ശരീരം ഇന്നു മാനവികജ്ഞാനമേഖലകളുടെ ഒരു മുഖ്യ ആലോചനാ വിഷയമായിമാറുമ്പോൾ അതു മനുഷ്യശരീരത്തെപ്പറ്റിമാത്രമുള്ള വിചാരമായല്ല ആവിഷ്‌കൃതമാകുന്നത്. ശരീരചിന്ത യഥാർത്ഥത്തിൽ അതീത തത്വചിന്തകൾ നിരാകരിച്ച ഇഹലോകജീവിതത്തിന്റെ സംസ്ഥാപനത്തിനും, കാമനകളുടെ സാക്ഷാത്കാരത്തിനും, പ്രകൃതിയുടെ നിലനിൽപ്പിനും, സ്‌ത്രൈണതക്കും, ലാവണ്യാനുഭൂതികൾക്കുമെല്ലാമായ നിലപാടാണ് ഉയർത്തിപ്പിടിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതകളാൽ ഉടൽ സ്പർശിക്കപ്പെടുമ്പോഴുണ്ടാകുന്ന ആനന്ദാവസ്ഥകൾ, വസന്തകാലപുഷ്പങ്ങളും അവയുടെ ഗന്ധങ്ങളും ഉൽപ്പാദിപ്പിക്കുന്ന വീര്യം, ചന്ദ്രപ്രഭ തൂകുന്ന രാത്രികാലങ്ങളും പ്രണയിനികളുടെ സമാഗമവേളകളും ഒരുക്കുന്ന ഉന്മാദാവസ്തകൾ, നൃത്ത-സംഗീതങ്ങൾ ഉടലുകളിലേക്കു സംക്രമിപ്പിക്കുന്ന ഹർഷാവേഗങ്ങൾ, എന്നിവ ജീവിതതീഷ്ണതയുടെ നിമിഷങ്ങളാണ്. ഇവയ്‌ക്കെല്ലാമായുള്ള ആവശ്യമാണ് യഥാർത്ഥത്തിൽ ഇന്ന് ശരീരത്തിന്റെ വീണ്ടടുപ്പിനായുള്ള നിലപാടിനുപിന്നിലുള്ളത്.

എന്നാൽ, ഇവയെ അനഭികാമ്യമായി എണ്ണി നിഷേധിച്ച അമൂർത്തവും അതിഭൗതികവുമായ ചിന്തകളാണ് കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മനുഷ്യചരിത്രത്തിൽ മേൽക്കൈ നേടിയത്. ശരീരത്തിന്റ അനുഭൂതികളെ പ്രകാശിപ്പിക്കുന്നത് സദാചാരവിരുദ്ധമായി ചിത്രീകരിച്ച്  അവയെ സംസ്‌ക്കാരത്തിന്റ പടിപ്പുരയ്ക്കു വെളിയിലാക്കുകയാണ് ആധുനിക സംസ്‌ക്കാരം ചെയ്തത്. അവ ആവിഷ്‌കൃതമാകുന്നതിന് അനുവദിനീയമായ ഏക മണ്ഡലം കുറെക്കാലമായി കലയുടേതായിരുന്നു. കവിതയിലും സംഗീതത്തിലും മാത്രമാണ് ശരീരത്തിന്റെ അനുഭൂതികൾക്ക് പ്രകാശിതമാകാനായത്. ഭാവനയുടെ ലോകത്ത് മാത്രമെ കാമനകൾക്കു സഫലമാകാൻ യുക്തിനിഷ്ഠമായ ആത്മബോധത്തെ (self) കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ട ആധുനിക നാഗരികത ഇടം നൽകിയുള്ളു. ഉടലനുഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉന്മാദാവസ്ഥകൾ മൂർത്തജീവിതത്തിലേക്ക് കടന്നുവരാതിരിക്കാൻ ആധുനിക സംസ്‌ക്കാരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവയെ വിഭ്രമകമായിക്കണ്ട് അടിച്ചമർത്തുകയോ അവയ്ക്കു വിധേയരാകുന്നവരെ മനോരോഗ ചികിൽസ ഉപയോഗിച്ച്  നേരെയാക്കുകയോ ചെയ്തുപോന്നു.

പക്ഷേ ശരീരത്തിനുവേണ്ടിയുള്ള വാദം കേവലം സാഹിത്യകലാദികളുടെ ഉദ്ഗ്രഥനത്തിനുവേണ്ടി മാത്രമുള്ള നിലപാടല്ല. സാഹിത്യത്തിന്റെയും ഭാവനയുടെയും മണ്ഡലങ്ങളിൽ മാത്രമായി തളക്കപ്പെട്ടിരുന്ന അനുഭൂതികളെ മൂർത്തജീവിതത്തിൻ പ്രകാശിതമാക്കുന്നതിനു വേണ്ടിക്കൂടിയുള്ള നിലപാടാണ് ശരീരപക്ഷ ചിന്തകൾ ഉയർത്തിപ്പിടിക്കുന്നത്. അതിഭൗതികചിന്തകളാൽ നിഷ്‌ക്രിയമാക്കപ്പെട്ട ശരീരങ്ങളെ വീണ്ടും സക്രിയമാക്കിത്തീർക്കുകയാണ് അതിനു വേണ്ടത്. ശരീരം മറ്റു ശരീരങ്ങളുടെ സാമീപ്യത്തിലെത്തുമ്പോൾ, അവയുളവാക്കുന്ന അനുകൂലമോ പ്രതികൂലമോ ആയ സ്പർശങ്ങൾ (affects) ക്കു വിധേയമാകുമ്പോഴാണ്  ശരീരം സക്രിയമാകുകയോ നിഷ്‌ക്രിയമാകുകയോ ചെയ്യുന്നത് [1 ]. പുഷ്പങ്ങളും അവയുടെ പരമിളവും, നിലാവിന്റെ നീലിമയുമൊക്കെ ഉൽപ്പാദിപ്പിക്കുന്ന സ്പർശങ്ങൾ പലപ്പോഴും ആനന്ദാവസ്ഥകളെ സൃഷ്ടിക്കാറുണ്ട്. സൗന്ദര്യാനുഭവമായും ആത്മീയാനന്ദമായുമൊക്കെ ഉള്ളിൽ നിറയാറുള്ള അനുഭൂതികളെല്ലാം ഇപ്രകാരം ബാഹ്യശരീരങ്ങൾ സ്വശരീരത്തിലുളവാക്കുന്ന സ്പർശങ്ങളിൽനിന്നും ഉടലെടുക്കുന്നവയാണ്. അനുകൂല സ്പർശങ്ങൾക്കു നിരന്തരം വിധേയമാകാൻ കഴിയുന്ന ഒരു സാമൂഹ്യ-ചരിത്രഘട്ടം നിർമ്മിക്കുകയെന്നത് അതിനാൽ ഇന്നത്തെ ഉടൽരാഷ്ട്രീയത്തിന്റെ ഒരു ലക്ഷ്യമാണ്. അതുകൊണ്ടാണ് അതീതചിന്തകളാൽ ചവുട്ടി അരയ്ക്കപ്പെട്ട ശരീരാനുഭൂതികളുടെ വീണ്ടടുപ്പ് ഇന്നത്തെ ചിന്തകളുടെ മുഖമുദ്രയായി മാറുന്നത്.

