ഗോരക്ഷക്  പ്രവർത്തകരിൽ നിന്ന് ദളിത് യുവാക്കൾക്ക് നേരെയുണ്ടായ അക്രമത്തിലും ശേഷം അതിലൊരാളുടെ മരണത്തിൽ കലാശിച്ച ആത്മഹത്യാശ്രമത്തെത്തുടർന്നും അഭൂതപൂർവ്വമായ രീതിയിൽ ഗുജറാത്തിൽ ഉയർന്ന് വന്ന് പടരുന്ന ദളിത് പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയും സംഘപരിവാർ ഹിന്ദുത്വ ശക്തികൾക്ക് കടുത്ത ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണു. ഗുജറാത്തിലെ പ്രക്ഷോഭങ്ങളുടെ നേതാവായ  യുവ ദളിത് അഭിഭാഷകനായ ജിഗ്നേഷ് മേവാനിയാണു ഗുജറാത്തിലെ  ദളിത് പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നത്. വിവിധ ദളിത് സംഘടനകളുടെ കൂട്ടായ്മയായ ‘ഉനാ ദളിത് അത്യാചാർ ലടത് സമിതി’യുടെ കൺവീനറാണു ജിഗ്നേഷ് മേവാനി. അദ്ദേഹവുമായി നവമലയാളി പ്രതിനിധി ശ്രീജിത് ശ്രീധരൻ നടത്തിയ അഭിമുഖം.

ഡോ. അംബേദ്കറുടെ വിഖ്യാതമായ പ്രസ്താവനയാണ് ജാതീയമായ ഉച്ചനീചത്വം ഇല്ലായ്മ ചെയ്യുക എന്നത് എന്റെ ജന്മാവകാശമാണ് എ
ന്നുള്ളത്. ഗുജറാത്തിലെ സമീപകാല സംഭവവികാസങ്ങളും, തുടർന്ന് സംസ്ഥാനമൊട്ടാകെ തന്നെ പടർന്ന പ്രതിഷേധവും, ഒരു പരിധിവരെയെങ്കിലും ഗുജറാത്തിന്റെ മുഖ്യമന്ത്രി ശ്രീമതി ആനന്ദിഭായ് പട്ടേലിന്റെ രാജിക്ക് കാരണമായ വിവിധ കാരണങ്ങളിൽ ഒന്നായി മാറിയ ദളിത് പ്രക്ഷോഭവുമൊക്കെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകൾ കഴിഞ്ഞ് അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ഉള്ള ചരിത്രപരമായ ഒരു നിയോഗം താങ്കളിൽ വന്ന് ചേർന്നിരിക്കുന്നത് പോലെ  ദൃശ്യമാകുന്നു. ഗുജറാത്തിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ച ആളെന്ന നിലയില്‍ താങ്കൾ ഈ ചരിത്ര മുഹൂര്‍ത്തത്തെ എങ്ങിനെ കാണുന്നു?
അത് സത്യത്തിൽ വലിയ ഒരു സ്റ്റേറ്റ്മെന്റ് ആണ്. ഒന്നാമതായി ഡോ. അംബേദ്കർ പ്രസ്താവിച്ചത് ‘അൻഹ്ഹിലേഷൻ ഓഫ് കാസ്റ്റ്’ എന്നാണ്. അൻഹ്ഹിലേഷൻ എന്നാൽ സമ്പൂർണ്ണമായ ഇല്ലായ്മയായി വ്യാഖ്യാനിക്കാം. അങ്ങിനെ ചിന്തിക്കുമ്പോൾ അതിലേക്ക് എത്താൻ ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. ദളിതർക്കിടയിൽതന്നെ ചില വേർതിരിവുകൾ ഒക്കെയുണ്ട്. സാംസ്കാരിക, സാമ്പത്തിക ചൂഷണങ്ങൾ ഉൾപ്പടെ ഒട്ടനവധി വിഷയങ്ങളെ പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ഒരു ബൃഹത്തായ, അൻഹ്ഹിലേഷൻ എന്ന അർത്ഥം വരുന്ന തലത്തിൽ, ഈ പ്രതിഷേധങ്ങളെ കാണാൻ സാധിക്കില്ല. പക്ഷെ, ചെറുതെങ്കിലും ശക്തമായ ഒരു മുന്നേറ്റമാണ് ഇത് എന്ന് പറയാതെ വയ്യ. ആലോചിച്ചു നോക്കൂ, 20,000 ത്തോളം വരുന്ന ചമാർ സമുദായത്തിലെ കുടുംബങ്ങൾ പശുത്തോൽ വേർപ്പെടുത്തും പോലെയുള്ള വൃത്തിഹീനമായ, നിന്ദ്യമായ തൊഴിലിൽ ഏർപ്പെടില്ല എന്ന് ജൂലായ് 31-ന് അഹമ്മദാബാദിൽ വെച്ച് നടന്ന ദളിത് മഹാസമ്മേളനത്തിൽവെച്ച് പ്രതിജ്ഞയെടുത്തു. 