സെപ്റ്റംബര്‍ രണ്ട്. മറ്റൊരു അഖിലേന്ത്യാ പണിമുടക്കിന് രാജ്യം സാക്ഷ്യം വഹിക്കുന്നു. തൊഴില്‍ നിയമങ്ങളും തൊഴില്‍ സംഘടനകളും സുശക്തമായ ഒരു രാജ്യത്ത് ജനവിരുദ്ധമായ നയങ്ങളും നടപടികളും എതിര്‍ക്കപ്പെടുമെന്നും ന്യായമായ ആവശ്യങ്ങള്‍ ഗൌരവതരമായി പൊതുസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെടുമെന്നും അവ വരും തലമുറകള്‍ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയില്‍ പരിഗണിക്കെപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യലാണ് ഓരോ പണിമുടക്കുകളും. സാമൂഹിക മൂല്യങ്ങള്‍ക്കും മാനവികമായ ആദര്‍ശങ്ങള്‍ക്കുമെതിരെ കടന്നു കയറുന്ന കമ്പോള സാമ്പത്തിക ആശയ സംഹിതകള്‍ക്ക് നേരെയുള്ള ഒരു ശക്തി പ്രകടനം കൂടിയാണ്. അങ്ങേയറ്റം രാഷ്ട്രീയ പ്രാധന്യമുള്ള ഒരു പ്രതിരോധം. എന്നാല്‍ ഇത്തവണത്തെ പണിമുടക്കില്‍ മുന്‍ വര്‍ഷങ്ങളിലെ സമരങ്ങളില്‍ ഇല്ലാതിരുന്ന, അല്ലെങ്കില്‍ മുന്പ് ഉണ്ടായിരുന്നെങ്കിലും അടിയന്തിര പ്രാധാന്യം കല്പ്പിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു ആവശ്യം ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നു; ബാങ്ക് ലയന നീക്കം അവസാനിപ്പിക്കുകയും പൊതുമേഖല ബാങ്കിങ്ങിനെ സുസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണത്

ബാങ്ക് ലയനം എന്ന് കേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ അതില്‍ അധികം ആകുലപ്പെടെണ്ട ഒന്നും പെട്ടന്ന് കണ്ടെത്തുന്നില്ല എന്നുള്ളത് ഒരേ സമയം നിരാശാ ജനകവും എന്നാല്‍ അങ്ങേയറ്റം ഭീതിജനകവുമായ ഒരു സ്ഥിതി വിശേഷമാണ്. ബാങ്ക് ലയനം എന്നത് ഒരു സാങ്കേതിക പ്രവൃത്തിയാണ്‌. അതായത് യുക്തിപരമായും നിയമപരവുമായ നിലനില്‍പ്പുള്ള ഒന്ന്. പക്ഷെ ആര് ആരില്‍ ഏതു സാഹചര്യത്തില്‍ ലയിക്കുന്നു എന്നുള്ളതാണ് ഏതൊരു സാങ്കേതിക പ്രവൃത്തിയെയും പോലെ ഇതിനും സാധുത നല്‍കുന്ന ഘടകം. ഇന്ന് നമ്മളോരോരുത്തരും അറിഞ്ഞാലും ഇല്ലെങ്കിലും അറിഞ്ഞിട്ടു അംഗീകരിച്ചാലും ഇല്ലെങ്കിലും വളരെ സ്ഥായിയായും ഉച്ചത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് ബാങ്ക് ലയനം എന്നത്. ഇവിടുന്നങ്ങോട്ട്‌ വളരെ യുക്തിപരമായി ഈ വിഷയത്തെ സമീപിച്ചാല്‍ മാത്രമേ ഇതിന്റെ സങ്കീര്‍ണതകളെ, ഇതിന്റെ ഉള്ളിലെ അങ്ങേയറ്റം അപകടകരമായ ഉദ്ദേശ ലക്ഷ്യങ്ങളെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്ത്യയില്‍ ഇന്ന് 27  പൊതുമേഖല ബാങ്കുകളും 56  റീജ്യണല്‍ റൂറല്‍ ബാങ്കുകളും( നമ്മുടെ കേരള ഗ്രാമീണ്‍ ബാങ്ക് പോലുള്ളവ) ഉണ്ട്.  . രാജ്യത്താകമാനമായി പടര്‍ന്നു കിടക്കുന്ന പൊതുമേഖല ബാങ്കിംഗ് ശൃംഖലയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും അണിചേര്‍ക്കപ്പെട്ടിരിക്കുന്നു. അതായത് നിങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ ഇടാനോ അല്ലെങ്കില്‍ വായ്പകള്‍ക്ക് സമീപിക്കാനോ ആയി നിരവധി തിരഞ്ഞെടുപ്പുകള്‍ മുന്‍പിലുണ്ട് എന്ന്. അതൊരു ചെറിയ കാര്യമല്ല എന്നുമാത്രമല്ല, അങ്ങേയറ്റം പ്രാധാന്യമുള്ള ഒന്നാണ്. കേരളത്തിലെ ഒരു പൗരനെ സംബന്ധിച്ചിടത്തോളം എസ് ബിടി മുതല്‍ കേരള ഗ്രാമീണ്‍ ബാങ്ക് വരെ ഉള്‍ക്കൊള്ളുന്ന വളരെ വിശാലമായ ഒരു ഭൂമികയുണ്ട് അവന്റെ മുന്‍പില്‍. അതിന്റെ അര്‍ഥം അവനു തിരഞ്ഞെടുക്കാന്‍ മാത്രമല്ല, അവനെ തിരഞ്ഞെടുക്കാനും ഉള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. അതായതു നിങ്ങള്‍ക്ക് ഒരു വായ്പ നല്‍കാന്‍ ഒരു ബാങ്ക് വിമുഖത കാണിച്ചാല്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും ഒരു ബാങ്കില്‍ അഭയം ലഭിക്കാതിരിക്കില്ല എന്നുള്ളതാണ്. നിങ്ങളുടെ മക്കള്‍ക്ക് ഒരു വിദ്യാഭ്യാസവായ്പ ലഭിക്കാന്‍, ഒരു ചെറിയ പലചരക്ക് കട തുടങ്ങാന്‍ , ഒരു സ്വയം തൊഴില്‍ സംഘം രൂപീകരിക്കാനുമൊക്കെ ഒരു വായ്പക്കായി സമീപിച്ചാല്‍ ഒരു ബാങ്കില്‍ നിന്നല്ലെങ്കില്‍ മറ്റൊരിടത്ത് നിന്ന് ലഭിക്കാതിരിക്കില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഓരോ ബാങ്കിനും അവരുടെതായ ചില മാനദണ്ടങ്ങളുമുണ്ട് എന്നത് കൊണ്ടാണ് ഒരിടത് നിന്ന് നിങ്ങള്‍ക്ക് വായ ലഭിക്കാത്തത് എങ്കില്‍ , അതിന്റെ മറുപുറം ഈ മാനദണ്ടങ്ങളിലെ വൈവിധ്യം മൂലം തന്നെ മറ്റേതെങ്കിലും ഒരു ബാങ്കിന്റെ വായ്പലഭ്യതാ പരിധിയില്‍ നിങ്ങള്‍ പെട്ടെക്കും എന്ന് ഉറപ്പാണ്‌. അത് പോലെ തന്നെ നിക്ഷേപങ്ങളുടെ കാര്യത്തിലും നിങ്ങള്‍ക്ക് ഇന്ന് ഒരു ബാങ്കിന്റെ പലിശ നിരക്കുകളോ സേവനരീതികളോ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിനെ തള്ളിപ്പറയാനും മറ്റൊന്നിനെ സ്വീകരിക്കാനും ഉള്ള അവസരം നിങ്ങള്‍ക്കുണ്ട്‌. അതിന്റെ കാരണം ഒന്നാണ്. അതാണ്‌ പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന വൈവിധ്യം.

