നവംബർ എട്ടാം തീയ്യതി ലോകത്തിലെ മാധ്യമങ്ങളെല്ലാം തങ്ങളുടെ ക്യാമറ അമേരിക്കയിലേക്ക് തിരിച്ചു വച്ചിരുന്ന അവസരത്തിൽ ഇന്ത്യയിൽ ദിവസം തീരാൻ മൂന്നു മൂന്നര മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് നാടകീയമായി രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രധാന ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് ബ്ലാക്ക്മണിക്കെതിരെയുള്ള തന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ നടപടി പ്രഖ്യാപിച്ചത്. അതോടെ 1000 / 500 കറൻസി നോട്ടുകൾ അർദ്ധരാത്രിക്കു ശേഷം വിലയില്ലാത്ത കടലാസുകളായി. ഡിസംബർ 30-നകം മതിയായ രേഖകളോടെയും കൃത്യമായ സ്രോതസ്സിന്റെ വെളിപ്പെടുത്തലുകളോടെയും ഒരു ദിവസം 4000 രൂപ വരെ ഒരാൾക്ക് ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും മാറ്റി വാങ്ങാമെന്ന ആനുകുല്യം ഉണ്ട്. 50,000 രൂപ വരെ നിക്ഷേപിക്കാം.modi-d-1 വീട്ടമ്മമാർ, കർഷകർ തുടങ്ങിയുള്ള ചില വിഭാഗങ്ങൾക്ക് സ്രോതസ്സിന്റെ കാര്യത്തിലും ഒരു ദിവസം മാറ്റാവുന്ന/ നിക്ഷേപിക്കാവുന്ന തുകയുടെ പരിധിയുടെ കാര്യത്തിലും ഇളവുണ്ടായിക്കും. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രോംപ്റ്ററിന്റെ സഹായമുണ്ടെന്നു തോന്നാതെയാണ് ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്യുന്ന രീതിയിൽ 45 മിനിറ്റ് പ്രധാനമന്ത്രി രാഷ്ട്രത്തോട് മനോഹരമായി സംസാരിച്ചത്.

തുടർന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട റിസർവ്വ് ബാങ്ക് ഗവർണർ ഉർജ്ജിത് പട്ടേലും ഇക്കണോമിക്ക് അഫയേഴ്‌സ് സെക്രട്ടറി ശശികാന്ത് ദാസും വിശദമായി ഈ നീക്കത്തിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തി. മൂന്നു കാരണങ്ങളാണ് പ്രധാനമായും പറഞ്ഞു വച്ചത്. കള്ളനോട്ടുകളുടെ വ്യാപനം, കള്ളപ്പണത്തിന്റെ ഉപയോഗം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ.

ഇതിനെല്ലാം ഇടയിലും വിശദമായ വിശകലനങ്ങൾ അധികം പുറത്തു വന്നില്ല എന്നതാണ് ഏറ്റവും രസകരമായി കണ്ട കാഴ്ച. രാജ്യമൊന്നടങ്കം ജയ് വിളികളും ലളിതോക്തികളുടെ വാചാടോപങ്ങളും മാത്രം കൊണ്ട് നിറഞ്ഞു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ രാജ്യത്തിനകത്തെ സർജിക്കൽ സ്ട്രൈക്ക് എന്ന് ഭക്തർ വാഴ്ത്തിപ്പാടിയതും പലരും അഭിനന്ദിച്ചതുമായ ഈ നീക്കത്തെ അതിന്റെ ഗുണദോഷക്രമത്തിൽ വിശകലനം ചെയ്യാൻ ഇവിടെ ശ്രമിക്കുന്നത്.

എന്താണ് കളളപ്പണം (black money) ??
രണ്ടു മൂന്നു ദിവസമായി ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കാണിത്. അടിസ്ഥാനപരമായി കള്ളപ്പണത്തെ അവിഹിതമാർഗ്ഗങ്ങളിലൂടെ നേടിയെടുത്ത സ്രോതസ്സ് വെളിപ്പെടുത്താത്ത, നികുതി അടക്കാത്ത പണം എന്നു വിശേഷിപ്പിക്കാം. പ്രധാനമായും ഇന്ത്യൻ സാഹചര്യത്തിൽ ഇത് രണ്ടു തരത്തിലുണ്ട്.bc-d-1

