കാലത്തെ വിലയിരുത്തൽ ഒരു വലിയ തമാശയായി കണ്ടവരാണ് മനീഷികൾ. ഒരു നീതിശാസ്ത്രവും ശാശ്വതമായി നിൽക്കുന്നില്ല. കാലത്തിന്റെ ഉരകല്ലിൽ താൽക്കാലികമായി മാത്രം മാറ്റു തെളിയിക്കുന്നവയാണ് മിക്കതും. മനുഷ്യ ജീവിതത്തെ മാത്രം അടിസ്ഥാനമാക്കി രൂപപ്പെടുത്തിയവയാകട്ടെ അധികം വൈകാതെ കാലഹരണപ്പെടുകയും ചെയ്യും. എന്നിരിക്കെ നാമെങ്ങനെ ഒരു ഫിലോസഫിയെ ഊന്നുവടിയാക്കും? എന്നാൽ ഇതൊരു ബൗദ്ധിക പ്രശ്നവും കൂടിയാണ്. നിലവിൽ സമ്മതമായി തോന്നിയ ഒന്നിൽ ഉറപ്പിക്കുക എന്നതല്ലാതെ നമുക്കൊന്നും നിർവ്വാഹമില്ല. ചിലതെല്ലാം ഏറെ വൈകാതെ തെറ്റിപ്പോകും. ചിലത് വരുത്തിച്ചേർത്ത തിരുത്തലുകളോടെ കുറേ പിടിച്ചു നിൽക്കും. അതിനു വേണ്ടി ചെലവഴിച്ച ഊർജം വൃഥാവിലായെന്ന ദുഃഖമോ കുറ്റബോധമോ ആയി തങ്ങളുടെ ജീവിതത്തിനു താഴെയിരുന്നു നെടുവീർപ്പിടും.

മഹത്തായ വിപ്ലവങ്ങളെ സ്വപ്നം കണ്ടവർ പിൽക്കാലത്ത് നിറവേറ്റപ്പെടാത്ത അവയെക്കുറിച്ച് ദു:ഖം പൂണ്ടു. കനു സന്യാലിന്റെ ആത്മഹത്യ അത്തരമൊരു അദ്ധ്യായം കുറിച്ചിടുന്നു. തന്റെ മുൻ അഭിപ്രായ പ്രകടനങ്ങളിൽ ഖേദം സൂചിപ്പിച്ചു പിൻമാറിയ വിപ്ലവനായകന്മാരും അപ്രകാരം തന്നെ. മിതവും സൗമ്യവും എന്നാൽ വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനങ്ങൾ കൊണ്ട് ഇടപെടലുകൾ നടത്തിയവർക്ക് പശ്ചാത്തപിക്കേണ്ടി വരില്ലായിരിക്കാം. ഭൂലോകത്തിന്റെ അൽപം മുകളിലായി പറക്കുമ്പോൾ തീവ്രസമരങ്ങൾ ചെയ്തും രക്തച്ചൊരിച്ചിൽ നടത്തിയും നാം വേർതിരിക്കുന്ന പുഴകളും മലകളും എത്ര നിർ ദോഷികളാണെന്നു വെളിവു തരുന്ന വിമാനക്കാഴ്ച പോലെ ജീവിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അൽപം വേറിട്ടു നോക്കാനും കാണാനും കഴിയുന്നത് ഭാഗ്യമാണ്. അപ്പോൾ സഹജീവികളെ അൻപോടെ കാണാനാകും. എല്ലാവർക്കും നിലപാടുതറകൾ ഉണ്ടെന്നും അതെല്ലാം ഉണ്ടായി വരുന്നത് മനഃപൂർവ്വമല്ല, അവരവരുടെ കൗടുംബിക – സാമൂഹ്യ സാംസ്കാരിക ചുറ്റുപാടുകൾ കൊണ്ടാണെന്നും ഭൗതികത ഒരു നിമിത്തം മാത്രമാണെന്നും മനസ്സിലാകും. അത്തരം മനസ്സിലാക്കൽ ആണ് ഒരു ബുദ്ധിജീവിക്കു വേണ്ടത്. നിർഭാഗ്യവശാൽ ബുദ്ധിജീവികൾ എന്നത് മുഖ്യധാരയിൽ നിന്നകന്നു നിൽക്കുകയും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ ആത്മാർത്ഥതയില്ലാതെ വിളമ്പുന്നവർ ആണെന്ന് നിർവ്വചിക്കപ്പെടുകയും ചെയ്തു. അശ്രദ്ധയും അലസതയും മുഖ്യഭാവഹാവാദികളായി. ഭൗതികതയിൽ നിന്ന് വിട്ടു നിന്ന് ആകെക്കൂടി കാപട്യത്തിന്റെ ആൾരൂപമായിത്തീർന്നു. ഈ സത്യത്തിന്റെ പ്രകാശനങ്ങളാണ് ചെറിയ മനുഷ്യരിലെ കഥാപാത്രങ്ങൾ.ഒറ്റക്കുനിർത്തി കാണേണ്ടവർ കുറച്ചേയുള്ളു. ഭൂരിഭാഗവും സമൂഹത്തിന്റെ ഓരോ സ്വഭാവ പരിച്ഛേദങ്ങളാണ്. രാമു, ഗുരുജി, ഗോപി എന്നിവർ മുതൽ കൈനോട്ടക്കാരനും ഡ്രൈവറും വരെയുള്ള സമൃദ്ധമായ ആളുകളുടെ സാന്നിദ്ധ്യം കഥയും കാര്യവും അടക്കം അക്കാല കേരള സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ? ഉണ്ടെന്ന് ഒരു ഗവേഷണം ചെയ്യുന്നതിനേക്കാൾ മനസ്സിലാക്കിത്തരുന്നത് അക്കാലത്തെ വായനക്കാരുടെ പ്രതികരണങ്ങളാണ്.

അരവിന്ദൻ ജോലി മാറ്റം കിട്ടി കോഴിക്കോട്ടെത്തി. അതിനു മുൻപേ ആളെപ്പറ്റി കേട്ടിരുന്നു. നന്നായി വരയ്ക്കും. വായിക്കും. സംഗീതത്തിൽ കമ്പം. ഇടയ്ക്കൊക്കെ മാതൃഭൂമിയിൽmtv1 വരും. ഒരു ദിവസം സംസാരത്തിനിടയിൽ കഥ പോലെ സിരിയലായി ഒരു കാർട്ടൂൺ പേജ് വരയ്ക്കുന്നതിനെപ്പറ്റി ഞാൻ സൂചിപ്പിച്ചു. പിന്നെ അത് ഞങ്ങൾ സംസാരിച്ച് രൂപപ്പെട്ടതാണ് ചെറിയ മനുഷ്യരും വലിയ ലോകവും…. ഈ പരമ്പര അവസാനിച്ച് കുറേകഴിഞ്ഞപ്പോഴാണ് അതിന്റെ മഹത്വമെന്തായിരുന്നുവെന്ന് പലർക്കും ബോധ്യമായത്.ചെറിയമനുഷ്യരും വലിയ ലോകവും എങ്ങനെ പിറവിയെടുത്തു എന്നതിനെ കുറിച്ച് എം.ടിയുടെ വാക്കുകൾ.

കാലം പോയപ്പോൾ ഒരു ചരിത്രമുദ്രപോലെ ഈ ഗ്രാഫിക് നോവൽ നമുക്കു മുന്നിൽ നിൽക്കുന്നു. എന്നെ നോക്കൂ.. എനിക്ക് നിങ്ങൾക്ക് കുറേ പറഞ്ഞു തരാനുണ്ട് എന്ന മട്ടിൽ.

