തൊണ്ണൂറാമത്തെ വയസ്സില്‍ ഫിദല്‍ കാസ്ട്രോ എന്ന ക്യൂബന്‍ വിപ്ലവനായകന്‍ കഥാവശേഷനായിരിക്കുന്നു. അദ്ദേഹം മാവോയിസ്റ്റുകളെfidel-c-3 പോലെ ഒരു ഗറില്ലാ പോരാളി ആയിരുന്നു. ആദ്യയുദ്ധം പരാജയപ്പെട്ടു ജയിലിലായി. പക്ഷെ അദ്ദേഹത്തെ ഭരണകൂടം അല്പകാലത്തിനു ശേഷം പുറത്തുവിട്ടു. അദ്ദേഹം വീണ്ടും ഗറില്ലാ പോരാട്ടം നടത്തി. കൂടുതല്‍ ശക്തി സമാഹരിച്ചു ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. അത് കമ്യൂണിസ്റ്റ് വിപ്ലവം ആയിരുന്നില്ല. അമേരിക്കയുമായി സംഘർഷം അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അമേരിക്ക ക്യൂബക്ക് മുഖം തിരിച്ചപ്പോള്‍ അദ്ദേഹം നയതന്ത്രജ്ഞനായ ഒരു ഭരണാധികാരി കൂടിയായി. ശീതയുദ്ധത്തിന്റെ നട്ടുച്ച ആയിരുന്നു. അദ്ദേഹം സോവിയറ്റ് യൂണിയനുമായി അടുക്കുകയും ക്യൂബയില്‍ വിപ്ലവം നടന്ന് ഏതാനും കൊല്ലത്തിനു ശേഷം നടന്നത് കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു എന്ന് പറഞ്ഞു. മറ്റ് പാർട്ടികള്‍ ഒക്കെ പിരിച്ചുവിട്ടു രാജ്യത്തെ സോഷ്യലിസ്റ്റ് പരമാധികാര റിപ്പബ്ലിക് ആയിche-v-1 പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സമരസഖാവും മാർക്സിസ്റ്റും ആയിരുന്ന ചെ ഗവേര ബോളീവയിയില്‍ ഗറില്ലാ പോരാട്ടത്തിനു തിരിച്ചുപോയി. അവിടെവച്ച് ഒരു വ്യാജ ഏറ്റുമുട്ടലില്‍ അദ്ദേഹം നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഭരണകൂടത്തിന്റെ കെടുനീതികള്‍ പറയുമ്പോഴൊക്കെ ഓർക്കാൻ നമ്മുടെ മുൻപിൽ ആ ചരിത്രമുണ്ട്. എന്നാല്‍ അതിനു സാമാനമായ ഒന്ന് കേരളത്തില്‍ നടന്നിരിക്കുകയാണ്. രണ്ടു മാവോയിസ്റ്റ് ഗറില്ല പോരാളികള്‍ ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ പോലീസിനാല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിനു ഉത്തരവിട്ട സർക്കാരിന്റെ തലവന്‍ നാട്ടിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്.n-e-3

കടുത്ത മനുഷ്യാവകാശ ലംഘനം ആണ് നിലമ്പൂരില്‍ നടന്നിരിക്കുന്നത് എന്ന് എടുത്തു പറയേണ്ട കാര്യമില്ല. ഇതുവരെയുള്ള അറിവുവച്ച് രണ്ട് മാവോയിസ്റ്റ് പോരാളികളുടെ കൊല കേവലമായ ഭരണകൂട ഭീകരതയാണ്. അതിനെ ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമംpinarayi-c-2 പരിഹാസ്യവും നീചവുമാണ്. ലോകത്തെവിടെയും നടക്കുന്ന, നടന്നിട്ടുള്ള ഒളിപ്പോര്‍ സമരങ്ങളിലെ വിപ്ലവകാരികള്‍ നേരിട്ടിട്ടുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ അതേ ക്രൂരതയും ഹിംസയുമാണ്‌ നിലമ്പൂരിലും നടന്നത്. ഇക്കുറി വ്യവസ്ഥയുടെ നിർലജ്ജമായ സംരക്ഷണത്തിന് കൂട്ടുപോയത് പിണറായി വിജയനാണ് എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ കോമാളിത്തമാക്കുന്നില്ലേ എന്ന് അദ്ദേഹം ആത്മപരിശോധന നടത്തട്ടെ. ഹാർവാർഡിലെ ബൂർഷ്വാ ധനശാസ്ത്രജ്ഞയുടെ ലേഖനം ന്യായീകരിക്കാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇടേണ്ടി വന്ന വിജയന്‍ എന്ന പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഗതികേട് സ്വയംകൃതാനർത്ഥം ആയിരുന്നു. അതില്‍ സഹതാപമേ ഉള്ളു. പക്ഷെ ഈ രണ്ടു കമ്യൂണിസ്റ്റ് വിപ്ലവകാരികളെ അരുംകൊല ചെയ്ത നീതികേടിനും ചൂട്ടുപിടിക്കാന്‍ തുനിയുന്നത് മനസ്സില്‍ എന്തെങ്കിലും വിപ്ലവനൈതികത അവശേഷിക്കുന്നുണ്ടോ എന്ന് സ്വയം ചോദിയ്ക്കാന്‍ കൂടിയുള്ള അവസരമായിരിക്കും.

