“… Indeed, as the depression continued, it was argued with considerable force not least by J.M. Keynes who consequently became the most influential economist of the next forty years – that they were making the depression worse. Those of us who lived through the years of the Great Slump still find it almost impossible to understand how the orthodoxies of the pure free market, then so obviously discredited, once again came to preside over a global period of depression in the late 1980s and 1990s, which, once again, they were equally unable to understand or to deal with. Still, this strange phenomenon should remind us of the major characteristic of history which it exemplifies: the incredible shortness of memory of both the theorists and practitioners of economics.” ― Eric J. Hobsbawm
ധനശാസ്ത്രത്തിന് കെയിൻസ് നല്‍കിയ ഒരേയൊരു സംഭാവന വീഴാറായ മുതലാളിത്തത്തിന് സർക്കാരിന്‍റെ ഊന്നുവടി നൽകിയെന്നതായിരുന്നു എന്നര്‍ത്ഥം വരുന്ന ഒരു വാചകത്തിലൂടെയായിരുന്നു ഞാന്‍ ജോണ്‍ മെനാര്‍ഡ് കെയിൻസിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.
മുപ്പതുകളിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ലോകസമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ വഹിച്ച പങ്കിനെകുറിച്ചും, പിന്‍കാല സാമ്പത്തികശാസ്ത്രത്തില്‍ അദ്ദേഹം ചെലുത്തിയ ആഴമേറിയ സ്വാധീനത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കുന്നതിനുമുൻപ് വായിച്ച ആ വാചകത്തിലെ ആശയം എന്തുകൊണ്ടോ പിന്നീടിന്നോളം മനസ്സിൽ പതിഞ്ഞുകിടന്നു. ഇതില്‍ കൌതുകകരമായ ഒരു കാര്യമുള്ളത് അത് വായിച്ചത് ഒരു ധനശാസ്ത്രപുസ്തകത്തില്‍ നിന്നല്ല, മറിച്ച് ഒരു ചെറുകഥയില്‍ നിന്നായിരുന്നുവെന്നതാണ്. പട്ടത്തുവിള കരുണാകരനാണ് ആ കഥ എഴുതിയത് എന്നാണോര്‍മ്മ. അതില്‍ അതിവിപ്ലവകാരിയും ബുദ്ധിജീവിയുമായ ഒരു കഥാപാത്രം കൂട്ടുകാരനോട് കെയ്ൻസിനെപ്പറ്റി പറയുന്നതാണ് വാചകസന്ദർഭം. അതു വായിച്ച് കുലച്ചുവീഴാറായ വാഴക്ക് ഊന്നുവെക്കുന്നതുപോലെ ഒരു വടിവെച്ച് ഏതുനിമിഷവും വീണേക്കാവുന്ന മുതലാളിത്തമെന്ന ഊക്കന്‍കെട്ടിടത്തിന് താങ്ങുനൽകാൻ ശ്രമിക്കുന്ന ഒരു ചെറിയ മനുഷ്യന്‍റെ രൂപം മനസ്സിൽ വന്നുനിന്നു.
മുതലാളിത്തത്തിന്‍റെ ആസന്നമായ തകർച്ചയെക്കുറിച്ച് ധാരാളം കേട്ടുവന്ന ഒരു കാലമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കും മുന്‍പുള്ള എണ്‍പതുകള്‍.
ചെറിയൊരു സാമ്പത്തിക മാന്ദ്യത്തെപോലും പെരുപ്പിച്ചും പൊലിപ്പിച്ചും അതിനെ ഒരു വൻ തകർച്ചയുടെ മുന്നോടിയായി അവതരിപ്പിക്കുന്ന സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ അന്ന് സാധാരണമായിരുന്നു. അതുകൊണ്ടായിരിക്കണം, മേൽസൂചിപ്പിച്ച കഥാപാത്രത്തെപോലെ മനുഷ്യരാശിയുടെ സോഷ്യലിസത്തിലേക്കുള്ള കുതിപ്പു തടഞ്ഞ വർഗ്ഗ ശത്രുവായി കെയ്ൻസിനെ ഞാനും കണ്ടത്. അതെന്തായാലും, അന്ന് അറിയാൻപാടില്ലാതിരുന്ന ഒരു കാര്യം ആഗോള മുതലാളിത്തം സർക്കാരെന്ന ഊന്നുവടിയുടെ സഹായമില്ലാതെ പലയിടത്തും നടന്നു തുടങ്ങിയിരുന്നുവെന്നതാണ്; ആ പ്രതിഭാസത്തെ നവലിബറലിസം എന്നാണു വിളിക്കുന്നതെന്നും. ലെനിൻ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്‍റെ പരമോന്നത ഘട്ടം’ എന്ന തീസിസിലൂടെ അതിന്‍റെ വളര്‍ച്ചയുടെ അതിർ വർഷങ്ങൾക്കു മുൻപു തന്നെ വരച്ചു വെച്ചിരുന്നതിനാല്‍, കാലത്തിൽ താളം കെട്ടിനിൽക്കുന്ന ഇനിയൊരു മുന്നോട്ടു പോക്ക് അസാധ്യമായ ഒരു വ്യവസ്ഥയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം മുതലാളിത്തം.
