നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവ 2016 വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുമായി നിറഞ്ഞാടുമ്പോൾ ഡോക്ടർ ബിജുവിന്റെ “കാട് പൂക്കുന്ന നേരം” മികച്ച നിലവാരം പുലർത്തിയതിൽ മലയാളികൾക്ക് അഭിമാനിക്കാം. UAPA പോലെയുള്ള നിയമങ്ങൾ ഭരണകൂടം നടപ്പാക്കുമ്പോൾ ദളിത് ആദിവാസികൾക്ക് നിഷേധിക്കപ്പെടുന്ന നീതിയിലേക്ക് വിരൽ ചൂണ്ടുന്നു പ്രസ്തുത സിനിമ. ഭരണകൂടം ചെയ്യുന്നതെന്തും ശരിയെന്നു വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ദിശാബോധമില്ലാത്ത പ്രവൃത്തിക്ക് ഇരയാകുന്നവരെ കുറ്റവാളികളായും കാണുന്ന പൊതുസമൂഹത്തിന്റെ ശരിബോധം സിനിമ എടുത്തുകാട്ടുന്നു. മേള രണ്ടാം ദിവസം തന്നെ ‘ഹൗസ്ഫുൾ’ ബോർഡ് തൂക്കിയ സിനിമയുടെ രചനയും, സംവിധാനവും ഡോ. ബിജു തന്നെ നിർവ്വഹിച്ചിരിക്കുന്നു. നിർമ്മാണം ബ്ലോക്ക്ബസ്റ്റേർസ് ആണ്.

സ്ത്രീശക്തിക്കും, സാമൂഹിക പ്രതിബന്ധതയ്ക്കും ഊന്നൽ നൽകിയിരിക്കുന്ന ചിത്രത്തിൽ നായിക റിമ കല്ലിങ്കൽ മറ്റാരെക്കാളും നിറഞ്ഞു നില്ക്കുന്നു. വെങ്കലം എന്ന ചിത്രത്തിൽ തന്റേതല്ലാത്ത കാരണത്താൽ കരണത്തടി ഏറ്റുവാങ്ങിയ നായികയിൽനിന്ന് മലയാള സിനിമയിലെ നായികയെ ബഹുദൂരം കൊണ്ടുവന്നു കാട് പൂക്കുന്ന നേരത്തിലെ പേരില്ലാത്ത നായികയിൽകൂടി ഡോ. ബിജു. കാട്ടിൽ വഴിതെറ്റിയ ‘മാവോയിസ്റ്റ് സ്ത്രീയും’ നിയമപാലകനുമാണ് സിനിമയുടെ കഥ മുൻപോട്ടു കൊണ്ടുപോകുന്നത്. ഇരയും ഇരപിടിയനും ഒരേ ദുരവസ്ഥ നേരിടുമ്പോൾ ഉടലെടുക്കുന്ന സഹജമായ അനുകമ്പ പ്രത്യയശാസ്ത്രങ്ങൾക്കപ്പുറമുള്ള മനുഷ്യത്വത്തിലേക്ക് നയിക്കുന്നുണ്ടെങ്കിലും വ്യവസ്ഥകൾ അവരെ അപരിചിതരാക്കുന്നത് ‘കാട് പൂക്കുന്ന നേര’ത്തിൽകൂടി നാം അനുഭവിച്ചറിയുന്നു.

UAPA പോലെയുള്ള നിയമങ്ങൾ ദളിത്/ആദിവാസികളുടെ സ്വത്വബോധത്തെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് പറയാനാണ് തന്റെ സിനിമയിൽകൂടി ശ്രമിച്ചതെന്ന് സംവിധായകൻdrbiju2 ഡോ. ബിജു വ്യക്തമാക്കി. അവാർഡ് ചിന്തകൾക്കപ്പുറം സാമൂഹിക പ്രതിബന്ധതയുള്ള ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംതൃപ്തിയാണ് കാട് പൂക്കുന്ന നേരം തന്നത് എന്ന് നായിക റിമ കല്ലിങ്കലും അറിയിച്ചു. ഓരോ ചെറിയ കഥാപാത്രങ്ങൾപോലും പറയുന്ന ഡയലോഗുകൾ കൃത്യതയുള്ളവയായിരുന്നു. അങ്ങനെ നോക്കിയാൽ ഈ സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ഇല്ലായിരുന്നു എന്നുതന്നെ പറയാം.

