ഗോധ്രാ സംഭവത്തിനുശേഷം ഗുജറാത്തിലുണ്ടായ അക്രമങ്ങളെ തുടർന്ന് ഫെബ്രുവരി 28-ന് സ്വന്തം വീട്ടിൽ വെച്ച് മൃഗീയമായി  ചുട്ടുകൊല്ലപ്പെട്ട മുൻ പാർലമെന്റംഗംnishrin-v-1 ഇഹ്‌സാൻ ജഫ്രിയുടെ മകളാണ് ഞാൻ. അദ്ദേഹം ഇനിയില്ല എന്നത്, അകാലത്തിൽ അത്ര ക്രൂരമായും മൃഗീയമായും അദ്ദേഹത്തെ തുടച്ചുനീക്കി എന്നത് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയമാണ്. കത്തിച്ചുകളഞ്ഞതിനാൽ അദ്ദേഹത്തിന്റെ മൃതശരീരം ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല എന്നതും അതിനൊരു കാരണമാകാം. കഴിഞ്ഞ അഞ്ചുമാസമായി ഞാൻ വിശ്വാസത്തിന്റെയും പ്രത്യാശാനഷ്ടത്തിന്റെയും, സാഹോദര്യത്തിന്റെയും മാനവികതയിലുള്ള അങ്ങേയറ്റത്തെ വിശ്വാസ നഷ്ടത്തിന്റെയും, നമ്മുടെ പുരാതന മൂല്യങ്ങളുടേയും അനശ്വരതയുടേയും, വിവേകത്തിന്റെയും ഗുജറാത്തിൽ നടമാടുന്ന ഹിംസയുടേയും, രണ്ട് അഗ്രിമതകളിൽ, വലുതായ തരത്തിൽ ഊയലാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കാലയളവിൽ എന്റെ വേരുകളെപ്പോലും മതത്തെപ്പോലും ഞാൻ എതിർ സ്ഥാനത്ത് നിർത്തിയിരുന്നു.നന്ദി, എന്റെ ഉപ്പയുടെ പഠിപ്പിക്കലുകൾക്കും എന്റെ കുടുംബത്തിന്റെ പിന്തുണയ്ക്കും. ഇപ്പോൾ ഞാനെന്റെ സമനില വീണ്ടെടുത്തിരിക്കുന്നു. എന്റെ സങ്കടത്തെ ഭാഗികമായെങ്കിലും മറികടന്നിരിക്കുന്നു.

അതെ, ഭാഗികമായി. കാരണം അദ്ദേഹത്തെ പിളർന്ന വാളിനേക്കുറിച്ചാലോചിക്കുമ്പോൾ, അദ്ദേഹത്തെ ചുട്ട തീയ്യെക്കുറിച്ചാലോചിക്കുമ്പോൾ, അദ്ദേഹത്തെ കൊന്ന ആളുകളെ കുറിച്ചാലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. പക്ഷെ എന്റെ ഉപ്പയെ കുറിച്ചുള്ള ഓർമ്മകൾ-എന്തായിരുന്നു അദ്ദേഹം എനിക്കെന്നത്, അദ്ദേഹത്തിന്റെ കുടുംബത്തിനും രാജ്യത്തിനും അദ്ദേഹം ചെയ്തുകൊണ്ടിരുന്നത് എന്തെന്ന്, ഞങ്ങളെ എല്ലാവരെയും അദ്ദേഹം എങ്ങനെ അന്തസ്സുറ്റവരാക്കിയെന്ന് – നിങ്ങളുമായി ഇപ്പോൾ എനിക്ക് പങ്കിടാനാകും.

അദ്ദേഹം എന്റെ വീരനായകനായിരുന്നു. കണ്ണുകൾ അടക്കുമ്പോൾ, എന്റെ മുഴുവൻ ജീവിതവും, ശൈശവം തൊട്ട് വിവാഹശേഷം ഇന്ത്യ വിടുന്നതുവരെയുള്ള മുഴുവൻ കാലവും

എനിക്കുള്ളിൽ നിറഞ്ഞോടുന്നു. വീണ്ടും പറയട്ടെ. ആ ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം കൂടെയുണ്ടായിരുന്നു. ഇപ്പോഴും, ഈ കത്തെഴുതുമ്പോഴും, അദ്ദേഹത്തിന്റെ ആത്മാവ് എന്റെ കൂടെയുണ്ട്.