മാവോയിസ്റ്റുകള്‍ ഇന്ത്യയില്‍ ഇങ്ങനെ ഭരണകൂട ഭീകരതയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. അവസാനത്തേതും ആയിരിക്കില്ല. എന്നാല്‍ കേരളത്തില്‍ അത്തരത്തില്‍ ഒന്ന് ഇപ്പോള്‍, ഈ ഭരണത്തിൻ കീഴില്‍ വിശേഷിച്ചു, പ്രതീക്ഷിച്ചതല്ല. നിറതോക്കിനു തങ്ങള്‍ ഇരയാക്കിയ, മനുഷ്യവിമോചനത്തിന്റെ ആശയങ്ങളാൽ പ്രചോദിതരായിരുന്ന, ഒരു വൃദ്ധന്റെയും യുവതിയുടെയും ജഡത്തിനു മുകളില്‍ ചവുട്ടിനിന്ന് ലോകനാഥ് ബെഹ്ര എന്ന പോലീസുകാരന്‍ ചിരിച്ചത് കേരളത്തിലാണ് എന്നത് രണ്ടു നൂറ്റാണ്ട് പഴക്കമുള്ള നമ്മുടെ ജനകീയ സമരചരിത്രത്തെ നോക്കിയുള്ള പല്ലിളിക്കലാണ് എന്ന് തിരിച്ചറിയാന്‍ ഉള്ള വിവേകം സാമൂഹിക പരിവർത്തനത്തില്‍ വിശ്വസിക്കുന്നവർക്ക് ഉണ്ടാകേണ്ടതാണ്.

ലോകത്തിലെ കമ്യൂണിസ്റ്റ് പാർട്ടികള്‍ പല ആശയസമരങ്ങളിലൂടെ കടന്നു പോയിട്ടുള്ളവയാണ്. ചിലതൊക്കെ ഭരണമില്ലാത്ത പാശ്ചാത്യലോകത്തെ കമ്യൂണിസ്റ്റ് പാർട്ടികളെ പോലെm-v-2 ആഗോള മുതലാളിത്തത്തിന്റെ വെൽഫെയര്‍ സ്റ്റേറ്റ് സങ്കൽപ്പത്തെ സ്വീകരിച്ചിട്ടുണ്ട്. മുതലാളിത്തം നിയോ ലിബറല്‍ മൂല്യങ്ങളിലേക്കു ചുരുങ്ങിയപ്പോള്‍ ഒപ്പം ചുരുങ്ങുകയോ പഴയ മാമൂലുകളില്‍ കുടുങ്ങി കിടക്കുകയോ ചെയ്തിട്ടുണ്ട്. ഭരണം കിട്ടാന്‍ അവസരം ഉണ്ടായ പാർട്ടികള്‍ ചൈനയിലെപ്പോലെ വിപണി വ്യവസ്ഥയെ ആഞ്ഞാഞ്ഞു പുൽകിയിട്ടുണ്ട്. സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാ യാഥാർത്ഥ്യബോധവും വെടിഞ്ഞു ചരിത്രത്തിലെ സ്വന്തം അനിവാര്യതകളെക്കുറിച്ച് ആണയിട്ടു ഗറില്ലാ പോരാട്ടങ്ങള്‍ നടത്തുന്നുണ്ട്. അവര്‍ തീർച്ചയായും ‘നിയമ വിധേയര്‍’ അല്ല. അവരോടുള്ള വിവിധ ഭരണകൂട സമീപനങ്ങള്‍ എപ്പോഴും ശത്രുതാപരമാണ്. സി.പി.എമ്മിനോട് അത്തരത്തിലുള്ള ഭരണകൂടശത്രുത ഉണ്ടാവില്ല. കാരണം അതിപ്പോള്‍ നിയമവിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഭരണകൂടത്തിന്റെ ഭാഗമാണ്.

