[button color=”black” size=”2000″ type=”square” target=”” link=””]”അവ നിരോധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അതാകുമായിരുന്നു nadine1അവയോടും എന്നോടുമുള്ള അവഹേളനം. ഇതൊരു ബഹുമതിയാണ്‌.” (വര്‍ണവെറിക്കാലത്ത്‌ തന്റെ നോവലുകൾ സ്ഥിരമായി ഭരണകൂടത്താല്‍ നിരോധിക്കപ്പെട്ടിരുന്നതിനെക്കുറിച്ച്‌   ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ്‌  നദീന്‍ ഗോര്‍ദൈമർ നടത്തിയ പരാമര്‍ശം)[/button]

ഭൂമിശാസ്‌ത്ര അതിരുകളും അവയെ സംരക്ഷിക്കാനുള്ള വെടിക്കോപ്പുകളും കടലുകളിലെ അന്തര്‍വാഹിനിക്കപ്പലുകളും അയല്‍/ശത്രു രാഷ്‌ട്രത്തിനു തൊട്ടിപ്പുറത്തുള്ള മഞ്ഞുപാളികളും മണല്‍മരുഭൂമികളും വിമുക്തസേനാഭടന്മാരുടെ പാനോപചാരങ്ങളും, പിന്നെ പഴം/നവ പുരാണങ്ങളും ദൈവരക്ഷാകര്‍തൃത്വങ്ങളും കടന്ന്‌ മനുഷ്യശരീരങ്ങളിലേക്ക്‌ രാഷ്‌ട്രം എന്ന്‌ വിളിക്കപ്പെടുന്ന ഭീതിയുടെ അധിനിവേശം എത്തിയും കടന്നും ചുരന്നും വെട്ടിപ്പിളര്‍ന്നും തീയിട്ടും നോക്കുന്നതും തുരന്നെടുക്കുന്നതും എങ്ങിനെ എന്ന ആലോചനയാണ്‌ ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്‌സ്‌ എന്ന സിനിമയെ സംവാദാത്മകവും അത്യന്തം കാലികപ്രസക്തവുമാക്കുന്നത്‌. സദാചാരം, മതം, കല, അയല്‍പക്കം, ലിംഗപദവി, ലൈംഗികത, പിതൃത്വം, ബന്ധങ്ങള്‍, തൊഴില്‍ശാല, രാഷ്‌ട്രീയം എന്നിങ്ങനെ ഏറെ സാധാരണമായ വ്യവഹാരമണ്‌ഡലങ്ങളുടെ ബലതന്ത്രങ്ങള്‍ അന്വേഷിക്കുന്നതിലൂടെയാണ്‌ രാഷ്‌ട്രം എന്ന ഭീമാകാരമായ സംസ്‌ക്കാരം, ഹോമോസാപ്പിയന്‍സിന്റെ ശരീരങ്ങളെ തടവറകളാക്കുന്നത്‌ എന്നാണീ ചിത്രത്തില്‍ തുറന്നു കാണിക്കുന്നത്‌. ഹോമോസാപ്പിയന്‍സിന്റെ പ്രാഥമികതയും രാഷ്‌ട്രം/സംസ്‌ക്കാരത്തിന്റെ ദ്വിതീയതയും ചേരുമ്പോള്‍ സത്യത്തിലുണ്ടാകേണ്ട മാനവികത എന്തുകൊണ്ടാണ്‌ അസാധ്യമായിത്തീരുന്നതെന്നതാണ്‌ കാണിയെ ഉത്‌ക്കണ്‌ഠപ്പെടുത്തുന്നത്‌.ka-b-1

