സമീപകാലത്ത് കർണാടകസംഗീതത്തിൽ ടി എം കൃഷ്ണ എന്ന യുവഗായകൻ നടത്തുന്ന ജാതിവിവേചന വിമർശത്തെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ ബാലമുരളീകൃഷ്ണ പറഞ്ഞു:
“സംഗീതം എല്ലാ അതിരുകളേയും കവിഞ്ഞു നിൽക്കുന്നതാണ് എന്നാൽ നമ്മുടെ സംഗീതത്തിൽ ബ്രാഹ്മണനല്ലാത്തതിനാൽ അതിരു നിശ്ചയിക്കപ്പെടുന്നുണ്ട് എങ്കിൽ, തീർച്ചയായും സ്വയം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.”

കർണാടകസംഗീതത്തിന്റെ പൊതുമണ്ഡലമാകെ  കടുത്ത എതിർപ്പോടെയോ   അർത്ഥപൂർണമായ മൗനാവഗണനയോടെയോ നേരിട്ട കൃഷ്ണയുടെ നിലപാടുകളെക്കുറിച്ച് തന്റെ അഭിപ്രായം സധൈര്യം പറയാൻ ബാലമുരളീകൃഷ്ണ മടിച്ചില്ല. നടപ്പുവഴികളോട് അല്ലെങ്കിലും ഒരിക്കലും അദ്ദേഹം സമരസപ്പെട്ടിരുന്നില്ല. പറയാൻ തോന്നുന്നവ ഏതു കാലത്തും ആരുടേയും മുഖത്തുനോക്കി ആർജ്ജവത്തോടെ അദ്ദേഹം പറഞ്ഞു.  അതിനാൽതന്നെ മിക്കപ്പോഴും ഒറ്റയാനായി. സ്വയം നിർമ്മിച്ച വനങ്ങളിൽ അലഞ്ഞു.

കർണാടകസംഗീതം എന്നാൽ തനിക്ക് സവിശേഷമായ പാരമ്പര്യവിശേഷങ്ങൾ പേറുന്നൊരു സംഗീതശാഖയല്ല എന്ന് അദ്ദേഹം ഉറച്ചുപ്രഖ്യാപിച്ചു. കർണാനന്ദകരമായ സംഗീതം എന്നു വേണമെങ്കിൽ സമ്മതിക്കാം. തനിക്കു സംഗീതം ഒന്നേയുള്ളൂ. എല്ലാം ഒരേ സംഗീതമാണ് – ഇതായിരുന്നു ബാലമുരളീകൃഷ്ണയുടെ വാദം. ഏതാണ്ട് ശ്രീനാരായണഗുരു ആത്മോപദേശകത്തിൽ പറഞ്ഞതുപോലെ – “പലമതസാരമേകമുലകിൽ” എന്ന മട്ടിൽ “പല സംഗീതസാരമേകമുലകിൽ” എന്നൊരു സിദ്ധാന്തം.  ഇതൊട്ടും നിസ്സാരമായിരുന്നില്ല. നമ്മുടെ ഗന്ധർവ്വസ്വരങ്ങൾ ഇടക്കിടെ പറയുന്ന ഒരു പൊതുവൽകൃതവാചകവുമായിരുന്നില്ല അത്. അനേകം ജാതികളായി പിരിഞ്ഞ മനുഷ്യസമുദായത്തിനു നേരെ പലമതസാരവും ഏകമാണ് എന്നു പ്രഖ്യാപിക്കും മട്ടിൽ തന്നെയാണ് ബാലമുരളീകൃഷ്ണ പലതായി പിരിഞ്ഞു കിടക്കുന്ന സംഗീതശാഖകളേയും കണ്ടത്. ഒന്നും നീചമോ വരേണ്യമോ അല്ലെന്ന് ബാലമുരളീകൃഷ്ണ നിരന്തരം പറഞ്ഞു. എല്ലാ സംഗീതത്തിന്റെയും സൗന്ദര്യത്തികവിനെ ഒരേമട്ടിൽ കണ്ടു. ഇത്തരം പ്രതിഭകൾ ഏതു കാലത്തിലും അപൂർവ്വമായിരിക്കും.blm1c