എന്നാല്‍ സി.പി.എമ്മിന്റെ പാർട്ടി പരിപാടിയിലും വിപ്ലവം ഉണ്ട്. ജനകീയ ജനാധിപത്യ വിപ്ലവം. എപ്പോള്‍ വേണെമെങ്കിലും നടക്കാം – അതിനു പക്വമായി ഇന്ത്യ എന്ന് പാർട്ടിക്ക് തോന്നുമ്പോള്‍. ഇപ്പോള്‍ തന്ത്രപരമായി പാർലമെന്ററി പ്രവർത്തനത്തില്‍ പങ്കെടുക്കുകയാണ് – ഇതില്‍ വിശ്വാസം ഉള്ളതുകൊണ്ടല്ല. ലിബറല്‍ ജനാധിപത്യം കേമമായതുകൊണ്ടല്ല. ഭൌതികസാഹചര്യങ്ങള്‍ വിപ്ലവത്തിന് അനുകൂലമല്ലാത്തതിനാല്‍ ഇതാണ് അടവ് എന്നേയുള്ളു. അപ്പോള്‍ സി.പി.എമ്മും തത്ത്വത്തില്‍ ഒരു വിപ്ലവപാർട്ടി തന്നെയാണ്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാവോയിസ്റ്റ് പാർട്ടികള്‍ അതിനെ റിവിഷനിസ്റ്റ് എന്ന് വിളിക്കുന്നു. നമ്പൂതിരിപ്പാട്‌ അവർക്ക് “ഇന്ത്യന്‍ കൌട്സ്കി” ആയിരുന്നു. കൌട്സ്കിയെ കുലംകുത്തി എന്ന് വിളിച്ചത് ലെനിനായിരുന്നു. സി.പി.എം അവരെ ഇടതുപക്ഷ ബാലാരിഷ്ടക്കാർ ആക്കുന്നു. സി.പി.ഐക്കാര്‍ ഇവരെയെല്ലാം ഇടതുപക്ഷ ബാലാരിഷ്ടക്കാര്‍ ആക്കുന്നു.

ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന പാർട്ടികൾക്കിടയില്‍ ആശയവൈരുധ്യം ഉണ്ട്. വിപ്ലവാനന്തരഘട്ടത്തില്‍ വിജയിച്ചവർക്ക് പലതും ചെയ്യാന്‍ കഴിയും. അത്തരം ഘട്ടങ്ങള്‍ മോസ്ക്കോ ട്രയലിന്റെ കാലം മുതല്‍ ടിയാന്മെൻtianmen1 വരെയും അതിനുശേഷവും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ലിബറല്‍ ജനാധിപത്യഘടന അംഗീകരിച്ചു അതിനുള്ളില്‍ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് അതിന്റെ ശീലങ്ങള്‍ പിന്തുടരാന്‍ മാത്രമല്ല, അതിനെ ഭേദപ്പെടുത്താനും കഴിയും. ഭരണകൂടത്തിന്റെ ഭാഗമാവുമ്പോഴും അതിന്റെ ദുർനീതികള്‍ മുഴുവന്‍ ചുമക്കാനും അതിന്റെ ദയനീയരായ കാവല്‍ നായ്ക്കള്‍ ആവാനും അത്തരം പാർട്ടികള്‍ തുനിയേണ്ടതില്ല. ചരിത്രത്തില്‍ യാദൃശ്ചികമായി കിട്ടിയ അധികാരം ഉപയോഗിച്ച്, വ്യത്യസ്തമായ വിപ്ലവതന്ത്രം പിന്തുടരുന്നു എന്നതിന്റെ പേരില്‍ മറ്റു കമ്യൂണിസ്റ്കാരെ മുഴുവന്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവിടേണ്ടതില്ല. ഇതെല്ലാം കമ്യൂണിസ്റ്റ് എന്ന ലേബല്‍ ഉള്ളതുകൊണ്ടുള്ള സംഭാഷണം.

