ഇന്ത്യ എന്ന റിപ്പബ്ലിക്കിനുള്ളിൽ നാം ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയായിരുന്നു എന്നതാണ് ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടം മുതലും പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ റിപ്പബ്ലിക്ക് ഔദ്യോഗികമായി വ്യവസ്ഥാപനം ചെയ്യപ്പെട്ടതിനു ശേഷവും നാം പ്രഖ്യാപിച്ചു വന്നതും സ്വയം വിശ്വസിപ്പിച്ചു പോന്നതും. ചരിത്രം, പാരമ്പര്യം, സംസ്‌ക്കാരം, ഭൂമി, കടൽ, ആകാശം, അതിർത്തികൾ, അയൽ രാജ്യങ്ങൾ, കമ്പിവേലികൾ, മതിലുകൾ, സൈന്യ വിന്യാസങ്ങൾ, യുദ്ധങ്ങൾ, യൂണിഫോമുകൾ, അർദ്ധസൈന്യങ്ങൾ, പ്രതിജ്ഞകൾ, ദേശീയഗാനം, പതാക ഉയർത്തലും പാറിക്കലും താഴ്ത്തലും, പരേഡുകൾ, പ്രസംഗങ്ങൾ, ആസൂത്രണങ്ങളും പദ്ധതികളും അതിന്റെ നടത്തിപ്പുകളും പിൻവലിയലുകളും… അങ്ങിനെ എന്തെല്ലാമാണ് നമുക്കുള്ളത്. ചുരുക്കത്തിൽ നമുക്കില്ലാത്തത് ഒന്നുമില്ല. എന്നാൽ, എല്ലാം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് സമാധാനിക്കുന്നതിനിടെ, ഓരോരുത്തരുടെയും രാജ്യസ്‌നേഹവും ദേശീയ/സാംസ്‌ക്കാരിക പൗരത്വവും നിരന്തരം തെളിയിച്ചുകൊണ്ടേ ഇരിക്കേണ്ട അവസ്ഥയിലേക്ക് നാം എടുത്തെറിയപ്പെട്ടിരിക്കുന്നു.

ദേശ രാഷ്ട്രത്തെ നാം അല്ലെങ്കിൽ നാം എന്ന പേരിൽ അവർ സംസ്‌ക്കാരമായി വ്യാഖ്യാനിക്കാനും പ്രദർശിപ്പിക്കാനും അടയാളപ്പെടുത്താനുംabv-2 ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ മർദനാധികാരമായി സ്ഥാപിച്ചെടുക്കാനും തുടങ്ങിയെന്നു ചുരുക്കം. ജനാധിപത്യം എന്നത് കേവലം തെരഞ്ഞെടുപ്പുകളും നിയമനിർമാണ സഭകളും അതിന്റെ ഘടനാപരവും ശ്രേണീനിബദ്ധവും ആയ പ്രവർത്തനങ്ങൾ മാത്രമാണോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു തുടങ്ങിയിട്ടും കാലം അധികമായി. അടിയന്തിരാവസ്ഥ പോലുള്ള ഭീകരമായ വാഴ്ചകൾ; എത്രയോ തലകളും ശരീരങ്ങളും ഉരുട്ടിയും കത്തിച്ചും ജീവനോടെ കുഴിച്ചിട്ടും മനുഷ്യത്വത്തെ പിച്ചിച്ചീന്തിയും കടന്നു പോയി. ഭരണഘടനയും സാങ്കേതിക ജനാധിപത്യ സംവിധാനങ്ങളും എന്നിട്ടും നിലനിന്നു. നൂറ്റാണ്ടിന്റെ മാറിമറിയലിൽ പക്ഷെ; സംസ്‌ക്കാരം രാവണന്റെ തലകൾ പോലെയും വ്യാളീമുഖങ്ങൾ പോലെയും, വേരിലും ശരീരത്തിലും