സാധാരഗതിയിൽ സിനിമയെന്ന തൊഴിലിൽ മുൻപരിചയവും വൈദഗ്ധ്യവും ഇല്ലാത്തവർ മുന്നോട്ടുവയ്ക്കുന്ന  ചെറുകിട ചിത്രങ്ങൾ മിക്കവയും ചിരപരിചിതമായ സിനിമാസംസ്കാരം സൃഷ്ടിച്ചെടുത്തിട്ടുള്ള പൊതു ഇടങ്ങളേയും, സമവാക്യങ്ങളെയും അതിജീവിച്ച് ഒരു വിപണികണ്ടെത്താൻ പാടുപെടാറുണ്ട്. അത്തരം ഉദ്ദ്യമങ്ങൾ പലതും സബാൾട്ടേൺ പ്ലാറ്റ്ഫോമുകളിൽ ഒതുങ്ങി  വളരെ ചെറിയ ഒരു പ്രേക്ഷകസമൂഹത്തെ മാത്രം ആനന്ദിപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ ഇക്കാലമത്രയും കണ്ടു പരിചയിച്ചിട്ടുള്ളത്. ഈ ചരിത്രമാണ് കിസ്മത്ത് എന്ന, സാധാരണത്വം കൊണ്ട് അസാധാരണമായിത്തീർന്ന പൊന്നാനിപ്പടം പൊളിച്ചെഴുതിയത്. താരപ്പകിട്ടും ആലഭാരങ്ങളുമില്ലാതിരുന്നിട്ടും, കഥാസന്ദർഭങ്ങളും പാത്രങ്ങളുമെല്ലാംതന്നെ സിനിമയുടെ സാമാന്യവ്യവഹാരങ്ങൾക്ക്  വിപരീതമായിരുന്നിട്ടും പൊതുഭാവനയിലേക്കിറങ്ങിച്ചെല്ലുന്നിടത്തതാണ് കിസ്മത്ത് നമ്മളെ അദ്‌ഭുതപ്പെടുത്തുന്നത്. മിനിമലിസത്തെയും ആദർശങ്ങളെയും നിർദ്ദയം പിന്തുടർന്നിട്ടും മുഖ്യധാരാപ്രേക്ഷകരുടെ വിശ്വാസ്യത നേടാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു ചെറിയ പട്ടണത്തിലെ  തിങ്കളാഴ്ച നട്ടുച്ചയിൽ  കിസ്മത്തിന് കിട്ടിയ ഒട്ടും ശുഷ്കമല്ലാത്ത സദസ്സും തീയറ്ററിനകത്തെ ഹർഷാരവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