ഈ വൈവിധ്യമാണ് ബാങ്ക് ലയനം എന്ന നടപടിയിലൂടെ തച്ചു തകര്‍ക്കപ്പെടുന്നത്. ആകെയുള്ള – പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിച്ചു നാലോ അഞ്ചോ വലിയ ബാങ്കുകള്‍ രൂപീകരിക്കുക എന്നത് ഒരേ സമയം പരോക്ഷവും എന്നാല്‍ പ്രത്യക്ഷവുമായ സാമ്പത്തികനയമാണ്. 1969ല്‍ നിലവിലുണ്ടായിരുന്ന സുസ്ഥിരമായ പ്രകടനം കാഴ്ച വെച്ചിരുന്ന ബാങ്കുകളെ ദേശസാത്ക്കരിച്ചത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്, അതിനു ശേഷം ഇങ്ങോട്ട് ഭാരത്തിന്റെ വളര്‍ച്ചയില്‍, അതിന്റെ ദിനം ദിന കയവിക്രയങ്ങളില്‍ പൊതുമേഖലാ ബാങ്കുകളുടെ പങ്കു വളരെ വലുതാണ്. വൈദേശികവും ആഗോള സാമ്പത്തിക നയങ്ങളുടെ അനുരണനങ്ങളുമായ കടന്നു കയറ്റങ്ങളില്‍ നിന്ന് രാജ്യത്തെ പൊതു സമ്പത്തിനെ പൊതിഞ്ഞു നിര്‍ത്തുന്നതില്‍ ബാങ്കുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് അവ ദേശസാത്ക്കരിക്കപ്പെട്ടിരിക്കുന്നത് കൊണ്ടാണ്. എന്നാല്‍ ലോകത്താകമാനം എന്ന പോലെ, ഇന്ത്യയിലും 1991ഓടു കൂടി ആഗോളവത്ക്കരനത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു സമ്പത്ത് ലോകത്തിനു മുന്‍പില്‍ കച്ചവടചരക്ക് ആയി എടുത്തു വെച്ചു. ആണ് മുതല്‍ ഇങ്ങോട്ട് ബാങ്കിംഗ് മേഖലയുടെ മേല്‍ എല്ലാ തരത്തിലും ഉള്ള അധിനിവേശങ്ങള്‍ നടത്താന് മാറി മാറി വന്ന ഗവന്മെന്റുകളിലൂടെ മൂലധനശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് നോട്ടം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികമൂല്യങ്ങളിലാണ്. അതാകട്ടെ എങ്ങു നിന്നും പൊട്ടിവീണതോ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകിയപ്പോള്‍ കണ്ടെടുത്ത നിധിയോ ഒന്നുമല്ല. മറിച്ചു എന്നെയും നിങ്ങളെയും പോലെ ഉള്ള സാധാരണക്കാരന്റെ അന്നന്നത്തെ അധ്വാനത്തിന്റെ മിച്ചമൂല്യങ്ങള്‍ ആണ്. അത് ഒരുപാട് പേരുടെ കണ്ണീരിന്‍റെയും വിയര്‍പ്പിന്റെയും ഉപ്പുരസമുണങ്ങാത്ത
കൊച്ചു കൊച്ചു ജീവിതങ്ങളാണ്.