തലക്കു മുകളിലുമായി വ്യാപിച്ചുകൊണ്ടും വ്യാപിപ്പിച്ചുകൊണ്ടും എല്ലാത്തിനെയും കീഴടക്കിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ശ്വാസ നിശ്വാസങ്ങൾക്ക് ഇടവേളകൾ നൽകാതെ രൂഢമൂലമായിരിക്കുന്നു. വിദ്യാഭ്യാസം എന്ന ആധുനിക പൗരത്വ നിർമാണാഭ്യാസം; എല്ലാ നിർവചന-നിയമങ്ങളെയും മറികടന്ന് പുതിയ മാനങ്ങൾ പ്രകടിപ്പിക്കുന്ന, ഒരർത്ഥത്തിൽ ഭീതിദവും മറ്റൊരർത്ഥത്തിൽ ആവേശകരവും ആയ വിരുദ്ധ സഞ്ചാരങ്ങളിലൂടെ അർത്ഥനിബിഡമായിത്തീരുകയും ചെയ്തു.abv-c-2

കായികവും മാനസികവുമായ ഊർജ്ജവും ഊഷ്മളതയും നിലനിൽക്കുന്ന കൗമാര കാലത്ത്; ആരൊക്കെയോ ശേഖരിച്ചുവെച്ച വിജ്ഞാനങ്ങൾ എന്നു പേരുള്ള പാഠങ്ങളും വ്യാഖ്യാനങ്ങളും പമ്പ് ചെയ്ത് നിറക്കുന്നതിലൂടെ; കെട്ടിടങ്ങൾ, സിലബസുകൾ, പരീക്ഷകൾ, അധ്യാപകർ, ഭരണകൂടം എന്നീ അതിർത്തിവേലികൾക്കുള്ളിൽ തടഞ്ഞിടപ്പെട്ടതിനാൽ മരവിപ്പിക്കപ്പെടുന്ന ശരീരങ്ങളും തലച്ചോറുകളുമായി വിദ്യാർത്ഥിത്വം നിർവചിക്കപ്പെടുകയും പ്രയോഗിച്ച് വിജയിപ്പിക്കപ്പെടുകയും ചെയ്ത് പോന്നു. ഇതിനെയും നാം രാഷ്ട്രം എന്നോ രാഷ്ട്രത്തിന്റെ മിനിയേച്ചർ എന്നോ ഭാവികാല പൗരത്വം എന്നോ ഒക്കെയുള്ള പ്രഭാഷണമുരടിപ്പുകളിലൂടെ പുനരാവർത്തിച്ചുകൊണ്ടുമിരുന്നു. സർഗാത്മകത എന്ന, മനുഷ്യകുലത്തെയും സംസ്‌ക്കാരത്തെയും സർവോപരി പരിഷ്‌ക്കാരത്തെയും നിരന്തരം പുനരാവഷ്‌ക്കരിക്കുന്ന പ്രതിഭാസത്തെ പക്ഷെ, ഇതുകൊണ്ടൊന്നുമില്ലാതാക്കാനാവില്ലെന്ന ഗംഭീരമായ പ്രത്യക്ഷങ്ങൾ കലാലയങ്ങളെ ശത്രു രാജ്യങ്ങളായി ലക്ഷ്യമിട്ട് വളഞ്ഞ സ്വേഛാധികാരത്തിന്റെ തന്നെ കാലത്ത് വളരെ വേഗം നിവർന്നു വരാൻ തുടങ്ങി എന്നതാണ് നമ്മെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

ചില്ലിട്ടു വെച്ച കാഴ്ചബംഗ്ലാവുകളായി പരിമിതപ്പെട്ട മുതിർന്നവരുടെ പക്വതാനാട്യങ്ങൾ സാംസ്‌ക്കാരിക ദേശീയത എന്ന മർദനത്തെ പ്രതിരോധിക്കാനാവാതെ സ്വയം അപഹാസ്യമായപ്പോഴാണ്, പാഠങ്ങളും സിലബസുകളും നിയമക്കോട്ടകളും അതിന്റെ സർവജ്ഞപീഠങ്ങളും തങ്ങളെ വളഞ്ഞിട്ട കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ശവസംസ്‌ക്കാരം ചെയ്ത് ഇന്ത്യയിലെ കാമ്പസുകൾ ഉണർന്നെണീക്കാൻ തുടങ്ങിയത്. പൂനെയിലെ ചലച്ചിത്ര