നിന്നെ അമർത്തി ചുംബിക്കാൻ തോന്നുന്നു. ഉന്മാദത്തിന്റെ അക്ഷരച്ചൂര്, നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നല്ലോ? നിന്റെ ഉടലാകെ രാത്രിയുടെ ഉന്മാദമാണ്. കണ്ണിലൊരായിരം കാമക്കടൽ, വിരലുകൾ ശരീരത്തെ കൊത്തിക്കീറുന്ന ആയുധം. നീയിപ്പോൾ വലിയൊരു കാടായി ശരീരത്തെ മാറ്റിപ്പണിയുന്നു. ഞാനോ ഇണയെ തേടുന്ന ആദിപുരുഷൻ. നിസ്സഹായതയോടെ സേവ്യർ സെബാസ്റ്റിയൻ കെഞ്ചിയെങ്കിലും അഷിത പൂർണ്ണമായും ഒരു പൂർണ്ണഭോഗത്തിനുള്ള സാധ്യതയെ നിരാകരിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു.അവളുടെ നിഷേധത്തിന്റെ ഉച്ചച്ചൂടിൽ പൊള്ളിയവൻ മുഖം തിരിക്കുകയും, മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങി വരികയും ചെയ്തു.jm-c-1-1

നെറ്റിയിലേക്ക് പടർന്ന ഒരു മന്ദഹാസത്തിന്റെ തെല്ല് ഞരമ്പുകളെ സന്തോഷംകൊണ്ട് തുള്ളിക്കളിപ്പിക്കുന്നു. ഒരു ചെറുചിരിയോടെ ആ ചുവന്ന സോഫയിൽ കിടന്നിരുന്ന ചാംസ് സിഗരറ്റെടുത്ത് വലിക്കാൻ തുടങ്ങി. ഉച്ചച്ചൂടിൽ നിന്നും രക്ഷതേടാനായി ഫ്‌ളാറ്റിൽ കേറി കറങ്ങിക്കളിക്കുന്ന കിഴവൻ പ്രാവും താനും ഇന്നേറെ സന്തോഷവാന്മാരായ ജീവികളാണെന്ന് അപ്പോഴവന് തോന്നി. പരസ്യത്തിലെ കുട്ടി എനർജിഡ്രിംഗ് ഒറ്റവലിക്ക് കുടിക്കുന്ന പോലെ നാലഞ്ച് പുക ഒന്നിച്ചെടുത്തു. ജനാലയിൽ നിന്നും ഷെൽഫിലേക്കും, ഷെൽഫിൽ നിന്നും അഷിതയുടേയും കൃഷ്ണയുടേയും ഉടുപ്പുകളിലേക്കും പിന്നെ അടുക്കളയിലേക്കും പറന്നു. വട്ടംകറങ്ങുന്ന ഫാൻ കറക്കത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന പ്രാവും ഒരു അർദ്ധഭോഗാവസ്ഥയിൽ മയങ്ങുന്ന താനും ഭാഗ്യവാന്മാരാണെന്ന് സേവ്യറിന് തോന്നുന്നതിൽ ഒരു തെറ്റുമില്ല.

ഇങ്ങനെയൊക്കെ ബന്ധിപ്പിച്ച് വേണോലോ കർത്താവേ മ്മക്കീ കഥ ഈ കുരിപ്പിനോട് പറയാൻ! തീവണ്ടി മുരൾച്ചയ്‌ക്കൊപ്പം കഥാകൃത്ത് ജാവേദിനെ നോക്കി കഥാപാത്രമാകേണ്ട സേവ്യർ സെബാസ്റ്റ്യൻ ഒരു നെടുവീർപ്പിട്ടു.