മറിച്ചും ഇന്ന് പറയാനുണ്ട്. ഇന്ത്യന്‍ ഭരണകൂടം സിമി പ്രവർത്തകരായ വിചാരണ തടവുകാരെ ഇതുപോലെ പച്ചക്ക് വെടിവച്ചുകൊന്നത് ഏതാനും ആഴ്ചകൾക്കു മുൻപാണ്. ബീഹാറില്‍, ഒറീസ്സയില്‍, ആന്ധ്രയില്‍, ഗുജറാത്തില്‍, മഹാരാഷ്ട്രയില്‍, ന്യൂനപക്ഷ ദളിത്‌ രാഷ്ട്രീയ പ്രവർത്തകരെയും മാവോയിസ്റ്റുകളെയുംnalgonda1 ഇങ്ങനെ നിരന്തരം വ്യാജ ഏറ്റുമുട്ടലുകളില്‍ ഭരണകൂടം കൊന്നുകളയുന്നുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നിലനിൽക്കുന്ന മനുഷ്യാവകാശ സങ്കൽപ്പങ്ങളെ പാടെ നിരാകരിക്കുന്ന, അവയെ നോക്കുകുത്തിയാക്കുന്ന അതേ നയം കേരളത്തിലെ സർക്കാരുകള്‍ നഗ്നമായി സാധാരണ പിന്തുടർന്നു കണ്ടിട്ടില്ല. 1970-ല്‍ അരീക്കൽ വർഗ്ഗീസിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സി.പി.ഐ – കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റിനെതിരെ ചില സി.പി.എം നേതാക്കള്‍ പ്രതികരിച്ചിരുന്നു. അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് പരമ്പര എഴുതിയിട്ടുള്ള പത്രമാണ്‌ ദേശാഭിമാനി. അതില്‍ കൂടുതലും പരാമർശിക്കപ്പെട്ടിരുന്നത് സിപിഎംകാരുടെ പേരുകള്‍ ആയിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. ഒരു വലിയനിര പേരുകള്‍ മാവോയിസ്റ്റ് വിപ്ലവകാരികളുടെതായിരുന്നു. വേണുവും അജിതയും അടക്കം നിരവധി പേരുകള്‍. അക്കാലം കഴിഞ്ഞു യു.ഡി.എഫ് എല്‍.ഡി.എഫ് ജനകീയ സർക്കാരുകള്‍ നിരവധി വന്നുപോയി. ഓരോ സർക്കാരിന്റെയും ജനവിരുദ്ധ, മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരെ ശബ്ദിക്കുന്ന ഒരു സിവില്‍ സമൂഹം കേരളത്തില്‍ ശക്തമാണ്. എന്നാല്‍ മനുഷ്യാവകാശങ്ങളെ ഇത്രയും നഗ്നമായി ലംഘിക്കുന്ന, ഇതരസംസ്ഥാനങ്ങളിലെ പോലീസുകാരുടെ ക്രൂരനിലവാരത്തിലേക്ക് വീണുപോയ ഒരു ഡി.ജി.പിയെ താലോലിക്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ ഇനി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചതല്ല.

അരീക്കല്‍ വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക വിശദീകരണം ദശാബ്ദങ്ങളോളം ഈ സംഭവത്തെക്കുറിച്ചുള്ളcomvarghese1 അധീശത്വഭാഷ്യമായി നിലനിന്നു. എന്നാൽ മരിച്ച് 18 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തെ ഡി.എസ്.പി ലക്ഷ്മണയുടെ ഉത്തരവ് പ്രകാരം, ഇപ്പോള്‍ ഈ മാവോയിസ്റ്റ് വിപ്ലവകാരികളെ പിണറായി വിജയന്റെയും ലോകനാഥ് ബെഹ്രയുടെയും പോലീസ് കൊന്നതുപോലെ, കൊന്നുകളഞ്ഞതാണെന്ന വെടിവച്ചു കൊലപ്പെടുത്തിയ രാമചന്ദ്രൻനായർ എന്ന കോൺസ്റ്റബിളിന്റെ വെളിപ്പെടുത്തലോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ പുറത്തുവന്നത്. ഈ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ചുമത്തിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികൾ കൈക്കൊള്ളുകയും ലക്ഷ്മണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതേ മാർഗ്ഗം തന്നെയാണ് ഇപ്പോള്‍ സർക്കാരിന്റെ മുന്നിലുള്ളത്. അതില്‍ നിന്ന് ഒളിച്ചോടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപഹാസ്യമാണ്. അതുകൊണ്ടുതന്നെ ഈ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് എത്രയും വേഗം അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാരെ കണ്ടുപിടിച്ചു ജയിലില്‍ അടക്കുകയും ചെയ്യാനുള്ള അന്തസ്സ് മുഖ്യമന്ത്രിക്ക് ഉണ്ടാകും എന്ന് ഈ വൈകിയവേളയിലും പ്രതീക്ഷിക്കുകയാണ്. ഈ കൊലപാതകത്തില്‍ താന്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറയാനുള്ള ആർജ്ജവം കാണിക്കാനും പിണറായി വിജയന്‍ തയ്യാറാവട്ടെ.

ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുമെന്ന് പണ്ട് വിശ്വസിച്ചിരുന്നു മുഖ്യമന്ത്രിയുടെ പാർട്ടി. ആ വിശ്വാസം കെടാത്തവര്‍ ഇന്നുമുണ്ടെങ്കില്‍ അവരെയെല്ലാം കൊന്നൊടുക്കാന്‍ നിങ്ങൾക്ക് കഴിയുമോ എന്ന് ആലോചിക്കുന്നത് നന്ന്. പുന്നപ്രയിലെ വാരിക്കുന്തവും വയനാട്ടിലെ അമ്പും വില്ലും വെറും മുദ്രാവാക്യങ്ങളിലെ പ്രാസവും അലങ്കാരവും ഭൂതാതുരതയുടെ വിലാപങ്ങളും അല്ലാത്തവര്‍ ഇപ്പോഴും ഉണ്ടാകും. അവരെ വളഞ്ഞുപിടിച്ചു നരവേട്ട നടത്തി ഉന്മൂലനംചെയ്തു മേനിനടിക്കാന്‍, ബൂർഷ്വാ നേതാക്കൾക്കും സവർണ്ണ ഫാസിസ്റ്റുകൾക്കും കഴിയുന്നത്ര ലാഘവത്തോടെ കഴിയുന്ന ഒരു വിഭാഗീയ സ്റ്റാലിനിസ്റ്റ്ബോധത്തെ അങ്ങേയറ്റത്തെ വേദനയോടെയും അവജ്ഞയോടെയും മാത്രമേ കാണുവാന്‍ കഴിയൂ.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, നിങ്ങൾക്കു ചരിത്രം മറക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍ 1947-ല്‍ മദ്രാസ്സില്‍ രൂപംകൊണ്ട സിവില്‍ ലിബർട്ടി ഓർഗനൈസേഷന്‍ മാറ്റി നിർത്തിയാല്‍ 1948-ല്‍ സായുധകലാപത്തിനു തുനിഞ്ഞതിന്റെ പേരില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരുടെ മനുഷ്യാവകാശങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു മനുഷ്യാവകാശ സംഘടന – കൽക്കട്ടയിലെ സിവില്‍ ലിബെർട്ടീസ് കമ്മിറ്റി – രൂപം കൊണ്ടത്‌. ഇപ്പോള്‍ ജനങ്ങളുടെ പ്രതിക്കൂട്ടില്‍ നിൽക്കുന്ന സ്വന്തം പോലീസിനെ ന്യായീകരിക്കാന്‍ നാവുനീട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഇക്കാര്യം ഓർമ്മിക്കാന്‍ ലജ്ജ ഉണ്ടാകാം. എന്നാല്‍ അന്നും ഇന്നും വിപ്ലവകാരികളുടെ അവകാശങ്ങൾക്കു വേണ്ടി ജനാധിപത്യവാദികള്‍ ശബ്ദം ഉയർത്തുന്നത് അവരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു ഭ്രമിച്ചിട്ടല്ല. മറിച്ചു, ജനാധിപത്യത്തിന്റെ അടിസ്ഥാനം വൈവിധ്യങ്ങളെ ഉൾക്കൊള്ളലാണ് എന്ന് അറിയുന്നതുകൊണ്ടണ്‌. അവരുടെ ശബ്ദം ഇപ്പോള്‍ കേരളത്തിലും ഉയരുകയാണ്. ഇത് പെട്ടെന്ന് കെട്ടടങ്ങും എന്നും എല്ലാം അടിച്ചമർത്തിക്കളയാമെന്നും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ ആ വിഡ്ഢിസ്വർഗ്ഗത്തില്‍ അധികകാലം കഴിയേണ്ടിവരില്ല എന്ന് ചരിത്രത്തിന്റെ ചുവരില്‍ എഴുതിയിരിക്കുന്നത് താങ്കൾക്കും തീർച്ചയായും വായിക്കാവുന്നതേയുള്ളു.

Comments

comments