ഹേബർമാസിന്റെ വിജ്ഞാനത്തെപ്പറ്റിയുള്ള വിവരം, വ്യാഖ്യാനം, വിമർശ്ശം (Information, interpretation and critique) എന്ന മൂന്നു തലങ്ങളിലുള്ള പ്രസിദ്ധമായ വിശകലനമുണ്ട്. ഏജൻസിയില്ലാത്ത, വിവരം മാത്രമായ വിജ്ഞാനത്തെയും വ്യാഖ്യാനാത്മകവും വിമർശ്ശാത്മകവുമായ വിജ്ഞാനങ്ങളേയും വളരെ രസകരമായി ഹേബർമാസ് ഇതിൽ വിവരിക്കുന്നുണ്ട്. ഇതിനു സമാനമായ ഒരു ചിന്ത സാഹിത്യസംബന്ധിയായും മുന്നോട്ടുവയ്ക്കാവുന്നതാണ്. ഒരുവേള കാഴ്ച തന്നെയാണ് സാഹിത്യം എന്നിരിക്കിലും വെറും കാഴ്ചയിൽ നിന്നും വ്യാഖ്യാനാത്മകമായും വിമർശ്ശാത്മകമായും കാഴ്ചയെ മുന്നോട്ടുവയ്ക്കുന്നതിൽ ഇന്നുള്ള മലയാള ചെറുകഥാകൃത്തുക്കളിൽ ഉണ്ണി ആറിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇത്തരം വ്യാഖ്യാന, വിമർശ്ശാത്മക കാഴ്ചകൾക്ക് ഏതൊരു എഴുത്താൾക്കും തന്റെയുള്ളിലെ മതാത്മകതയെ (religiousness) അമ്പേ തകർത്തു കളഞ്ഞെടുക്കുന്ന ഒരു നിലപാടുതറയുടെ ആവശ്യകതയുമുണ്ട്. ഉണ്ണിയുടെ കഥകളിൽ അതു വെളിവാവുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് വീട്ടുകാരൻ എന്ന ഏറ്റവും പുതിയ കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 31, 2016 Oct 16-22). നിത്യജീവിതത്തിന്റെ അനുഭവസ്ഥാനത്തിൽ നിന്നുകൊണ്ട് മധുരമായ ചരിത്രത്തിന്റെ ഒരു അടരിനെയെടുത്ത് അനുഭൂതികളുടെ പെൻഡുലക്രമത്തിൽ നമ്മെ ഊയലാട്ടി ഉണ്ണി ഇക്കഥയിൽ മുന്നോട്ടു നയിക്കുകയാണ്.

രണ്ടു കൃഷ്ണൻമാരും ഒരു കാക്കയും മാത്രമാണ് ഇതിലെ കഥാപാത്രങ്ങൾ. കഥ നടക്കുന്നതാണെങ്കിൽ ഗ്രാമത്തിൽ നിന്നു പുറപ്പെട്ട് എങ്ങുമെത്താതെ പോയ ഒരിടത്തും. പരസ്പരം ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ഈ രണ്ടുപേർ ഒരുമിക്കുന്നിടത്താണ് കഥാതന്തു. അതിലേക്കാണ് തെളിഞ്ഞ പ്രകാശസാന്നിധ്യമായി മൂന്നാം കഥാപാത്രമായി കാവ്യദേവതയുടെ കയ്യൊപ്പെത്തുന്നത്. അവിടെയാണ് ഏതോ മലമുകളിലെ ഒരു നനുത്ത പ്രഭാതത്തിൽ മാത്രം കൈവരാവുന്ന ശുദ്ധവായുവിന്റെ സ്നേഹപ്രവാഹത്തിലേക്ക് വായനക്കാരനെ എഴുത്താൾ കൈപിടിച്ചു നടത്തുന്നത്.