ബാങ്ക് ലയിച്ചതുകൊണ്ട് എന്താണ് നേട്ടം എന്ന് പറയുന്നത്? വലിയ ബാങ്കോ? വലിയ ബാങ്ക് വന്നിട്ട് എന്തിനാണ്? ഒരു സാധാരണക്കാരന് ഒരു വീട് വെയ്ക്കാനോ വാഹനം വാങ്ങാനോ അവന്റെ ജീവിതത്തില്‍ പരമപ്രധാനങ്ങലായ എന്നാല്‍ സാമ്പത്തികമായ  അളവുകോലില്‍ ചെറുകിട ഇടപാടുകളായവ നടത്തുവാനോ ഒക്കെ എന്തിനാണ് വലിയ ബാങ്ക്? അതിനനവന് ആവശ്യം ഒരുപാട് ബാങ്കുകള്‍ അല്ലെ? ഇനിയിപ്പോള്‍ നിങ്ങള്‍ക്ക് ഒരു ബാങ്കിന് ഒറ്റക്ക് തരാന്‍ കഴിയാത്ത അത്രയും ഭീമമായ തുക വായ്പയായി ആവശ്യമുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ക്ക് ഇപ്പോള്‍ അത് ലഭിക്കുന്നുണ്ട്. മൂന്നോ നാലോ ബാങ്കുകള്‍ ചേര്‍ന്ന് ഒരു കരാര്‍ ഉണ്ടാക്കി അവര്‍ അവരുടെതായ ഒരു ഭാഗം ഓരോരുത്തരും ഇട്ടു നമുക്കാവശ്യമായ തുക ലഭിക്കും. ബാങ്ക് കണ്സോര്‍ഷ്യങ്ങള്‍ എന്നാണ് ഈ കരാര്‍ അറിയപ്പെടുന്നത്. ഇതൊക്കെ ഇപ്പോള്‍ തന്നെ നിയമപരമായി നിലനില്‍ക്കെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനം എന്നത് പൊതു ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതല്ല എന്നത് പകല്‍ പോലെ സ്പഷ്ടമാണ്.

രാജ്യത്തെ ക്ഷേമപദ്ധതികള്‍ മുഴുവന്‍ വിതരണം ചെയ്യപ്പെടുന്നത് പൊതുമേഖല ബാങ്കുകളില്‍ കൂടിയാണ്. നിങ്ങളില്‍ എത്ര പേര്‍, അല്ലെങ്കില്‍ നിങ്ങളുടെ പരിചയത്തില്‍ ഉള്ള എത്ര പേര്‍ക്ക് ഇന്നിപ്പോള്‍ നാം സുപരിചിതമായി കേള്‍ക്കുന്ന, പൊതുമേഖല ബാങ്കുകളുടെ ബദല്‍ ആയി നിന്നോളും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന, “പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍” നിന്ന് ഏതെങ്കിലും തരത്തില്‍ ഉള്ള സബ്സിടിയോ ക്ഷേമ പെന്ഷനുകളോ വാങ്ങിയിട്ടുണ്ട്? ഒരു സാധാരണക്കാരന് ഒരു പൊതു മേഖല ബാങ്കിങ്ങില്‍ കയറി ചെല്ലുന്ന ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും കൂടി ഒരു പുതുതലമുറ ബാങ്കില്‍ കയറി ചെല്ലാന്‍ പറ്റുമോ? ഇന്റ്റര്‍നെറ്റ് മുഖാന്തരം ഉള്ളതും ശാഖയില്‍ പോയുള്ള നേരിട്ടുള്ള ഇടപാടുകള്‍ അല്ലാത്ത രീതിയിലുമുള്ള ബാങ്കിംഗ് സേവനങ്ങള്‍ മാത്രം മുന്‍പോട്ടു വെയ്ക്കുന്ന , പ്രോത്സാഹിപ്പിക്കുന്ന പുതു തലമുറ സ്വകാര്യ ബാങ്കുകളില്‍ ആശ്രയിച്ചു ജീവിക്കാനും മാത്രം സാമ്പത്തിക സാക്ഷരതയും പ്രാപ്തിയും അവര്‍ മുന്‍പോട്ടു വെയ്ക്കുന്ന ഉയര്‍ന്ന നിരക്കിലുള്ള സര്‍വീസ് ഫീസുകളും നല്‍കി അവയെ സ്വീകരിക്കാനുള്ള സാമ്പത്തിക ശേഷിയും എന്റെയും നിങ്ങളുടെയുമൊക്കെ ജീവിത പരിസരങ്ങള്‍ക്ക് പ്രാപ്തി ആയോ എന്നൊന്ന് ഒരു നിമിഷം നിര്‍ത്തി ആലോചിക്കുക. ആയി എന്നാണു ഉത്തരമെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ഒന്നും പേടിക്കാനില്ല, മറിച്ചു അല്ല എന്നാണെങ്കില്‍??

അല്ല എന്നുള്ളതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലെ ഉത്തരം. ഇന്ടര്നെട്റ്റ് ബാങ്കിങ്ങും ക്രെടിട്റ്റ്  കാര്‍ഡുകളും ഒക്കെ ഉപയോഗിക്കുന്ന തരം സാമ്പത്തിക സാക്ഷരത നേടിയവര്‍ ആണോ നിങ്ങളുടെ ഓരോരുത്തരുടെയും ചുറ്റുമുള്ളത്? അല്ല എന്നാണ് അതിന്റെയും സത്യസന്ധമായ ഉത്തരം. അവിടെയാണ് ശാഖ ബാങ്കിംഗ് പ്രസക്തമാകുന്നത്. ബാങ്കിംഗ് ലയനത്തിലൂടെ ഇത്തരം ശാഖാബാങ്കിംഗ് ആണ് ക്രമേണ ഇല്ലാതാക്കി കൊണ്ട് വരാന്‍ മൂലധന ശക്തികള്‍ ശ്രമിക്കുന്നത്. അത്തരം ഒരു സാമ്പത്തിക ക്രമത്തിനാണ് ഇന്ന് കമ്പോളത്തിന്റെ പിന്തുണ. അതിനെയാണ് നമ്മള്‍ ഓരോരുത്തരും പ്രതിരോധിക്കേണ്ടത്.

