സർഗ്ഗാഭിരുചികളുടെ പ്രകാശനം എന്നതിലുമുപരിയായി വിദ്യാര്‍ഥി സമൂഹത്തെ കൂടുതൽ  തുറന്ന ചര്‍ച്ചകളിലേക്കും ആശയപരമായ സംവാദങ്ങളിലേക്കും വഴി തെളിക്കുന്നവ കൂടിയാണെന്നതിനാൽ മാഗസിനുകള്‍ കലാലയങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്.  പോണ്ടിച്ചേരി സര്‍വകലാശാലയിലെ ആദ്യ മാഗസിൻ എന്ന നിലയ്ക്ക് നിലവിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾ എന്തുകൊണ്ട് ചര്‍ച്ച ചെയ്തുകൂടാ എന്നായിരുന്നു ഞങ്ങൾ ആദ്യം ചിന്തിച്ചത്.

Widerstand എന്നത് ഒരു ജര്‍മന്‍ വാക്കാണ്. അര്‍ഥം ചെറുത്തുനില്‍പ്പെന്നും. ജര്‍മനിയിലെ നാസി ഭരണത്തിനെതിരെ ബര്‍ലിനിൽ നിന്ന് പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവ് ഏര്‍ണസ്റ്റ് നെയികിച്ചിന്‍റെ നേതൃത്തത്തിൽ പ്രസീദ്ധീകരിച്ച widerstand എന്ന ആനുകാലികം ഫാസിസ്റ്റ് ഭരണകൂടത്തെ കണിശമായി വിമര്‍ശിച്ചിരുന്നു. പ്രതിരോധത്തിന്റെ രാഷ്ട്രീയം പറയാന്‍ ഇതിലും നല്ല ഒരു പേര് വേറെയില്ലെന്നുള്ളതുകൊണ്ട് തന്നെ ഞങ്ങളുടെ മാഗസിനും അതെ പേരു നിശ്ചയിച്ചു. രണ്ടു ആനുകാലിക പ്രസീദ്ധീകരണങ്ങളും ഫാസിസ്റ്റ് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം പറഞ്ഞത്കൊണ്ട് തന്നെ നിരോധിക്കപ്പെട്ടു എന്നത് പിന്നീടു ചരിത്രമായി.

മുഖവുരകളില്ലാതെ പറഞ്ഞു തുടങ്ങട്ടെ, ‘widerstand’ ന്‍റെ അണിയറയിൽ പ്രവര്‍ത്തിക്കുമ്പോൾ കാവിവല്‍ക്കരണവും അതിനെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ഞങ്ങള്‍ക്ക് വിദൂരമായിരുന്നു. അതുകൊണ്ട് തന്നെ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലശാല പുറത്തിറക്കുന്ന ഒരു മാഗസിന്‍ കാവിവല്‍ക്കരണത്തിനെതിരെ കൃത്യമായി നിലപാട് എടുക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. സര്‍വകലാശാല പറഞ്ഞിരിക്കുന്ന കൃത്യമായ നിബന്ധനകൾ പാലിച്ചുകൊണ്ടായിരുന്നു ലേഖനങ്ങളും കവിതകളും, ചെറു കഥകളും സമാഹരിച്ചത്. അതേപോലെ തന്നെ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറിന്‍റെ സമ്മതിക്കു ശേഷമാണു മാഗസിൻ പ്രസീദ്ധീകരിക്കാൻ അനുമതി ലഭിച്ചത്.