കഥയുടെ തുടക്കത്തിൽ തന്നെ വായനക്കാരന്റെ മനസ്സറിയുന്ന കൗശലക്കാരനായ കഥ പറച്ചിലുകാരനായി ഉണ്ണി സ്വയം തെളിയിക്കുന്നുണ്ട്. കഥയുടെ കാതലായ രണ്ട് അപരിചിതരുടെ കണ്ടുമുട്ടലിലുള്ള യുക്തിരാഹിത്യത്തിന്റെ എല്ലാ സാധ്യതകളെയും ആദ്യ ഖണ്ഡികയിൽ തന്നെ ലളിതമായ ഒരു സങ്കേതത്തിലൂടെ എഴുത്താൾ തകർത്തു കളയുന്നു. ആ ഗ്രാമത്തിന്റെ രണ്ടു ഭാഗത്ത് ഒരേ വർഷം ഒരേ സമയം ജനിച്ച് കൃഷ്ണൻ എന്ന ഒറ്റപ്പേരിടപ്പെട്ട ഈ രണ്ടുപേർ എന്ന ഒറ്റ വാചകത്തിൽ ഇവർ പരസ്പരം കണ്ടുമുട്ടേണ്ടത് വായനക്കാരന്റെ യുക്തിപരമായ ആവശ്യമാക്കി ഉണ്ണി മാറ്റുന്നു. കഥയുടെ കാമ്പിനു വളരാൻ വേണ്ട മണ്ണ് തയ്യാറായിക്കഴിഞ്ഞു.

ചെറിയകൃഷ്ണൻ തന്റെ അമ്മയുടെ വിശ്വാസവും നിർബന്ധവും കാരണം ബലിയിടാനായി കടൽക്കരയിലേക്ക് പുലർച്ചക്കു മുന്നേ എഴുന്നേറ്റു പുറപ്പെടുകയാണ്. അയാൾക്കൊപ്പം ഒരു തെരുവു മുഴുവൻ ഇതേ ആവശ്യത്തിനായി കടൽക്കരയിലേക്കാണ്. അവരും ചിലപ്പോൾ പല നിർബന്ധങ്ങളുടെയും വിശ്വാസങ്ങളുടെയും ഉൽപ്പന്നങ്ങളാവാം. മനുഷ്യനെന്നും അങ്ങിനെയായിരുന്നുവെന്ന് യുവാൻ നോവ ഹാരാരി തന്റെ സാപ്പിയൻസ് എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യപുരോഗതിയിൽ അവനെ എറ്റവും സ്വാധീനിച്ചിട്ടുള്ള പ്രത്യഭിജ്ഞാന വിപ്ലവത്തെപ്പറ്റി (Cognitive Revolution) ഹരാരി ഇങ്ങനെ വിശദമാക്കുന്നു. പ്രത്യഭിജ്ഞാന വിപ്ലവം മനുഷ്യന്റെ ഭാഷയിലൂടെയും വാക്കുകളിലൂടെയും മിത്തുകളിലൂടെയും ഒരു ഭാവനായഥാർത്ഥ്യം സൃഷ്ടിക്കാനുള്ള കഴിവിലൂടെയാണ് രൂപം കൊണ്ടത്. വലിയ സംഖ്യയിൽ ഫലപ്രദമായി കൂട്ടംകൂടാൻ അതവനെ സഹായിക്കുകയും ചെയ്തു. ഇതിനു മറ്റൊരു സാദ്ധ്യത ഉണ്ടായത്‌, ഭാഷയുടെയും മിത്തിന്റെ മാറ്റലിലൂടെ പുതിയ കഥകൾ പറഞ്ഞു സൃഷ്ടിച്ച പുതിയ ഭാവനാ യാഥാർത്ഥ്യങ്ങൾ മേൽപ്പറഞ്ഞ കൂട്ടങ്ങളുടെ സ്വഭാവത്തെ മാറ്റിമറിക്കാൻ ഉതകുന്നതായപ്പോഴാണ്. (Cognitive Revolution used the ability to create an imagined reality out of words which enabled large numbers of strangers to cooperate effectively. But it also did something more. Since this large scale human cooperation is based on myths, the way people cooperate can be altered by changing the myths – by telling different stories.). ഇവിടെയാണ് സാഹിത്യം മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ തന്റെ ചുവടുറപ്പിക്കുന്നത്.

പക്ഷെ ഇവിടെ കടൽക്കരയിലേക്ക് ഒരൊഴുക്കായി പോകുന്നവരിൽ നിന്ന് എഴുത്താൾ ചെറിയകൃഷ്ണനെ തിരിച്ചു നടത്തുന്നു. പുതിയ അപരിചിതമായ വെളിച്ചവും ആൾത്തിരക്കും കുറഞ്ഞ വഴികൾ പര്യവേഷണം ചെയ്യിക്കുന്നു. ഒടുവിൽ എത്തിപ്പെടുന്നിടത്ത് കാല്പനികതയുടെ പിടിയില്‍ വല്ലാതെ അമർന്നു പോയ മലയാള കവിതാ ശാഖയെ ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് കൈപിടിച്ചുയര്ത്തി യ വൈലോപ്പിള്ളിയെയല്ലാതെ ആരെയാണ് അയാൾ കണ്ടെത്തേണ്ടത്.

