[button color=”” size=”5000″ type=”round” target=”” link=””]അറുപതുകളുടെ ഒടുവിൽ കേരളത്തിലുണ്ടായ നക്‌സലറ്റ് കലാപത്തെ തുടർന്ന് പുറംലോകത്തിന്റെ ശ്രദ്ധ നേടിയ വയനാടൻ കുടിയേറ്റ ഗ്രാമമാണ് പുൽപ്പള്ളി. ആദിവാസികളും വയനാടൻ ചെട്ടിമാരും പഴയ ഫ്യൂഡൽ ജന്മിമാരും നാൽപ്പതുകൾക്കുശേഷം വയനാട്ടിലെത്തിയ കുടിയറ്റക്കാരുമുള്ള പുൽപ്പള്ളിയിലെ ചുള്ളിക്കാട് എന്ന വനാന്തര ഗ്രാമത്തിൽ തലമുറകളായി പാർക്കുന്ന കാട്ടു നായ്ക്ക എന്ന പ്രാകൃത ഗോത്രക്കാരായ ആദിവാസികളുടെ ദുരിതത്തെക്കുറിച്ചാണ് സിറ്റിസൺ റിപ്പോർട്ടർ രാമചന്ദ്രൻ കണ്ടാമലയുടെ ഈ റിപ്പോർട്ട്. തന്റെ നാട്ടിലെ (അഥവാ കാട്ടിനുള്ളിലെ) ഒരു ആദിവാസിഗ്രാമത്തെയും അവിടെ ദുരിതമനുഭവിക്കുന്ന സഹജീവികളെയുംകുറിച്ച് കേരളത്തിലെ ഒരാദിവാസി, സ്വയം എഴുതിയ മലയാളത്തിലെ ആദ്യത്തെ റിപ്പോർട്ടാണിത്. ഇനിമുതൽ രാമചന്ദ്രൻ കണ്ടാമലയുടെ റിപ്പോർട്ടുകൾ നവമലയാളിയിൽ പതിവായി വായിക്കാം.[/button]

വയനാട് ജില്ലയിലെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏഴുകിലോമീറ്റർram-p-1 അകലെയാണ് ചുള്ളിക്കാട് എന്ന വനാന്തര ഗ്രാമം. വയനാട്ടിലെ ഒരു ഡസനോളംവരുന്ന ആദിവാസി സമുദായങ്ങൾക്കിടയിലെ ഏറ്റവും പിന്നോക്കമായ കാട്ടുനായ്ക്കരാണ് ഈ ഗ്രാമത്തിലെ താമസക്കാർ. തലമുറകളായി കാടിന്റെ തടവിലായിരുന്ന അവരിപ്പോൾ രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കൂടി തടവുകാരായിരിക്കുന്നു. ഗ്രാമത്തിന്റെ നാലു ഭാഗവും കിലോമീറ്ററുകളോളം കൊടും വനമാണ്. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പകൽ സമയം പോലും  ഗ്രാമത്തിലെത്തുന്നതിനാൽ കുടിലിനുള്ളിൽനിന്ന് പുറത്തിറങ്ങാൻപോലും മിക്കപ്പോഴും അവർക്കാവുന്നില്ല. വനാന്തരത്തിൽ പാർക്കുന്ന ആദിവാസികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള സർക്കാർ പദ്ധതിയുടെ ആനുകൂല്യം വർഷങ്ങളായിട്ടും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആദിവാസികളുടെ പ്രതിനിധികളാണ് ചുള്ളിക്കാട്ടെ കാട്ടുനായ്ക്കർ.

[button color=”yellow” size=”” type=”square_outlined” target=”” link=””]

