വി.ജെ ജെയിംസുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖം.
1.പച്ച മനുഷ്യരുടെ പച്ചയായ ജീവിത കഥകൾക്കിടയിൽ മൂല്യവത്തായ ദർശനങ്ങൾ കോർത്തുവെച്ചുകൊണ്ട്, വിട്ടുപോയ ജന്മ സമസ്യകൾ പൂരിപ്പിച്ചെടുക്കാനുള്ള വ്യഗ്രതയാണ് പല കൃതികളിലും ദൃശ്യമാകുന്നത്. ജീവിതത്തിൽ നാം വിലപിടിച്ചതായി കരുതുന്ന പല ദർശനങ്ങളുടേയും പുനർവിചിന്തനത്തിന് താങ്കളുടെ കഥകളും നോവലുകളും സഹായിക്കുന്നുണ്ട്. എന്തു പറയാനുണ്ട് അതെപ്പറ്റി?
@ പൂർണത അവകാശപ്പെടാൻ ഒരു മനുഷ്യനും സാധിക്കില്ല, ഒരു കാര്യത്തിൽ നിന്നും അത് കണ്ടെത്താൻ കഴിഞ്ഞെന്നും വരില്ല. പൂർണതയെ അനുഭവിക്കാനുള്ള മനുഷ്യന്റെ സഹജവാസനയാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഭൗതികവും മാനസികവുമായ ഓരോ സുഖങ്ങളിലും മനുഷ്യൻ അതന്വേഷിച്ചു ചെല്ലുകയും അതൃപ്തനായിത്തന്നെ നിലനിൽക്കുകയും ചെയ്യുന്നു. എഴുത്തും ഒരുകണക്കിന് പൂർണതയെ അന്വേഷിക്കലാണ്. ജീവിതത്തിൽ മുഖാമുഖം നിൽക്കേണ്ടി വരുന്ന പലേ സമസ്യകൾക്കുമുള്ള ഉത്തരം തേടിയുള്ള യാത്രയാണതെന്നും പറയാം. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വ്യത്യസ്തങ്ങളാണെങ്കിലും അവയ്‌ക്കെല്ലാം അടിസ്ഥാനമായി നിൽക്കുന്ന വസ്തുതയെന്തെന്ന അന്വേഷണം സ്വാഭാവികമായും എന്റെയുള്ളിലെ അന്വേഷകൻ നടത്തുന്നുണ്ട്. ആ അന്വേഷണങ്ങളുടെ കാലഗനുഗതമായ തുടർച്ചയായി വേണമെങ്കിൽ എഴുത്തിനെ കാണാവുന്നതാണ്. പല മറകൾ ഒന്നിനുമീതെ ഒന്നായി വീണ് നാം മറവിയിൽ പെട്ടുപോയിരിക്കുന്നു. എന്നുവച്ച് ഒരുവന്റെയുള്ളിലെ നന്മയും സ്‌നേഹവും കാരുണ്യവും ഇല്ലാതാവുന്നില്ല. ഓരോ മനുഷ്യനിലും സദാ നിലകൊള്ളുന്ന നന്മയിലുള്ള വിശ്വാസമാണ് എഴുത്തിനെന്നെ പ്രചോദിപ്പിക്കുന്നത്. ചിലപ്പോൾ ചിലതൊക്കെ നാം മറന്നുപോയിട്ടുണ്ടെങ്കിൽ അവയെ ഓർത്തെടുക്കാൻ എഴുത്ത് എന്നെ തുണയ്ക്കുന്നു. ഒരുവേള വായനക്കാരനെയും അവ തുണയ്ക്കുന്നു എന്നതാവാം ഇങ്ങനെയൊരു ചോദ്യത്തിന് കാരണമായതെന്നും ഞാൻ ഊഹിക്കുകയാണ്.
2.’യാഥാർത്ഥ്യത്തെ പകർത്തിവെക്കുന്ന നോവലുകൾ കാലാതിവർത്തിയല്ല’ എന്ന വിചാരമുള്ളതുകൊണ്ടാണോ പല കൃതികളിലും അതീതാനുഭവങ്ങളും ഇന്ദ്രിയാതീതമായ സഞ്ചാരങ്ങളും വ്യത്യസ്തരീതികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
@ ഒരിക്കലും ബോധപൂർവം അങ്ങനൊരു പരിശ്രമം നടത്തിയിട്ടില്ല. അതീതാനുഭവങ്ങളും ഇന്ദ്രിയാതീത സഞ്ചാരങ്ങളും കുത്തിക്കെട്ടിവച്ചാൽ അത് കാലാതിവർത്തിയാകുമെന്ന് ആർക്ക് പറയാനാവും. എല്ലാ ദേശത്തും എല്ലാ കാലത്തും പ്രസക്തമാകുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന കൃതികളാണ് കാലാതിവര്‍ത്തിയാകുന്നത്.പ്രണയകൃതികള്‍ കാലത്തെ അതിജീവിക്കുന്നത്, പ്രണയമെന്ന വിഷയത്തിന് ഏതു കാലത്തും എവിടേയും പ്രസക്തിയുള്ളതു കൊണ്ടാണ്. എഴുത്ത് ഒരു സത്യസന്ധത ആവശ്യപ്പെടുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് എഴുതുന്നതിനെക്കുറിച്ചുള്ള ഉത്തമബോദ്ധ്യം ആവശ്യമാണ്. കാൽപ്പനികത ഉപയോഗിക്കുമ്പോൾ കൂടി നമ്മുടെ ബോദ്ധ്യത്തിന്റെ പരിസരത്തുകൂടിയേ നമുക്ക് സഞ്ചരിക്കാനാവൂ. ഒരു വ്യക്തി കടന്നുപോകുന്ന വഴികളെക്കുറിച്ച് മറ്റുള്ളവർക്ക് പൂർണമായ ധാരണ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഒരാൾ ഉത്തമബോദ്ധ്യത്തോടെ എഴുതുന്ന വസ്തുതകൾ മറ്റൊരാൾക്ക് കാൽപ്പനികമായി തോന്നിയേക്കാം. കാൽപ്പനികതയ്ക്കും യാഥാർത്ഥ്യത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരമാണ് കലകളുടെ മനോഹാരിത തന്നെ. ശരീരവും മനസ്സും അതിന്റെ ഉള്ളറകളും നമ്മെ സദാ നിയന്ത്രിക്കുന്ന നമ്മുടെതന്നെയുള്ളിലെ ബോധവും അടങ്ങിയ ആകെ സത്തയിലേക്കാണ് എന്റെ നോട്ടം. അതൊരിക്കലും പ്രതിലോമകരമായ നോട്ടമല്ല.