20,000 കുടുംബങ്ങൾ എന്ന് പറയുമ്പോൾ ഒരു ലക്ഷത്തിലേറെ കുടുബാംഗങ്ങൾ എന്ന് കണക്കാക്കണം. ഇന്നത്തെ തൊഴിൽ-വരുമാന അരക്ഷിതാവസ്ഥകളുടെ സാമൂഹിക ചുറ്റുപാടിൽ നിരക്ഷരരായ ദളിത് അംഗങ്ങൾ അത്തരമൊരു തീരുമാനമെടുക്കുക എന്നത് ചില്ലറ കാര്യമല്ല. ആ അർത്ഥത്തിൽ ഉനാ സംഭവവും, അതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധങ്ങളും ചെറുതായി കാണുവാൻ സാധിക്കില്ല. നിശ്ചയമായും ഇത് ദളിത് സ്വാഭിമാനത്തിലേക്കുള്ള ദൃഢവും, സുശക്തവും ആയ ഒരു ചുവടുവെപ്പാണ് എന്നതിന് യാതൊരു സംശയവും ഇല്ല. ആ നിലയ്ക്ക് അതിന്റെ ഭാഗഭാക്കാകാൻ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നതോടൊപ്പം, അത് എന്റെ ചുമതലകളുടെയും, ഉത്തരവാദത്തിന്റെയും വ്യാപ്തി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.ambedkar-5

ഗുജറാത്തിലെ ദളിതുകൾക്ക് നേരെയുള്ള ആക്രമണങ്ങളും, അത്യാചാരങ്ങളും അടയാളപ്പെടുത്തുകയാണെങ്കിൽ ഉനാ സംഭവത്തെ അപേക്ഷിച്ച് കൂടുതൽ ഭീകരവും, ക്രൂരവുമായ ആക്രമണങ്ങൾ ഇതിന് മുൻപുണ്ടായിട്ടുണ്ട്. 2012-ൽ പോലീസ് വെടിവെപ്പിൽ മൂന്ന് ദളിതർ കൊല്ലപ്പെട്ടതും മറ്റും ഉദാഹരണമായി കരുതാം. അന്നൊന്നും ദൃശ്യമാകാത്ത ഒരു ശക്തിയുള്ള പ്രതിഷേധമാണ് ഉനാ താലുക്കിൽ നടന്ന ദളിത് അത്യാചാരങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കാണാവുന്നത്. എന്താണ്, ഉനാ സംഭവത്തെ മറ്റ് സംഭവങ്ങളിൽ നിന്നും വിഭിന്നമാക്കി ഇത്ര വലിയ പ്രതിഷേധത്തിന് കാരണമാക്കുന്നത് ?
ഗുജറാത്തിൽ ദളിതുകൾക്ക് നേരെ ഉള്ള അക്രമങ്ങൾ ഒരു നിത്യസംഭവം ആണ്. ഉനായിലേതു പോലെയും, അല്ലെങ്കിൽ തീർത്തും വ്യത്യസ്തവും, പൈശാചികവും ആയ അക്രമങ്ങൾ മാത്രമേ നാം അറിയിന്നുള്ളു എന്നതാണ് സത്യം. അറിയപ്പെടാത്ത എത്രയൊ പീഢനങ്ങളും, അത്യാചാരങ്ങളും ഗുജറാത്തിലെ ദളിതു വിഭാഗങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. 2012-ൽ സുരേന്ദ്രപൂർ ജില്ലയിലെ ഥാൻബാദിൽ നടന്ന പോലീസ് വെടിവയ്പ്പിൽ മരിച്ച 3 ദളിത് യുവാക്കളുടെ കുടുംബം ഇന്നും നീതിക്ക് വേണ്ടി അലയുകയാണ്. ഇന്നും അവരുടെ കുടുംബാംഗങ്ങൾ അധികൃതരുടെ കണ്ണ് തുറക്കാൻ വേണ്ടി നിരാഹാരം അനുഷ്ഠിക്കുകയാണ്. ഗുജറാത്തിലെ ദളിതുകൾ കാലാകാലങ്ങളായി തങ്ങൾ അനുഭവിച്ചു വരുന്ന ദുരിതങ്ങളിൽ നിന്നും അറുതി കണ്ടെത്താൻ പലപ്പോഴായി സമരപരിപാടികൾക്ക് നേതൃത്വം കൊടുത്തിട്ടുമുണ്ട്. പക്ഷെ പലപ്പോഴും പോലീസിന്റെ ഭീഷണിയും, നിയമവ്യവസ്ഥയുടെ പരിരക്ഷയും ഇല്ലാത്തതിനാൽ ഇതൊന്നും വെളിച്ചം കാണാറില്ല എന്നതാണ് സത്യം. ദളിതുകൾക്ക് നേരെയുള്ള അക്രമങ്ങളിൽ വെറും 3 ശതമാനം