പാളംവിട്ട് പാളംകേറുന്നതിനുള്ള ആന്തലിൽ തീവണ്ടിച്ചക്രങ്ങളൊന്ന് വെട്ടിയതും താനും വണ്ടിയുടെ താളത്തിലായുന്നതായി തോന്നി. അതോടെ ജാവേദിനെ പരിചയപ്പെട്ട ശേഷം പറയാൻ ഓർത്തുവെച്ചതിന്റെയാ ഫ്ലോ അങ്ങട്ട് പോയി. തീവണ്ടിക്കക്കൂസിൽ നിന്നും നാറ്റമടിക്കുന്നുണ്ട്. നാറ്റം സഹിച്ചും അതിനടുത്ത് നിന്നും അശ്ലീലച്ചുവയോടെ ഓർമ്മകളെ വലിച്ചുകേറ്റുകയാണ്. ദേഷ്യവും സങ്കടവും നിമിഷനേരം കൊണ്ട് മാറിമറിഞ്ഞ ശേഷം പരാജിതന്റെ ചിരിയെടുത്തണിഞ്ഞു. എന്നിട്ടും കെട്ടുവിടാതെ, ഡോറിനടുത്ത് നിൽക്കുന്ന കാഥാകൃത്തിനെ ഒന്നുകൂടി പാളിനോക്കി. പരിചയപ്പെട്ട ശേഷം ജാവേദിനോട് പറയേണ്ട കാര്യങ്ങളെ പുകകൾക്കൊപ്പം അവൻ അടുക്കിപ്പറുക്കാനും കടകട താളത്തിൽ തീവണ്ടി വേഗമതിന് ആക്കം കൂട്ടാനും തുടങ്ങി. ഒരു സിഗരറ്റ് നീട്ടി പരിചയപ്പെട്ട ശേഷം അഷിതയുടെ സുഹൃത്താണോ എന്ന് ചോദിച്ച് സംസാരം നീട്ടിക്കൊണ്ട് പോകാം. പിന്നെ ഞാനും അഷിതയും പ്രണയത്തിലായ കഥ പറഞ്ഞുതുടങ്ങുകയും ആ കഥ അയാളോട് എഴുതാൻ ആവശ്യപ്പെടുകയും ചെയ്യാം. താൾ മറിയുന്നത് പോലെ ഏതാനം സ്‌റ്റേഷനുകൾ കടന്നുപോയിട്ടും സേവ്യറിന് തീരുമാനമൊന്നും എടുക്കാൻ കഴിഞ്ഞില്ല.

നഷ്ടങ്ങളുടെ പട്ടികയിൽ, ഒരു കോഫി ഷോപ്പുണ്ട്! നമ്മൾ കുടിക്കാതെ ബാക്കി വെച്ച രണ്ട് കപ്പ് കാപ്പിയും, ഇത്രമാത്രമേ ഉള്ളൂ നഷ്ടങ്ങളായി. ഇനിയും ചൂഴ്ന്നെടുത്താൽ സായാഹ്നത്തിലെ വെയിലുണ്ട്, പിന്നെ… പിന്നെ… പറഞ്ഞാലും തീരാത്ത എന്തൊക്കെയോ ഉണ്ട്. ഇന്നലെകളിലെ അൾഷിമേഴ്സ് രോഗിയ്ക്ക് മരണത്തിന് മുമ്പ് ഇത്രമാത്രമേ ഓർത്തുവെക്കാനുണ്ടാവൂ. സുന്ദരമായ മറവിയുടെ പുകയെരിഞ്ഞ്, പതിയെ ഇല്ലാതെയാകുന്ന പ്രണയം തന്നെയാണ് ജീവിതവും! നീയും ഞാനും, ഞാനും നീയും എല്ലാം, ട്രിപ്പായ പുകച്ചുരുളിന്റെ ഇനിയും മാഞ്ഞു പോയിട്ടില്ലാത്ത, കുഴഞ്ഞുമറിച്ചിൽ മാത്രമാണ്. അപ്പോൾ, എവിടെയാണ് നമ്മൾ മറന്നു പോയത്?

ശരിയാണ്, നഷ്ടങ്ങളുടെ പട്ടികയിൽ ഒരു മഹാനഗരമുണ്ട്!..അവിടെ…, ഒരു കോഫീഷോപ്പുണ്ട്, ഒരു ചാരുബെഞ്ചുണ്ട്………… ഞാനിപ്പോൾ അഷിതയുടെ താമസസ്ഥലത്തുള്ള ചാരുബെഞ്ചിൽ കിടന്ന് ജാവേദിന്റെ ‘ മീൻകണ്ണുകൾ, കടലാഴങ്ങൾ’ എന്ന പുസ്തകം വായിക്കുകയാണ്. ഇപ്പോൾ, ആ കഥയുടെ ബാക്കിയാണോ തന്റെ തലയിൽ ഓടിക്കൊണ്ടിരുന്നത്…. കഥയിലേക്കുള്ള ദൂരമളന്നു കൊണ്ട് കഥാപാത്രം കാത്തുകിടന്നു കിതച്ചു. ചച്ച തെളിഞ്ഞപ്പോൾ തീവണ്ടി കോഴിക്കോട് സ്‌റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങി.