3.നോവലുകളുടെ പശ്ചാത്തല വിവരങ്ങൾക്കുവേണ്ടി എന്തെങ്കിലും പരിശ്രമങ്ങൾ?
@ ചിലപ്പോൾ കഥാപാത്രങ്ങൾ പശ്ചാത്തലത്തിലേക്ക് നയിക്കുകയും മറ്റു ചിലപ്പോൾ പശ്ചാത്തലത്തിൽ നിന്ന് കഥാപാത്രങ്ങൾ ഇറങ്ങിവരികയും ചെയ്യാറുണ്ട്. അതൊരു രഹസ്യമായ കൊടുക്കൽ വാങ്ങലാണ്. പ്രത്യേകിച്ചും ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകത്തിൽ ഞാനിത് നന്നായി അനുഭവിച്ചിട്ടുണ്ട്. നോവലിന്റെ പിൻകുറിപ്പായി ചേർത്ത എഴുത്തനുഭവത്തിൽ അത് രേപ്പെടുത്തിയിട്ടുണ്ട്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം കൂടാനായി കൊച്ചിയിലെ ഒരുൾനാടൻ തുരുത്തിൽ എത്തുകയും അവിടുത്തെ വ്യത്യസ്തമായ ഭൂമിക അനുഭവിക്കുകയും ചെയ്തതാണ് പുറപ്പാടിന്റെ പുസ്തകത്തിലേക്കെന്നെ നയിച്ചത്. ആ യാത്ര സംഭവിച്ചില്ലെങ്കിൽ ഒരുപക്ഷേ പുറപ്പാടിന്റെ പുസ്തകം എന്ന നോവൽ ഉണ്ടാകുമായിരുന്നില്ല. പിന്നീട് എത്രയോ വട്ടം ഞാനാ തുരുത്ത് തേടിച്ചെല്ലുകയും അതിന്റെ ഭൂമിശാസ്ര്തവും ഭാഷാവഴക്കങ്ങളും മിത്തും സ്വായത്തമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയായിരുന്നു നോവലിന്റെ പശ്ചാത്തലം രൂപപ്പെട്ടത്. ആകെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഒരെഴുത്തുകാരൻ ചെയ്യുന്നത്. ഒടുവിലെത്തുമ്പോൾ പശ്ചാത്തലം തന്നെ കഥാപാത്രമായി നോവലിൽ ലയിച്ചുചേരുമെങ്കിലേ അത് നല്ല സൃഷ്ടിയാവൂ. അങ്ങനെയൊരു ഏകതാനത സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ട്. പേരില്ലാപ്പുഴയും പോട്ടച്ചെടികളും പാച്ചുവഞ്ചിയും മണ്ണും ആകാശവുമെല്ലാം ചേരുമ്പൊഴേ ശരീരവും മനസ്സും ആത്മാവും ചേർന്ന ഏകസത്യമാവൂ.
4.എന്താണ് താങ്കൾക്ക് എഴുത്ത്? രചനകളെ സ്വയം വിലയിരുത്തുമെങ്കിൽ അതെങ്ങനെയായിരിക്കും?
