഘം ചേർന്നു അർമാദിക്കുമ്പോഴും കൂട്ടത്തിൽ കീഴാളനെന്ന് കല്പിക്കുന്നവനെക്കൊണ്ട് വിടുപണി ചെയ്യിക്കാനും അവർക്ക് മടിയില്ല. മടുപ്പ് മാറ്റാനായുള്ള കളിയിലും കളിയിലെ നീതിനിർവഹണം വരേണ്യൻ തന്നെയാണ്. തങ്ങളുടെ കുറ്റങ്ങളെ പണത്തിന്റെ കൊഴുപ്പിൽ മുക്കിക്കളയുന്ന സമൂഹം കീഴാളനെ ശിക്ഷിക്കാൻ കൈമെയ് മറന്നു യോജിച്ചു ചേരുന്നത് തന്നെയല്ലേ ഇന്നും യാഥാർഥ്യം?
സിനിമ സംവിധായകന്റെ കലയാണെന്ന് അടിയുറപ്പിച്ചു പറയുന്നു ഒഴിവു ദിവസത്തെ കളി. മന്ദമായ ചലനങ്ങളോടെ ക്യാമറ പ്രേക്ഷകനെ കൂടെ തന്നെ കൊണ്ടു പോകുന്നുണ്ട്. കാടും മഴയുമൊക്കെ അതിന്റെ വന്യമായ രൂപഭാവങ്ങളോടെ പ്രേക്ഷകനെ വശീകരിക്കുന്നു. അഭിനയത്തികവിന്റെ കാര്യത്തിൽ ഓരോരുത്തരും മികച്ചു തന്നെ നിൽക്കുന്നു. എടുത്തു പറയേണ്ടുന്ന സവിശേഷത സംഭാഷണ ശൈലി തന്നെ. എഴുതിപ്പഠിച്ചതെന്നു തോന്നാത്ത തീർത്തും സ്വാഭാവികമായ സംഭാഷണം. സ്‌ക്രീനിലല്ല മറിച്ചു നമ്മുടെ അടുത്തിരുന്നു ആളുകൾ പരസ്പരം സംസാരിക്കുന്നതു പോലെ. മലയാള സിനിമ ചരിത്രത്തിൽ ഒരു പുത്തൻ അനുഭവം തന്നെയാണ് ഒഴിവു ദിവസത്തെ കളി.
അരാഷ്ട്രീയത ഒരലങ്കാരമായി കരുതപ്പെടുന്ന ഈ കാലത്ത് വ്യക്തമായ രാഷ്ട്രീയവും കൃത്യമായ രാഷ്ട്രീയ ബോധവും പ്രകടിപ്പിക്കുന്ന ഒഴിവു ദിവസത്തെ കളി മുന്നോട്ടു വയ്ക്കുന്ന സന്ദേശം ഏറ്റെടുക്കാൻ പുരോഗമനരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഏവർക്കും ബാധ്യതയുണ്ട്.
Be the first to write a comment.