ആദ്യത്തേത് വിദേശത്ത് നിഷേപിക്കപ്പെട്ട ഇന്ത്യൻ കള്ളപ്പണമാണ്. ഈ പണത്തിന്റെ സ്രോതസ്സ് പ്രധാനമായും രണ്ടെണ്ണമാണ്. ഒന്ന്, കുറച്ചു കാണിക്കുന്ന കയറ്റുമതി വരുമാനത്തിന്റെയും കൂട്ടിക്കാണിക്കുന്ന ഇറക്കുമതി ചിലവിന്റെയും ലാഭ മൂല്യം നികുതി രഹിത രാജ്യങ്ങളായ (tax haven countries) സിങ്കപ്പൂർ, ഹോങ്കോങ് എന്നിവ വഴി കടത്തി വിദേശത്ത് നിക്ഷേപിക്കുന്നതു വഴി ഉണ്ടാവുന്നത്.  രണ്ട് വൻകിട ആയുധ,  കോർപ്പറേറ്റ് കരാറുകളുടെ ഇടനില വഴി ലഭിക്കുന്ന സ്വിസ് ബാങ്കുകളിലും മാറ്റും നിക്ഷേപിക്കപ്പെടുന്ന വൻ തുകകൾ (ബോഫോഴ്സ് ഓർക്കുമല്ലോ).  2011 ജൂലായിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും 2012 ഫെബ്രുവരിയിൽ സിബിഐ ഡയറക്ടർ നടത്തിയ പരസ്യപ്രസ്താവനയിലും ഇത് 500 ബില്യൺ അമേരിക്കൻ ഡോളർ വരും എന്ന് പറഞ്ഞിരിക്കുന്നു (ഒരു ഡോളറിന് 65 രൂപ കണക്കാക്കിയാൽ ഏകദേശം 32.5 ലക്ഷം കോടി). രാജ്യത്തെ കറൻസി വിനിമയത്തിന്റെ ഏകദേശം ഇരട്ടി വരും ഇത്. ഈ പണം പിന്നീട് രാജ്യത്തേക്കു തന്നെ പല രൂപത്തിൽ എത്തുന്നു എന്നതാണ് സത്യം. അതിനുള്ള ഏറ്റവും വലിയ വഴി മൗറിഷ്യസ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലെ നികുതി രഹിത സാഹചര്യം മുതലെടുത്ത് പണം അവിടെയെത്തിച്ച്  വിദേശ നിക്ഷേപത്തിന്റെ (FDI) രൂപത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നു. 2010 -2011 ൽ മാത്രം 54 ബില്യൺ ഡോളർ ( 3.5 ലക്ഷം കോടി രൂപ) ആണ് മൗറിഷ്യസിൽ നിന്നും FDI വന്നത്. ഇത്തരം FDI ക്ക് പേരുവിവരം വെളിപ്പെടുത്തേണ്ടയെന്നും ഒരു വിദേശ നിക്ഷേപ സ്ഥാപനത്തിൽ (Foreign Institutional Investor- FII) നിന്നുള്ള പാർട്ടിസിപ്പേറ്ററി നോട്ട് (Participatory note) മാത്രം മതിയെന്നുമാണ് നിയമം. കേന്ദ്ര സർക്കാർ നിലവിൽ ഈ മൗറിഷ്യസ് ഉടമ്പടി നിലനിർത്താനുള്ള തീരുമാനത്തിലാണ്.

രണ്ടാമത്തെ വിഭാഗത്തിൽ പെടുന്ന കള്ളപ്പണം രാജ്യത്തിനകത്തുള്ളതാണ്. ഇതെങ്ങനെ ഉണ്ടാവുന്നുവെന്ന് നോക്കാം. പൊതുവിൽ മൂല്യം കുറച്ചു കാണിച്ചു നടത്തുന്ന വ്യാപാരത്തിലൂടെ നികുതിയിളവ് നേടുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാണിത്. പ്രധാനമായും സ്ഥല/കെട്ടിട/ ഫ്ലാറ്റ് വ്യാപാരങ്ങൾ (Real Estate) വഴിയും പബ്ലിക് ട്രസ്റ്റുകൾ, ചെറുകിട വ്യവസായ വ്യാപാര നിക്ഷേപ മേഖലകൾ വഴിയുമാണ് ഇതുണ്ടാവുന്നത്. ഇത് റിസർവ്വ് ബാങ്ക് തന്നെ പുറത്തുവിട്ട കണക്കു പ്രകാരം മൊത്തം കറൻസി വിനിയോഗത്തിന്റെ ഏകദേശം 15 % വരും. ഈ 15% ആണ് സർക്കാരിന്റെ മേൽപ്പറഞ്ഞ സർജിക്കൽ നടപടിയിൽ ഇല്ലാതെയാവുന്നത്.

സർജിക്കൽ ഓപ്പറേഷൻ ബ്ലാക്ക് മണി.

റിസർവ്വ് ബാങ്ക് കണക്കു പ്രകാരം നിലവിൽ കറൻസി വിപണിയിൽ 7.85 ലക്ഷം കോടി രൂപയുടെ 500 രൂപാ നോട്ടുകളും 6.33 ലക്ഷം കോടി രൂപയുടെ 1000 രൂപാ നോട്ടുകളും ആണ് വ്യവഹരിക്കുന്നത്. മൊത്തം 14.18 ലക്ഷം കോടി രൂപയുടെ ഈ നോട്ടുകൾ നവംബർ 9 മുതൽ മാറ്റിയെടുക്കാവുന്ന കടലാസായി. ഡിസംബർ 30 ശേഷം വെറും കടലാസ് മാത്രമായി മാറും. ഈ 14.18 ലക്ഷം കോടിയുടെ 15% വരുന്ന 2.13 ലക്ഷം കോടി രൂപ പൊതുവിപണിയിൽ നിന്നും അപ്രത്യക്ഷമാവും. രൂപയുടെ വില 8.6% ഒറ്റയടിക്ക് വർദ്ധിക്കും. ഇതിനെടുത്ത സമയം, കാരണങ്ങൾ, ഗുണദോഷങ്ങൾ എന്നിവ നമുക്കു തുടർന്ന് പരിശോധിക്കാം.  (ഇതിൽ പ്രിന്റിംഗിനു ചിലവു വരുന്ന  12,000  കോടി രൂപ ഞാൻ കണക്കാക്കിയിട്ടില്ല എന്നു ശ്രദ്ധിക്കുക).

പെർഫക്ട് മോദി ടൈമിംഗ്
രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ടാണ് നവംബർ 8 എന്ന തീയ്യതി വൈകിട്ട് ഓഹരി വിപണി അടച്ചു കഴിഞ്ഞ് പ്രധാനമന്ത്രി അതുവരെ അതീവ രഹസ്യമായി സൂക്ഷിച്ച വാർത്ത പുറത്തുവിട്ടത്. ആ ദിവസം തന്നെ തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം.