ക്രിസ്തുമതത്തിലും പ്ലേറ്റോയുടെ തത്വചിന്തയിലും ശരീരനിഷേധത്തിന്റെ ആദ്യനാമ്പുകൾ കണ്ടെത്താം. നിർമ്മലവും അമരവുമായ ആത്മാവിനെ മലിനമാക്കുന്ന കാമ-ക്രോധാദി വികാരങ്ങളുടെ ഇരുപ്പിടമാണ് പ്ലേറ്റോയ്ക്ക്plato-1-e-1 ശരീരം [2] ജീർണ്ണിച്ചു തകരുന്ന ഒരു മൺകൂടുമാത്രമാണ് ക്രിസ്തുമതം ശരീരത്തെ കണ്ടത്. നിത്യനായ ആത്മാവിനു പാർക്കാനുള്ള ഒരു ഇടത്താവളമെന്ന നിലയിൽ മാത്രമേ അവർ അതിനു പ്രസക്തി നൽകിയുള്ളു. “നിന്റെ വലങ്കണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നുവെങ്ങിൽ  അതിനെ ചൂഴ്‌ന്നെടുത്ത് എറിഞ്ഞു കളക; നിന്റെ ശരീരം മുഴുവനും നരകത്തിൻ വീഴുന്നതിനേക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നത് നിനക്ക് പ്രയോജനമത്രേ”[3]  എന്നാണ് സ്ത്രീയെ മോഹത്തോടെ നോക്കുന്ന വ്യക്തിയോട് ക്രിസ്തീയതയ്ക്ക് ഉപദേശിക്കുവാനുള്ളത്. മരണത്തോടെ പട്ടുപോകുന്ന ഉടലിനുവേണ്ടി ജീവിക്കാതെ ആത്മാവുനൽകുന്ന അലൗകിക ആനന്ദത്തിനുവേണ്ടി മനുഷ്യർ തയ്യാറാകാണമെന്നുള്ളതാണ് ഇരുപക്ഷത്തിനുമുള്ള നിലപാട്.  അതെത്തുടർന്നാണ് ആധുനികതയെന്ന ശരീരവിരോധത്തിന്റെ സാംസ്‌ക്കാരിക ഘട്ടം ലോകത്ത് ആരംഭിക്കുന്നത്. ശരീരം ഛിദ്രമാക്കപ്പെടുന്ന ഒരു കാലഘട്ടമായാണ് ആധുനികതയെ കാണേണ്ടത്. അവിടെ ശരീരം പൂർണ്ണമായി കീഴടക്കപ്പെടുകയും ആത്മബോധത്താലിഴപാകപ്പെട്ട അമൂർത്തമായ ചിന്തകൾക്ക് മേൽക്കൈ ലഭിക്കയുമാണുണ്ടായത്. ശരീരത്തിന്റെ അനുഭവങ്ങളെ വിശുദ്ധമായിക്കണ്ടിരുന്ന ഒരു ഭൂതകാലത്തുനിന്നുമുള്ള വ്യതിചലനമാണ് ആധുനികനാഗരികതയിലുണ്ടായത്. പ്രാക്തനസംസ്‌ക്കാരങ്ങൾ ശരീര-മനസ്സുകളെ രണ്ടാക്കിത്തിരിച്ചിരുന്നില്ല. ശരീരക്രിയകളുടെ ബഹിർഗമനമായി മാത്രമാണ് മനസ്സിനെ അവർ പലപ്പോഴും വീക്ഷിച്ചിരുന്നത്. അന്നമയമായ ശരീരം തന്നെയാണ് ബ്രഹ്മം എന്നുകരുതിയ തൈത്തിരീയ ഉപനിഷത്തും, ലൗകികാനന്ദങ്ങളുടെ നിറവ് ജീവിതലക്ഷ്യമായെടുത്ത പുരാതന യവനസംസ്‌ക്കാരവും ഇതു സുചിപ്പിക്കുന്നുണ്ട്. എന്നാൽ പിൽക്കാലത്ത് മനുഷ്യനെന്നത് അടിസ്ഥാനപരമായി ശരീരത്തിൽനിന്നും വ്യതിരിക്തമായ അവളുടെ മനസ്സാണെന്ന് വരുത്തിത്തീർത്തുകൊണ്ട് ശരീരത്തെ അധമമായിക്കാണാൻ തുടങ്ങി. സാമ്പത്തികോൽപ്പാദനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്താൽ നയിക്കപ്പെട്ട ആധുനികതയുടെ പ്രയോക്താക്കൾക്ക് കാമനകളാൽ നയിക്കപ്പെടുന്ന ശരീരത്തിനു കൂച്ചുവിലങ്ങിടെണ്ടത് ആവശ്യമായിരുന്നു. വ്യാവസായികവിപ്ലവത്തെത്തുടർന്ന്, ഉല്പാദനവർദ്ധനവിൽ പങ്കാളികളാകുന്ന അദ്ധ്വാനിക്കുന്ന ശരീരങ്ങളായി മനുഷ്യനെ മാറ്റിയെടുക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ താത്പര്യം [4].

ശരീരത്തെ ചേതനാരഹിതമായ ഒരു ജഡവസ്തുവായിക്കാണുന്ന പ്രവണത ആരംഭിക്കുന്നത് മതങ്ങൾക്കും, ഭൗതികശാസ്ത്രങ്ങൾക്കും മേൽക്കൈ നേടാനായ ആധുനിക നാഗരികതയിലാണ്. ആദിമമനുഷ്യർ ഉടലൊരുക്കുന്ന മൂർത്തമായ അനുഭൂതികളിലാഴ്ന്നു ജീവിച്ചവരാണ്. ലൗകികജീവിതത്തെ അയഥാർത്ഥമായിക്കരുതാനും മനുഷ്യരെ അതിഭൗതികമായ ഒരു ആത്മീയmindbodysoul-1-e യാഥാർത്ഥ്യത്തിന്റെ തുടർച്ചയായിക്കാണാനുമാരംഭിച്ചത് നാഗരിഗതയുടെ വരവോടൂകൂടിയാണ്. ഭാരതീയചരിത്രത്തിലും ഈ വ്യതിയാനം ദൃശ്യമാണ്. ആദ്ധ്യാത്മചിന്ത ഉദയംചെയ്യുന്നതിനുമുമ്പുണ്ടായ ആദിമ വേദമന്ത്രങ്ങളിൽ പ്രകൃതിയുടെ മനോഹാരിതകളെ വാഴ്ത്തുകയും ലൗകികസമൃദ്ധിയെ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന കാവ്യവചസ്സുകളായിരുന്നു നിറഞ്ഞുനിന്നിരുന്നത്. പിന്നീട് വേദാന്തദർശനങ്ങളുടെ ആവിർഭാവത്തോടെയാണ് ഉടൽ അയഥാർത്ഥവും, ലോകം മായയുമായി വ്യാഖ്യാനിക്കപ്പെട്ടുതുടങ്ങിയത്. അതുമുതലാണ് ഒരു വ്യക്തിയെ ശരീരമായിക്കണക്കാക്കാതെ ആത്മബോധമായിക്കാണാനാരംഭിച്ചത്.

പരമ്പരാഗതചിന്തകളുടെ കാഴ്ചപ്പാടിൽ ഭൗതികവസ്തുക്കൾക്കു മാത്രമല്ല മനുഷ്യരുടെ ഉടലുകൾക്കും ഒരു ആത്മീയശക്തിയുടെ ഇടപെടൽകൂടാതെ ചലിക്കുക സാദ്ധ്യമല്ല. ദൈവമെന്നോ ആശയമെന്നോ ഒക്കെ കരുതപ്പെടുന്ന അത്തരമൊരുnewton-1-e അതിഭൗതിക പദാർത്ഥത്തെ കേന്ദ്രമാക്കിക്കൊണ്ടാണ് യൂറോപ്യൻ തത്വചിന്തയും ഭൗതികശാസ്ത്രങ്ങളും സ്ഥാപിതമായിട്ടുള്ളത്. ന്യൂട്ടന്റെ ചലനനിയമങ്ങളിൽ ഈ നിലപാട് വ്യക്തമായിക്കാണാം. ഏതെങ്കിലുമൊരു ബാഹ്യബലം പ്രയോഗിച്ചാലല്ലാതെ വസ്തുക്കൾക്കു ചലിക്കാനാവതല്ല എന്ന രണ്ടാം ചലനനിയമം, പ്രപഞ്ചത്തിന് അതീതമായിവർത്തിക്കുന്ന ദൈവമാണ് പ്രപഞ്ചത്തെ പ്രവർത്തിക്കുന്നത് എന്ന ക്രിസ്തുമതചിന്തയുടെ തുടർച്ചയാണ്. എന്നാൽ, വസ്തുക്കളെ ചലിപ്പിക്കുന്നതിന് ബാഹ്യബലം ആവശ്യമില്ലെന്നും, അവയ്ക്കുള്ളിൽതന്നെ കുടികൊള്ളുന്ന അവയുടെ സാരാംശമായ ‘ബലേച്ഛ’ (will to power) യാണ് അവയുടെ ചാലകശക്തി എന്നും സമർത്ഥിച്ച നീത്‌ഷെയിൽനിന്നുമാണ് ഇതിനെതിരെ ആദ്യത്തെ സൈദ്ധാന്തികനീക്കംnietzsche-e-1 ഉണ്ടായത്. നീത്‌ഷെ ദൈവത്തെ ജീവിതത്തിന്റെ സമസ്തമേഖലകളിൽനിന്നും നിഷ്‌ക്കാസനം ചെയ്തു. ‘ദൈവം മരിച്ചു വെന്നും ഇനിമുതൽ മനുഷ്യർക്ക് സ്വാതന്ത്രത്തിന്റെ ഇതുവരെ താണ്ടിയിട്ടില്ലാത്ത ആഴക്കടലുകളിലേക്ക് കപ്പലോട്ടങ്ങൾ നടത്താനാവു’മെന്നുമുള്ള നീത്‌ഷെയുടെ പ്രഖ്യാപനം ലോകത്തെയും ജീവിതത്തെയും അതുവരെ നിയന്ത്രിച്ചുപോന്ന സകല അതീത യാഥാർത്ഥ്യങ്ങളെയും കയ്യൊഴിയാനുള്ള ആഹ്വാനമായിരുന്നു[5]. ദൈവം നിലനിൽക്കുന്നില്ലെങ്കിൽ ശരീരങ്ങൾ അതീതയാഥാർത്ഥ്യങ്ങളുടെ പിടിയിൽനിന്നും മോചിതമാകുകയും, മനുഷ്യർക്ക് ശരീരത്തിന്റെ ലീലകളെ പ്രകാശിതമാക്കുന്നതിന് ഇടയാകയും ചെയ്യും. ദൈവത്താൽ നിർണ്ണീതമായ സദാചാരനിയമങ്ങളാലാണ് ഇക്കാലമത്രെയും ശരീരത്തിന്റ മോഹങ്ങൾ തടയപ്പെട്ടുപോന്നത്. ദൈവത്തിന്റെ തിരോധാനം യൂറോപ്പിന്റ സാംസ്‌ക്കാരിക ഭൂപടത്തിൽ  എല്ലാ സദാചാരസംഹിതകളുടെയും കടപുഴക്കുന്ന മഹാസംഭവമായിത്തീർന്നു. ശരീരം ചിന്തയുടെ മണ്ഡലത്തിലേക്ക് മടങ്ങിവരുന്നത് അതുമുതലാണ്. തത്വചിന്തയും, സാഹിത്യവും കവിതയുമെല്ലാം ശരീരത്തിന്റ അനുഭവങ്ങളുടെ പ്രകാശനമായി മാറുന്നതിന് ഇതു സഹായകരമായി.