കാട്ടുനായ്ക്കരെപ്പറ്റി
പൊതു സമൂഹത്തോട് പൊരുത്തപ്പെടാൻ ഏറെക്കാലം വേണ്ടി വന്ന ഗോത്ര സമൂഹമാണ് കാട്ടുനായ്ക്കർ. കൃഷിക്കാരായ കുറുമരെ യും കുറ്യച്യരെയും പോലെ വിദഗ്ദരായ വേട്ടക്കാരല്ലെങ്കിലും പക്ഷി, മുയൽ, മറ്റു ചെറു ജന്തുക്കൾ എന്നിവയെ വേട്ടയാടാൻ ഇവർക്ക് അസാമാന്യ കഴിവുണ്ട്.  അത്തിമരത്തിന്റെയും ചക്കമരത്തിന്റെയും കോളിമരത്തിന്റെയും പശ എടുത്ത് പ്രത്യോക അനുപാതത്തിൽ കൂട്ടിച്ചേർത്ത് അടുപ്പിൽ വേവിച്ച് ചെത്തിമിനുക്കിയ മുളയുടെ അരമീറ്ററോളം നീളമുള്ള കമ്പിൽ പശ തേച്ച് പിടിപ്പിച്ച് പക്ഷികൾ എത്താറുള്ള മരങ്ങളിൽ കുത്തിവെയ്ക്കും പഴം തിന്നാൻ വരുന്ന പക്ഷികൾ അവയുടെ ചിറകിൽ പശയുള്ള ഈ കമ്പ് ഒട്ടി പക്ഷികൾ പറക്കാൻ കഴിയാതെ നിലത്തുവാഴുമ്പോൾ അവയെ പിടിക്കും. മണ്ണ് ഉരുട്ടി ചെറിയ ഉണ്ടകളാക്കി വെയിലത്ത് ഉണക്കി എടുത്ത് രണ്ട് ഞാണുകൾ കെട്ടിയ വില്ലിൽ മധ്യഭാഗത്തായി മണ്ണ് ഉണ്ടവെയ്ക്കാൻ ഒരു വലയുണ്ടാക്കി ചെറിയ വില്ലിൽ പക്ഷികളെയും ചെറു മൃഗങ്ങളെയും എയ്തു പിടിക്കുവാനും അവർ സമർഥ്ഥരാണ്.  വേട്ട നായ്ക്കളെ മെരുക്കുന്നതിന് ഇവർക്ക് പ്രത്യേകം കഴിവുതന്നെയുണ്ട്.  തേൻ ശേഖരണം ഇവരുടെ കുത്തക ആണെന്ന് പറയാം.  വനത്തിലുള്ള വലിയ മരത്തിലെ തേൻകൂട് പകൽ കണ്ടു പിടിച്ച് രാത്രിയിൽ ആ മരത്തിൽ പ്രത്യേകം പച്ചിലകൾ പുരട്ടിയ തീപ്പന്തവുമായി കയറി ജീവൻ പണയംവച്ചും ഇവർ തേൻ ശേഖരിക്കും.  ഇതിനെ ഗിരിജൻ സൊസൈറ്റിപോലുള്ള വിപണികളിൽ വില്പന നടത്തുന്ന ഇവർക്ക് വേണ്ടത്ര വേതനം ലഭിക്കാറുമില്ല.  വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന വയനാട്ടിലെ ഒരേ ഒരു ആദിവാസി സമുദായവും ഇവർതന്നെയാണ്. തേനിനു പുറമെ വിറക്, മെഴുക്, കുറുന്തോട്ടി, പുത്തരിചുണ്ട വിവിധയിനം കൂണുകൾ, മുളയുടെ കൂമ്പ് കാട്ടുകിഴങ്ങുകളായ നാരക്കിഴങ്ങ്, നൂറക്കിഴങ്ങ്, വെണ്ണിക്കിഴങ്ങ്, നെല്ലിക്ക എന്നിവയെല്ലാമാണ് പ്രധാനമായും വനത്തിൽ നിന്നും ഇവർ ശേഖരിച്ച് വിവണിയിൽ വിൽക്കുന്നത്. അതിന്റെ തുച്ഛമായ വരുമാനത്തിലാണ് ഇവരിൽ ഏറിയ പങ്കും ജീവിക്കുന്നത്.938A1164

കാട്ടുനായ്ക്കരുടെ പൂർവ്വീകർ കർണ്ണാടകയിൽ നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയവരാണെന്ന് വിശ്വസിക്കപ്പെടുന്നു.  കന്നടയുമായി വളരെ അധികം സാമ്യമുള്ള ലിപിയില്ലാത്ത ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ശിവ സങ്കൽപ്പമായ മാസ്തിയും, ഗുളികനും ആണ് ഇവരുടെ പ്രധാന ആരാധന മൂർത്തികൾ, വസ്ത്രധാരണത്തിൽ  മൈസൂർ ശൈലി ഇന്നും ഇവർ കാത്തു സൂക്ഷിക്കുന്നുണ്ട്. സ്ത്രീകളുടെ വേഷം ചേലയും മുണ്ടുമാണ്.  പുരുഷൻമാർ മുണ്ടും ഷർട്ടും ധരിക്കും. തങ്ങളുടെ സമുദായത്തെ അവരുടെ ഭാഷയിൽ വിശേഷിപ്പിക്കുന്നത് കുറുവാറ് എന്നാണ്. ജേന് കുറുവ എന്നും പറയാറുണ്ട്. ഇതിന്റെ മലയാള അർത്ഥം കുറുവാറ് എന്നാൽ കുടുംബനാഥൻ അല്ലെങ്കിൽ ഭർത്താവ് എന്നാണ്. ജേന് കുറുവ എന്നാൽ തേൻ എടുക്കുന്ന കുടുംബനാഥൻ എന്നാണ്. ഇവരുടെ വസസ്ഥലങ്ങളുള്ള ഭൂരിഭാഗം സെറ്റിൽമെന്റുകളും വനത്തിനുള്ളിലോ, വനാതിർത്തിയിലോ ആയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാലാവും കാടിന്റെ നാഥൻഎന്ന അർത്ഥത്തിൽ കാട്ടുനായ്ക്കൻ എന്ന് കാലന്തരത്തിൽ അറിയപ്പെടാൻ കാരണം. ഇവരുടെ ജീവിതശൈലിയും ആചാരാനുഷ്ഠാനങ്ങളും മറ്റ് ആദിവാസി ഗോത്രങ്ങളിൽ നിന്നും വിഭിന്നമാണ്.  ഇതിൽ ഏറ്റവും പ്രധാനം പെൺകുട്ടി ഋതുമതിയായാൽ നടത്തുന്ന വയസ്സ് കല്ല്യാണമാണ്.  ഇത് 7 ദിവസം മുതൽ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കും. എന്നാൽ താലികെട്ട് കല്ല്യാണം ഇവരുടെ ഇടയിൽ വളരെ അപൂർവ്വമായി മാത്രമേ നടക്കാറുള്ളു താനും ഒരു പെൺകുട്ടി ഋതുമതിയായാൽ ആ പെൺകുട്ടിയെ സഹായത്തിനായി പ്രായംകുറഞ്ഞ മറ്റൊരു പെൺകുട്ടിയോടൊപ്പം വീടിനടുത്ത് ചെറിയ കൂടാരം ഒരുക്കി അതിലേയ്ക്ക് മാറ്റും ആ പെൺകുട്ടിക്കുവേണ്ട ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും സഹായി ആയ പെൺകുട്ടി എത്തിച്ചുകൊടുക്കണം. കല്യാണ മുഹൂർത്തം വരെ ഈ പെൺകുട്ടിയെ മറ്റാരും കാണാനോ മിണ്ടാനോ അനുവദിക്കില്ല. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറായി അതിന് വേണ്ട ഒരുക്കങ്ങൾ നടത്തി എന്ന് കോളനിയുടെ അധികാരിയായ മൂപ്പനോട് പറയും. മൂപ്പൻ ഒരു ദിവസം നിശ്ചയിച്ച് വിവാഹദിവസം മറ്റ് പ്രായമായ ആൾക്കാരും ബന്ധുക്കളോടൊപ്പം കോളനിയിൽ എത്തും. തുടർന്നുള്ള ദൈവം കാണൽ ചടങ്ങിനുശേഷം ഋതുമതിയായ പെൺകുട്ടിയെ കുളിപ്പിച്ച് ശുദ്ധിയാക്കി മൂപ്പന്റെയും മറ്റ് മുതിർന്നവരു#െയും അനുഗ്രഹം വാങ്ങാൻ കൊണ്ടുവരും അപ്പോഴായിരിക്കും മാതാവും പിതാവും പുറമേ ഉള്ളവരുമടക്കം പെൻകുട്ടിയെ ആദ്യമായി കാണുന്നത്. അതുവരെ സഹായിയും പെൺകുട്ടിയും മാത്രമായിരിക്കും  ആ കൂടാരത്തിൽ താമസിക്കുക.  മൂപ്പന്റെയും പ്രായം ചെന്നവരുടെയും കാലുവണങ്ങി വെറ്റില അടയ്ക്ക വാങ്ങുന്നതോടെ വിവാഹം തുടങ്ങും. ഏതെങ്കിലും ചെറു മൃഗത്തിന്റെയോ കോഴിയുടെയോ മാംസം നിർബന്ധമായും ബന്ധു മിത്രാദികൾക്ക് നൽകിയിരിക്കണം.938A1153

