നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്ത്യൻ എഴുത്തുകാരിയെയും പൊതുപ്രവർത്തകയെയും ആണ് മഹാശ്വേതാദേവിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടപ്പെടുന്നത്.

1926-ൽ ധാക്കയിൽ ജനിച്ച മഹാശ്വേതാ ദേവി രാഷ്ട്രീയമായും സാംസ്കാരികമായും വളരെ സജീവവും ഉദ്ബുദ്ധവുമായിരുന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. അച്ഛനും അമ്മയും എഴുത്തുകാർ. ചലച്ചിത്രകാരൻ  ഋത്വിക് ഘട്ടക് പിതൃസഹോദരനായിരുന്നു. അമ്മ വഴിക്കുള്ള ഒരു അമ്മാവനാണ് കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന ശില്പി ശങ്കോ ചൌധരി. ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലിയുടെ സ്ഥാപക എഡിറ്റർ സച്ചിൻ ചൗധരി മഹാശ്വേതയുടെ അമ്മയുടെ സഹോദരനായിരുന്നു. ബിജോൻ ഭട്ടാചാര്യ ആയിരുന്നു ഭർത്താവ്. ഇന്ത്യൻ പീപ്പിൾ തീയറ്റർ അസോസിയേഷൻ – IPTA-യുടെ സ്ഥാപക നേതാവും നാടക കൃത്തുമായിരുന്നു ബിജോൻ. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കലാവേദിയിൽ കണ്ടുമുട്ടി പ്രേമബദ്ധരായാണ് അവർ വിവാഹിതരായത്. ടാഗോറിന്റെ ശാന്തിനികേതനത്തിൽ പഠിച്ച മഹാശ്വേത വലിയൊരു വായനക്കാരി ആയിരുന്നു. ശാന്തിനികേതനത്തിലെ സ്വതന്ത്ര ആശയങ്ങളുടെ അന്തരക്ഷവും വായനയും അവരിലെ എഴുത്തുകാരിയെയും പൊതുപ്രവർത്തകയെയും രൂപപ്പെടുത്തി. ബംഗാൾ ക്ഷാമകാലത്ത് കോളേജ് വിദ്യാർത്ഥി ആയിരുന്ന മഹാശ്വതാ ദേവി സഹപാഠികളുമായി ദുരിതാശ്വാസ പ്രവർത്തനത്തിറങ്ങി. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകയായി മാറിയ അവർ ഇപ്ററയുടെ നാടകങ്ങളിലെ അഭിനേതാവും ഗായികയുമായി. അവസാനനാളുകൾ വരെ മഹാശ്വേതാ ദേവി മനോഹരമായി പാടുമായിരുന്നു. തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടിയ മഹാശ്വേതയെ കമ്യൂണിസ്റ്റുകാരിയാണെന്നതിനാൽ പിരിച്ചു വിട്ടു. ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടിയ അക്കാലത്താണ് മഹാശ്വേതാ ദേവി എഴുത്താരംഭിക്കുന്നത്. 1966-ൽ പ്രസിദ്ധീകരിച്ച ഝാൻസി റാണി മുതൽ ഒട്ടുവളരെ കൃതികൾ അവർ പ്രസിദ്ധീകരിച്ചു. പിന്നെയെന്നും എഴുത്തുകാരിയും പൊതുപ്രവർത്തകയുമായാണു അവർ ജീവിച്ചത്.