ലളിതമാണ് ഉത്തരം. അമേരിക്കയിൽ പ്രസിഡന്റ് ഫലപ്രഖ്യാപനം നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ലോക ഓഹരി വിപണി ആ ഫലത്തിനനുസരിച്ച് മാത്രം നീങ്ങുമ്പോൾ. പിറ്റേന്നത്തെ ഓഹരി വിപണിയുടെ ചാഞ്ചാട്ടം അമേരിക്കൻ സ്വാധീനത്തിൽ മുങ്ങിപ്പൊയ്ക്കൊള്ളും. മുകളിലേക്കായാലും താഴേക്കായാലും അമേരിക്കൻ സുനാമിയിൽ മുങ്ങുന്ന ചെറുതിരയായ് ഈ നടപടിയുടെ ആഘാതത്തെ രക്ഷിച്ചെടുക്കാം.

വളരെ രസകരമായ ഒരു കാര്യം കാണാം. 10 നവംബറിലെ The Economics Times ഹെഡ് ലൈൻ നോക്കുക. നമുക്ക് മേൽപ്പറഞ്ഞ പെർഫക്ട് മോദി ടൈമിംഗിന്റെ ഗുട്ടൻസ് പിടികിട്ടും.
09 Nov, 2016- The Economic Times
OFFICIALLY TRUMPED! Sensex ends 339 pts lower after a 1,689-pt knock; Nifty below 8,450

ഔദ്യോഗിക ഗുണങ്ങൾ – 1, കള്ളനോട്ടുകളുടെ വ്യാപനം ചെറുക്കുക
ഇത് ഏറെ ശ്രദ്ധയർഹിക്കേണ്ടതും പ്രാധാന്യമുള്ളതുമായ കാര്യമാണ്. ഇന്ത്യയിൽ വ്യാപകമായ തോതിൽ 500/1000 രൂപയുടെ ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകൾ ഉണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇതിന് തടയിടേണ്ടതു തന്നെയാണ്. അതിർത്തി കടന്ന്, ഒരുവേള പാക്കിസ്ഥാൻ സർക്കാർ കമ്മട്ടത്തിൽ തന്നെ അടിച്ച നോട്ടുകൾ നിരന്തരം എത്തുന്നുണ്ട്. അതുണ്ടാക്കുന്ന സാമ്പത്തികാഘാതം ഏറെ വലുതാണെന്ന് ശശികാന്ത് ദാസ് അടിവരയിട്ട് പറയുകയും ചെയ്തു. നോട്ടുകൾ പിൻവലിക്കുന്നതോടെ അതില്ലാതായി എന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

എങ്കിലും, ഇതിനൊപ്പം ചേർത്തു വായിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇത്തരം കള്ളനോട്ടുകൾ കണ്ടെത്താനും അതിന്റെ വരവ് തടയാനും കഴിവുള്ള സുരക്ഷാ സംവിധാനങ്ങൾ നമുക്കുണ്ടോ? എത്ര ഫലപ്രദമാണത്? കൃത്യമായി ആ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ ഒരു സാഹചര്യം സംജാതമാവുമായിരുന്നോ? ഇനി അടിച്ചിറക്കുന്ന നോട്ടുകൾ കോപ്പിയടിക്കപ്പെടില്ല എന്ന് എന്താണുറപ്പ്? പ്രത്യേകിച്ചും നമ്മുടെ കമ്മട്ടങ്ങളോളം മികച്ച നോട്ടടി അതിർത്തിക്കപ്പുറത്ത് നടക്കുമ്പോൾ. നോട്ടിൽ ചിപ്പ് എന്നീ കാര്യങ്ങൾ നടപ്പുള്ളതാണോ. 3.5 രൂപ മാത്രം ചിലവാക്കി അടിക്കുന്ന നോട്ടിൽ എന്തു ചിപ്പ് വയ്ക്കുമെന്നാണ്. ഭാവിയിൽ  കൂടുതൽ മുഖവിലയുള്ള  (2000)  നോട്ടുകൾ  കൃത്യമായ സുരക്ഷ ഇല്ലയെങ്കിൽ  നോട്ടടിക്കാർക്ക് പണി എളുപ്പമാക്കുകയാവും എന്നൊരു വശം കൂടി ഇതിനുള്ളത് നാം കാണാതെ പോകരുത്.

ഇതിനോട് ഒപ്പം ശ്രദ്ധിക്കേണ്ട ഒന്ന് ജനുവരി 19 ന് CNN-IBN പുറത്തുവിട്ട 5AG, 3AP സീരീസിലുള്ള 30,000 കോടി രൂപയുടെ  നോട്ടുകളിൽ സെക്യൂരിട്ടി ത്രെഡില്ലാതെ നോട്ടടിയിൽ പാളിച്ച സംഭവിച്ചു എന്ന വാർത്തയാണ്. ഇത്തരം ഗുരുതര പിഴവുകൾ നിലനിൽക്കുന്നെങ്കിൽ അധികം വൈകാതെ പുതിയ 500 ന്റേയും 2000 ന്റേയും ക്ലോൺ കള്ളസഹോദരൻമാരെ നമുക്കു കാണാം. എങ്കിലും, കള്ളനോട്ട് വ്യാപനം മുഴുവനായി തൽക്കാലം നിന്നു പോകുമെന്ന കാര്യത്തിൽ സംശയമേതുമില്ല.

