മരങ്ങളില്ലാത്ത കാട്ടിൽ

ഞാനകപ്പെട്ടു

എങ്കിലുമകലെ

ഒരു കുയിൽ പാടുന്നത് കേട്ടു

*

പുലരിയിൽ

കാവൽ മാലാഖ

എന്നെ പുണരുന്നതിന്റെ ശബ്ദം

ഒരു ദിവസത്തിനു

തറക്കല്ലിടേണ്ടത്

ഇങ്ങനെയാണു

*

പച്ചപ്പുതപ്പ്

ഒന്ന് കൂടി മൂടി

പുലരിയുറങ്ങുന്നു

കിളികൾ

വരും കാലത്തെക്കുറിച്ച്

പാട്ട് പാടുന്നു

സൂര്യന്റെ കനലിൽ നിന്ന്

സിഗരറ്റ് കത്തിച്ച്

കാലം

അത് നോക്കി നിൽക്കുന്നു

*

ഇരുട്ട് മിണ്ടാതെ

വീണ്ടുമുറങ്ങുന്ന പുലരി

തലേന്ന് കുടിച്ച വീഞ്ഞിനാൽ

സ്വന്തം പേരു മറന്ന്

ഭൂമിയിൽ വീണ നക്ഷത്രങ്ങൾ

വരി വരിയായി

ആകാശത്തേക്ക് നടന്ന് പോകുന്നു

*

ചട്ടയും മുണ്ടുമുടുത്ത് ഒരു മാലാഖ

അവൾക്ക് ചുറ്റും ന്യത്തം ചെയ്യുന്ന

പർദ്ദയിട്ട അമ്പലപ്രാവുകൾ

സൂര്യവെളിച്ചത്തിലൂടെ

ചിരിക്കുന്ന യേശു

ഭൂമിയിലേക്ക്

നടന്ന് നടന്ന് വരുന്നു

*

തബലയും വീണയും

ഉപേക്ഷിച്ച്  പോയ

പാട്ടിനെ കണ്ടു

മിണ്ടാൻ പോലും വയ്യ

അകലെ

അരുവി

മറ്റൊരു പാട്ടിനെ

നെഞ്ചിലിട്ട് താരാട്ടുന്നു

ആകാശത്ത് നിന്ന്

ഒരില വീഴുന്നു

*

സന്ധ്യയിൽ

കുരിശു വരയ്ക്കുന്നു ആകാശം

പാതാളത്തിൽ ചുണ്ടമർത്തി

കുറ്റങ്ങൾ ഏറ്റു പറയുന്നു ഭൂമി

ഇന്ന് വേണ്ട

ഇന്ന് വേണ്ടെന്ന്

മടി പിടിച്ച് പ്രളയം

*

വെളിച്ചമൊച്ച വെയ്ക്കുന്ന രാത്രികൾ

വെളുത്ത കുപ്പായമിട്ട കെട്ടിടങ്ങൾ

ഭൂമിയിൽ നെറ്റി മുട്ടിച്ച്

നിസ്ക്കരിക്കുന്നു

ബാങ്ക് വിളിച്ച് കൊണ്ട്

വിമാനം

പറന്ന് പോകുന്നു

*

മരങ്ങളില്ലാത്ത കാട്ടിൽ

ഞാനകപ്പെട്ടു

ഭ്രാന്തനായ ആശാരി തീർത്ത

വലിയ വാതിൽ

ആരോ തുറന്നിടുന്നു

*
——————–
വര: ഡോണ മയൂര

Comments

comments