വയനാടിലെ ചുള്ളിക്കാട് ഗ്രാമത്തിൽ ആദിവാസികൾ ദുരിത ജീവിതം നയിക്കുന്ന കാട്ടുനായ്ക്ക കോളനിയും കടുത്ത വന്യമൃഗശല്യത്താൽ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരായ കുറുമ സമുദായത്തിന്റെ ഭൂമിയും ജില്ല ലീഗൽ അതോറിറ്റി സന്ദർശിച്ചു. ചുള്ളിക്കാട് ഗ്രാമത്തിലെ ആദിവാസിജനതയുടെ കഷ്ടതകൾ വിവരിച്ചുകൊണ്ട് നവമലയാളിയിൽ കേരളത്തിലെ ആദിവാസിവിഭാഗങ്ങളിൽ നിന്നുള്ള ആദ്യത്തെ റിപ്പോർട്ടറായ രാമചന്ദ്രൻ കണ്ടാമല എഴുതിയ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു സന്ദർശനം. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തീയതിയാണു ജില്ല ലീഗൽ അതോറിറ്റി ചെയർമാനായ ജില്ല ജഡ്ജ് വി. വിജയകുമാർ, ഫോറസ്റ്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എനിവരടങ്ങിയ സംഘം അവിടെത്തിയതും ആദിവാസികളുടെ ദുരിതാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തിയതും. കടുത്ത മനുഷ്യാവകാശലംഘനമാണു കോളനിവാസികൾ അനുഭവിക്കുന്നത് എന്ന് അതോറിറ്റി നിരീക്ഷിച്ച അതോറിറ്റി ചെയർമാൻ കഷ്ടതയനുഭവിക്കുന്നവരെ അവിടെ നിന്ന് മാറ്റിപാർപ്പിക്കുന്നതിനും പുൽപ്പള്ളി പഞ്ചായത്തിന്റെ പൊതുശ്മശാനവും മാലിന്യനിക്ഷേപകേന്ദ്രവും അവിടെ നിന്ന് മാറ്റിസ്ഥാപിക്കുന്നതിനും സർക്കാരിനോട് ശുപാർശ ചെയ്യും എന്ന് വ്യക്തമാക്കി. തടയണകൾ നിർമ്മിച്ച് മൽസ്യകൃഷിക്ക് യോഗ്യമാക്കുന്നതിനുൾപ്പടെ നിലവിൽ കൃഷി ഉപേക്ഷിച്ച പ്രദേശങ്ങൾ ആദിവാസികളായ കർഷകർക്ക് മറ്റു രീതിയിൽ ഉപയോഗപ്രദമാക്കാനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസികളെ മെച്ചപ്പെട്ട ഇടത്തേക്ക് മാറ്റിപാർപ്പിക്കുമ്പോൾ ഒഴിവുവരുന്ന കുറുവ ദ്വീപിനു സമീപമുള്ള ഈ പ്രദേശങ്ങൾ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള സാധ്യതകൾ അന്വേഷിക്കാവുന്നതാണെന്നും സംഘം നിരീക്ഷിച്ചു. മേല്പറഞ്ഞ ആവശ്യങ്ങൾക്കായും ആദിവാസികൾക്ക് അർഹമായ പരിഗണന നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനുള്ളാ നടപടികൾ സ്വീകരിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും സെപ്റ്റംബർ 26-നു എല്ലാ ഗ്രാമവാസികളെയും ഒരുമിച്ചു ചേർത്ത് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കാനും തീരുമാനമായി.

നവമലയാളി റീഡേഴ്സ് എഡിറ്ററായ ഒ കെ ജോണിയാണു രാമചന്ദ്രൻ കണ്ടാമലയെ നിർദ്ദേശിച്ചതും തുടർന്ന് കേരളത്തിലെ ആദിവാസിവിഭാഗങ്ങളിൽ നിന്നുള്ള ആദ്യത്തെ ജേർണലിസ്റ്റായി രാമചന്ദ്രൻ കണ്ടാമലയെ നവമലയാളി അവതരിപ്പിച്ചതും. അദ്ദേഹത്തിന്റെ  ആദ്യ റിപ്പോർട്ട് ഇക്കഴിഞ്ഞ മാസമാണു നവമലയാളി പ്രസിദ്ധീകരിച്ചത്.  വിവിധ ആദിവാസിഭാഷകളിലെ വാക്കുകൾ സമാഹരിച്ചുകൊണ്ട് ബ്രഹത്തായ ഒരു നിഘണ്ടുവിന്റെ പണിപ്പുരയിലുമാണു അദ്ദേഹം. റിപ്പോർട്ടിനെ തുടർന്ന് നിരവധി ജനപ്രതിനിധികളും സാംസ്കാരിക-മാധ്യമ മേഖലയിലെ ശ്രദ്ധേയരായ പല വ്യക്തിത്വങ്ങളും അനുമോദനങ്ങളും ആശംസകളുമായും രാമചന്ദ്രനെ ബന്ധപ്പെടുകയും ആദിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹവുമായി നേരിട്ട് സംവദിക്കുകയും ചെയ്തുവരുന്നുണ്ട്. രാമചന്ദ്രൻ കണ്ടാമല എന്ന റിപ്പോർട്ടറെ കണ്ടെത്തിയതും അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കപ്പെടുന്നതും നവമലയാളിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരവും ആഹ്ലാദപൂർവ്വവുമായ നേട്ടമാണു. അവർ സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ ആ ശബ്ദങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധത്തിൽ പ്രതിധ്വനിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയുമാണെന്നതിന്റെ സൂചനയാണു രാമചന്ദ്രൻ കണ്ടാമല സ്വന്തം ജനതയ്ക്കായി കൈവരിക്കുന്ന ഈ നേട്ടങ്ങൾ. ആദിവാസിസമൂഹത്തിന്റെ പ്രശ്നങ്ങൾ അവരുടെ തന്നെ കണ്ണിലൂടെ, അവരുടെ ശബ്ദത്തിൽ സമൂഹത്തെ അറിയിക്കുന്നതിനായി ആദിവാസിവിഭാഗങ്ങളിൽ നിന്ന് ഇനിയും നിരവധി റിപ്പോർട്ടർമാർ ഉണ്ടായിവരുമെന്നും നമ്മുടെ സാംസ്കാരിക-മാധ്യമ മണ്ഡലങ്ങൾ അതിനായി പ്രത്യേകശ്രദ്ധ ചെലുത്തുന്നതിനു ഇതെല്ലാം ഒരു പ്രചോദനമാകുമെന്നും നവമലയാളി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

സ്വാതി ജോർജ്ജ്
അസോസിയേറ്റ് എഡിറ്റർ

ചിത്രങ്ങൾ: സിബി പുൽപ്പള്ളി
രാമചന്ദ്രൻ കണ്ടാമലയുടെ ഫോൺ നമ്പർ: 80863 75828

Comments

comments