സാധാരണ ഗതിയിൽ കാർട്ടൂണ്‍ അതിവർണ്ണനയുടെയും  വികലവൽക്കരണത്തിന്റെയും  ഉദാഹരണങ്ങൾ ആണ്. കാർടൂണ്‍ എന്നാൽ പരിഹസിക്കാൻ ഉള്ളതാണെന്ന ലളിത ബോധം ആണ് അതിനു പിന്നിൽ ഉള്ളത്. പുച്ഛവും അമർഷവും ആത്മനിന്ദയും ഫലിതവും എല്ലാം ചേർന്ന് കാർടൂണ്‍ കഥാപാത്രങ്ങൾ ബുദ്ധിപരമായ വക്രീകരണത്തെ സാക്ഷ്യപ്പെടുത്തുന്നു. “ചെറിയ മനുഷ്യരുടെ” ആൾരൂപങ്ങൾ… എങ്ങനെ കാണപ്പെട്ടു? അരവിന്ദനിലെ ചലച്ചിത്രകാരനെ ആണ് നാം ഇവിടെ ഓർക്കുക. ഒരു ചലച്ചിത്രകാരന്റെ വീക്ഷണ കോണിൽ ആണ് അദ്ദേഹം ഇതിനുള്ള ചിത്രീകരണം നടത്തിയത്. ആൾക്കൂട്ടവും വ്യക്തിയും എങ്ങനെ ഈ കാർട്ടൂൺ പരമ്പരയിൽ പ്രവേശിക്കുന്നു എന്ന് നോക്കുമ്പോൾ കാലവും സമൂഹവും ക്രിയയും എന്ന ത്രിത്വത്തെ വിശകലനം ചെയ്യണം.

കേരളത്തിന്റെയെന്നല്ല ഏത് നാടിന്റേയും ചിത്രീകരണത്തിൽ ആന്തരിക ജീവിതത്തെ പൊതിഞ്ഞു നിൽക്കുന്ന ബാഹ്യ ജീവിതത്തിന്റെ പ്രശ്ന പരിസരങ്ങൾ നിർണ്ണായക പങ്കുcm-ap1 വഹിക്കും. അകംകാവ്യങ്ങൾ പുറംകാവ്യങ്ങൾ എന്ന വിധം. ദാർശനികതയും ജീവിത നിരൂപണപരതയും മുഖ്യധാരയായി പ്രത്യക്ഷപ്പെടുന്ന ഇവിടെ പുറംപൊരുളായി രാമുമാഷുടെ ജീവിതത്തിന്റെ നിരവധി പൊതു ഘടകങ്ങൾ ഇഴ പിരിച്ചു നമുക്കു കാണാം. കുഞ്ഞുന്നാൾ മുതൽ രാമുവിനെ പിന്തുടർന്ന സാമ്പത്തികഅരക്ഷിതത്വം ആവശ്യത്തിൽ കവിഞ്ഞ് ചോദ്യചിഹ്നമായി പിന്തുടർന്നിരുന്നു. ജോലിക്കായുള്ള നിരന്തര പരിശ്രമങ്ങൾ രാമുവിനെ വായന, സൗഹൃദം, സംഗീതം എന്നിവക്കെല്ലാം അപ്പുറത്ത് അവലോകിതേശ്വര പാണിയാക്കി മാറ്റിയിരുന്നു. എന്നും നാട്ടുകാരുടെ ജോലിയായില്ലേ എന്ന ചോദ്യം, തൊഴിലില്ലായ്മയുടെ കരാളാവസ്ഥ വ്യക്തമാക്കും തരത്തിൽ അരവിന്ദൻ എടുത്തുപയോഗിക്കന്നുണ്ട്. നാട്ടുകാർക്കീ ചോദ്യമേയുള്ളോ എന്ന രാമുവിന്റെ ചോദ്യം സങ്കടവും നിരാശയും വിതക്കുന്നു.. സമ്പത്തിന്റെ വിവിധ വിനിമയ ശ്രേണികൾ പണമില്ലാത്തവൻ പിണം എന്ന ചൊല്ലിനെ അരക്കിട്ടുറപ്പിക്കയും