പരിശീലന മരത്തണലിലെ തണുപ്പുകളെല്ലാം വളരെ വേഗം ആവിയായിത്തീർന്നു. ഗജേന്ദ്ര ചൗഹാൻ ശേഷിപ്പിച്ചത് എന്താണ്? ആർക്കൈവുകളിലെ ദൃശ്യ-ശബ്ദ ശേഖരങ്ങളല്ല, വരണ്ട വയലുകളിലെയും കാണെക്കാണെ പൊന്തിയുയരുന്ന അണക്കെട്ടുകളിൽ കൂര മുങ്ങിയമരുമ്പോഴുമുള്ള ആത്മഹത്യകളാണ് ചലച്ചിത്രങ്ങൾക്കുള്ള പ്രമേയങ്ങളുടെ അടിസ്ഥാനം എന്ന് തിരിച്ചറിയപ്പെടാൻ സമരം കൊണ്ട് സ്വയം തിരിച്ചറിഞ്ഞവർ പ്രേരിപ്പിക്കപ്പെട്ടു. ഹൈദരാബാദിൽ, ജന്മം തന്നെയാണ് മാരകവും മരണാസന്നവുമായ ആദ്യത്തെ അപകടം എന്ന ദളിതന്റെ തിരിച്ചറിവ് ആത്മഹത്യയായി കത്തിപ്പടർന്നു. പോട്ടി ശ്രീരാമുലുവിന്റെ ജീവത്യാഗം കൊണ്ട്; സ്വതന്ത്ര ഇന്ത്യ എന്ന റിപ്പബ്ലിക്ക്, ഭാഷാസംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷൻ ആണെന്ന മറക്കാനും മൂടി വെക്കാനും ശ്രമിച്ച രാഷ്ട്ര നിർമാണ നിർവചനം പുന:സ്ഥാപിക്കാൻ കഴിഞ്ഞതിനു സമാനമായ പുതിയ ചരിത്ര നിർമിതിയിലേക്കാണ് രോഹിത് വെമുലെയുടെ ആത്മഹത്യ രാഷ്ട്രത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. ദളിതരുടെ മേൽ നടത്തപ്പെട്ടു പോന്ന അധികാരവാഴ്ചയുടെ നിർവഹണങ്ങൾ മാത്രമാണ് സംസ്‌ക്കാരവും പാരമ്പര്യവും എന്ന യാഥാർത്ഥ്യപ്പിളർപ്പ് പുറത്തെടുത്തിട്ടതിനാൽ ഇനി മൂടിവെക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. ഹൈദരാബാദ് സർവകലാശാലയുടെ ഹോസ്റ്റൽ മുറിയിലാരംഭിച്ച ആ പ്രതിഷേധജ്വാല ഗുജറാത്തിലെ ഉനയിൽ ആഗസ്ത് പതിനഞ്ചിന് ഉയർന്നു പാറിയതോടെ ഇന്ത്യൻ ദേശീയ പതാകക്കു തന്നെ പുതിയ സ്വാതന്ത്ര്യപ്പിറവിയുടെ മാനം കൈവരിക്കാനായി. രാജ്യസ്‌നേഹ-രാജ്യദ്രോഹ ബൈനറികളിലേക്ക് നെടുകെ പിളർക്കാൻ വേണ്ടി, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സ്വതേ അവസാനിക്കാത്ത രാത്രികൾ പട്ടാപ്പകലുകളായി പരിണമിച്ചു. (ഈ സമരക്കാർ ഫയർ സൈഡിൽ വിസ്‌ക്കി നുണയുമ്പോൾ ഞങ്ങൾ കാർഗിലിൽ മഞ്ഞു പെറുക്കുകയായിരുന്നു എന്നൊക്കെ ജീർണിച്ച താരഭീമന്റെ പ്രേതമെഴുത്തുകാരന് ഛർദ്ദിക്കാൻ ഇതിനിടയിലും ജനാലകൾ അടച്ചിട്ടിരുന്നു). ചെന്നൈ ഐ ഐ ടിയിലും പോണ്ടിച്ചേരിയിലും ജാദവ്പൂരിലും അലഹാബാദിലും എല്ലാം ഇതിന്റെ മാറ്റൊലികൾ വ്യത്യസ്ത രീതികളിലും മാനങ്ങളിലും അലയടിച്ചു.