എന്റെ പ്രിയപ്പെട്ട ഉപ്പാ,
ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഞങ്ങളെല്ലാവരും താങ്കളെ സ്‌നേഹിക്കുന്നു. ഞങ്ങൾക്കെല്ലാവർക്കും അങ്ങ് നഷ്ടമായി. അങ്ങയുടെehsanjafri-v-1 ആത്മാർപ്പണം, വിശ്വാസം, ധൈര്യം, മൂല്യങ്ങൾ, ത്യാഗം എന്നിവയ്ക്ക് ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. സ്വാർത്ഥ രഹിതരായിരിക്കാൻ അങ്ങ് ഞങ്ങളെ പഠിപ്പിച്ചു. എപ്പോഴും ഒന്നാം സ്ഥാനത്തേക്ക് കയറി നിൽക്കാതിരിക്കാൻ. പഴയ കിടപ്പുമുറിയിൽ അങ്ങ് ഉറങ്ങിക്കിടക്കുമ്പോൾ നടന്ന ഒരു സംഭവം വീണ്ടും വീണ്ടും ഉരുക്കഴിക്കുന്നതിൽ ഉമ്മ ഒരുനാളും മടി കാണിച്ചിരുന്നില്ല.

കട്ടിലിനരികിൽ കത്തിച്ചുവെച്ചിരുന്ന ചെറിയ മണ്ണെണ്ണ വിളക്ക് മറിഞ്ഞുവീണ് കിടയ്ക്ക  തീ പിടിച്ചു. ഉപ്പയ്ക്കരികെ ഉമ്മയും ഉറങ്ങുന്നുണ്ടായിരുന്നു. ചൂട് അങ്ങയെ പെട്ടെന്നുണർത്തി. അഗ്നിബാധ മനസ്സിലാക്കിയ ഉടൻ അങ്ങ് ഉമ്മയെ വിളിച്ചുണർത്തുകയും നീങ്ങിപ്പോകാൻ പറയുകയും   ചെയ്തു. എന്നാൽ ഉണർന്ന ഉടൻ കത്തുന്ന കിടക്ക കണ്ട് ഉമ്മ അങ്ങെവിടെയാണെന്നോ എന്താണ് പറയുന്നതെന്നോ ശ്രദ്ധിക്കാതെ കട്ടിലിൽ നിന്ന് ചാടിയിറങ്ങി വാതിൽക്കലേക്കോടി. നാൽപ്പതുവർഷങ്ങൾക്കിപ്പുറവും ഉമ്മ അതാലോചിക്കുകയും അങ്ങയുടെ കൈ പിടിച്ച് വാതിൽക്കലേക്ക് ഓടാൻ തുനിയാത്തതിൽ ലജ്ജിക്കുകയും ചെയ്യുന്നു.

ഫെബ്രുവരി 28 ന് ഹിംസാത്മകമായ ഒരു ജനക്കൂട്ടത്തിൽ നിന്നും രക്ഷതേടി വീട്ടിലെത്തിയ നൂറുക്കണക്കിന് ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും കുഞ്ഞുങ്ങളുടേയും ജീവനും അന്തസ്സും സംരക്ഷിക്കാനുള്ള ശ്രമത്തിൽ അങ്ങ് മർദ്ദിക്കപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്തപ്പോൾ, ആ കുറ്റബോധം അവർക്ക് സഹിക്കാവുന്നതിലും അധികമായിരിക്കുന്നു. സഹിക്കാനാകാത്തതാംവിധം വ്യത്യസ്തമായ ഒരു ചുറ്റുപാടിൽ 40 വർഷങ്ങൾക്കുമുന്നിലെ ആ സംഭവം വീണ്ടും ആവർത്തിച്ചതായി അവർ മനസ്സിലാക്കുന്നു.