മുതലാളിത്തത്തിന്‍റെ അതിജീവനശേഷി സാമ്പ്രദായിക മാര്‍ക്സിസം അളന്നതിനും അപ്പുറത്താണെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല.
എല്ലാവിധ നിയന്ത്രണങ്ങളിൽനിന്നും വിമുക്തമാക്കപ്പെട്ട സ്വതന്ത്ര കമ്പോളവും വാണിജ്യവുമാണ് നവലിബറലിസത്തിന്‍റെ കാതൽ. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരമപ്രധാനമായി മുന്നോട്ടു വെക്കുന്ന ഒരു പ്രത്യയശാസ്ത്രം. വ്യക്തിയുടെയും സ്ഥാപനങ്ങളുടേയും ക്രിയാത്മകതയെ പരിപൂർണ്ണമായും കെട്ടഴിച്ചുവിടാനും, അങ്ങിനെ ദാരിദ്ര്യമടക്കം സമൂഹം നേരിടുന്ന തീക്ഷണമായ പ്രശ്നങ്ങൾക്കൊക്കെയും പരിഹാരം കാണാനും സ്വതന്ത്രകമ്പോളത്തിന്‍റെ യുക്തി മാത്രമാണ് ഒരെയോരുവഴി എന്ന് അത് അവകാശപ്പെടുന്നു. എന്നാല്‍ സമീപകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഒരു നല്ല ആദർശത്തിന്‍റെ പൊയ്മുഖത്തിനപ്പുറം നവലിബറലിസത്തിന് വേറൊരു മുഖമുണ്ടെന്നതാണ്. സമ്പത്ത് കുറച്ചുപേരുടെ കൈയിൽ കുമിഞ്ഞുകൂടുന്നതിന്‍റെയും വർദ്ധിച്ചു വരുന്ന അസമത്വങ്ങളുടെയുമാണ് നവലിബറലിസത്തിന്‍റെ പൊതു അനുഭവമെന്ന്‍ ഇന്ന് ഏറെകുറെ എല്ലാവരും അംഗീകരിക്കുന്നു. നവലിബറലിസമെന്നത് ആഗോളമുതലാളിത്തത്തിന്‍റെ കടിഞ്ഞാൺപിടിക്കുന്ന വരേണ്യവർഗ്ഗത്തിന്‍റെ അധികാരപുനസ്ഥാപനത്തിനുള്ള രാഷ്ട്രീയപരിപാടി മാത്രമായിരുന്നുവെന്ന പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ഡേവിഡ് ഹാര്‍വെയുടെ നിരീക്ഷണം ഇവിടെയോര്‍ക്കാം.
ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും ഉപഭോഗത്തിന്‍റെയും ആഗോളവൽക്കരണത്തിനും, ഫിനാൻസ് മൂലധനത്തിന് ജീവിതത്തിന്‍റെ സമസ്തമേഖലകളിലും പിടിമുറുക്കുന്നതിനും അവസരമൊരുക്കുകയായിരുന്നു ഒരു പ്രത്യയശാസ്ത്രമെന്നനിലയിൽ നവലിബറലിസത്തിന്‍റെ ചരിത്രപരമായ കടമ. മുതലാളിത്തത്തിന്‍റെ ഗുണപരമായ ഈ രൂപപരിണാമത്തിന് ഭൗതികമായ ചില മുന്നുപാധികൾ കൂടിയേ തീരുമായിരുന്നുള്ളു. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയോടെ വിവരസാങ്കേതികവിദ്യ, വാർത്താവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റങ്ങളായിരുന്നു ഈ മുന്നുപാധികൾ.
ഈയിടെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനും ആയ ക്ലോസ് ഷ്വാബ് എഴുതിയ നാലാം വ്യാവസായികവിപ്ലവം എന്ന പുസ്തകം വായിക്കാനിടയായത്, മുതലാളിത്തത്തിന്‍റെ അസാധാരണമായ അതിജീവനശേഷിയെക്കുറിച്ചും സാങ്കേതികവിദ്യകളിലുണ്ടായ കുതിച്ചുചാട്ടങ്ങള്‍ അതിന്‍റെ സ്വയംനവീകരണശ്രമങ്ങളെ സ്വാധീനിക്കുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കാനിടയാക്കി. വേള്‍ഡ് ഇക്കണോമിക് ഫോറം പോലുള്ള അന്താരാഷ്ട്രവേദികളില്‍ ഏറെ ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്ന ഒരു വിഷയമാണ് നാലാം വ്യാവസായിക വിപ്ലവം. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ ആവി എന്‍ജിന്‍ പോലുള്ള യന്ത്രങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് വ്യാവസായികോല്‍പാദനത്തില്‍ ഉണ്ടായ വ്യാപകമായ യന്ത്രവല്‍ക്കരണത്തെ ഒന്നാം വ്യാവസായിക വിപ്ലവമായി ഷ്വാബ് അടയാളപ്പെടുത്തുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ വൈദ്യുതോര്‍ജ്ജത്തിന്‍റെ വ്യാപകമായ ഉപഭോഗം, വന്‍തോതിലുള്ള ഉത്പാദനം, കാര്യക്ഷമമായ തൊഴില്‍വിഭജനം എന്നീകാര്യങ്ങള്‍ വ്യവസായമേഖലയില്‍ വരുത്തിയ വിപ്ലവാത്മകമായ മാറ്റങ്ങളെ കുറിക്കുന്നു രണ്ടാം വ്യാവസായിക വിപ്ലവം. മുതലാളിത്തത്തിന്‍റെ ആരംഭകാലം തൊട്ട് സാമ്രാജ്യത്വത്തിന്‍റെ അധീശത്വം പൂര്‍ണ്ണമാകുന്നതുവരെയുള്ള കാലഘട്ടത്തെ സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍, വിപ്ലവത്തിന്‍റെ യുഗം(1789—1848), മൂലധനത്തിന്‍റെ യുഗം (1848 -1875), സാമ്രാജ്യങ്ങളുടെ കാലം (1875-1914) എന്നിങ്ങനെ വേര്‍ത്തിരിച്ച് പ്രമുഖ മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്സ്ബോം വിശദീകരിച്ചിട്ടുണ്ട്. ഇതേകാലഘട്ടത്തെ ഉദ്പാദനശക്തികളുടെ വികാസം എങ്ങിനെ മാറ്റിതീര്‍ത്തു എന്ന കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ശ്രമമാണ് വ്യാവസായികവിപ്ലവങ്ങളെ അടിസ്ഥാനമാക്കിയ ഷ്വാബിന്‍റെ ഈ കാലഗണനയെന്ന്‍ വിലയിരുത്താം.
മൂന്നാം വ്യാവസായിക വിപ്ലവം ഉണ്ടാകുന്നത് ഇലക്ട്രോണിക്സിലും വിവര സാങ്കേതിക വിദ്യയിലും ഏഴുപതുകളിലുണ്ടായ വന്‍ മുന്നേറ്റങ്ങളുടെ ഫലമായിട്ടാണ്. രണ്ട് മഹായുദ്ധങ്ങളുടെയും സാമ്പത്തികപ്രതിസന്ധികളുടെയും ആഘാതത്തില്‍
നിന്ന് കരകയറാനായി സര്‍ക്കാരുകളെ ഊന്നി നടന്നുതുടങ്ങിയ ആഗോള മുതലാളിത്തത്തിന് പുത്തനുണര്‍വ് നല്‍കിയ മാറ്റങ്ങളായിരുന്നു മൂന്നാം വ്യാവസായികവിപ്ലവം കൊണ്ടുവന്നത്. ആഗോളവല്‍ക്കരണത്തിന്‍റെയും നവലിബറലിസത്തിന്‍റെയും സുവര്‍ണ്ണകാലമായിരുന്നു പിന്നെ. സോവിയറ്റ് ബ്ലോക്കിന്‍റെ പതനവും ശീതയുദ്ധത്തിന്‍റെ അവസാനവും സാമൂഹ്യവളര്‍ച്ചയുടെ പരമകോടി ആഗോളവല്‍കൃത മുതലാളിത്തമാണ് എന്ന പ്രതീതി ഉളവാക്കി. 1989-ല്‍ പ്രസിദ്ധീകരിച്ച ചരിത്രത്തിന്‍റെ അവസാനം എന്ന വിഖ്യാതപ്രബന്ധത്തില്‍ ഫ്രാന്‍സിസ് ഫുക്കുയാമ ഇങ്ങനെ എഴുതി: “നാമിന്നു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ശീതയുദ്ധത്തിന്‍റെ അവസാനത്തിനോ യുദ്ധാനന്തരചരിത്രത്തിന്‍റെ ഒരു പ്രത്യേകഘട്ടത്തിന്‍റെ സംക്രമണദശക്കോ അല്ല, ചരിത്രത്തിന്‍റെ തന്നെ അന്ത്യത്തിനാണ്; അതായത് മനുഷ്യവംശത്തിന്‍റെ പ്രത്യയ ശാസ്ത്രവികാസത്തിന്‍റെ പരിസമാപ്‌തിയും ഭരണമാതൃകകളുടെ അന്തിമരൂപമെന്ന നിലക്ക് പാശ്ചാത്യ ലിബറൽ ജനാധിപത്യത്തിന്‍റെ സാര്‍വത്രികമായ അംഗീകാരവും കുറിക്കുന്ന മുഹൂര്‍ത്തത്തെ”, ചരിത്രം അവിടെ അവസാനിച്ചില്ലെന്നത് സമകാലീനചരിത്രം. നവലിബറലിസത്തിന്‍റെ ഫലപ്രാപ്തിയെയും കാര്യക്ഷമതയെയും പറ്റി വലതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ധനശാസ്ത്രജ്ഞര്‍ പോലും സംശയങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ആദ്യദശകങ്ങള്‍ പിന്നിട്ടുതുടങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ കാണുന്നത്. അതോടൊപ്പം ശാസ്ത്ര- സാങ്കേതിക മേഖലകളിലുണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മനുഷ്യരാശിയിന്നേവരെ നേരിട്ടിട്ടില്ലാത്തരീതിയിലുള്ളതായിരീക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മേല്‍സൂചിപ്പിച്ച പുസ്തകത്തില്‍ നാലാംവ്യാവസായികവിപ്ലവമെന്ന് ഷ്വാബ് വിശേഷിപ്പിക്കുന്നത് ഈ മാറ്റങ്ങളെയാണ്. കാലം ചെല്ലുംതോറും ശാസ്ത്രവും അതിന്‍റെ പ്രയോഗവും ഉദ്പാദനപ്രക്രിയയില്‍ നേരിട്ടുതന്നെ പങ്കുവഹിക്കുന്ന ഏറ്റവും പ്രധാനമായ ശക്തികളായി മാറിയതിന്‍റെ സാക്ഷ്യമാണ് നാലാംവ്യാവസായികവിപ്ലവം.