ഭക്ഷണം കഴിഞ്ഞാൽ പിറ്റേ ദിവസം ഉച്ചവരെ ചെണ്ടയും കുഴലും ഊതി പരമ്പാരാഗത നൃത്ത ചുവടുകളും വെച്ച് എല്ലാവരും കല്ല്യാണം ആഘോഷിക്കും. അതിനു ശേഷം എല്ലാവരും പിരിഞ്ഞുപോകും. എന്നാൽ താലികെട്ട് കല്ല്യാണം ഇത്തരത്തിലല്ല. പെൺകുട്ടിക്കിഷ്ടപ്പെട്ട സ്വന്തം സമുദായത്തിലെ ഏതു ചെറുക്കനൊപ്പവും കുടുംബ ജീവിതം തുടങ്ങാം. ചെറുക്കനും പെണ്ണും ഇഷ്ടപ്പെട്ടാൽ ചെറുക്കൻ മാത്രം പെണ്ണിന്റെ കോളനിയിലെത്തി രണ്ടുമൂന്നു ദിവസം താമസിക്കും അതോടെ അവർ ഭാര്യാഭർത്താക്കൻമാരായി ജീവിതം തുടങ്ങും. ഭാര്യയ്‌ക്കോ, ഭർത്താവിനോ പിരിഞ്ഞുപോകുന്നതിനോ, മറ്റൊരു വിവാഹം കഴിക്കുന്നതിനോ യാതൊരു വിലക്കും ഈ സമുദായത്തിലില്ല. ഇഷ്ടമുള്ളപ്പോൾ ബന്ധം പിരിയും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കും. ഇവിരിൽ ഒരു വ്യക്തി മരിച്ചാലും ചടങ്ങുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. മരിച്ച വ്യക്തിയെ അടക്കം ചെയ്യണമെങ്കിൽ ആ കോളനിയുടെ അധികാരിയായ മൂപ്പനുള്ള കോളനിയിൽ അത്തി മൂപ്പനെ കൊണ്ടുവന്ന് ഒരു തൂമ്പ മണ്ണു വെട്ടി അടക്കം ചെയ്യാൻ ആവശ്യമായ സ്ഥലം ഗോത്രദൈവങ്ങളെ പ്രാർത്ഥിച്ച് മൂപ്പൻ സ്വന്തം കാലടിയിൽ അളന്നുകൊടുത്താൽ മാത്രമേ കുഴിപ്പണി തുടങ്ങാൻ സാധിക്കുകയുള്ളൂ. മരിച്ച വ്യക്തി ഉപയോഗിച്ച സാധനങ്ങൾ മുഴുവൻ മൃതദേഹത്തോടൊപ്പം അടക്കം ചെയ്യും. അതിനുശേഷം കുഴിമൂടി കൊട്ടമരത്തിന്റെ മുള്ളുവെയ്ക്കും അതിനുശേഷം കുഴിമാടത്തിൽ ഒരു പാത്രത്തിൽ വെള്ളവും ഒരു ഇലയിൽ വയലിൽ നിന്നു പിടിച്ച ഞണ്ടും വെക്കും ഇത് പരേതാത്മാവിന് മോക്ഷം ലഭിക്കുന്നതുവരെ കഴിക്കാനുള്ള ഭക്ഷണമെന്നാണ് വിശ്വാസം.  കുഴിമാടത്തിൽ വെച്ച വെള്ളവും ഞണ്ടും തീരുമ്പോൾ ആ ആത്മാവിന് മോക്ഷം കിട്ടിയെന്നു വിശ്വസിക്കുന്നു.