@ എഴുതാതിരിക്കാനുള്ള ശ്രമങ്ങളുടെ പരാജയമാണ് എഴുത്തെന്ന് പറഞ്ഞാൽ അതാവും കുറേക്കൂടി ശരി. ഇനിയും ലഭിച്ചിട്ടില്ലാത്ത എന്തോ ഒന്നിനെ തേടിയാണ് എല്ലാവരും ജീവിക്കുന്നത്. കൂടുതൽ തൃപ്തി തരുന്ന എന്തോ ഒന്ന്. അതു തേടിയാണ് ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ഓരോരുത്തരുടെയും പ്രയാണം. അതിന് പലരും പല മാർഗങ്ങളവലംബിക്കുന്നുണ്ടാവാം. മദ്യം, ലഹരി, ശരീരസുഖം, വായനാസുഖം, അങ്ങനെ ഓരോരോ മാർഗങ്ങളിലൂടെ മനുഷ്യൻ അതിനെ തേടുന്നു. ഞാൻ എഴുത്തിലൂടെ അതന്വേഷിക്കുന്നു എന്നേയുള്ളു. എഴുത്തിനും മീതെ നിൽക്കുന്ന മറ്റൊന്നിനെ പ്രാപിക്കും വരെയുള്ള ഇടത്താവളം മാത്രമാണിതെന്നും വേണമെങ്കിൽ പറയാം. ലഹരി ഒരുതരം അടിത്തമാണെന്ന് പറയും പോലെ എഴുത്തും അടിമത്തം തന്നെയാണ്. ഒരുവേള അതൊരു പോസിറ്റീവ് അടിമത്തമായിരിക്കാം. പക്ഷേ മലകയറുന്നവന് പാപം മാത്രമല്ല പുണ്യവും ഭാരമാണ്. സ്വന്തം എഴുത്തിനെ സ്വയം വിലയിരുത്തുന്നത് സാഹസമായിപ്പോവും എന്നതിനാൽ ഞാനതിന് മുതിരുന്നില്ല. ഞാൻ തന്നെ എനിക്ക് മാർക്കിടുന്നതിൽ എന്തർത്ഥമാണുള്ളത്. അതിന് മാറിനിന്നുള്ള ഒരു നോട്ടം ആവശ്യമായതിനാൽ അത് വായനക്കാരൻ നിർവഹിക്കട്ടെ.
5.‘ഈശ്വര നിരീശ്വര സംഘർഷത്തിന്റെ സാമൂഹിക തലവും അതിനു സമാന്തരമായി സന്നിവേശിക്കപ്പെടുന്ന ചില വ്യക്ത്യനുഭവങ്ങളുടെ ഭൗതിക – അതിഭൗതിക സംഘർഷങ്ങളും ‘ പ്രതിപാദിക്കുന്ന നിരീശ്വരൻ എന്ന പ്രശസ്തമായ രചനയ്ക്ക് താങ്കളുടേതായ കാരണങ്ങളോ ഘടകങ്ങളോ ഉണ്ടോ ?
@ ഒരെഴുത്തുകാരന്റെ ദാർശനികമായ സഞ്ചാരങ്ങളെ അടുത്തറിയണമെങ്കിൽ കാലാനുഗതമായി അയാളുടെ കൃതികൾ വായിച്ചാൽ മതിയാവും. പുറപ്പാടിന്റെ പുസ്തകത്തിൽ നിന്ന് ചോരശാസ്ര്തത്തിലൂടെ ദത്താപഹാരം വഴി നിരീശ്വരനിലേക്ക് ഒരു സഞ്ചാരം നടക്കുന്നുണ്ട്. ഔദ്യോഗികത്തിന്റെ ഭാഗമായി ശാസ്ര്തം കൈകാര്യം ചെയ്യേണ്ടി വരികയും ഒപ്പം ജീവിതാവസ്ഥകളെ ദാർശനികമായി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഇവ രണ്ടും ഒരു പ്രത്യേക ബിന്ദുവിൽ കൂട്ടിമുട്ടുന്ന അനുഭവമുണ്ടാകുന്നുണ്ട്. ഇതൊരു നിർബന്ധബുദ്ധിയല്ല, സാദ്ധ്യതയും ബോദ്ധ്യവുമാണ്. ഇതിനോട് ആശയപരമായി യോജിക്കാനാവാത്തവരും ധാരാളമുണ്ടാകാം. അത്തരം എല്ലാത്തരം വൈരുദ്ധ്യങ്ങളും കൂടിചേർന്നതാണ് സൃഷ്ടി. ഓരോരുത്തരും അവരവരുടെ ബോദ്ധ്യത്തെയാണ് സത്യമായി
പ്രാപിക്കുന്നത്. ഈശ്വര വിശ്വാസമായാലും നിരീശ്വര വിശ്വാസമായാലും അതങ്ങനെ തന്നെ. രണ്ടു പ്രത്യക്ഷവൈരുദ്ധ്യങ്ങളും കൂട്ടിമുട്ടുന്ന ഒരു ഭ്രൂമദ്ധ്യമുണ്ടെങ്കിൽ അതിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു നിരീശ്വരനിൽ നടത്തിയത്. പ്രത്യക്ഷത്തിൽ പോസിറ്റീവും നെഗറ്റീവും ചാർജുകളായി കാണപ്പെടുന്ന പ്രോട്ടോണും ഇലക്‌ട്രോണും എനർജിയുടെ തലത്തിലെത്തുമ്പോൾ ഭിന്നമല്ലെന്ന് ശാസ്ത്രരീത്യാ ചിന്തിച്ചുചെല്ലുമ്പോൾ ബോദ്ധ്യപ്പെടാതെ വയ്യ. ഇതിൽത്തന്നെയാണ് ഫിലോസഫിയും ചെന്നെത്തുന്നത്. ഇങ്ങനെ വൈജാത്യങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്ന ഏകത്വത്തെ ഭൗതികതലത്തിൽ ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നിരീശ്വരന്റെ രചന. നിരീശ്വരനില്‍ വലിയൊരു തത്വമുണ്ട് .വളരെ കുറച്ചു പേര്‍ മാത്രമേ അത് വ്യക്തമായി മനസ്സിലാക്കാന്‍ സാദ്ധ്യതയുള്ളൂ. ഒരു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തിയുടെയും പക്ഷം പിടിക്കുന്ന ഒരു നോവലല്ല അത്. അതുകൊണ്ടുതന്നെ അത് ഏതു രീതിയില്‍ മനസ്സിലാക്കാനും വായനക്കാരന് സ്വാതന്ത്ര്യമുണ്ട് .