സമൂഹത്തിന്റെ അരികുകളിലേക്കൊതുക്കപ്പെടുന്ന സാധാരണക്കാരുടെ ശബ്ദമായായിരുന്നു അവരുടെ രചനകളെല്ലാം. നോവലുകളും കഥകളും നാടകവും കവിതയും ബാലസാഹിത്യവും ലേഖനങ്ങളും ഒക്കെയായി നൂറിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1965-ൽ ബിഹാറിലെ പലമാവു ജില്ലയിലെ ആദിവാസി മേഖലയിൽ മഹാശ്വേതാ ദേവി നടത്തിയ സന്ദർശനമാണ് അവരുടെ ജീവിതത്തെയും എഴുത്തിനെയുംhajar-1 ആകെ മാറ്റി മറിച്ചത്. ആദിവാസി ജീവിതവുമായി ബന്ധപ്പെട്ടായി പിന്നീടുള്ള അവരുടെ എഴുത്തും ജീവിതവും. ആദിവാസി സ്വാതന്ത്ര്യസമര നേതാവായിരുന്ന ബിർസ മുണ്ടയുടെ ജീവിതത്തെ അധികരിച്ചുള്ള ആരണ്യ അധികാർ തുടങ്ങിയ പ്രധാന നോവലുകൾ ഉണ്ടാകുന്നത് ഇക്കാലത്താണ്. 1967-ൽ നക്സല്ബാരി പ്രസ്ഥാനം ആരംഭിച്ചപ്പോൾ മഹാശ്വേതാ ദേവിക്ക് അതിനോടനുഭാവമുണ്ടായിരുന്നു. അവരുടെ മകൻ അതിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ഇക്കാലത്തെ അനുഭവങ്ങളിൽ നിന്നാണ് അവരുടെ സുപ്രധാന കൃതി ആയ ഹജാർ ചുരാഷിർ മാ ഉണ്ടായത്.

ബായേൻ തുടങ്ങിയ നാടകങ്ങളും ദ്രൌപദി തുടങ്ങിയ ശക്തമായ കഥകളും ആദിവാസി സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ടുണ്ടായവയാണ്.

‘ഒരു എന്തിനെന്തിനു പെൺകുട്ടി’ എന്ന അവരുടെ ഒരു ബാലസാഹിത്യകൃതി കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ വളരെ ആസ്വദിച്ച ഒരു പുസ്തകമാണത്.

എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്നിട്ടുള്ള മഹശ്വേതാ ദേവി പക്ഷേ, പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സർക്കാരിനു ചില വീഴ്ചകൾ പറ്റിയപ്പോൾ അതിനെ വിമർശിക്കുക മാത്രമല്ല ചെയ്തത്. ബംഗാളിലെ ഇടതുപക്ഷത്തെ ആക്രമിക്കാൻ തീവ്ര വലതുപക്ഷം മുതൽ തീവ്ര ഇടതുപക്ഷമെന്നു വിളിക്കുന്നവർ വരെയുള്ളവർക്ക് പിന്തുണ നല്കുകയാണുണ്ടായത്. എന്തായാലും പില്ക്കാലത്ത് മമതാ സർക്കാരിന്റെ ഒരു വിമർശകയായി അവർ മാറി. അക്കാര്യങ്ങൾ വിശദീകരിത്താനുള്ള അവസരമല്ല ഇത്.ms-2

മഹശ്വേതാ ദേവിയുടെ വളരെ ശക്തമായ എഴുത്തുകളും ആദിവാസികൾക്കും വികസന പദ്ധതികളുടെയും മറ്റും പേരിൽ പുനരധിവാസം പോലും ലഭിക്കാതെ ഒതുക്കപ്പെടുന്ന പാവപ്പെട്ടവർക്കും വേണ്ടി അവരെടുത്ത നിലപാടുകളും പ്രവർത്തനങ്ങളും എന്നും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.

മഹാശ്വേതാദീദിയുടെ കല്ക്കത്തയിലെ വസതിയിലിരുന്ന്, അവർ തന്ന ചൂടു കാപ്പിയും കുടിച്ച് നടത്തിയ സ്നേഹോഷ്മളമായ വാദങ്ങളും തർക്കങ്ങളുമൊക്കെ അവിസ്മരണീയങ്ങളാണ്. മഹാശ്വേതാ ദേവിയുടെ മരണം എനിക്ക് വ്യക്തിപരമായ ഒരു നഷ്ടം കൂടിയാണ്. മഹാശ്വേതാ ദീദിക്ക് എന്റെ അന്ത്യാഭിവാദനങ്ങൾ.

[സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് ലേഖകൻ]

Comments

comments