മഹാശ്വേതാ ദേവി- അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം : അർച്ചന രാമചന്ദ്രൻ

മഹാശ്വേതാ ദേവി- അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം : അർച്ചന രാമചന്ദ്രൻ

SHARE

മഹാശ്വേതാ ദേവി. 1926 ജനുവരി 14 ജനനം, തികഞ്ഞ ആക്ടിവിസ്റ്റ്, എഴുത്തുകാരി, ഡിപ്ലോമാറ്റ്‌. ഭര്‍ത്താവ് ബിജൺ ഭട്ടാചാര്യ,  മകന്‍ നബാരുൺ ഭട്ടാചാര്യ.

1946-ൽ തന്റെ അദ്ധ്യാപനജീവതത്തിന്റെ തുടക്കത്തോടൊപ്പം തന്നെ സാമൂഹികപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു, തല്‍സമയം തന്നെ പത്രപ്രവര്‍ത്തക, എഴുത്തുകാരി എന്ന മേഖലയിലും പ്രാവീണ്യം തെളിയിച്ചു. ആദിവാസി ഗോത്രസമൂഹത്തെകുറിച്ച് പഠനം തുടര്‍ന്ന അവർ, ചണ്ഡീഗഡ്, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ സാമൂഹികസേവനം തുടര്‍ന്നു. അദ്ധ്യാപനം മാത്രമായി ഒതുങ്ങി കൂടാതെ തന്റെ പ്രവര്‍ത്തനമേഖലകൾ വിപുലീകരിച്ച് ട്രൈബൽ യൂണിറ്റി ഫോം എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ആദിവാസി ക്ഷേമപരിപാടികളിൽ ആ സംഘടന സജീവമായിരുന്നു.  തുടര്‍ന്ന്, പഛീം ബംഗ ഖേരിയ സബര്‍ കല്ല്യാൺ  സമിതിക്കു തുടക്കം കുറിക്കുകയും ഒപ്പം തന്നെ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങളെ പുറംലോകത്തെകാണിച്ച പ്രശസ്തമായ ‘ബോര്‍ട്ടിക’ എന്ന  മാസികയുടെ തുടക്കകാരില്‍ ഒരാളാവുകയും ചെയ്തു.  സാധാരണക്കാരന്റെ സ്വരമായി മാറിയ മഹാശ്വേതാ ദേവി അങ്ങനെ എല്ലാവര്‍ക്കും ദീദി ആയി.

തന്റെ രചനകള്‍ പോരാട്ടമാക്കുവാൻ  അവർ  ശ്രദ്ധിച്ചിരുന്നു. ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ, സ്വരം അവരുടെ രചനകളിലൂടെ പുറത്തുവന്നു. എഴുത്തുകളിലൂടെ മാത്രമായിരുന്നില്ല അവരുടെ പോരാട്ടം, തന്റെ സാന്നിദ്ധ്യം കൊണ്ടും സമര്‍പ്പണം കാണ്ടും ഇടപെട്ടിട്ടുള്ള എല്ലാ മേഖലകളെയും, സാമൂഹിക പ്രശ്നങ്ങളെയും സ്വന്തം പ്രശ്നങ്ങളെന്നപോലെ തന്നെ ദേവി കൈകാര്യം ചെയ്തു. തന്റെ എഴുത്തിന്റെ പ്രചോദനം സാധാരണക്കാരന്റെ പോരാട്ട വീര്യമാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. കാല്‍പനികമല്ലാത്ത, എന്നാല്‍ കരുത്തുറ്റ ഭാഷകളിലൂടെ സാമൂഹിക വ്യവസ്ഥിതിക്കെതിരെയും, ന്യൂനപക്ഷ പ്രീണനത്തിനെതിരരെയും അവര്‍ പ്രതികരിച്ചു എന്നതു തന്നെ തന്റെ കാലത്തെ മറ്റെഴുത്തുകാരിൽ നിന്നും ദേവിയെ വ്യത്യസ്ഥയാക്കി.