ഔദ്യോഗിക ഗുണങ്ങൾ – 2, തീവ്രവാദ ഫണ്ടിംഗ്
തീവ്രവാദികൾ ലോകമെങ്ങും അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നത് പ്രധാനമായും കറൻസി വിനിയോഗത്തിലൂടെയാണ്. കള്ളനോട്ടുകളും കള്ളപ്പണവും അതിനായി വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. ഈ നടപടി മൂലം താൽക്കാലികമായെങ്കിലും അതിനു ഭംഗം ഇന്ത്യയിൽ സംഭവിക്കും. ഏറെ നല്ലത്. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതു പോലെ എന്നെല്ലാം പലരും പറയുമെങ്കിലും എലി അത്രക്ക് ഭീഷണിയെങ്കിൽ ഇല്ലം ചുടുക തന്നെ വേണം.

പക്ഷെ ഉയരുന്ന ചില ചോദ്യങ്ങൾ ഉണ്ട്. തീവ്രവാദം ഇതുകൊണ്ടു തീരുമോ? തൽക്കാലം പണലഭ്യത കുറഞ്ഞാലും തീവ്രവാദികളും അവരെ ഫണ്ടുചെയ്യുന്നവരും നിലനിൽക്കുന്നിടത്തോളം അൽപസമയത്തേക്ക് മാത്രമല്ല ഈ സുരക്ഷ. രാജ്യസുരക്ഷയ്ക്കുതകുന്ന ഫലപ്രദമായ നടപടികൾ തന്നെയല്ലേ വേണ്ടത്?

ഔദ്യോഗിക ഗുണങ്ങൾ – 3, ആഭ്യന്തര കള്ളപ്പണം ഇല്ലാതെയാക്കൽ
ഇതിലാണ് പ്രധാനമന്ത്രിയുടെ നടപടിയുടെ കാതൽ കിടക്കുന്നത്.  മുകളിൽ പറഞ്ഞ 2.33 ലക്ഷം കോടി രൂപ വരുന്ന കള്ളപ്പണം ഇല്ലാതെയാവും.

ഇവിടെയാണ് സാധാരണക്കാരായ ജനങ്ങൾ നേരിട്ട് ഫ്രെയിമിൽ വരുന്നത്. ഇപ്പറഞ്ഞ 2.33 ലക്ഷം കോടി രൂപ സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന സത്യം നാം തിരിച്ചറിയാതെ പോകരുത്. ഇതു മുഴുവൻ കള്ളപ്പണമാണെന്ന ധാരണയാണ് ആദ്യം മാറേണ്ടത്. ഇതിനെ നമ്മൾ ബ്ലാക്ക്മണിയെന്നല്ല ഗ്രേ മണിയെന്നാണ് വിളിക്കേണ്ടത്. ബ്ലാക്ക് മണി വിദേശ ബാങ്കുകളിൽ കിടക്കുന്ന 32.5 ലക്ഷം കോടി രൂപയാണ്. ഇവിടെയുള്ള അതിന്റെ 10% ത്തിൽ താഴെ വരുന്ന ഈ അൺ അക്കൗണ്ടഡ് പണം എന്റെയും നിങ്ങളുടേയും കയ്യിലുള്ള നോട്ടുകൾ തന്നെയാണ്. വിശദമാക്കാം.

ഈ പണം എങ്ങിനെയാണ് ഉണ്ടാവുന്നത്? ട്രസ്റ്റുകൾ വ്യക്തികൾ എന്നിവ മൂല്യം കുറച്ചു കാണിച്ച് നികുതിയൊഴിവാക്കുമ്പോൾ മേൽപ്പറഞ്ഞ ഗ്രേ മണി ജനിക്കുന്നു. ഈ പണം കയ്യിലെത്തുമ്പോൾ അതിന്റെ ഉടമസ്ഥർ എന്തു ചെയ്യുമെന്ന് നമുക്കൊന്നാലോചിക്കാം. നികുതി അടച്ച ഭാഗം ബാങ്കിലിടാം. ബാക്കി ചിലവാക്കുകയല്ലാതെ രക്ഷയില്ല. സ്ഥലം വാങ്ങും. വീടിന് പെയിൻറടിക്കും. ചിതലെടുത്ത കട്ടിള ഒരു മരപ്പണിക്കാരനെ വിളിച്ചു നന്നാക്കിക്കും. മകളുടെ വിവാഹത്തിനായി പണം കുറച്ചെടുത്ത് പൊതിഞ്ഞു വയ്ക്കും. വീടിനോടു ചേർന്ന് ഒരു മുറി കൂടി എടുക്കും. അറ്റാച്ച്ഡ് ഒരു ടോയ്ലറ്റ് കെട്ടും. ശ്രദ്ധിക്കണം. ഇപ്പറഞ്ഞതു മുഴുവൻ പൊതു സമൂഹത്തിലേക്ക് ആ പണം വിതരണം ചെയ്യപ്പെടുന്ന പല വഴികളാണ്. ഒരു പാട് പേർക്ക് തൊഴിൽ നൽകി നിലവിലെ സമൂഹത്തിലെ സാമ്പത്തിക ചംക്രമണം നിലനിർത്തുന്നതിന്റെ അടിസ്ഥാനമാണ്.

