കേരളാ ബുഫെ (വറുത്തരച്ച ചരിത്രത്തോടൊപ്പം): ഭാഗം -5 കേരളത്തിന്റെ തനത് പാചകശൈലി സഹ്യനിപ്പുറത്തെ കാലാവസ്ഥാവ്യതിയാനങ്ങളെ മാത്രം ആശ്രയിച്ചുപോന്നിരുന്ന ഒരു കാലത്ത് പൂർണമായും സീസണൽ എന്നു പറയാവുന്ന അനേകം  വിഭവങ്ങളിൽ മുഖ്യമായിരുന്നു പഴുത്താങ്ങക്കൂട്ടാൻ എന്ന് ഗ്രാമ്യത്തിലുംsno-1 മാമ്പഴപ്പുളിശ്ശേരി എന്ന് മണിപ്രവാളത്തിലും വിവക്ഷിക്കുന്ന പഴുത്ത നാടൻമാങ്ങയുടെ  അടുക്കളാവിഷ്കാരം. മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ നൊസ്റ്റാൾജിക്ക് ഓർമ്മകളോടിക്കളികൾക്കിടയിലോ മലർമഞ്ചൽക്കിടത്തങ്ങൾക്കിടയിലോ പെറുക്കിക്കൂട്ടുന്ന മാമ്പഴങ്ങൾ തോലുരിഞ്ഞ് മഞ്ഞൾപ്പൊടി, പാകത്തിനുപ്പ്, മുളകുപൊടി ( ചുവന്ന ഇടതുമുളകുപക്ഷത്തോട് അലർജിയുള്ളവർക്ക് പച്ചമുളകിന്റെ ഹരിതരാഷ്ട്രീയം അരപ്പിൽ ചേർത്തും കൂട്ടാവുന്നതാണ് )എന്നിവ ചേർത്ത് വേവിച്ചതിലേക്ക് നാളികേരം ജീരകം കൂട്ടിയരച്ചൊഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളക് (വിരോധാച്ചാൽ വേണ്ട)ഉലുവ, കറിവേപ്പില എന്നിവ വഴറ്റി വറുത്തിട്ടാൽ മാമ്പഴപ്പുളിശ്ശേരിയുടെ ലളിതപാചകം തീർന്നു. പുളി കൂടിയാൽ രണ്ടച്ച് ശർക്കരയും പുളി പോരെങ്കിൽ സ്വല്പം തൈരും മനോധർമ്മത്തിനനുസരിച്ച്. ഇതൊന്നുമല്ലാതെ    അടുക്കളച്ചൂട് ഒട്ടുമേൽക്കാതെ ജീവൻ പോകാത്ത ഒരു പഴുത്ത മാങ്ങയെ ഞെക്കിപ്പിഴിഞ്ഞ് ചോറിൽ കൂട്ടുന്ന പ്രാകൃതനമ്പൂതിരിസ്റ്റ് രീതിയുമുണ്ട്. അതിനാവട്ടെ പതിനായിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്.sno-2

കിഴക്കനാഫ്രിക്കയിൽ നിന്ന് മനുഷ്യരാവുക എന്ന ഉദ്ദേശത്തോടുകൂടി കൂനിക്കൂടി നടന്ന് വടക്കൻ ഗ്ലേസിയർ വഴി അമേരിക്കയിലെത്താൻ പുറപ്പെട്ട ആസ്ത്രലോ പിത്തേക്കസുകളുടെ ഒരു ചെറുസംഘം വഴിതെറ്റി കിഴക്കോട്ടുപോയി ഹിമാലയത്തിൽ നിന്നുംsno-3 പൂണൂൽവള്ളികൾ കഴുത്തിൽച്ചുറ്റി വഴുക്കിവീണ് ഭാരതഖണ്ഡത്തിലേക്ക് ഉരസിയെത്തി ചരിത്രത്തിൽ കുഴഞ്ഞുമറിഞ്ഞതിന്റെ തുടർച്ചകളാണ് കേരളത്തിലെ നമ്പൂതിരിമാർ എന്ന ഒരു വാദം നിലവിലുണ്ട് (കറുത്തേടം എന്ന മട്ടിലൊക്കെയുള്ള ഇല്ലപ്പേരുകൾ തന്നെ ഇതിന് തെളിവായി പരാമർശിക്കപ്പെടാവുന്നതാണ് ). കേരളത്തിലെ നമ്പൂതിരിമാർ പ്രത്യേകിച്ച് അപ്ഫൻ നമ്പൂതിരിമാർ മനുഷ്യരായിരുന്നില്ല എന്ന് വി.ടി.ഭട്ടതിരിപ്പാട്  തന്നെ പ്രസ്താവിച്ചിട്ടുള്ളത് ഓർക്കുന്നുണ്ടാവുമല്ലോ. അവർ ആസ്ത്രലോ പിത്തേക്കസുകളുടെ ശരീരഭാഷയെ അനുകരിച്ചുകൊണ്ട് ഓട്ടുകിണ്ടികളും ഗ്ലാസുപാനീസുകളുമായി കുനിഞ്ഞുനടന്ന് അമ്പലങ്ങളിലും സംബന്ധവീടുകളിലും ഊഴ് ന്നു കയറി ജീവിച്ചു. പിന്നീട് വി.ടി, ഇ.എം.എസ്, എം.ആർ.ബി, ഐ.സി.പി, ഐ.എസ് തുടങ്ങി രണ്ടുമൂന്നക്ഷരം ഇംഗ്ലീഷിൽ എണ്ണാവുന്ന കുറച്ചു നമ്പൂതിരിമാർ വളരെ കഷ്ടപ്പെട്ടാണ് ഇവരിൽ വലിയൊരു വിഭാഗത്തെ മനുഷ്യന്മാരും പിന്നീട് കമ്യൂണിസ്റ്റുകാരുമാക്കിയത്.