നീത്‌ഷെയ്ക്കു തൊട്ടുപിന്നാലെയെത്തിയ മനോപഗ്രഥനസിദ്ധാന്തമാണ് അതീതകാഴ്ചപ്പാടുകൾക്കെതിരെയുള്ള കലാപങ്ങൾക്കു തിരികൊളുത്തിയ മറ്റൊരു ചിന്താപദ്ധതി. മനുഷ്യബോധത്തിന്റെ ചാലകശക്തി ആത്മാവോ യുക്തിയോ അല്ലെന്നുംfreud-e-c-1 എല്ലാ പ്രവർത്തനങ്ങളെയും നിർണ്ണയിക്കുന്നത് അബോധത്തിൽനിന്നും പുറപ്പെടുന്ന ഇഛകളാണെന്നുമുള്ള സിഗ്മണ്ട് ഫ്രോയ്ഡിന്റ കണ്ടെത്തൽ അതീതത്തിൽനിന്നുമുള്ള ചിന്തയുടെ മടക്കത്തിന് ആക്കംകൂട്ടി. അബോധത്തിന്റെ സാരാംശമായ ലിബിഡോയെ ശരീരത്തിലുടനീളം വിന്യസിക്കപ്പെട്ടിട്ടുള്ള ഉടലിന്റെ ശക്തിയായിട്ടാണ് ഫ്രോയ്ഡ് കണ്ടത്. ഈ കണ്ടത്തലുകൾ ആധുനികങ്ങളായ ശാസ്ത്രവ്യവഹാരങ്ങളെ തെല്ലൊന്നുമല്ല പിടിച്ചുലച്ചത്. ആധുനികതയിൽനിന്നും ഉത്തരാധുനികതയിലേക്കുള്ള പരിണാമത്തെിനു വഴിയൊരുക്കിയ ഈ ചിന്തകളെല്ലാം ആത്മത്തിൻനിന്നും ശരീരത്തിലേക്കുള്ള  ചിന്തയുടെ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.

ഭൗതികശാസ്ത്രളുൾപ്പെടോയുള്ള ആധുനികകാലത്തെ എല്ലാ ചിന്തകളും, ആത്മാവിന്റെ ഭാഷണങ്ങളാണ്. ആത്മം വസ്തുക്കളുടെമേൽ നടത്തുന്ന ആധിപത്യപരമായ പ്രതിനിധാനത്തിൻനിന്നുമാണ് അവ ഉത്ഭൂതമാകുന്നത്.  വസ്തുക്കളെ അമൂർത്തമായി വിശകലനംചെയ്യുന്ന ഗണിതശാസ്ത്രമാണ് അവയുടെ മാതൃക. താർക്കികയുക്തിചിന്തയുടെ ഘടനകൊണ്ട് സ്ഫുടം ചെയ്യപ്പെട്ട ശ്രേണീബദ്ധമായപ്രസ്താവനകളായാണ് അവ കരുപ്പിടിക്കപ്പെടുന്നത്. ഭൗതിക-സാമൂഹ്യ ശാസ്ത്രങ്ങളെല്ലാം അതിന്റ മാതൃകയാണ് പിൻപറ്റുന്നത്. താർക്കികമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ള അത്തരം ഭാഷാവ്യവഹാരങ്ങളിൽ മാത്രമാണ് പ്രപഞ്ചത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച സത്യങ്ങൾ അവർ കാണുന്നത്. അതുകൊണ്ടുതന്നെ അവയുടെ മുമ്പാകെ മനുഷ്യരുടെ വസ്തുസമ്പർക്കവേളയിലുളവാകുന്ന അനുഭൂതികളും ശരീരകാമനകളും അപക്വമായ ചാപല്യങ്ങളായി മുദ്രകുത്തപ്പെട്ട് കൈയ്യൊഴിയപ്പെടുകയാണുണ്ടാവുന്നത്. അതിനാൽ, അവയിൽനിന്നും ഭിന്നമായ ശരീരത്തിന്റെ ഭാഷണമാണ് ഇന്ന് ഉൽപ്പാദിപ്പിക്കപ്പെടേണ്ടത്.

എന്നാൽ ശരീരത്തെപ്പറ്റി ശാസ്ത്രമാതൃകയിൽ നടത്തുന്ന അന്വേഷണങ്ങളെയല്ല നാം ശരീരത്തിന്റെ ചിന്തയായി കരുതേണ്ടത്. ശരീരത്തെ’പ്പറ്റി’ ചിന്തിക്കുന്നതിനു പകരം ശരീരത്തിന് എങ്ങനെയാണ് ചിന്തയുടെ കർതൃസ്ഥാനം ലഭ്യമാകുക എന്നതാണ് ആരായാനുള്ളത്. ശരിരത്തെപ്പറ്റി ഒരാൾ ചിന്തിക്കുമ്പോഴും എഴുതുമ്പോഴും തന്നിൽനിന്നും വ്യത്യസ്ഥമായതും താനല്ലാത്തതുമായായ ഒരു വസ്തുവായി ഉടലിനെ സമീപിക്കുകയാണുണ്ടാവുന്നത്. ‘ഞാൻ’ എന്നത് അവിടെ ശരീരമായി മാറുന്നതിനുപകരം ശരീരത്തെ ഞാൻ വഹിക്കുന്ന ഒരു വസ്തുവെപ്പോലെ സമീപിക്കപ്പെടുന്നു. ഒരാൾ തന്നെപ്പറ്റി ശരീരത്തിൽനിന്നും വ്യത്യസ്ഥമായ ആത്മമായിക്കാണാനുളള പ്രവണതയാണ് ആധുനിക സംസ്‌ക്കാരത്തിലുടനീളം കണ്ടുവരുന്നത്.  അവിടെ ഭാഷണം ശരീരത്തിൽനിന്നും പുറപ്പെടുന്ന ഒരു പ്രവാഹമായിത്തീരാതെ, ശരീരം ചിന്തയുടെ വിഷയമായിച്ചുരുങ്ങുക മാത്രമാണുണ്ടാവുന്നത്.

ഐഹികവിജ്ഞാനീയം (phenomenology)മനോപഗ്രഥന സിദ്ധാന്തം (psychoanalysis), ഉത്തരഘടനാവാദം ( poststructuralism), ഫെമിനിസം എന്നീ ധാരകൾ ചിന്താരംഗത്ത് സജീവമായിത്തീർന്ന ഇരുപതാം ശതകമെത്തുമ്പോഴാണ് ശരീരത്തിന്റെ ശക്തികളുടെ വീണ്ടെടുപ്പിനായുള്ള ആവശ്യം കരുത്താർജിക്കുന്നത്. അമൂർത്തമായ അതിഭൗതികലോകത്തു പ്രതിഷ്ഠിക്കപ്പെട്ട മനുഷ്യസത്തയെ ഭൗതികപ്രപഞ്ചത്തിന്റെ മൂർത്താനുഭവങ്ങളിലേക്കു പറിച്ചുനടാൻ ശ്രമിക്കുന്ന ഈ വിചാരധാരകൾ അതുവരെ പ്രബലമായിരുന്ന ദാർശനികധാരകളിൽനിന്നും വിശ്‌ഛേദം സൃഷ്ടിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്യുന്നത്.. ‘അതിഭാതികയാഥാർത്ഥ്യങ്ങൾ തേടിയുളള ചിന്തകരുടെ യാത്രയവസാനിപ്പിച്ച് മൂർത്തവസ്തുക്കളിലേക്കു മടങ്ങുക’ എന്ന എഡ്മണ്ട് ഹുസ്സേൾedmund-husserl-c-e-1 നടത്തിയ പ്രഖ്യാപനത്തെതുടർന്ന് ചിന്താലോകം അടിമുടി മാറ്റങ്ങൾക്കു വിധേയമായി. ഐഹികജ്ഞാനം എന്ന നിലയിൽ ശരീരചിന്ത ഭൗതികവാദവുമായാണ് പക്ഷം ചേരുന്നത്. പക്ഷേ, എല്ലാ മനുഷ്യവ്യാപാരങ്ങളെയും ശാസ്ത്രത്തിന്റ ചലനനിയമങ്ങൾകൊണ്ടു വിശദീകരിക്കുന്ന യാന്ത്രിക ഭൗതികവാദത്തിൽനിന്നും ഇത് ഏറെ മാറിയാണു ചരിക്കുന്നത്. ഉടലുകളിൽ ഉന്മാദം വാരിവിതറുന്ന പ്രണയസമാഗമങ്ങളുടെയും, കാലത്തിലൂടെയുള്ള പ്രയാണവേളകളിൽ പ്രകാശധാര പടർത്തുന്ന മിസ്റ്റിക്ക് അനുഭവങ്ങളുടെയും, ആനന്ദമൂർഛകളിലേക്ക് എടുത്തുയർത്തുന്ന ലാവണ്യാനുഭൂതികളുടെയും ചലനനിയമങ്ങൾ  യാന്ത്രിക ഭൗതികശാസ്ത്രങ്ങളാൽ അനാവൃതമാകയില്ല എന്നതിനാലാന് ശരീരാനുഭൂതികളുടെ വിശദീകരണത്തിന് പുതിയ രീതിശാസ്ത്രങ്ങൾ ആവശ്യമായിവരുന്നത്. അതുല്പാദിപ്പിക്കേണ്ടത് തത്വചിന്തകരാണ്. അതിനുതുനിയാതെ ശരീരത്തെയും പ്രകൃതിയെയും സംബന്ധിച്ച പഠനങ്ങൾ പൂർണ്ണമായും ഭൗതികശാസ്ത്രങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ട് ആത്മാവിനെ വിശദീകരിക്കുന്നതിനുള്ള രിതിശാസ്ത്രം മെനയുക മാത്രമാണ് ഇക്കാലമത്രെയും അവർ ചെയ്തത്. യാന്ത്രിക ഭൗതികശാസ്ത്രങ്ങൾകൊണ്ട് വിശദീകരിക്കവയ്യാത്ത അനുഭൂതികൾ അതിനാൽ ആത്മാവിന്റെ ഉൽപ്പന്നങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടു.