ഇതിന്റെ കടയ്ക്കലാണ് കത്തിവയ്ച്ചിരിക്കുന്നത്. ഡിസംബർ 30-ഓടു കൂടി ഈ വിതരണോൻമുഖ ധനം (dispensible money) അപ്രത്യക്ഷമാവുകയാണ്. പൊതുജനത്തിന്റെ ജീവിതക്രമത്തിൽ ഇതുണ്ടാക്കാവുന്ന ആഘാതം ചെറുതല്ല. വരും ദിവസങ്ങൾ ധനക്ഷാമത്തിന്റേതാണ്. അതിന്റെ നേർഫലം തൊഴിലില്ലായ്മയും വ്യാപാര മാന്ദ്യവുമാണ്. ഒരു വാദമുള്ളത് രൂപയുടെ മൂല്യം കൂടുമെന്നും പണപ്പെരുപ്പം കുറയുമെന്നുമുള്ളതാണ്. അത് സത്യവുമാണ്. പക്ഷെ അതിനെടുക്കുന്ന സമയത്തിനുള്ളിൽ പൊതു ജീവിതത്തിൽ ഇതുണ്ടാക്കുന്ന മുറിവ് ഉണങ്ങിവരാൻ ഏറെ നാളെടുക്കും.

നരേന്ദ്ര മോദിക്കും ഈ സാമ്പത്തിക വിദഗ്ദ്ധർക്കും ഇതറിയാഞ്ഞിട്ടാണോ? എന്നിട്ടും അവരെന്തിന് ഈ നടപടിയെടുക്കണം. നമുക്ക് പരിശോധിക്കാം.

കള്ളപ്പണത്തിന്റെ കേന്ദ്രീകരണം
മുകളിൽ പറഞ്ഞ 14.18 ലക്ഷം കോടി രൂപയുടെ കറൻസികളിൽ 2.13 ലക്ഷം കോടി കഴിച്ചുള്ള 12.05 ലക്ഷം കോടി രൂപ ഡിസംബർ 30 മുമ്പ് പുതിയതായി മാറ്റിയെടുക്കപ്പെടുമെന്നു തന്നെ കരുതുക. അതിനുള്ള സാങ്കേതിക (Logistical) തടസ്സങ്ങൾ നമുക്ക് വഴിയേ ചർച്ച ചെയ്യാം.

ബാക്കിയുള്ള 2.13 ലക്ഷം കോടി കടലാസ്സായി കപ്പലണ്ടിപ്പൊതികളാവുന്നു. എന്നാൽ ഇവിടെ ഒരു കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. റിസർവ്വ് ബാങ്ക് 12.05 ലക്ഷം കോടിക്കല്ല പുതിയ നോട്ടുകൾ അടിക്കുക. പകരം റിസർവ്വ് മൂല്യത്തിനു തുല്യമായ 14.18 ലക്ഷം കോടിക്കാണ് നോട്ടുകൾ ഉണ്ടാക്കുക. ഫലത്തിൽ അടിച്ച 2.13 ലക്ഷം കോടി രുപ റിസർവ്വ് ബാങ്കിന്റെ കയ്യിൽ സ്റ്റോക്കുണ്ടാവും. അത് ഫെഡറൽ റിസർവ്വിലേക്ക് മുതൽകൂടും.

ഫലത്തിൽ സാധാരണക്കാരന്റെ കയ്യിലിരുന്ന 2.13 ലക്ഷം കോടി രൂപ റിസർവ്വ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ടെത്തി. ഈ പണം എന്തു ചെയ്യാനാണ് എന്ന് സർക്കാരിന് തീരുമാനമെടുക്കാവുന്നതേയുള്ളൂ.  ഒന്നുകിൽ  നിലവിലെ കമ്മി  കുറക്കാൻ  ബാലൻസ് ഷീറ്റിൽ  പ്രോഫിറ്റായി  കാണിക്കാം.  അല്ലെങ്കിൽ  വിതരണത്തിന്  തീരുമാനിച്ച്  ധനനില നിലവിലെ അവസ്ഥ തുടരട്ടെ  എന്നു തീരുമാനിക്കാം. മോദി ഗവൺമെന്റ്  രണ്ടാമത്തെ തീരുമാനം തന്നെയായിരിക്കും എടുക്കുക എന്ന് ഇതുവരെയുള്ള ഗവൺമെന്റിന്റെ കോർപ്പറേറ്റ് ആമുഖ്യത്തിൽ നിന്ന് നമുക്ക് ചിന്തിച്ചെടുക്കാവുന്നതാണ്. നിലവിൽ RBl യുടെ ധനശേഖരം 4.39 ലക്ഷം കോടി രൂപയാണ് (ആധാരം RBl രേഖകൾ). അതാണ് ഒറ്റയടിക്ക് 2.13 കൂടി 6.52 ലക്ഷം കോടി ആയിത്തീരുന്നത്. ഈ പണം റിസർവ്വ് ബാങ്ക് എങ്ങിനെയാണ് വിനിയോഗിക്കുവാൻ പോകുന്നത്? അതായിരിക്കും ഈ നടപടിയുടെ മെറിറ്റ് നിർണ്ണയിക്കുന്ന പ്രധാന ഘടകം. നാലു തരത്തിൽ പൊതുവിൽ ഈ സാദ്ധ്യതകളെ തിരിക്കാം.