മൂന്നാംവ്യാവസായികവിപ്ലവത്തിന്‍റെ സ്വാഭാവികമായ ഒരു തുടര്‍ച്ചയായി മാത്രം ഈ മാറ്റങ്ങളെ കാണാനാകില്ല എന്ന്‍ ഷ്വാബ് അഭിപ്രായപ്പെടുന്നു. അതിന് കാരണങ്ങള്‍ പലതുണ്ട്. ഒന്നാമതായി, ഇന്നുവരെ ഉണ്ടാകാത്തരീതിയില്‍ ദ്രുതഗതിയിലാണ് സാങ്കേതികവിദ്യകളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. അതേപോലെ, വ്യവസ്ഥയില്‍ അവയുണ്ടാക്കുന്ന ആഘാതങ്ങളുടെ ശക്തിയും വ്യാപ്തിയും സമാനതകള്‍ ഇല്ലാത്തതുമാണ്. നാലാം വ്യാവസായികവിപ്ലവത്തിന്‍റെ പ്രധാനപ്രവണതകളായി സര്‍വതലസ്പര്‍ശിയായ വിവിധസാങ്കേതികവിദ്യകളുടെ ഒരു നീണ്ടനിരതന്നെ ഷ്വാബ് എടുത്തുകാട്ടുന്നു: സ്വയംനിയന്ത്രിതവാഹനങ്ങള്‍, ഉത്പാദനമേഖലയെ മാറ്റിമറിക്കാന്‍ പോകുന്ന 3-ഡി പ്രിന്‍റിംഗ്, റോബോട്ടിക്സ്, പദാര്‍ത്ഥവിജ്ഞാനീയത്തിലെ മുന്നേറ്റങ്ങള്‍, സെന്‍സറുകള്‍ പോലുള്ള സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എല്ലാ യന്ത്രോപകരണങ്ങളെയും നമ്മുടെ ശരീരത്തെ തന്നെയും ഇന്‍റെര്‍നെറ്റുമായി ബന്ധപ്പെടുത്തി പരസ്പരവിനിമയം സാധ്യമാക്കുന്ന “ഇന്‍റെര്‍നെറ്റ് ഓഫ് തിങ്ങ്സ്”, സാമ്പത്തിക വിനിമയങ്ങളില്‍ വിപ്ലവാത്മകമാറ്റങ്ങള്‍ ഉണ്ടാക്കാനിരിക്കുന്ന ബ്ലോക്ക്ചെയിന്‍, ബിറ്റ്കോയിന്‍ തുടങ്ങിയ വിദ്യകള്‍, ജീവികളുടെ ജനിതകഘടനയെതന്നെ മാറ്റിയെഴുതാന്‍പോന്ന ജൈവശാസ്ത്രരംഗത്തെ കുതിച്ചുചാട്ടങ്ങള്‍…
നാലാംവ്യാവസായികവിപ്ലവത്തിന്‍റെ ഈ നൂതനപ്രവണതകളില്‍ പൊതുവായുള്ള ഒരു ഘടകം ഡിജിറ്റല്‍/വിവര സാങ്കേതികവിദ്യകളിലെ ഏറ്റവും പുതിയ കണ്ടെത്തലുകളെയും ഗതിമാറ്റങ്ങളെയും അവ പരമാവധി ഉള്‍ക്കൊള്ളുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ്. ജൈവശാസ്ത്രത്തിലെ ജീന്‍സീക്വന്‍സിംഗ് പോലുള്ള വിദ്യകളായാലും, ഡ്രൈവര്‍ വേണ്ടാത്ത വാഹനങ്ങളായാലും, ഉദ്പാദനമേഖലയിലെ റോബോട്ടുകളുടെ ഉപയോഗമായാലും, അവയിലൊക്കെ പൊതുവായുള്ളത് ഡിജിറ്റല്‍/വിവര സാങ്കേതികവിദ്യകളുടെ സമര്‍ത്ഥമായ പ്രയോഗങ്ങളാണെന്ന് കാണാന്‍ കഴിയും. ഓട്ടോമൊബൈൽരംഗത്തെ ഭീമന്മാരല്ല, ഗൂഗിളിനെപോലുള്ള ഐ. ടി. കമ്പനികളാണ് സ്വയം നിയന്ത്രിത വാഹനങ്ങള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ രൂപംകൊടുക്കുന്നതില്‍ നേതൃത്വം കൊടുക്കുന്നതെന്നോര്‍ക്കുക. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ആസന്നഭാവിയിലെ യന്തിരന്മാരുടെ കാലത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു: മനുഷ്യർ ചെയ്യുന്നകാര്യങ്ങളെ അവർക്ക് സഹജമായ ക്ഷീണവും മറ്റുപരിമിതികളുമില്ലാതെ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ ഈ നൂതനസങ്കേതികവിദ്യകൾക്കാകുന്നു. മാത്രമല്ല മനുഷ്യർക്ക് ചെന്നെത്താൻ കഴിയാത്ത ഇടങ്ങളിൽകടന്നുചെല്ലാനും അവർക്ക് ഒരിക്കലും സ്വയംചെയ്യാൻ സാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാനുംകൂടി ഇവയ്കാകുന്നു. ആർട്ടിഫിഷ്യൽ ഇന്‍റെല്ലിജെൻസ്, മെഷീൻ ലേർണിങ്ങ് തുടങ്ങി കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലെ വിവിധമേഖലകളിലും സെൻസർ മുതലായ സങ്കേതികവിദ്യകളിലും ഉണ്ടായികൊണ്ടിരിക്കുന്ന പുതിയ മുന്നേറ്റങ്ങൾ മുൻപൊരിക്കലും നമ്മൾ സാധിക്കുമെന്ന് കരുതിയിട്ടില്ലാത്ത കാര്യങ്ങളാണു സാധ്യമാക്കുന്നത്.
എം. ഐ. ടിയിലെ പ്രൊഫസ്സര്‍മാരായ എറിക് ബ്രിന്‍ജോള്‍ഫ്സനും ആന്‍ഡ്‌റ്യൂ മക്അഫെയും ചേര്‍ന്നെഴുതിയ “സെക്കണ്ട് മെഷീന്‍ ഏജ്” എന്ന പുസ്തകത്തില്‍ സമീപകാലത്ത് വിവര സാങ്കേതിക വിദ്യകളിലും ഓട്ടോമേഷനിലും ഉണ്ടായിട്ടുള്ള വളര്‍ച്ച സമൂഹത്തെ എങ്ങിനെ മാറ്റിതീര്‍ക്കുമെന്നും സാമ്പത്തിക വളര്‍ച്ചക്ക് കാരണമാകുമെന്നും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ നാലാം വ്യാവസായികവിപ്ലവത്തിന്‍റെ വ്യാപ്തിയും സങ്കീര്‍ണ്ണതയും അവര്‍ വരച്ചുവെച്ചതിനും അപ്പുറമായിരിക്കും എന്നാണ് ഷ്വാബിന്‍റെ അഭിപ്രായം. അത് ഉത്പാദനം, വിതരണം, ഉപഭോഗം, അധികാരം, നൈതികത, സംസ്ക്കാരം, വിനോദം എന്നിങ്ങനെ ജീവിതത്തിന്‍റെ സമസ്തമേഖലകളെയും ആഴത്തില്‍ സ്വാധീനിക്കുകയും മാറ്റിതീര്‍ക്കുകയും ചെയ്യും. നവലിബറലിസത്തിന്‍റെ കടിഞ്ഞാൺ പിടിക്കുന്ന ആഗോള വരേണ്യവർഗ്ഗത്തിന്‍റെ സമ്മേളനവേദിയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം. അവിടെനിന്ന് ഉയര്‍ന്നുവരുന്ന നാലാം വ്യാവസായികവിപ്ലവത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളുടെ തിളങ്ങുന്ന നിറക്കൂട്ടുകള്‍ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. വരാനിരിക്കുന്ന നവോത്ഥാനകാലത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ച് വോള്‍ട്ടയറിനെയും റില്‍ക്കയെയും ഒക്കെ ഉദ്ധരിച്ച് ഷ്വാബ് വാചാലനാകുന്നു. എങ്കിലും ആ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയെപറ്റിയുള്ള കടുത്ത ആശങ്കകള്‍ അതിലുടനീളം നിഴല്‍ പടര്‍ത്തുന്നതായി എനിക്കനുഭവപ്പെട്ടു. മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ നിയന്ത്രണാതീതമായി തൊഴിലില്ലായ്മയും അസമത്വങ്ങളും വളര്‍ന്നുവരാനുള്ള സാധ്യതകള്‍ ഒരു വലിയ ഭീതിയായി അതില്‍ നിറഞ്ഞുനില്‍ക്കുന്നു.ഷ്വാബിന്‍റെ പുസ്തകത്തേക്കാളും കൂടുതല്‍ ശക്തമായി ഇത്തരം ആശങ്കകള്‍ മുന്നോട്ടുകൊണ്ടുവരുന്നത് വേള്‍ഡ് ഇക്കണോമിക് ഫോറം തന്നെ പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് വ്യവസായ മേഖലകളിലെ തൊഴിലുകളുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണെന്നു തോന്നുന്നു (The Future of Jobs: Employment, Skills and Workforce Strategy for the Fourth Industrial Revolution, 2016). വികസിതവും വികസ്വരവുമായ 15 രാജ്യങ്ങളിലെ 371 കമ്പനികള്‍ പങ്കെടുത്ത ഒരു സർവേയെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വരുംവര്‍ഷങ്ങളില്‍ തൊഴിലവസരങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്ന രണ്ടു ഘടകങ്ങള്‍ ജനസംഖ്യാപരവും സാമൂഹ്യവുമായ മാറ്റങ്ങളും നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ പ്രത്യാഘാതങ്ങളുമാണെന്ന്‍ അത് പറയുന്നു. 