വസ്തുക്കളുടെ സത്യത്തെ വിശദീകരിക്കുന്നതിന് അവയെ വർഗ്ഗീകരിച്ച് അമൂർത്തമായ സംവർഗ്ഗങ്ങളിൽപെടുത്തി വ്യാഖ്യാനിക്കുക എന്ന രീതിശാസ്ത്രമാണ് ഭൗതികശാസ്ത്രങ്ങൾ അവലംബിക്കുന്നത്. ജന്തുലോകത്തെ അത് മനുഷ്യൻ, മത്സ്യം, കാക്ക, പൂച്ച, പുലി എന്നിങ്ങനെയും, സസ്യലോകത്തെ പ്ലാവ്, മാവ്, തുമ്പ, കറുക തുടങ്ങിയും തരംതിരിച്ചു വിശദീകരിക്കുമ്പോൾ അവയെ ഓരോരോ ഗണങ്ങളാക്കി സാമാന്യവൽക്കരിച്ചുകൊണ്ടാണ് അവയുടെ സത്യത്തെ നിർണ്ണയിക്കുന്നത്. ഒരു ഗണത്തിൽപ്പെടുന്ന വസ്തുക്കൾക്കുള്ള പൊതുസ്വഭാവം അതിലെ ഓരോ അംഗങ്ങൾക്കും ചാർത്തിനൽകിക്കൊണ്ടാണ് വാക്കുകളെ ഉത്പ്പാദിപ്പിക്കുന്നത്. തത്വചിന്തയുടെയും ശാസ്ത്രങ്ങളുടെയും  മുഖമുദ്രയായ ഈ സമീപനത്തെയാണ് അപനിർമ്മാണ ചിന്തകനായ ഴാക് ദറീദderrida-v-1 വചനകേന്ദ്രിതം എന്നു വിമർശിക്കുന്നത്. വസ്തുക്കളുടെ സത്യം അവയുണർത്തുന്ന മൂർത്തമായ അനുഭവത്തിലാണു കുടികൊള്ളുന്നത് എന്നംഗീകരിക്കാതെ സത്യമെന്നത് മനുഷ്യാനുഭവത്തിൽനിന്നും വേറിട്ട, ഓരോ ജനുസ്സിനും സാർവ്വലൗകികമായുള്ള സത്തയായി ചിത്രീകരിക്കുകയാണ് വചനകേന്ദ്രിതമായി പ്രവർത്തിക്കുന്ന അതിഭൗതിക ചിന്തകൾ ചെയ്തുപോന്നത്. തൽഫലമായി വസ്തുക്കളുടെ ഉടലോടുകൂടിയ മൂർത്താവസ്ഥ ത്യജിക്കപ്പെട്ട് അമൂർത്തമായ ആശയം അവയുടെ സത്യമായി അംഗീകരിക്കപ്പെടുന്നു. ഉദാഹരണമായി, ഒരു പുഴയുടെ അർത്ഥം പുഴയുണർത്തുന്ന ലാവണ്യപരമായ അനുഭവമായിക്കരുതാതെ അതിനെ അമൂർത്തവൽക്കരിച്ച് ജലമായി H2O എന്ന ശാസ്ത്രനാമം കൊണ്ട് വിശദീകരിക്കുമ്പോൾ ഉടൽ വെടിയപ്പെടുകയും അശരീരിയായ ആശയം യാഥാർഥ്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.   ഈ രീതിശാസ്ത്രം അവലംബിക്കപ്പെടുമ്പോൾ ഓരോ അംഗത്തിനുമുള്ള വൈശിഷ്ട്യങ്ങളും നാനാമുഖമാർന്ന സത്യതലങ്ങളും വെളിവാക്കുക അസാദ്ധ്യമാണ്. അതിനാലാണ് ഫിനോമനോളജി പ്രകൃതിപഠനത്തിന് വ്യത്യസ്ഥമായ മറ്റൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുന്നത്. പ്രകൃതിയും അതിലെ ശരീരങ്ങളും മനുഷ്യരുടെ മൂർത്തമായ അഭിമുഖീകരണവേളകളിൽ ഉല്പാദിപ്പിക്കുന്ന അനുഭൂതിയെയാണ് ഫിനോമനോളജി വസ്തുക്കളുടെ അർത്ഥമായി മനസ്സിലാക്കുന്നത്. വസ്തുക്കളെ സംബന്ധിച്ച് നിലനിൽക്കുന്ന മുൻധാരണകളിൽനിന്നും വിഷയി മുക്തമായിരിക്കുക എന്നത് അവയുടെ ബഹുതലമാർന്ന സത്യങ്ങൾ വെളിവാകപ്പെടുന്നതിന് ആവശ്യമാണ്. ഐഹികവിജ്ഞാനികളുടെ കാഴ്ചപ്പാടിൽ, പ്രപഞ്ചപ്രതിഭാസങ്ങളോരോന്നും മനുഷ്യരിലുല്പാദിപ്പിക്കുന്ന അത്തരം അനുഭവങ്ങളെ ആവിഷ്‌ക്കരിക്കുന്നതിലാണ് തത്വചിന്ത ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപ്പോൾ എഴുത്ത് എന്നത് അമൂർത്തമായ തത്വപ്രസ്താവനകളെന്ന നിലവിട്ടിട്ട് സാഹിത്യത്തിലും, ചിത്രകലയിലും, സിനിമയിലുമുള്ള ആവിഷ്‌ക്കാരങ്ങളെപ്പോലെ കാവ്യാത്മകമായ രചനകളായി മാറുന്നു.

മനുഷ്യനെ യുക്തിയെന്നതിനേക്കാൾ അബോധതലത്തിന്റ അഭിലാഷങ്ങളാണു നിയന്ത്രിക്കുന്നത് എന്നു കണ്ടെത്തിയ മനോപഗ്രഥനസിദ്ധാന്തം  ശരീരത്തിലേക്കുള്ള ചിന്തയുടെ മടങ്ങിവരവ് ത്വരിതമാക്കിത്തീർത്തു. ഫ്രോയ്ഡ് മുതൽ ലക്കാൻ, ഇരിഗറെ, ക്രിസ്‌തെവ, ബട്‌ലർ തുങ്ങിയവർ വരെയുള്ള മനോവിശ്ലേഷകർ  ‘അബോധത്തെ’ (unconscious)  ശരീരനിബദ്ധമായ ഒരു പ്രക്രിയയായിട്ടാണു നോക്കിക്കണ്ടത്[6]. അബോധത്തിന്റെ സാരാംശമായ ലിബിഡോയെ ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു ശക്തിയായി അവർ വിശദീകരിക്കുന്നു. വെള്ളം നിറഞ്ഞുതുളുമ്പി നിൽക്കുന്ന ജലസംഭരണിയുമായാണ് ഫ്രോയ്ഡ് ലിബിഡോയാൽ നിറയപ്പെട്ട ശരീരത്തെ സാദൃശ്യപ്പെടുത്തുന്നത്. മറ്റു ശരീരങ്ങളിലേക്ക് ഒഴുകിയെത്താനും അവയുമായി സംയോഗം ചെയ്ത് കാമനാ സംഘാതങ്ങൾ രൂപീകരിക്കാനുമാണ് ലിബിഡോ ഇച്ഛിക്കുന്നത്[7 ]. ശരീരങ്ങൾ തമ്മിലുള്ള യോഗത്തിലൂടെ എത്തിച്ചേരുന്ന ഈ സംഘാതങ്ങളാണ് പ്രണയബന്ധങ്ങൾ. ശൈശവനാളിലെ അമ്മ-കുഞ്ഞു ബന്ധത്തിൽ എല്ലാ മനുഷ്യരുടെയും ആദ്യാനുരാഗമായി ഈ സംഘാതം രൂപീകൃതമാകുന്നുണ്ട്.  പിന്നീട് സമൂഹത്തിന്റ സാംസ്‌ക്കാരികമായ വിലക്കുകളാൽ ഈ അനുരാഗം അടിച്ചമർത്തപ്പെയുമ്പോൾ അപരശരീരത്തിൽനിന്നും സ്വശരീരത്തിലേക്ക് പിൻവലിയപ്പെയുന്ന ലിബിഡോ അത്മരതിക്ക് കാരണമായി ഭവിക്കുന്നു. അപരരതിയുടെ അടിച്ചമർത്തലാണ് ആത്മരതിക്ക് ഇടവരുത്തുന്നതും അബോധത്തിന്റെ രൂപീകരണത്തിന് കളമൊരുക്കുന്നതും. അബോധത്തിന്റ ഉറവിടം അതിനാൽ ശരീരം തന്നെയാകുന്നു. മനുഷ്യവിമോചനത്തിന് അബോധത്തെ ആവിഷ്‌കൃതമാക്കേണ്ടത് ആവശ്യമാണെന്നുകരുതുന്ന  മനോപഗ്രഥനം ശരീരത്തിന്റെ ശക്തികളെയാണ,് ഫലത്തിൽ, പുറത്തുകൊണ്ടുവരാനാഗ്രഹിക്കുന്നത്.