1.കോർപ്പറേറ്റ് ചാകര
അധികം വരുന്ന ഈ പണം വിപണിയിലേക്ക് ഉടൻ ഇറക്കി വിടുക എന്നതാണ് ചലനാത്മകതയിൽ ഊന്നി നിൽക്കുന്ന ഒരു മുതലാളിത്ത സ്വതന്ത്ര വിപണി സാമ്പത്തിക ക്രമത്തിൽ റിസർവ്വ് ബാങ്കിന് ചെയ്യാനുള്ളത്. അതിനുള്ള വഴി ലോണുകൾ, കോർപ്പറേറ്റുകളുടെ കയ്യിലുള്ള ഗവൺമെന്റ്ന്നെ സെക്യൂരിറ്റികളുടെ തിരിച്ചു വാങ്ങൽ എന്നിവയാണ്. ജനുവരി ആദ്യ പകുതിയിൽ തന്നെ റിപ്പോ റേറ്റുകൾ കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ആഗോള എണ്ണവിലയുടെ ഇടിവും അതുണ്ടാക്കിയ മാന്ദ്യവും മൂലം കോർപ്പറേറ്റുകളുടെ ധനശേഖരം ഏറെകുറഞ്ഞ് അവർ ചിലവുചുരുക്കലിൽ ഏറെ ശ്രദ്ധിക്കുന്ന ഈ അവസരത്തിൽ അവർക്കു കിട്ടുന്ന ചാകരയാണീ കുറഞ്ഞ റിപ്പോ ലോണുകൾ.s-d-31ഫലത്തിൽ കോർപ്പറേറ്റ് എക്കാണമി മുന്നോട്ട് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനെല്ലാം പുറമെയാണ് മേൽപ്പറഞ്ഞ ഗ്രേ മണി ഏറെ കറങ്ങുന്ന റിയൽ എസ്റ്റേറ്റ്  രംഗത്തിന്റെ തകർച്ച. ഇത് നിക്ഷേപമെന്ന നിലയിൽ ഷെയർ മാർക്കറ്റിനെ കൂടുതൽ ആകർഷകമാക്കും. 1990 കളുടെ ആദ്യം ഡോ. മൻമോഹൻ സിംഗിന്റെ വരവോടെ വഴിതിരിഞ്ഞ് ഒഴുകാൻ തുടങ്ങിയ ഇന്ത്യൻ കോർപ്പറേറ്റ്, സാമ്പത്തിക രംഗത്തിന്റെ  അതിനു ശേഷമുള്ള ഏറ്റവും വലിയ മുന്നോട്ടായലും വഴിത്തിരിവുമായിരിക്കും ജനുവരിയിൽ റിപ്പോ റേറ്റുകൾ കുറച്ചാൽ സംഭവിക്കുക. സെൻസെക്സിന്റെ കുതിച്ചു ചാട്ടം (upward surge) 2017 ആദ്യ പകുതിയിൽ നമ്മൾ കണ്ടേക്കും. ലളിതമായിപ്പറഞ്ഞാൽ നിങ്ങൾ ലിബറൽ എക്കോണമിയെ ആരാധിക്കുന്ന ആളാണെങ്കിൽ രാജ്യത്തിന്റെ ആ അർത്ഥത്തിലുള്ള മുന്നേറ്റം സംഭവിക്കും എന്നുറപ്പിക്കാം.

പക്ഷെ ഇതിനൊരു മറുവശമുണ്ടെന്ന് മറക്കരുത്. കാലങ്ങളായി രാജ്യം തുടർന്നു വന്ന കോർപ്പറേറ്റ് വളർച്ചക്കൊപ്പം സാധാരണ പൗരന്റെ ക്ഷേമവും എന്ന  സംതുലിത സാമ്പത്തിക നിലപാടിൽ (balanced economic stand) നിന്നുമുള്ള പൂർണ്ണമായ വിടുതലായിരിക്കും ഇത്. സ്വദേശി സുരക്ഷാ ജാഗരൺ പറയുന്ന ഗോവിന്ദാചാര്യയെപ്പോലുള്ളവർ പരിവാർ ക്യാമ്പിൽ തന്നെ ഇതിനെ എതിർക്കുന്നതും അതു കൊണ്ടാവണം.

2. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നൽ
റിപ്പോ കുറക്കുന്നില്ല എന്ന അവസ്ഥയുണ്ടാവുകയാണെങ്കിൽ വരാവുന്ന രണ്ടു സാധ്യതകൾ നോക്കാം. രാജ്യത്ത് കോർപ്പറേറ്റ് വികസനത്തിന് ഏറ്റവും തടസ്സമെന്നവർ കരുതുന്ന  അടിസ്ഥാന സൗകര്യ വികസന (infrastructural development) ത്തിലേക്ക് ഈ അധികധനം വിനിയോഗം ചെയ്യപ്പെടാം. ഇവിടെ ഒരു ഘടകം കൂടിയുണ്ട്. ഇന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന അധിക ഭൂമി വില റിയൽറ്റി മേഖലയുടെ തകർച്ചയോടെ ഏറെ മാറിക്കിട്ടും. ഒരു വെടിക്ക് രണ്ടു പക്ഷി തന്നെ.

ഇവിടെയാണ് മുകളിൽ ചർച്ച ചെയ്ത സാധാരണ ജനതയുടെ ഉടൻ സംഭവിക്കുന്ന ജീവിതത്തകർച്ചയെ അൽപമെങ്കിലും രക്ഷിക്കാൻ ഉതകുന്ന സാധ്യതകൾ കാണാനുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് ഉടൻ പമ്പു ചെയ്യപ്പെടുന്ന പണം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലായും മറ്റു രൂപങ്ങളിലും ജനങ്ങളിലേക്ക് എളുപ്പത്തിലെത്താനിടയുണ്ട്.