അങ്ങയുടെ പുസ്തകശാലയിലെ ആയിരക്കണക്കിന് പുസ്തകങ്ങൾ; നിയമത്തെപ്പറ്റിയും, സാഹിത്യത്തെപ്പറ്റിയും തത്വശാസ്ത്രത്തെ പറ്റിയും മാനവികതയെപ്പറ്റിയും മതത്തെപ്പറ്റിയും ദേശീയോദ്ഗ്രഥനത്തെപ്പറ്റിയും ഉള്ള പുസ്തകങ്ങൾ; കത്തിച്ചാമ്പലായി. ആ വിഷയങ്ങളെക്കുറിച്ചൊക്കെ   എന്ത് മനസ്സിലാക്കിയെന്ന് പ്രതിഫലിപ്പിക്കുന്ന അങ്ങയുടെ സ്വന്തം കവിതകളും. അങ്ങനെ മക്കൾക്കും പേരമക്കൾക്കും വേണ്ടി അങ്ങ് സംരക്ഷിച്ചുവന്നിരുന്ന നിധി. അങ്ങയുടെ ഓഫീസ്മുറിയിലെ കുരുവികളും അവിടെയില്ല. അവയുടെ കൂടുകളും ചാമ്പലായി. തന്റെ ഓഫീസിൽ കൂടുകൂട്ടാൻ വേണ്ടി കുരുവികളെ പതിവായി പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അങ്ങയെ ഞാനോർക്കുന്നു. മുട്ടയിടാനും കുഞ്ഞുങ്ങളെ തീറ്റാനും അവയെ പറത്തിവിടാനുമൊക്കെ അങ്ങ് കാണിച്ചിരുന്ന ഉത്സാഹം.  ഓഫീസിലെ ഒരു ജാലകം അങ്ങ് എപ്പോഴും തുറന്നിടുമായിരുന്നു. വീടു പൂട്ടി പുറത്തുപോകുന്ന അവസരങ്ങളിൽ പോലും. കുരുവികൾക്ക് തടസ്സമില്ലാതെ മുറിയിലേക്ക് വരാനും പോകാനും. കുരുവികൾ കൂടു കെട്ടുന്നതിനിടയിൽ ഓഫീസ് മുറിയിൽ ഉണ്ടാക്കുന്ന ചപ്പുചവറുകൾ വൃത്തിയാക്കാൻ ദിവസത്തിൽ നിരവധി തവണ സന്തോഷപൂർവ്വം അങ്ങ് സമയം കണ്ടെത്തിയിരുന്നു. കുരുവികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഫാനിന്റെ സ്വിച്ചിൽ അങ്ങ് ഒരു കഷ്ണം പശക്കടലാസ് ഒട്ടിച്ചുവെക്കുമായിരുന്നു. അബദ്ധത്തിൽ പോലും ആരും ആ സ്വിച്ച് ഓൺ ചെയ്യാതിരിക്കാൻവേണ്ടി. ഫാനിന്റെ ഇതൾ തട്ടി പക്ഷിക്കുഞ്ഞുങ്ങൾക്ക് മുറിവേൽക്കുന്നതിനെക്കാൾ കൊടും ചൂടിലിരുന്ന് പ്രവർത്തിക്കാനാണ് അങ്ങ് താൽപര്യപ്പെട്ടത്.

ഒരിക്കൽ കാലിൽ വ്രണം വന്നു വിണ്ട കാലിയാ എന്ന ആൺകുട്ടി, താങ്കൾ അവനെ ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോയതും അവന്റെ  മുറിവുകൾ സ്വയം വൃത്തിയാക്കി കെട്ടി കൊടുത്തതു കരഞ്ഞുകൊണ്ടോർക്കുന്നു. ആരും തൊടാൻപോലും മടിക്കുന്ന തന്നെ കസേരയിലിരുത്തിയതും കാൽ ശുശ്രൂഷിച്ചപ്പോൾ എത്രമാത്രം അമ്പരന്നുപോയി എന്ന് അവനിപ്പോൾ വെളിപ്പെടുത്തുന്നു. ഇതുപോലുള്ള നിരവധിപേർ, വർഷങ്ങളായി താങ്കളുടെ സഹായം അനുഭവിച്ചവർ മുന്നോട്ടുവന്ന് അങ്ങയുടെ ദയാവായ്പിനേയും ഉദാരമനസ്‌കതയെയും കുറിച്ച് പറയുന്നു. അവരിൽ പലർക്കും അറിയാം, വീട് വെള്ള പൂശാനും വാതിലുകൾ ചായം പൂശാനും ശുചിമുറികളും അടുക്കളയും വിറകുപുരയും പുത്തനായ് ഒരുക്കാനും അവരോട് താങ്കൾ ആവശ്യപ്പെട്ടിരുന്നത് അവയൊന്നും അത്യാവശ്യമായതുകൊണ്ടല്ല. മറിച്ച് അവർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും ജീവിക്കാനാവശ്യമുള്ള പണം നല്കാനും ആയിരുന്നുവെന്ന്. അവർക്കെല്ലാം താങ്കളെ നഷ്ടപ്പെട്ടു.