കേരളം, എന്നാൽ രാഷ്ട്രത്തിന്റെ മറ്റൊരു ഫോട്ടോഷോപ്പ് മാത്രമാണോ എന്ന് സംശയിക്കുന്ന വിധത്തിൽ നിശ്ശബ്ദതയും നിസ്സംഗതയുമേ ഇവിടത്തെ കാമ്പസുകളിൽ ബാക്കിയുള്ളൂ എന്ന് പലരും പരിതപിച്ചു. അതിൽabv-3 കാര്യമില്ലാതില്ല. എന്നാൽ, ഗുരുവായൂരപ്പനിൽ ശ്രീഷമീം എഡിറ്റ് ചെയ്ത വിശ്വവിഖ്യാത തെറി എന്ന മാഗസിൻ സംഘികളാൽ പിച്ചിച്ചീന്തപ്പെട്ടതോടെ, കാറ്റും കാലവും കേരളത്തിലും എത്തിയെന്നും ജീവന്റെ തുടിപ്പുകൾ അവസാനിച്ചിട്ടില്ല എന്നും വ്യക്തമായി. അതിന്റെ തുടർച്ചയെന്നോണം, പാലക്കാട്ടെ വിക്‌ടോറിയ കോളേജിൽ നിന്ന് ആർഷ ഭാരത വിക്‌ടോറിയൻ സംസ്‌ക്കാരം എന്ന മാഗസിൻ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. ആർഷ ഭാരത സംസ്‌ക്കാരം എന്ന കൊട്ടിഘോഷിക്കപ്പെട്ട പ്രതിഭാസത്തിന്റെ ചുരുക്കപ്പേരായി ആഭാസം എന്ന പരിഹാസനാമം മുമ്പു തന്നെ പ്രചാരത്തിലുണ്ടായിരുന്നു. ഫേസ്ബുക്കിൽ നിന്ന് 2014-ൽ അപ്രത്യക്ഷമായ ചില പ്രൊഫൈലുകൾ തന്നെ ഇപ്പേരിൽ കണ്ടതായോർക്കുന്നു. അതെന്തായാലും സർവൈലൻസ്, ഡിസിപ്ലിൻ, മുദ്രാവാക്യരോമാഞ്ചം, സമരാനന്തര നിശ്ശബ്ദത, സദാചാര സംരക്ഷണം, കാവിത, ലിംഗവിവേചനം, രാജ്യസ്‌നേഹം, ജാതിവാൽ എന്നിങ്ങനെയുള്ള രാഷ്ട്ര വ്യാഖ്യാനത്തിന്റെയും കാല നിർവചനത്തിന്റെയും സാംസ്‌ക്കാരിക ഘടകങ്ങളെ നെടുകെയുള്ള ഛേദം എന്ന ചെറു തലക്കെട്ടോടെ, കീറി മുറിച്ച് പരിശോധിക്കാൻ ശ്രമങ്ങളാരംഭിച്ചു എന്നോ ശ്രമങ്ങളാരംഭിക്കേണ്ടിയിരിക്കുന്നു എന്നോ പരിചയപ്പെടുത്തിക്കൊണ്ടുള്ള മുഖചിത്രത്തോടെയാണ് ഈ പൊള്ളിക്കുന്ന മാഗസിൻ തയ്യാറാക്കിയിരിക്കുന്നത്.