ഇൻഡക്സുകളിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കിടയിൽ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്നു മഹാ ശ്വേതദേവി. കേരളമടക്കം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിരവധി പ്രശ്നങ്ങളില്‍ തന്റെ അഭിപ്രായപ്രകടനം നടത്തുകയും സാന്നിധ്യം അറിയിക്കുകയുമുണ്ടായി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുണ്ടായിരുന്നെങ്കിലും, അതിനെ ഒക്കെ പിന്‍തള്ളി മനുഷ്യപക്ഷനിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ അവർ സദാ ശ്രദ്ധിച്ചിരുന്നു. നാലു വര്‍ഷത്തിനു മുന്‍പ്, മൂലമ്പള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കടമക്കുടി ഗ്രാമസംരക്ഷണപദ്ധതിക്ക് എക്യദാർഢ്യം പ്രഖ്യാപിച്ച്, ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കില്‍ കൂടി കേരളത്തിൽ എത്തിയിരുന്നു.  വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപെടുന്ന വിഭാഗങ്ങളെ അര്‍ഹമായ ആനുകൂല്യങ്ങളോടെ പുനരധിവസിപ്പിക്കുന്നതിനായി അവർ ശബ്ദമുയര്‍ത്തി. കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്ന ദേവി പിന്നീട് ബംഗാളിലെ മാര്‍ക്സിസ്റ്റ് പാർട്ടുയുടെ വിമര്‍ശകയായി മാറി. ബംഗാളിലെ അക്കാലത്തെ അടിസ്ഥാന സൗകര്യങ്ങളായ, ആശുപത്രി, തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാണിക്കുകയും എതിര്‍ക്കുകയും ചെയ്തതിനോടൊപ്പം പാര്‍ട്ടി മനുഷ്യരുടെ അടിസ്ഥാനപ്രശ്നങ്ങളിൽ നിന്നും അകന്നു പോകുന്നത് സദാ ഓര്‍മ്മപെടുത്തികൊണ്ടിരുന്നു.  കേരളത്തില്‍  ടി.പി വധത്തില്‍ തനിക്കുള്ള നിലപാടു വ്യക്തമാക്കുകയും, അക്രമരാഷ്ട്രീയത്തെ നിശിതമായ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കടുത്ത ഇടതുപക്ഷ അനുഭാവി ആയിരുന്നിട്ടു കൂടി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളുടെ നടപ്പാക്കലില്‍ വന്ന മാറ്റങ്ങളെ തുറന്നു പറഞ്ഞ് വേറിട്ടൊരു പോരാളിയായ് നിലകൊണ്ടു.

അരേണ്യര്‍ അധികാർ ആദിവാസി ഗോത്രവിഭാഗത്തെ പിന്‍തുണച്ചുള്ള കാല്‍വയ്പ്പായിരുന്നു. 1979-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഇതിനു ലഭിക്കുകയുണ്ടായി. ‘ഹജാർ ചുരാഷി മാ’ ജ്ഞാനപീഠപുരസ്കാരത്തിന് അര്‍ഹമായപ്പോൾ സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാഗ്സസെ പുരസ്കാരവും നേടികൊണ്ട്, രണ്ടു വ്യത്യസ്ഥ മേഖലകളിലെ ഉന്നത പുരസ്കാരം നേടിയെത്തുന്ന അപൂർവ്വവ്യക്തിത്വമായി ദീദി. ഹസാർ ചൗരാസി കി മാം പിൽക്കാലത്ത് ചലച്ചിത്രമാക്കപെട്ടു.  പ്രമേയം കൊണ്ടു വ്യത്യസ്ഥമായിരുന്ന ആ സിനിമ1998-ല്‍ മികച്ച ഹിന്ദി സിനിമക്കുള്ള ദേശിയപുരസ്കാരം നേടി. രുധാലിയും പിന്നീട് സിനിമയാക്കപെട്ട ദേവിയുടെ പ്രശസ്ഥ നോവലുകളില്‍ ഒന്നായിരുന്നു.  രവീന്ദ്രനാഥ ടാഗോറിനു ശേഷം ബംഗാളി ഭാഷയിൽ നിന്ന് കൂടുതല്‍ പുസ്തകങ്ങൾ മൊഴിമാറ്റപെട്ടത് മഹാശ്വേതാ ദേവിയുടേതാണു. ടാഗോറിനു ശേഷം എഴുത്തുകളില്‍ ഇന്ത്യ എന്ന വികാരത്തെ അത്രമേൽ ദൃഡതയോടെ ചാലിച്ചവർ വിരളമാണ്, അതിലൊരാളായിരുന്നു ദേവി. 2006-ല്‍ ജാങ്ക്ഫര്‍ട്ട് പുസ്തകസമ്മേളനത്തിൽ അതിഥിരാജ്യമായ് ഇന്ത്യ പങ്കെടുത്തപ്പോൾ, അതിന്റെ ഉദ്ഘാടക മഹാ ശ്വേതദേവി ആയിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ രാജ് കപൂറിന്റെ  ‘മേരാ ജൂതാ ഹൈ ജപാനി’  എന്ന സിനിമാ ഗാനത്തില്‍ നിന്നുമുള്ള വരികൾ കടമെടുത്ത് വളരെ വികാര നിര്‍ഭരയായാണു സംസാരിച്ചത്:
എന്റെ ഷൂസ് ജപാനില്‍ നിന്നും
പാന്റ്സ് ഇംഗ്ലണ്ടില്‍ നിന്നും
തൊപ്പി റഷ്യന്‍.
പക്ഷെ, എന്റെ ഹൃദയം….
അത് ഇന്ത്യയുടേതാണ്,
അതെന്നും, രാജ്യത്തിനു
വേണ്ടി, തുടിച്ചു കൊണ്ടിരിക്കും.

രാജ്യസ്നേഹം, മനുഷ്യസ്നേഹം എന്നിവ കാപട്യതയാര്‍ന്ന വാക്കുകളിലല്ല, പ്രവൃത്തിയിലാണെന്ന് തന്റെ ജീവിതം കൊണ്ട് പറഞ്ഞ  ഒരു ബഹുമുഖ പ്രതിഭയാണു അരങ്ങൊഴിയുന്നത്. ചിലര്‍ ഇനി ആവര്‍ത്തിക്കപെടാൻ ഇടയില്ലാത്ത മാതൃകകളാണ്. മഹാശ്വേതദേവിയുടെ സ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലി.

Comments

comments