നടന്നുനടന്ന്, ഉച്ചികൾ തമ്മിലുള്ള അടുപ്പം ഉടലുകൾക്കില്ലാതെ പോയി ഉണ്ടായ ഗേയ്റ്റിന്റെ വിടവിലൂടെ സംശയിച്ചാണെങ്കിലും അയാൾ ഏതോ നിയോഗം പോലെ കടന്നു കയറിച്ചെല്ലുന്നത് കഥയുടെ കാമ്പിലേക്കാണ്. അവിടെ വലിയകൃഷ്ണൻ “പതിവുപോലെ” ഒറ്റത്തോർത്തുമുടുത്ത് കവിതകളും ചൊല്ലി തന്റെ ദിവസം തുടങ്ങിക്കഴിഞ്ഞു (കഥ വായിച്ചു കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി ഇരിക്കുന്ന എന്നിലെ വായനക്കാരൻ പതിവുപോലെ എന്ന് എഴുത്താൾ പറയാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചതും മറ്റൊരു സത്യം)

അയാൾ ചൊല്ലുന്ന ആദ്യ കവിത കേൾക്കുന്ന ചെറിയകൃഷ്ണന്റെ ഉള്ളിലേക്ക് അറിയാതെ കയറിപ്പറ്റുന്ന വായനക്കാരന്റെ തുടർന്നുള്ള യാത്രമുഴുവൻ അയാളുടെ മനസ്സിന്റെ മഞ്ചലിലിരുന്നാണ്. ഒരു നിമിഷം പോലും അതിൽ നിന്നിറങ്ങാതെ ഇമവെട്ടാതെ മനസ്സുമാറാതെ തുടർകാഴ്ചകളിൽ അയാളെ എഴുത്താൾ തന്റെ വൈഭവത്താൽ കുരുക്കിയിടുന്നു.

ഏറെ പ്രസന്നനായി അനുസ്യൂതം കവിതയിലലിഞ്ഞ് അരിയോ വരിയോ കഴുകി അടുപ്പത്തിടുന്നതെന്ന് വായനകാരനെ സംശയിപ്പിച്ച് എല്ലാം മറന്ന് വലിയകൃഷ്ണൻ തന്റെ “കർമ്മം” തുടരുകയാണ്. അയാൾ ചൊല്ലുന്നതു മുഴുവൻ മരണത്തിന്റെ വരികളാണ്. മനുഷ്യപ്രകൃതിയുടെ അടിസ്ഥാനസത്യത്തെ നിരന്തരം അഭിമുഖീകരിക്കുന്ന വരികൾ. എഴുതിയതാരെന്ന് അറിയുന്നവർ പോലും കഥയുടെ തുടർന്നുള്ള വളർച്ചയിൽ കവിയുടെ സാംഗത്യം തിരിച്ചറിയുന്നില്ല. എല്ലാം ഒടുവിലേക്ക് എഴുത്താൾ ഒളിപ്പിച്ചു വച്ചപോലെ. മരണം മാത്രം ആ മുറിയാൽ സജീവസത്യമാവുന്നു.

ഇതിനിടയിൽ എത്ര മനോഹരമായിട്ടാണ് ഉണ്ണി ആ അടുക്കളക്കാഴ്ചകളിലും ചെറിയകൃഷ്ണന്റെ മനസ്സിലും നമ്മെ തളച്ചിടുന്നത്. അടുപ്പിൽ നിന്നുയർന്ന് ആ മുറിയിലാകെ തങ്ങിനിൽക്കുന്ന പുക മുതൽ തിളച്ചുയരുന്ന അരിയുടെയും കറികളുടെയും ഗന്ധങ്ങളും വരെ പറയാതെ നാമറിയുന്നുണ്ട്. വലിയകൃഷ്ണൻ ഉടച്ച് ചുണ്ടിൽ ചേർത്ത് വലിച്ചുകുടിച്ച തേങ്ങവെള്ളത്തിൽ അയാൾ ചൊല്ലിയ കവിത മാത്രമല്ല കുതിർന്നത്. കണ്ട്, കേട്ട് നിന്ന വായനക്കാരന്റെ മനസ്സ് കൂടിയായിരുന്നു. ഒരു കൈയ്യാൽ ചുണ്ടമർത്തിത്തുടച്ച് കവിത അയാൾ ആവർത്തിക്കുമ്പോൾ മനസ്സിവിടെ തോരുന്നു. കവിതയിൽ മൃത്യു പരാജയമടഞ്ഞ് പിന്തിരിയുന്നിടത്ത് വായനക്കാരന്റെ കണ്ണുകളും തിളങ്ങുന്നുണ്ട്, കവിൾ തുടിക്കുന്നുണ്ട്, കരൾ മിടിക്കുന്നുണ്ട്.