ഇതിന്റെ ഏറ്റവും വലിയ വൈചിത്യ്രം ഒരേ സമയം ബാങ്ക് ലയനത്തെ പറ്റി പറയുന്ന ഭരണകൂടം അതെ സമയം തന്നെ സമാന്തരമായി റിലയന്‍സ് പോലുള്ള കൊര്‍പ്പരെട്ടുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കുന്നു എന്നതാണ്.  എന്തൊരു അസംബന്ധം ആണിത്. എസ്ബിഐയുടെ ബിസിനസ് ഏജന്റുമാരായി അവര്‍ കൂട്ട് പിടിച്ചിരിക്കുന്നത് റിലയന്‍സിനെ ആണ് എന്നത് നാം ഇതൊനോട് ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ്. തിരിച്ചടവില്ലാത്ത വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ റിലയന്‍സ് കമ്പനിയെയാണ് എസ്ബിഐ കൂട്ടുപിടിച്ചത്. ഇതെന്താണ് ബ്ലെയിഡ് കമ്പനിയോ? ഗുണ്ടകളെ വിട്ടു കാശ് പിരിക്കാന്‍? ഒരുപാട് സാങ്കേതികവും നൈതികവുമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒരു തീരുമാനം ആയിരുന്നു അത്. ഏകദേശം  ആറു ലക്ഷം  കോടിയുടെ അടുത്ത്  വരും ഇന്ന് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടങ്ങളുടെ ആകെത്തുക. ഇതൊന്നും തിരിച്ചു പിടിക്കാന്‍ പറ്റാത്ത ഭാവന വായ്പകളോ മറ്റു ചെറുകിട വായ്പകളോ മൂലം ഉണ്ടായതല്ല. മറിച്ചു റിലയന്‍സ്, അദാനി ഗ്രൂപ്പ്, വിജയ്‌ മല്ല്യ മുതലായ കൊര്‍പ്പരെട്ടുകള്‍ ഉണ്ടാക്കി വെച്ചതാണ്. ഒന്നോര്‍ത്തു നോക്കൂ– ആരുടെ പണമാണിതെല്ലാം? എന്നിട്ടാണ് വലിയ ലോണുകള്‍ കൂടുതല്‍ കൊടുക്കാനായി വലിയ ബാങ്കുകള്‍ ഉണ്ടാക്കുന്നത്!!!

ഇനി നമുക്ക് നമ്മുടെ സാഹചര്യത്തിലേക്ക് വരാം. എസ്ബിഐ അതിന്റെ അസോസിയേറ്റ് ബാങ്കുകള്‍ ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (കേരളം), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (കര്‍ണാടക), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (തെലുംഗാന), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല (പഞ്ചാബ്‌), സ്റ്റേറ്റ് ബാങ്ക് ഓഫ് ബികനാര്‍ ആന്‍ഡ്‌ ജൈപൂര്‍ (രാജാസ്ഥാന്‍) എന്നിവയെ ലയിപ്പിക്കാന്‍ പോകുന്നു എന്നതും അതിനോട് അനുബന്ധിച്ചുള്ള അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാര്‍ത്തകള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകുമല്ലോ. ഒരു ബാങ്കിനെ ലയിപ്പിക്കണമെങ്കില്‍ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടാകണം. ഒന്നുകില്‍ അതിനു ഒറ്റക്ക് നില്‍ക്കാനുള്ള ശേഷി ഇല്ലാതാകണം, അല്ലെങ്കില്‍ നഷ്ടത്തില്‍ ആകണം , അതുമല്ലെങ്കില്‍ അത് പോലെ പ്രാധാന്യമുള്ള എന്തെങ്കിലും സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന എന്തെങ്കിലും കാരണം വേണം. ഇവിടെ എന്തിനാണ് എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനെന്തെങ്കിലും ഉത്തരം എവിടെ നിന്നെങ്കിലും ആരെങ്കിലും പറഞ്ഞു തന്നോ? തന്നെങ്കില്‍ അത് നിങ്ങളുടെ യുക്തിക്ക് നിരക്കുന്നതായിരുന്നോ?

എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ ഇക്കാലമത്രയും തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ വര്‍ഷാവര്‍ഷം ലാഭം രേഖപ്പെടുത്തുന്നവയാണ്,. ആ ലാഭം ദേശീയവ്യാപ്തിയുള്ള പൊതുമേഖല ബാങ്കുകളില്‍ മിക്കതിനെക്കളും മുകളില്‍ ആണ്. അതായതു അവ നന്നായി പ്രവൃത്തിക്കുന്നുണ്ട് എന്ന് സാരം. മാത്രമല്ല, എസ്ബിടിയെ സംബന്ധിച്ചിടത്തോളം അത് കേരളത്തിന്റെ സാമ്പത്തികക്രമവുമായി ഒരുപാട് ഇഴചേര്‍ന്നു കിടക്കുന്ന ഒരു സ്ഥാപനമാണ്‌. കേരളത്തിലെ പതിന്നാലു ജില്ലകളില്‍ കൂടി ആയിരത്തോളം ശാഖകള്‍ ഉണ്ട്. സര്‍ക്കാര്‍ ഇടപാടുകള്‍ എല്ലാം നടക്കുന്നത് അതിലൂടെയാണ്. ക്ഷേമപെന്ഷനുകള്‍ എല്ലാം തന്നെ അതുവഴി. അങ്ങനെയുള്ള ഒരു ബാങ്കിനെ ലയിപ്പിക്കുമ്പോള്‍ എന്തോ അസ്വാഭാവികയുണ്ട് അതില്‍ എന്ന് തോന്നിയില്ലെങ്കില്‍ അതിലും വലിയ അസ്വാഭാവികതയാകും.