ശാഖയില്‍ കബഡി കളിക്കുന്ന വിഷ്‌ണുവിന്റെ ശരീരദൃശ്യങ്ങള്‍ പല കോണില്‍ നിന്നും അകലങ്ങള്‍ മാറ്റിയും ഫോട്ടോയെടുക്കുന്ന ചിത്രകാരനും സുഹൃത്തും കാമുകനുമായ ഹാരിസിന്റെ ക്യാമറയില്‍ നിന്നാണ്‌ സിനിമ ആരംഭിക്കുന്നത്‌. വിഷ്‌ണുവിന്റെ മുലക്കണ്ണിന്റെയും കടിപ്രദേശത്തിന്റെയും കാലുകളുടെയും തുടകളുടെയും മസിലുകളുടെയും സമീപ ദൃശ്യങ്ങള്‍, ലെന്‍സിലെന്നതിലേറെ കണ്ണുകളില്‍ തുടിക്കുന്ന അനുരാഗത്തോടെ അവന്‍ ഒപ്പിയെടുക്കുന്നു. എന്നാല്‍ ക്യാമറയെക്കാളേറെ ബ്രഷിലാണ്‌ അവന്റെ മികവ്‌. അമ്മാവനും ഹിന്ദുത്വവാദിയുമായ ഭക്തവത്സലന്റെ ഭാരതഭൂമി എന്ന പത്രത്തില്‍ ട്രെയിനിയായി നഗരത്തിലെത്തുന്ന വിഷ്‌ണുവും, ചിത്രകാരനായ ഹാരിസും ഒരേ വീട്ടില്‍ താമസമാക്കുന്നു. വിഷ്‌ണു തന്റെയടുത്തുണ്ടാവണമെന്നത്‌ ഹാരിസിന്റെയും ആഗ്രഹമായിരുന്നു. സങ്കീര്‍ണമായ കഥാപാത്രപ്പിരിവുകളാണ്‌ ഇവിടെ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ഹിന്ദുത്വവാദികളുടെ കുടുംബം; അതേ ആശയഗതിയുള്ള പത്രം നടത്തിപ്പുകാരനും സ്വയം പ്രഖ്യാപിത സംസ്‌ക്കാര സംരക്ഷകനുമായ ഭക്തവത്സലന്‍ എന്നു പേരുള്ള അമ്മാമന്‍; ഉള്‍നാടന്‍ ഗ്രാമത്തിനുള്ളിലെ ശാഖയിലെ നിത്യ സന്ദര്‍ശകനും കബഡി കളിക്കാരനും ശരീരമികവും വടിവുമുള്ളവനും നിറയെ രോമങ്ങളുള്ള കറുത്ത തൊലിയോടു കൂടിയവനുമായ വിഷ്‌ണു; വിഷ്‌ണുവിന്റെ സുഹൃത്തും ശരീരാരാധകനും കാമുകനും അതോടൊപ്പം ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഹാരിസ്‌ എന്ന കലാകാരന്‍; ഹാരിസിന്റെ സുഹൃത്തും സ്വന്തം ശരീരത്തിന്റെ ആസക്തികളും പ്രവര്‍ത്തനങ്ങളും ചോദ്യചിഹ്നങ്ങളും നിരോധനങ്ങളുമായി മാറുന്നതിനെതിരെ പ്രതിഷേധിക്കുന്ന സിയ എന്നിങ്ങനെയാണ്‌ കഥാപാത്രങ്ങളുടെ ബന്ധങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌. ഹാരിസും വിഷ്‌ണുവും തമ്മില്‍ കാമനയുടേതെന്ന പോലെ, കലയുടെയും ഒരു ബാന്ധവമുണ്ട്‌. ഹാരിസിന്റെ ചിത്രങ്ങളുടെ മോഡല്‍ കൂടിയാണ്‌ വിഷ്‌ണു. ജീവിതം, ആശയം, സ്‌നേഹം, ആവിഷ്‌ക്കാരം, കല, എന്നീ പ്രത്യക്ഷങ്ങള്‍ക്കൊക്കെയും അതിരുകളും തടവറകളും നിശ്ചയിക്കപ്പെടുകയും അതിനുള്ളില്‍ ശരീരവും ആത്മാവും വരിഞ്ഞുമുറുക്കപ്പെടുകയും ചെയ്യുന്ന അധികാരത്തിന്റെയും രാഷ്‌ട്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാനായിരിക്കണം ഈ വിചിത്രമായ കഥാപാത്രബന്ധങ്ങളുടെ വളവുതിരിവുകള്‍ കല്‍പ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു.

