ഹൈക്കോടതിവളപ്പിൽ ഒരു കൂട്ടം അഭിഭാഷകർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വഞ്ചിയൂരിലും സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും നടന്ന കല്ലേറിലും മർദ്ദനത്തിലും നിരവധി മാദ്ധ്യമപ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിലായി. സർക്കാർ പ്ലീഡർ ഒരു വനിതയെ അപമാനിച്ചുവെന്ന ആരോപണം മാദ്ധ്യമങ്ങൾ മൂടിവെച്ചില്ല എന്നതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകിയതെങ്കിൽ കോടതിയെ സമീപിക്കാൻ അനായാസം കഴിയുന്ന അഭിഭാഷകർ ജേണലിസ്റ്റുകളെ സംഘം ചേർന്ന് ആക്രമിക്കാൻ മുതിർന്നത് അവർക്ക് കോടതിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ എന്ന് വ്യക്തമാക്കാൻ അഭിഭാഷക സംഘടനകൾ തയ്യാറാവണം.

കോടതികൾ മാത്രമല്ല, മാദ്ധ്യമങ്ങളുടെ അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യയിൽ പ്രസ് കൗൺസിലും ബ്രോഡ്കാസ്റ്റിങ്ങ് അതോറിറ്റിയും ഉണ്ട്. അവിടെയൊന്നും പരാതി ഉന്നയിക്കാതെയാണ് അഭിഭാഷകവേഷമണിഞ്ഞ ഗുണ്ടകൾ വിളയാടിയത്. തങ്ങൾക്കനുകൂലമായി പരാതിക്കാരുടെ മൊഴിമാറ്റിപ്പറയിക്കുന്നത്ര എളുപ്പത്തിൽ മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടാമെന്നാണ് അവർ കരുതുന്നതെങ്കിൽ അവരെ മന്ദബുദ്ധികളുടെ അക്രമിസംഘം എന്നേ വിശേഷിപ്പിക്കാനാവൂ. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെപ്പോലും അതിജീവിച്ച ഇന്ത്യൻ മാദ്ധ്യമങ്ങളെ കായികശക്തികൊണ്ട് നേരിടാമെന്ന് കരുതുന്ന കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനലുകളായ ഏതാനും അഭിഭാഷകരോടൊപ്പമല്ല കേരളത്തിലെ മുഴുവൻ അഭിഭാഷകരും കേരളസമൂഹവും എന്നുകൂടി അവരോർക്കണം.madv-2

നിയമം പഠിച്ചവരും  അത് തൊഴിലാക്കിയവരും നിയമം കൈയിലെടുക്കുന്ന ഈയവസ്ഥയെ നിയമംകൊണ്ടുതന്നെ നേരിടാനാണ് മാദ്ധ്യപ്രവർത്തകർ നിശ്ചയിച്ചിട്ടുള്ളത്. ചാനൽ ചർച്ചകളിലിരുന്നുകൊണ്ട് മാദ്ധ്യമങ്ങളെ മാദ്ധ്യമധർമ്മം പഠിപ്പിക്കാൻ ചില അഭിഭാഷകർ ശ്രമിക്കുന്നതും കാണാനിടയായി. നിയമം പഠിച്ചിട്ടും ക്രിമിനലുകളെപ്പോലെ പെരുമാറുന്നവരാണോ മാദ്ധ്യമധർമ്മം ഉദ്‌ബോധിപ്പിക്കുന്നത്.?  ഇത്തരം സാമൂഹുകവിരുദ്ധരെ മാദ്ധ്യമങ്ങൾ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്.

മാദ്ധ്യമങ്ങളെ ആക്രമിച്ച് നിശ്ശബ്ദമാക്കാമെന്ന് കരുതുന്ന പലതരം ക്രിമിനൽസംഘങ്ങളിലൊന്നായി ഏതെങ്കിലും അഭിഭാഷകസംഘടന മാറുന്നത് അഭിലഷണീയമല്ല. അഭിഭാഷകർക്കിടയിലെ ഗുണ്ടകൾ മാത്രമല്ല അവരുടെ വാടകഗുണ്ടകളും പത്രക്കാരെ ആക്രമിക്കാനുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. കൊച്ചിയിലും വഞ്ചിയൂരും നടന്ന അഭിഭാഷകരുടെ ഗുണ്ടാവിളയാട്ടത്തെ നവമലയാളി ശക്തമായി അപലപിക്കുന്നു. അഭിഭാഷകവേഷത്തിലെത്തിയ അക്രമികൾക്കെതിരെ കർശന നടപടികളെടുക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രിയോട്, കേരളത്തിലെ ഇതര മാദ്ധ്യമസ്ഥാപനങ്ങളോടൊപ്പം ഞങ്ങളും അഭ്യർത്ഥിക്കുന്നു.

ഒ.കെ. ജോണി
———-
ചിത്രങ്ങൾക്ക് കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്, മാതൃഭൂമി

റീഡേഴ്സ് എഡിറ്റർക്കുള്ള അഭിപ്രായങ്ങളും എഴുത്തുകളും നിർദ്ദേശങ്ങളും [email protected] അല്ലെങ്കിൽ [email protected] എന്ന വിലാസത്തിലോ അയക്കുക.

Comments

comments