കച്ചേരിമേടയിലെ ഒറ്റയടിപ്പാത

ബാലമുരളീനാദം കച്ചേരികളിൽ ചെയ്തതെന്തെന്ന് നാം മിക്കപ്പോഴും ഗൗരവമായി ആലോചിക്കാറില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ നൈസർഗികസ്വഭാവം വിശകലനങ്ങൾക്കു വഴങ്ങാത്ത ഒരമൂർത്തതയെ സംവഹിക്കുന്നു എന്നതൊന്ന്, തമിഴ്നാട്ടിൽ നിന്നു വികസിച്ചുവന്ന പാരമ്പര്യ-വ്യാകരണബോധം നമ്മുടെ കർണാടകസംഗീത സങ്കൽപ്പത്തിൽ ചെലുത്തുന്ന അധികാരബോധം മറ്റൊന്നും. കുന്നക്കുടിയുടെ വയലിൻ – ബാലമുരളീകൃഷ്ണയുടെ വോക്കൽ – ഇവയെല്ലാം ചേർത്തൊരു നുകമുണ്ടാക്കി അതിൽ കെട്ടാനാണ് പൊതുവേ നാം താല്പര്യപ്പെടുന്നത്.

എന്നാൽ അവയ്ക്കെല്ലാം പുറത്ത്, മറ്റൊരു സംഗീതജ്ഞനും കയ്യെത്തിപ്പിടിക്കാനാവാത്ത ജനസമ്മിതിയുമായി, ബാലമുരളീകൃഷ്ണ പാടിക്കൊണ്ടിരുന്നു. അതെന്തുകൊണ്ട്? കർണാടകസംഗീതത്തിന്റെ പാരമ്പര്യമെന്നു നാം പൊതുവേ വിവക്ഷിക്കുന്ന സങ്കുചിതബോധത്തെയല്ല, താൻ പിന്നിട്ടു പോന്ന മറ്റേതോ വിപുലപാരമ്പര്യത്തിന്റെ തുടർശ്രേണിയിൽ  ഇവിടെ വന്നു പിറന്നെന്നു മാത്രം എന്ന ഭാവത്തോടെ ഏർപ്പെട്ട കലാസപര്യയിൽ അദ്ദേഹം പൂർണ്ണതൃപ്തനായിരുന്നു. സ്വന്തമായി കമ്പോസ് ചെയ്ത് കീർത്തനങ്ങളും തില്ലാനകളും പാടി, സ്വകീയമായൊരു മാർഗം നൈസർഗികമായി തുറന്ന്,  ബാലമുരളീകൃഷ്ണ പാടിത്തീർത്തു തന്റെ ജീവിതം.

അയത്നലളിതവും അനർഗളവുമായ ശാരീരമായിരുന്നു ബാലമുരളീകൃഷ്ണയുടെ സമ്പത്ത്. എല്ലാ ആഴങ്ങളിലും ഉയരങ്ങളിലും സുഗമമായി ചെന്നു തൊടുന്ന വിധം സൂക്ഷ്മമായ ശാരീരമുള്ള കണ്ഠം എന്നും അദ്ദേഹത്തെ അനുഗ്രഹിച്ചു നിന്നു.  മൈക്കിന്റെ സാദ്ധ്യതകളെ ആഘോഷിച്ച ശാരീരം ബാലമുരളീകൃഷ്ണയുടേതാണ്. പലതരം ഒക്ടേവുകളിൽ അനർഗളം പ്രവഹിക്കുന്ന തന്റെ ശാരീരസിദ്ധി മുഴുവൻ അദ്ദേഹം  മൈക്കിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നിർവ്വഹിച്ചത്. അമൃതവർഷിണിയിലും കുന്തളവരാളിയിലുമെല്ലാം  ബാലമുരളീകൃഷ്ണ  ചെയ്ത തില്ലാനകളിൽ അടക്കം ഇതു സുവ്യക്തമാണ്.