– പുനര്‍വായനയില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ തെളിയുന്ന നിരീശ്വരന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും എന്ന് കരുതാമല്ലോ അല്ലെ?
@ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കാര്യത്തില്‍ മാത്രമല്ല ,ഏതൊരു കാര്യവും അനുഭവതലത്തില്‍ ഓരോ വ്യക്തിക്കും സ്വന്തമായി തീരുന്നെങ്കില്‍ മാത്രമേ കൃതികളുടെ ജീവന്‍ നിലനില്‍ക്കൂ. നിരീശ്വരന്‍, ചോരശാസ്ത്രം, ദത്താപഹാരം, ഒറ്റക്കാലന്‍കാക്ക തുടങ്ങിയ കൃതികളെല്ലാം ഇന്ന്‍ കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ആദ്യം നിരൂപകര്‍ കാര്യമായി ഇവയെ ശ്രദ്ധിച്ചിരുന്നില്ല. വായനക്കാരോടാണ് എനിക്കിതിനു കടപ്പാട് . യഥാര്‍ത്ഥ വായനക്കാര്‍ നല്‍കുന്ന മൌത്ത് പബ്ലിസിറ്റിയാണ് ഇതിനുള്ള പ്രധാനഘടകമെന്നു ഞാന്‍ വിശ്വസിക്കുന്നു.
6. മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് ഏതൊരു കലാസൃഷ്ടിയുടേയും അടിത്തറ എന്നു പറയാറുണ്ട്. ആ സന്ദേഹങ്ങൾ ഇപ്പോൾ സ്വന്തം വംശത്തിന്റെ നിലനിൽപ്പിനെക്കുറിച്ചു വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ മനുഷ്യനെ പ്രകൃതിയിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്ന ‘ദത്താപഹാരം ‘ എന്ന നോവലിന് പ്രസക്തിയേറെയുണ്ട്. എന്താണു വിലയിരുത്തൽ ?
@ ഒരുപക്ഷേ ഇന്നത്തെ കാലത്ത് നടത്താവുന്ന ഏറ്റവും മൂല്യവത്തായ വിപ്ലവപ്രവർത്തനം പ്രകൃതിയെ അതിന്റെ സന്തുലനത്തിൽ നിലനിർത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നതാണ്. പ്രകൃതം എന്നാൽ നമ്മുടെ സ്വകീയമായ അവസ്ഥയാണ്. ആ അവസ്ഥയിൽ നമ്മൾ കൃത്രിമത്വം കലർത്തുമ്പോൾ നമ്മുടെ സ്വാഭാവികത തെറ്റുകയും നാം അശാന്തമായ ഒരവസ്ഥയിലേക്ക് തെന്നിപ്പോവുകയും ചെയ്യുന്നു. ഒരുപക്ഷേ ആരും തിരിച്ചറിയുന്നില്ലെങ്കിൽ കൂടി നാമെല്ലാം തേടുന്നത് പ്രകൃതിയിൽ നിന്ന് ഭിന്നിച്ചുനിൽക്കുന്ന ദുരവസ്ഥയിൽ നിന്ന് പ്രകൃതിയോട് ഒന്നാവുന്നതിന്റെ പൂർണത അനുഭവിക്കുക എന്നതാണ്. എവിടെ ഒരാൾ ഞാൻ ഭാവം മറന്ന് എന്തിനോടെങ്കിലും ഇഴുകിച്ചേരുന്നുവോ അവിടെ അയാൾ പൂർണമായ ആനന്ദത്തെ അനുഭവിക്കുന്നു. ഒരു മധുര പലഹാരം രുചിക്കുമ്പോഴും നല്ല പുസ്തകം വായിക്കുമ്പോഴും രതിയനുഭവത്തിലുമൊക്കെ ഈ താദാത്മ്യം ഏറിയും കുറഞ്ഞും സംഭവിക്കുന്നുണ്ട്. ഒരു തമാശ കേട്ടിട്ട് ബലം പിടിച്ചു നിൽക്കുന്നയാളല്ല; സകലം മറന്ന് പൊട്ടിച്ചിരിക്കുന്നവനാണ് ആനന്ദിക്കുന്നത്. ലയമാണ് ആനന്ദം. ശാരീരികസുഖം ക്ഷണികം, മാനസികം കുറച്ചുകൂടി നീളുന്നത്, ബൗദ്ധികം അതിനും മീതെ, എന്നാൽ സ്വത്വാനന്ദം എല്ലാറ്റിനും മീതെ നിൽക്കും. ഈ സ്വത്വപരമായ പൂർണാനന്ദമാണ് പ്രകൃതിയിലേക്കുള്ള സമ്പൂർണ മടക്കത്തിലൂടെ സംഭവിക്കുന്നത്. ദത്താപഹാരം എന്ന നോവൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നത് അതുകൊണ്ടാണ്. എനിക്ക് മാത്രമല്ല, മറ്റുപലർക്കും ഇത് ഏറെ പ്രിയപ്പെട്ടതുതന്നെ. എഴുത്തുകാരനെന്ന നിലയിൽ എന്നെ ഏറ്റവും വെല്ലുവിളിച്ച കൃതി ദത്താപഹാരമായിരുന്നു. വേണമെങ്കിൽ ഫിലോസഫിക്കുവേണ്ടി നമുക്കൊരു പുസ്തകമെഴുതാം. എന്നാൽ ഫ്രെഡി റോബർട്ടിന്റെ അസാധാരണമായ ലയാനുഭവത്തെ പാളിപ്പോകാതെ വായനക്കാരന് അനുഭവപ്പെടുത്തി കൊടുക്കുക എന്നത് താരതമ്യേന അവധാനത കൂടുതൽ ആവശ്യപ്പെടുന്ന എഴുത്തിടപെടൽ ആയിരുന്നു.