മാവോയിസ്റ്റ് വേട്ടയ്‌ക്കെത്തുന്ന പോലീസ് സംഘം വഴിയടച്ച കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ അവകാശം ചോദ്യം ചെയ്യുന്ന അധ്യാപകനും അതിനെതിരെ ശബ്ദമുയർത്തുന്ന നിയമപാലകനും ഇന്നത്തെ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. എ കെ 47 എന്തെന്നറിയാത്ത, മാവോയിസം എന്തെന്നറിയാത്ത പോലീസ് മാവോയിസത്തെ നിർവ്വചിക്കുന്നത് കാണുമ്പോൾ കുട്ടിക്കാലങ്ങളിൽ നാം വായിച്ചു കേട്ട കഥയായ അന്ധൻമാർ ആനയെ കണ്ടതുപോലെ എന്ന പ്രതീതി നമ്മളിൽ ഉണ്ടാകുന്നു.

പ്രകാശ് ബാരെയുടെ ശുദ്ധഗതിയിലുള്ള സംഭാഷണം നേരിയ നർമ്മം പ്രേക്ഷകരിൽ എത്തിക്കുന്നു. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ വേറിട്ട ശൈലിയിലുള്ള അഭിനയം ശ്രദ്ധിക്കപ്പെടുന്നുണ്ട്. മാവോയിസ്റ്റ് ബന്ധം അടിച്ചേൽപിക്കപ്പെടാൻ വിധിക്കപ്പെട്ട ദളിത്/ആദിവാസിവിഭാഗങ്ങൾ സിനിമ തീരുമ്പോൾ സമൂഹമനസ്സാക്ഷിയ്ക്ക് ഒരു ചോദ്യം ഇട്ടുതരുന്നുണ്ട്. കഥയിൽ ചോദ്യമില്ല എന്നു പറയാറുണ്ട്. എന്നാൽ ഈ ചിത്രം നാമൊന്നാണോ, നമ്മളൊന്നാണോ എന്ന് നമ്മെക്കൊണ്ടുതന്നെ ചോദിപ്പിക്കുന്നു. അത് ചിത്രം കണ്ടു മനസ്സിലാക്കുക തന്നെ വേണം. തന്മയത്വമാർന്ന അഭിനയശൈലിയോടെ സിനിമയിലെ കുട്ടിക്കൂട്ടം നമ്മെ വിസ്മയിപ്പിക്കുന്നു. അഭിനയിക്കാൻ ആകാരമല്ല ഭാവസമ്പുഷ്ടതയാണ് വേണ്ടതെന്ന് അവർ തെളിയിച്ചിരിക്കുന്നു.

ബാഹുബലിയും പുലിമുരുകനും പോലെയുള്ള ചിത്രങ്ങളുടെ കോടികളുടെ കിലുക്കമാണോ, അസമത്വങ്ങൾക്കെതിരെ പൂക്കുന്ന കാടാണോ വേണ്ടതെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഇന്നും രണ്ട്  ‘മാവോയിസ്റ്റുകൾ’ നിലമ്പൂരിൽ വധിക്കപ്പെട്ടിരിക്കുന്നു. “ഗൗരവപരമായ മനുഷ്യാവകാശപ്രശ്‌നമായി ഇതിനെ കാണുകയും, ജനാധിപത്യപരവും നിയമപരമായ നടപടികൾ ഉറപ്പുവരുത്തേണ്ടതും ഉണ്ട്. കാടുകൾ പൂക്കുകയാണ്. രക്തനിറംകൊണ്ട് കാടുകൾ പൂക്കുന്നു. ഇതിൽ എത്ര നിരപരാധികളുടെ രക്തം ഉണ്ടാകാം” എന്ന് സംവിധായകൻ ഡോ. ബിജു തന്നെ പ്രസ്തുത വിഷയത്തെപ്പറ്റി ഇന്ന് ഫെയ്‌സ്ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ‘കാട് പൂക്കുന്ന നേരം’ സിനിമ കണ്ടതിനുശേഷം നിലമ്പൂരു നടന്ന മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് വന്ന വാർത്തകൾ വായിക്കുമ്പോൾ ആശങ്ക ഉളവാകുന്നു. അതെ ഒരു നല്ല സിനിമ അങ്ങനെയാണ്. തെറ്റായ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ഉതകുന്നതാകണം അത്. അങ്ങനെയെങ്കിൽ ‘കാട് പൂക്കുന്ന നേരം’ ഭരണകൂടത്തിന് നിരപരാധികളെ കരുവാക്കുന്ന മാവോയിസ്റ്റ് വേട്ടയെപറ്റി രണ്ടാമതൊന്നുകൂടി ചിന്തിപ്പിക്കാൻ ഉതകുന്ന സിനിമതന്നെയാണ്. ഡോ. ബിജുവിനും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ. ഇതിനോടകം 6-ഓളം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മറ്റ് അട്ടിമറി ഒന്നും നടന്നില്ലാ എങ്കിൽ നിരവധി പുരസ്‌കാരങ്ങൾ നേടുകതന്നെ ചെയ്യും.

Comments

comments