ഇന്ത്യയിലെ പൗര സമൂഹ സംഘടനാ (civil society oraganisation) പ്രവർത്തകരിൽ മുൻനിരയിലെ സജീവസാന്നിധ്യങ്ങളിൽ ഒരാളാണ് ഡോ. സുരേഷ് ഖൈർനർ. 1989-ൽ ബീഹാറിലെ ഭഗൽപൂർ കലാപത്തിന്റെ പശ്ചാത്തലത്തിലാണ്, മത സമൂഹങ്ങൾ തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിക്കുക, മാനവികത വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ അദ്ദേഹം മുഴുസമയ പൊതുപ്രവർത്തനത്തിൽ ഇറങ്ങിയത്. ഒരു അലോപ്പതി ഭിഷഗ്വരനായ ഇദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചാണ് മുഴുസമയ പൊതുപ്രവർത്തനത്തിൽ ഇറങ്ങിയത്. തുടർന്ന് പരിസ്ഥിതി, വികസനം, സമാധാനം, മനുഷ്യാവകാശം തുടങ്ങിയ വിവിധ മേഖലകളിലേക്ക് അദ്ദേഹത്തിന്റെ ആക്റ്റിവിസം ശ്രദ്ധ കേന്ദ്രീകരിച്ചു, പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ സ്ഥാപക അംഗമായ ഇദ്ദേഹം, നിലവിൽ ഇന്ത്യ-പലസ്തീൻ സോളിഡാരിറ്റി ഫോറത്തിന്റെ പ്രസിഡന്റ് കൂടിയാണ്. ഗാസ മുനമ്പ്, കശ്മീർ തുടങ്ങി ലോകത്തിലെ പല പ്രശ്നബാധിത പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ അദ്ദേഹം, കോഴിക്കോട്ടെ വ്യത്യസ്തപരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

തയ്യാറാക്കിയത്: അഹമ്മദ് ജുനൈദ്.

താങ്കൾ ഈയിടെ നടത്തിയ കാശ്മീർ യാത്രയിൽ നമുക്ക് തുടങ്ങാം. ജീവിതത്തിന്റെ നാനാതുറകളിലുള്ള കാശ്മീരികളുമായി ഇടപെടാൻ ഈ യാത്രയിലൂടെ സാധിച്ചുവെന്ന് താങ്കൾ നേരത്തെ പറഞ്ഞല്ലോ? താങ്കളുടെ നിരീക്ഷണത്തിൽ ഒരു സാധാരണക്കാരനായ കാശ്മീരി ആരാണ്? അവർ അനുഭവിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളോടുള്ള അവരുടെ സമീപനമെന്താണ്?
വളരെ സാധാരണക്കാരും നിഷ്കളങ്കരും ആണ് കാശ്മീരിലെ ജനങ്ങൾ. ഇന്ത്യയിലെ പർവ്വത പ്രദേശങ്ങളായ ഉത്തരഖണ്ഡ്, ഹിമാചൽപ്രദേശ് പോലുള്ള സ്ഥലങ്ങളിലും കാണാവുന്ന ഒരു പ്രത്യേകതയാണ് ഇത്. നാട്യങ്ങളും, കൌശലങ്ങളുമില്ലാത്ത, അങ്ങേയറ്റം വിനയാന്വിതരും സമാധാനപ്രിയരുമായവരാണു അവരിൽ ഭൂരിപക്ഷവും. കാശ്മീരിൽ കണ്ടതുപോലെയും അനുഭവിച്ചതുപോലെയുമുള്ള ആതിഥേയത്വ മര്യാദകൾ ഞാൻ എവിടേയും കണ്ടിട്ടില്ല എന്നാണു ലോകത്തിന്റെ പലഭാഗങ്ങളിൽ സഞ്ചരിച്ച ഒരാളെന്ന നിലയിൽ എനിക്ക് പറയാനാവുക. ഭൂരിപക്ഷം കാശ്മീരികളും സൂഫി മുസ്ലീങ്ങളാണ്. അതുകൊണ്ടുതന്നെ വളരെ ലിബറലും മനുഷ്യത്വപരവുമായ ഒരു മതബോധമാണ് അവർക്കുള്ളത്. ഇന്ത്യയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ മതമൌലികവാദം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മതമൌലികവാദം വർദ്ധിച്ച ഈ സാഹചര്യത്തിൽ ഒരു വേറിട്ട ഉദാഹരണമാണ് കാശ്മീരികളുടേത്.