shanavaz-1
ഷാനവാസ് ബാവക്കുട്ടി

സിനിമാനിർമ്മാണത്തത്തിലെ സൈദ്ധാന്തികതയേക്കാൾ തന്റെ സഹജാവബോധം തന്നെയാവണം കിസ്മത് ഒരുക്കുമ്പോൾ ഷാനവാസ് ബാവക്കുട്ടി എന്ന പുതുസംവിധായകൻ വഴികാട്ടിയായത്. ചലച്ചിത്രനിർമ്മാണം ഒരു കലമാത്രമല്ല, ധാർമ്മികമായ ഒരവലോകനപ്രക്രിയ കൂടിയാണെന്ന യുക്തിയെ സാധൂകരിക്കുന്ന പരിചരണമാണ് കിസ്മത്തിന് ഷാനവാസ് നൽകിയിരിക്കുന്നത്. ഋജുവായ ആഖ്യാനത്തിലൂടെ രാഷ്ട്രീയമായ വലിയൊരു ശരിയാകാൻ ശ്രമിക്കുന്നുണ്ട് ഈ ചിത്രം. ഉപകഥകളിലൂടെയും അല്ലാതെയും  ജാതീയതയെയും, വർഗ്ഗവിവേചനത്തെയും, വ്യവസ്ഥിതിയുടെ അധഃപതനത്തെയും കുറിച്ച് അകൃത്രിമമായി സംവദിക്കാൻ മുതിർന്ന ഒരു ചെറു ചിത്രമാണിത്. ഒപ്പം പൊന്നാനിയുടെ ചൂരും ചുവയും ബോധപൂർവം മിസോൺസീനിൽ ഉൾപ്പെടുത്തിയിട്ടുള്ളത് പൊതുഭാവനയോട് അടുത്തുനിൽക്കാൻ ചിത്രത്തെ വലിയൊരുളവുവരെ സഹായിച്ചിട്ടുണ്ട്. ആഖ്യാനം സിനിമയുടെ സാമ്പ്രദായിക വ്യാകരണങ്ങളിൽനിന്ന് മാറിയല്ലെങ്കിലും ഭാഷയിലും പാത്രാവതരണത്തിലും പ്രാദേശികത കൊണ്ടുവരുന്നതിലൂടെ ഒരേസമയം നിർമ്മമവും ജനകീയവുമായ ഒരിടം ആസ്വാദകർക്കിടയിൽ കിസ്മത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. ക്ലിപ്തമായ സൂചനകളിലൂടെയും സൗമ്യമായ ക്ഷോഭപ്പകർച്ചകളിലൂടെയും സഞ്ചരിക്കുന്ന ശ്രുതിയും ഷെയ്‌നും അനിതയുടെയും ഇർഫാന്റെയും ഉള്ളിലെ ഒച്ചപ്പാടുകളെ ഭാവാത്മകമാക്കാൻ ആവുംവിധം ശ്രമിച്ചതായിക്കാണാം. നടന്ന കഥയെ അവലംബമാക്കി സിനിമ നിർമ്മിക്കുമ്പോൾ വിവരണത്തിലും പാത്രസൃഷ്ടിയിലും യാഥാർത്ഥ്യത്തോട് പരമാവധി നീതിപുലർത്താൻ ശ്രമിക്കുന്നതിൽ ധ്യാനനിരതമായ ഒരകലമുണ്ട്. ഷാനവാസ് ഇത്തരത്തിൽ ഒരകലത്തിൽ നിന്നാണ്alencier2 കിസ്മത്ത് വിഭാവനം ചെയ്തിരിക്കുന്നത്. വിനയ് ഫോർട്ട്, സുനിൽ സുഖദ, അലെൻസിയർ ലോപ്പസ് തുടങ്ങിയവരുടെ സ്വഭാവനടനം നമ്മൾ അനുദിനം ഇണക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അവ്യവസ്ഥയും നിസ്സംഗതയും പ്രാകൃതപ്പെടുത്തിയ ചുറ്റുപാടുകളെ തുറന്നുകാട്ടുന്നു. കിസ്മത്തിനെക്കുറിച്ചുപറയുമ്പോൾ ഷാനവാസ് എന്ന നവാഗതനെയും അദ്ദേഹം പ്രമേയത്തിലും, പ്രതിപാദനത്തിലുമുൾക്കൊള്ളിച്ച പുതുമയെയും പിന്തുണച്ച രാജീവ് രവിയുടെ കളക്ടീവ് ഫേസും ലാൽ ജോസിന്റെ എൽ.ജെ. ഫിലിംസും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്.

കിസ്മത്തിന്റെ കഥാചർമത്തോട് ആഴത്തിൽ തുന്നിച്ചേർക്കപെട്ടവയാണ് ഇതിലെ അഭിനവത്വമുള്ള ഗാനങ്ങൾ.  അനവർ അലിയും, റഫീഖ് അഹ്മദും എഴുതിയ വരികൾക്ക്