നാട്ടുഭാഷയിൽ പറഞ്ഞാ; ‘ചെറുതായി പിടീം വലീം നടന്നു, പൂശല് നടന്നില്ലെന്ന് സാരം’. മിനിമം ഇത്രയെങ്കിലും പറഞ്ഞുകൊടുത്താലേ ഇപ്പഴത്തെ എന്റെ അവസ്ഥയും ഈ വാട്ട്‌സ് അപ്പ് മെസ്സേജിന്റെ വൈരുദ്ധ്യവും പുള്ളിയ്ക്ക് മനസ്സിലാവൂ. തന്നെക്കുറിച്ച് എങ്ങനെ, പറഞ്ഞു തുടങ്ങണമെന്നറിയാതെ… വട്ടംകറങ്ങുന്നൊരു കഥാപാത്രം ജാവേദിനോട് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു തുടങ്ങാൻ തീരുമാനിച്ചുറപ്പിക്കുന്നു. ഇത്തരമൊരു തീരുമാനത്തിന് തൊട്ടുമുമ്പുള്ള വളരെ ചെറിയൊരു നിമിഷത്തിന്റെ വ്യതിയാനത്തിൽ സേവ്യർ തീരുമാനം തിരുത്തുന്നു. ഈ മണൽത്തരി വ്യത്യാസത്തിന് തീർച്ചയായും അവന് ന്യായമുണ്ട്. ജാവേദിനെ പോലൊരു എഴുത്തുകാരനെ പരിചയപ്പെടേണ്ടത്, അതും പ്രണയംപൊട്ടിപ്പോയൊരു കാമുകഥാപാത്രം!…തീർച്ചയായും സംഭവിച്ചകാര്യങ്ങൾ പറയേണ്ടത് ബാറിൽ വെച്ചാണ്. തിരുത്തിയ ചിന്തയുമായി കഥാപാത്രം കഥാകൃത്തിന്റെ പിറകെ വട്ടംകറങ്ങാൻ തുടങ്ങി. തീവണ്ടിത്തിരക്കിൽ തട്ടിയും മുട്ടിയും ഭുവനേശ്വരിൽ നിന്നും നാട്ടിലേക്ക് വരികയാണ് സേവ്യർ!..  സേവ്യറിന്റെ ഓർമ്മയിലേക്കപ്പോൾ ജാവേദ് എഴുതിയൊരു കഥ നിറയുകയാണ്. ‘മീൻകണ്ണുകൾ, കടലാഴങ്ങൾ’ എന്ന പുസ്തകത്തിലാണ് സേവ്യറിപ്പോൾ. അവിടെ…, ഇപ്പോൾ ഭുവനേശ്വരിലെ ഫ്ലാറ്റിൽ, വെള്ളമടിച്ച് പൂസായി കിടക്കുകയാണ് സേവ്യർ. പുറത്ത് ടാക്‌സി വന്നു നിന്നതറിഞ്ഞ് അഷിതയും സുഹൃത്തുക്കളും വിളിച്ചുണർത്തി അവനെ ടാക്‌സിൽ കയറ്റി വിടുന്നു. പിന്നേയും പിറകോട്ട് പോയാൽ, മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഭുവനേശ്വരിൽ വന്നിറങ്ങിയ സമയം വരെ പിറകോട്ട് പോയാൽ ഈ പ്രണയകഥ ആരംഭിക്കാം!…

സേവ്യർ, അവിടെ എത്തിയപ്പോൾ നഗരംമൊത്തം ഒരു സമരത്തിന്റെ തിരക്കിലായിരുന്നു. ഭാര്യയുടെ മൃതംദേഹം ചുമന്നോടിയൊരു കാമുകൻ സമരത്തിന്റെ പ്രതീകമാകുന്ന എന്തോ ഒന്ന് അവിടെ നടന്നു കഴിഞ്ഞിട്ടുണ്ട്. അതിന്റെ എന്തൊക്കെയോ തിരക്കിലും ഓട്ടത്തിലുമാണ് അഷിതയും അവളിലെ ജേണലിസ്റ്റും. സേവ്യർ, അവിടെ എത്തിയ അന്ന് പുലർച്ചെ മുതൽ ഏകേശം പിറ്റേന്ന് നേരം പുലരുന്നത് വരേയും ശരിക്കും പോസ്റ്റായിരുന്നു. ഇനിയും പ്രണയിച്ചു തുടങ്ങിയിട്ടില്ലാത്ത പ്രണയിനികൾ എന്ന അവസ്ഥ അറിയാവുന്നത് കൊണ്ട് ഈ പോസ്റ്റാകൽ സേവ്യർ പ്രതീക്ഷിച്ചതാണ്. ഈ നേരങ്ങളിലെല്ലാം റെയിൻകോട്ട് സിനിമയിലെ നായകനെ പോലെ അവിടുത്തെ ചുവന്ന ഫ്രിഡ്ജിലും അവളുടെ വസ്ത്രങ്ങളിലും പൊടിപൊടി കളിക്കോപ്പുകളിലും കൗതുകത്തോടെ തൊട്ടുനോക്കി നേരംപോക്കുകയായിരുന്നു. ഓർമ്മകളുടെ മ്യൂസിയത്തിൽ കേറി അവിടെയെവിടെയെങ്കിലും താൻ ഉണ്ടോ എന്ന് പരതിപ്പരതിയൊടുക്കം, എന്തൊക്കെയോ കണ്ട് സേവ്യർ ചിരിച്ചിട്ടുണ്ട്. അവൾ ഭിത്തിയിൽ വരച്ചിട്ട ചിത്രങ്ങളും വാക്കുകളും അയാളോട് എന്തൊക്കെയോ പറഞിട്ടുണ്ട്. ശരിക്കും ഈ ഏകാന്തതയെ സേവ്യർ പ്രണയിക്കുന്നുണ്ട്.jm-c-4