ചോദനകളെ സംസ്‌ക്കാരംകൊണ്ട് നിയന്ത്രിക്കയും ചിഹ്നങ്ങളാൽ പുനർക്രമീകരിക്കയും ചെയ്തുകൊണ്ടാണ് ആധുനിക നാഗരികത യുക്തിനിഷ്ഠമായ ആത്മബോധത്തെ ഉൽപ്പാദിപ്പിക്കുന്നത്. സാംസ്‌ക്കാരികമായി നിർമ്മിക്കപ്പെടുന്ന യുക്തിബോധത്തിന്റ മണ്ഡലത്തെയാണ് തന്മ (self) എന്നു മനസ്സിലാക്കേണ്ടത്. ശരീരങ്ങൾക്കുമേൽ സംസ്‌ക്കാരം കൊത്തുപണികൾ നടത്തി തന്മയെ ഉൽപ്പാദിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. മനുഷ്യചരിത്രത്തിലെ ഓരോ ദശകളിലും വ്യത്യസ്ഥങ്ങളായ ഓരോ രീതികളാണ് സംസ്‌ക്കാരം ഇതിനായി അവലംബിച്ചിട്ടുള്ളത്. അധികാരത്തിന്റ ഉൽപത്തിയുടെയും വളർച്ചയുടെയും ചരിത്രം പരതുന്ന മിഷേൽ ഫൂക്കോ അദ്ദേഹത്തിന്റ വംശാവലി പഠനങ്ങളിൽ തന്മയെ ഉല്പാദിപ്പിക്കുന്നതിനായി സംസ്‌ക്കാരം ഉപയോഗിക്കുന്ന വ്യത്യസ്ഥങ്ങളായ തന്ത്രങ്ങളെ പ്പറ്റി വിവരിക്കുന്നുണ്ട്. മുൻകാലതത്വചിന്തകളെല്ലാം ആത്മാവിന്റെ മോചനത്തിനുവേണ്ടതായ മാർഗ്ഗങ്ങളാരാഞ്ഞപ്പോൾ ചിന്താചരിത്രംfoucault-b-1 ഫൂക്കോയിലെത്തുമ്പോഴേക്കും ആത്മാവിനെ ശരീരത്തെിനുമേൽ അധികാരതന്ത്രങ്ങളാൽ പടുത്തുയർത്തപ്പെടുന്ന  അയഥാർത്ഥമായ ഒരു ബോധം മാത്രമായി കാണുവാനാരംഭിച്ചു. മുമ്പ് ആത്മാവിനെ കുടുക്കിക്കിടത്തുന്ന ഒരു തടവറയായാണ് ശരീരത്തെ വീക്ഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ ശരീരത്തെ ബന്ധിക്കാനായി അധികാരത്താൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന തടവറയായി ആത്മം നിരീക്ഷിക്കപ്പെടുന്നു[8].

ശരീരത്തിൻമേൽ അധികാരശക്തികളാൽ കോറിവരയ്ക്കപ്പടുന്ന ആലേഖനങ്ങൾക്കനുസരിച്ച് (bodily inscriptions) ആത്മത്തിനു രൂപമാറ്റം വരികയും ശരീരം ഓരോരോ കർതൃത്വങ്ങളായി പ്രവർത്തിക്കയും ചെയ്യുന്നു. പുരുഷന്മാർ, സ്ത്രീകൾ, കീഴാളർ, തൊഴിലാളികൾ, പുരോഹിതർ, പടയാളികൾ, തുടങ്ങിയ എല്ലാ കർതൃത്വങ്ങളും ശരീരങ്ങളെ ശിക്ഷണം ചെയ്തുകൊണ്ട് വാർത്തെടുക്കുന്ന കർതൃരൂപങ്ങളാണ്. ശരീരകാമനകളെ ബന്ധിച്ച് സമൂഹത്തിന് ഉപകാരപ്പെടുന്ന വ്യക്തികളാക്കി മനുഷ്യരെ പണിതെടുക്കുമ്പോഴാണ് കർതൃത്വങ്ങൾ (subjects) ജനിക്കുന്നത്. ആധുനിക ചരിത്രം ജീവവിരുദ്ധശക്തികൾ മേൽക്കോയ്മ നേടിയ കാലഘട്ടമാകയാൽ അവയുടെ ഇഛാനുസരണം രൂപപ്പെടുത്തുന്ന സമകാലിക കർതൃത്വങ്ങളെല്ലാം തന്നെ അടിച്ചമർത്തപ്പെട്ടവയാണ്. ‘കാരാഗ്രഹങ്ങളുടെ ഉൽപ്പത്തി’എന്ന ഗ്രന്ഥത്തിൻ വിവരിക്കപ്പെടുന്ന നിയന്ത്രിത ശരീരവും ‘ലൈംഗികതയുടെ ചരിത്രം’ ൽ അവതരിപ്പിക്കുന്ന കുമ്പസാരിക്കുന്ന സ്വത്വവും ഇതിനുദാഹരണെങ്ങളാണ്. ഒരുവനെ കുമ്പസാരം ചെയ്യിക്കുമ്പോൾ ശരിയും തെറ്റും തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തികളെ ക്രമപ്പെടുത്തുന്ന വ്യക്തിയാക്കി പരുവപ്പെടുത്തിയെടുക്കയാണു ചെയ്യുന്നത്.

മനുഷ്യരെ ശരി-തെറ്റുകളെ പ്പറ്റിയും നന്മ-തിന്മകളെപ്പറ്റിയും ബോധ്യമുള്ള വ്യക്തി’കളാക്കി രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കപ്പെട്ടിട്ടുള്ള പ്രയോഗങ്ങളെപ്പറ്റിയുള്ള നീത്‌ഷെയുടെ വിവരണമാണ് ഇവിടെ ഫൂക്കോവിന് മാർഗ്ഗദർശകമായിത്തീർന്നിട്ടുള്ളത്. പ്രകൃതിയിലെ മറ്റെല്ലാ ജന്തുക്കളെയും പോലെ നൈമിഷികമായ ആനന്ദങ്ങളിൽ മുഴുകി ജീവിച്ചുപോന്ന ആദിമ മനുഷ്യരെ ഭൂത-ഭാവി കാലങ്ങളെപ്പറ്റി എപ്പോഴും ഓർത്തുകൊണ്ട് പ്രവർത്തനങ്ങളെ നിജപ്പെടുത്തുന്ന വ്യക്തികളാക്കി എങ്ങനെയാണ് ‘അധികാരം’ രൂപപ്പെടുത്തുന്നത് എന്നു നോക്കാം. ഭൂതകാലത്തെപ്പറ്റി ഓർമ്മ ആവശ്യമില്ലാതെ, ഭാവിയെ സംബന്ധിച്ച ഉൽക്കണ്ഠ കൂടാതെ പുലർന്നുപോന്ന ശരീരങ്ങളിൽ ക്രൂരമായ ശിക്ഷണങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ഓർമ്മയുടെ ഒരു തലം സൃഷ്ടിക്കുന്നത്[9 ]. വിൽക്കൽ-വാങ്ങൽ ബന്ധത്തിലൂന്നിയ കച്ചട സമൂഹത്തിലേക്കുള്ള മനുഷ്യരുടെ കൂടുമാറ്റത്തിന്റ ഘട്ടത്തിലാണ് ഓർമ്മ ആവശ്യമായിവരുന്നത്. സ്വത്ത് സ്വരുക്കൂട്ടിവെച്ചവരിൻനിന്നും സ്വത്തില്ലാത്തവൻ കടം വാങ്ങേണ്ടിവരുമ്പോൾ വാങ്ങിയ മുതൽ പലിശസഹിതം തിരികെ നൽകേണ്ടതാണ് എന്ന ഓർമ്മ കടക്കാരനിൽ ഉൽപ്പാദിപ്പിക്കേണ്ടത്  കടം കൊടുക്കക്കുന്നവന്റെ ആവശ്യമാണ്. പ്രകൃതിയുടെ വിലോഭങ്ങളാൽ ഉന്മത്തരായി, വർത്തമാനകാലത്തിന്റ നിറവനുഭവങ്ങളിൻ മുഴുകിക്കഴിയുന്ന ശരീരങ്ങളിൽ കർത്തവ്യബോധങ്ങളെപ്പറ്റിയുള്ള ഓർമ്മ നിലനിർത്തണമെങ്കിൽ അത് വിളക്കിച്ചേർത്തേ മതിയാകൂ. ഒരുവനെ വേദനപ്പെടുത്തുന്നവ മാത്രമാണ് അവനിൽ മായാതെ നിലനിൽക്കുക. മനുഷ്യനിൽ ഓർമ്മ സൃഷ്ടിക്കുന്നതിനായി ക്രൂരമായ മാർഗ്ഗങ്ങളാണ് അധീകാരശക്തിക്ൾ അക്കാലത്ത് അവലംബിച്ചിട്ടുള്ളത്.  തുടയിൽനിന്നും മാംസം മുറിച്ചുമാറ്റുക, ചാട്ടവാറുകൊണ്ട് അടിയ്ക്കുക, ചുട്ടുപഴുപ്പിച്ച ലോഹദണ്ഡുപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളലേല്പിക്കുക എന്നീ പ്രയോഗങ്ങളിലൂടെയാണ് ഓർമ്മശക്തിയുള്ള വ്യക്തിയാക്കി ആദിമ മനുഷ്യനെ പാകപ്പെടുത്തിയെടുത്തിട്ടുള്ളത് എന്ന് നീത്‌ഷെ നിരീക്ഷിക്കുന്നു. ശരീരങ്ങളിൽ വരച്ചുചേർക്കുന്ന ശരി-തെറ്റുകളെപ്പറ്റിയുള്ള ഈ ലിഖിതങ്ങലാണ് (markings) ആത്മബോധത്തെ ഉൽപ്പാദിപ്പിക്കുന്നത്.  ഇതിനു വിധേയമാകുന്ന ഓരോ ശരീരങ്ങളും ഭാവിയിൽ ശരി-തെറ്റുകളെ പ്പറ്റി ബോദ്ധ്യമുള്ളവരായി സൂക്ഷ്മതയോടെ ജീവിക്കുന്ന സ്വത്വങ്ങളായി (self) പരിവർത്തനം ചെയ്യപ്പെടുന്നു. ശരീരങ്ങളുടെ മേൽ പ്രയോഗിതമാകുന്ന  അടയാളങ്ങളാൽ സൃഷ്ടിക്കപ്പെയുന്ന ഓർമ്മയുടെ മണ്ഡലത്തെയാണ് യഥാർത്ഥത്തിൽ മതങ്ങളും തത്വചിന്തകളുമെല്ലാം ഇക്കാലമത്രയും  മനസ്സ് അഥവാ ആത്മാവ് എന്നു  തെറ്റിദ്ധരിച്ചിട്ടുള്ളത്.