സ്വവര്‍ഗാനുരാഗവും ആണ്‍ ശരീര മനോഹാരിതയും പ്രമേയമാകുന്ന ചിത്രങ്ങളാണ്‌ വിഷ്‌ണുവിന്റേതധികവും. സമകാലീന ഇന്ത്യ പോലുള്ളതും എന്തിനും ഏതിനും അസഹിഷ്‌ണുത നിറഞ്ഞു നില്‍ക്കുന്നതുമായ ഒരു നവ-യാഥാസ്ഥിതിക സമൂഹത്തിലെ അഭിനവ രക്ഷാകര്‍ത്താക്കള്‍ക്ക്‌ ഒറ്റ നോട്ടത്തില്‍ തന്നെ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ്‌ ഈ പെയിന്റിംഗുകളുടെ പ്രമേയങ്ങളും രചനാ വിന്യാസങ്ങളും. വ്യക്തമാക്കപ്പെടുന്ന കലാസൃഷ്‌ടികളുടെ മികവ്‌ അഥവാ കലാപരത എന്നതിനേക്കാള്‍, വര്‍ത്തമാനകാല ഇന്ത്യന്‍/കേരള സാമൂഹിക പൊതുബോധത്തെ അതിന്റെ ഇര-മര്‍മ്മങ്ങളില്‍ നിന്ന്‌ വ്യാഖ്യാനിക്കുന്ന രാഷ്‌ട്രീയ കരുക്കളായി വേണം അവയെ നിര്‍ണയിച്ചെടുക്കാന്‍. ഹിന്ദുത്വ വാദികള്‍ക്കെന്നതു പോലെ, മുസ്ലിം യാഥാസ്ഥിതികര്‍ക്കും അലോസരമുണ്ടാക്കുന്നതാണ്‌ ഈ ചിത്രങ്ങളെന്ന്‌ സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്‌. മുസ്ലിം സമുദായക്കാരനായ വീട്ടുടമ, വാടക കൃത്യമായി തരാത്തതിനു മാത്രമല്ല, ഇത്തരം ആഭാസകരമെന്നു വിവക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ വരച്ചു തൂക്കുന്നതിനും പ്രദര്‍ശിപ്പിക്കാനും വില്‍ക്കാന്‍ ശ്രമിക്കുന്നതിനുമാണ്‌ ഹാരിസിനെ ശകാരിക്കുന്നത്‌. ഇതേ മനോഭാവമാണ്‌, പിന്നീട്‌ മുറിയില്‍ പെണ്‍കുട്ടിയുണ്ടായിരുന്നു എന്നു പറഞ്ഞ്‌, ഹാരിസിനെയും കൂട്ടുകാരെയും അടിച്ചിറക്കുന്ന സദാചാരപ്പോലീസായി പരിണമിക്കുന്നതും. അധികാരവും രാഷ്‌ട്രവും അയല്‍ക്കാര്‍, വീട്ടുടമ, സമുദായം എന്നിങ്ങനെയുള്ള അനൗദ്യോഗിക സംവിധാനങ്ങളിലൂടെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന്റെ വ്യക്തമായ വിശദീകരണങ്ങളാണിവ.

പുരുഷ ശരീരങ്ങളും അവയുടെ പരസ്‌പരാനുരാഗങ്ങളും അതിന്‌ സമൂഹവും ഭരണകൂടവും ഏര്‍പ്പെടുത്തിയ വിലക്കുകളും മാത്രമല്ല, ക ബോഡി സ്‌കേപ്പ്‌സിനെ അത്യന്തം ശരീര-രാഷ്‌ട്രീയ ഭരിതമാക്കുന്നത്‌. സ്‌ത്രീ ശരീരം; എന്ന എക്കാലത്തെയും പ്രശ്‌നബാധിത ഭൂപ്രദേശത്തെ സംബന്ധിച്ച നിബന്ധനകളും അതിന്റെ പ്രത്യാഘാതങ്ങളും അതിനോടുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും പ്രതിഷേധരാഹിത്യങ്ങളും വേണ്ടത്ര തീവ്രതയോടെ ചിത്രത്തില്‍ വിവരിച്ചിട്ടുണ്ട്‌. ഹാജി എക്‌സ്‌പോര്‍ട്‌സ്‌ എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവളായ സിയ, ഹാരിസിന്റെ സുഹദ്‌ വലയത്തില്‍ പെട്ടവളാണ്‌. സിയയോടും അവിടത്തെ മറ്റു സ്‌ത്രീ തൊഴിലാളികളോടും മാനേജിംഗ്‌ ഡയരക്‌ടറായ റഫീക്കിന്റെയും സൂപ്പര്‍വൈസറുടെയും പെരുമാറ്റം അങ്ങേയറ്റം മനുഷ്യത്വഹീനമായ തരത്തിലാണ്‌. കോഴിക്കോട്ട്‌ മിഠായിത്തെരുവിലും കൊച്ചിയിലെ എസ്‌ ഇ സെഡിലും അടുത്ത കാലത്ത്‌ നടന്ന, സ്‌ത്രീ തൊഴിലാളി കള്‍ക്കെതിരായ വ്യാപകമായ പീഡനങ്ങള്‍ ആണ്‌ ഇവിടെ സൂചിപ്പിക്കപ്പെടുന്നത്‌. ഭക്ഷണസമയത്തു പോലും ഒട്ടും സമാധാനവും സൈ്വരവും തരാത്ത മുതലാളിത്തത്തിന്റെ മാറാത്ത രീതികള്‍; ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസിലെ പ്രസിദ്ധ രംഗങ്ങളെ ഓര്‍മയിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പലതരത്തിലും മട്ടിലുമുള്ള ഇത്തരം വര്‍ഗ-ലിംഗ പീഡനങ്ങള്‍, ഐക്യകേരളം എന്ന വിമോചനാത്മക പ്രതിനിധാനത്തെ തന്നെ ഉടച്ചില്ലാതാക്കുന്നത്രയും മാരകമായ യാഥാര്‍ത്ഥ്യങ്ങളാണ്‌.

സ്വന്തം ശരീരത്തെപ്പോലും ഭീതിയോടെ സമീപിക്കുകയും പരിചരിക്കുകയും ചെയ്യേണ്ട ഗതികേടിലേക്ക്‌, മതവും കുടുംബവും മുതിര്‍ന്നവരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്‌ ഒരു വ്യക്തിയെ പ്രത്യേകിച്ച്‌ സ്‌ത്രീയെ കൊണ്ടു ചെന്നെത്തിച്ചതിന്റെ പരിവേഷമായി വേണം സിയയുടെ അനുഭവങ്ങളെ കാണാന്‍. മുതലാളിയുടെയും കങ്കാണിമാരുടെയും മൂത്തമ്മയുടെയും മറ്റും ശകാരങ്ങള്‍, ക്രൂരമായ ആത്മാഭിമാനനിരാസത്തോടെയാണ്‌ കാണിയിലേക്ക്‌ വിനിമയം ചെയ്യപ്പെടുന്നത്‌. സിയയുടെ സ്വയം ഭോഗം, സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ എന്നതിലുപരിയായി, ഈ അധികാരവലയങ്ങളില്‍ നിന്നൊക്കെയുമുള്ള വിടുതലായും കരുതാം. ഈജിപ്‌ഷ്യന്‍ ആത്മീയധാരയില്‍ ശരീരത്തിന്റെ ജീവപ്രകാശം അഥവാ ആത്മാവ്‌ എന്നാണ്‌ കാ എന്ന വാക്കിന്റെ അര്‍ത്ഥം. ഇതില്‍ നിന്നാണ്‌ കാ ബോഡി സ്‌കേപ്പ്‌സ്‌ എന്ന ശീര്‍ഷകം രൂപപ്പെട്ടതെന്നാണ്‌ ജയന്‍ ചെറിയാന്‍ പറയുന്നത്‌.

