പരിഭാഷ –

മിഗ്വേൽ പിനേറോയുടെ A Lower East Side Poem- ത്തില്‍ നിന്ന്

രിക്കൽ ഞാൻ മരിക്കുന്നതിനു മുന്പേ
വാടകയ്കെടുത്ത ഒരു ആകാശത്തിന്റെ മുകളില്‍ കയറണം.
ശ്വാസകോശങ്ങള്‍ പുറത്തായി കരയും വരെ സ്വപ്‌നങ്ങള്‍ കാണണം.
എന്നിട്ട് എന്നെ കത്തിച്ച ചാരം
ഈ ലോവര്‍ ഈസ്റ്റ് സൈഡിലൂടെ വിതറണം.

ഇന്ന് രാത്രി ഞാനെന്റെ പാട്ട് പാടട്ടെ,
ഒരു നോക്കെത്താ ദൂരം അനുഭവിച്ചറിയട്ടെ,
അവര്‍ എന്നെ കത്തിച്ച ചാരം
ഈ ലോവര്‍ ഈസ്റ്റ് സൈഡിലൂടെ വിതറുന്പോൾ
ഇന്ന് എന്റെ കണ്ണുകള്‍ വറ്റി പോകട്ടെ.

ഹ്യൂസ്റ്റണിൽ നിന്നും 14th സ്ട്രീറ്റ് വരെ
സെക്കണ്ട് അവെന്യുവിൽ നിന്നും മൈറ്റി ഡി
ഇവിടെ പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും തമ്മിൽ കണ്ടു മുട്ടുന്നു
സമൂഹത്തിനാൽ പുറംതള്ളപ്പെട്ടവരെല്ലാം
ലോവർ ഈസ്റ്റ് സൈഡിൽ വിതറിയ ചാരത്തിന്റെ
ലഹരിയിൽ മയങ്ങിയിരിക്കണം

എനിക്ക് പോകാൻ മറ്റൊരിടമില്ല
എനിക്ക് കാണാൻ കഴിയുന്ന മറ്റൊരിടമില്ല
ഇതുപോലെ പൊക്കിയെടുക്കുകയും അതുപോലെ തന്നെ
ചവുട്ടി താഴ്ത്തുകയും ചെയ്യുന്ന മറ്റൊരു നഗരമില്ല
ഭക്ഷണമില്ലായ്മ,
വിലപ്പെട്ട കാറുകളിൽ നിന്നും കൂട്ടികൊടുപ്പുകാരിൽ നിന്നും
അരിച്ചു കയറുന്ന വളരെ തുച്ഛമായ ചൂട്,
മധുശാലകളും ജ്യൂക് സലൂണുകളും
വൃത്തികെട്ട സ്പൂണുകളും… എല്ലാം
ലോവർ ഈസ്റ്റ് സൈഡിൽ വിതറിയ എന്റെ
ചാരത്തിന്റെ കൂടെ എന്റെ ആത്മാവിനെ പറക്കാൻ അനുവദിക്കുന്നു.

ഞാനൊരു കള്ളനും മയക്കുമരുന്നിനടിമയുമായിരുന്നു
ഞാൻ അറിയപ്പെടുന്ന എല്ലാ തെറ്റുകളും ചെയ്തിട്ടുണ്ട്
ജൂതന്മാർ ജെന്റൈലുകൾ
അലസന്മാർ വേഷം കെട്ടിയ മനുഷ്യർ
വീട് വിട്ടോടിയ കുട്ടി
ഭ്രാന്തമായി നിറയൊഴിക്കുന്ന പോലീസുകാർ
ഒരമ്മയുടെ നിഷ്‌ഫലമാകുന്ന നിലവിളികൾ
വില്പനക്കായി മുറവിളി കൂട്ടുന്ന തെരുവു വ്യാപാരികൾ
മയക്കുമരുന്നു വില്പനക്കാർ
കൊക്കെയിനിൽ കുത്തി നിർത്തിയവർ
കഞ്ചാവിൽ പോതിഞ്ഞവർ
ചുട്ടുപഴുത്ത ഈ തെരുവുകളുടെ ഇന്ധനം
രക്തം വാർന്നൊഴുകി മരിച്ചവരാണ്

ഇതെല്ലാം സത്യമാണ്
ഇതെല്ലാം സത്യമാണ്
ഇതെല്ലാം സത്യമാണ്
ഞാനെന്റെ ചാരം ഈ ലോവർ ഈസ്റ്റ് സൈഡിൽ
വിതറണം എന്ന് പറയുന്പോൾ
അതിൽ അല്പം പോലും കള്ളമില്ല

