[button color=”” size=”” type=”square” target=”” link=””]തന്റെ പുതിയ നോവലായ ആസിഡ് എഴുത്തനുഭവത്തെക്കുറിച്ച് സംഗീത ശ്രീനിവാസൻ [/button] ലഹരിയുടെ ഉന്മാദങ്ങളെക്കുറിച്ചും അത് ബാക്കി നിർത്തി പോകുന്ന വല്ലായ്മകളെക്കുറിച്ചും ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഹരത്തിൽ കൂടുന്ന രാത്രികളുടെ പിറ്റേന്നത്തെ കനത്ത തലവേദന, പാഴായിപ്പോകുന്ന സമയം, വെറുതേ കൂടുന്ന, പെരുകുന്ന വ്യഥകൾ.

ലഹരിയിൽ ആണ്ടുപോകുന്ന ഒരുവൻ/ഒരുവൾ ഇല്ലായ്മ ചെയ്യുന്നത് അവനവന്റെ/അവളവളുടെ ആളോഹരി ആനന്ദളും തിരിച്ചറിവുകളുമാണ്. ഒരു കുഞ്ഞിന്റെ കള്ളക്കരച്ചിൽ, കട്ടും മോട്ടിച്ചും നുണയുന്ന ചുംബനം, നല്ലൊരു കാറ്റ്, രാത്രിയിലെ ഗന്ധരാജൻ.. ഇതൊക്കെ മനസ്സിന്റെ ആഹ്‌ളാദങ്ങളാണ്. കണ്ണുകൾ തിളങ്ങുന്ന നിമിഷങ്ങൾ. സന്തോഷം ജനിപ്പിക്കുക എന്നത് വിസ്മയകരമായ ഒരു രാസപ്രക്രിയ മാത്രം.  എന്നാൽ, തീർത്തും സ്വാഭാവികമായി നടക്കേണ്ട തലച്ചോറിന്റെ ഈ രാസപ്രക്രിയയിലേയ്ക്ക് ക്രിത്രിമോന്മാദ രസതന്ത്രങ്ങൾ ഭൂപടങ്ങൾ തീർക്കുകയും മിസ്സൈലുകൾ കടത്തിവിടുകയും ചെയ്യുമ്പോഴാണ് വിസ്‌ഫോടനാത്മകങ്ങളായുള്ള ആഹ്‌ളാദ ഇടപെടലുകൾ സാധ്യമാവുന്നത്. സ്‌ഫോടനത്തിന്റെ വെള്ളിവെളിച്ചം നിമിഷങ്ങളോളം നിന്നേയ്ക്കാം. എന്നാൽ അത് അവശേഷിപ്പിക്കുന്നത് പാതി വെന്ത മണ്ണും മനസ്സുമാണ്.

അങ്ങനെയായിരിക്കണം അമ്മ മരിച്ചതറിഞ്ഞിട്ടും ഇരുന്നിടത്തുനിന്നും ഇളകാനാവാതെ പാതി വെന്ത്, പാതി നീറി കമല ഇരുന്നു പോയത്. വലിയൊരു പരാജയത്തിൽ നിന്നാണ് ഈ നോവൽ തുടങ്ങുന്നത്. അമ്മ മരിച്ചാൽ കരയണ്ടേ എന്ന് പകപ്പോടെ കുട്ടികൾ ചോദിക്കുന്നിടത്തു നിന്നും അവരുടെ അമ്മയുടെ മരണത്തിലേക്കെത്തുന്നിടം വരെ പരാജയം തീർത്ത വലകളിൽ കുരുങ്ങിയാണ് കഥാപാത്രങ്ങൾ നീങ്ങുന്നത്.