2020 ആകുമ്പോഴേക്ക് ലോകസമ്പദ് വ്യവസ്ഥയില്‍ പുതിയ 21 ലക്ഷം പുതിയ തൊഴിലുകള്‍ ഉണ്ടായേക്കാം. പക്ഷെ അതേസമയം നിലവിലുള്ള 71 ലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമത്രെ. വ്യാപകമായ യന്ത്രവല്‍ക്കരണം പല പരമ്പരാഗത വ്യവ്യവസായ മേഖലകളിലും വലിയ തൊഴില്‍നഷ്ടങ്ങള്‍ക്ക് വഴിയൊരുക്കും. അതേസമയം പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളാകട്ടെ പുതിയ കഴിവുകള്‍ ആവശ്യപ്പെടുന്നവ ആയിരിക്കുകയും ചെയ്യും. ഇന്ന്‍ ധാരാളം സ്ത്രീകളെ ജോലിക്കെടുക്കുന്ന സവിശേഷവൈദഗ്ദ്ധ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ ഇല്ലാതാകുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീ-പുരുഷസമത്വം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയുണ്ടാക്കുമെന്നും ആ റിപ്പോര്‍ട്ട് പറയുന്നു.ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നത് സംഘടിതമേഖലയിലെ തൊഴില്‍സാധ്യതകളെകുറിച്ച് മാത്രമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ലോകജനസംഖ്യയിലെ ഒരു വലിയ പങ്ക് തൊഴിലെടുക്കുന്നത് അസംഘടിതമേഖലയിലാണ്. നാലാംവ്യാവസായികവിപ്ലവം കൊണ്ടുവരുന്ന മാറ്റങ്ങളൊന്നുംതന്നെ ഈ മേഖലയിലെ തൊഴില്‍ലഭ്യതയെ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതല്ലെന്നും കൂടി കണക്കിലെടുക്കുമ്പോള്‍ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ഇരുളുകയേയുള്ളൂ.ആഗ്രഹചിന്തകള്‍ക്ക് പുറത്തുകടന്ന്‍ കാര്യങ്ങളെ അപഗ്രഥിക്കാനും മാറിയ സാഹചര്യങ്ങളെ അനുകൂലമായി മാറ്റിയെടുക്കാനുമുള്ള മുതലാളിത്തത്തിന്‍റെ അതിജീവനത്വര ഷ്വാബിനെ പോലുള്ളവരുടെ വിശകലനങ്ങളില്‍ തെളിഞ്ഞുകാണാം. അതുകൊണ്ടുതന്നെ നാലാംവ്യാവസായികവിപ്ലവത്തിന്‍റെ സാധ്യതകളെ പരമാവധി എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിലും അതിന്‍റെ പ്രത്യാഘാതങ്ങളെ മറികടക്കാന്‍ കമ്പോളത്തിന്‍റെയും ബിസിനസ്സിന്‍റെയും നേതൃത്വം എന്തൊക്കെ ചെയ്യണമെന്നതിലുമാണ് ഇത്തരം ചര്‍ച്ചകളുടെ ഊന്നല്‍. വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങളും തൊഴിലില്ലായ്മയുമൊക്കെ ഇവരുടെ ചര്‍ച്ചാവിഷയങ്ങളാകുന്നത് അവ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നതുകൊണ്ടല്ല; മറിച്ച് ഈ പ്രശ്നങ്ങള്‍ സ്റ്റാറ്റസ്ക്വയെ വെല്ലുവിളിച്ചേക്കുമെന്നതുകൊണ്ടാണ്. മാത്രമല്ല, സമൂഹം