മാഗസിന്റെ പ്രകാശനദിവസം, അതായത് ജൂലൈ 28-നു പോണ്ടിച്ചേരി മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫയർ ആയിരുന്നു മാഗസിന്‍ പ്രകാശനം ചെയ്തത്. ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകത്താല്‍ രക്തസാക്ഷികൾ ആയവര്‍ക്ക് വേണ്ടി ഒരു പേജ് മാറ്റി വെച്ചിരുന്നു. അതേപോലെ രോഹിത് വെമുലയുടെത് ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമാണു എന്ന് വാദിച്ചുകൊണ്ട്‌ ഒരു ലേഖനവും ഉണ്ടായി. ഇത് കണ്ടതിനെത്തുടര്‍ന്ന് ഹൈദരാബാദ് ഡീൻ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തുകയും തുടർന്ന് വിസി എന്നോട് ചെറിയ തോതില്‍ അപ്പോൾ തന്നെ വിശദീകരണം ചോദിക്കുന്ന സാഹചര്യവുമുണ്ടായി. കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതിനാൽ ഞങ്ങൾ മാഗസിൻ വിതരണം ഏറ്റെടുത്തു. ഏകദേശം 3000 കോപ്പികൾ അന്ന് തന്നെ ഞങ്ങൾ പല വിഭാഗങ്ങളിലെക്കായി മാറ്റി വെച്ചിരുന്നു. പിന്നീടുള്ള രണ്ടു ദിവസങ്ങളില്‍ ആ മാഗസിൻ കുട്ടികളിലെത്തിക്കുകയും ചെയ്തു.

അതിനുശേഷമാണ് നാടകീയമായ രംഗങ്ങള്‍ക്ക് സര്‍വകലാശാല സാക്ഷ്യം വഹിക്കുന്നത്. മാഗസിന്‍ പിന്‍വലിച്ചു എഡിറ്റോറിയല്‍ കമ്മിറ്റിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ സര്‍വകലാശാലക്ക് മുന്‍പിൽ മാഗസിന്‍ കത്തിക്കുകയും ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തന്നെ ഞങ്ങളുടെ കൌണ്‍സിൽ റൂം വേറെ താഴിട്ടു പൂട്ടുകയും ചെയ്തു. സര്‍വകലാശാലയുടെ നിലവിലെ ശാന്തതയെ ശിഥിലമാക്കുന്ന ചില പരാമര്‍ശങ്ങൾ മാഗസിനിലുള്ളതിനാൽ അത് അന്വേഷിച്ചു മറുപടി കിട്ടുന്നതുവരെ മാഗസിൻ വിതരണം നടത്താന്‍ അനുവദിക്കില്ലെന്നാണു ഈ സംഭവങ്ങളോട് വി സി നടത്തിയ പ്രതികരണം. അത് മാത്രമല്ല ഞങ്ങള്‍ എങ്ങിനെയാണു മാഗസിൻ ലേഖനങ്ങൾ ശേഖരിച്ചതെന്നു എഴുതിതരണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര മാനവിക വിഭവ ശേഷ മന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും മാഗസിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ട് മറുപടി അയക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടെന്നതായിരുന്നു അതിനു നൽകിയ വിശദീകരണം. അതിനു തെളിവായി വിസിയുടെ കൈവശം ആകെ ഉണ്ടായിരുന്നത് അവരയച്ച ഒരു മെസ്സേജ് മാത്രമായിരുന്നു. സര്‍വകലാശാല അധികൃതർ എഴുതിചോദിച്ചാൽ മാത്രം ഞങ്ങൾ മറുപടി തരുമെന്നും, തിരുത്താന്‍ ആവശ്യപെട്ട ഭാഗങ്ങൾ തിരുത്തുകയില്ലെന്നുമുള്ള നിലപാടിൽ ഞങ്ങള്‍ ഉറച്ചു നിന്നു.

3- ആം തീയതി എബിവിപി പ്രവര്‍ത്തകർ കോളേജിൽ മാഗസിൻ കത്തിക്കുകയും മുന്‍പ് ബിജെപി എടുത്ത അതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. അത് കേവലം 50 കുട്ടികളിലൊതുങ്ങി. മാഗസിനു സര്‍വകലാശാലയുടെ പിന്തുണ തെളിയിക്കേണ്ടത് ഞങ്ങളുടെ വെല്ലുവിളിയായി തീര്‍ന്നു. അന്ന് രാത്രിയിൽ 8 മണിക്ക് ആണ്‍കുട്ടികളുടെ മെസ്സില്‍ നിന്നും ആരംഭിച്ചു ഏകദേശം 150 ഓളം കുട്ടികളുമായി റാലി പുരോഗമിക്കുമ്പോഴായിരുന്നു എബിവിപിയും കുറെയേറെ ഫിസിക്കല്‍  എജ്യുക്കേഷന്‍ വിദ്യാര്‍ഥികളും റാലിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐയുടെ നേതാക്കളെയും തിരഞ്ഞു പിടിച്ചായിരുന്നു ആക്രമണം.