ഈ ഉണർവ്വിന്റെ തുടർച്ചയിലാണ് നാം ആ വീടാകെ ശ്രദ്ധിക്കുന്നത്. സ്ത്രീ സാന്നിദ്ധ്യമില്ലാത്ത പുസ്തകങ്ങളും തുരുമ്പെടുത്ത സൈക്കിളും നിലം നിറയെ കടലാസുപട്ടകൾ പൊട്ടിക്കാത്ത വാരികകളും. ഒറ്റക്കു താമസിക്കുന്ന, അവധാനതയോടെ ജീവിതകർമ്മം നിർവ്വഹിക്കുന്ന ഇയാളാരാണ് എന്ന ചോദ്യത്തിൽ മനസ്സു കുഴക്കി ചെറിയകൃഷ്ണൻ നിൽക്കുമ്പോൾ ഞാൻ എന്ന വായനക്കാരൻ ആദ്യമായി അയാളുടെ മനസ്സിൽ നിന്നിറങ്ങുന്നു.

തുടർന്നുള്ള പ്രവൃത്തികളിൽ ലാളനയോടെ ഉരുളയുരുട്ടി വലിയകൃഷ്ണൻ വാൽസല്യത്തോടെ ചൊല്ലുന്ന കവിത കേൾക്കുമ്പോൾ നാമൊന്നു ഞെട്ടുന്നു. ഇതൊരു ബലിതർപ്പണമാണോ എന്ന തോന്നലിൽ സംശയാലുവാവുന്നു.

മൂന്നാമത്തെ കഥാപാത്രമായ ബലിക്കാക്ക ഇവിടെയാണ് അവതരിക്കുന്നത്. ഏറ്റം ലളിതമായ ഒരു ബലിതർപ്പണത്തിൽ കഥയുടക്കി നിൽക്കുന്നുവെന്ന് നാമുറപ്പിക്കുമ്പോൾ തികച്ചും സവിശേഷമായ ചില പ്രവൃത്തികളിലൂടെ അതിഥി കഥയെ മറ്റൊരു ദിശാസൂചികയിലൂടെ നയിക്കുന്നു. ഉണ്ണിയുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ അതിങ്ങനെയാണ് — അതിഥി അടുക്കളയിൽ നിന്ന് അകത്തെ മുറിയിലേക്കു ചെന്നു. ബുക്കുകളിലെല്ലാം നോക്കി. വള്ളത്തോൾ കൃതികളിൽ കൂടുതൽ നേരം നോക്കി. മേശയിലിരുന്ന മഷി വറ്റിപ്പോയ കുപ്പിയിൽ തൊട്ടു. സൈക്കിളിലു ചുറ്റും നടന്നതിനു ശേഷം അതിലിരുന്നു. കുറച്ചു നേരം കൂടി മുറിയിൽ ഉലാത്തിയതിനു ശേഷം ചോറുരുളകൾക്കു മുന്നിൽ വന്നു. ഓരോ വറ്റും സ്വാദോടെ കൊത്തിയുണ്ണുവാൻ തുടങ്ങി

കുടുംബത്തോടകന്ന് ഏകനായി തന്റെ കാവ്യജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച മുറിയിലാണ് നമ്മൾ നിൽക്കുന്നതെന്നും മുന്നിൽ മരണവും ജീവിതവും കവിതയും സ്വീകാര്യതയും തിരസ്ക്കാരവും എല്ലാം ചേർന്ന സ്വന്തം കവിതാമന്ത്രണങ്ങളിലാകൃഷ്ടനായി നേരിട്ടെത്തി തർപ്പണം സ്വീകരിക്കുന്നത് കാച്ചിക്കുറുക്കിയ കവി തന്നെയാണെന്നുമുള്ള സത്യം ഒരു ഞെട്ടലോടെയല്ലാതെ നമുക്ക് തിരിച്ചറിയാനാവില്ല.