പ്രിയപ്പെട്ട ഉപ്പാ, എനിക്കറിയാം ഒരു വക്കീലെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും, ആഗ്രഹിച്ചാൽ താങ്കൾക്ക് പണം വാരിക്കൂട്ടാമായിരുന്നു. പക്ഷെ നമ്മുടെ ധാർമികതയോട്, ഇന്ത്യൻ ധാർമിക മൂല്യങ്ങളോട് അങ്ങ് എപ്പോഴും കൂറ് പുലർത്തിയിരുന്നു. ലളിത ജീവിതത്തിന്റേയും ഉന്നത ചിന്തയുടേയും മാർഗ്ഗമാണ് അങ്ങ് തെരഞ്ഞെടുത്തത്. താങ്കൾക്ക് വേണമെങ്കിൽ ശക്തിമാനും പ്രാകൃതനുമായൊരു രാഷ്ട്രീയ നേതാവാകാമായിരുന്നു. പക്ഷെ താങ്കളുടെ ഗുരുവും ആദർശബിംബവുമായ മഹാത്മാഗാന്ധിയുടെ മൂല്യ വ്യവസ്ഥകളോട് കൂറുപുലർത്തി, ഈ  രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള മാർഗ്ഗം അങ്ങ് തെരഞ്ഞെടുത്തു. സാമുദായിക ഐക്യത്തെക്കുറിച്ചും ദേശീയോദ്ഗ്രഥനത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചുമുള്ള താങ്കളുടെ കവിതകൾ  തലമുറകളെ ത്തന്നെ മുന്നോട്ടുനയിക്കും എന്നതിൽ സംശയമില്ല. അങ്ങ് ഒരുപാട് ഹൃദയങ്ങളെ സ്പർശിച്ചു. താങ്കളുടെ വിയോഗത്തിൽ ഭൂരിഭാഗം ഹിന്ദുക്കളും മുസ്‌ലീങ്ങളും കണ്ണീരൊഴുക്കി. അങ്ങ് സമാധാനത്തിന്റെ സുവിശേഷകനും മാനവികതയുടേയും മാനവികാന്തസ്സിന്റെയും വക്താവുമായിരുന്നു. താങ്കളോടും ഗുർബർഗ് സൊസൈറ്റിയിലേയും ഗുജറാത്തിലെയും ആയിരക്കണക്കിന് മനുഷ്യരോടും ഹിന്ദുക്കളെന്ന് സ്വയം വിശ്വസിക്കുന്ന ഏതാനും വഴി തെറ്റിയ ഭീകരർ ചെയ്ത കൊടുംപാതകങ്ങളിൽ ഞങ്ങളുടെ മിക്ക ഹിന്ദു സ്‌നേഹിതരും അവരുടെ ദുഃഖവും ലജ്ജയും വെളിവാക്കി. കുറ്റബോധം തീർക്കാനെന്നവണ്ണം അവരിൽ പലരും ഗുജറാത്ത് ആക്രമണങ്ങളുടെ പേരിൽ ഞങ്ങളോട് മാപ്പ് അപേക്ഷിച്ചു.

ഈ ആക്രമണങ്ങളുടെ പേരിൽ ഹിന്ദുമതമല്ല അപലപിക്കപ്പെടേണ്ടത്. ഈ വഴിതെറ്റിയവർ ഭീകര പ്രവർത്തകരാണ്, ഭീകരപ്രവർത്തനം പിൻതുടരുന്നവരാണ്. ഭീകരപ്രവർത്തനം എന്നത് അതിനുള്ളിൽ തന്നെ ഒരു മതമാണ്. ഈ ഭീകരർ കൊന്നൊടുക്കിയ മുസ്‌ലീങ്ങളെപ്പോലെത്തന്നെ ഹിന്ദുക്കളും നിഷ്‌ക്കളങ്കരും ദയാലുക്കളും സഹാനുഭൂതി നിറഞ്ഞവരും ദൈവഭയമുള്ളവരും നിയമങ്ങൾ അനുസരിക്കുന്നവരും ആണ്. ഇത് ഞങ്ങൾ ഇവിടെയും എവിടേയുമുള്ള ഞങ്ങളുടെ സുഹൃത്തുക്കളോട് പറയുന്നു. ഞങ്ങൾ അവരെ സ്‌നേഹിക്കുന്നു. ആദരിക്കുന്നു. അങ്ങ് ചെയ്തപോലെ അവരെയും ആത്മാർത്ഥതയോടെ ഞങ്ങളുടെ മൂല്യങ്ങളിൽ അവർക്കുള്ള വിശ്വാസത്തേയും ഞങ്ങൾ മാനിക്കുന്നു. ഞങ്ങൾ അവരുടെ ഉത്ക്കണ്ഠ പങ്കിടുകയും നമ്മുടെ സമൂഹത്തിലും രാജ്യത്തിലും  വെറുപ്പിന്റെ വിഷം കുത്തിവെക്കുകയും പരത്തുകയും ചെയ്യുന്ന ഫാസിസം എന്ന പൈശാചിക രൂപത്തെ ഉച്ചാടനം ചെയ്യുന്നതിനായി ഒന്നിച്ചുപ്രവർത്തിക്കാനുള്ള അവരുടെ നിർദ്ദേശത്തോട് യോജിക്കുകയും ചെയ്യുന്നു.Nishrin-Jafri-ehsanjafri