ശരീരത്തെ വളഞ്ഞിട്ട് തല്ലിച്ചതക്കുകയും പരുവപ്പെടുത്തുകയും മത/ലിംഗ വസ്ത്രങ്ങളിലും സദാചാര ക്കള്ളികളിലും തടഞ്ഞിടുന്ന കുടുംബ/വിദ്യാലയ/പൊലീസ്/മാധ്യമ/ഭരണകൂട വാഴ്ചയെ പ്രതിരോധിക്കാനെന്നോണം, ശരീരത്തിന് ചില പ്രാഥമിക ധർമങ്ങളുമുണ്ടെന്ന ലളിതമായ ഓർമ്മപ്പെടുത്തലാണ് ഒന്നാം അകം ചട്ടയിൽ മേൽ നിന്ന് കീഴോട്ട് അല്ലെങ്കിൽ കീഴ് നിന്ന് മേലോട്ട് വരി നിർത്തിയിരിക്കുന്നത്. നിഷേധിക്കുക എന്ന മാർഗത്തെയാണ് ആഭാസം എന്ന മർദനാധികാരത്തിന്റെ അടിസ്ഥാനാശയത്തെ ചുരുക്കിയെഴുതുമ്പോൾ ലഭിക്കുന്ന മറുപ്പേരിലുള്ള മാഗസിൻ അവലംബിക്കുന്നത്. അതുകൊണ്ടാണ്; ചിന്തകളെയും സ്വപ്നങ്ങളെയും മാറ്റിനിർത്തുന്ന കളികളുടെ(ക്രിക്കറ്റിലേക്കും കബഡിയിലേക്കും വളർന്നെത്താവുന്ന) ലോകത്തേക്ക് കുട്ടിയെ ഒതുക്കാനായി ബി എന്നതിന് ബാൾ (പിന്നീട് പൾപ്പ് ഫിക്ഷനിലും ഹോളിവുഡിലും പ്രൂവ് ദാറ്റ് യു ഹാവ് ഗോട്ട് ബോൾസ് എന്ന് ആണത്തത്തെ അശ്ലീലമായി പ്രദർശിപ്പിക്കാനും) എന്ന് പരിചയപ്പെടുത്തി ഉറപ്പിക്കുന്ന സാമ്പ്രദായിക/ഔപചാരിക പ്രഥമപാഠത്തെ അതേ നോട്ടുപുസ്തകത്തിൽ ഉപേക്ഷിച്ചുകൊണ്ട് ബട്ടർഫ്‌ളൈ(ചിത്രശലഭം) എന്ന് സ്വയം തിരുത്തുന്നതോടെ നിഷേധി (റിബൽ) ജനിക്കുന്നു എന്ന കണ്ടെത്തൽ രാഷ്ട്രത്തിന്റെ സാംസ്‌ക്കാരിക ദിശാബോധത്തെ തന്നെ മാറ്റിയെഴുതുന്ന നിരീക്ഷണം മാഗസിനിൽ നിർണായകമാകുന്നത്.

കോളേജ് യൂണിയൻ ഭാരവാഹികളുടെ പാസ്‌പോർട് സൈസ് മുഖപടങ്ങളിൽ നിന്നോ സ്ഥാനങ്ങളിൽ നിന്നോ തിരിച്ചറിയാനാവാത്ത ഒരു പ്രത്യേകത അവരുടെ പേരുകളിലുണ്ട്. എല്ലാവരും നവജാതിവാൽ എന്ന അശ്ലീലം ഉപേക്ഷിച്ചിരിക്കുന്നു. ആനന്ദ് ജയനും യമുനക്കും അഭിജിത് പി എക്കും സുധർമക്കും ഹാഷിറിനും അജാസിനും അഭിലാഷിനും ശരതിനും റഷീദിനും ആദിത്യനും അർജുനും ആഷിക്കിനും അഭിവാദനങ്ങൾ. ഇവരെയെല്ലാം പ്രചോദിപ്പിക്കുന്നത് സ്റ്റാഫ് എഡിറ്ററായ ആരതി അശോകാണെന്ന് മാറി നിന്ന് നോക്കുന്നവർക്കു പോലും മനസ്സിലാവും. അഡൈ്വസറായ ഡോ. സുമ എസ്സും കൂടെയുണ്ട്. അധ്യാപകർ വിദ്യാർത്ഥികളെ മാറ്റിയെടുക്കുന്നതായ പഴയ ആഖ്യാനം കാമ്പസിലെ ചുമരുകൾക്കുള്ളിൽ ഒളിപ്പിച്ച്, വിദ്യാർത്ഥികൾ അധ്യാപകരെ നയിക്കുന്ന പുതിയ വെളിമ്പറമ്പുകളായി കാലം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. അതിന്റെ അലയൊലികളാണ് തെറിയിലും ആഭാസത്തിലും ദൃശ്യമായിരിക്കുന്നത്.