കാശ്മീരി പണ്ഡിറ്റുകളുട വിഷയത്തിൽ താങ്കളുടെ നിരീക്ഷണമെന്താണ്? പണ്ഡിറ്റുകളെ കാശ്മീരിലേക്ക് ക്ഷണിക്കുന്ന കാശ്മീരി സംഘടനകളെക്കുറിച്ചുള്ള സമീപകാല വാർത്തയും കാശ്മീരിൽ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളുട നീണ്ട ചരിത്രവും ഒരേ സമയം കേൾക്കുന്നു. ഈ വിഷയത്തിന്റെ അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?
ബഹുഭൂരിപക്ഷം പണ്ഡിറ്റുകളും ജമ്മുകാശ്മീരിൽ നിന്നും പലായനം ചെയ്തു. ഇന്ന് കഷ്ടിച്ച് ഒരു ശതമാനം മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. അവർ താമസിക്കുന്നത് ജമ്മു ഭാഗത്താണ്. 2007-ൽ പണ്ഡിറ്റുകളുടെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോൾ കാണാനായത് 2006-ൽ മൻമോഹൻസിംഗ് ഗവണ്‍മെന്റ് നടപ്പിലാക്കിയ വികസന പദ്ധതിയുടെ ഫലമായി അവരുടെ നിലവാരത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നതാണു. ഇപ്പോൾ അവർക്ക് കോണ്ക്രീറ്റ് വീടുകളും ഗവണ്‍മെന്റിൽനിന്നു ലഭിക്കുന്ന നിശ്ചിത റേഷൻ ക്വാട്ടയുമുണ്ട്. കാശ്മീർ താഴ്വരയിലുള്ള നിങ്ങളുടെ പൂർവ്വികരുടെ വീടുകളിലേക്ക് മടങ്ങണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ അത് നിരസിച്ചു. “ഞങ്ങൾ പണ്ഡിറ്റുകൾ 60 ലക്ഷം ഉള്ളതിൽ മൂന്ന് ലക്ഷം മാത്രമാണ് ജമ്മുവിലുള്ളത്. ബാക്കിയെല്ലാവരും യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്”. അഭിമാനപൂര്‍വ്വമാണു അവർ എന്നോടത് പറഞ്ഞത്.

കാശ്മീരി മുസ്ലിംങ്ങളും പണ്ഡിറ്റുകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ്? മുസ്ലിം അസഹിഷ്ണുതയുടെ ഇരയാണോ യഥാര്‍ത്ഥത്തിൽ പണ്ഡിറ്റുകൾ?
എന്റെ അനുഭവത്തിൽ കേരളവും നാഗ്പൂരും ഡൽഹിയും ഒക്കെയായി താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ച ബന്ധമാണ് കാശ്മീരിലെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ളത്. യഥാർത്ഥത്തിൽ കാശ്മീരിലെ പ്രശ്നം ഒരു ഹിന്ദു – മുസ്ലീം വിഷയമല്ല. ഹിന്ദു-മുസ്ലീം എന്ന ഭാഷയിൽ ഒരാളും സംസാരിക്കുന്നത് കാശ്മീരിൽ എനിക്ക് കേൾക്കാനായിട്ടില്ല. കാശ്മീരിലെ പണ്ഡിറ്റുകളുടെ പലായനത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയ പ്രൊപ്പഗാണ്ടയുണ്ടെന്ന് തോന്നുന്നു. തൊണ്ണൂറുകളിലെ ജമ്മുകാശ്മീർ ഗവർണറായ ജഗ്മോഹന്റെ പ്രസ്താവനകൾ പല പണ്ഡിറ്റുകളേയും പലായനത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്. ഇത് കാശ്മീരി ടൈംസ് പത്രത്തിന്റെ പ്രതിനിധികളും ചില പണ്ഡിറ്റുകളും എന്നോട് പറഞ്ഞതാണ്. ഒരു ഉന്നത പദവിയിലുള്ള ആളെന്ന നിലയിൽ ജഗ്മോഹന്റെ വാക്കുകൾ അവരെ സ്വാധീനിച്ചിരിക്കാം. എന്നാലും ഈ വിഷയത്തിലെ ഒരു വേർഷൻ മാത്രമാണിത്.