എസ്ബിഐ മാനെജ്മെന്റ് എസിബിടി ലയിപ്പിച്ചു സ്വന്തമാക്കാന്‍ നോക്കുന്നതിന്റെ വഴിത്താരകള്‍ നോക്കിയാല്‍ മനസിലാകും അവര്‍ കേരളത്തിന്റെ അന്തസ്സിനോടും പോതുബോധത്തിനോടും നടത്തുന്ന വെല്ലുവിളികളും ധര്ഷ്ട്യ മനോഭാവവും,. ഇക്കഴിഞ്ഞ മെയ്‌ 17നു ആണ് ആദ്യത്തെ വെടി പൊട്ടിയത്. വളരെ അസ്വാഭാവികവും കാലക്രമം തെറ്റിയിട്ടുല്ലതുമായ ഒരു ബോര്‍ഡ് മീറ്റിംഗ് അസോസിയേറ്റ് ബാങ്കുകള്‍ക്കായി വിളിച്ചു കൂട്ടി എസ്ബിഐ മാനെജ്മെന്റ്. അതില്‍ യാതൊരു തത്വദീക്ഷകളും നടപടി ക്രമങ്ങളും പാലിക്കാതെ, ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് യാതൊരു മുന്‍‌കൂര്‍ നോട്ടീസും നല്‍കാതെ അറിയിക്കാതെ, ലയനം ഒരു അജണ്ട ആക്കി ഇട്ടു അവര്‍. ലയനം പോലെ ഉള്ള പരമപ്രധാനമായ ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എടുക്കേണ്ട യാതൊരു നിയമപരമായ നടപടി ക്രമങ്ങളും പാലിക്കാതെയാണ് അവര്‍ ഇത് ഒരു ആവശ്യമായി മീറ്റിങ്ങില്‍ ഉന്നയിച്ചത്,. എന്നാല്‍ എണ്ണത്തില്‍ കുറവായ തൊഴിലാളികല്ടെയും പൊതുജനങ്ങളുടെയും പ്രതിനിധികളുടെ എതിര്‍പ്പിനെ സാങ്കേതികമായി മറികടന്നു കൊണ്ട് രണ്ടു മാനേജുമെന്റുകളും ലയിക്കാന്‍ തീരുമാനിച്ചു. പക്ഷെ അങ്ങനെ ഇന്ന് തീരുമാനിച്ചാല്‍ നാളെ നടത്താനുള്ള എന്തെങ്കിലും ക്ലബ്ബ് അത്താഘോഷപരിപാടി ഒന്നുമല്ല ബാങ്ക് ലയനം എന്നത്. അതിനു അതിന്റേതായ ഒരുപാട് മുറകളും നടപടി ക്രമങ്ങളും ചിട്ടകളുമുണ്ട്.
അതിലൊന്നും ആദ്യതെതുമാണ് ഇപ്പോള്‍ ലയനത്തിന് ലഭിച്ചിട്ടുള്ള കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ “തത്വത്തില്‍ ഉള്ള അംഗീകാരം”. അത് ലയനത്തിന് ഉള്ള പൂര്‍ണധികരമല്ല. ഇതിനു ശേഷം ഓഹരി വിലകള്‍ നിശ്ചയിക്കണം, സെക്യൂരിറ്റീസ് ആന്‍ഡ്‌ എക്സ്ചെന്ജ് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI)യുടെ അംഗീകാരം വേണം, ഓഹരി ഉടമകളുടെ സമ്മതം വേണം, ഇതിനെക്കാളും എല്ലാം മുഖ്യമായി ഇടപാടുകാരുടെ എല്ലാ ആശങ്കകളും ദൂരീകരിക്കണം – അതാണ് ഏറ്റവും നിര്‍ണായകമായ ഘടകം. അതിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം വേണം, ഇതിനു ശേഷം കേന്ദ്ര ധന മന്ത്രാലയത്തിന്റെ ഫൈനല്‍ അംഗീകാരം വേണം. ഇതില്‍ ആദ്യത്തെത് മാത്രമാണ് ഇപ്പോള്‍ എസ്ബിഐക്കു ലഭിച്ചിരിക്കുന്നത്. എന്നാല്‍ അവര്‍ അതിന്റെ പിന്‍ബലത്തില്‍ എസ്ബിടിയുടെ മേല്‍ എല്ലാ തരത്തിലും ഉള്ള കടന്നു കയറ്റങ്ങള്‍ നടത്തുകയാണ്. എസ്ബിടിയുടെ ഏറ്റിഎം ബോര്‍ഡുകള്‍ മാറ്റുന്നു, അതിന്റെ വെബ്സൈറ്റുകളിലെ എസ്ബിടി മുദ്രകള്‍ എടുത്തു മാറ്റുന്നു, അങ്ങനെ അങ്ങനെ ഇടപാടുകാരുടെയും തൊഴിലാളികളുടെയും മനോവീര്യം തകര്‍ക്കാനും അവരെ കണ്ഫ്യൂസ്ട് ആക്കുവാനും ഉള്ള ഹീന ശ്രമങ്ങളാണ് എസ്ബിഐയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്.