തരിച്ചു നിൽക്കുന്ന നമ്മുടെ മുന്നിലൂടെ തന്റെ കാൽപാടുകൾ പതിഞ്ഞയിടങ്ങളിൽ ഒരുവേള തങ്ങി എല്ലാം കണ്ടാസ്വദിച്ച് തർപ്പണം സ്വീകരിച്ച് ആകാശത്തേക്കുയർന്ന് ഒരു പൊട്ടായി മറയുമ്പോഴും മനസ്സിൽ തെളിഞ്ഞ കൊടിപ്പടമായി കവിയെ ഉണ്ണി പതിച്ചിടുന്നത് എത്ര മനോഹരമായിട്ടാണ്.

ഉണ്ണി ആർ ഇതുവരെ നടന്ന കഥാകഥന വഴികളിൽ നിന്നുള്ള ഒട്ടും ലേഖനാത്മകമല്ലാത്തvailoppilli തികച്ചും മൂർത്തവും ആഖ്യാനാത്മകവുമായ രചനാവഴിയിലേക്കുള്ള തിരിഞ്ഞു നടത്തമായിത്തന്നെ ഇക്കഥയെ വായിക്കേണ്ടതുണ്ട്. വായിച്ചു കഴിയുമ്പോൾ നമ്മളുടക്കി നിൽക്കുന്ന, കഥാകാരൻ കഥയെയാണോ കവിയെയാണോ കഴുകി മിനുക്കിയെടുത്തതെന്ന, സന്ദേഹം തന്നെ വൈലോപ്പിളളിയുടെ കവിതയ്ക്കും കാവ്യജീവിതത്തിനും പുതുതലമുറയിലെ ആരാധകനായ കാഥികൻ നൽകുന്ന ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയാവുന്നു. സ്വയമറിയാതെ വായനക്കാരും അതിന്റെ ഭാഗമാവുന്നു. അന്തരംഗത്തിന്റെ കാഴ്ചയായിരക്കവേ തന്നെ പുറമേക്ക് വളരുന്ന ആഖ്യാനയാത്രയെന്ന് ഇ. പി. രാജഗോപാലൻസർ ഇക്കഥയെപ്പറ്റി പറഞ്ഞത് വെറുതെയല്ല.

കണക്കറ്റെഴുതുന്നതല്ല കാമ്പുള്ളതെഴുതുന്നതാണ് കാവ്യജീവിതമെന്ന് മലയാളിയുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും തന്റെ കവിതയിൽ സ്പർശിച്ച് പ്രഖ്യാപിച്ച മഹാപ്രതിഭയുടെ ജീവിതം അയത്നലളിതമായി കോറിയിടാൻ ഇക്കഥയിൽ ഉണ്ണിക്കാവുന്നു. അതിനദ്ദേഹം കറുത്ത, മലയാളിയുടെ ജീവിതത്തിന്റെ സജീവപ്രതീകമായ ആ പക്ഷിയെത്തന്നെ ഉപയോഗിച്ചതും ഏറെ ശ്രദ്ധേയമാണ്.

വൈലോപ്പിള്ളിയുടെ കാവ്യപ്രമേയങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന ഒന്നായിരുന്നു കാക്ക. കാൽപ്പനികതയും സൗന്ദര്യവും മാത്രം കാവ്യഭാവനക്ക് വേദ്യമായിരുന്ന ചങ്ങമ്പുഴക്കാലത്താണ് കറുപ്പിന്റേയും അഴുക്കിന്റേയും ബിംബമായ കാക്കയെക്കുറിച്ച് അദ്ദേഹം എഴുതിയത്.

കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ

‍സൂര്യപ്രകാശത്തിനുറ്റതോഴി

ചീത്തകള്‍ കൊത്തി വലിക്കുകിലും

ഏറ്റവും വൃത്തി, വെടിപ്പെഴുന്നോൾ

‍കാക്ക, നീ ഞങ്ങളെ സ്‌നേഹിക്കിലും

കാക്കണം സ്വാതന്ത്ര്യമെന്നറിവോൾ

ഭാവിയുടെ പ്രതീക്ഷകളാൽ പൂരിതമായ വർത്തമാനത്തിന്റെ ഭൂമികയിൽ vailoകാലുറപ്പിച്ച് മഹാപ്രതിഭയായ കവിയുടെ ഓർമകൾ ഉണ്ണി തന്റെ കഥയിലൂടെ വ്യാഖ്യാനിക്കുമ്പോൾ കവിയുടെ സ്വന്തം വാക്കുകൾ തന്നെയാണ് മനസ്സിലേക്ക് വരുന്നത്.

 

 

 

ഹാ വിജിഗീഷു മൃത്യുവിന്നാമോ

ജീവിതത്തിന്‍ കൊടിപ്പടം താഴ്‌ത്താന്‍…?

Comments

comments