അതുകൊണ്ട് ഇതാ ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നു
എന്നെ നോക്കു
ഞാൻ അഭിമാനത്തോടെ നിൽക്കുന്നത് നിങ്ങൾക്കു കാണാം
ലോവർ ഈസ്റ്റ് സൈഡിൽ നിന്നാണെന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു
ഈ തെരുവിലെ സത്യങ്ങളുമായി പോരാടുന്ന മർത്ത്യൻ
ഈ നാടിന്റെ പ്രശ്നമായി മാറിയ മർത്ത്യൻ
ഞാൻ ഒരു കുറ്റവാളിയായ മനസ്സിന്റെ തത്ത്വജ്ഞാനിയാണ്
ഞാൻ ഒരു കാരാഗൃഹ കാലത്തിന്റെ അന്തേവാസിയാണ്
റോക്കഫെല്ലർ ഗെറ്റോസൈഡിന്റെ അർബുദമാണ്
ഈ കോൺക്രീറ്റ് ശവക്കല്ലറ എന്റെ വീടാണ്
എന്തിന്റെയെങ്കിലും ഭാഗമാകാൻ
പലതിനേയും അതിജീവിച്ച് അവശേഷിക്കാൻ നിങ്ങൾ ശക്തരാകണം
നിങ്ങൾ ലജ്ജിക്കാതെ അപേക്ഷിക്കണം
ആരെങ്കിലും നിങ്ങളുടെ ചാരവും ലോവർ ഈസ്റ്റ് സൈഡിലൂടെ വിതറും

എന്നെ പ്യൂട്ടോറിക്കോവിൽ മറവു ചെയ്യരുത്
എനിക്ക് ലോങ്ങ് ഐലണ്ട് ശ്മശാനത്തിൽ വിശ്രമിക്കേണ്ട
എനിക്ക് കത്തിക്കുത്തിന്റെയും നിറയൊഴിക്കലിന്റെയും അടുത്ത് കഴിയണം
ചൂതാട്ടത്തിന്റെയും പോരാട്ടത്തിന്റെയും അസ്വാഭാവികമായ മരണങ്ങളുടെയും
പുതിയ ജനനത്തിന്റെ കരച്ചിലിന്റെയും ഇടയിലാകണം എപ്പോഴും
അതുകൊണ്ട് ഞാൻ മരിക്കുന്പോൾ
എന്നെ ദൂരേക്കെടുക്കരുത്
എന്നെ ഇവിടെ അടുത്ത് വയ്ക്കുക
എന്നെ ചാരമെടുത്ത് ഈ ലോവർ ഈസ്റ്റ് സൈഡിൽ വിതറുക

 

വിനോദ് നാരായൺ

14218402_10154415925177383_1973358651_nകോഴിക്കോട് സ്വദേശി. ഇപ്പോൾ അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയ്ക്ക് അടുത്ത്, പണ്ട് നിശ്ശബ്ദചിത്രങ്ങളുടെ തലസ്ഥാനമായിരുന്ന നൈൽസ് എന്ന റെയിൽവേ ടൗണിൽ കുടുംബസമേതം കഴിയുന്നു. കോഴിക്കോട് ആർ.ഈ.സിയിൽ നിന്നും ഇലക്ട്രിക്കൽ ബിരുദം. മറ്റു പലരെയും പോലെ ഐ.ടി മേഖലയിലാണ് തൊഴിലെങ്കിലും ബേ ഏരിയയിലെ കവിതാ/കലാ രംഗങ്ങളിൽ സജീവമാണ്. സാൻ ഹോസെ പോയേറ്ററി സെന്റർ ബോർഡ് ഓഫ് ഡയറക്ടർ എന്ന രീതിയിൽ പോയേറ്ററി ഫെസ്ടിവലുകളിലും സജീവമാണ്. ചെറുകഥ, കവിത, ഓർമ്മ കുറിപ്പുകൾ, ലേഖനങ്ങൾ വിവർത്തനനങ്ങള്‍ എന്നിവ  ചെയ്യുന്നു. ‘ബല്ലാത്ത പഹയൻ’ എന്നൊരു കോഴിക്കോടൻ ശൈലിയിലുള്ള വീഡിയോ പരമ്പര യും കവികളെയും കലാകാരന്മാരെയും കോർപ്പറേറ്റുകളുമായി ബന്ധപ്പെടുത്തുന്ന ഒരു സംരംഭത്തിലും ഏര്‍പ്പെട്ടു വരുന്നു 

Comments

comments