പിറ്റേന്ന്, ആർത്തവമുള്ള പെണ്ണിന്റെ പ്രണയം സേവ്യർ അറിയുകയായിരുന്നു. അന്നവർ, ഒരുമിച്ച് മഴവിൽക്കാടവടിയെന്ന സിനിമ കണ്ടു. ഇന്നസെന്റിനെ കാണിക്കുമ്പോഴെല്ലാം അഷിത പിറുപിറുക്കുകയും തന്റെ അച്ഛനോടുള്ള അമർഷം പിറുപിറുത്ത് തീർക്കുകയും ചെയ്തത് സേവ്യർ ശ്രദ്ധിച്ചിരുന്നു. ഉള്ളിൽ, ആദ്യത്തെ പ്രണയം നിറച്ച് സ്‌ക്കൂളും തന്റെ ബാല്യകാലവും കാണാനായിരുന്നൂ സേവ്യർ ആ സിനിമ കാണാം എന്ന തീർപ്പിലെത്തിയത്. ശരിക്കും അവർ കാണാൻ പ്ലാനിട്ടത് ത്രു ദ ഒലീവ് ട്രീസ് എന്ന സിനിമയായിരുന്നു. സബ്ബ് ടൈറ്റിലില്ലാത്തത് കൊണ്ട് വേറെ ഏതേലും പടംവെക്കെന്ന് പറഞ്ഞ് ലാപ്പവൾ സേവ്യറിന് നേരെ നീട്ടുകയായിരുന്നു. അടുക്കം, എന്തൊക്കെയോ പറഞ്ഞ് തന്റെ നാടുകാണിക്കാനായാണ് സേവ്യറാ സിനിമ വെച്ചത്. മൈര്, വേണ്ടിയിരുന്നില്ല. ഒരു സിനിമയുടെ തിരഞ്ഞെടുപ്പില് പോലും യോജിപ്പില്ലാത്ത ഈ പ്രണയം മൂഞ്ചിപ്പോവത്തേയുള്ളൂ. അത് തന്നെയാണിപ്പോഴും നടന്നത്?