മാത്രമാണ് കേസുകളായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. അത് തന്നെ ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ആ 3 ശതമാനം കേസുകളും ശിക്ഷിക്കപ്പെടുന്നില്ല. ഒരു രസകരമായ ഉദാഹരണം നൽകാം. രാജ്യത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീമതി ആനന്ദി ബെൻ പട്ടേലും, ആഭ്യന്തര മന്ത്രിയും എല്ലാവരും മെഹ്സാന ജില്ലയിൽ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ 3 മാസങ്ങൾക്കുള്ളിൽ അവിടെ 4 ദളിത് പെൺകുട്ടികൾ അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയുണ്ടായി. അതിൽ ഒരു സംഭവം മുഖ്യമന്ത്രിയുടെ ഗ്രാമത്തിൽ നിന്നും കഷ്ടിച്ച് 1 കിലോമീറ്ററിനുള്ളിൽ ആണ് നടന്നിട്ടുള്ളത്.  ഇതുവരെ ഒരു നേതാവും അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. 2004 മുതൽ 2014 വരെയുള്ള കണക്കുകൾ പ്രകാരം ദളിത് വിഭാഗങ്ങൾക്ക് എതിരെ നടന്നിട്ടുള്ള ബലാത്സംഗങ്ങളിൽ ഏകദേശം മുന്നൂറ് ശതമാനം വർദ്ധനയുണ്ടായിട്ടുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിലൊന്നും സർക്കാരിന്റെ നടപടികൾ ഒന്നും തന്നെ ആശ്വാസകരമല്ല.  ഈ വിഷയങ്ങളിൽ ദളിത് വിഭാഗങ്ങൾ ആദ്യമേ അതൃപ്തരാണ്. തങ്ങളുടെ ജീവനും, സ്വത്തിനും, സർവോപരി സ്വാഭിമാനത്തിനും സംരക്ഷണം നൽകുന്നതിന് പകരം ഇരകളെ പീഢിപ്പിക്കുന്ന സർക്കാർ-ഭരണ സംവിധാനങ്ങൾക്ക് എതിരെ പുകഞ്ഞു കൊണ്ടിരുന്ന അതൃപ്തി, തൊഴിൽ ചെയ്തു ജീവിക്കാൻ അത് എത്ര ഹീനമാണെങ്കിൽ പോലും സാദ്ധ്യമാകാത്ത അവസ്ഥ, ചമാറുകളും, വാത്മീകി പോലെയുള്ള ദളിത് വിഭാഗങ്ങൾ ഏർപ്പെട്ടിട്ടുള്ള തൊഴിലുകൾ മാനുഷികം അല്ലെന്നു ദളിത് ഇതര സമൂഹങ്ങളിലെ ഒരു വിഭാഗം ചിന്തിക്കാൻ തുടങ്ങിയതോടെ ആ ജോലികൾ ഉപേക്ഷിക്കുന്നതിന് അവർ ദളിത് സമൂഹങ്ങൾക്ക് നൽകിയ പിൻതുണ… ഇങ്ങിനെ അസംതൃപ്തരായ ദളിതുകൾ ഒന്നിക്കുന്നതിനും ഒരു പ്രക്ഷോഭത്തിലേക്ക് കാര്യങ്ങൾ നീങ്ങാനും കാരണമായ വിവിധ ഘടകങ്ങൾ ഉണ്ട്. ഉനാ സംഭവവും, അതിന്റെ വീഡിയോയുടെ  സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും കാര്യങ്ങൾ എളുപ്പമാക്കി എന്ന് മാത്രം. ഓർക്കുക – തന്റെ ഗ്രാമത്തിൽ നിന്നും 1 കിലോമീറ്റർ ദൂരം പോലും അകലെയല്ലാത്ത ബലാത്സംഗം ചെയ്യപ്പെട്ട ഇരയെ കാണാൻ സമയം കിട്ടാത്ത മുഖ്യമന്ത്രിക്ക് ഉനായിൽ സന്ദർശനം നടത്തേണ്ടി വന്നു എന്നറിയുംമ്പോൾ ഈ പ്രതിഷേധത്തിന്റെ വ്യാപ്തി എത്ര വലുതാണ് എന്ന് ഊഹിക്കാം.dlg-2

സർക്കാർ ഫണ്ട് ഉപയോഗിച്ച് ദളിതുകൾക്ക് മാത്രമായുള്ള ശ്മശാനങ്ങൾ പണിതു നൽകുന്ന ഒരു സർക്കാറാണ് ഗുജറാത്തിൽ ഉള്ളത്. സംസ്ഥാനത്തെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേറ്റ് തന്നെ ദളിത് വിവേചനം നടത്തുന്നു എന്ന് പറയാൻ സാധിക്കുമോ?