7.‘പുറപ്പാടിന്റെ പുസ്തക’ വായനയിൽ നിരന്തരം അലോസരപ്പെട്ട വായനക്കാർ ‘ചോരശാസ്ത്രം’ വായിച്ചപ്പോൾ താങ്കൾക്കു വിഷമിപ്പിക്കാൻ മാത്രമല്ല;ചിരിപ്പിക്കാനുമാവും എന്നു മനസ്സിലാക്കി. കൃതികളിലെ പ്രമേയങ്ങളിൽ സ്വീകരിക്കുന്ന ഈ വൈവിധ്യങ്ങളെക്കുറിച്ചൊന്നു പറയാമോ?
@ ഇതുവരെ ആരും പറയാത്തൊരു പ്രമേയത്തെപ്പറ്റി പറയണം എന്നാണ് ഏതൊരു എഴുത്തുകാരന്റെയും ആഗ്രഹം. മറ്റാരും പറയാത്തതു പറയാന്‍ എന്നെക്കൊണ്ട് സാധിക്കുമോ എന്നുള്ള അന്വേഷണം ഓരോ എഴുത്തുകാരനിലുമുണ്ട്. പുതുമയുള്ള ആശയങ്ങള്‍ കിട്ടുന്നതുകൊണ്ടും പിന്നെ അക്ഷരശക്തിയിലുള്ള വിശ്വാസം കൊണ്ടും മാത്രമാണ് ഞാനെഴുതുന്നത്. എഴുത്ത് എന്നത് ആഴത്തില്‍ കുഴിച്ച് വെള്ളം കണ്ടെത്തുന്നതു പോലെ ഒരു തരം കണ്ടെത്തലാണ്. അതുകൊണ്ടുതന്നെ അത് കണ്ടെത്തിയാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നൊരു വിശ്വാസമുണ്ട്. പുറപ്പാടിന്റെ പുസ്തകം ഒരു പ്രത്യേക ജീവിതകാലഘട്ടത്തിൽ എഴുതിയ കൃതിയായിരുന്നു. ഒരുപാട് നിരാശകളുടെയും ദുരിതങ്ങളുടെയും സാക്ഷിയായിരിക്കുമ്പോൾ കണ്ണിൽ പെടുന്നതിലെല്ലാം അത് പ്രതിഫലിക്കും. അഥവാ ചിരിക്കാനുള്ളവ കണ്ണിൽ പെടാതെ പോയെന്നും വരും. പക്ഷേ അതൊരു പരാജയമല്ല. ദു:ഖവും ദുരിതവുമാണ് പലപ്പോഴും ഏറ്റവും നല്ല അദ്ധ്യാപകൻ. അതില്ലാത്തപക്ഷം അലസനായൊരു വിദ്യാർഥിയെപ്പോലെ സാരത്തിലേക്ക് നോക്കാതെ ഉപരിപ്ലവമായി ജീവിച്ച് ഒരു ദിവസം കുമിളപോലെ പൊട്ടിത്തീരും ഒരുവൻ. ചോരശാസ്ര്തം മറ്റൊരു കാലത്തിൽ സംഭവിക്കുന്ന കൃതിയാണ്. എഴുതി എന്നതിനേക്കാൾ എഴുതിപ്പിച്ചു എന്ന് ഞാൻ തന്നെ പറയാറുള്ള കൃതി. നമ്മുടെ ഹൃദയത്തേയും തലച്ചോറിനേയുമൊക്കെ ഉറക്കത്തിലും പ്രവർത്തിപ്പിക്കുന്ന പ്രകൃശ്ശക്തി ഏതാണോ ആ ശക്തി തന്നെയാണ് നമ്മെക്കൊണ്ട് എഴുതിക്കുന്നതും. അത്രമേൽ മുൻകൂട്ടി പ്രവചിക്കാനാവാത്തതും അനിശ്ചിതവുമാണ് കുറഞ്ഞപക്ഷം എനിക്കെങ്കിലും എഴുത്ത്. പുറപ്പാടിന്റെ പുസ്തകത്തിന് മലയാറ്റൂർ പ്രൈസ് കിട്ടിയപ്പോൾ അന്ന് വേദിയിൽ ഒപ്പമുണ്ടായിരുന്നു സീനിയർ എഴുത്തുകാരൻ സേതു എന്നോട് പറഞ്ഞിരുന്നു,രണ്ടാമതെഴുതുന്ന കൃതിയാണ് ഒരെഴുത്തുകാരനെ ടെസ്റ്റ് ചെയ്യുന്ന നോവൽ എന്ന്. അതുകേട്ട ശേഷം ഞാൻ രണ്ടാമതായി എഴുതിത്തുടങ്ങിയ നോവൽ തുടർന്നെഴുതാതെ മാറ്റി വച്ച് തീർത്തും ഭിന്നമായ മറ്റൊന്നിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങി. ആ കാത്തിരിപ്പിനിടെ ഒരു ബ്രാഹ്മമുഹുർത്തത്തിൽ ഒട്ടും തയ്യാറെടുപ്പില്ലാതെ ഒരു പ്രത്യേക അനുഭവത്താൽ വിളിച്ചുണർത്തപ്പെട്ട് എഴുതാനിടയായതാണ് ചോരശാസ്ത്രം. ശരിക്കും വിളിച്ചുണർത്തി എന്നെക്കൊണ്ട് എഴുതിച്ചതു തന്നെയെന്ന് ഞാൻ പറയും, മറ്റാരും സമ്മതിച്ചില്ലെങ്കിലും. ഒരെഴുത്തുകാരനും അവന്റെ കൃതിയെക്കുറിച്ച് അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയത് ചോരശാസ്ത്രത്തിന്റെ രചനയാണ്. അക്ഷരത്തിന്റെ കാരുണ്യമാണ് ഓരോ രചനയും.