അന്നത്തെ, രാത്രിയിലെ സിനിമ മുതൽ അവളിൽ നിന്നും പ്രണയം വഴി മാറിയൊഴുകുയായിരുന്നു. പകലെപ്പഴോ ആരോ അയച്ചുകൊടുത്ത ഗിഫ്റ്റിനെ കുറിച്ച് എന്തൊക്കെയോ പറയാനും, താൻ മറ്റൊരാളുമായോ പ്രണയത്തിലാണെന്ന് അവൾ സൂചിപ്പിച്ചു കൊണ്ടിരുന്നു. കാര്യം മനസ്സിലായെങ്കിലും ഒരു ഡപ്പി ഖോജാത്തി സുറുമയും കുറച്ച് പുസ്‌കങ്ങളും ഇപ്പോൾ അവളുടെ കയ്യിലിരിക്കുന്ന കീച്ചെയ്‌നും അങ്ങനെ എന്തൊക്കെയോ ഓർമ്മകളായി അനുഭവങ്ങളെ തൊടുന്നുണ്ടായിരുന്നു, ഒരു പഴയഫോട്ടോഗ്രാഫ് പോലെ. അഷിതയുടെ മുറിയിൽ ഒരു മധ്യവയസ്‌ക്കന്റെ ചാരുകസേരയ്ക്ക് പിറകിൽ നിൽക്കുന്ന പെൺകുട്ടികളുടെ ചിത്രം പിൻചെയ്ത് വെച്ചിരുന്നു. ഏറെ നേരത്തെ മൗനം മുറിക്കാനായി, സേവ്യറാ ഫോട്ടോയേക്കുറിച്ചും അത് അഷിതയുടെ അച്ഛനാണോ, എന്നും ചോദിച്ചു. അച്ഛനെ കുറിച്ചുള്ള അവളുടെ പിറുപിറുക്കലിന്റെ കെട്ടതോടെ വീണ്ടും പൊട്ടിത്തുടങ്ങി. പിന്നെ, മുജീബും ലാലുവും കൂടി ഫ്ലാറ്റിലെത്തിയതോടെ അവസാനത്തെ ദിവസം ചെറിയ കലഹങ്ങളിലും കള്ളുകുടിയിലും അവസാനിക്കുകയായിരുന്നു. ശരിക്കും അതൊരു ഗതികെട്ട ദിവസമായിരുന്നു. അഷിതയ്ക്കന്ന് ബാറിലെ സെക്യൂരിറ്റിക്കാരുമായി അടിയുണ്ടാക്കേണ്ടി വരികയും ചെയ്തു. ഇതൊന്നും ഈ പ്രണയബന്ധം തകരാനുള്ള കാരണങ്ങളല്ല. ഇതിനേക്കാളും എത്രയോ വലിയ ഉടക്കുകൾ നടന്നിരിക്കുന്നു. ഏതാനം വർഷങ്ങളുടെ അകലവവും അടുപ്പവുമുള്ളവരാണ്. ഒരു ജോലിക്കാര്യത്തിന് സൂരജേട്ടനെ കാണാനായി ഭുവനേശ്വരിൽ നിന്നും നേരെ എത്തിയതാണ് സേവ്യർ. അവിടെ വെച്ചാണ്, അയാൾക്ക് പ്രണയം അവസാനിപ്പിച്ചതായുള്ള അഷിതയുടെ മെസേജ് കിട്ടുന്നത്. തിരികെ എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോകാനാണ്, ആ മെസേജ് കണ്ടപ്പോൾ സേവ്യറിന് തോന്നിയത്. നാലഞ്ച് പെഗ്ഗുമടിച്ച് അങ്ങനെ കോറിയതാണ് സേവ്യർ ഈ ട്രെയിനിൽ.

തന്നെക്കുറിച്ച് കഥയെഴുതുമ്പോൾ അയാൾ ഇങ്ങനെയായിരിക്കും തുടങ്ങുക. യാത്രയ്ക്കിടയിൽ അയാളുടെ മനസ്സിലേക്ക് ഇടിച്ചു കയറി വരാറുള്ളൊരു മുഖമായി മാറണേ എന്നും, ജാവേദ് തന്നെ ശ്രദ്ധിച്ചു തുടങ്ങിയാലേ തന്റെ പ്രണയകഥ പറയാൻ പറ്റൂ എന്ന ദുഷ്ടലാക്കിലാണ് നമ്മുടെ നായക കഥാപാത്രം. പറയാൻ പോകുന്നത് തന്റെ പ്രണയമാണെങ്കിലും അതിനൊരു സ്‌കോപ്പും കോപ്പുമില്ലെന്ന് പറഞ്ഞ് മനസ്സിൽ പറഞ്ഞ് ജാവേദിനെയൊന്ന് നോക്കി. പിന്നെ അയാൾ ഫോണിലെന്തോ പരതി.

“You are wrong, you reminded me of my father. Nothing more you could do… fouck you. And Stop texting me.” ഭോഗത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവളെന്തോ പുലമ്പിയത് കൊണ്ട് വി-ട്ടുമാറിയെഴുന്നേറ്റതിന്റെ ഓർമ്മയിൽ സേവ്യറിന്റെ നാക്കിലേക്കൊരു മൈര് വിളിചുളംകുത്തി. ‘ഞാൻ കണ്ടിട്ടുപോലുമില്ലാത്ത നിന്റെ തന്തേം, നീയും തമ്മിലുള്ള വിഷയത്തില്’ എനിക്കെന്ത് കാര്യം എന്ന് പറഞ്ഞ് സേവ്യറൊന്ന് പല്ലുകടിച്ചു. പിന്നെ പോക്കറ്റിൽ തപ്പിക്കൊണ്ട് സിഗരറ്റെടുത്ത ശേഷം ജാവേദിനെ നോക്കി പോരുന്നോ? എന്നൊരു ചോദ്യമെറിഞ്ഞ് ബാത്ത്‌റൂമിന് നേരെ നടക്കാൻ തുടങ്ങി. നിലത്ത് കിടന്നിരുന്നവരെ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ടാണ് സേവ്യർ നടന്നിരുന്നത്. മലബാർ എക്‌സ്പ്രസ്സ്, തിരൂർ സ്റ്റേഷനിലെത്തുന്നതിന്റെ അധികവെട്ടത്തിൽ തന്റെ പിറകിലായി ജാവേദും നടന്നുവരുന്നത് സേവ്യർ വ്യക്തമായി കണ്ടു.jim-c-2