നേരിടുന്ന പ്രശ്നങ്ങളല്ല കൂടുതല്‍ കാര്യക്ഷമത കൂടുതല്‍ ലാഭം എന്ന മുതലാളിത്ത യുക്തിയാണ് നാലാം വ്യാവസായിക വിപ്ലവത്തിനിടയാക്കുന്ന കണ്ടുപിടുത്തങ്ങളുടെ ചാലകശക്തിയെന്നതും മറന്നുകൂടാ. ഷ്വാബിന്‍റെ പുസ്തകം വായിക്കുമ്പോള്‍ ഇക്കാര്യം തെളിഞ്ഞുകാണാം. ഉദാഹരണത്തിന് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാവ്യതിയാനത്തിന്‍റെ കാര്യമെടുക്കുക. നാലാം വ്യാവസായിക വിപ്ലവത്തിനിടയാക്കുന്നതായി ഷ്വാബ് ചൂണ്ടികാട്ടുന്ന പ്രമേയങ്ങളില്‍ ഈ പ്രതിസന്ധി ഇടം കാണുന്നില്ല. അതേസമയം നേരത്തെ സൂചിപ്പിച്ച വേള്‍ഡ് ഇക്കണോമിക് ഫോറം വിവിധ മേഖലകളിലെ തൊഴിലുകളുടെ ഭാവിയെക്കുറിച്ച് നടത്തിയ സര്‍വേയില്‍ പങ്കാളിയായവര്‍ കാലാവസ്ഥാവ്യതിയാനം തൊഴിലുകളെ എങ്ങിനെ ബാധിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നുണ്ട്. വ്യാപകമായ തൊഴില്‍ രാഹിത്യവും അസമത്വവും നിറഞ്ഞ ഇരുണ്ട ഒരു കാലമാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കായി നാലാം വ്യാവസായിക വിപ്ലവം ഒരുക്കിയിരിക്കുന്നത് എന്നാണ് വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം. നമ്മള്‍ പൊതുവേ വലതുപക്ഷത്ത് നിലയുറപ്പിച്ചവരെന്നു കരുതുന്ന സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നുംപോലും നവലിബറലിസം എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയല്ലെന്നുള്ള വിമര്‍ശനം ഉയരുന്നുവെന്നത് മുതലാളിത്തം അത് നേരിടുന്ന വെല്ലുവിളികളില്‍നിന്ന്‍ കരകേറാനായി പുതിയ ഊന്നുവടികള്‍ തേടാന്‍ തുടങ്ങുമെന്നതിന്‍റെ ഒരു സൂചനയായി കണക്കാക്കാമെന്നു തോന്നുന്നു. ഐ. എം. എഫ്. പ്രസിദ്ധീകരണമായ ഫിനാന്‍സ് ആന്‍ഡ് ഡിവലപ്മെന്റിന്‍റെ കഴിഞ്ഞ ജൂണ്‍ ലക്കത്തില്‍ വന്ന “കൂടുതലായി വിറ്റഴിക്കപ്പെട്ട നവലിബറലിസം” (Neoliberalism oversold) എന്ന പഠനം ഇതിനൊരു ഉദാഹരണമാണ്. തുടര്‍ച്ചയായ സാമ്പത്തികവളര്‍ച്ച ഉണ്ടാക്കുകയല്ല, പകരം അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതും നീണ്ടു നില്‍ക്കുന്ന വികസനത്തിന് തടസ്സമാകുന്നതുമായ നയങ്ങള്‍ നടപ്പിലാക്കുകയായിരുന്നു പലപ്പോഴും നവ ലിബറലിസം ചെയ്തുവന്നിട്ടുള്ളതെന്ന്‍ ആ പഠനം പറയുന്നു. പ്രത്യേകിച്ചും മൂലധനത്തെ ഒരിടത്തുനിന്ന്‍ മറ്റൊരിടത്തേക്ക് രാജ്യാതിര്‍ത്തികളുടെ തടസങ്ങളില്ലാതെ നീക്കുന്നതിനും, ചിലവുകള്‍ എന്തു വിലകൊടുത്തും കുറച്ചുകൊണ്ടുവന്ന്‍ ധനകാര്യകമ്മി കുറയ്ക്കുന്നത്തിനും സര്‍ക്കാരുകളെ നിര്‍ബന്ധിക്കുന്ന നവലിബറല്‍ നയങ്ങള്‍.