വിഷ്‌ണു ആഞ്‌ജനേയ ഭക്തനും ഹിന്ദുത്വ വാദിയുമാണെങ്കിലും ഹാരിസിനോടുള്ള സൗഹൃദവും പ്രണയവും അയാളുടെ മത-ദൈവ-രാഷ്‌ട്രീയ വിശ്വാസത്തിന്‌ വ്യക്തിപരമായി എതിര്‌ നില്‍ക്കുന്നില്ല. എന്നാല്‍, അമ്മാമനായ ഭക്തവത്സലന്‌ ഈ ദ്വന്ദ്വം ഇഷ്‌ടപ്പെടുന്നില്ല. പത്രമാപ്പീസിലെ ഗ്രാഫിക്‌ ആര്‍ടിസ്റ്റായ രാജേഷിന്റെ ഒപ്പം വിഷ്‌ണു താമസിച്ചാല്‍ മതി എന്നാണയാളുടെ കല്‌പന. നമ്മുടെ സംസ്‌ക്കാരം നിലനിര്‍ത്താനാണ്‌ ഞാനീ പത്രം നടത്തുന്നതെന്നാണയാളുടെ വ്യാഖ്യാനം. ഗുരുജി ഗോള്‍വാള്‍ക്കറുടെ പടം അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനു പിന്നില്‍ തൂങ്ങുന്നുമുണ്ട്‌. മനുഷ്യരുടെയും മാനവികതയുടെയും പരിഷ്‌ക്കാരത്തിന്റെയും ആധുനികതയുടെയും തെളിച്ചമായി കരുതപ്പെട്ടിരുന്ന സംസ്‌ക്കാരം എന്ന സങ്കല്‍പനവും പദവിനിമയവും എത്ര നിഷ്‌ഠൂരമായാണ്‌, അധികാരത്തിന്റെയും വെറുപ്പിന്റെയും ഹത്യയുടെയും പര്യായമാകുന്നതെന്നത്‌ ഈയൊരൊറ്റ സംഭാഷണത്തില്‍ നിന്നു തന്നെ തെളിയും.

ഹാരിസ്‌, വിഷ്‌ണു, സിയാ, ശീതള്‍, അരുന്ധതി അടക്കമുള്ളവരുടെ കൂട്ടായ്‌മ; അസ്വാതന്ത്ര്യത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം അന്വേഷിച്ചുള്ള ഒന്നു മാത്രമാണ്‌. പല തരത്തിലും തോതിലും മട്ടിലും സദാചാര-രാഷ്‌ട്രീയ അധികാരങ്ങളുടെ വിലക്കുകള്‍ക്കും തടവുകള്‍ക്കും വിധേയരാകേണ്ടിവരുന്ന ദുരവസ്ഥകളില്‍ നിന്നുള്ള മോചനമാണ്‌ ഈ സൗഹൃദത്തിലൂടെ അവര്‍ പ്രതീക്ഷിക്കുന്നത്‌. ആര്‍ത്തവത്തെ നിരോധിതമോ മറച്ചുവെക്കപ്പെടേണ്ടതോ ആയ പ്രവൃത്തിയും വിഷമാലിന്യവുമായി അവതരിപ്പിക്കുകയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന പഴഞ്ചന്‍ ശാരീരിക ബോധത്തിനെതിരായ പ്രത്യക്ഷ സമരവും; ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും കേരളത്തെ ഇളക്കിമറിച്ച ചുംബന സമരവും എല്ലാം സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ ശരീരം എന്ന ചലനാത്മക ജൈവപ്രതിഭാസത്തെ രാഷ്‌ട്രീയ നിര്‍ണയ പ്രദേശമായി അടയാളപ്പെടുത്തുകയും സമരോത്സുകമാക്കുകയും ചെയ്യുന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്‌. സ്‌ത്രീ വിരുദ്ധതയും സദാചാരത്തെ സംബന്ധിച്ച മതപൗരോഹിത്യത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും നവ യാഥാസ്ഥിതികത്വത്തിന്റെയും നിര്‍മാണങ്ങളും യോജിക്കുന്ന അധികാരരൂപങ്ങളാണ്‌ സമൂഹത്തെ നിര്‍ണയിക്കുകയും സംഘടിപ്പിച്ചെടുക്കുകയും ചെയ്യുന്നത്‌. ഇത്തരം അധികാര രൂപങ്ങളെയും സമൂഹ നിര്‍മാണ/ഉറപ്പിച്ചെടുക്കല്‍ പ്രക്രിയയെയും തുറന്നുകാട്ടുന്നതില്‍ കാ ബോഡി സ്‌കേപ്പ്‌സ്‌ കൃത്യമായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നു