അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മാദ്ധ്യമമണ്ഡലത്തിൽ അടുത്തകാലത്തായി ദളിതരുടെ സാന്നിദ്ധ്യം നാമമാത്രാമായെങ്കിലും ഉണ്ടെന്നത് വാസ്തവമാണ്. കീഴാളരുടെ പ്രാതിനിദ്ധ്യം വേണമെന്ന കാര്യത്തിൽ ഇന്ത്യയിലെ മഹാഭൂരിപക്ഷം മാദ്ധ്യമസ്ഥാപനങ്ങൾക്കും കണിശമായൊരു നിലപാടില്ല. എങ്കിലും, സ്വന്തം ഇച്ഛാശക്തികൊണ്ടും തൊഴിൽസാമർത്ഥ്യംകൊണ്ടും മാദ്ധ്യമപ്രവർത്തനത്തിൽ മികവുതെളിയിച്ച ദളിതരായ ഏതാനും ജേണലിസ്റ്റുകൾ നമുക്കുണ്ട്. ഇന്ത്യയിലെ പ്രദേശികഭാഷാ മാദ്ധ്യമങ്ങളിൽ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള വിരലിലെണ്ണാവുന്ന മാദ്ധ്യമപ്രവർത്തകരുണ്ടെങ്കിലും കേരളത്തിൽ ഒരൊറ്റ ആദിവാസിപോലും ഈ മേഖലയിൽ പ്രവർത്തിക്കുന്നില്ല. കാണിക്കാർ, കുറിച്യർ, കുറുമർ തുടങ്ങിയ ഗോത്രസമുദായങ്ങളിൽനിന്നുള്ള ഡോക്ടർമാരും അദ്ധ്യാപകരും എഞ്ചിനീയർമാരും ഉൾപ്പെടെ നിരവധി പ്രൊഫഷനലുകളുണ്ടെങ്കിലും ആ വിഭാഗങ്ങളിൽനിന്നുപോലും ആരും മാദ്ധ്യമപ്രവർത്തകരായി ഇല്ല. അതുകൊണ്ട് ആദിവാസി ജീവിതത്തെക്കുറിച്ചും ആദിവാസിപ്രശ്‌നങ്ങളെക്കുറിച്ചും വികലമായ ധാരണകളാണ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആദിവാസികൾ നേരിടുന്ന ഒരു പ്രധാന പരാധീനതയുമിതാണ്.

ആദിവാസികളുടെ കാഴ്ചപ്പാടിൽ ആദിവാസിപ്രശ്‌നങ്ങളെ അവതരിപ്പിക്കുവാൻ മാദ്ധ്യമങ്ങൾക്ക് കഴിയണമെങ്കിൽ, ആ സമുദായങ്ങളിൽനിന്നുള്ള എഴുത്തുകാരുടെയും ജേണലിസ്റ്റുകളുടെയും പിന്തുണ ആവശ്യമാണ്. എന്നാൽ, ആദിവാസികളിൽനിന്ന് മതിയായ വിദ്യാഭ്യാസവും പത്രപ്രവർത്തനത്തിൽ അഭിരുചിയുമുള്ള അത്തരമാളുകളെ കണ്ടെത്തുകയെന്നത് എളുപ്പവുമല്ല. ഈ സാഹചര്യത്തിലാണ്, ആദിവാസിയായ രാമചന്ദ്രൻ കണ്ടാമല എന്ന സിറ്റിസൺ റിപ്പോർട്ടറെ നവമലയാളി പരിചയപ്പെടുത്തുന്നത്. കേരളത്തിലെ ആദ്യത്തെ ആദിവാസി റിപ്പോർട്ടർ എന്ന വിശേഷണത്തിന്  അർഹനായ രാമചന്ദ്രൻ കണ്ടാമലയെ നവമലയാളി അത്യധികമായ ആഹ്ലാദത്തോടെയാണ് മലയാളികൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്.

