പ്രിയപ്പെട്ടവരെ,
അമ്പരപ്പോടെയും വളരെയേറെ സന്തോഷത്തോടെയുമാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. നവമലയാളിക്കുവേണ്ടി ആദിവാസികളെ സ്സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി പതിവായി എഴുതുന്ന ഒരു സിറ്റിസൺ റിപ്പോർട്ടറാവാനുള്ള ക്ഷണം കിട്ടിയപ്പോഴുള്ള ആ അമ്പരപ്പ് ഇതെഴുതുമ്പോഴുമുണ്ടെന്നത് സത്യമാണ്. നവമലയാളിയെപ്പറ്റി അറിയുന്നതുതന്നെ ഇപ്പോഴാണ്. പത്രങ്ങളും ടിവിയുമാണ് എനിക്ക് പരിചയം. അതിലൊന്നും പ്രത്യക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞിട്ടുമില്ല.
പഠിക്കുന്ന കാലത്ത് ചില കവിതകളും കഥകളും കുത്തിക്കുറിച്ചിട്ടുണ്ടെന്നല്ലാതെ റിപ്പോർട്ടുകളോ ലേഖനങ്ങളോ എഴുതാനുള്ള പരിചയമോ കഴിവോ എനിക്കുണ്ടെന്ന് ഇപ്പോഴും ഉറപ്പില്ല. വർഷങ്ങൾക്കുമുമ്പ് മലയാളം സാഹിത്യവിദ്യാർത്ഥിയായി കോഴിക്കോട് സർവ്വകലാശാലയിൽ പ്രൈവറ്റായി ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരമ്പരാഗതമായി കൃഷിക്കാരാണ് എന്റെ കുടുംബം. വയനാട്ടിൽ പുൽപ്പള്ളിക്കടുത്തുള്ള സർക്കാർ വനത്തിനോട് ചേർന്നുള്ള ഒരു കുഗ്രാമത്തിലാണ് തലമുറകളായി ഞങ്ങൾ താമസിക്കുന്നത്. വീട്ടിൽനിന്ന് വിളിപ്പാടകലെയുള്ള സർക്കാർ സ്‌കൂളിലാണ് ഞാൻ പഠിച്ചത്. അതല്ലാതെ മറ്റൊരു സ്ഥാപനവും അവിടെയില്ല. പുറംലോകം കാണാൻ ഇന്നത്തെപ്പോലെ ടെലിവിഷനുമില്ലായിരുന്നു. വന്യമൃഗങ്ങളാണ് ഞങ്ങളുടെ അയൽക്കാർ. എങ്കിലും സാഹിത്യത്തോടും എഴുത്തിനോടുമുള്ള കമ്പം മനസിൽനിന്ന് വിട്ടുപോയിരുന്നില്ല.
ഞങ്ങളുടെ ഗ്രാമത്തിലെ പല ആദിവാസി പ്രശ്‌നങ്ങളെക്കുറിച്ചും കാണുമ്പോഴെല്ലാം ഞാൻ ഒ.കെ. ജോണിയുമായി സംസാരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം അത്തരം ഒരു സംസാരത്തിനിടയിലാണു എന്തുകൊണ്ട് രാമചന്ദ്രന് ഇതെല്ലാം സ്വന്തമായി ലോകത്തെ നേരിട്ടറിയിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചത്. നവമലയാളിയിൽ സിറ്റിസൺ റിപ്പോർട്ടറാവാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന സ്വീകരിക്കുമ്പോൾ എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും എനിക്ക് പേടിയുണ്ടായിരുന്നു. ആദിവാസികളെപ്പറ്റി പത്രങ്ങളിൽ വരുന്ന ചില വാർത്തകളും റിപ്പോർട്ടുകളും കാണുമ്പോൾ, ആദിവാസികളെക്കുറിച്ച് ഇവർക്ക് ഒന്നും അറിയില്ലല്ലോ എന്ന് തോന്നാറുണ്ട്. എന്നാൽ, അതറിയുന്ന ആദിവാസിയായ എനിക്കാവട്ടെ ആദിവാസികളെപ്പറ്റി വായനക്കാരോട് പറയാനുമാവുന്നില്ല. ചിലതെല്ലാം ശ്രദ്ധയിൽപ്പെടുമ്പോൾ എന്റെ ചില പ്രതികരണങ്ങൾ പല പത്രങ്ങൾക്കും അയച്ചിരുന്നെങ്കിലും അത് അവർ കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇപ്പോൾ എനിക്ക് ആവക സംഗതികൾ ലോകത്തോട് വിളിച്ചുപറയാനുള്ള അവസരമാണ് നവമലയാളി വാഗ്ദാനംചെയ്തിരിക്കുന്നത്. വളരെ സന്തോഷം. ഭാഷാപരമായും മറ്റുമുള്ള പരിമിതികളിൽനിന്നുകൊണ്ട് എന്നാലാവുന്ന വിധം ആ ഉത്തരവാദിത്വം നിർവ്വഹിക്കുമെന്ന് എല്ലാവർക്കും ഉറപ്പുതരുന്നു. കേരളത്തിൽനിന്ന് ഏതെങ്കിലുമൊരു മാദ്ധ്യമത്തിൽ റിപ്പോർട്ടറാവുന്ന ആദ്യത്തെ ആദിവാസി സമുദായക്കാരൻ ഞാനായിരിക്കുമെന്ന വാർത്ത എന്നെ ശരിക്കും ഞെട്ടിച്ചു. അത് ശരിയാണെങ്കിൽ, അതിനേക്കാൾ വലിയൊരു ബഹുമതി എന്നെപ്പോലൊരാൾക്ക് കിട്ടാനില്ല.
വയനാട്ടിലെ മുള്ളുക്കുറുമ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരാളാണ് ഞാൻ. ഒരു ഡസനിലേറെ ഡോക്ടർമാരും എഞ്ചിനീയർമാരും സർക്കാർ ഉദ്യോഗസ്ഥന്മാരും ബാങ്ക് മാനേജർമാരും ഞങ്ങളുടെ സമുദായത്തിലുണ്ടെങ്കിലും ആദ്യത്തെ സിറ്റിസൺ റിപ്പോർട്ടർ ഞാനാണെന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. അതിന് സഹായിച്ച നവമലയാളിക്ക് നന്ദി പറയുന്നു.
എന്റെ ഗ്രാമത്തിനടുത്തുതന്നെയുള്ള കാട്ടിനുള്ളിൽ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസികളെപ്പറ്റിയാണ് ആദ്യമായി ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്. മഴക്കാലമായതിനാൽ വയൽകൃഷിയുടെ തിരക്കുകളിലാണ്. അതിനിടയിൽ കിട്ടുന്ന ഒഴിവുസമയത്ത് ആ റിപ്പാർട്ടെഴുതി നിങ്ങളുടെ മുന്നിൽ താമസിയാതെ അവതരിപ്പിക്കാമെന്നു കരുതുന്നു.
-രാമചന്ദ്രൻ കണ്ടാമല.
(m) 80863 75828
Be the first to write a comment.