8. എന്താണ് മലയാള നോവൽ ചെറുകഥ സാഹിത്യത്തിലെ സമകാലികപ്രവണതകൾ?
@ ചെറുകഥയിലും നോവലിലും ഒരുപാട് പുതുസ്വരങ്ങൾ കടന്നു വരുന്നു എന്നത് ശുഭോദർക്കമാണ്. ജീവിതത്തിന് പഴയതിനേക്കാൾ വേഗം കൂടി. ജീവിതാനുഭവങ്ങളും ഏറെ ഭിന്നമായി. അതിനനുസരിച്ച് കഥയുടെയും നോവലിന്റെയും ആവേഗം പ്രകടമാണ്. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മേഖലകളിലൂടെ ധൈര്യപൂർവം സഞ്ചരിക്കുന്ന പലരും കടന്നുവരുന്നത് കൗതുകപൂർവം ഞാൻ നിരീക്ഷിക്കുന്നുണ്ട്. ലോകത്തിന്റെ താളത്തിന് പെട്ടെന്നൊരു മാറ്റം സംഭവിക്കുമ്പോൾ രചനയിലും അത് പ്രതിഫലിക്കാതെ വയ്യ.
9. താങ്കളടക്കം നിലകൊള്ളുന്ന ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച് എന്തുതോന്നുന്നു?
@ നമ്മളാരും ഒന്നും ചെയ്യുന്നതുകൊണ്ടല്ലല്ലോ ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്. സാഹിത്യത്തെ ഏതെങ്കിലും കാലഗണനകൊണ്ട് കൃത്യമായി വിഭജിച്ച് അടയാളപ്പെടുത്താനാവുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാലാനുഗതമായി നാമറിയാതെ സംഭവിക്കുകയാണ് മാറ്റങ്ങൾ. പച്ചമലയാളം പറയുന്ന കേരളത്തിൽ നിന്ന് ചെന്തമിഴ് സംസാരിക്കുന്നവരുടെ നാട്ടിലേക്ക് നാം സഞ്ചരിക്കുകയാണെങ്കിൽ ഭാഷയുടെ മാറ്റം വളരെ ക്രമാനുഗതമായി സംഭവിക്കുകയാണ്. അല്ലാതെ പെട്ടെന്നൊരു രേഖയ്ക്കപ്പുറം മലയാളവും തമിഴുമായി വേർപിരിയുകയല്ല. കാലവും സാഹിത്യവുമൊക്കെ അതുപോലെ അനുസ്യൂതമായ തുടർച്ചയാണ്. മലയാള സാഹിത്യമെന്നല്ല എല്ലാ സാഹിത്യവും അതിന്റെ സ്വയം ശക്തികൊണ്ട് നിലനിന്നുകൊള്ളും.
10. സാഹിത്യ ലോകത്തിലും ഇപ്പോൾ പക്ഷം തിരിക്കലുകൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. പെണ്ണെഴുത്ത് , ദളിത് എഴുത്ത്, കറുത്തവന്റെ എഴുത്ത്….എന്നിങ്ങനെ. സാഹിത്യത്തെ ഇങ്ങനെ കള്ളികളിലേക്ക് ഒതുക്കുന്ന സമ്പ്രദായം സാഹിത്യത്തിന്റെ പുരോഗതിയെ എത്തരത്തിൽ സ്വാധീനിക്കും എന്നാണ് കരുതുന്നത്?