[/button] ക്യാമറ സ്വന്തമായി ഇല്ലാത്തതിനാൽ ചുള്ളിക്കാട് ഗ്രാമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ രണ്ടാം തവണ അവിടേക്ക് പോയ ഞാൻ ആക്രമിക്കാൻ വന്ന ആനയുടെ മുന്നിൽ നിന്നും ഇക്കഴിഞ്ഞദിവസം അത്ഭുതകരമായാണ് രക്ഷപെട്ടത്. ആനയിൽനിന്ന് ഓടി രക്ഷപ്പെട്ട് അന്ന് മടങ്ങിപ്പേരേണ്ടിവന്നു. പിന്നീട് സുഹൃത്തായ ഫോട്ടോഗ്രാഫർ സിബി പുൽപ്പള്ളിയുടെ മോട്ടോർ ബൈക്കിലാണ് ഞാനവിടെ എത്തിയത്. അവിടെക്കണ്ട കാട്ടുനായ്ക്കരുടെ ജീവിതാവസ്ഥ ഞങ്ങളെ ശരിക്കും വേദനപ്പെടുത്തി. വയനാട്ടിൽ അഗതികളെപ്പോലെ അലയുന്ന പട്ടിണിക്കാരായ ആദിവാസികളെ നിത്യവും കണ്ടുശീലിച്ച ഞങ്ങൾക്കുപോലും സഹിക്കാവുന്നതായിരുന്നില്ല, ആ ദയനീയമായ കാഴ്ച്ച. സിബി പുൽപ്പള്ളിയുടെ ചിത്രങ്ങൾ ചുള്ളിക്കാടിന്റെ ദയനീയാവസ്ഥയെക്കുറിച്ച് നിങ്ങളെ ബോദ്ധ്യപ്പെടുത്തും. വയനാട് വന്യജീവിസങ്കേതത്തിനുള്ളിൽ ഒറ്റപ്പെട്ട രണ്ട് ഗ്രാമങ്ങളിലായി ( സർക്കാരും പത്രങ്ങളും ആദിവാസിക്കോളനി എന്നാണ് പറയുക)  പതിനഞ്ചോളം കുടിലുകളിലായി അറുപതോളം കാട്ടുനായ്ക്കരാണ് താമസിക്കുന്നത്. ഇവരുടെ ജീവിതം തീർത്തും ദുസ്സഹമായ അവസ്ഥയിലാണ്.  കാടിന്റെ വിസ്തൃതി പല കാരണങ്ങളാൽ കുറഞ്ഞപ്പോൾ തീറ്റയും വെള്ളവുംതേടിയെത്തുന്ന വന്യമൃഗങ്ങളുടെ ആക്രമണം പതിവായതോടെ ഇവിടെ താമസിച്ചിരുന്ന പരമ്പരാഗത കൃഷിക്കാരായ വയനാടൻ ചെട്ടിമാരും മറ്റൊരു ആദിവാസി വിഭാഗമായ കുറുമരും ഏകദേശം നൂറ് ഏക്കറിൽ അധികമുള്ള കൃഷിഭൂമി ഉപേക്ഷിച്ച് ഏതാനും വർഷംമുമ്പ് മറ്റ് ദിക്കുകളിലേക്ക്  താമസം മാറ്റുകയായിരുന്നു. തലമുറകളായിത്തന്നെ കൃഷിഭൂമിയും കന്നുകാലിസമ്പത്തുമുള്ള ചെട്ടിമാരും പട്ടികവർഗ്ഗക്കാരായ കുറുമരും ഇവിടെനിന്ന് രക്ഷപ്പെട്ടപ്പെട്ടുവെങ്കിലും അവരെ ആശ്രയിച്ച് ജീവിച്ചിരുന്ന ഭൂരഹിതരായ കാട്ടുനായ്ക്കരെ ഈ തടവിൽനിന്ന് മോചിപ്പിക്കുവാൻ ആരുമെത്തിയില്ല.അവർക്കാകട്ടെ കൂലിപ്പണിക്കുപോലും പുറത്തുപോയി വരാൻ കഴിയാത്ത അവസ്ഥയാണ്. അഥവാ പണിക്ക് പോയാൽ തന്നെ, വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴിയിലൂടെ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രമേ തിരിച്ച് സ്വന്തം കുടിലിൽ മടങ്ങിയെത്താൻ കഴിയൂ. കഴിഞ്ഞ ആറ് മാസത്തിനിടയിൽ പുറത്ത് ജോലിക്കുപോയി മടങ്ങുകയായിരുന്ന രണ്ടു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.  ഇവരുടെ കുടുംബങ്ങൾക്കാകട്ടെ അർഹിക്കുന്ന ധനസഹായം ലഭിച്ചിട്ടുമില്ല.938A1147

ഒരോവർഷവും അനവധി കോടികളാണ് ആദിവാസികളുടെപേരിൽ സർക്കാർ ചെലവിടുന്നത്. ആദിവാസികളുടെ ദുരിതത്തെക്കുറിച്ച് പത്രവാർത്തവന്നാലുടനെ കോടികൾ വകയിരുത്തിയതായി പ്രഖ്യാപനം വരും. അതുകൊണ്ടുള്ള ഗുണം കരാറുകാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കൾക്കും മാത്രമാണെന്ന് ആദിവാസികൾക്ക് മാത്രമല്ല, മുഴുവൻ വയനാട്ടുകാർക്കും അറിയാം. അനുവദിച്ച തുകയത്രയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും വീതംവെച്ചെടുക്കും. എത്രയോ വർഷങ്ങളായി ഏത് സർക്കാർ ഭരിച്ചാലും നടക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത ഇക്കൂട്ടരുടെ ഈ അഴിമതിതന്നെയാണ്. ചെലവഴിച്ച കോടികളുടെ കണക്കുപറഞ്ഞ് മേനി നടിക്കുവാനല്ലാതെ സ്വന്തം ജില്ലയിലെ ഒറ്റപ്പെട്ട ആദിവാസിഗ്രാമങ്ങൾ നേരിട്ടുകാണാൻപോലും ആദിവാസിവിഭാഗത്തിൽനിന്നുതന്നെ മന്ത്രിയായ വനിതയും തയ്യാറായില്ല. അതുകൊണ്ടുതന്നെയാണ് ജനം ഇത്തവണ അവരെ പരാജയപ്പെടുത്തിയത്.