( ഈസ്റ്റാഫ്രിക്കയിൽ നിന്ന് പോന്നു, അമേരിക്കയിലൊട്ടെത്തിയതുമില്ല എന്ന പുരാതനസമസ്യയുടെ മലയാളീകരിച്ച പ്രയോഗമായ ഇല്ലത്തുനിന്ന് പുറപ്പെട്ടു അമ്മാത്തൊട്ടെത്തിയതുമില്ല എന്ന അവസ്ഥയിലായിരുന്നു കമ്യൂണിസ്റ്റുകാരായിത്തീർന്ന ഈ നമ്പൂതിരിമാർ. അവരിൽ ഭൂരിഭാഗവും കുടുമ മുറിച്ച് ക്രോപ്പാക്കുകയും കോൺഗ്രസ്സിനു ഖാദിനൂല്പുപോലെ പുരോഗമനപ്രസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത ടീച്ചേഴ്സ് ട്രെയിനിങ് കഴിക്കുകയും മാഷമ്മാരാവുകയും ചെയ്തു. വിപ്ലവം കെ.പി.എ.സി പൈങ്കിളിയായി പാടിനടന്നിരുന്ന കാലത്ത് കുട്ടികൾക്ക് ലെനിൻ, സ്റ്റാലിൻ, നടാഷ, സാഷ, സോയ എന്നൊക്കെ ഇവർ പേരുകളുമിട്ടു. എമ്പ്ലോയ്മെന്റ് ന്യൂസ് എന്ന തൊഴിൽവാരികയൊക്കെ പ്രചാരത്തിലായിവന്ന തൊഴിൽരഹിതകാലത്ത് ഇമ്മാതിരി സോവിയറ്റ് സോഷ്യലിസ്റ്റ് പേരുകളുമായി ടീച്ചർ ട്രെയിനിങ്ങ് കഴിച്ച യുവതലമുറയാകട്ടെ “ഹ! എന്താ ഹേ ലെനിൻ നമ്പൂരീ..വിപ്ലവൊന്നും തരായില്യാല്ലേ..!?” എന്ന മട്ടിൽ ചില സ്കൂൾ മാനേജർമാരുടെ പരിഹാസത്തിന് വിധേയരാവുകയും ചെയ്തു. )

കമ്യൂണിസ്റ്റുകാരായിത്തീർന്നപ്പോഴും ആദിമമായ പലായനങ്ങളുടെ ഗോത്രസ്മൃതികളും വഴിയറിവുകളും ആന്ത്രപ്പോളജിക്കൽ അടയാളങ്ങളായി പിൽക്കാലനമ്പൂതിരിമാരിലും ബാക്കിയുണ്ട് എന്നു തന്നെ വേണം കരുതാൻ. പഴുത്തമാങ്ങ പിഴിഞ്ഞുകൂട്ടുന്ന രീതിയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാതി നിവർന്നെത്തിയ ഏതോ ഒറാങ്ങുഠാൻ അപ്ഫൻ നമ്പൂതിരി നടത്തിയ യാദൃച്ഛികമായ കണ്ടുപിടിത്തമായിരുന്നു. ( ഗവേഷകരായ നമ്പൂതിരിമാരുടെ പാരമ്പര്യത്തിലാണ് പിന്നീട് വി.ടി പരാമർശിച്ച ആകാശ അയലൊക്കെ കൗപീനമുണക്കാൻ കണ്ടുപിടിക്കപ്പെടുന്നത് ) ഈ നമ്പൂതിരിവരവിനിടയിൽ നിന്ന് ഡെക്കാൻ പീഠഭൂമിയുടെ പരിസരത്തുവെച്ച് ഉരുണ്ടുപോയ ഒരു മാമ്പഴമാണ് പിന്നീട് കൃസ്തുമതം സ്വീകരിച്ച് അൽഫോൺസോ ആയത് എന്നും പറയപ്പെടുന്നു.