ഉപ്പാ, എന്റെ നഷ്ടം എന്നെ മുഴുവനായി കീഴ്‌പ്പെടുത്തിയ സമയങ്ങളിൽ ഞാൻ എന്നോടുതന്നെ പലവട്ടം ചോദിക്കുമായിരുന്നു. എന്തുകൊണ്ട് എന്റെ പിതാവ് ? എന്തുകൊണ്ട് അദ്ദേഹം? പക്ഷെ താങ്കൾ പകർന്നുതന്ന പാഠങ്ങൾക്ക് നന്ദി. സംഭവങ്ങളുടെ കൂടുതൽ വലിപ്പത്തിലുള്ള ചിത്രങ്ങൾ കാണാനും നമ്മുടെ ജീവിതത്തെ അതിന്റെ വലുപ്പത്തിൽ ദർശിക്കാനും ആ പാഠങ്ങൾ എപ്പോഴും പ്രേരിപ്പിക്കുന്നു. എനിക്കിപ്പോഴറിയാം, എന്നെപ്പോലെ അനേകം പേർ- ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട നിരവധി പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും – ചോദിച്ചുകൊണ്ടേയിരിക്കുന്നു. എന്തുകൊണ്ട് അവർ? അനേകം കുഞ്ഞുങ്ങൾ അനാഥരായി. അനേകം മാതാപിതാക്കൾ മക്കൾ നഷ്ടപ്പെട്ടവരും. ഗോധ്രയിലും കാശ്മീരിലും എന്നെപ്പോലെയുള്ളവർ ഉണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. അവരുടെ നഷ്ടങ്ങളും എന്റെ നഷ്ടത്തെക്കാൾ ചെറുതല്ല. അവരുടെ നിഷ്‌കളങ്കതയും എന്നെക്കാൾ താഴെയല്ല. അതിനാൽ ഇത്തരം ദുരന്തങ്ങളെ നിർമ്മിക്കുന്ന അധികാരികളോട്, ഇടയ്ക്കിടെ മാനവികതയ്ക്കുമേൽ ഇത്തരം കടന്നാക്രമണങ്ങൾ നടത്തുന്ന അധികാരികളോട് ഞാൻ ചോദിക്കുകയാണ്. എന്തുകൊണ്ട് ഞങ്ങൾ? എല്ലാ ലജ്ജയോടും, വിനയത്തോടും ആത്മാർത്ഥതയോടും കൂടി ഞാൻ ദൈവത്തോടും ചോദിക്കുന്നു. എന്തുകൊണ്ട് വെറുപ്പ് പരത്തിയവരല്ല? എന്തുകൊണ്ട് സമുദായ സ്പർദ്ധ വളർത്തിയവരല്ല? ദൈവസൃഷ്ടികൾക്കെതിരെ ഹിംസ പ്രയോഗിച്ചവർ എന്തുകൊണ്ടല്ല?

പ്രിയപ്പെട്ട ഉപ്പാ, അങ്ങ് പറയാറുള്ളത് ഞാൻ ഓർക്കുന്നു. ലോകത്തിൽ ശത്രുതയുണ്ട്. എന്നാൽ അതുപോലെത്തന്നെ സമാധാനവും, ലയവും സ്‌നേഹവും ഉണ്ട്. വേദനയും ദുഃഖവും ലോകത്തിലുണ്ട്. എന്നാൽ അതുപോലെത്തന്നെ പുരോഗതിയും അഭിവൃദ്ധിയുമുണ്ട്. പോരടികളും മൃഗീയതയും ലോകത്തിലുണ്ട്. എന്നാൽ അതോടൊപ്പം സാഹോദര്യവും സമാധാനവും പ്രശാന്തതയുമുണ്ട്. നാം എവിടെ നിൽക്കുന്നു, എങ്ങനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്. താങ്കളുടെ ശുഭാപ്തി വിശ്വാസത്തിനും എന്നെ വളർത്തിയ ഗുണാത്മക ദർശനത്തിനും നന്ദി. ഞാൻ തെരഞ്ഞെടുക്കുന്നത് സ്‌നേഹവും സാഹോദര്യവും ശാന്തിയും സമുദായ മൈത്രിയുമുള്ള ഒരു ഇന്ത്യയെയാണ് ആണ്.