[button color=”” size=”” type=”square” target=”” link=””]ആദിവാസിപദ്ധതികളുടെ പണം ആരാണ് തട്ടിയെടുക്കുന്നതെന്ന് ആദിവാസിയായ മന്ത്രിപോലും അന്വേഷിച്ചില്ല. വയനാട്ടുകാരിയായ ആദിവാസി പ്രതിനിധിയായ മന്ത്രി വയനാട്ടിലെ എത്ര ആദിവാസിഗ്രാമങ്ങൾ നേരിൽക്കണ്ടിട്ടുണ്ട്? [/button]ഉദ്ഘാടനച്ചടങ്ങുകളിൽ പൊലീസകമ്പടിയോടെ ഓടിനടന്നതല്ലാതെ കാട്ടുനായ്ക്കരെയും പണിയരെയും അടിയന്മാരെയും ഊരാളികളെയുംപോലുള്ള ആദിവാസികൾ പാർക്കുന്ന ഒരൊറ്റ ഗ്രാമത്തിലും ഒരിക്കലെങ്കിലും പി.കെ. ജയലക്ഷ്മി എന്ന മന്ത്രി എത്തിയതായി എനിക്കറിയില്ല. ആദിവാസികളുടെ പേരുപറഞ്ഞ് നടക്കുന്ന കൊള്ളയെപ്പറ്റി ഇയ്യിടെ വയനാട് സന്ദർശിച്ച മനുഷ്യാവകാശ കമ്മിഷനും രൂക്ഷമായി പ്രതികരിച്ചിരുന്നു. വയനാട്ടിൽ മാത്രം നടന്ന കോടികളുടെ  അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. അതും വെറുമൊരു പത്രവാർത്തയാവുകയേ ഉള്ളൂ എന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്.938A1226

ആദിവാസി ഭവനനിർമ്മാണത്തിന് മുടക്കുന്ന സർക്കാർ ഫണ്ടും പതിവായി കൊള്ളയടിക്കപ്പെടുകയാണ്. കാട്ടുനായ്ക്ക ഗ്രാമമായ ചുള്ളിക്കാട്ടും ഇതാണ് അവസ്ഥ. താങ്ങുകാലുകളുടെ സഹായത്തോടെ കുത്തിനിർത്തിയ പാതി പൊളിഞ്ഞ കുടിലുകളിൽ938A1233 മഴനനഞ്ഞ് ജീവിക്കുന്ന കണ്ണിനു കാഴ്ചയില്ലാത്ത തൊണ്ണൂറുകാരനായ ചുള്ളിക്കാട്ടെ ഊരുമൂപ്പൻ ചെന്നന്റെ ജീവിതം ഏതു മനുഷ്യന്റെയും കണ്ണു നനയിപ്പിക്കുന്നതാണ്. ആവശ്യക്കാരന് ഒന്നും ലഭിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വൃദ്ധന്റെ ജീവിതം. ഭക്ഷണത്തിനുപകരം പലപ്പോഴും ചിതൽപ്പുറ്റിലെ മൺകട്ട പൊട്ടിച്ചെടുത്ത് തീയിൽ ചുട്ട് തിന്നാണ് പലപ്പോഴും ഈ വൃദ്ധൻ വിശപ്പടക്കാറുള്ളത്. ആദിവാസിക്കോളനികളിൽ തേനും പാലുമൊഴുക്കുകയാണെന്ന് പറയുന്നവർ ഇതൊന്ന് വന്നുകാണണം. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ അനവധി വൃദ്ധസദനങ്ങൾ ഉള്ളപ്പോഴാണ് ഈ വൃദ്ധൻ കാടിനുനടുവിൽ ഇത്തരമൊരു ദുരിത ജീവിതം നയിക്കുന്നത് എന്നോർക്കണം. അയാൾക്ക് ഭക്ഷണം നൽകാൻപോലും കഴിയാത്ത ഒരു സർക്കാരും ആദിവാസിക്ഷേമ വകുപ്പും എന്തിനാണ്?  തീവെട്ടിക്കൊള്ളയാണ് ആദിവാസിക്ഷേമത്തിന്റെ മറവിൽ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ആരും ഇത് കണ്ടതായി നടിക്കുന്നില്ല.