മറ്റൊരു സവിശേഷത, അനന്യസാധാരണമായ ബാലമുരളീനാദമായിരുന്നു. ശരീരഭാഷയിലും സൗന്ദര്യസമീപനങ്ങളിലും ശബ്ദത്തിന്റെ ആകരത്തിലും ബാലമുരളീകൃഷ്ണയ്ക്ക് നൈസർഗികമായൊരു തെന്നിന്ത്യൻ പ്രാചീനതയുണ്ടായിരുന്നു, അത്രയെളുപ്പം വാക്കുകളിലേക്ക് വ്യാവർത്തിപ്പിക്കാനാവാത്ത ഒരു ഇരുൾച്ചന്തം. ശബ്ദഗാംഭീര്യത്തെപ്പറ്റിയുള്ള നമ്മുടെ സാമ്പ്രദായിക സൗന്ദര്യഭാവനകളോട് അത്രയിണങ്ങുന്നതായിരുന്നില്ല അത്, എന്നാൽ ശരിയ്ക്കും  ഗംഭീരമായ ഘനനാദം. പഞ്ചരത്നകൃതികൾ പോലുള്ള ഊട്ടിമിനുക്കിയ കൃതികളുടെ ആലാപാനത്തിൽ ഈ ശബ്ദമാസ്മരം  അതിന്റെ ഉയരം പ്രാപിക്കുന്നു. അസാധാരണമായ  മുഴക്കത്തിൽ  ഒളിപ്പിച്ചു വെച്ച കാൽപ്പനികഭംഗിയെ ആവിഷ്കരിക്കുന്ന, അത്യപൂർവ്വമായ ശബ്ദം.

ഇനിയും എണ്ണിത്തിട്ടപ്പെടുത്താം, പലഗുണങ്ങൾ – ഭാവത്തിലുള്ള സൂക്ഷ്മശ്രദ്ധ മുതൽ ഉച്ചാരണത്തിലെ ജാഗ്രതവരെ, രാഗാലാപനത്തിന്റെ വിദ്യുത്കാന്തി മുതൽ സ്വരവേഗങ്ങളിലെ സാഹസികതകൾ വരെ. പക്ഷേ ഇവയെല്ലാം അനുഗ്രഹിച്ചിട്ടും ബാലമുരളീകൃഷ്ണ കർണാടകസംഗീതത്തിന്റെ പൊതുധാരയിൽ നിന്ന് കലാപകാരിയായി മാറ്റിനിർത്തപ്പെട്ടത് എന്തു കൊണ്ടാണ്?

പാരമ്പര്യത്തിന്റെ പൊതുബോധനിരാസം
പാരമ്പര്യത്തെപ്പറ്റി കർണാടകസംഗീതം ഇരുപതാം നൂറ്റാണ്ടിൽ രൂപീകരിച്ചെടുത്ത പൊതുസമീക്ഷയോട് ബാലമുരളീകൃഷ്ണ  ഇടഞ്ഞു നിന്നു എന്നതാണ് പ്രധാനകാരണം. വാസ്തവത്തിൽ അദ്ദേഹം മറ്റാർക്കും ലഭിക്കാത്ത മഹാപാരമ്പര്യത്തിന്റെ തുടർക്കണ്ണിയായിരുന്നു,  അതദ്ദേഹം  എല്ലായ്പ്പോഴും എടുത്തു പറഞ്ഞ് അഭിമാനം കൊണ്ടിട്ടുമുണ്ട്.