എന്നാൽ ശരീരലിഖിതങ്ങൾ എല്ലാക്കാലത്തും അടിമത്തപരമാകണമെന്നില്ല. ‘ലൈംഗികതയുടെ ചരിത്രം: വാല്യം രണ്ടിൽ’  പ്രകൃതിയുമായി സമരസപ്പെട്ടു പ്രവർത്തിക്കുന്ന ഒരു സൗന്ദര്യാത്മക സ്വത്വത്തെ എങ്ങനെയാണു പുരാതന ഗ്രീക്കുകാർക്ക് നിർമ്മിക്കാനായത് എന്ന് ഫൂക്കോ വിശദീകരിക്കുന്നുണ്ട്. കാലമേറുന്തോറും മേൽത്തരങ്ങളായ പുതുവസ്തുക്കളെ സൃഷ്ടിച്ചുകൊണ്ട് നേർരേഖയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരുചരിത്രസങ്കല്പത്തിൽ അടിത്തറപാകപ്പെട്ട ആധുനികതയുടെ ഒരു വിമർശം ഇവിടെ ക്കാണാനാവും.  പഴയകാല മനുഷ്യപ്രയോഗങ്ങളിലും മഹത്വം കണ്ടെത്തുന്ന ഉത്തരാധുനിക ചിന്തകൾ അതിനാൽ, ഭൂതകാല സംസ്‌ക്കാരങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ജീവവിരുദ്ധങ്ങളായ സാമകാലിക ലിഖിതങ്ങളെ മായിച്ചുകളയാനും ജീവിതാനുകൂലികളായ പുതുലിഖിതങ്ങളാൽ ശരിരങ്ങളെ പുനരെഴുതാനുമാണ് മനുഷ്യരെ ആഹ്വാനം ചെയ്യുന്നത്.

ഫൂക്കോയുടെ രീതിശാസ്ത്രം പിൻപറ്റിക്കൊണ്ട് എപ്രകാരമാണ് സമൂഹം ആൺ-പെൺ ലിംഗപദവികളെ ഉൽപ്പാദിപ്പിക്കുന്നത് എന്നു ജൂഡിത് ബട്‌ലർ വിശദീകരിക്കുന്നു. ലിംഗപദവികൾ അയഥാർത്ഥമാണെന്നുംjudith-butler-b-1 ശരീരങ്ങളുടെ മേൽ പ്രയോഗിതമാകുന്ന കൊത്തുപണികളിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന രണ്ടുതരം ആത്മബോധങ്ങൾ മാത്രമാണ് ആൺ-പെൺ ലിംഗപദവികൾ എന്നും ബട്‌ലർ കാട്ടിത്തരുന്നു[10 ]. ശിശു ശരീരങ്ങളെ ലൈംഗികാവയവത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച്, ശിശ്‌ന ശരീരികൾക്ക് മീശ, ട്രൗസർ, മസിലുകൾ തുടങ്ങിയ അടയാളങ്ങൾ നൽകുന്നത് പുരുഷസ്വത്വ നിർമ്മിതിയുടെ ആദ്യപടവാണ്. ബാഹ്യമോടികൾക്കൊപ്പം ആജ്ഞ, യുക്തി, കുസലില്ലായ്മ, കൈയൂക്ക് തുടങ്ങിയ മനോഭാവങ്ങളെക്കൂടി അവരിൽ ഊട്ടിയുറപ്പിക്കുമ്പോഴാണ് പുരുഷസ്വത്വങ്ങൾ സംജാതമാകുക. സമാനമായി, ഭഗശരീരികളുടെ മുടിവളർത്തി, കമ്മലും ഫ്രോക്കും അണിയിച്ച്, ശരീരത്തെ കൊത്തുപണിചെയ്‌തെടുക്കുന്നതോടൊപ്പം  പെണ്ണിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മൃദുലത, ക്ഷമ, കാരുണ്യം ആദിയായ ഭാവങ്ങളെക്കൂടി അവരിൽ വളർത്തിയെടുക്കുന്നു. ശരീരങ്ങളുടെ മേൽ  ചാർത്തപ്പെടുന്ന ഈ അടയാളങ്ങളിലൂടെയാണ് പെണ്ണ് ജനിക്കുന്നത്. ആൺ-പെൺ ലിംഗപദവികൾ ഇങ്ങനെ ശരീരങ്ങളിൽ എഴുതിപ്പിടിപ്പിക്കപ്പെടുന്നതോടുകൂടി വ്യക്തികളോരാരുത്തരും തങ്ങളുടെ സ്വത്വങ്ങളെപ്പറ്റി ബോധമുള്ളവരായിത്തീരുകയും   തങ്ങളിൽ ചാർത്തപ്പെടുന്ന വേഷം മികച്ചരീതിയിൽ നടനമാടി ഉറപ്പിക്കുകയുമാണു ചെയ്യുന്നത്. അവയുടെ ആവർത്തിച്ചുള്ള അവതരണത്തിലൂടെയാണ് മനുഷ്യർ തങ്ങളുടെ ലിംഗപദവികളെ ഒരു യാഥാർഥ്യമാക്കി മാറ്റുന്നത്.

ശരീരചിന്ത പ്രബലമായതോടെയാണ് സ്ത്രീചിന്തകൾക്ക് ചരിത്രത്തിൽ ഇടം ലഭിച്ചുതുടങ്ങിയത്. യുക്തിഭദ്രമായ ആത്മബോധത്തെ കേന്ദ്രമാക്കി പടുത്തുയർത്തപ്പെട്ട പുരുഷാധിപത്യവ്യവസ്ഥ അതോടെ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. ആത്മബോധമുള്ള സ്വത്വം പുരുഷനു ചാർത്തി നൽകയും സ്ത്രീകളെ വെറും ശരീരം മാത്രമാക്കിച്ചുരുക്കി സംസ്‌ക്കാരത്തിന്റെ പടിപ്പുരയ്ക്കുവെളിയിലാക്കുകയുമാണ് ഇത്രനാളും ചെയ്തുപോന്നത്.  കാമ-ക്രോധ-മോഹാദികളായ ചപലവികാരങ്ങളുടെ പ്രഭവസ്ഥാനമായി ക്കരുതപ്പെടുന്നു ശരീരവുമായാണ് സ്ത്രീസത്ത താരതമ്യം ചെയ്യപ്പെട്ടത്. യുക്തിരഹിതയും കാമനകളുടെ വിളനിലമായും ചിത്രീകരിക്കപ്പെട്ട പെണ്ണ്  അതിനാൽ താഴ്ത്തിമതിക്കപ്പെടുകയും കർതൃസ്ഥാനം അവളിൽനിന്നും എടുത്തുമാറ്റപ്പെടുകയും ചെയ്തു. കാമ-മോഹാദികളായ ചാപല്യങ്ങളെ യുക്തി ശക്തിയുപയോഗിച്ച് നിയന്ത്രിക്കുന്നവർക്കുമാത്രമെ സംസ്‌ക്കാരനിർമ്മിതിയിൽ പങ്കാളികളാക്കാനാവൂ എന്നാണ് ആണുങ്ങൾ ചിന്തിക്കുന്നത്. കേവലം ശരീരം മാത്രമായ സ്ത്രീക്ക് ഏതിനു കഴിയില്ലയെന്നും അതിനാൽ അവൾ സംസ്‌ക്കാരനിർമ്മിതിയിൽ പങ്കാളിയാവേണ്ടതില്ല എന്നുമാാണ് പുരുഷന്റെ നിലപാട്. പുരുഷൻ യുക്തികൊണ്ട് സ്വവികാരങ്ങളെ നിയന്ത്രിക്കുന്നതുപോലെ സ്ത്രീയുടെ നിയന്ത്രണവും ഏറ്റെടുക്കുകയാണുണ്ടായത്.