മറ്റ് മധുരഫലങ്ങൾക്കില്ലാത്ത വിധം മനുഷ്യന്റെ ജനിതകരുചിയാഭിമുഖ്യങ്ങളിൽ മാമ്പഴത്തിന് സ്വാധീനമുണ്ടോ എന്നത് നേരിട്ട് പഠനവിധേയമാക്കപ്പെട്ടിട്ടില്ല. മാങ്ങയെ മാങ്ങയായിത്തന്നെ തിന്നുക എന്ന പ്രക്രിയക്കു പിന്നിലെ മന:ശാസ്ത്രപരമായ ചോദനകളെക്കുറിച്ചുള്ള അന്വേഷണങ്ങളും നടക്കേണ്ടിയിരിക്കുന്നു. ഗൃഹാതുരതയോടു ചേർത്ത് മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മധുരഫലം sno-4മാങ്ങയാണ്. കിണർവെള്ളത്തോട് ചേർത്ത് ചവർത്തുമധുരിക്കുന്ന നെല്ലിക്കയൊക്കെ അതിനു ശേഷമേ വരുന്നുള്ളൂ. മാമ്പഴപ്പുളിശ്ശേരി കഴിച്ച് ഇരിക്കുന്ന ഒരു കുടുംബത്തെ നിരീക്ഷിക്കുക. ഉണ്ടുകഴിഞ്ഞാലും തുടർസംസാരങ്ങൾക്കൊപ്പം ഇടക്കിടെയെടുത്ത് ഉറുഞ്ചിക്കുടിക്കാൻ പ്രലോഭിപ്പിക്കുന്ന എന്തോ ഒന്ന് ബാക്കിയായ ആ മാങ്ങയണ്ടിയിലുണ്ട് ( പിന്നീട് പരാമർശിക്കപ്പെടുന്ന എം.എൻ.വിജയൻ മാഷുടെ മാമ്പഴനിരൂപണം മുഴുവനും ഈ വസ്തുതയുമായി ചേർത്തുവായിച്ചുകൊണ്ട് വായനക്കാർ ആവശ്യമായ വിജ്ഞാനം ആർജ്ജിക്കേണ്ടതാണ് ) യൂറോപ്യൻ സമൂഹങ്ങളുടെ പ്രാകൃതശീലങ്ങളുടെ തുടർച്ചയായി വന്ന ഒരു കാർണിവോറസ് രീതിയായ ച്യൂയിങ് ഗം ചവക്കലിന് തുല്യമായ ഒരു വെജിറ്റേറിയൻ സ്വത്വത്തിന്റെ അയവിറക്കൽ സുഖം മാങ്ങയണ്ടി ഉറുഞ്ചുന്നതിലൂടെ തീർച്ചയായും ലഭ്യമാവുന്നുണ്ട്. മാമ്പഴപ്പുളിശ്ശേരിയിൽ വെറും വെണ്മണിത്വം ആരോപിക്കുന്നവർ മാമ്പഴത്തിന്റെ രാഷ്ട്രീയം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു തന്നെ പറയാം.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നതിന്റെ സമീപവർഷത്തിലാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ എന്ന യുവാവ് മാമ്പഴം എന്ന കവിതയെഴുതുന്നത്. കേരളത്തിൽ, പ്രത്യേകിച്ചും പ്രകടമായ നമ്പൂതിരിസ്റ്റ് സ്വാധീനമുള്ള മലബാർ പ്രദേശങ്ങളിൽ “അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്ന” ആ ചുടുകണ്ണീർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമാന്തരമായ ഒരു കണ്ണീരടയാളം സൃഷ്ടിച്ചിരുന്നു. പദ്യപാരായണം എന്നാൽ മാമ്പഴം ചൊല്ലലും സാഹിത്യചർച്ച എന്നാൽ മാമ്പഴം തിന്നലും ആയ അത്ര ചെറുതല്ലാത്ത ഒരു സമൂഹം കേരളത്തിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നതിന്റെ സമീപവർഷത്തിലാണ് മാമ്പഴത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു നിരൂപണം എം.എൻ.വിജയൻ എന്ന അക്കാലത്തെ മറ്റൊരു യുവാവ് നടത്തുന്നത് എന്നതും യാദൃച്ഛികമാവാൻ വഴിയില്ല. ഏതാണ്ട് ഇരുപതു വർഷത്തോളം പിന്നിട്ടുകഴിഞ്ഞ മാമ്പഴ അന്തർധാര സ്വല്പം ദുർബലപ്പെട്ടുവോ എന്ന് ശങ്കിച്ചുതുടങ്ങിയ സമയത്താണ് മാർക്സിനേയും ഫ്രോയ്ഡിനേയും അരച്ചുചേർത്ത പാചകരീതിയിൽ വിജയൻ മാഷ് പുതിയൊരു മാമ്പഴപ്പുളിശ്ശേരി വെക്കുന്നത്. കേരളത്തിലെ സാംസ്കാരികവേദികളുടെ ദേഹണ്ഡപ്പുരകളിൽ വിജയൻമാഷുടെ മാമ്പഴപ്പുളിശ്ശേരിയുടെ ഗന്ധം നൽകിയ പുത്തനുണർവ് വളരെക്കാലം നീണ്ടുനിന്നു. നമ്പൂതിരിപ്പാട് എന്ന വാൽ മുറിച്ചുകളയാതിരിക്കാനുള്ള ധിഷണാപൂർവമായ അടവുനയം സ്വീകരിച്ച ഇ.എം.എസിന് ആദിമനമ്പൂതിരിമാരിൽ നിന്നുതന്നെ തലമുറകളിലൂടെ പകർന്നുകിട്ടിയ മാമ്പഴാവബോധമുണ്ടായിരുന്നു. മലയാളികളുടെ ജൈവമായ രാഷ്ട്രീയാവബോധത്തിന്റെ അബോധത്തിൽ ആദിമമായ ഒരു മാമ്പഴക്കാലം എപ്പോഴുമുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവണം.  ഇ.എം.എസിന്റെ നിര്യാണത്തെത്തുടർന്ന് ഇടതുപക്ഷവൈജ്ഞാനികരംഗത്ത് രൂപപ്പെട്ട ശൂന്യതയെ നികത്താൻ കുറച്ചുകാലമെങ്കിലും മുഖ്യധാരാരാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നിൽക്കണ്ടത് വിജയൻ മാഷെയായിരുന്നു എന്നുമോർക്കുക.

കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ ഇടതുപക്ഷമുഖ്യധാരയിൽ വിജയൻ മാഷുടെ സാന്നിദ്ധ്യം ഇല്ലാതായതിനു ശേഷം മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ബഹുജന പ്രസരണപ്രസ്ഥാനമായ ചാനൽ കാവ്യാവതരണപരിപാടിക്ക് മാമ്പഴം sno-5എന്ന് പേരിട്ടതും മലയാളി മന:ശാസ്ത്രത്തിന്റെ ഫ്രോയ്ഡിയൻ കിണറുകളിൽ പൊഴിഞ്ഞുവീണ് മധുരിച്ചു ചേർന്ന മാമ്പഴങ്ങളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് മലയാളിമദ്ധ്യവർഗ്ഗത്തെ അതിവിദഗ്ധമായി തങ്ങളുടെ രാഷ്ട്രീയത്തോട് ചേർത്തുപിടിച്ച് കൊണ്ടുപോകാനുള്ള ഒരു അടവുനയമാണെന്നതിൽ അശേഷം സംശയമില്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ട കാലം മുതൽക്കുള്ള ഈ മാമ്പഴത്തുടർച്ച ഇനിയുള്ള കാലങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പൂക്കുന്നതിന്ന് എത്ര തവണ പുളിയറിഞ്ഞിട്ടും മതിയാവാത്ത കേരളജനതയെ പ്രലോഭിപ്പിച്ചുകൊണ്ട് ജനിതകരസനയിൽ അലിഞ്ഞുചേർന്നിട്ടുള്ള ആ ഫ്രോയ്ഡിയൻ മാങ്ങയണ്ടിയീമ്പൽ സുഖം നിലനിന്നുപോവും എന്നുതന്നെ പ്രത്യാശിക്കാം.

(അടിക്കുറിപ്പ് അഥവാ അടി കിട്ടാതിരിക്കാനുള്ള കുറിപ്പ് : അവനവനെ നോക്കി ചിരിക്കാൻ കഴിവുള്ളവരേ നല്ല നമ്പൂതിരിയും നല്ല കമ്യൂണിസ്റ്റും ആവൂ എന്ന ഒരു അന്ധവിശ്വാസം ബാല്യകാലം മുതൽ പുലർത്തിപ്പോരുന്ന ഒരാളാണ് ഈ ലേഖകൻ എന്നും ആ ഒരു വിശ്വാസത്തിലും ബലത്തിലും ധൈര്യത്തിലുമാണ് ഇവ്വിധമൊക്കെ എഴുതിയത് എന്നും വിനീതമായി അറിയിച്ചുകൊള്ളട്ടെ.)

Comments

comments