ആധുനിക കർണാടകസംഗീതത്തിന്റെ യുഗപുരുഷനായ ത്യാഗരാജന്റെ നേർപരമ്പരയിൽ ആണ് ബാലമുരളികൃഷ്ണ വരുന്നത്. ബാലമുരളീകൃഷ്ണയുടെ ഗുരുനാഥനായ പാരുപ്പള്ളി രാമകൃഷ്ണ പന്തലു ത്യാഗരാജന്റെ ശിഷ്യപരമ്പരയിൽ വരുന്ന ഗായകനാണ്. ഈ മഹാപാരമ്പര്യമുള്ളതിനാൽ തന്നെ മറ്റു പാരമ്പര്യവാദങ്ങളോടെല്ലാം ബാലമുരളീകൃഷ്ണയ്ക്ക് എന്നും നിസ്സാരതാഭാവമുണ്ടായിരുന്നു താനും. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ കർണാടകസംഗീതം, അതിന്റെ പാരമ്പര്യധാരയെ നിർവ്വചിച്ചതും പുനർനിർമ്മിച്ചതും മറ്റനേകം സങ്കൽപ്പനങ്ങളിലൂടെയായിരുന്നു. തമിഴ്നാട് തെന്നിന്ത്യൻ സംഗീതകേന്ദ്രമായി മാറുകയും ചെന്നൈ സെൻട്രിക് ആയ, മ്യൂസിക്ക് അക്കാദമിയിലേക്കു ക്രമേണ പരുവപ്പെടുകയും ചെയ്തു വന്ന, കർണാടകസംഗീതത്തിന്റെ ഉടലുലുരവത്തിൽ മറ്റനേകം സാങ്കേതികതകൾക്കാണ് നാം പാരമ്പര്യമെന്നു പേർ വിളിച്ചത്.  ടൈഗർ വരദാചാരിയിൽ നിന്നും മുസരിയിൽ നിന്നും ക്രമേണ ശക്തിയാർജ്ജിച്ച്, അരിയക്കുടിയുടെ കച്ചേരിപദ്ധതിയേയും രാഗസമീപനത്തെയും ഏറ്റെടുത്ത്, ശെമ്മാങ്കുടിയുടെ ബലിഷ്ഠസാങ്കേതികതയേയും ജി എൻ ബി യുടെ വ്യാകരണസങ്കീർണതകളേയും കൈക്കൊണ്ട്, കെ വി എന്നിന്റെയും സുബ്ബലക്ഷ്മിയുടേയും ഭാവപ്രപഞ്ചത്തെ സാക്ഷാത്കരിച്ച് വളർന്നു പടർന്നു പന്തലിച്ച ഈ നവ്യാനുഭവത്തിന്റെ  ഭാവുകത്വം  തെന്നിന്ത്യൻ സംഗീതപാരമ്പര്യത്തെ തന്നെ മാറ്റിനിശ്ചയിച്ചു.

ബാലമുരളീകൃഷ്ണ കച്ചേരിപദ്ധതിയെ തിരസ്കരിക്കുകയോ, ഈ ആധുനികാവബോധത്തിൽ നിന്ന് ഒന്നും സ്വീകരിക്കാതെ മാറിനിൽക്കുകയോ ചെയ്തില്ല. എന്നാൽ അദ്ദേഹത്തിന്റെ സംഗീതരൂപീകരണം മറ്റു ചില ഉറവുകളിൽ നിന്നായിരുന്നു. ഗോദാവരീതീരത്തു നിന്നും കാവേരി തീരത്തു നിന്നും ഉറവയെടുത്ത തെന്നിന്ത്യൻ സംഗീതത്തിന്റെ പ്രാചീനബാണി ആഴത്തിൽ ബാലമുരളീകൃഷ്ണയുടെ സംഗീതത്തിൽ വിലയിച്ചിരുന്നു. ഇതു പറയുമ്പോൾ നിങ്ങളുടെ മുഖം ചുളിയുന്നതെനിക്ക് കാണാം, അടിമുടി പാരമ്പര്യനിഷേധിയും ആധുനികനുമായിരുന്ന ബാലമുരളീകൃഷ്ണയിലെന്തു പ്രാചീനബാണി എന്ന ചോദ്യവും എനിക്കു കേൾക്കാം. ശ്രദ്ധിക്കുക –