ഗുജറാത്തിൽ പുഴുക്കൾക്കാണോ, ദളിതർക്കാണോ കൂടുതൽ വില എന്ന് ചോദിച്ചാൽ ഞാൻ പറയും പുഴുക്കൾ ദളിതരെക്കാൾj-m-2 ഭാഗ്യം ചെയ്തവരാണ് എന്ന്. അത് ഒരു വാസ്തവമാണ്. ദളിതർക്ക് നേരെയുള്ള അക്രമങ്ങൾക്ക് പലപ്പോഴും പോലീസും, നിയമസംവിധാനങ്ങളും മൗന പിന്തുണ നൽകുന്നു എന്നതാണ് വാസ്തവം. ദളിതുകൾക്കെതിരെയുള്ള വിവേചനത്തിന്റെ കാര്യത്തിൽ സർക്കാർ തന്നെയാണ് ഏറ്റവും വലിയ ഡിസ്ക്രിമിനെഷൻ നടത്തുന്നത്. ഓരോ ദളിത് കുടുംബവും ഇന്ന് അനുഭവിക്കുന്ന പീഢയ്ക്ക് കാരണം സർക്കാർ ദളിതുകൾക്കെതിരെയുള്ള അക്രമങ്ങളെ കാര്യമായി കാണുന്നില്ല എന്നത് കൊണ്ട് മാത്രമാണ്.

1981-ലെ സംവരണ പ്രക്ഷോഭങ്ങൾക്ക് ശേഷം ഏകദേശം മുപ്പത്തിഅഞ്ച് വർഷങ്ങൾ വേണ്ടിവന്നു സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന ഒരു പ്രക്ഷോഭ പരിപാടിക്ക് രൂപം നൽകുവാൻ. ഇക്കാലയളവിലൊന്നും തന്നെ ദളിതുകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല താനും. തങ്ങൾക്കെതിരെയുള്ള അക്രമങ്ങളെ ഒരു സാമൂഹിക പ്രക്രിയയായി കാണുന്ന വിധത്തിൽ ഒരു മെന്റൽ അക്സെപ്റ്റൻസ് മാനസികമായി ദളിതുകളിൽ വളർന്നുപോയിരുന്നോ? നാൽപതോളം ദളിത് സംഘടനകൾ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്ത് എന്താണ് ഇത്തരം ഒരു നിസ്സംഗതയ്ക്ക് കാരണം ?
കാലാകാലങ്ങളായുള്ള പീഢനങ്ങളും, അതിക്രമങ്ങളും ദളിത് സമൂഹത്തെ തകർത്തിട്ടുണ്ട് എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. ഇന്ന് സോഷ്യൽ മീഡിയ ഒക്കെ ഉള്ളപ്പോളും ഇതാണ് സ്ഥിതിയെങ്കിൽ ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടം എത്ര ഭീകരമായിരുന്നിരിക്കണം എന്നൊന്ന് ഓർത്തുനോക്കൂ. ഒരു ഗ്രാമത്തിൽ ചുറ്റിത്തിരിയുന്ന പ്രായമായ പശുക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് തങ്ങളെ പ്രതിയാക്കരുത് എന്ന് ഗ്രാമം മുഴുവൻ ഭരണാധികാരികൾക്ക് എഴുതി കൊടുക്കുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. അതോടൊപ്പംj-m-3 സർക്കാർ അവരുടെ സംരക്ഷണത്തിൽ പരാജയപ്പെടുകയും കൂടി ചെയ്താൽ ദളിതുകൾ ആരിൽ പ്രതീക്ഷ അർപ്പിക്കും? സത്യത്തിൽ ഇതാണ് ഗുജറാത്തിലെ ദളിതർ നേരിടുന്ന പ്രശ്നം. ദളിതർ സമ്പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞു. ആരും തങ്ങളെ സഹായിക്കാനില്ല എന്ന അവസ്ഥ. സത്യത്തിൽ ഉനാ സംഭവത്തിന് ശേഷം ദളിതുകൾ അതിജീവിക്കാനുള്ള ഒരു ശ്രമത്തിന് തുടക്കം കുറിക്കുകയാണുണ്ടായത്.  ഈ അതിജീവനം അല്ലാതെ മറ്റൊന്ന് അവരുടെ മുൻപിൽ ഇല്ല എന്ന തിരിച്ചറിവാണ്, ഇരുപതിനായിരത്തോളം വരുന്ന ചമാറുകൾ തങ്ങൾ ഇനി ആ ജോലി ചെയ്യില്ല എന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഏറ്റവും ഹീനമായ, ആരോഗ്യത്തിന് ഹാനികരമായ തൊഴിൽ ആണെന്നിരിക്കെ അത് പോലും ചെയ്യാൻ കഴിയാത്ത ഒരു ജീവിതാവസ്ഥ ഒന്ന് ഊഹിച്ച് നോക്കൂ. തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാം എന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത്രയും വരുന്ന ദളിത് സമൂഹം ആ പ്രതിജ്ഞയെടുത്തത്. അതു ഒരു നിസ്സാരമായ കാര്യമല്ല. ദളിതർ നിസ്സംഗരായിരുന്നില്ല, ഉയിർത്തെഴുന്നേൽക്കാനുള്ള ഒരു അവസരം കാത്തിരിക്കുകയായിരുന്നു.