3. യുദ്ധത്തിനുള്ള സാധ്യത
അമേരിക്കയിൽ ട്രംപ്  അധികാരത്തിൽ വന്നതോടെ ട്രംപ് – മോദി – പുടിൻ എന്ന അച്ചുതണ്ടിനെപ്പറ്റി ലോകം സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എതിരായി ഉള്ളത് ചൈനയും പാകിസ്ഥാനും മറ്റു രാജ്യങ്ങളും ചേർന്ന ഒരു സഖ്യവും. ഏതു സവിശേഷ സാഹചര്യത്തിലും ഇന്ത്യൻ അതിർത്തിയിൽ ഒരു യുദ്ധസാധ്യത തള്ളിക്കളയാൻ ആവില്ല. പണമേറെ ആവിശ്യമായ ഈ കളിയിൽ ഈ നടപടിയോടെ സർക്കാർ തയ്യാറായിക്കഴിഞ്ഞുവെന്നു വേണം കരുതാൻ.  പക്ഷെ നിലവിൽ അതിനായിട്ടാണ് സർക്കാർ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് പോയത് എന്നുറപ്പിക്കാൻ ആവില്ല തന്നെ.

NRI നിക്ഷേപങ്ങൾ – FCNRD (Foreign Currency Non- Repatriable Deposit.)
ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞ ഏപ്രിലിൽ സുബ്രഹ്മണ്യൻ സ്വാമി പൊട്ടിച്ച ഒരു ട്വീറ്റിന്റെ കഥ ഓൺലൈനിലും മറ്റും കിടന്ന് കറങ്ങുന്നത്. 2013-ൽ രഘുറാം രാജൻ തുടങ്ങി വച്ച FCNRD സ്കീം പ്രകാരം ഡെപ്പോസിറ്റ് ചെയ്യപ്പെട്ട 3 ലക്ഷം കോടി രൂപ ഡിസംബറിൽ തിരിച്ചു കൊടുക്കാൻ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു അത്. 3R (Reghu Ram Rajan) ടൈംബോംബ് എന്നാണ് സ്വാമി അന്നതിനെ വിശേഷിപ്പിച്ചത്. 4.39 ലക്ഷം കോടി കരുതൽ ധനമുള്ള റിസർവ്വ് ബാങ്കിന് ഇതത്ര പ്രതിസന്ധിയെന്ന് കരുതുക വയ്യ.

തകരുന്ന മേഖലകൾ, തളരുന്ന ജനജീവിതം
തൽക്കാലമുള്ള ഒരു പ്രതിസന്ധിയാണിത്; രാജ്യത്തിന്റെ പൊതുനന്മക്ക് ഒന്നു ക്ഷമിക്കൂ എന്ന രീതിയിൽ വലിയ പ്രചരണമാണ് ഇന്ത്യയൊട്ടാകെ നടക്കുന്നത്.

പക്ഷെ ഇതിന്റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. നമ്മൾ ഇപ്പോഴും ചർച്ച ചെയ്യുന്നത് ATM ലും ബാങ്കിലും ക്യൂ നിൽക്കുന്നവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. അതിനെല്ലാമേറെ എത്ര ഭീകരമാണ് അന്നന്നു തൊഴിലെടുത്ത് അന്നം കഴിക്കുന്ന തൊഴിലാളിയുടെ അവസ്ഥ. കഴിഞ്ഞ മൂന്നു ദിവസമായി പണിയില്ല ഒരാൾക്കും. ഉണ്ടെങ്കിൽ തന്നെ കൂലിയില്ല. എത്ര നാൾ ഇതു തുടരുമെന്നാണ്‌. ചെറുകച്ചവടം, ദിവസക്കൂലിക്ക് തൊഴിൽ എന്നിവ ചെയ്യുന്നവർ രണ്ടു ദിവസങ്ങൾക്കകം പട്ടിണിയായിത്തുടങ്ങിയെന്ന വാർത്ത കേട്ടു തുടങ്ങും.

ഇതിനെല്ലാം പുറമെയാണ് ഈ നടപടിയിലെ സാങ്കേതിക പരിമിതികൾ. ഒരുവേള ഇതൊരു തുഗ്ലക്ക് പരീക്ഷണമാണോ എന്ന് സംശയിച്ചു പോകുന്ന ചില സത്യങ്ങളുണ്ട്.

ലളിതമായ ഒരു കണക്കു നമുക്കു നോക്കാം. ഒരാൾക്ക് 50,000 രൂപ വരെയാണ് ബാങ്കിൽ ഡെപ്പോസിറ്റിനുള്ള പരിധി. നിലവിലെ 12.05 ലക്ഷം കോടി രൂപ ബാങ്കിലിടണമെങ്കിൽ 25 കോടി ബാങ്കു വിസിറ്റുകൾ നടക്കണം. അതായത് ഏകദേശം ഇന്ത്യയിലെ ഓരോ അഞ്ചിലൊരു പൗരനും ഒരു പതിനഞ്ചു മിനിറ്റെങ്കിലും ബാങ്കിൽ ചിലവഴിക്കണമെന്ന്. ഇതിനുള്ള സൗകര്യങ്ങൾ എവിടെയാണുള്ളത്. ഈ ഒറ്റക്കാരണത്താൽ നടപടി പിൻവലിച്ചാലോ ഡിസംബർ 30 എന്നത് നീട്ടിയാലോ അൽഭുതപ്പെടാനില്ല. ഇതിനെല്ലാം പുറമെയാണ്  ATM കളിലെ  സോഫ്റ്റ് വെയർ അപ്ഡേറ്റ്, 2000 ത്തിന്റെ നോട്ട്  ATM ട്രേയിൽ  കയറാതിരിക്കുക എന്നീ  പ്രശ്നങ്ങൾ. തുടക്കത്തിലെ ചെറുപ്രശ്നങ്ങൾ എന്ന രീതിയിൽ ഇവയെ തള്ളിക്കളയാവുന്നതുമാണ്.