@ ഒരേ മാവുകൊണ്ടുള്ള പലഹാരങ്ങളെ ദോശയെന്നും ഇഡ്ഡലിയെന്നും പുട്ടെന്നുമൊക്കെ ഓരോരുത്തർ തരം തിരിക്കുന്നപോലെയേ ഇതൊക്കെയും ഉള്ളു. അടിസ്ഥാനപരമായി എല്ലാം ഒന്നു തന്നെ ആവാതിരിക്കാൻ വയ്യ. ഇങ്ങനെ തരം തിരിക്കുന്നതുകൊണ്ട് പുരോഗതി ഉണ്ടാവുമെന്നോ തടസപ്പെടുമെന്നോ എനിക്ക് പക്ഷമില്ല. എല്ലാവരും അൻപത്തൊന്ന് അക്ഷരങ്ങളുടെ പെർമ്യൂട്ടേഷനും കോംബിനേഷനും തന്നെയാണ് ഉപയോഗിക്കുന്നത്. എഴുത്തിൽ മാത്രം ഇടപെടുക എന്നതാണ് ഞാൻ അനുവർത്തിക്കുന്ന സിദ്ധാന്തം. എഴുത്തിനപ്പുറമുള്ള വേർതിരിവുകളിലും കളങ്ങളും അകപ്പെടുക എന്നത് എനിക്കൊട്ടും ചേരുകയില്ലെന്ന് ഞാൻ കരുതുന്നു. അത് സാധിക്കുന്നവർ അതിൽ ഇടപെടുമ്പോൾ വെറുമൊരു കാഴ്ചക്കാരനാവാനേ എനിക്ക് കഴിയാറുള്ളു. ഒരുപക്ഷേ അതെന്റെ പരിമിതിയാവാം.
11. പ്രണയോപനിഷത്ത് എന്ന കഥ സംവിധായകൻ ജിബു ജേക്കബ് സിനിമയാക്കാൻ പോകുന്നു. അതിനെക്കുറിച്ച്?
@ കഥയും സിനിമയും രണ്ടുതരം ഭാഷയാണുപയോഗിക്കുന്നത്. കഥയിൽ ഉപയോഗിക്കുന്ന സർവ്വസ്വാതന്ത്ര്യം സിനിമയിൽ ആവാനൊക്കില്ല. അതുകൊണ്ടുതന്നെ ഒരു ചെറുകഥയെ സിനിമയാക്കുമ്പോൾ അതിൽ സാഹചര്യം ആവശ്യപ്പെടുന്ന കഥാപരമായ രൂപമാറ്റങ്ങൾ ഒഴിവാക്കാനായെന്നു വരില്ല. മോഹൻലാൽ- മീന താരജോഡികളെ വച്ച് അങ്ങനെയൊരു സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു. പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അതേപടി സിനിമയിൽ പ്രതീക്ഷിക്കാതിരിക്കുക. ജിബുജേക്കബ് എന്ന സംവിധായകനും സിന്ധുരാജ് എന്ന തിരക്കഥാകൃത്തും ആ കഥയിൽ കണ്ടെത്തിയ സാദ്ധ്യതകളാണ് സിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
12. സിനിമയിലെന്ന പോലെ സാഹിത്യരംഗത്തും ചില താരസങ്കൽപ്പങ്ങൾ പുലർത്തിവരുന്ന തരത്തിൽ മലയാളിയിൽ ചിലതരം മൂല്യബോധങ്ങൾ ഉറച്ചുപോയിട്ടുണ്ട് എന്നതും, പുതിയ കാലത്തിന്റെ ഉണർവ്വുകളെ എത്ര അവഗണിച്ചാലും അവ പിൽക്കാലത്ത് പരിഗണിക്കപ്പെടുമെന്നതിന്റെ തെളിവുകൾ സാഹിത്യചരിത്രത്തിൽ വേണ്ടുവോളമുണ്ട് എന്നതും കൂട്ടിവായിച്ചുകൊണ്ടു നോക്കുമ്പോൾ വി.ജെ.ജെയിംസ് എന്ന എഴുത്തുകാരന് അർഹതപ്പെട്ട അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട് എന്നു തോന്നുന്നുണ്ടോ?
@ ഈ ചോദ്യം പലപ്പോഴായി പലരിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനുള്ള മറുപടി പറയേണ്ടത് ഞാനല്ലെന്നാണ് എന്റെ വിനീതമായ തോന്നൽ. അക്ഷരത്തിന് ശക്തിയുണ്ടെന്ന് എനിക്കറിയാം. എഴുത്തിന് കരുത്തുണ്ടെങ്കിൽ അത് സ്വയം നിലനിന്നുകൊള്ളുമെന്ന വിശ്വാസമാണെന്നെക്കൊണ്ട് എഴുതിക്കുന്നത്. ജയിംസ് നമ്മുടെ അടുപ്പക്കാരനാണ്, അതുകൊണ്ട് നല്ല കവറേജ് കൊടുത്ത് പ്രസിദ്ധീകരിച്ചുകളയാം എന്നു തോന്നത്തക്ക വിധത്തിൽ ആരിലും സ്വാധീനമുള്ള ആളല്ല ഞാൻ. അവാർഡുകളുടെയും അംഗീകാരങ്ങളുടെയും കാര്യത്തിലും അവസ്ഥ അതുതന്നെ. ഞാൻ സ്വയം പറഞ്ഞതുകൊണ്ടോ ആരെക്കൊണ്ടെങ്കിലും പറയിച്ചതുകൊണ്ടോ എഴുത്ത് കാലാതിവർത്തിയായി നിലനിൽക്കണമെന്നില്ല. കൈയിട്ടടിച്ച് സൃഷ്ടിക്കുന്ന ഓളം പോലെ അതങ്ങ് നിലച്ചുപോകും. എഴുത്തുകാരന് ഒരു പേനയുടെ സ്ഥാനമേയുള്ളു. പേനയല്ല എഴുതുന്നത്. പേനയിലൂടെ എഴുത്ത് പുറത്തുവരികയാണ്. അതുകൊണ്ട് കാലം നിശ്ചയിക്കട്ടെ ഏതാണ് നിലനിൽക്കുകയെന്നും ഏതാണ് നിലനിൽക്കേണ്ടതെന്നും. അടുത്തദിവസം ഫേസ്ബുക്കിലൂടെ എന്നോട് ആദ്യമായി സംസാരിച്ച മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് പ്രൊഫസർ പറഞ്ഞു. ജയിംസ് താറാവിനെപ്പോലെയാണ്, മുട്ടയിട്ടിട്ട് എഴുന്നേറ്റങ്ങ് പോകും. കോഴിയെപ്പോലെ മുട്ടയിട്ടശേഷം ലോകത്തോടത് വിളിച്ചറിയിച്ചാലേ ഇന്നത്തെ കാലത്ത് നിലനിൽക്കാനാവൂ എന്ന്. ഞാനാ തമാശയാസ്വദിച്ച് കുറച്ച് ചിരിച്ചു
13. സ്വന്തം അസ്ഥിത്വം കണ്ടെത്താനും അതിലൂടെ സ്വന്തം ദാര്‍ശനിക വിചാരങ്ങളെ പോഷിപ്പിക്കുവാനും പറ്റിയ തട്ടകം എഴുത്താണ് എന്ന് തിരിച്ചറിഞ്ഞത് എപ്പോഴായിരുന്നു?
@ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ ‘സാഹിത്യ’ എന്നൊരു സംഘടനയുടെ ഉദ്ഘാടനത്തിനു വേണ്ടി ഞാനൊരു കഥയെഴുതി. കഥകളും കവിതകളും ചര്‍ച്ച ചെയ്യാനുള്ള വേദിയായിട്ടായിരുന്നു ‘സാഹിത്യ’ രൂപീകരിച്ചത് . അതിന്റെ ഉദ്ഘാടനത്തിന് കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ‘സംഘം ചേര്‍ന്നവരുടെ സങ്കീര്‍ത്തനം’ എന്നൊരു കഥയെഴുതി വായിച്ചു. ആ കഥയാണ് പിന്നീട് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ശേഷം ദത്താപഹാരം എന്ന നോവലായി മാറിയത്. ജോലിക്കു ചേര്‍ന്നതിനു ശേഷവും വായന മുടക്കമില്ലാതെ മുന്നോട്ടു പോയി. സമാന താല്‍പ്പര്യമുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സാഹിത്യ ചര്‍ച്ചകളും ഇതിനു ചൂട് പകര്‍ന്നു. അക്കാലത്ത് മനോരമയുടെ മാമ്മന്‍ മാപ്പിള അവാര്‍ഡ് തുക സാമാന്യം നല്ലൊരു സംഖ്യയായിരുന്നു. ആ സമയത്ത് കുറച്ചു സാമ്പത്തിക ക്ലേശം അനുഭവിച്ചു കൊണ്ടിരുന്നതിനാല്‍ ആ അവാര്‍ഡിനോട് എന്റെ അപക്വബുദ്ധിക്ക് ഒരാകര്‍ഷണം തോന്നി. അവാര്‍ഡിനയക്കാനായി അങ്ങനെ ഞാനൊരു നോവലെഴുതിത്തുടങ്ങി. എന്നാല്‍ എഴുത്തുകാരന്‍ കണ്ടതിനും പ്രതീക്ഷിച്ചതിനും എതിര്‍ദിശയിലേക്ക് എഴുത്ത് എന്നെ കൈ പിടിച്ചു കൊണ്ടുപോയി. മനോരമയുടെ നോവല്‍ മല്‍സരം തന്നെ ഇല്ലാതായി. എങ്കിലും എഴുതാമെന്ന ആത്മവിശ്വാസം നല്‍കിയത് ആ തുടക്കമായിരുന്നു. ആയിടക്ക് കലാകൌമുദിയില്‍ പുനത്തിലിന്റെ ‘കന്യാവനങ്ങള്‍’ പ്രസിദ്ധീകരിച്ചു വന്നിരുന്നു. അത് വായിച്ചൊരു സുഹൃത്താണ് അധികം വളച്ചു കെട്ടലില്ലാത്ത ഭാഷയുടെ ഭംഗിയെക്കുറിച്ച് പറയുന്നതും അത്തരത്തില്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നതും
14. അടുത്ത കൃതിയെക്കുറിച്ച്?
@ ഇന്നു തീരുമെന്നോ അടുത്തയാഴ്ചയോ അടുത്തവർഷമോ പോലും പൂർത്തിയാകുമെന്നോ തീർച്ചയില്ലാത്തതാണെനിക്ക് രചന. അത് ചിലപ്പോൾ പെട്ടെന്ന് സംഭവിക്കാനും മതി. എപ്പോഴും എന്തെങ്കിലും ഒന്ന് അപൂർണമായി നിലനിൽക്കുന്നുണ്ടാവും. അങ്ങനെ ചില ശ്രമങ്ങളൊക്കെ സംഭവിക്കുന്നുണ്ട്. പൂർത്തിയായി പുറത്തുവരാതെ അതേക്കുറിച്ചൊന്നും പറയുന്നതിൽ കാര്യമില്ലെന്നാണനുഭവം. അക്ഷരദേവത അനുഗ്രഹിക്കുമ്പോൾ അത് സംഭവിച്ചുകൊള്ളട്ടെ.
Be the first to write a comment.