ഉത്തര- മധ്യ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പശു സംരക്ഷണവുമായി ബന്ധപ്പെട്ട് സമാനമായ വിഷയങ്ങൾ ഉണ്ടായവുകയും, അവിടെയെല്ലാം സമാനമായ ദളിത് മുന്നേറ്റങ്ങൾ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ പങ്കെടുക്കേണ്ടിയിരുന്ന ആഗ്രയിലെ റാലി നാൽപതിനായിരം പേരെ തികച്ച് പങ്കെടുപ്പിക്കുവാൻ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ, പ്രത്യേകിച്ച് ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിന് ശേഷം, ഉപേക്ഷിക്കേണ്ട സാഹചര്യം ഈയടുത്ത് വലിയ വാർത്തയാവുകയുണ്ടായി. ബി.ജെ.പിയും – സംഘ പരിവാറും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് ഉത്തരേന്ത്യയിൽ അടിപതറുകയാണോ ?
ബി.ജെ.പിയും – സംഘപരിവാറും മുന്നോട്ട് വയ്ക്കുന്നത് വിഭാഗീയതയുടെ ആശയമാണ്.  ഗുജറാത്തിന്റെ സ്ഥിതി തന്നെ എടുക്കാം. നരേന്ദ്ര മോദി എപ്പോഴും പ്രകീർത്തിക്കുകയും, ആഗോളതലത്തിൽ വലിയതോതിൽ പ്രചരണം നടത്തുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ഗുജറാത്ത് മോഡൽ വികസനം. സത്യത്തിൽjm-4 ദളിത് സമൂഹങ്ങൾക്ക് ഈ ഗുജറാത്ത് മോഡൽ വികസനം കൊണ്ട് എന്ത് ഗുണമാണു ലഭിച്ചതെന്ന് മോദി വ്യക്തമാക്കേണ്ടതാണ്. ദളിതന് ന്യായമായും ലഭിക്കേണ്ട ഭൂമിപോലും കൈവശപ്പെടുത്തിവെച്ചിരിക്കുന്ന സവർണ്ണ ഫാസിസ്റ്റ് ശക്തികൾക്ക് പിൻതുണ നൽകി ദളിതനെ കൂടുതൽ ദരിദ്രനാക്കുക എന്നതാണ് ഗുജറാത്ത് മോഡൽ വികസനം കൊണ്ട് ഉണ്ടായത് എന്ന് പറയേണ്ടി വരും. സത്യത്തിൽ ഉനാ വിഷയത്തിന് ശേഷം ശ്രീ. രാജ്നാഥ്സിംങ്ങ് ദളിത് അതിക്രമങ്ങളിൽ മോദി വളരെ ദുഃഖിതനാണ് എന്ന് രാജ്യസഭയിൽ പ്രഖ്യാപിക്കുകയുണ്ടായി. വളരെ വലിയ തമാശയാണത്. 2001 മുതൽ 2014 വരെ ഒരർത്ഥത്തിൽ ദളിതുകൾ ഏറ്റവും അധികം പീഡിപ്പിക്കപ്പെട്ടത് മോദിയുടെ ഭരണകാലത്താണ്. ഒന്നരദശാബ്ദക്കാലം യാതൊരുവിധ മനസ്താപവും ഇല്ലാതെ ദളിത് പീഡനങ്ങൾക്ക് മൌനാനുവാദം നൽകിയ മോദി ദുഃഖിതനാണ് എന്നൊക്കെ പറയുന്നത് തന്നെ ദളിത് സമൂഹങ്ങളോടുള്ള വഞ്ചനയാണ്. ഗുജറാത്തിലെ വിഖ്യാതമായ വികസന മോഡലിന്റെ ദേശീയ രൂപം ആണ് ഇന്ത്യയിൽ മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ‘അച്ഛാ ദിൻ’. ആത്മാർത്ഥതയില്ലാത്ത ഇത്തരം പരിപാടികൾ ഒരു വശത്ത് വൻ ബ്രാൻഡിംഗ് പിൻതുണയോടെ അവതരിപ്പിക്കുകയും, മറുവശത്ത് ദളിതുകളെ ദ്രോഹിക്കുകയും രോഹിത് വെമൂല മുതൽ ഉനാ സംഭവം വരെയുള്ള വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുക എന്ന രീതിയിലുള്ള ഇരട്ടത്താപ്പ് ദളിത് സമൂഹം ദേശീയ തലത്തിൽ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിഭാഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി സംഘപരിവാർ സംവിധാനങ്ങളെ അടയാളപ്പെടുത്തിക്കാണിച്ചുകൊണ്ട്  അവരെ ഒറ്റപ്പെടുത്തുവാൻ ദളിത് സമൂഹം ശ്രമിക്കുന്നതിനു തീർച്ചയായും ഈ തിരിച്ചറിവ് സഹായകമാകും എന്നതിന് യാതൊരു സംശയവും ഇല്ല. ഇത് ഉത്തരേന്ത്യയിലെ രാഷ്ട്രീയ ഭൂപടത്തിലും വ്യത്യാസം വരുത്തും എന്ന് ഉറപ്പിക്കാം.