തമിഴ്നാട്ടിലെ സംഗീതത്തിന്റെ ശൈലീകരണപ്രക്രിയയ്ക്കും ചെന്നൈ കേന്ദ്രമായ നിയമനിർമ്മാണങ്ങൾക്കും മുൻപ്, തെന്നിന്ത്യയിലാകമാനം പ്രസരിച്ച അനേകം സംഗീതഭാവനകളും  ആവിഷ്കാരങ്ങളുമുണ്ട്. ജീവസ്വരങ്ങളിൽ കേന്ദ്രീകരിച്ചും ഗമകങ്ങൾ പരിമിതപ്പെടുത്തിയും വായുസ്തോഭത്തിന്റെ ഉപയോഗത്തോടെയും നിർവ്വഹിക്കപ്പെട്ടിരുന്ന കേരളീയ ആലാപനശൈലി അതിലൊന്നാണ്. കാവേരീതീരത്തു നിന്ന്, ആന്ധ്രാപ്രദേശിലും കർണാടകയിലുമായി കർണാടകസംഗീതത്തിനുണ്ടായിരുന്ന ആലാപനമധുരമായ മറ്റനേകം വഴക്കങ്ങളുണ്ടായിരുന്നു. അവയിലായിരുന്നു ത്യാഗരാജന്റെ അവധൂതജന്മമടക്കം  പാടിപ്പാടിയലഞ്ഞത്. അത്തരം പലമകളുടെ നിരാസം കൂടിയാണ് ഇരുപതാംനൂറ്റാണ്ടിന്റെ സംഗീതചരിത്രം.

എങ്കിലും ബാക്കി നിന്ന ആ പഴയ സൗന്ദര്യാനുഭവത്തിന്റെ പിൻതിരച്ചന്തങ്ങൾ നാം കേട്ടു, അപൂർവ്വം ചില ഗായകരിലൂടെ.  ഒരേയൊരു ആർ കെ ശ്രീകണ്ഠനിലൂടെയോ പകരമില്ലാത്ത രുദ്രപട്ടണം സഹോദരന്മാരിലൂടെയോ കേട്ട ആ സംഗീതത്തിന് നാം നിരന്തരം കേട്ടുകൊണ്ടിരുന്ന/ ഇരിക്കുന്ന സംഗീതവുമായി സൗന്ദര്യശാസ്ത്രപരമായ ചില അടിസ്ഥാനവ്യതിയാനങ്ങൾ ഉണ്ട്. താരതമ്യേന ഭാവത്തിനാണ് മറ്റെന്തിനേക്കാളും പ്രാധാന്യവും ഊന്നലും. ഭാവനിരോധിയെങ്കിൽ എത്രമേൽ മനോഹരമെങ്കിലും ഏതു സംഗതിയേയും അവർ നിഷ്കരുണം വെട്ടിക്കളയുന്നു. സംഗീതം തലച്ചോറിനോടല്ല ഹൃദയത്തോടാണ്  സംസാരിക്കുന്നത് എന്ന് അവരുടെ സംഗീതം ഉറച്ച നിലപാടെടുക്കുന്നു. അതുകൊണ്ടാണ് ഏതു കൃതിയുടേയും ആദ്യന്തമുള്ള രൂപം അതാതു കൃതിയുടെ ഭാവശിൽപ്പത്തോട് ചേർന്ന് വേണമെന്ന നിർബന്ധം അവർ കയ്യാളുന്നത്.

ബാലമുരളീകൃഷ്ണ ആരായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ കാലത്തിൽ  ഈ അപരധാരയിൽ നിന്നു വന്ന  ഏറ്റവും ബലിഷ്ഠനായ സംഗീതജ്ഞൻ എന്നാണ്. ഇതാ, ഇങ്ങനെയുമുണ്ട് സംഗീതം എന്നു നമ്മെ ഓർമ്മപ്പെടുത്താനെന്നതു പോലെ, ബാലമുരളീകൃഷ്ണ പാടിപ്പാടിത്തിമർത്തു. അദ്ദേഹത്തിന്റെ ജാജ്വല്യമാനമായ പ്രതിഭയ്ക്കു മുന്നിൽ വിമർശനങ്ങൾക്കോ സംഗീതത്തിന്റെ അധികാരത്തിനോ പിടിച്ചു നിൽക്കാനാവുമായിരുന്നില്ല. നിങ്ങൾക്ക് പരിഹസിക്കാം, വിമർശിക്കാം, പക്ഷേ അവഗണിച്ചു കടന്നുപോകാനാവുമായിരുന്നില്ല ബാലമുരളികൃഷ്ണയെ. അത്രമേൽ ഗഭീരനാദമായി അദ്ദേഹത്തിന്റെ ശിരസ്സ് അവസാനം വരെ ഉയർന്നു നിന്നു.