ചുള്ളിക്കാട് എന്ന വനാന്തരഗ്രാമത്തിൽ എത്താൻ തൊട്ടടുത്ത ഗ്രാമമായ വേലിയമ്പത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരത്തോളം കാട്ടുപാത മാത്രമേ ഉള്ളു. മഴക്കാലമായാൽ ഇതുവഴി നടന്നുപോകുവാൻ കൂടി കഴിയാത്ത അവസ്ഥയിലാണ്.  ഒരു വീട്ടിലും കക്കൂസോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഭാരതസർക്കാറിന്റെ പരസ്യത്തിൽ പറയുന്ന ശോചനാലയങ്ങളാണ് ഓരോ ആദിവാസിക്കുടിലും. ശൗചാലയത്തെ ശോചനാലയമാക്കുന്ന ആ വിചിത്രമായ പരസ്യവാചകം ദു:ഖിതരായ ആദിവാസികളുടെ വീടുകൾക്കാണ് ശരിക്കും യോജിക്കുക. ചുള്ളിക്കാട്ടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത് വനത്തിനുള്ളിലാണ്. ഇവരെ കാടിനുപുറത്ത് സുരക്ഷിതമായ ദിക്കിൽ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.  ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.  ഈയിടെ നിലവിൽ വന്ന ആദിവാസി വനാവകാശ നിയമപ്രകാരം വനത്തിനുള്ളിൽ ദുരിതമനുഭവിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ഇവർക്ക് അതും ലഭിച്ചില്ല. മറ്റൊരു ആദിവാസി സമുദായത്തിൽപ്പെട്ട എം.എൽ.എ. ആണ് തുടർച്ചയായി രണ്ടാം തവണയും ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആദിവാസിഗ്രാമത്തിൽ വെളിച്ചമെത്തിക്കാനോ കുടിവെള്ളം എത്തിക്കാനോ കഴിഞ്ഞിട്ടില്ലെന്നറിയുമ്പോഴാണ് ആദിവാസികൾതന്നെ എം.എൽ.എയും മന്ത്രിയുമായാൽപ്പോലും ആദിവാസികളെ തിരിഞ്ഞുനോക്കില്ലെന്ന വാസ്തവത്തിന്റെ ഭീകരത വ്യക്തമാവുക. ഒരു കിലോമീറ്റർ അകലെ ഉള്ള കാട്ടുചോലയിലെ വെള്ളം ശേഖരിച്ചാണ് ഈ പാവങ്ങൾ ജീവിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായെന്ന നിരന്തരമായ മുറവിളിയെത്തുടർന്ന് ഒരു മാസം മുമ്പ് കോളനിക്ക് ചുറ്റും സോളാർ ഉപയോഗിച്ചുള്ള വൈദ്യുത കമ്പിവേലി സ്ഥാപിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ ആന അതെല്ലാം നശിപ്പിച്ചു. പിന്നീടാരും അക്കാര്യം ഗൗനിച്ചില്ല. കഞ്ഞികുടിക്കാൻ നിവൃത്തിയില്ലാത്ത ആദിവാസിക്ക് സ്വന്തമായി കമ്പിവേലി കെട്ടാൻ എങ്ങനെ കഴിയും?

ചുള്ളിക്കാട് ആദിവാസി കോളനിയിൽ പുറമേനിന്ന് ആളുകൾ എത്തുന്നത് തിരഞ്ഞെടുപ്പുകാലത്തുമാത്രം. വരുന്നവർ വാഗ്ദാനങ്ങൾ നൽകി വോട്ടുറപ്പിച്ച് പതിവുപോലെ മടങ്ങും. വനാന്തർഭാഗത്തെ ഈ കോളനിയുടെ ക്ഷേമത്തിനായി ട്രൈബൽ ഡിപ്പാർന്റുമെന്റും മറ്റു വകുപ്പുകളും നിയമിച്ച ആശാവർക്കർ, ട്രൈബൽ പ്രമോട്ടർ, സോഷ്യൽ വർക്കർ, സോഷ്യൽ ആക്ടിവിസിറ്റുകൾ, എന്നിവരെല്ലാം തന്നെ വനിതകളാണ്. അതിനാൽ തന്നെ ഇവർക്കാർക്കും കോളനിയിൽ എത്തിപ്പെടാൻ സാധിക്കാറുമില്ല. അവരെ എന്തിന് കുറ്റം പറയാണം. സ്ത്രീകൾക്ക് ഈ കാട്ടിലൂടെ അവിടെയെത്താനാവില്ലെന്ന് അറിയാത്തവരാണോ സ്ത്രീകളെത്തന്നെ ഇവിടെ നിയമിച്ചത്? കിലോമീറ്റർ അകലെയുള്ള റേഷൻ കടയിൽനിന്നും സ്ത്രീകളും കുട്ടികളും റേഷൻ വാങ്ങി ഓരോ ആഴ്ചയും തിരിച്ചു വരുന്നത് ജീവൻ പണയം വെച്ചാണ്. രാത്രിയിൽ ആർക്കെങ്കിലും പെട്ടെന്ന് അസുഖം ബാധിച്ചാൽ ആശുപത്രിയിലെത്തിക്കാനും മാർഗ്ഗമില്ല. പുലരുംവരെ കാത്തിരിക്കാനേ കഴിയൂ. അപ്പോഴേക്കും ചിലപ്പോൾ രോഗി മരിച്ചിരിക്കും. അല്ലെങ്കിൽ കൂടുതൽ അവശനിലയിലായിട്ടുണ്ടാവും.