ഇന്ത്യയിൽ എപ്പോഴൊക്കെ ശക്തമായ ദളിത് മുന്നേറ്റത്തിന് ശ്രമങ്ങളുണ്ടായിട്ടുണ്ടൊ അപ്പോഴൊക്കെ അതിനെ അട്ടിമറിക്കാൻ ഹൈന്ദവ ഫാസിസ്റ്റുകൾ പദ്ധതികൾ ആവിഷ്കരിച്ചിട്ടുമുണ്ട്.  വി പി സിംഗിന്റെ ഭരണത്തോടെ ഉയര്‍ന്നു വന്ന ദളിത് – ന്യൂനപക്ഷ മുന്നേറ്റത്തിനു അന്ന് അവർ തടയിട്ടത് ബാബ്രി മസ്ജിദ് / രാമജന്മഭൂമി വിവാദം ഉയര്‍ത്തി വിട്ടുകൊണ്ടായിരുന്നല്ലോ. അത്തരം വിഘടന പ്രവര്‍ത്തനങ്ങൾ എതിരാളികളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ? വയെ എങ്ങിനെ നേരിടാം എന്ന് കരുതുന്നു?
വളരെ രസകരമായ ഒരു കാര്യം പറയാതെ വയ്യ. തൊട്ടുകൂടാത്തവന്റെയും, നിന്ദ്യരായവരുടെയും പിന്തുണ തേടാൻ നിർബന്ധിതരായവരുടെ ഗതികെട്ട രാഷ്ട്രീയമാണ് സംഘ പരിവാർ – ബി.ജെ.പി സംവിധാനങ്ങളുടേത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന തൊട്ടുകൂടായ്മയും, വേർതിരിവും ഇവർക്ക് ഞങ്ങളുടെ വോട്ടിന്റെ കാര്യത്തിൽ പറയാൻ സാധിക്കുമോ. അതിനാൽ ഈ തിരിച്ചറിവ് ഞങ്ങൾ ദളിത് സഹോദരങ്ങളെ ബോധ്യപ്പെടുത്തി തങ്ങളുടെ സ്വത്വത്തിനും, ആത്മാഭിനത്തിനും ഉള്ള പോരാട്ടമായി മാറ്റുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് – നിങ്ങളുടെ ഗോമാതാവിനെ നിങ്ങൾ സംസ്കരിക്കുക – എന്ന സമര പരിപാടിയിലൂടെ ഞങ്ങൾ ലക്ഷ്യം ഇട്ടത്. സത്യത്തിൽ സവർണ്ണ ഫാസിസ്റ്റുകളുടെ പൊയ്മുഖം അനാവരണം ചെയ്യപ്പെടുകയായിരുന്നു ആ നടപടിയിൽ കൂടി. മറ്റുള്ളവർ ചെയ്യാൻ അറയ്ക്കുന്ന ഇത്തരം ജോലികൾ ചെയ്യുന്ന ചമാറുകളിൽ അവർ ചെയ്യുന്ന പ്രവർത്തിയുടെ സാമൂഹികമായ പ്രാധാന്യവും നൽകുക എന്നതും ഞങ്ങൾ ഉദ്ദേശിച്ചിരുന്നു. ഒരു തരത്തിൽ അവരെ മാനസികമായി ഉണർത്തുക എന്നതായിരുന്നു ലക്ഷ്യവും. അതു കൊണ്ട് തന്നെയാണ്  ജൂലായ് 31-ന്റെ മഹാസമ്മേളനത്തിന് ഞങ്ങൾക്ക് ഇത്ര പിന്തുണ ലഭിച്ചത്. ദളിതുകളുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ഈ സമരത്തിനു തടയിടാൻ ആർക്കും കഴിയാത്ത വിധം തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ചമാറുകളുടെ പ്രശ്നങ്ങൾക്കൊപ്പം സാനിറ്റേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന വാത്മീകി സമുദായത്തിലെ സഹോദരികളുടെ വിഷയവും ഞങ്ങൾ ഏറ്റെടുക്കുകയാണ്. ദുരിതമനുഭവിക്കുന്ന ദളിതുകൾ നിരാലംബരല്ല എന്ന് ഉറപ്പ് നൽകി ഏത് പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നോട്ട് പോകുക എന്നത് തന്നെയാണ് ഈ പ്രതിഷേധ കൂട്ടായ്മയുടെ ലക്ഷ്യം.