എന്നതാണ്‌ ആഹ്ലാദകരം.jayan cherian meena kandasamy ka bodyscapes arundhathi jolly chirayath thasniഈ രാഷ്‌ട്രീയ നിലപാടു തന്നെയാണ്‌ സര്‍ടിഫിക്കേഷന്‍ എന്ന്‌ പുനര്‍ നാമകരണം ചെയ്‌തിട്ടും സെന്‍സര്‍ രക്ഷിതാവായി തുടരുന്ന ഫിലിം സര്‍ടിഫിക്കേഷനുള്ള കേന്ദ്ര ബോര്‍ഡ്‌, കാ ബോഡി സ്‌കേപ്പ്‌സിനെ വിലക്കിയതിലൂടെ വ്യക്തമാകുന്നത്‌. സ്വാതന്ത്ര്യ ബോധവും അതിന്റെ ആവിഷ്‌ക്കാരവും; രാഷ്‌ട്രത്തെ സംബന്ധിച്ചും അതിന്റെ പ്രത്യക്ഷ-പ്രതിനിധാന-നിര്‍മാണ-സംസ്‌ക്കാരത്തെ സംബന്ധിച്ചും ഉറപ്പിച്ചെടുത്തിട്ടുള്ള ആശയാധികാരവ്യവസ്ഥയും തമ്മിലുള്ള പോരാട്ടമായി ഈ സിനിമയുടെ ഉള്ളടക്കവും രൂപവുമെന്നതു പോലെ, സിനിമ ആകെയും മാറിയിരിക്കുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. സി ബി എഫ്‌ സിയുടെ വിലക്ക്‌ അതാണ്‌ തെളിയിക്കുന്നത്‌. വൈദേശിക സാമ്രാജ്യത്വത്തില്‍ നിന്നു നാം നേടിയെടുത്ത സ്വാതന്ത്ര്യം പോലും, രാഷ്‌ട്ര നിര്‍മാണത്തെ സംബന്ധിച്ച നവ യാഥാസ്ഥിതിക വിചാരങ്ങളോട്‌ കണക്കു തീര്‍ത്തില്ലെങ്കില്‍ വൃഥാവിലാവും എന്നാണീ സംഭവം വ്യക്തമാക്കുന്നത്‌. ആധുനികത എന്നത്‌ ജീവശ്വാസം പോലെ സുപ്രധാനമാകുന്ന ഒരു ദശാസന്ധിയിലാണ്‌ ഇന്ത്യന്‍/കേരള സമൂഹം ചെന്നെത്തി നില്‍ക്കുന്നത്‌. രാഷ്‌ട്രത്തിന്റെ ശരീരപ്പേടികളും ശരീരങ്ങളുടെയും ആത്മാക്കളുടെയും മനുഷ്യപ്രതിനിധാനങ്ങളുടെയും രാഷ്‌ട്രപ്പേടികളും തമ്മിലുള്ള പിളര്‍പ്പായി; വര്‍ത്തമാനകാലത്തെ വിവരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ്‌ കാ ബോഡി സ്‌കേപ്പ്‌സ്‌.ka body scapes jayan cherian LGBT

എന്താണ്‌ ഭക്ഷിക്കേണ്ടത്‌, എന്താണ്‌ കാണേണ്ടത്‌, എന്താണ്‌ ധരിക്കേണ്ടത്‌, ആരെയാണ്‌ സ്‌നേഹിക്കേണ്ടത്‌, ആരെയാണ്‌ വിവാഹം കഴിക്കേണ്ടത്‌, ആരെയാണ്‌ വിവാഹം കഴിക്കാന്‍ പാടില്ലാത്തത്‌, എന്താണ്‌ വായിക്കേണ്ടത്‌, എന്തിനു വേണ്ടിയാണ്‌ മരിക്കേണ്ടത്‌ എന്നിങ്ങനെ അലിഖിതമായ നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും അനൗദ്യോഗിക ഭരണഘടനയായി രാഷ്‌ട്രം പരിപൂര്‍ണമായി പരിണമിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്‌; ക ബോഡി സ്‌കേപ്പ്‌സിലെ ഇതിവൃത്താഖ്യാനങ്ങളും ചിത്രത്തിനു മേല്‍ വന്നു പതിച്ചിരിക്കുന്ന നിരോധനവും വെളിപ്പെടുത്തുന്നത്‌. സി ബി എഫ്‌ സിയെ കൂടുതല്‍ പ്രകോപിപ്പിച്ചത്‌ എന്നു കരുതാവുന്ന ഒരു പെയിന്റിംഗ്‌ സിനിമയുടെ അവസാന ഭാഗത്ത്‌ ഹാരിസ്‌ കടല്‍ത്തീരത്ത്‌ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഹനുമാന്റെ രൂപം ശരീരത്തിലേക്കാവാഹിച്ച വിഷ്‌ണു, കുറെയധികം പുസ്‌തകങ്ങളുമായി