ഈ കാട്ടുനായ്ക്ക ഗ്രാമം നേരിടുന്ന മറ്റൊരു പ്രധാന ആരോഗ്യ പ്രശ്‌നം പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മാലിന്യ നിക്ഷേപമാണ്. അതിനും പുറമെ ഒരു പൊതു ശ്മശാനവും ഇവിടെയുണ്ട്. നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ദിവസേന ട്രാക്ടർ ഉപയോഗിച്ച് കോളനിക്ക് മുപ്പത് മീറ്റർ മാത്രം അകലെയാണ്  നിക്ഷേപിക്കുന്നത്. അങ്ങാടികളിൽനിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക്കും ബാർബർ ഷോപ്പുകളിലെ മുടിയുമെല്ലാം ഇവിടെകൂട്ടിയിട്ടാണ് കത്തിക്കുന്നത്. മാലിന്യത്തിനുപുറമെ ഈ ദുർഗ്ഗന്ധവുംകൂടിയാകുമ്പോൾ ഭക്ഷണംപോലും കഴിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. മൂക്കുപൊത്തിയിരിക്കേണ്ട ഗതികേടാണെന്നാണ് കോളനിയിലെ കാളൻ ഉൾപ്പെടെയുള്ള ആദിവാസികൾ പറയുന്നത്. മഴക്കാലമായാൽ കോളനിയിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധമാണ്. പന്നി, കുരങ്ങ്, ആന തുടങ്ങിയ വന്യമൃഗങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിന്നാനായും ഇവിടെയെത്തുന്നു. മനുഷ്യരെയും മൃഗങ്ങളെയും നിത്യരോഗികളാക്കുന്ന ഈ മാലിന്യനിക്ഷേപം ഒരാദിവാസിക്കോളനിയുടെ പരിസരത്തുതന്നെ വേമെന്ന് എന്തിനാണ് പഞ്ചായത്ത് ശഠിക്കുന്നതെന്നറിയില്ല.  പന്നിയും മറ്റും ശവക്കുഴികളിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തിടാറുണ്ട്. ഇവിടെയുള്ള പൊതുശ്മശാനത്തിലെ ചതുപ്പുനിലത്ത് കുഴിച്ചിട്ട അനാഥ മൃതശരീരങ്ങളുടെ തലയും കൈകാലുകളും കോളനിക്കാർക്ക് പലപ്രാവശ്യം വീണ്ടും വീണ്ടും കുഴിച്ചു മൂടേണ്ടി വന്നിട്ടുണ്ട്.  ഇപ്പോൾ കോളനി വാസികൾക്ക് പലവിധത്തിലുള്ള മാറാരോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുന്നു. അടുത്തകാലത്ത് ആന കുത്തിക്കൊന്ന തെണ്ടുക്കന്റെ മക്കളായ ജിത്തു, മിനി എന്നിവർക്ക് ശരീരത്തിൽ മുഴുവൻ തീപ്പൊള്ളൽ ഏറ്റപോലുള്ള വൃണമാണ്. പലവിധ ചിക്തിത്സകൾ നടത്തിയിട്ടും യാതൊരു ഫലവുമില്ല. പല മാരക രോഗങ്ങൾക്കും പച്ചമരുന്ന് അറിയാമായിരുന്ന ഇവരുടെ പഴയ തലമുറ ഈ പുതിയ രോഗങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. ആദിവാസികൾക്ക് ചികിത്സ നൽകാൻ ഉത്തരവാദപ്പെട്ട സർക്കാർ വകുപ്പുകളും ട്രൈബൽ അധികാരികളും ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പ്രതിനിധീകരിക്കാനോ പ്രതികരിക്കാനോ ആരുമില്ലാത്ത ഇവർ സ്വയം ജന്മത്തെ ശപിച്ച് ജീവിതം തള്ളി നീക്കുകയാണിപ്പോൾ.

വയനാട്ടിലെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന ആദിവാസി സമുദായങ്ങൾ കാട്ടുനായ്ക്കരും, അടിയരും, പണിയരുമാണ്. പലവിധ പ്രലോഭനങ്ങളിൽപ്പെടുത്തി ഇവരുടെ സ്ത്രീകളെ അച്ഛനില്ലാത്ത അനാഥകുട്ടികളുടെ അമ്മമാരാക്കുന്നതിൽ മുഖ്യധാര സമൂഹത്തിന് വലിയ പങ്കുണ്ട്.  ലൈംഗികചൂഷണത്തിന് ഇരകളായ അറുനൂറോളം ആദിവാസി സ്ത്രീകൾ വയനാട്ടിലുണ്ടെന്നാണ് കണക്ക്. ഇതിനെതിരെ പരാതിപ്പെടാനോ എതിർക്കാനോ പലപ്പോഴും ഇവർക്ക് കഴിയാറുമില്ല. മദ്യവും പുകയിലയും, പണവും നൽകി ഇവരെ ഒന്നിനും പറ്റാത്തവരാക്കി തീർക്കുന്നു.  ആദിവാസികളെ മദ്യപാനിയായും സമൂഹത്തിന് കൊള്ളരുതാത്തവനുമാക്കി ചിത്രീകരിക്കുന്നതിൽ പലപ്പോഴും മുഖ്യധാര മാധ്യമങ്ങൾ മത്സരിക്കാറുണ്ട്. മാധ്യമങ്ങൾ മാത്രമല്ല ഇതിനുപിന്നിൽ  ഉദ്ദ്യോഗസ്ഥ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദിവാസിയെ സമൂഹത്തിന്റെ കുപ്പതൊട്ടിയിൽ തള്ളിയാൽ മാത്രമേ വർഷാവർഷം സർക്കാർ നൽകുന്ന കോടികൾ ആദിവാസികൾക്കാവശ്യമില്ലാത്ത പുതിയ പുതിയ പദ്ധതികൾ ഉണ്ടാക്കി കൊള്ളയടിക്കാനാവൂ എന്ന് അവർക്കറിയാം. പൊതു ജനങ്ങളുടെ നികുതി പണമാണ് ആദിവാസികളെ മറയാക്കി ഇവർ തട്ടിയെടുക്കുന്നത്. വയനാട്ടിൽ ആകെ ഒന്നര ലക്ഷത്തോളം ആദിവാസികളേയുള്ളൂ. എന്നാൽ വർഷംതോറും ആയിരംകോടിയിലേറെ രൂപയാണ് ഇവരുടെപേരിൽ ഈ മാഫിയാസംഘം കൊള്ളയടിക്കുന്നത്.