ഭരണഘടനയുടെ പൂർത്തികരണത്തിന് ശേഷം ഡോ. ബി. ആർ. അംബേദ്കർ രാജ്യത്ത് ഇനി ശക്തമായ നിയമ സംവിധാനം ഉണ്ടെന്നും ഇനിമേൽ അക്രമസമരങ്ങൾ വെടിയണമെന്നും പ്രസ്താവിക്കുകയുണ്ടായി. താങ്കൾ ദളിത് മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ദളിതന് മർദ്ദനം സഹിക്കേണ്ട കാര്യമില്ലെന്നും, അക്രമങ്ങളെ കൈയും കെട്ടി നോക്കി ഇരിക്കില്ല എന്നും പറയുന്നുണ്ട്. അംബദ്കറൈറ്റ് ലൈനിൽ നിന്നും ഉള്ള വ്യതിചലനമായി ഇതിനെ കണക്കാക്കാമോ ?
ഒരിക്കലും ഇല്ല. വ്യക്തിപരമായി ഒരു സമാധാന കാംക്ഷി തന്നെയാണ് ഞാൻ. പക്ഷെ ദളിതുകൾ ഇനി റിസീവിംഗ് എൻഡിൽ, മർദ്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിൽക്കേണ്ട ആവശ്യമില്ല. പ്രതിരോധംjm-7 ഒരു അനിവാര്യതയാണ്. തങ്ങളുടെ ജീവിതപരിസരത്തേയും, നിലനിൽപ്പിനേയും ബാധിക്കുന്ന തരത്തിലുള്ള അക്രമണങ്ങൾക്ക് നേരെ ദളിതുകൾ കൈയും കെട്ടി നോക്കിനിൽക്കേണ്ടതില്ല. പ്രത്യേകിച്ച് സർക്കാർ അമ്പേ പരാജയമാണ് എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ആരിലാണ് ഇനി ദളിതൻ പ്രതീക്ഷ അർപ്പിക്കേണ്ടത്? രാജ്യത്തെ നിയമസംവിധാനങ്ങളോടും, ഭരണഘടനയോടും ഉള്ള എല്ലാ ആദരവോടും പറയട്ടെ, ആക്രമണത്തിന് ഇരയാകാൻ ഇനി ദളിതനെ കിട്ടില്ല. തല്ലാൻ വന്നാൽ കാലൊടിച്ചു വിടുക തന്നെ ചെയ്യും. ദളിതന്റെ സുരക്ഷ ദളിതന്റേത് മാത്രമാകുമ്പോൾ പ്രത്യേകിച്ചും.

താങ്കളുടെ പ്രസംഗങ്ങളിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യമാണ് ദളിതുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് ബി.ജെ.പ്പിയെ പോലെ കോൺഗ്രസ്സും കുറ്റകാരാണ് എന്ന ആരോപണം. 2017 അവസാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ഗുജറാത്തിൽ ഇതിന് മുൻപ് സംവരണ വിഷയത്തിൽ സമരം നടത്തിയ പട്ടേൽ സമുദായം ആം ആദ്മി പാർട്ടിയുമായി ധാരണയാകാനുള്ള സാദ്ധ്യതകൾ തെളിയുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും നീക്കുപോക്കുകൾ ആലോചനയിൽ ഉണ്ടോ ?
ഞങ്ങളുടേത് ഒരു വർഗ്ഗ സമരമാണ്. അത് ഒരു മാർക്സിയൻ ഐഡിയോളജിയായി കണ്ടാൽ പോലും കുഴപ്പമില്ല. ദളിതുകളുടെjm-6 ഇന്നത്തെ ജീവിത സാഹചര്യത്തിന് മാറ്റം വരേണ്ടത് അനിവാര്യതയാണ്. ഇപ്പോൾ ഗുജറാത്തിൽ ഉള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ എന്ന നിലയിൽ ദളിത് വികസനത്തിൽ ബി.ജെ.പിയും, കോൺഗ്രസ്സും marx-j1ഒരേ ത്രാസ്സിലാണ്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ കഴിയുന്ന ആരുമായും നീക്കുപോക്കുകൾ നടത്തുന്നതിന് ഞങ്ങൾക്ക് മടിയില്ല. ആത്യന്തികമായി ഞങ്ങളുടെ ലക്ഷ്യം ദളിതുകളുടെ ഉന്നമനം മാത്രം ആണ്. ബി.ജെ.പിയിലും, കോൺഗ്രസ്സിലും പ്രവർത്തിക്കുന്ന ദളിത് സഹോദരങ്ങൾ ഞങ്ങളോടൊപ്പമുണ്ട്. രാഷ്ട്രീയത്തിലുപരി, ദളിതുകളോടുള്ള നിലപാടാണ് ഞങ്ങൾക്ക് മുഖ്യം.