ചെയ്യുന്നു. നാനാതരം കൊച്ചു ബിസിനസ്സുകൾ, സമഗ്ളിംഗ്, കൊച്ചു കൈത്തൊഴിലുകൾ, വഴിയോരക്കച്ചവടങ്ങൾ എന്നിങ്ങനെ കുറെ തൊഴിൽ മേഖലകൾ ഇതിൽ ബോധപൂർവ്വമല്ലാതെ തന്നെ കടന്നു വരുന്നുണ്ട്. അവരെല്ലാം ഉൾപ്പെട്ട പൊതുജീവിതത്തെ കാണിക്കുമ്പോൾ രാമു അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇക്കാലത്ത് ഒരു നല്ല വിലയിരുത്തലിന് സാധ്യത നൽകുന്നു. എന്തുകൊണ്ട് കേരളം വീടുവിട്ടിറങ്ങുന്നവരുടെതായി എന്ന ഒരു ചരിത്രാന്വേഷണം. ചെറിയ മനുഷ്യർ ഉയർത്തിപ്പിടിച്ച ദർശനവ്യാകുലതകളെ പിന്തള്ളിക്കൊണ്ട് ഒരു പക്ഷെ ഇക്കാര്യം ചിലർക്കെങ്കിലും പ്രസക്തവും പഠനാർഹവുമായി തോന്നിയേക്കാം. സാമ്പത്തിക ഭദ്രതയും അതുണർത്തുന്ന ആശങ്കകളുമാണ് ചെറിയ മനുഷ്യരിലെ പ്രധാന പ്രശ്നം. എൻ.ജി.ഒമാരും അദ്ധ്യാപകരും ഇൻഷുറൻസ് ഏജൻറുമാരും ഓഫീസ് മേധാവികളും ഉൾപ്പെടുന്ന പൊതു സമൂഹത്തിന്റെ ഒരു വിഭാഗം കടക്കെണികളേയും അടവുകളേയും ഭാവി പരിപാടികളേയും കുറിച്ച് തല പുണ്ണാക്കുമ്പോൾ സാമ്പത്തിക നില ഏറ്റവും കുറഞ്ഞ പെട്ടിക്കടക്കാരും കർഷകത്തൊഴിലാളികളും വീട്ടുവേലക്കാരുമെല്ലാം വലിയ പരാതികളില്ലാതെയങ്ങ് പോകുന്നു.

അരവിന്ദൻ സാമ്പത്തിക നിലപാടുകൾ സസൂക്ഷ്മം നിരീക്ഷിച്ച് രേഖപ്പെടുത്തിയതായി തോന്നുന്നില്ല. അക്കാലത്തെ സാമൂഹ്യസ്ഥിതി ആവിഷ്ക്കരിച്ചത് സത്യസന്ധമായാണ്.cm-ap2 എന്നാൽ ചലച്ചിത്രത്തിൽ പാലിച്ച അവധാനത കാർട്ടൂണിൽ ഉണ്ടായിരുന്നുവോ എന്നു സംശയമാണ്. അക്കാലത്തെ ധനസ്ഥിതി വിചാരം നടത്തുമ്പോൾ ഉരുത്തിരിയുന്നതാണിത്. മണിപ്രവാള കാവ്യങ്ങളിലെ അങ്ങാടി വാണിഭത്തെപ്പറ്റി വി.സി.ശ്രീജൻ എഴുതിയത് ഓർക്കുന്നു – നമ്മുടെ സാമാന്യ ബോധത്തിൽ കലയും കച്ചവടവും പരസ്പര വിരുദ്ധമായ പ്രവൃത്തികളാണ്. ക്ഷേത്രങ്ങളോളം പ്രാധാന്യമുണ്ടായിട്ടും അങ്ങാടികൾ കവിതയ്ക്കു വിഷയമാവില്ല എന്ന് വായനക്കാർക്ക് തോന്നാൻ കാരണമെന്താണ്?