അൻവർ അലി
അൻവർ അലി
rafeeq-3
റഫീക്ക് അഹമ്മദ്

സുഷിൻ ശ്യാം, സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധരൻ എന്നിവർ നൽകിയിരിക്കുന്ന ഈണങ്ങൾ ഗാഢവും ഗോപ്യവുമായ ഒരുതരം സമ്മോഹനപ്രതീതിയാണ് ഉളവാക്കുന്നത്. ഖവാലിയും, മാപ്പിളപ്പാട്ടും, അറേബ്യൻ- പാശ്ചാത്യസംഗീതധാരകളും ഏകീഭവിക്കുന്ന കിസ്മത്തിലെ പാട്ടുകൾ ചിത്രത്തിന്റെ ജനകീയതയെ കുറേയേറെ തുണച്ചിട്ടുണ്ട്. മോയിൻകുട്ടി വൈദ്യരുടെ “ആനേ മദനപ്പൂ” എന്ന വരികളുടെ പുനരാവിഷ്കാരമുൾപ്പെടെ കിസ്മത്തിലെ എല്ലാ പാട്ടുകളുടെയും കാവ്യദേവത പൊന്നാനിയാണ്.  “ഖിസ പാതിയിൽ കിതാബടച്ചിരുപാതപോലെ മടങ്ങിലും..” എന്നെഴുതുന്നിടത്ത് പൊന്നാനിനാടിന്റെ വർണ്ണസമൃദ്ധിയും, അതിന്റെ ചരിത്രവേഗങ്ങളും തന്നെയാവണം അൻവർ അലിയെ ഗാഢമായി ആശ്ലേഷിച്ച ബിംബങ്ങൾ. സംഗീതസംവിധാനരംഗത്ത് ലളിതവും, ഇതരവുമായ ഇശൽവഴികളെ പരിചയപ്പെടുത്തുന്ന സുഷിൻ, സുമേഷ്, ഷമേജ് എന്നിവരിലെ പ്രതിഭയെ അത്രകണ്ട് അനുഭാവ്യമാക്കുന്നുണ്ട് കിസ്മത്തിലെ പാട്ടുകൾ.

അഭിനന്ദനീയമായ പലതും കിസ്മത്തിലുണ്ടെങ്കിലും, കഥയുടെ കാമ്പെന്ന് പറയപ്പെടുന്ന പ്രണയത്തെ സമർത്ഥിക്കുന്നതിൽ കഥാകാരൻ പരാജയപ്പെടുന്നതുകൊണ്ടാവണം, അനിതയും (ശ്രുതി മേനോൻ) ഇർഫാനും (ഷെയിൻ നിഗം) ഒന്നിച്ചുള്ള രംഗങ്ങളിൽപോലും അവർ തമ്മിലുണ്ടായിരുന്ന വൈകാരികബന്ധം സ്ഥാപിക്കപ്പെടാതെ പോവുന്നു. ഒരുപക്ഷെ ഷാനവാസ് കിസ്മത്തിലെ പ്രണയത്തെ വ്യവഹരിച്ചിരിക്കുന്നത് മ്ലാനവും നിരാനന്ദവുമായ ഒരു യാത്രയായിട്ടാണ്. ഇത് കഥാതന്തുവിനെ ദുർബലപ്പെട്ടുത്തുന്നുണ്ട്. എത്ര കിണഞ്ഞ് അഭിനയിച്ചിട്ടും പ്രേക്ഷകരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരികമായ ഇടപെടലിന് കിസ്മത്തിലെ അല്പമാത്രസ്പർശികളായ കഥാപാത്രങ്ങൾ അപര്യാപ്തരാവുന്നതും ഇതുകൊണ്ടുതന്നെയാവാം. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉന്നംവച്ചുകൊണ്ടുള്ള ഉപാഖ്യാനങ്ങളിലെ പരുക്കൻ ദൃശ്യങ്ങൾ പ്ലോട്ടിന്റെ സ്വഭാവത്തെ പ്രകീർണ്ണമാക്കിയിരിക്കുന്നു. നായകനും നായികയ്ക്കുമിടയിലെ പ്രണയാനുഭൂതിയെ വിവരിക്കാൻ കിസ്മത്തിന്റെ ദൃശ്യഭാഷക്ക് കഴിയാതെ പോയത് സിനിമയുടെ ആദ്യപകുതിയുടെ കാഴ്ചയെ വിരസമായ ഒരു വ്യായാമമായി മാറ്റുന്നു. രണ്ടാമത്തെ പകുതിയിൽ ഈ നിലമെച്ചപ്പെടുന്നുണ്ടെങ്കിലും പ്രണയം ആവിഷ്കരിച്ച ശൈലിയിൽ സ്ഥാവരമായ ഒരസാംഗത്യം അവിടെയും അനുഭവപ്പെടുന്നതായിതോന്നാം.

സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ അപക്വതകൊണ്ട് കിസ്മത്തിന്റെ അവതരണത്തിൽ അവിടിവിടെ സൂക്ഷ്മത നഷ്ടപ്പെടുന്നതായിത്തോന്നാം. അതുകൊണ്ടുതന്നെ കിസ്മത്തിനെ വിലയിരുത്തുമ്പോൾ ഒരു പൊളിറ്റിക്കൽ ടെക്സ്റ്റ് എന്നതിനുമപ്പുറത്ത്  ഈ ചിത്രത്തിന്റെ  സൗന്ദര്യശാസ്ത്രപരമായ വായനയുടെ സാധ്യതകൾ പരിമിതപ്പെട്ടുപോവുന്നുണ്ട്. സംഭാഷണങ്ങളിലും ശബ്ദവിന്യാസത്തിലുമാണ് ഇത്തരം അപകടങ്ങൾ ഏറെ പ്രകടമാവുന്നത്. എണ്ണമറ്റ അനുചരകഥാപാത്രങ്ങളുടെ പോക്കുവരവുകൾ നറേറ്റിവിന്റെ സാധ്യതകളെ അടച്ചുകളഞ്ഞ മറ്റൊരു സംഗതിയാണ്.kismat-v2

പൊളിറ്റിക്കൽ വായനയിലും ചില സാരമായ പഴുതുകൾ പ്രകടമാണെന്ന് പറയാം. നായികയായി ഇരുപത്തെട്ടുകാരിയായ ദളിത് പെൺകുട്ടിയെയും നായകനായി ഇരുപത്തിമൂന്നുകാരനും സർവോപരി വരേണ്യനുമായ മുസ്ലിം യുവാവിനെയും സങ്കൽപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട് എന്നുതന്നെ വിശ്വസിക്കാം. എന്നാൽ, അധഃസ്ഥിതക്ക് വരേണ്യനെ കിട്ടാത്ത വിധിവിളയാട്ടം, ഇതിനുമുൻപ് പലരും പറയാൻ ശ്രമിച്ച കഥകളിലെന്നപോലെ ഇവിടെയും ആവർത്തിക്കുന്നു. വാസ്തവത്തിൽ രാഷ്ട്രീയമായ അസ്ഖലിതത്വത്തിന് പലപ്പൊഴും ഉദ്ദ്യമിക്കുന്നുണ്ടെങ്കിലും മലയാളസിനിമ ഇതേ വിഷമവൃത്തത്തിൽ കിടന്നു കറങ്ങിത്തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നിരുന്നാലും കിസ്മത് നല്ലൊരുദ്ദ്യമാമാണ് എന്ന് അംഗീകരിക്കാതെ വയ്യ, ശരാശരി മലയാളിയുടെ കാഴ്ചാശീലങ്ങളിൽ പ്രത്യക്ഷമായ മാറ്റത്തിനുള്ള വലിയൊരു സാധ്യതയും. “നിങ്ങളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ കാണാതെ പോകുമായിരുന്നതിനെ ദൃഷ്ടിഗോചരമാക്കൂ” എന്ന് റോബർട്ട് ബ്രെസ്സൺ പറഞ്ഞിട്ടുള്ളതിനെ അന്വർത്ഥമാക്കുന്നു ഷാനവാസ് ബാവക്കുട്ടിയെന്ന കലാകാരൻ. പൊന്നാനിയുടെ കിസ്മത്ത്  പറയാൻ ഒരുവേള ഷാനവാസിനെപ്പോലെ മറ്റൊരാൾക്ക് കഴിയില്ലായിരുന്നു.

Comments

comments