ഗുജറാത്ത് സംഭവങ്ങൾ ആർ.എസ്.എസ്. – വി. എച്ച്.പി ഘടകങ്ങളെ അതൃപ്തരാക്കിയതായി വാർത്തകൾ പുറത്ത് വരുന്നുണ്ട്. എന്താണ് വിഷയത്തിൽ അവരുടെ നിലപാട് ? എങ്ങിനെ അതിനെ നോക്കി കാണുന്നു ?
ഗുജറാത്തിലെ ദളിതുകളുടെ പ്രശ്നം കഴിഞ്ഞ ആഴ്ച ഉടലെടുത്തതല്ല. അതു കൊണ്ട് തന്നെ അവരുടെ നിലപാട് എന്ത് തന്നെയായാലുംjm-5 അതിലെ പൊള്ളത്തരം വ്യക്തമാണ്.  ആർ.എസ്.എസ്. – വി. എച്ച്.പി സംവിധാനങ്ങളെ മാനിക്കേണ്ട യാതൊരു ബാധ്യതയും ദളിതുകൾക്കില്ല. ആത്യന്തികമായി മനുവാദി ഹൈന്ദവികതയിൽ നിന്നും ദളിതുകളെ മോചിപ്പിച്ച് അവരുടെ യഥാർത്ഥ സത്വം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ദളിതുകൾ ഹിന്ദുക്കൾ അല്ല, അവരെ നിർബന്ധിച്ച് അതിലേക്ക് അടിമപ്പെടുത്തുകയായിരുന്നു. അതിൽ നിന്നും ദളിതുകൾ മോചിക്കപ്പെട്ടാൽ മാത്രമേ ദളിതുകൾക്ക് സ്വന്തം സ്വത്വം തിരിചറിയാൻ സാധിക്കൂ.dlg-3

എന്താണ് ഭാവി പരിപാടികൾ ? ‘ഉനാ ദളിത് ലടത് സമിതി’ എന്ന താത്കാലിക സംഘടന, ഒരു പ്രാദേശിക രാഷ്ട്രീയ കക്ഷിയാകാനുള്ള സാധ്യത ഉണ്ടോ ? രാജ്യത്തെ ഇതര ദളിത് – മുസ്ളീം- ന്യൂനപക്ഷ സംഘടനകളുമായി സഹകരിച്ച് ദളിത് സ്വത്വ പുനർനിർമ്മിതിക്ക് ആലോചനയുണ്ടോ ?
അടിയന്തിരമായി ഞങ്ങൾ ‘മാർച്ച് റ്റു ഉനാ’ എന്ന പേരിൽ അഹമ്മദാബാദ് മുതൽ ഉന വരെ 350 കി.മീ. ദളിത് ജാഗരണ യാത്രയാണ് ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 5-ന്  അഹമ്മദാബാദിലെ അംബേദ്കർ ചൌക്കിൽ നിന്നും ആരംഭിച്ച് ആഗസ്റ്റ് 15-ന് ഉനയിൽ എത്തുന്ന പദയാത്ര, വിവിധ ഗ്രാമങ്ങളിലെ ദളിത് സഹോദരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്വാഭിമാൻ ജാഗരണ യാത്രയായാണ് ഉദ്ദേശിച്ചിട്ടുള്ളത്.

നിലവിൽ 2017 – ലെ തിരഞ്ഞെടുപ്പ് വരെ സമിതി തന്നെ ആയിരിക്കും അടിസ്ഥാന പ്ളാറ്റ്ഫോം. ഞങ്ങളുമായി സഹകരിക്കുന്ന ഒട്ടനവധി ദളിത് സംഘടനകൾ, എൻ.ജി.ഒ കൾ, മറ്റ് പ്രസ്ഥാനങ്ങൾ എല്ലാം ആയി ഞങ്ങൾ സർക്കാരിലേക്ക് നൽകിയിട്ടുള്ള ദളിതുകൾക്ക് ഭൂമി തുടങ്ങിയ പത്ത് ആവശ്യങ്ങൾ നേടി എടുക്കുക എന്നതാണ്, ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതോടൊപ്പം തന്നെ ദളിത് സഹോദരങ്ങളെ ഹീനമായ തൊഴിലിൽ നിന്നും മാറ്റി എടുക്കുക, അവരിൽ സ്വാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുക ഇവയൊക്കെ ആണ് ഞങ്ങളുടെ ഭാവി പരിപാടികൾ.

നിശ്ചയമായും, രാജ്യത്തെ ഇതര ദളിത് – ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ദളിതുകളെ അവർ ഏർപ്പെട്ടിട്ടുള്ള ഹീനമായ തൊഴിലുകളിൽ നിന്നും മാറ്റി എടുക്കുവാനും, അവർ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് എതിരെ ശക്തമായി നിലകൊള്ളാനും ഞാനുൾപ്പെടുന്ന എല്ലാ പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണ്.

Comments

comments