– വൈറ്റ് കോളർ ജോലിയിൽ മാത്രം തട്ടിത്തടഞ്ഞ് ചെറിയ മനുഷ്യർ തീർത്തും ചെറിയ മനുഷ്യരായിപ്പോയോ..? നാട്ടു സംസ്കാരവും നഗര സംസ്ക്കാരവും കടന്നു വരുന്ന ഈ പശ്ചാത്തലത്തിൽ 60-70 കളുടെ അനുക്രമപരിണാമം കുറേയൊക്കെ കാണാൻ സാധിക്കും. നഗരസംസ്കൃതി ഗ്രാമീണ ശീലങ്ങളെ വിഴുങ്ങൻ പോകുന്നത് പലപ്പോഴും വ്യക്തമാണ്. സാമ്പത്തിക ഞെരുക്കം ശരാശരി ചെറുപ്പക്കാരനെ എങ്ങനെ മാറ്റുന്നു എന്നത് അരവിന്ദന്റെ മുഖ്യ പ്രശ്ന സങ്കേതമായിരുന്നു. മൂല്യബോധത്തിന്റെ ഒരു അളവു പലകയിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ, അതിനായി തീവ്രയത്ന പരിപാടിയിൽ ഏർപ്പെടുന്നവർ എന്നിവരെയൊക്കെ ഒക്കെ പ്രതിസ്ഥാനത്തും പണം കൊണ്ടു നേടാനാവാത്തതാണ് ജീവിതം എന്നു വിശ്വസിക്കുന്നവരെ സദ്സ്ഥാനത്തും അരവിന്ദൻ പ്രതിഷ്ഠിച്ചു. എന്നാൽ പിന്നീട് രാമു തന്നെ ധനസമ്പാദനത്തിന്റെ, ധനവിനിയോഗതന്ത്രങ്ങളുടെ മേലാളനായി മാറുന്നു. രാമുവിന്റെ ആത്മഗതം ഇങ്ങനെ… പണ്ട് ഈ മുറിയിൽ ഈ കസേരയിൽ ഇരിക്കുമ്പോൾ ഒരു ഹോണ്ടിംഗ് ഫീൽ ആയിരുന്നു.. പാവം മനസ്സാക്ഷിയായിരിക്കണം ഹോണ്ട് ചെയ്തിരുന്നത്… മൂല്യബോധത്തിന്റെ എന്തൊരു തകർച്ച എന്ന തോന്നൽ വായനക്കാരിൽ ഉണർത്തിക്കൊണ്ട്.

പണം നേരേ ചൊവ്വേ ഉണ്ടാക്കാനും വയ്യ, പണമുണ്ടായാൽ മനസ്സാക്ഷിയെ ശുദ്ധമാക്കി നിർത്താനും വയ്യ എന്ന് ഓരോ കഥാപാത്രവും പലയിടത്തായി പറയുന്നു. രാജ്യ സേവനംcm-ap3 നടത്താൻ പട്ടാളത്തിൽ പോയ പെട്ടിക്കടക്കാരൻ മമ്മദിന്റെ മകൻ അബ്ദു സ്മഗ്ളിംഗ് നടത്തി പച്ച പിടിക്കുമ്പോൾ ആദ്യം സഹതാപം.. പിന്നെ അസൂയ കലർന്ന അത്ഭുതം.. പണ്ട് ക്ലാസിൽ നിന്നിറക്കിവിട്ട രാജൻ സിനിമാക്കാരനായി തിരിച്ചു വരുമ്പോഴത്തെ മാറ്റം കണ്ട് തന്നിലെ നിഷ്ക്കളങ്കനായ ചെറുവാല്യക്കാരൻ മാഷ് ശരിയായിരുന്നോ എന്ന തിരിഞ്ഞുനോട്ടം.. 