അനേകം പ്രകടനപരതകളുടെ ഉൽസവക്കാഴ്ച്ചയായിരുന്നു ബാലമുരളികൃഷ്ണയുടെ കച്ചേരികൾ. രാഗാലാപനത്തിനു പൊതുവേയുള്ള തദരീനാദങ്ങൾക്കു പകരം “ഹരീ” എന്നോ “ഓം” എന്നോ മാറ്റിപ്പാടിയും മറ്റും അദ്ദേഹം നിർമ്മിക്കാൻ ശ്രമിക്കുന്ന ഭാവനാശ്രമങ്ങൾ മുതൽ ശബ്ദത്തിന്റെ അനുപമസാദ്ധ്യത ഉപയോഗപ്പെടുത്തി നടത്തുന്ന ലീലകൾ വരെ അതു നീളുന്നു. നമുക്ക് അതിപരിചിതമായ ഒരു രാഗം വരെ ആദ്യന്തം നമുക്ക് അപരിചിതമെന്ന വണ്ണം ബാലമുരളീകൃഷ്ണ നിസ്സാരമായി പാടിത്തീർക്കും. ഉദാഹരണത്തിന് തോടി രാഗമെടുക്കുക – തോടിയുടെ ജീവൻ അതിന്റെ ഗമകങ്ങളാണ്. സവിശേഷമായ ഗമകങ്ങളിലാണ് തോടി തോടിയായിത്തീരുന്നത് എന്ന വിശ്വാസത്തോടെ ബാലമുരളീകൃഷ്ണയെ കേൾക്കാനിരുന്നാൽ നിരാശപ്പെടേണ്ടിവരും, അദ്ദേഹം തോടിയുടെ മർമ്മമായി നാം കരുതുന്ന ഗമകങ്ങളെല്ലാം വേണ്ടെന്നു വെച്ച് അദ്ദേഹത്തിന്റെ ഒരു “സ്വന്തം തോടി” പാടും. അവസാനം ഇതു തോടിയായിരുന്നല്ലോ എന്നു സംഗീതവിദ്യാർത്ഥികൾ പോലും അമ്പരന്നുപോവും. എന്നാൽ അദ്ദേഹത്തിന്റെ അടി കാണാത്ത ആഴമുള്ള സംഗീതജ്ഞാനം, അതിന്റെ അപാരതയും ആന്തരികബലവും, നമ്മെ വിസ്മരിപ്പിക്കുകയും ചെയ്യും. അഞ്ചു സ്വരങ്ങൾ പോലുമില്ലാത്ത, നാലു സ്വരങ്ങൾ കൊണ്ടു വരെ നിർമ്മിച്ച സ്വന്തം രാഗങ്ങൾ – ഗണപതി പോലുള്ളവ, കൂസലില്ലാതെ ബാലമുരളീകൃഷ്ണ വിസ്തരിച്ചു പാടും. മിന്നുന്ന ഭംഗിയുള്ള ലവംഗിയും ത്രിശക്തിയും മഹതിയും പോലെ അനേകം രാഗങ്ങൾ അദ്ദേഹം സ്വയം നിർമ്മിച്ചതാണ്.  അതിമനോഹരമായ രചനകളാണ് ബാലമുരളികൃഷ്ണ നിർവഹിച്ച മിക്ക കീർത്തനങ്ങളും, അതിവിപുലമായ ഈ കൃതിസഞ്ചയമാകെ അദ്ദേഹം നിർമ്മിച്ചതെങ്ങനെ എന്ന് വിസ്മയത്തോടെയേ ഓർക്കാനാവൂ. അമൃതവർഷിണിയിൽ, ലവംഗിയിൽ, കുന്തളവരാളിയിൽ – അങ്ങനെ അനേകം തില്ലാനകൾ, അസാധാരണമായ നടഭേദങ്ങൾ.