പരമ്പരാഗതമായി കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാർഗ്ഗമാക്കിയ കുറുമ സമുദായത്തിൽ ജനിച്ച രാമചന്ദ്രൻ കണ്ടാമല വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത വേലിയമ്പം സ്വദേശിയാണ്. മലയാളസാഹിത്യത്തിൽ ബിരുദമെടുക്കാൻ ആഗ്രഹിച്ച അയാൾക്ക് ജീവിതപ്രാരാബ്ധങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ജോലിതേടി മദിരാശിയിലെത്തിയതിനുശേഷം മൂന്നു വർഷത്തോളം ഒരു ടെലിവിഷൻ സീരിയൽനിർമ്മാണ കമ്പനിയിൽ വിവിധജോലികളിലേർപ്പെട്ടുവെങ്കിലും നാടിന്റെയും കാടിന്റെയും വിളികേട്ട് വയനാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിൽപ്പിന്നീട് കാർഷികവൃത്തിയാണ് ജീവനോപാധി. നെൽകൃഷിയോടൊപ്പം സർക്കാരിൽനിന്ന് വായ്പയെടുത്തുവാങ്ങിയ പവർടില്ലർ ഉപയോഗിച്ച് മറ്റുള്ളവരുടെ വയൽ വാടകയ്ക്ക് ഉഴുതുകൊടുക്കുന്നുമുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ കഥയും കവിതയും എഴുതിയിരുന്ന രാമചന്ദ്രൻ ആദിവാസിഭാഷകളുടെ ഒരു നിഘണ്ടുവിന്റെ രചനയിലാണ്. തനിക്ക് അറിയാവുന്ന വയനാട്ടിലെ അഞ്ച് ആദിവാസി ഭാഷകളാണ് കയ്യെഴുത്തുപ്രതിയിൽ രണ്ടായിരം പുറങ്ങളുള്ള ഈ നിഘണ്ടുവിലുള്ളത്. കാർഷികവൃത്തിയുടെ ഇടവേളകളിൽ എഴുതിത്തീർത്ത രാമചന്ദ്രന്റെ ഗോത്രഭാഷാനിഘണ്ടു ഇന്ത്യയിലെതന്നെ അത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമായിരിക്കും. ഭാഷാപണ്ഡിതന്മാരുടെ സഹായത്തോടെ നിഘണ്ടുനിർമ്മാണത്തിന്റെ രീതിശാസ്ത്രത്തിന് അനുസൃതമായി പുതുക്കിയെഴുതി അത് പ്രസിദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് രാമചന്ദ്രൻ കണ്ടാമല നവമലയാളിയുടെ സിറ്റിസൺ റിപ്പോർട്ടർ എന്ന പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ആ ദൗത്യത്തെക്കുറിച്ചും തന്നെക്കുറിച്ചും രാമചന്ദ്രൻ എഴുതിയ ആമുഖക്കുറിപ്പ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.

ആദിവാസികളെക്കുറിച്ചും അവരെസ്സംബന്ധിക്കുന്ന വിവിധവിഷയങ്ങളെക്കുറിച്ചുമുള്ള രാമചന്ദ്രന്റെ അനുഭവക്കുറിപ്പുകളുംramck-1 റിപ്പോർട്ടുകളും ലേഖനങ്ങളും നവമലയാളിയിലൂടെ വരുംനാളുകളിൽ വായനക്കാർക്ക് ലഭ്യമാവും. എഴുതാനുള്ള താൽപ്പര്യവും അഭിരുചിയുഉള്ള അറിയപ്പെടാത്ത ഗോത്രസമുദായക്കാർക്ക് ഇതൊരു പ്രചോദനമാവുമെന്നുകൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആദിവാസിമേഖലകളിൽനിന്നുള്ള എഴുത്തുകാരുടെയും റിപ്പോർട്ടർമാരുടെയും സാന്നിദ്ധ്യം മലയാള മാദ്ധ്യമരംഗത്തുണ്ടായിക്കാണാൻ നവമലയാളി ആഗ്രഹിക്കുന്നു.

കേരളത്തിൽനിന്ന്  ആദ്യമായി ആദിവാസി സമുദായത്തിൽനിന്നുള്ള ഒരു സിറ്റിസൺ റിപ്പോർട്ടറെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചതിലുള്ള ആഹ്ലാദത്തോടെ,

ഒ.കെ. ജോണി
റീഡേഴ്സ് എഡിറ്റർ
നവമലയാളി

(രാമചന്ദ്രൻ കണ്ടാമലയുടെ ആദ്യ കുറിപ്പ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
————————————————————————–
റീഡേഴ്സ് എഡിറ്റർക്കുള്ള അഭിപ്രായങ്ങളും എഴുത്തുകളും നിർദ്ദേശങ്ങളും [email protected] [email protected]  എന്നീ വിലാസങ്ങളിൽ അയക്കുക.

Comments

comments