35 വർഷത്തെ സർവീസിനു ശേഷം പിരിയുമ്പോൾ ഒന്നും സമ്പാദിക്കാൻ കഴിയാത്ത ശങ്കുണ്യേട്ടനോടുള്ള സഹതാപം, എല്ലാം മറന്നിട്ടും കോളേജിൽ പഠിക്കുമ്പോൾ ഫോർട്ടി – വൺട്വന്റി വിളിച്ചു കളിയാക്കിയിരുന്ന കാലത്തെ ഓർക്കുമ്പോൾ നുരയുന്ന ആത്മനിന്ദ… ചെറിയ മനുഷ്യരിലൂടെ ആവിഷ്ക്കരിക്കുന്ന ജീവിത ശകലങ്ങളിൽ അർത്ഥശാസ്ത്രത്തിന്റെ ഒരു പാടു പ്രയോഗമാതൃകകൾ കാണാം. നിസ്വന്റെ സ്വാതന്ത്ര്യത്തെ പരമോദാരമായി കാണുന്ന വീക്ഷണം ഇതിലുണ്ടെങ്കിലും പോകപ്പോകെ ഋണ ബന്ധിതമായ ചിലന്തിവലക്കുള്ളിൽ രാമു കുടുങ്ങിപ്പോകുന്നു. എന്നാൽ അതിനുമപ്പുറത്ത് വിട്ടു പോന്നcm-ap4 ആദർശ ലോകം അയാളിൽ ഇനിയും ഹാങ്ഓവറായി നിൽക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ വായനക്കാരൻ നിർബ്ബന്ധിതനാവുന്നു. കാരണം പണത്തിന്റെ മന്ത്രജാലത്തിൽ വശീകരിക്കപ്പെടുന്നവനല്ല നല്ലവനായ രാമു എന്നാണ് അരവിന്ദനും വിശ്വസിക്കുന്നത് എന്നതു തന്നെ. പണം ആളെക്കൊല്ലി എന്ന അടിയുറച്ച ചിന്ത ഗുരുജിയിലൂടെ പലവട്ടം ഉറപ്പിക്കുന്നു. ദയനീയമായി കാണിക്കുന്ന കടുവ കളിക്കാരന്റേയും മകളുടേയും അവസ്ഥ  തൊഴിലില്ലായ്മ രൂക്ഷമായി പിടിമുറുക്കിയ സന്ദർഭത്തിൽ  കൂടുതൽ സഹതാപാർഹമായി അനുഭവപ്പെടുന്നു. ഉദരനിമിത്തം നാനാ രീതി തൊഴിലുകളിലേർപ്പെടുന്ന സമൂഹത്തിന്റെ സമ്പദ്ഘടന പക്ഷിശാസ്ത്രക്കാരി, കൈനോട്ടക്കാരൻ, LIC ഫീൽഡ് ഓഫീസർ, മെഡിക്കൽ റെപ്പ്, വഴിക്കച്ചവടക്കാർ, പലിശകൊടുപ്പുകാർ അങ്ങനെയങ്ങനെ ഈ പരമ്പരയിൽ കണ്ടുമുട്ടുന്ന ഓരോരുത്തരും രാമുവിന്റെയും ഗുരുജിയുടേയും ആശയ പ്രപഞ്ചത്തിൽ പരഭാഗശോഭ സൃഷ്ടിക്കുന്നുണ്ട്. പണമില്ലാത്തവൻ പിണം. ടേക്കിറ്റ്ഫ്രം മീ എന്ന വിശ്വത്തിന്റെ വാക്കുകൾ ഒരു ക്യാപ്ഷൻ എന്ന പോലെ നവീന കാല പരസ്യപ്പലകയുടെ അദൃശ്യ സാന്നിദ്ധ്യം നിറക്കുന്നു. ഗുരുജി ഈ പരസ്യത്തിന്റെ സ്വാധീനത്തിനുമപ്പുറമാണെന്ന് നമ്മെ ധരിപ്പിച്ചു കൊണ്ട് ഉത്തമ കഥാപുരുഷൻ സ്ഥിതപ്രജ്ഞനായ അദ്ദേഹം തന്നെയാണെന്ന് പറയുകയും ചെയ്യുന്നു.

Comments

comments