കല്ലിന്റെ ആത്മഗതം

ഒരിക്കല്‍ ഞാൻ ശാന്തസമുദ്രത്തിലായിരുന്നു
പവിഴപ്പുറ്റുകള്‍ക്കും കടല്‍ക്കുതിരകള്‍ക്കുമിടയില്‍.
ഭൂഖണ്ഡങ്ങളുടെ നീക്കത്തില്‍ ഞാൻ
കരയിലെ വിജനതയിലേക്ക് എടുത്തെറിയപ്പെട്ടു.
ഭൂമിയുടെ രഹസ്യങ്ങള്‍ എന്നിൽ
അടരടരായി എഴുതപ്പെട്ടിരിക്കുന്നു.

പൂ ചൂടുമ്പോള്‍ ഞാന്‍ ദേവി
ചവിട്ടേല്‍ക്കുമ്പോൾ ചണ്ഡാലി

എന്റെ മുതുകില്‍ നിങ്ങൾ
ആയുധങ്ങള്‍ കൂര്‍പ്പിക്കുമ്പോൾ
ഞാന്‍ രക്തമൊലിപ്പിക്കുന്നു

പ്രേമത്തെയും ധ്യാനത്തെയും
ഞാന്‍ വേര്‍തിരിക്കുന്നില്ല.

എന്നില്‍ കടലും ആകാശവുമുണ്ട്
തുടക്കം, പരിണാമം, ഒടുക്കം.

നിങ്ങളുടെ ശിരസ്സിനെ
എന്റെ ചോദ്യങ്ങളില്‍ നിന്നു
സംരക്ഷിക്കാന്‍ ഈ കുട
മതിയാവില്ല.

ഈ പൂവ്

മറവിയുടെ നിറം വയലറ്റ് ആണെന്നു
ഇന്നലെ വരെ ഞാന്‍ അറിഞ്ഞിരുന്നില്ല.
എല്ലാറ്റിനും പേരിടാനുള്ള മനുഷ്യരുടെ ഉത്സാഹം
എങ്ങും എത്താത്തതാണെന്നും.

മഞ്ഞ്

ഞാനാണ് ആദ്യം ഉണ്ടായത്
എന്നാല്‍ മൂടപ്പെട്ടിരുന്നു
എല്ലാ ഭാഷകളും

രശ്മികളില്‍ ഞാൻ അലിഞ്ഞപ്പോൾ
അക്ഷരങ്ങള്‍ പുറത്തു വന്നു.
അവ മരങ്ങളും ജീവികളുമായി
വിചാരങ്ങളും ഭാവനകളുമായി

ഇപ്പോളും ഞാന്‍ ഭാഷകള്‍ക്കുമേൽ
പറ്റിപ്പിടിച്ചിരിക്കുന്നു, അവയെ
അര്‍ദ്ധതാര്യമാക്കിക്കൊണ്ട്.

Comments

comments