ഇതിനു സമാനമായ അഭിപ്രായപ്രകടനം ഈയടുത്ത് ഓക്സ്ഫാമിന്‍റെ നേതാക്കളിലൊരാളായ മാക്സ് ലോസണ്‍ എഴുതിയ ഒരു ലേഖനത്തിലും കാണാം:“ആഗോളവല്‍ക്കരണം വൻതോതിലുള്ള പുരോഗതിയും കടുത്ത ദാരിദ്ര്യത്തിന്‍റെ നിർമ്മാർജനവും സാധ്യമാക്കിയിട്ടുണ്ട് എന്നതില്‍ ഓക്സ്ഫാമിന് സംശയമൊന്നുമില്ല. പക്ഷെ അതു സാധ്യമായത് ദ്രുതഗതിയില്‍ വളര്‍ന്നുവരുന്ന അസമത്വമെന്ന വലിയ വിലകൊടുത്തുകൊണ്ടാണ്. നവലിബറൽ സാമ്പത്തികവ്യവസ്ഥ തീരെ കാര്യക്ഷമമല്ലാത്തതും നിലനിര്‍ത്താനാകാത്തതും ആയിരിക്കുന്നു”. ആഗോളവല്‍ക്കരണത്തിന്‍റെ കറുത്തവശങ്ങളെ നേരിടാന്‍ മനുഷ്യമുഖമുള്ള ഒരു സാമ്പത്തികവ്യവസ്ഥ ഉണ്ടാക്കിയെടുത്തെ തീരൂ എന്ന്‍ എഴുതികൊണ്ടാണ് അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇങ്ങനെ സര്‍ക്കാരിന്‍റെയും സന്നദ്ധ സംഘടനകളുടെയും ഊന്നുവടി മാത്രമുപയോഗിച്ച് അതിജീവിക്കാനൊക്കുന്ന പ്രതിസന്ധികള്‍ മാത്രമാണോ നാലാം വ്യാവസായിക വിപ്ലവം ഒരുക്കിവെച്ചിരിക്കുന്നത്? ഷ്വാബ് പറയുന്നതരത്തില്‍ ജീവിതത്തിന്‍റെ സമസ്തമേഖലകളിലും പിടിമുറുക്കുന്ന ഒന്നായിരിക്കും നാലാം വ്യാവസായിക വിപ്ലവമെങ്കില്‍, മുതലാളിത്തത്തിന്‍റെ മുന്നോട്ടുപോക്കിന് ചെറിയ ഊന്നുവടികളൊന്നും മതിയായെന്നുവരില്ല.
തൊഴിലിടങ്ങളില്‍ നിന്ന്‍ നിഷ്ക്കാസനം ചെയ്യപ്പെടുന്ന മനുഷ്യര്‍ ആത്യന്തികമായി ജനാധിപത്യ പ്രക്രിയയില്‍നിന്നും അധികാരശ്രേണികളില്‍നിന്നും പുറത്താക്കപ്പെടും. ഇതിന്‍റെകൂടെ സര്‍വവ്യാപിയായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നിയന്ത്രണവും മേല്‍നോട്ടവും കൂടിയാകുമ്പോള്‍ വ്യക്തിയുടെ നിസ്സഹായത പൂര്‍ണ്ണമാകും. ഇത്തരമൊരു അവസ്ഥ ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയും അസംതൃപ്തികളും ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെ മുതലാളിത്തം എങ്ങിനെയായിരിക്കും അതിജീവിക്കുക? അതുപോലെതന്നെ പ്രസക്തമാണ് ഉത്പാദനപ്രക്രിയയില്‍നിന്ന്‍ ബഹുഭൂരിപക്ഷവും ബഹിഷ്കൃതരാകുന്ന അവസ്ഥ മൂലധനശക്തികള്‍ക്കെതിരായ ജനപക്ഷബദലുകള്‍ക്കായുള്ള അന്വേഷണങ്ങളെയും സമരങ്ങളെയും എത്രമാത്രം ക്ഷയിപ്പിച്ചേക്കുമെന്ന ചോദ്യവും. സര്‍ക്കാരുകളുടെ നയരൂപീകരണങ്ങളില്‍ അര്‍ത്ഥവത്തായ ഇടപെടലുകള്‍ നടത്താനൊക്കാത്ത നിസ്സഹായരുടെ രാഷ്ട്രീയത്തില്‍ അനിവാര്യമായും വന്നുചേരുന്ന അരാജകത്വം മെരുക്കാന്‍ അത്ര എളുപ്പമുള്ളതായിരിക്കില്ല. പാരിസ്ഥിതികപ്രതിസന്ധികള്‍ അടക്കമുള്ള മറ്റു സ്വയംകൃതാനര്‍ത്ഥങ്ങള്‍ ഉയര്‍ത്താന്‍പോകുന്ന വെല്ലുവിളികള്‍ വേറെയും.
ഉത്പാദനരീതികളിലുള്ള വിപ്ലവാത്മകമായ കുതിച്ചുചാട്ടങ്ങള്‍ എപ്പോഴും ഉദ്പാദനശക്തികളുടെ പുനര്‍വിന്യാസത്തിനും നിലനില്‍ക്കുന്ന ഉത്പാദനബന്ധങ്ങളുടെ പൊളിച്ചടുക്കലിനും കാരണമായിട്ടുണ്ടെന്നത് ചരിതത്തിന്‍റെ വലിയ പാഠങ്ങളിലൊന്നാണ്; ഇത്തരം ഓരോ പൊളിച്ചടുക്കലുകളും പുതിയ അധീശവര്‍ഗ്ഗങ്ങളുടെ, അധികാരരൂപങ്ങളുടെ, രാഷ്ട്രീയങ്ങളുടെ തുടക്കമാണെന്നതും. ഭാവിയിലെ പതാകകളുടെ നിറങ്ങളെന്തൊക്കെയായിരിക്കും? കാത്തിരുന്നു കാണാം..
Be the first to write a comment.