എങ്ങനെയാണ് താൻ പറഞ്ഞു തുടങ്ങേണ്ടത്? ജാവേദിനിതൊക്കെ കഥയാക്കി മാറ്റാൻ പറ്റുമോ? ആലോചിക്കും തോറും സേവ്യർ ജാവേദിന്റെ കഥകളിലേക്ക് ഓടിപ്പോവുകയായിരുന്നു. ജാവേദിന്റെ സ്ത്രീ കഥാപാത്രങ്ങളെ പോലെ ഉന്മാദിയാണ് തന്റെ കാമുകിയും. അല്ലെങ്കിലൊരിക്കലും അവൾ ഇത്തരത്തിലൊരു മെസേജ് അയക്കില്ല.

പിന്നേയും പിന്നേയും…. ഓളങ്ങൾ ഇളകുന്നുണ്ട്. നസി തന്റെ കാലുകൾ ഇളക്കി കുറ്റ്യാടിപ്പുഴയുടെ ഒരു കരയിൽ നിന്നും മറ്റൊരു കരയിലേക്ക് നീന്തുകയാണ്. മത്സ്യപ്പെണ്ണെന്ന് വിളിക്കാവുന്ന തരത്തിൽ അവൾ നീന്തിത്തുടിക്കും. മുങ്ങാംങ്കുഴിയിട്ട് അക്കരെ ചെന്ന് ചിലന്നീപ്പൂവ് പൊട്ടിച്ച് നീന്തും. പുലർച്ചയ്ക്ക് കുളിക്കാൻ പോയാ മോന്തിക്ക് വീട്ടിൽ വരുന്നൊരു പെണ്ണ്. മത്സരപ്പൂളുകളിലേക്കല്ലാതെ നീന്തല് പഠിച്ച നസിയുടെ മറുപിറവിയാണ് അഷിതയെന്ന് തോന്നി. ഭുവനേശ്വരിൽ നിന്നും തിരിച്ചുള്ള യാത്രയ്ക്കിടയിലാണ്, സേവ്യർ ആദ്യമായി ജാവേദിന്റെയൊരു പുസ്തകം വായിക്കുന്നത്. ‘മീൻകണ്ണുകൾ കടലാഴങ്ങൾ’ എന്ന നോവലിലെ കഥാപാത്രമായ നസിയുമായി വല്ലാത്തൊരു ഇഴയടുപ്പമിപ്പോൾ അഷിതയ്ക്കുമുള്ളതു പോലെ സേവ്യറിന് തോന്നി.