ഗദയും തോളില്‍ വെച്ച്‌ പറക്കുന്നതായാണ്‌ ഈ ചിത്രം. ഗേ ലവ്‌, ഫണ്ണി ബോയ്‌, ക്വയറിംഗ്‌ ഇന്ത്യ, സെയിം സെക്‌സ്‌ ഇന്‍ ഇന്ത്യ, ഐ പി സി 377, യാരാന എന്നിവയൊക്കെയാണ്‌ ഈ പുസ്‌തകങ്ങള്‍ എന്ന്‌ സൂക്ഷ്‌മമായി നോക്കിയാല്‍ മനസ്സിലാകും. ഏതു തരം ശരീരഭാവനകളെയുംnalinijameela ആസക്തികളെയുമാണ്‌, അസഹിഷ്‌ണുതയില്‍ സ്വയം അഭിരമിക്കുന്ന ഭരണകൂടം നാടുകടത്താന്‍ പരിശ്രമിക്കുന്നതെന്ന്‌ വ്യക്തം. അന്യഥാ അരികുകളിലേക്ക്‌ തള്ളിമാറ്റപ്പെടുമായിരുന്ന ആവിഷ്‌ക്കാരങ്ങളും ആസക്തികളും സമരങ്ങളും പ്രതിഷേധങ്ങളും പൊതു ചര്‍ച്ചക്ക്‌ ജെ ദേവികവിധേയമാകുന്നതിന്‌ കാ ബോഡി സ്‌കേപ്പ്‌സ്‌ പ്രേരകമാകുന്നുണ്ട്‌. അടുത്ത കാലത്ത്‌ കേരളത്തില്‍ നടന്ന വിവിധ സമരങ്ങളില്‍ പങ്കെടുത്തവരാണ്‌ ചിത്രത്തിലെ ഏതാനും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും. ക്വയര്‍റാലയിലെ ജിജോ കുര്യാക്കോസ്‌, ശബരിമലക്കുള്ള കെ എസ്‌ ആര്‍ ടി സിsheethal1 ബസ്സില്‍ കയറിയതിന്‌ പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തക നസീറ, സ്‌ത്രീ കൂട്ടായ്‌മയിലെ ജോളി ചിറയത്ത്‌, ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എഴുതിയ നളിനി ജമീല, ട്രാന്‍സ്‌ജെന്ററായ ശ്യാംശീതള്‍, ചുംബനസമരത്തില്‍ സജീവമായി പങ്കെടുത്തവരായ അരുന്ധതി, ദീദി ദാമോദരന്‍, പ്രേംചന്ദ്‌, ഷാഹിന കെ കെ, ജെ ദേവിക എന്നിവരെല്ലാം സിനിമയില്‍ സഹകരിക്കുന്നുണ്ട്‌.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കാ ബോഡി സ്‌കേപ്പ്‌സ്‌ ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫ്‌ളെയര്‍ ലണ്ടന്‍ എല്‍ജിബിടി ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ ടുറിനോ ഗേ ആന്റ്‌ ലെസ്‌ബിയന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2016 എന്നിവയില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

References :
1. Why CBFC refused to certify Malayalam film ‘Ka Bodyscapes’ – By Charmy Harikrishnan (The Economic Times ET Panache, 07 Aug 2016)
2. A Directory of what to watch, read – By Aruni Kashyap (The Hindu – 05 Aug 2016)
3. Ka Bodyscapes : Still the Forbidden – By Shahina KK (The Open magazine – 05 Aug 2016)
4. Body Politic –By Catherine Rhea Roy (The Indian Express – 03 Aug 2016)
5.Censor Board is feudal, homophobic: Kerala director whose film on gay couple is stalled (An interview with Jayan Cherian) –By Monalisa Das (The News Minute – 09 July 2016)

Comments

comments