2000 രൂപയുടെ  നോട്ട്   പ്രഖ്യാപനം സർക്കാരിന്റെ മറ്റൊരു പ്രഖ്യാപിത നയത്തിനു കൂടി വിരുദ്ധമാണ്.  ഈ  സർക്കാർ തന്നെ കൊണ്ടുവന്ന  ജസ്റ്റിസ്  M B ഷായുടെ നേതൃത്വത്തിലുള്ള കള്ളപ്പണം കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം  The  Special Investigation Team (SIT) കഴിഞ്ഞ ജൂലായിൽ  സുപ്രീം കോടതിയിൽ നൽകിയ  നിർദ്ദേശങ്ങളിൽ പ്രധാനം 3 ലക്ഷത്തിനു മുകളിലുള്ള ധനവിനിമയം  കറൻസിരഹിതമാക്കണം എന്നതാണ്.  കൂടുതൽ മൂല്യമുള്ള  6.33 ലക്ഷം കോടിയുടെ  2000 രൂപ നോട്ടുകൾ നിലവിലെ ഈ നിർദ്ദേശത്തിനു വിരുദ്ധമായി കറൻസി വിനിമയം  ഉയർത്തുകയാണ് ചെയ്യുക എന്നതിൻ സംശയമില്ല.

ഇവിടെ നാം കാണാതെ പോകുന്ന മറ്റൊന്നുകൂടി ഉണ്ട്. ഒരു രാജ്യത്തെ ജനത മുഴുവൻ ഇങ്ങനെ ചലനം നിലച്ചു നിൽക്കുമ്പോൾ ഉണ്ടാകുന്ന തൊഴിൽ നഷ്ടം. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ശ്രീലങ്കയോ നേപ്പാളോ പോലുള്ള ഒരു രാജ്യത്തെ ഒരു മാസം ഓടിക്കാൻ ഉതകുന്നതാണെന്നോർക്കണം.

ഒടുവിലായി ഇതു കൂടി. ഈ നടപടിയോടെ തകരാൻ പോകുന്നത് സഹകരണ സംഘങ്ങളും  ചെറുതും വലുതുമായ ചിട്ടി/ഡെപ്പോസിറ്റ് കമ്പനികളുമാണ്. സഹകരണ സംഘങ്ങൾ തകരാൻ പോകുന്നത് നടക്കുന്ന ചർച്ചകളിൽ പറയുന്നതു പോലെ അതിൽ മുഴുവൻ കള്ളപ്പണമായതു കൊണ്ടല്ല. വരുന്ന രണ്ടു മാസത്തേക്ക് ഒരു പണമിടപാട് പോലും നടക്കാതെ വരുമ്പോൾ സംഭവിക്കുന്ന അതിഭീകരമായ ഓവർഹെഡ് കമ്മി മൂലമാണ്. സഹകരണ സംഘങ്ങൾ തകരുമ്പോൾ തകരുന്നത് നാട്ടിലെ കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും വീട്ടമ്മമാരും അടങ്ങുന്ന ജനതയാണ് എന്നത് മറക്കരുത്. ജാമ്യ തുല്യം ചാർത്തലില്ലാതെ, ജപ്തി ഭീഷണി ഇല്ലാതെ, നൂലാമാലകളില്ലാതെ അവന്റെ/അവളുടെ അടിസ്ഥാന ആവിശ്യങ്ങൾ നടത്തിയെടുക്കാനുള്ള ചെറുവായ്പകളാണ് ഇല്ലാതാവുന്നത്. അടിസ്ഥാന ജനജീവിതത്തെ ഇതു ബാധിക്കില്ല എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്.

ഇന്നു കിട്ടിയില്ലെങ്കിൽ നാളെ കിട്ടുമല്ലോ എന്ന ഉറപ്പിൽ നാം എടിഎം കാർഡ് തിരിച്ചു പോക്കറ്റിലിട്ട് തിരിച്ചു നടക്കുമ്പോഴല്ല ഇനിയൊരിക്കലും കിട്ടില്ല എന്നുറപ്പുള്ള ഒരാൾ ആത്മഹത്യക്കു ശ്രമിക്കുമ്പോഴാണ് ഈ നടപടി തെറ്റായി മാറുന്നത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. എത്ര ദീർഘദർശിയായ നടപടി ആണെങ്കിലും ഇവിടെ ഭരണാധികാരി ഉറപ്പായും തുഗ്ലക്ക് എന്നു വിളിക്കപ്പെടും.

ലിബറൽ എക്കണോമിയുടെ തലതൊട്ടപ്പനായ ഫ്രെഡറിക്ക് ബാസ്തിയാ (Frederic  Bastiat) പണ്ടേ ഇത് ഇങ്ങനെ പറഞ്ഞു വച്ചിട്ടുണ്ട് – “When plunder becomes a way of life, men create for themselves a legal system that authorizes it and a moral code that glorifies it.”

പക്ഷെ ഒന്നുറപ്പാണ്. സർക്കാർ ഉടൻ ഇടപെടാതെ ജനങ്ങളുടെ ബുദ്ധിമുട്ടിന് അടിയന്തിര പരിഹാരം കാണാതെ ഈ അവസ്ഥ തുടർന്നാൽ ദിവസങ്ങൾക്കകം ജനം തെരുവിലിറങ്ങും. അന്ന് രാജ്യപുരോഗതിയുടെ ന്യായവും പറഞ്ഞുചെന്നാൽ ആരും കേൾക്കാനുണ്ടാവില്ല.

Comments

comments