ബാലമുരളീകൃഷ്ണ പാടിയതായി മാത്രമോർമ്മയിൽ നിൽക്കുന്ന അനേകം കീർത്തനങ്ങൾ ഉണ്ട്. പിബരേ രാമരസവും ജമുനാ കിനാരേയും  എന്തമുദ്ദോയും പോലെ അനേകം കൃതികൾ. ചന്ദ്രജ്യോതിയെന്ന അപൂർവ്വരാഗത്തിൽ “ബാഗായനയ്യ” എന്ന കീർത്തനം ബാലമുരളീകൃഷ്ണ പാടിയിരുന്ന സൗന്ദര്യം മറ്റൊരിടത്തു നിന്നും ലഭിച്ചിട്ടില്ല. തുടങ്ങുമ്പോൾ ബാലമുരളീകൃഷ്ണ ചന്ദ്രജ്യോതിയുടെ ആരോഹരണാവരോഹണങ്ങൾ ഒന്നു പാടിനിർത്തും, ഓരോ സ്വരവും നക്ഷത്രദീപ്തിയോടെ അപ്പോൾ വെട്ടിത്തിളങ്ങും.

ചലച്ചിത്രസംഗീതത്തിലെ ബാലമുരളീകൃഷ്ണ അക്ഷരാർത്ഥത്തിൽ അനന്വയമാണ്. മറ്റൊന്നിനോടും  അന്വയിക്കാനാവാത്തത്. സ്വന്തം ശബ്ദത്തിൽ, സ്വന്തം ഭാവത്തിൽ, സ്വയം വിലയമാർന്ന സംഗീതം കൊണ്ട് അദ്ദേഹം ചലച്ചിത്രസംഗീതത്തെ പുഷ്കലമാക്കിത്തീർത്തു. സ്വാതിതിരുനാൾ എന്ന സിനിമയിൽ കേൾക്കുന്ന മോക്ഷമുഗലദയും ജമുനാ കിനാരേയും പോലെ, ഭരതത്തിലെ രാജമാതംഗി പാവനി പോലെ തനി കീർത്തനങ്ങൾ ഒരു വശത്തുണ്ട്. അധികം ശ്രദ്ധിക്കപ്പെടാതെ പോവുക അദ്ദേഹത്തിനെ വിപുലനാദഭൂപടത്തിൽ സ്ഥാനമില്ലാതെ നിൽക്കുന്ന ചില അത്യുഗ്രൻ ഗാനങ്ങളായിരിക്കും. ഗാനം എന്ന സിനിമയിലെ “യാ രമിതാ” എന്ന ജയദേവഗീതകം, പൂജക്കെടുക്കാത്ത പൂക്കളിലെ “നഭസ്സിൽ മുകിലിന്റെ പൊന്മണി വില്ല്”, യോഗമുള്ളവൾ എന്ന ചിത്രത്തിലെ “ഓമനത്താമര പൂത്തതാണോ” എന്നിങ്ങനെ അനേകം ഗാനങ്ങൾ. ഭരതത്തിലെ മദ്യപിച്ച് ശ്രുതി പിഴച്ചു പാടുന്നതടക്കമുള്ള  അനേകമനേകം ചലച്ചിത്രസ്മൃതികൾ.

ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച്  തന്റെ പകലിരവുകൾ മുഴുവനും സംഗീതത്തിനു മാത്രമാണെന്നു തീരുമാനിച്ച കൊച്ചുബാലമുരളീകൃഷ്ണയോട്  ഗുരുനാഥൻ “നിനക്കു പാട്ടു മാത്രം മതിയോ” എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “മതി, ധാരാളമാണ്. സംഗീതത്തിൽ എനിക്ക് എല്ലാം ഉണ്ട്” എന്നായിരുന്നത്രേ. അതെ. പലതരത്തിൽ പാടാം, പലതരത്തിൽ നമുക്കു ഭേദാഭേദങ്ങൾ പറയാം. പക്ഷേ ബാലമുരളീകൃഷ്ണ  നമ്മുടെ ഹൃദയത്തിൽ നിന്ന് പറയും – പലസംഗീതസാരവുമേകമുലകിൽ.

(കവർ ചിത്രത്തിനു കടപ്പാട്: ഉണ്ണികൃഷ്ണമേനോൻ ദാമോദരൻ)

Comments

comments