തലശ്ശേരിയിൽ നിന്നും ജാവേദിടൊപ്പം കൂടിയതാണ് സേവ്യറും. കഥാകൃത്തിനെ കൂവിയുണർത്തിയാലോ എന്നൊരു വട്ടം ആലോചിച്ച ശേഷം അയാൾക്കൊപ്പം കഥാപാത്രവും തിരിഞ്ഞുകിടന്നു. എഴുതാനറിയാത്ത ജീവനുകളെ പോലെ ഓർമ്മകളിലേക്ക് ഉറങ്ങിക്കൊണ്ടിരുന്നു. അഷിതയെ മീനായ ഹൂറീന്ന് വിളിക്കുന്ന ഒരു കാമുകനുണ്ടായിരുന്നു. അതുപോലെ തന്നെ വിളിച്ചിരുന്ന ഭർത്താവിൽ നിന്നും വിവാഹമോചനം നേടാനായി നസി പറഞ്ഞ കാരണം കുളിമുറിയ്ക്ക് വലിപ്പം പോരാ എന്നതായിരുന്നു. കുറ്റ്യാടിപ്പുഴയിൽ കുളിക്കുമ്പൊ മുങ്ങാങ്കുഴിയിടാൻ പറ്റാത്ത സങ്കടത്തില് ശരിക്കൊന്നും കുളിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഭർത്താവിനെ ഒഴിവാക്കിയ നസിയുടെ ഉന്മാദം തന്നെയാണ് അഷിതയിലും ചൂഴ്ന്ന് നിൽക്കുന്നത്. താൻ വായിച്ചു കൊണ്ടിരിക്കുന്ന നോവലിലെ നായികയും തന്റെ പൂർവ്വകാമുകിയും ഒരാളായി സേവ്യറിന് അനുഭവപ്പെട്ടു. *സൂര്യകാന്തിപ്പൂവിത്തുകൾ പാകി മഞ്ഞപ്പിത്തം കാത്തിരിക്കുന്ന ഒരു പെൺകുട്ടിയായി അഷിത സേവ്യറിന് മെസേജ് ടൈപ്പ് ചെയ്യുകയാണ്, ഹെതർ മാർട്ടിൻ എന്ന ഹംഗേറിയൻ എഴുത്തുകാരിയെ പോലെ! ‘ നിങ്ങൾ ജോൺ വാഷ്. അറുപത്തിയേഴു വയസ്സുകാരൻ, പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച മൈരൻ. ദുരുപയോഗം ചെയ്ത കുറ്റവാളി. ഞാനനുഭവിച്ച വേദനകളും തകർച്ചകളും നിങ്ങൾക്കു തന്നെ തിരികെ നൽകുന്നു. – ഞാൻ ഹെതർ മാർട്ടിൻ, സ്ത്രീയായതിൽ അഭിമാനിക്കുന്നവൾ. ഹെതർ മാർട്ടിൻ എന്ന എഴുത്തുകാരി മുപ്പത്തിയെട്ടാം വയസ്സിൽ തന്റെ ചിറ്റപ്പനെഴുതിയ കത്തുകളിലെ വാചകങ്ങൾ ആരോ തന്നോട് ആവർത്തിക്കുന്നുണ്ട്!

‘ഞാൻ അഷിത, നീ വിക്രമൻ നായർ’ അഷിത തന്നെ അവളുടെ അച്ഛന്റെ പേരുവിളിച്ച് അലറുന്നതായി സേവ്യറിലൊരു നടുക്കം മുരണ്ടു. തീവണ്ടിക്കൊത്തിരി സ്പീഡ് കൂടിയോ എന്ന് ഭയന്ന് അയാൾ ജനൽക്കമ്പിയിൽ വെറുതെ മുറുക്കിപ്പിടിച്ചു, നേരമപ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

എന്താണ് അഷിതയുടെ തന്തയുടെ പേര്, വിക്രമൻ നായർ എന്നാണോ? പേരെന്തായാലും ജാവേദ് ഇട്ടോളും. ഞാനെന്റെ അനുഭവം പറഞ്ഞാമതി, കഥാപാത്രങ്ങൾക്ക് പേരിടുന്നതും കഥയെഴുതുന്നതുമൊക്കെ അങ്ങേരുടെ പണിയാണ്. പെട്ടന്ന്, തീവണ്ടിയിലാകെ ഒരു *ഒരു ‘മുകുന്ദൻ മണം’ പരയ്ക്കുന്നതു പോലെ സേവ്യറിന് തോന്നി. അവൻ മൂക്കും വട്ടംപിടിച്ചു. ‘ഇല്ല, വെറുതെ തോന്നിയതാണ്.’ ‘പേരോ? അ…ആ..ഋ’ താളത്തിൽ കഥാകൃത്ത് കൂർക്കം വലിച്ചുകൊണ്ടിരുന്നു. പടച്ചോൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ, മനുഷ്യന്മാര് കിനാവിന്റെ കിത്താബുകള് തുറക്കുന്ന ചേല്ക്ക് കഥാപാത്രം അവളിലേക്ക് പറന്നുപോയി. അഷിതയെ കാണാനുള്ള യാത്രയുടെ അവസാനമാണ് കറങ്ങിയൊടുക്കം ജാവേദിൽ തളച്ചു നിൽക്കുന്നത്. ‘എങ്ങനെയാണ്, നാളെയെങ്കിലും ഇയാളോട് ഇതൊക്കെയൊന്ന് പറയുക? ‘

‘നിങ്ങളുടെ ഫ്രണ്ട് സർക്കിളിലധികം ഇല്ലെങ്കിലും ജാവേദിന് അഷിതയെ അറിയാം. നിങ്ങളുടെ മീൻകണ്ണും കടലാഴങ്ങളുമെന്ന നോവൽ, നിങ്ങൾ ഒപ്പിട്ടുകൊടുത്ത പുസ്തകമാണ് ഞാനിപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത്. ഞാനവളുടെ മുൻകാമുകനാണ്’

‘അവളിപ്പൊ, ഒറീസേലോ മറ്റോ അല്ലേ?’