തുടര്‍ന്ന് ഗേറ്റ് ഉപരോധിച്ചുകൊണ്ട് ആക്രമണകാരികളായ ആള്‍ക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഞങ്ങള്‍ ഏകദേശം 12 മണി വരെ അവിടെയിരുന്നു. അവസാനം രജിസ്ട്രാര്‍ പോലീസ്‌ സ്റ്റേഷനിലേക്ക് ഹര്‍ജ്ജി സമര്‍പ്പിച്ചതോടു കൂടി സമരം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. അടുത്ത ദിവസം റൂം തുറന്നു മാഗസിന്‍ വിതരണം അനുവദിക്കുമെന്നായിരുന്നു രജിസ്ട്രാരുടെ വാഗ്ദാനം. എന്നാല്‍ അതുണ്ടായത് 5-ആം തീയതി ഏകദേശം 8 മണിയോട് കൂടിയാണ്. മാത്രമല്ല ഞങ്ങളുടെ ചീഫ് എഡിറ്ററും ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയറുമായ മൂര്‍ത്തി സാറിനെ ഇപ്പോൾ ആ പദവിയിൽ നിന്നും സര്‍വകലാശാല നീക്കം ചെയ്തിരിക്കുകയാണ്.

ഇവിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങളുണ്ട്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാതെ ആയുധങ്ങള്‍ കൊണ്ട് നേരിടുകയാണുണ്ടായത്. എബിവിപി പ്രവര്‍ത്തകർ മാഗസിന്‍ ന്‍റെ മുഖചിത്രത്തെ പറ്റി വിമര്‍ശിച്ചത് ISIS ആശയങ്ങളുടെ കടന്നുകയറ്റമാണോ എന്ന് ചോദിച്ചുകൊണ്ടാണ്. ഒരു മുസ്ലിം സ്ത്രീയുടെ മുഖചിത്രം കണ്ടാല്‍ ഉടനെ അത് ISIS ആണെന്നുള്ള ഇസ്ലാമോഫോബിക് ചിന്തകളാണ് സംഘപരിവാര്‍ വാദങ്ങളിൾ ഏറ്റവും ഭീതിജനകമായുള്ളത്. ഇതിലും പുരോഗമനപരമായ കവര്‍ എന്തുകൊണ്ട് ചെയ്തില്ല എന്നാണു അവര്‍ ചോദിച്ചത്. മാത്രമല്ല ഇത് വര്‍ഗ്ഗപരമായ വേര്‍തിരിവുകൾ ഉണ്ടാക്കുമെന്നും.

ഇസ്രയേലി പട്ടാളക്കാരും പലസ്തീന്‍ സമരക്കാരും തമ്മിൽ നടക്കുന്ന സംഘര്‍ഷത്തിൽ നിന്നും കാലിയായ ടീര്‍ ഗ്യാസ് ഗ്രനേഡുകൾ ശേഖരിച്ച് അതിൽ കുഞ്ഞുപുഷ്പങ്ങള്‍ വിരിയുന്ന പൂന്തോട്ടമൊരുക്കിയ സ്ത്രീയാണ് ബബീഹ. അവരുടെ ശക്തമായ ഒറ്റയാള്‍ പോരാട്ടത്തെ സര്‍വകലാശയിലെ വിദ്യാര്‍ത്ഥികൾ അറിയുകയും അംഗീകരിക്കുകയും വേണമെന്നതിനാലാണ് അത് കവര്‍ ചിത്രമായി കൊടുത്തത്. മുഹമ്മദ്‌ സുഹ്രാബിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

അക്ഷരങ്ങളെ കത്തിക്കുക എന്നത് എബിവിപിയുടെ സംസ്കാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പത് ‘വിശ്വ വിഖ്യാത തെറി’ ആയിരുന്നെങ്കില്‍ ഇന്നത് widerstand ആണ്.