എസ്ബിടി ലയനം നടക്കുക ആണെങ്കില്‍ എസ്ബിടിയുടെ ഏതാണ്ട് 300നും 350നും ഇടയില്‍ ശാഖകള്‍ പൂട്ടേണ്ടി വരും എന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ പറയുന്നു. മിക്ക സ്ഥലങ്ങളിലും ഒന്നിലധികം എസ്ബിടി ബ്രാഞ്ചുകളും എസ്ബിഐയുടെ ബ്രാഞ്ചുകളും ഉണ്ട്. സ്വാഭാവികമായി തന്നെ ഒരു ബാങ്ക് ആയി കഴിയുമ്പോള്‍ ഇവെയ്ക്കെല്ലാം കൂടി ഒന്നിച്ചു പ്രസക്തി ഇല്ലാതാകും. മാനേജ് മെന്റിനെ സംബന്ധിച്ച് എത്രത്തോളം ബ്രാഞ്ചുകള്‍ കുറയുന്നോ അത്രയും നടത്തിപ്പ് ചിലവുകള്‍ കുറയും. ഇപ്പോള്‍ തന്നെ വളരെ തിരക്കാനുഭാവപ്പെടുന്ന എസ്ബിടി എസ്ബിഐ ഇടപാടുകാരുടെ അവസ്ഥ എത്ര ഭീതിജനകമാകും എന്നോര്‍ത്ത് നോക്കൂ. മേല്‍പ്പറഞ്ഞ അഞ്ചു അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചു കഴിഞ്ഞാല്‍  രാജ്യത്താകമാനം സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെതായി  7500ഓളം ബ്രാഞ്ചുകള്‍ പൂട്ടുമെന്നാണ് കണക്കു കൂട്ടല്‍. മുകളില്‍ എസ്ബിടിയുടെതായി പറഞ്ഞ എല്ലാ അവസ്ഥകളും മറ്റു നാല് അസോസിയേറ്റ് ബാങ്കുകളുടെ കൂടിയാണു. അത് ദേശീയ ഭൂമികയില്‍ എസ്ബിടി എസ്ബിഐ ലയനത്തിന് ഒരു ഇടം നല്‍കുന്നു ചര്‍ച്ച ചെയ്യാന്‍.

ലയന വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയപ്പോള്‍ നിലവിലെ എസ്ബിഐ ചെയര്‍ ശ്രീമതി അരുന്ധതി ഭാട്ടചാര്യയുടെതായി വന്ന ഒരു പത്രവാര്‍ത്ത ഉണ്ട്. തൊഴിലാളികള്‍ ഒരു തരത്തിലും ഭയപ്പെടേണ്ട എന്നായിരുന്നു അതിന്റെ രത്നച്ചുരുക്കം. ഇവിടെയാണ്‌ എസ്ബിഐ മാനെജ്മെന്റ് ജനങ്ങളെ പുകമറയില്‍ നിര്‍ത്തി തെട്ടിധരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവിടെ തൊഴിലാളികള്‍ക്ക് ഒരു ഭയവും ഉണ്ടാകേണ്ട കാര്യമില്ല. അവര്‍ ഓരോരുത്തരും നിയമപരമായി നിയമനം നേടിയിട്ടുള്ള ആളുകളാണ്. അതുകൊണ്ട് തന്നെ ഒരു മാനേജ്മെന്റിനും അവരെ പിരിച്ചു വിടാനോ മറ്റേതെങ്കിലും രീതിയില്‍ മുറിവേല്പ്പിക്കാനോ കഴിയില്ല. ഇത് ആദ്യം അറിയേണ്ടുന്ന ഒരാള്‍ അരുന്ധതിയാണ്, തൊഴിലാളികള്‍ക്കും അറിയാം അത്. എന്നിട്ടും അവര്‍ ഇങ്ങനെ ഒരു പത്ര കുറിപ് ഇട്ടതു സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇത് വായിക്കുന്ന സാധരക്കാരന്‍ കരുതുക ബാങ്ക് ലയനത്തെ ജീവനക്കാര്‍ എതിര്‍ക്കുന്നത് അവരുടെ തൊഴില്‍ പരമായ ആശങ്കകള്‍ കൊണ്ടാകും എന്നാണ്. ഇതാണ് വക്രബുധികള്‍ ആയ അധിനിവേശ ശക്തികള്‍ക്കു വേണ്ടതും. സത്യത്തെ മറച്ചു നിര്‍ത്തുക.

ഇപ്പോള്‍ തന്നെ എസ്ബിടി എസ്ബിഐ ലയനം അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ടല്ല ഇപ്പോള്‍ നടക്കുന്നതെന്നും അത് കൃത്യമായ രീതിയില്‍ തന്നെ നടക്കണം എന്ന് മാത്രം ആവശ്യപ്പെട്ടതിന്റെ പേരില്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ ആയിരുന്ന എസ് ആദികേശവനെ ഹൈടരബാടിലേക്ക് രായ്ക്ക് രാമാനം സ്ഥലം മാറ്റിയത് അങ്ങേയറ്റം പ്രതികാരവാഞ്ചയോടെയാണ്. അത് ശരിക്കും വെല്ലുവിളിച്ചത് നമ്മുടെ ഓരോരുത്തരുടെയും ആത്മാഭിമാനത്തെയാണ്. ഒരാളുടെ കേവല ട്രസ്ന്ഫാര്‍ എന്നുള്ളതല്ല, മറിച്ചു അതിന്റെ പിന്നിലെ ലക്‌ഷ്യം. അത് ഭയപ്പെടുത്തുന്നതാണ്. എസ്ബിഐ നമ്മളോട് ഓരോരുത്തരോടും പറയുന്നത് നമ്മളൊക്കെ എന്തൊക്കെ പറഞ്ഞാലും എതിര്‍ത്താലും അവര്‍ മുന്‍പോട്ടു തന്നെ പോകും എന്നും അവര്‍ നമുക്ക് ഒരു ജനത എന്ന നിലയില്‍ ഒരു വിലയും കല്‍പ്പിക്കുന്നില്ല എന്നുമാണ്.

ലയനവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന മറ്റൊരു പ്രഖ്യാപിത  സാധ്യതയാണ് സമ്പൂര്ണ പുറംകരാര്‍ വത്ക്കരണം. അതായതു ശുചീകരണം മുതല്‍
സെക്യൂരിറ്റി വരെ പുറംകരാര്‍ കൊടുക്കണം എന്നതാണ് എസ്ബിഐ നയം. ദേശീയ തലത്തില്‍ തന്നെ ഈ പണിമുടക്കിന്റെ ഒരു അജണ്ട ആണ് പുറംകരാര്‍ ജോലി നിര്‍ത്തലാക്കുക, സ്ഥിര നിയമനങ്ങള്‍ കൊണ്ട് വരിക എന്ന്. ഒരേ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരനും താല്‍ക്കാലിക ജീവനക്കാരനും രണ്ടു വേതനം എന്നത് തികച്ചും അന്യായമാണ്.
ഈ അടുത്ത ഇടയില്‍ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് വൃത്തി ആക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടി ഒരു ജീവനക്കാരി മരിച്ച സംഭവം ഉണ്ടായല്ലോ. അതില്‍ നഷ്ടപരിഹാര വാദത്തില്‍ ബാങ്ക് കോടതിയില്‍ ബോധിപ്പിച്ച ന്യായം ആ സുരക്ഷാ ജീവനക്കാരനും വെടിയേറ്റ സ്ത്രീയും ബാങ്കിന്റെ സ്ഥിരം ജീവനക്കാര്‍ ആയിരുന്നില്ല എന്നും മറിച്ചു അവര്‍ പുറം കരാര്‍ ജീവനക്കാര്‍ ആയിരുന്നു എന്നാണ്. അതുകൊണ്ട് അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള ബാധ്യത ഇല്ലെന്നു പോലും. എത്ര ഹീനവും നിന്ദ്യവുമായ ഒരു വാദമാണ് അത്. എന്തൊരു ഉത്തരവാദിത്വമില്ലാത്ത കൈകഴുകല്‍ ആണത്. പുറംകരാര്‍ വത്ക്കരണത്തിന്റെ അപകടങ്ങളെ കുറിച്ച് ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യമില്ലല്ലോ.

അതുപോലെ ഇക്കഴിഞ്ഞ ജൂലൈ 12ഉം  13ഉം അഖിലേന്ത്യാ ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നു. കൃത്യമായ എല്ലാ സാങ്കെതികതകളും പാലിച്ചു മാനേജ്മെന്റിനും പൊതുജനങ്ങള്‍ക്കും റിസര്‍വ് ബാങ്കിനും തൊഴില്‍ മന്ത്രാലയത്തിനും ഒക്കെ മുന്‍‌കൂര്‍ അറിയിച്ചു നടത്താനിരുന്ന സമരത്തിന്റെ തൊട്ടു തലേന്ന് വൈകിട്ട് മാത്രം എസ്ബിഐ മാനെജ്മെന്റ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് സമരത്തിനു സ്റ്റേ വിധി സമ്പാദിച്ചു. ഒരിക്കലും സാങ്കേതികമായും നൈതികമായും ലഭിക്കേണ്ടുന്ന ഒരു വിധി അല്ലായിരുന്നു അത്. ഇന്ത്യയില്‍ നില നിന്നുരുന്ന തൊഴില്‍ നിയമംങ്ങളുടെ മേലുള്ള നഗ്നമായ കടന്നു കയറ്റം കൂടിയായിരുന്നു ആ വിധി. അതായതു കോടതികള്‍ പോലും സത്യത്തിന്റെ വിളംബരശാലകള്‍  അല്ലാതെ ആയി മാറിക്കൊണ്ടിരിക്കുന്ന ഭീകരമായ സ്ഥിതി വിശേഷം.

പ്രതിരോധങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഉണ്ടാകുന്നുണ്ട് എന്നുള്ളത് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗവും കക്ഷി ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടു ബാങ്ക് തൊഴിലാളി യൂണിയന്‍ നയിക്കുന്ന ലയന വിരുദ്ധ സമരത്തിനു എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലായ്‌ മാസം 18നു കേരള നിയമസഭ എസ്ബിടി ലയനം സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമാണ് എന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്. അതുകൂടാതെ ജൂലൈ ഇരുപത്തി ഒന്‍പതിന് രാജ്യത്താകമാനം ബാങ്ക് ജീവനക്കാര്‍ ലയനത്തിന് എതിരെ അഖിലേന്ത്യാ പണിമുടക്ക് ആചരിച്ചിരുന്നു. മാത്രമല്ല, ഇപ്പോള്‍ ഇടപാടുകാര്‍ കൂടുതല് കാര്യങ്ങള്‍ മനസിലാക്കി വരുന്നതിന്റെ ഭാഗമായി സേവ് എസ്ബിടി ഫോറങ്ങള്‍ ജില്ലകള്‍ തോറും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സേവ് എസ്ബിടി ഫോറം കേരള ഹൈക്കോടതിയില്‍ എസ്ബിടി എസ്ബിഐ ലയനം ഉപേക്ഷിക്കണം എന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുകയും കോടതി അത് സ്വീകരിച്ചു കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.പ്രാദേശികമായി ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ഒരു പരിധി വരെ ഇവയ്ക്കൊക്കെ കഴിയുന്നുമുണ്ട്. എങ്കിലും ഇനിയും ഒരുപാടു മുന്പോട്റ്റ് പോകണം. കാരണം ഇതൊരു അടിയന്തിര പ്രാധാന്യമുള്ള ദേശീയ വിഷയം കൂടിയാണ്.. ഉറച്ച അടിത്തറയും പ്രവര്‍ത്തന മികവുമുള്ള എസ്ബിടി പോലെ ഒരു ബാങ്കിനെ ജന താല്‍പ്പര്യത്തിന് വിരുദ്ധമായി ലയിപ്പിക്കാന്‍ സാധിച്ചെങ്കില്‍ കുത്തകകള്‍ ആഗ്രഹമുള്ള പോലെ രാജ്യത്തു പിന്നെ ഒരു സാമ്പത്തിക പരിഷ്ക്കാരങ്ങളും കൊണ്ട് വരാന്‍ ആരും ആരെയും പേടിക്കേണ്ടതില്ല എന്നാണര്‍ത്ഥം.