ക്ലാസ്-വൈകുന്നേരങ്ങളിൽ അടുക്കിയടുക്കിവെക്കുന്ന അസൈൻമെന്റുകളും പ്രോജക്ടുകളുമല്ല; തിളക്കുന്നതും വിശക്കുന്നതും മണക്കുന്നതും കത്തിയെരിയുന്നതും കയറിൽ തൂങ്ങുന്നതുമായ ജീവിതമാണ് അഭിമുഖീകരിക്കേണ്ടത് എന്ന പാഠമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. എന്താണോ പറയേണ്ടത് അതുതന്നെയാണ് പറയുന്നത്. എങ്ങിനെയാണോ പറയാൻ പാടില്ലാത്തത് എന്നവർ പറയുമ്പോൾ അങ്ങിനെതന്നെയാണ് പറയുന്നത്. അവരുടെ തന്നെ കൊട്ടിഘോഷങ്ങളെ ചുരുക്കുമ്പോഴും നീട്ടുമ്പോഴും അശ്ലീലവും ചരിത്രവിരുദ്ധവുമാകുന്നതെങ്ങനെ എന്ന് തെളിയിക്കുകയാണ് ഈ പരിശ്രമം. എഡിറ്ററുടെ അവകാശവാദത്തിൽ പറയുന്നതു പോലെ, സവർണ്ണന്റെ സമ്പത്തു കാക്കുന്ന ദളിതനെ ചുട്ടു തിന്നുന്ന ദൈവത്തെയും, പട്ടിണിക്കാരന്റെ കുഴിമാടം വരെ തോണ്ടി വിറ്റു തിന്നു ചീർത്ത തമ്പ്രാമ്മാരെയും ആ ഇരമ്പൽ മൂടണം!

കേരളത്തിന്റെ ആധുനിക-ജനാധിപത്യ-നവോത്ഥാന പുറംപൂച്ചുകൾക്കകത്തും പുറത്തുമായി, ജാതിവാദവും ജാതി വിവേചനവും നവജാതിവാൽ എന്ന അശ്ലീല പ്രദർശനാത്മകതയും തെളിഞ്ഞു തെളിഞ്ഞു വരുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്ന ഞാൻ ദളിതൻ എന്ന കവര്‍‌സ്റ്റോറി, കണക്കുകൾ കൊണ്ടും വസ്തുതാപരമായ ചരിത്രപരത കൊണ്ടും സത്യസന്ധവും കാലികവുമായിരിക്കുന്നു. അനുഭവങ്ങളും സർവേയും ചേർന്ന് രൂപപ്പെടുത്തിയ ഈ സ്റ്റോറിയിൽ, ജാതിയുടെ അടിവേരുകൾ തേടുമ്പോൾ; കേരളത്തിലെ ആദിമ സമൂഹ രൂപീകരണവും ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയും എല്ലാം പരാമർശിക്കപ്പെടുന്നു. സർവേ ഫലത്തിലൂടെ സഞ്ചരിക്കുമ്പോൾ, കേവലം കണക്കുകൾക്കപ്പുറത്ത് സത്യസന്ധമായ ചില കണ്ടെത്തലുകളും ലഭ്യമാകുന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, എക്കണോമിക്‌സ് വിഭാഗത്തിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ഈ അഭിപ്രായം കേൾക്കുക: ‘എന്റെ സ്വദേശം അട്ടപ്പാടിയാണ്. ഞാൻ കോളേജിൽ അഡ്മിഷനെടുത്ത സമയത്ത് എന്റെ പ്രാദേശിക ഭാഷ ആശയവിനിമയത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ക്ലാസിലെ ഭൂരിഭാഗം പേർക്കും അത് മനസ്സിലായിരുന്നില്ല എന്നതായിരുന്നു സത്യം. ആയതിനാൽ ഞാൻ ക്ലാസിൽ ഒറ്റപ്പെടുമായിരുന്നു. താഴ്ത്തിയും ഉയർത്തിയുമുള്ള ഒരു പാട് പരിഹാസങ്ങൾക്കും ഞാൻ ഇതു മൂലം പാത്രമായി. ഇതെന്റെ നേരനുഭവമാണ്. എന്നാൽ മൂന്നു വർഷക്കാലയളവു താണ്ടി ഇന്ന് ഞാൻ പറയുന്നു – എനിക്കെന്റെ പ്രാദേശിക ഭാഷ സംസാരിക്കുന്നതിൽ തികഞ്ഞ അഭിമാനമാണുള്ളത്. അതാകട്ടെ പരിഹാസങ്ങൾക്കുള്ള