[button color=”” size=”” type=”square_outlined” target=”” link=””]കാട്ടുനായ്ക്കരുടെ ക്ഷേമത്തിനായി മാത്രം ഉണ്ടാക്കിയ മുത്തങ്ങയിലെ രാജീവ്ഗാന്ധി റസിഡൻഷ്യൻ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ്ടു കഴിഞ്ഞാൻ എന്തു പഠിക്കുന്നുവെന്ന് ആരൂം അന്വേഷിക്കാറില്ല. 95% വിദ്യാർത്ഥികളും ദാരിദ്ര്യംമൂലം പഠിപ്പു നിർത്തി മറ്റു തൊഴിലുകളിലേയ്ക്ക് പോകുന്നു. [/button]അപൂർവ്വം ആളുകൾ മാത്രമേ തുടർ പഠനത്തിന് പോകുന്നുള്ളു. സർക്കാറിന്റെ ഉത്തരവാദിത്വം അതോടെ തീർന്നു. അവർ വിദ്യാസമ്പന്നരായാൽ മാഫിയകളുടെ കൊള്ള നിലയ്ക്കുമെന്ന പേടിയാണ് ഉദ്യോഗസ്ഥ-രാഷ്ട്രീയ-കോൺട്രാക്ടർ കൂട്ടുകെട്ടിന്. ഈ മാഫിയയെ തകർക്കാതെ ആദിവാസികൾക്കുവേണ്ടി കോടികൾ ചെലവഴിക്കുന്ന സർക്കാർ ചെയ്യുന്നത് മറ്റൊരു ക്രിമിനൽ കുറ്റമാണ്. പുതിയ മന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. കഴിഞ്ഞകാലത്തെ തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷമമാണ് ആദ്യം വേണ്ടത്.  ഗതിവശാൽ ആദിവാസിക്ഷേമത്തിനുമാത്രമായി ഇപ്പോൾ കേരളത്തിൽ പ്രത്യേകം ഒരു മന്ത്രിയുമില്ല.

ഇവരുടെ യഥാർത്ഥ ആവശ്യം മനസ്സിലാക്കി അത് പരിഹരിക്കാൻ ആവശ്യമായ പുതിയ കർമ്മ പദ്ധതികൾ അടിയന്തരമായി നടപ്പിൽ വരുത്തണം. അതിന് ഓരോ ആദിവാസി സമുദായത്തിനും പ്രത്യേകം പ്രത്യേകം പദ്ധതികൾ ഓരോ പ്രദേശത്തിന്റെയും സമുദായത്തിന്റെയും സ്വഭാവം നോക്കി രൂപീകരിക്കണം. അല്ലാതെ എന്തു കൊടുത്താലും ആദിവാസി നന്നാകില്ല എന്ന പാഴ്‌മൊഴി പറയുകയല്ലാ വേണ്ടത്.  ആദിവാസികളുടെ ക്ഷേമത്തിനായുള്ള ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് കാട്ടുനായ്ക്കരുടെ ക്ഷേമത്തിനായി മാത്രമുള്ള പി.വി.റ്റി.ജി.പ്രോജക്ട് ഇവരെല്ലാം ചെയ്യുന്നത് വീടുകിട്ടിയവന് വീണ്ടും വീണ്ടും വീടു നൽകി ഒരു വീടുപോലും പൂർത്തീകരിക്കാതിരിക്കലാണ്.  ഇതിലൂടെ തന്നെ സർക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഓരോ വർഷവും ഉണ്ടാവുന്നുണ്ട്.  കടലാസിൽ എല്ലാ ക്ഷേമങ്ങളുമുണ്ടെങ്കിലും ഒരു അസുഖം വന്ന് ട്രൈബൽ ഓഫീസുകളിൽ എത്തിയാൽ നൂറ് രേഖകൾ ഹാജരാക്കിയാൽ മാത്രമേ പാവപ്പെട്ട രോഗിക്ക് അഞ്ഞൂറോ ആയിരമോ ലഭിക്കുകയുള്ളൂ. ആദിവാസികളുടെ മുന്നിലും ചുവപ്പുനാടയുടെ കുരുക്ക് കൂടുതൽകൂടുതൽ മുറുകുകയാണ്. പല വകുപ്പുകൾ പലവഴിക്ക് കോടികൾ ചിലവഴിക്കുന്നകയാണിപ്പോൾ. അത് പാടില്ല. ഏകജാലകസംവിധാനം വന്നാലേ ഇന്നത്തെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിക്കൂ. ഇതുപറയാനും ഇവിടെ ആദിവാസി നേതാക്കളും ആദിവാസി എം.എൽ.എമാരുമില്ല.938A1250

ആദിവാസികൾ പൊതു സമൂഹത്തിൽനിന്നും അകന്നുനിൽക്കേണ്ടവരല്ല. അവർ പൊതു സമൂഹത്തോടൊപ്പം തന്നെ ഉയരേണ്ടവരാണ്.  ഭരണകൂടവും പൊതു സമൂഹവും അല്പം മനസ്സുവെച്ചാൽ ആദിവാസികളുടെ ദുരിതങ്ങൾ അവസാനിപ്പാൻ കഴിയും. ആദിവാസി ക്ഷേമമെന്ന പേരിൽ പുതിയ പുതിയ പാക്കേജുകൾ നൽകി ഇവരെ വഞ്ചിക്കുന്ന ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും വീക്ഷണത്തിൽ കാര്യമായ മാറ്റം വരേണ്ടതുണ്ട്.  ഓരോ കോളനിയുടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി അവിടുത്തെ യഥാർത്ഥ ആവശ്യം അറിഞ്ഞ് അവരുടെ തനത് ആചാരാനുഷ്ഠാനങ്ങളുടെ തനിമയും സംസ്‌കാരവും കാത്തുരക്ഷിച്ച് ആദിവാസികളെ അവരാക്കി മാറ്റുന്ന ഒരു പുതിയ സമഗ്രനയരൂപീകരണം നടത്തണം. അഴിമതിക്ക് പഴുതുനോക്കുന്ന ഉദ്യോഗസ്ഥരല്ല, ആദിവാസികളെ അറിയുകയും സ്‌നേഹിക്കുകയുംചെയ്യുന്ന സാമൂഹികപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാവണം ആദിവാസിപദ്ധതികൾ നടപ്പാക്കേണ്ടത്.

-രാമചന്ദ്രൻ കണ്ടാമല.
(m) 8086375828

ചിത്രങ്ങൾ: സിബി പുൽപ്പള്ളി

Comments

comments