പൊതുമേഖല ബാങ്കുകളെ പറ്റി പൊതുജനത്തിന് ഉള്ള ഒരു അവമതിപ്പ്‌ എന്ന് പറയുന്നത് അവിടെ അവര്‍ നേരിടുന്ന തിരക്കും കാര്യങ്ങള്‍ നടന്നു കിട്ടാന്‍ ഉള്ള താമസവുമാണ്. പക്ഷെ അതിന്റെ ഒരു മറുപുറം എന്നത് ഒരു പൊതുമേഖല ബാങ്കില്‍ , ഉദാഹരണം എസ്ബിടി പോലെ ഉള്ള ഒരു ബാങ്കില്‍ ഒരു ജീവനക്കാരന്‍ സര്‍വീസുകള്‍ നല്‍കേണ്ടി വരുന്ന ഇടപാടുകാരുടെ എണ്ണം മറ്റു ബാങ്കുകളെക്കള്‍ വളരെ അധികമാണ്. അതവരുടെ പരിമിതിയും കൂടിയാണ്. അതല്ല അതിന്റപ്പുരമുള്ള വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കെണ്ടേ വേദിയും അവസരവും ഇതല്ല. ഇതില്‍ നമ്മള്‍ എസ്ബിടിയെ കൈവിട്ടാല്‍ നാം ഓരോരുത്തരും ഓരോ പിടി പച്ചമണ്ണ് വാരിയിട്ടു നടന്നുപോകുന്നത് പൊതുമേഖല ബാങ്കിംഗ് സംവിധാനത്തിന്റെ ശവകുടീരത്തില്‍ ആണ്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ അവസാന നാടീമിടിപ്പും നമ്മള്‍ ഇല്ലാതാക്കുകയാണ്. അപരിഹാര്യമായ ഒരു തെറ്റാകും അത്.

ഇതൊരു തടയണയാണ്. രാജ്യത്തെ പൊതുസമ്പത്തില്‍ കണ്ണുംനട്ട് കൊര്‍പ്പരെട്റ്റ് മൂലധന ശക്തികള്‍ ചിറകടിച്ചു വട്ടം ചുറ്റാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ആഗോള സാമ്പത്തിക ക്രമത്തിന്റെ സ്വഭാവം കൂടിയാണ് അത്. അവര്‍ക്ക് വേണ്ടത് പൊതുമേഖല ബാങ്കിംഗ് എന്ന സംവിധാനത്തിന്റെ അന്ത്യമാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗം അതിന്റെ ഏറ്റവും നിര്‍ണായകമായ ഒരു ദശാസന്ധിയില്‍ കൂടിയാണ് കടന്നു പോക്കുന്നത്. സാമ്പത്തിക നയങ്ങളുടെ പുനക്രമീകരണം നടക്കുകയാണ് എന്ന് നാം തിരിച്ചറിയണം.. അത് നടകുന്നത് ആകട്ടെ, രാജ്യത്തെ സാധാരണക്കാരന്റെ സമ്പത്ത് കൊര്‍പ്പരെട്റ്റ് മുതലാളിമാര്‍ക്ക് വെള്ളിത്തളികയില്‍ കൊണ്ട് വെച്ചു കൊടുക്കാന്‍ ഉതകുന്ന തരത്തിലും. കാര്യങ്ങള്‍ മനസിലാക്കാന്‍ വൈകിയാല്‍, പ്രതികരിക്കാന്‍ വൈകിയാല്‍ ഈ തടയണ മുറിയും. പിന്നെ ഒരിക്കലും കാര്യങ്ങള്‍ പഴയത് പോലെ ആകില്ല. ഒരു തിരിച്ചു പോക്ക് ഉണ്ടാകുകയുമില്ല. മലവെള്ളപാച്ചില്‍ ആയിരിക്കും. അതില്‍ ബാക്കിയാകുക ഞാനും നിങ്ങളുമോന്നും ആയിരിക്കില്ല, മറിച്ചു  ദ്രംഷ്ടകളില്‍ നിന്നും രക്തം കിനിയുന്ന കുടിലമായ ചിരിയോടെ മൂന്നോ നാലോ കൊര്‍പ്പരെട്ടുകള്‍ ആയിരിക്കും. പിന്നീടൊരിക്കലും ഇന്ത്യ സാധാരണക്കാരന്റെ ആയിരിക്കില്ല. അതൊരിക്കലും സംഭവിക്കാതിരിക്കട്ടെ. നമ്മുടെ നാളെയ്ക്കായുള്ള കരുതലില്‍, പ്രതിരോധത്തില്‍ ഒരു ചാലക ശക്തിയാകാന്‍, വേദിയാകാന്‍ ഈ അഖിലെന്ത്യ പണിമുടക്കിന് കഴിയട്ടെ. കഴിയും.. ചരിത്രം അങ്ങനെയൊക്കെ കാട്ടിതന്നിട്ടുണ്ട് നമുക്ക്. അല്ലായിരുന്നെങ്കില്‍ ഈ ലോകം ഇത്ര പോലും ജീവിക്കാന്‍ മനോഹരമായിരിക്കില്ലായിരുന്നു.

Comments

comments