പ്രതിരോധ മാർഗമായി ഞാൻ ബോധപൂർവം നിർമ്മിച്ചെടുത്ത അവബോധമാണ്’. കേവലം സർവേയിലും അതിന്റെ കണക്കെടുപ്പുകളിലും അഭിപ്രായപ്രകടനങ്ങളിലും അവസാനിക്കാതെ ഈ യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള അവലോകനവും നിരീക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാലയപ്രവേശനത്തിലും ജോലിയിലുമുള്ള സംവരണം എന്ന ചരിത്രയാഥാർത്ഥ്യത്തെ വിശകലനം ചെയ്യുകയും അതിനോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുകയും ചെയ്യുന്ന മറ്റു അവലോകനങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ, വിദ്യാഭ്യാസരംഗത്തെ ജാതി ഒരു കേരള മോഡൽ എന്ന ഒ പി രവീന്ദ്രന്റെ ലേഖനം കൃത്യതയോടെ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ജാതിയധീശത്വങ്ങൾ അരക്കിട്ടുറപ്പിക്കുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രങ്ങളേയും അതിന്റെ രാഷ്ട്രീയ സംവിധാനത്തേയും പ്രതിരോധിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിലൂടെ മാത്രമേ ജാതിവിവേചനങ്ങൾ സാമൂഹ്യ ശരീരത്തിൽ നിന്നും എന്നെന്നേക്കുമായി നിർമ്മാർജനം ചെയ്യാനാകൂ.

ഒന്നാം ക്ലാസിൽ പ്രവേശനോത്സവത്തിലൂടെ കടന്നു വന്ന് ഉപരിപഠനവ്യക്തിത്വമായി പരിപൂർണപ്പെട്ട് ഒരു കുട്ടി പുറത്തു വരുന്ന വിദ്യാഭ്യാസം അഥവാ വിദ്യാലയം അഥവാ സിലബസ്/പരീക്ഷകൾ എന്നത് കാലത്തിന്റെയും സ്ഥലത്തിന്റെയും നിയമങ്ങളുടെയും ജാതി/മത അധീശത്വത്തിന്റെയും തടവറ(കൾ) ആണെന്ന ചരിത്രയാഥാർത്ഥ്യമാണ് കാമ്പസുകളിൽ നിന്ന് വെളിപ്പെട്ടുവരുന്നത്. ഇതു തന്നെയാണ് ആഭാസവും ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്. കുറവുകളുണ്ടാവാം. എന്നാലും, നടപ്പുവാണിജ്യങ്ങളുടെ അധികാരസൗകുമാര്യങ്ങളിൽ ലയിച്ചുചേരുന്നതിലൂടെ വിധേയത്വരൂപത്തിൽ ചവറ്റുകുട്ടയിലേക്ക് ഫിറ്റായ ഒന്നാകുന്നതിന് തയ്യാറല്ല എന്ന പ്രഖ്യാപനം തന്നെ മഹത്തരമായ ഒന്നാണ്. വിദ്യാർത്ഥിത്വം എന്ന ഈ പരുവപ്പെടുത്തൽ; ആദിവാസി എന്നും പട്ടിക വർഗം എന്നും ഔദ്യോഗികമായും ഇപ്പോൾ വനവാസി എന്ന് നവഫാസിസ്റ്റകളാലും വിളിക്കപ്പെടുന്ന ഗോത്രവർഗത്തിൽ പെട്ട ഒരു വിദ്യാർത്ഥിയുടെ ജീവിതം ശെല കാര്യക ആരുമ് ആരോടുമ് ശൊല്ലമാട്ടാര് എന്ന മുഖ്യമായും ഇരുളഭാഷയിലും പിന്നെ മലയാളത്തിലുമായി എഴുതി ഗ്രാഫിക് നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