ഗുജറാത്തിൽ നാം കണ്ട ഹിംസയും സാമുദായികമായ അസഹിഷ്ണുതയും പെട്ടെന്ന് മാഞ്ഞുപോകുന്ന ഒരു വ്യതിയാനം മാത്രമാണെന്ന് ഞാൻ കരുതുന്നു. വിഭജന അജണ്ടയുമായി നടക്കുന്ന വെറുപ്പിന്റെ വക്താക്കൾ തോൽപ്പിക്കപ്പെടുമെന്നും മതത്തിനും വംശത്തിനുമപ്പുറത്ത്, വർണ്ണത്തിനും ജാതിക്കുമപ്പുറത്ത്, രാഷ്ട്രീയ ചായ്‌വിനും പ്രത്യയശാസ്ത്രങ്ങൾക്കുമപ്പുറത്ത് ഇന്ത്യയിലെ ജനങ്ങൾ ഒന്നിച്ചുവരുമെന്നും താങ്കളുടെയും താങ്കളെപ്പോലുള്ള ലക്ഷക്കണക്കിന് പേരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുമെന്നും ഞാൻ കരുതുന്നു. ഐക്യ, പുരോഗമന, വികസിത, മതേതര, അഭിമാനവിജൃംഭിതമായ ഒരു ഇന്ത്യ.

പ്രിയപ്പെട്ട ഉപ്പാ,

താങ്കളേയും താങ്കൾ പഠിപ്പിച്ച പാഠങ്ങളെയുംപറ്റി ഓർക്കുന്നത് പുറത്തുപോകാനും ഗുജറാത്ത് കലാപം സൃഷ്ടിച്ച ആയിരക്കണക്കിന് പുരുഷന്മാരേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും സഹായിക്കാനുള്ള എന്റെ തീരുമാനത്തെ പ്രചോദിപ്പിക്കുന്നു. അസഹനീയമായതിനെ സഹിക്കുന്നവരെ താങ്ങാൻ പറ്റാത്ത സങ്കടങ്ങളെ താങ്ങുന്നവരെ. ഞാൻ ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ വെറുപ്പ് പുലർത്തുന്നില്ല. താങ്കളുടെ ചുവടുകളെ പിന്തുടർന്ന്, താങ്കളുടെ മരുമകനായ നാജിദ് ഹുസൈനോടൊപ്പം ഈ വലിച്ചെറിയപ്പെട്ട മനുഷ്യരെ സഹായിക്കാൻ എന്റെ മുഴുവൻ കഴിവും പ്രയോഗിക്കാം. നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഞങ്ങൾക്കൊപ്പമുണ്ട്. ഈ മനുഷ്യരെ സമൂഹത്തിൽ പുനഃസ്ഥാപിക്കാൻ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗുജറാത്തിൽ നീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയും.

ഞങ്ങളെ അനുഗ്രഹിക്കൂ ഉപ്പാ. താങ്കൾ അഭിമാനത്തോടെ, അന്തസ്സോടെ, ആത്മാർപ്പണത്തോടെ ജീവിതകാലം മുഴുവൻ സേവിച്ച ഈ രാജ്യത്തെയും, അനുഗ്രഹിക്കുകയും നയിക്കുകയും ചെയ്യുക. താങ്കളുടെ പാത നേരാംവണ്ണം തെളിച്ചു കാണിക്കുക. ദയയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും അഖണ്ഡതയുടേയും സമാധാനത്തിന്റെയും പരസ്പര ലയത്തിന്റെയും ആ പാതയിലൂടെ മുന്നേറാനായി. ഗുജറാത്ത് ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാനായി. നന്ദി. ഞങ്ങൾ അങ്ങയെ സ്‌നേഹിക്കുന്നു. ഞങ്ങൾ എക്കാലവും സ്‌നേഹിച്ചുകൊണ്ടേയിരിക്കും. അതേ സമയം താങ്കളുടെ അഭാവം ഞങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.

Comments

comments