‘ഭുവനേശ്വരിൽ ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ടറാണ്.’

‘ഓകെ, സേവ്യർ’

സേവ്യറും ഇല്ല, ഒരു മൈരനുമില്ല. കഥയെഴുതാനുള്ളൊരു മൂഡും ഇല്ല. ഒപ്പൊ ഞാനെവിടെയാ ജാവേദേ ? പറഞ്ഞു നിറുത്തിയത്. ഞാൻ ജാവേദല്ല, ജാവേദൊക്കെ കിടന്നു. ഞാൻ വിൽസനാടാ’

‘വിൽസേട്ടാ, ഇങ്ങളാ കവിതയൊന്നൂടെ ചൊല്ലിത്തരോ?’

‘ഏതെടാ?’

‘ചിത്രകാരീ, നിന്റെ എട്ട് ആട്ടിൻ കുട്ടി…, ആ കവിത.’

വിൽസേട്ടൻ കവിത ചൊല്ലാൻ തുടങ്ങിയതോടെ ജാവേദും എണീറ്റു. സേവ്യറപ്പോൾ അഷിത അയച്ച അവസാനത്തെ മെസ്സേജ് ഒന്നുകൂടി വായിച്ചു. ഓർമ്മയിൽ ഇപ്പൊ ഇത്രയൊക്കേ ഉള്ളൂ. ഒരു കഥയെഴുതണമെന്നൊക്കെയുണ്ട്. ഒരു പ്രണയകഥ! പക്ഷേ…, വല്ല്യ മൂർച്ചയുള്ള അനുഭവമൊന്നും ഇല്ലാത്തോണ്ട്, അതിനുപോലും ഉള്ളയീ പ്രണയാനുഭവങ്ങൾ പറ്റൂല. ആകെ പത്തോ മുപ്പതോ ദിവസത്തെ ഓർമ്മ മാത്രമേ അവളെക്കുറിച്ച് കാണൂ… ഇത് വെച്ചൊക്കെ എന്ത് പ്രണയകഥ എഴുതാൻ? അതുപോട്ടെ, ആദ്യം കഥയ്‌ക്കെന്ത് പേരിടും? കഥാപാത്രത്തിനും കഥയ്ക്കും ആദ്യം പേരിടട്ടെ എന്നിട്ട് കഥ പറയാം, ഒട്ടും സ്‌കോപ്പില്ലാത്ത ഈ പ്രണയകഥ.

ഒരു കഥയെഴുതുന്നതിന് മുമ്പ് തന്റെ പൊട്ടിപ്പോയ പ്രണയത്തെ ഓർത്ത് ജാവേദ് രണ്ട് പുകകൂടി വലിച്ചു കേറ്റി. അപ്പോൾ മുതൽ സേവ്യർ സെബാസ്റ്റിയൻ ജാവേദിനോട് തന്റെ അനുഭവം പറഞ്ഞു തുടങ്ങി. കൂഴൂർ വിൽസന്റെ ടെമ്പിൾ പോയട്രിയുടെ മുമ്പിലെ ബീച്ചിൽ നിന്നുള്ള അലയൊലി ദൂരങ്ങളേയും കാലങ്ങളേയും ഓർമ്മിപ്പിച്ചു.  ജാവേദിന്റെ ഓർമ്മകൾക്കുള്ള പശ്ചാത്തല സംഗീതമായി ഇപ്പോഴും കുഴൂർ വിൽസന്റെ ചിത്രകാരിയും ആട്ടിൻകുട്ടിയും തുടരുന്നുണ്ടായിരുന്നു.

സേവ്യർ അഷിതയുമായി പ്രണയത്തിലായിരുന്ന നാളുകളിൽ സ്ഥിരമായി കേട്ടുകൊണ്ടിരുന്നത് ‘ചിത്രകാരീ, നിന്റെ എട്ട് ആട്ടിൻ കുട്ടി’ എന്ന കവിതയായിരുന്നു. പിന്നീട്, എപ്പോഴാണ് സേവ്യറിന് ഇതൊട്ടും സ്‌കോപ്പില്ലാത്ത പ്രണയകഥയായി മാറിയതെന്ന് ഓർത്തെടുക്കുക ഈ അവസരത്തിൽ നിസ്സാരമാണ്. അടുത്ത വാചകം എഴുതാനായി ജാവേദ് പടച്ചോനെ വിളിച്ചു. മൂപ്പരപ്പോൾ, ജാവേദിന്റെ ജീവിതത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

——————————-

* മുകുന്ദൻ മണം – കഞ്ചാവിന്റെ മണം എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്‌.

Comments

comments