ആസിഡ് എഴുതുമ്പോൾ അധികവും മനുഷ്യരുടെ പരിമിതികളെക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. എന്റെ തന്നെ പരിമിതികൾ. ചിന്തകളിലും പ്രവൃത്തികളിലും എനിയ്ക്ക് നേടാനാവാതിരുന്ന ഇടങ്ങൾ, ആഗ്രഹങ്ങൾ. ഇതിലെ പ്രധാനകഥാപാത്രവും മനോവ്യാപാരങ്ങളിലൂടെ തന്നെയാണ് നീങ്ങുന്നത്. ഓരോ മനുഷ്യരും സ്വന്തം ആഹ്‌ളാദങ്ങൾ തേടിയാണലയുന്നത്. പലരും പല വിധത്തിലാണതു കണ്ടെത്തുന്നതെന്നു മാത്രം. ഇവിടെ കമല അവളുടെ മനസ്സിന്റേയും ശരീരത്തിന്റേയും ഉന്മാദങ്ങളിൽ പെട്ട്, അതിലുഴറിക്കൊണ്ടു തന്നെ പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും ഒരനന്തസാധ്യതയാണ് തേടിക്കൊണ്ടിരിക്കുന്നത്. സകലതിലും കുരുങ്ങിക്കിടക്കുന്ന മനുഷ്യന് യഥാർത്ഥത്തിലുള്ള പ്രണയവും സ്‌നേഹവും തിരിച്ചറിവും സാധ്യമാവാതെ പോകുന്നു. എവിടേയും, നിമിഷനേരത്തേയ്ക്കു പോലും ചുമടെറക്കി വയ്ക്കാൻ അവർ കൂട്ടാക്കുന്നില്ല. വലിയൊരു ഭാരവും ചുമന്ന് നിൽക്കുന്ന തീവണ്ടിയാത്രക്കാരനോട് നിസ്സാരമായി രമണ മഹർഷി ചോദിക്കുന്നുണ്ട്. ഇനി അത് ഇറക്കി വച്ചുകൂടെ എന്ന്. നമ്മൾ ഒന്നും തന്നെ പ്രകൃതിയ്ക്ക് വിട്ട് കൊടുക്കുന്നില്ല. നമ്മുടെ ഭാരങ്ങളും, നേട്ടങ്ങളും ഒന്നും. എല്ലാം അടക്കിപ്പിടിക്കുന്നിടത്തോളം കാലം ശാന്തി അറിയാതെ തീരേണ്ടി വരുന്ന ജീവിതങ്ങളായി മനുഷ്യൻ അവശേഷിക്കുന്നു.

സാഹചര്യങ്ങളെന്തു തന്നെ ആയിക്കൊള്ളട്ടെ, വയ്യാത്ത മക്കൾ, വന്നും പോയുമിരിക്കുന്ന പ്രണയിനി, ഭർതൃവേഷം കെട്ടി രംഗപ്രവേശനം ചെയ്യുന്ന സഹോദരൻ- ഇതിനൊക്കെ അപ്പുറത്ത് ഒരു യൂണിവേഴ്‌സൽ മൈൻഡുണ്ട്. ആ പ്രകൃതിയിലേയ്ക്കാണ് കമലയുടെ ചിന്തകൾ മുറിഞ്ഞും തേഞ്ഞും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ, നല്ല ദാമ്പത്യം, നല്ല മക്കൾ, സ്‌നേഹിത ഇതൊക്കെയായിരുന്നുവെങ്കിലും കമലക്ക് അന്വേഷണങ്ങളിൽ കുരുങ്ങാത്ത ഒരു മുന്നോട്ട് പോക്ക് ഉണ്ടാവാൻ തരമില്ല. തന്റെ ശാരീരിക അന്വേഷണങ്ങളിലും മാനസീകാന്വേഷണങ്ങളിലും ഒരു പോലെ പരാജയപ്പെടുന്നുണ്ട് കമല. മരണം ഇവിടെ ഒരിക്കലും ഒരു നെഗറ്റീവ് ഘടകമായിട്ടല്ല കടന്നു വരുന്നത്. മറിച്ച് മരണം ഒരു പ്രത്യാശയാണ്. ഇനി അതേ സാധ്യമാവൂ എന്ന ഒരു തീർപ്പിലാണ് കഥ അവസാനിക്കുന്നത്. ജീവൻ ഭൂമിയിൽ വരുന്നത് തന്നെ ചൈതന്യത്തെ തിരിച്ചറിയാനുള്ള സാധ്യതയോടെയാണ്. സ്ഥൂലവും സൂക്ഷ്മവുമായ ജീവൻ വെടിഞ്ഞ് ചൈതന്യത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്കാണ് മരണം. അത് പരിമിതികളോടു കൂടെയുള്ള പ്രതീക്ഷയാണ്. ഇതാണ് കമലയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. പരിമിതികളിലൂന്നി നിൽക്കുന്നത് കൊണ്ടു തന്നെയാണ് അതെഴുതി ഫലിപ്പിക്കാൻ അല്ലെങ്കിൽ പ്രകടിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നത്.

ആസിഡ് എഴുതുമ്പോൾ ഒരു ലെസ്ബിയൻ പ്രണയകഥ എന്ന ആശയം എന്റെ മനസ്സിലില്ലായിരുന്നു. ഇപ്പോഴും ഇല്ല. ഏത് തരം ബന്ധങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ഒരു മാനസികാവസ്ഥയാണ് ഞാൻ അന്വേഷിച്ചത്. സ്ത്രീ സ്ത്രീ പ്രണയങ്ങളും സ്ത്രീ പുരുഷ പ്രണയങ്ങളും പുരുഷ പുരുഷ പ്രണയങ്ങളും എല്ലാം പ്രണയങ്ങൾ തന്നെ. പ്രണയം സുന്ദരമായ ഒരു പദമാണ്. ഭൂമിയുടെ ഭാഷ സ്‌നേഹമായിത്തീരട്ടെ എന്ന പ്രാർത്ഥനയാണ് എനിയ്ക്കുള്ളത്.

Comments

comments