അധ്യാപനം, പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന കമ്പ്യൂട്ടറെന്നോണം നിർവഹിക്കുന്ന രീതിയെ തുറന്നു കാട്ടിക്കൊണ്ട് അതിനെ ചരിത്രത്തിലൂടെയും ദർശനത്തിലൂടെയുമുള്ള ഒരു ചിന്താസഞ്ചാരമായി പരിചയപ്പെടുത്തുന്ന ഇംഗ്ലീഷ് അധ്യാപകൻ അനിൽകുമാർ പി വിയുടെ അവതരണം വ്യത്യസ്തമായ ഒന്നാണ്. പരീക്ഷകളെ സംബന്ധിച്ച നജീബ് പി എമ്മിന്റെയും ശിക്ഷാനടപടികളെ സംബന്ധിച്ച് വി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെയും കുറിപ്പുകളും പതിവുമട്ടിൽ നിന്ന് മാറി സഞ്ചരിക്കുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ ജാത്യധീശത്വത്തിനാൽ നിർണീതമായ മാരകമായ പൊതുബോധം മുതൽ ഒരു വാട്ട്‌സപ്പ് അഡ്മിനായാൽ പോലും ദുരധികാരം പുറത്തെടുക്കാൻ വെമ്പുന്ന ജനാധിപത്യവിരുദ്ധത വരെയുള്ള പടരൽ, സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ട് രാഷ്ട്രത്തെ ശിഥിലീകരിക്കുന്നുണ്ട്.

പ്രസിദ്ധ നാടകപ്രവർത്തകയും നടിയുമായ സജിത മഠത്തിൽ, വിമർശകനും തത്വശാസ്ത്രാധ്യാപകനുമായ ഡോ. പി കെ പോക്കർ, ചലച്ചിത്രകാരിയും കവിയുമായ ലീന മണിമേഖലൈ, എന്നിവരുമായുള്ള അഭിമുഖങ്ങൾ, ഓണപ്പതിപ്പുകളുടെ കവറുകളിൽ വിഗ്രഹവത്ക്കരിക്കപ്പെടുന്ന ജ്ഞാനപീഠിതരെ ഒഴിവാക്കി, ധിഷണയുടെ സങ്കീർണമായ മേഖലയിൽ പ്രവർത്തിക്കുന്നവരെ പരിചയപ്പെടുത്തലായി മാറുന്നു. ഒരു ഘട്ടത്തിൽ, എഴുപതുകളിലെ ലിറ്റിൽ മാഗസിനുകളുടെ ഉള്ളടക്കത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് വിമോചനാശയങ്ങൾക്കും വിമർശനങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്നു എന്ന് നടിക്കുകയുണ്ടായെങ്കിലും; കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി മുഖ്യധാരാ അച്ചടി ആനുകാലികങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ജീർണമായ സാഹിത്യപത്രപ്രവർത്തനം, വായനക്കാരെയും വിഗ്രഹങ്ങളല്ലാത്ത എഴുത്തുകാരെയും അതിൽ നിന്ന് അകറ്റിയിട്ടുണ്ട്. ഓൺലൈൻ പോർട്ടലുകളിലും നവമാധ്യമങ്ങളിലും മറ്റുമാണ് ഇന്ന് നൂതനമായ ആശയങ്ങൾ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ലോകമാകെ പരന്നു ജീവിക്കുന്ന മലയാളി സമൂഹവുമായി വിനിമയം ചെയ്യുന്നതിനും എളുപ്പം ഈ മാർഗമാണ്. ഈ ഘട്ടത്തിൽ, മുഖ്യധാരയുടെ ശബളിമയിൽ നിന്ന് വഴി മാറി നടക്കുന്ന കലാലയ സർഗാത്മകതയുടെ അടയാളങ്ങളായി പ്രകടനപ്പെടുക എന്നതാണ് കോളേജ് മാഗസിനുകളുടെ പ്രസക്തി. അക്കാര്യത്തിൽ വിക്‌ടോറിയ കോളേജ് മാഗസിൻ നല്ലൊരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്നും ആ മനോഭാവത്തോട് ഐക്യപ്പെടുന്നു എന്നും രേഖപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്.

Comments

comments