സര്‍വകലാശാലയിൽ അനധികൃതമായി പദവിയിലെത്തിയ വിസിയെ പുറത്താക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് ഞങ്ങള്‍ നടത്തിയ സമരത്തിൽ കേന്ദ്ര മാനവിക വിഭവശേഷി വകുപ്പ് പ്രതികരിച്ചത് ഏകദേശം 18 ദിവസം കഴിഞ്ഞിട്ടാണ്. അതേ സമയം കേന്ദ്ര സർക്കാരിനെതിരെ ലേഖനങ്ങള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു പ്രകാശനം ചെയ്തു രണ്ടു ദിവസത്തിനുള്ളില്‍ മാഗസിനെ പറ്റി വിശദാംശങ്ങൾ ചോദിക്കുന്നു! കേന്ദ്ര മാനവിക വിഭവശേഷി മന്ത്രാലയത്തിന്റെ തീര്‍മാനങ്ങൾ  സംഘ പരിവാർ അജണ്ടയെ തൃപ്തിപ്പെടുത്താനുദ്ദേശിച്ചുള്ളവയാണെന്ന് ഇതില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

പറഞ്ഞു വന്നത് ഇതാണ് –  ഞങ്ങള്‍ക്കന്യം നിന്നിരുന്ന കാവിവല്‍ക്കരണം ഞങ്ങളുടെ മേൽ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോൾ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ഞങ്ങളിലും ഉടലെടുത്തു. പക്ഷെ മറ്റു കേന്ദ്ര സര്‍വകലാശാലകളിൽ നിന്നും വിപരീതമായി ഇവിടെ ആശയയുദ്ധതിനു പകരം കായിക യുദ്ധമാണ് ഉണ്ടായത്. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകരമായി ഡി. രാജ എം പി  ഈ വിഷയം രാജ്യസഭയിൽ ഉന്നയിക്കുകയുണ്ടായി. അതേപോലെ തന്നെ മറ്റു പല സര്‍വകലാശാലകളിൽ നിന്നും കലാലയങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. കാവിവൽകൃത സമൂഹത്തില്‍ ഞങ്ങൾ ഒറ്റയ്ക്കല്ലെന്നും ഞങ്ങളുടെ എഴുത്തുകളും ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടാനും അംഗീകരിക്കാനും ചിന്താശേഷി നഷ്ടപ്പെടാത്ത ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും ബോധ്യമായി.

പ്രതിരോധക്ഷമതയുടെ രാഷ്ട്രീയം പറഞ്ഞതുകൊണ്ട് തന്നെ അവസാനം ഈ സമരത്തില്‍ ഞങ്ങള്‍ തന്നെ വിജയിച്ചു. ഉടൻ  മാഗസിന്‍ പുനര്‍വിതരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ഇത്തരം ചെറുത്തുനിൽപ്പുകൾ മറ്റ് വിദ്യാർഥിസമൂഹങ്ങൾക്കും പ്രചോദനമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നമ്മുടെ ഭരണകൂടത്തിനും ഭരിക്കുന്നവര്‍ക്കും പോരായ്മയുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അത് വിളിച്ച് പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിൽ പരമപ്രധാനമാണു. ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നിടത്ത് അത് നേടിയെടുക്കുക തന്നെയാണ് വേണ്ടത്. അതാണ്‌ ശരി.

(പോണ്ടിച്ചേരി സർവ്വകലാശാല വിദ്യാർഥി മാഗസിനായ WIDERSTAND-ന്റെ  എഡിറ്ററാണു ലേഖിക)

Comments

comments