നിക്ഷ്പക്ഷമെന്നു കരുതപ്പെടുന്ന മനുഷ്യസംസ്‌ക്കാരം യഥാർഥത്തിൽ ആത്മത്തെ കേന്ദ്രീകരിച്ച്  പുരുഷപക്ഷപ്രകാരം രൂപപ്പെടുത്തിയ ഒരു നിർമ്മിതിയാകയാലാണ് അതിന്റെ നിഷ്പക്ഷതയും പുരുഷമൂല്യങ്ങളും ഇന്ന് ചോദ്യചെയ്യപ്പെടുന്നത്.  മനുഷ്യർ അടിസ്ഥാനപരമായി അവരുടെ ശരീരമാണെന്നു വരുന്നത് ആത്മത്തിന് അതുവരെ ലഭിച്ചിരുന്ന പ്രാമാണ്യം നഷ്ടപ്പെടുന്നതിനിടയായി. മനുഷ്യർ ശരീരമായിരിക്കെ പുരുഷനിലും കർതൃസ്ഥാനം ലഭിക്കേണ്ടത് ശരീരത്തിനുതന്നെയാണ്. അതു സംഭവിക്കാതെ, യുക്തിഭദ്രമായ സ്വത്വമായി എങ്ങനെയാണ് അവൻ അവരോധിക്കപ്പെടുന്നത്?

ഇതിന് ഉത്തരം തേടുമ്പോഴാണ് മനോപഗ്രഥനസിദ്ധാന്തത്തിന്റെ വിവരണങ്ങൾ സ്ത്രീപക്ഷചിന്തകൾക്ക് ആവശ്യമായി വരുന്നത്. പുരുഷസ്വത്വം എങ്ങനെയാണ് ശരീരകാമനകളുടെ അടിച്ചമർത്തലിലൂടെ നിർമ്മിക്കപ്പെടുന്നത് എന്ന് ഴാക്ക് ലക്കാന്റെ പാരമ്പര്യം പിന്തുടരുന്ന മനോവിശ്ലേഷകർ വിവരിക്കുന്നുണ്ട്. ഭാഷയാൽ പടുത്തുയർത്തപ്പെട്ട പിതൃവ്യവസ്ഥയ്ക്കുള്ളിൽ ലോകത്തോടും വസ്തുക്കളോടുമുള്ള മനുഷ്യബന്ധം ചിഹ്നപരമാകുന്നതോടുകൂടിയാണ് ശരീരകാമനകൾ അന്യവൽക്കരിക്കപ്പെടുന്നത്. ചിഹ്നങ്ങളിലൂടെ ക്രമീകരിക്കപ്പെടുന്ന സാമൂഹ്യവ്യവസ്ഥയാണ് ആൺകോയ്മാസമ്പ്രദായമായി പ്രവർത്തിക്കുന്നത്. അവിടെ ഭാഷയാൻ അപ്രാപ്യവും അനുവദനീയവുമല്ലാത്ത കാമനകൾ ശരീരത്തിന്റ ഉള്ളറകളിലേക്കു പിൻവലിയുകയാണു ചെയ്യുന്നത്. ശൈശവകാലത്തെ ആനന്ദപൂർണ്ണമായ ഉടലനുഭവങ്ങളിൽനിന്നും അടർത്തിമാറ്റപ്പെട്ട് മനുഷ്യർ ചിഹ്‌നവ്യവസ്ഥയ്ക്കുള്ളിലെക്ക് എടുത്തെറിയപ്പെടുന്നതോടുകൂടിയാണ് ലിംഗപദവികൾ സംജാതമാകുന്നത്. ലൈംഗികാവയവത്തെ ആധാരമാക്കി നിർണ്ണയിക്കപ്പെയുന്ന ലിംഗപദവികൾ പക്ഷപാതപരമായിത്തീരുന്നു. പുരുഷലിംഗം കരുത്തിന്റെയും യുക്തിയുടെയും അധികാരത്തിന്റെയും പ്രതീകമായിക്കരുതപ്പെടുന്നതിനാൽ അതുപേറുന്നവർക്ക് മേൽക്കോയ്മ ലഭിക്കയും അവർ സ്വത്വപദവി നേടി ആദരിക്കപ്പെടുകയും ചെയ്യുന്നു. ലിംഗച്ഛേദം ചെയ്യപ്പെട്ടവരായി ചിത്രീകരിക്കപ്പെടുന്ന സ്ത്രീകൾ കരുത്തും യുക്തിയും നഷ്ടപ്പെട്ട വെറും ശരീരങ്ങളായി താഴ്തി മതിക്കപ്പെടുന്നു.

ആധുനികാനന്തരചിന്തകൾ ഇന്ന് ശരീരത്തിന്റ പക്ഷത്തു നിലകൊള്ളുമ്പോൾ യുക്തിയെക്കാളും, അധിനിവേശോന്മുഖമായ കരുത്തിനെക്കാളും മൂല്യം കാമനകൾക്ക് ലഭിക്കുന്നു. മനുഷ്യൻ ശരീരമായിക്കുന്നതിനാൽ കാമ-മോഹാദികളായ വികാരങ്ങൾ മാത്രമല്ല അനന്തതയുടെ അനുഭൂതിയുണർത്തുന്ന മിസ്റ്റിക്ക് അനുഭവങ്ങളുടെ സ്രോതസ്സും ശരീരമായിത്തീരുന്നു. ശരീരകാമനകളുടെ വീണ്ടടുപ്പിലൂടെ മനുഷ്യരെ ആത്മത്തിന്റെ തടവറയിൻനിന്നും മോചിപ്പിക്കുന്നതിനാണ് ഇന്നത്തെ ശരീരപക്ഷചിന്തകൾ ശ്രമിക്കുന്നത്. അത് ശരീരാനുഭവങ്ങളുടെ പതാകവാഹകരായ പെണ്ണിന്റെ വ്യത്യസ്തതയാർന്ന കർതൃസ്ഥാനത്തിനുള്ള അംഗീകാരമായിത്തീരുന്നു.  സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും തങ്ങളുടെ വിമോചനത്തിന് അധീശപരമായ സ്വത്വസ്ഥാനത്തെ മുറുകെപ്പിടിക്കുന്നതിനു പകരം ആത്മബോധത്തിന്റെ വിഘടനത്തിനു തയ്യാറാവുകയാണ് യഥാർഥത്തിൽ വേണ്ടത്. അതിനായി മർദ്ദക കർതൃസ്ഥാനങ്ങളായ പരുഷലിംഗപദവിയും സ്ത്രീലിംഗപദവിയും വെടിയേണ്ടതുണ്ട്. അത് ബഹുതരങ്ങളായ അനുഭൂതികൾക്കു വിധേയരാകുന്നതിനു മനുഷ്യരെ പ്രാപ്തരാക്കിമാറ്റുന്നു. ഇവിടെ യാണ് ക്വീർ (queer) ശരീരം എന്ന ആശയത്തിനു ഇന്നു പ്രസക്തി കൈവരുന്നത്.

ജൂലിയാ ക്രിസ്‌തേവയുടെ ചിന്തകളിൽ ഈ വിചാരധാരയുടെ സൈദ്ധാന്തികമായ അടിത്തറ കണ്ടെത്താനാവും. യുക്തിയിലുറയ്ക്കപ്പെട്ട സ്വത്വബോധത്തിന്റ സർവ്വാധിപത്യംമൂലം നിശ്ശബ്ദമാക്കപ്പെട്ട ആദിമമായ ഉടലിനെയാണ് കാമനകളുടെ മണ്ഡലമായി ക്രിസ്‌തേവ തിരിച്ചറിയുന്നത്[11 ]. കാമനകളുടെ വീണ്ടടുപ്പിലാണ് അവർ മനുഷ്യകുലത്തിന്റെ വിമോചനത്തിനുള്ള സാദ്ധ്യതകൾ കണ്ടത്തുന്നത്. ചിഹ്നപരമായി ഘടിപ്പിക്കപ്പെട്ട സ്വത്വബോധം വിഘടിക്കപ്പെടേണ്ടത് കാമനകളുടെ വീണ്ടടുപ്പിന് അനിവാര്യമാണ്. സാമൂഹ്യ-ചിഹ്നവ്യവസ്ഥക്കുള്ളിൽ ആത്മബോധങ്ങളായി നിലകൊള്ളുന്ന മനുഷ്യശരീരങ്ങൾക്ക് കാവ്യഭാഷയുടെ രൂപത്തിൻ മാത്രമാണ് കാമനകളെ പ്രകാശിപ്പിക്കാനാവുക. ആഹ്ലാദമായും, രോദനങ്ങളായും, തേങ്ങലുകളായും, പൊട്ടിച്ചിരികളായും ബഹിർഗമിക്കുന്ന ശരീരത്തിന്റെ ചേഷ്ടകൾ ഉടലണിയുമ്പോഴാണ് കാവ്യഭാഷ ജനിക്കുക. ഇത് തർക്കയുക്തികൊണ്ട് സുഘടിതമാക്കപ്പെട്ട ആൺവ്യവഹാരങ്ങളിൽനിന്നും വേറിട്ട ഒരു അനുഭൂതിമണ്ഡലത്തെ പ്രദാനം ചെയ്യുന്നു. ചിഹ്നങ്ങളാൽ ഘടിപ്പിക്കപ്പെട്ട ആൺവ്യവഹാരങ്ങളെ നിർവീര്യമാക്കുന്ന ലാവണ്യാതമകമായ പ്രക്രിയകളുടെ ബഹിർഗമാനമായാണ് ഇതിനെ കാണേണ്ടത്. പെൺ ലിംഗപദവിയെ ശരീരശാസ്ത്രപരമായി നിർണയിക്കുന്ന ആൺകോയ്മാവ്യവസ്ഥിതിയെയും, സാമൂഹ്യ-ചിഹ്നവ്യവസ്ഥക്കുള്ളിൽ സ്ത്രീ എന്ന ഒരു ലിംഗം നിലവിലില്ല എന്നുവാദിച്ച ലക്കാന്റെ യുക്തിയെയും ചോദ്യം ചെയ്യുന്ന ക്രിസ്‌തേവ, ലാവണ്യാത്മകമായ സെമിയോട്ടിക് പ്രക്രിയയിലാണ് പെൺ ലിംഗപദവിയുടെ സാന്നിദ്ധ്യത്തെ കണ്ടെത്തുന്നത്. സ്‌ത്രൈണതയെ, സാംസ്‌ക്കാരികമായി പണിതുയർത്തപ്പെട്ട പെൺശരീരത്തിലെന്നതിനേക്കാളേറെ,  മോഹനപരമായി പൊട്ടിപ്പുറപ്പെടുന്ന സംഗീതത്തിന്റെ സ്വരവിന്യാസങ്ങളിലും, നൃത്തച്ചുവടുകളിലും കാവ്യഭാഷയുടെ മാസ്മരസ്പർശത്തിലുമാണ് ക്രിസ്‌തേവ കണ്ടെത്തുന്നത്. സംസ്‌ക്കാരത്തിന്റ നിയമങ്ങളാൽ  കൊത്തുപണിചെയ്യപ്പെട്ട ശരീരങ്ങൾ, ജീവശാസ്ത്രപരമായി സ്ത്രീശരീരമായാൽപോലും  മനോപഗ്രഥനപരമായി വീക്ഷിക്കുമ്പോൾ പുരുഷസ്വത്വം തന്നെയാണ്. കാമനകളാൽ ഉദ്ദീപിതമായ ലാവണ്യാത്മക പ്രക്രിയക്ക് വിധേയമാകുക എന്നത് ലിംഗപരമായ വ്യത്യാസങ്ങളന്യേ ഏതൊരു ശരീരങ്ങൾക്കും സാദ്ധ്യമാണ്. സ്ത്രീലിംഗപദവിയും പുരുഷലിംഗപദവിയും അവിടെ ഉടഞ്ഞു വീഴുന്നു. പുരുഷന്മാരുടെ യുക്തിഭദ്രമായ ആത്മബോധം ആവിടെ വിഘടിക്കപ്പെട്ട് അവർ സ്‌ത്രൈണപരിണാമങ്ങൾക്ക് സജ്ജരായിത്തീരുന്നു. പ്രണയവും കാവ്യാനുഭവവും അതിനാൽ സ്‌ത്രൈണാനുഭവങ്ങൾ തന്നെയാണ്. രണ്ടിന്റെയും പ്രഭവസ്ഥാനം ശരീരമാണ്.

ആധുനികസംസ്‌ക്കാരം സദാചാരവിരുദ്ധമായിചിത്രീകരിച്ച് ജീവിതത്തിൽനിന്നും മാറ്റിനിർത്തിയ മോഹനങ്ങളായ അനുഭൂതികളാണ് ശരീരംകൊണ്ട് പ്രതിനിധാനം ചെയ്യപ്പെടുന്നത്. അവയെ വിഭ്രാമകമായിക്കണ്ട് അടിച്ചമർത്തുകയും അവക്കു വിധേയമാകുന്നവരെ മനോരോഗ ചികിത്സകൊണ്ട് യുക്തിചിത്തരാക്കുകയുമാണ് ചെയ്തുപോന്നത്.  അനുഭൂതികൾ അനുഭവേദ്യമാകുന്നതിന് അനുവദനീയമായ ഏകമണ്ഡലം ഇക്കാലമത്രയും കലകളുടെതായിരുന്നു. മൂർത്തജീവിതത്തിൽനിന്നും ഉച്ചാടനം ചെയ്യപ്പെട്ട കാമനകൾ കാവ്യ-കലകളിൽ നിറഞ്ഞാടി. എങ്കിലും അവ അന്തർവ്യക്തിബന്ധളിലേക്ക് പടർന്നേറാതെ ഭാവനയുടെ ലോകത്ത് ഒതുക്കിനിർത്തുന്നതിനാണ്  യുക്തിബോധത്തിന്റെ അടിത്തറയിൽ പണിയപ്പെട്ട ആൺകോട്മാവ്യവസ്ഥ ശ്രമിച്ചുപോന്നത്. ഇതിനു വിരുദ്ധമായി, മോഹനപരമായ ജീവിതത്തിന്റെ വീണ്ടെടുപ്പ് സാദ്ധ്യമാകുന്നതിന് മനുഷ്യരെ സജ്ജരാക്കുകയാണ് ഇന്നത്തെ ശരീരപക്ഷചിന്തകൾ ചെയ്യുന്നത്. അതിനാൽ ശരീരത്തിന്റെ പുനരുത്ഥാനത്തിനായുള്ള വാദം സാഹിത്യത്തിനോ കലകൾക്കുവേണ്ടിയോ മാത്രമുള്ള നിലപാടല്ല. ഭാവനയുടെ മണ്ഡലത്തിൽ മാത്രമായി ഒതുക്കിനിർത്തിയിരുന്ന ജീവിതത്തിന്റെ മോഹങ്ങളെ മനുഷ്യരുടെ മൂർത്തജീവിതത്തിലേക്ക് എത്തിക്കാൻവേണ്ടിയുള്ള ശ്രമംകൂടിയാണ് ശരീരപക്ഷചിന്ത നടത്തുന്നത്. ശരീരത്തെ സക്രിയമാക്കികൊണ്ട് അതു ജീവിതതീക്ഷ്ണതകളുടെ പുനരാവാഹനത്തിന് മനുഷ്യരെ പ്രാപ്തരാക്കിത്തീർക്കുന്നു.

ഗ്രന്ഥസൂചിക:
[1 ] എബി കോശി, ”ശരീരത്തിന്റെ ഉദ്ഗ്രഥനവും ശീഥിലീകരണവും’: ഒരു ആരോഗ്യ ചിന്തനം”, ഭാഷാപോഷിണി, 38:2, ഫെബ്രുവരി, 2014.
[2 ] Plato, ‘Phaedo’, in Five Dalogues, Hackett Publishing Company, Cambridge, 2002
[3 ] സത്യവേദപുസ്തകം, മത്തായിയുടെ സുവിശേഷം, അദ്ധ്യായം 5: 29
[4 ] Michel Foucault, Madness and Civilization, Pantheon Books, New York 1965, pp.
[5 ] Freiderich Nietzsche, The Gay Science, Cambridge Univesity Press, 2008, pp. 119-20
[6 ] അബോധം ബോധാവസ്ഥയെക്കാൾ സക്രിയമായ ഒരു ബോധതലമാണെങ്കിൽപോലും യുക്തിനിഷ്ടമായ അന്വേഷണങ്ങൾക്കു വെളിപ്പെടാതെ വർത്തിക്കുന്ന വെളിവിന്റെ തലമായതിരിക്കുന്നതുകൊണ്ടു മാത്രമാണ് മനോപഗ്രഥനചിന്തകർ അതിനെ അബോധമായി ചിത്രീകരിച്ചിരിക്കുന്നത്.
[7 ] ഫ്രോയ്ഡിന്റെ On Narcissism: An Introduction ; Mourning and Melencholia എന്നീ കൃതികൾ കാണുക.
[8 ] Michel Foucault, Disciline and Punish, Vintage Books, New York, 1979
[9 ] Nietzsche, On the Genealogy of Morals: Essay. 2, Vintage Books, 1969
[10 ] Judith Butler, Gender Trouble: Feminism and the Subvertion of Identity, Routledge, New York, 1999
[11] Julia Kristeva, Revolution in Poetic Langauage, Columbia Uiversity Press, 1984

Comments

comments