എന്നാൽ ഇതിനു ഒരു മറുവശമുണ്ട്. തൊണ്ണൂറുകളിൽ കാശ്മീർ താഴ്വരയിലുണ്ടായ തീവ്രവാദം ഈ പലായനത്തിനു പിന്നിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കാശ്മീരിൽ ഇപ്പോഴും ഒരുപാട് സിഖ് സമുദായക്കാർ താമസിക്കുന്നുണ്ട് എന്നത് അനുബന്ധമായി കാണേണ്ടതുണ്ട്. സിഖുകാരൊന്നും പലായനം ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. സിഖുകാർ കാശ്മീരുമായി ഇഴുകിച്ചേർന്നതായിട്ടാണ് എനിക്ക് തോന്നിയത്. കർഫ്യൂവിനിടയിലും വലിയ ശബ്ദമുണ്ടാക്കി സൈക്കിളുകൾ ഓടിച്ചു പോകുന്ന സിഖുകാരെ ഞാൻ കണ്ടു. ഒരുപാട് ഗുരുദ്വാരകളുണ്ട്. കാർഗിൽ പോലെ കാശ്മീരിന്റെ പല ഭാഗങ്ങളിലും ഗണ്യമായ ബുദ്ധിസ്റ്റ് സമുദായവുമുണ്ട്. ചിലേടത്തൊക്കെ ക്രിസ്ത്യൻ പള്ളികളും കാണാനായിരുന്നു. മറ്റൊന്ന് കാർഗിലിലും മറ്റും ഉള്ളത് മുസ്ലീങ്ങളിലെ ഷിയാ വിഭാഗമാണ്. തകര്‍ന്ന അമ്പലങ്ങളോ ചർച്ചുകളോ ഗുരുദ്വാരകളോ എവിടെയും കാണാൻ കഴിഞ്ഞില്ല. ചുരുക്കത്തിൽ വ്യത്യസ്ത സമുദായങ്ങൾ സഹവർത്തിത്ത്വത്തോടെ ജീവിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് കാശ്മീർ. കാശ്മീരിലെ മുസ്ലീങ്ങൾ മിതത്വ സ്വഭാവക്കാരും മതേതര വീക്ഷണമുള്ളവരും മനുഷ്യത്വം നിറഞ്ഞ സമീപനം ഉള്ളവരുമാണ്. ചറാരെ ശരീഫ്, ഹസ്രത് ബാൽ തുടങ്ങിയ ഒരുപാട് സൂഫി സന്യാസിസ്ഥാനങ്ങളുടെ സ്വാധീനമാണ് ഇതിന് പിന്നിൽ. ഹിന്ദു – മുസ്ലീം സഹവർത്തിത്ത്വത്തിന്റെ ഒരു മികച്ച ഉദാഹരണമാണ് കാശ്മീർ എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം കാശ്മീരികൾക്ക് ഗാന്ധിജിയോട് ഇന്നും ബഹുമാനമുണ്ട്. അത് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്.

ആസാദി (സ്വാതന്ത്ര്യം) ആവശ്യപ്പെടാന്‍ കാശ്മീരികളെ പ്രചോദിപ്പിക്കുന്ന ഘടകമെന്തായിരിക്കും?
പുറത്തു നിന്നുള്ള നിയന്ത്രണ മേധാവിത്വത്തിൽ നിന്നും സ്വതന്ത്രമായിരിക്കുക എന്നത് ഇന്ത്യയിലെ പര്‍വ്വത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഒരു പൊതു മനഃശ്ശാസ്ത്രമാണ്. ഇത് ഇന്ത്യയുടെ പര്‍വ്വത പ്രദേശങ്ങളായ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവരിലും കാണാനാവും. ഇത് കാശ്മീരിന്റെ കാര്യത്തിലും ശരിയാണ്. ഇന്ത്യാ ഗവണ്‍മെന്റ് കാശ്മീരിലൂടെയുള്ള പട്ടാളക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒഴുക്ക് കുറയ്ക്കുകയാണെങ്കില്‍, ഒരു പക്ഷേ കാശ്മീരിലെ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.

തീവ്രവാദം അതിന്റെ വിഭിന്ന ഭാവങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി താങ്കളുടെ ചിന്തകൾ എന്താണ്?
ന്യൂനപക്ഷ തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി ഭൂരിപക്ഷ ഭീകരവാദമാണ്. ഞാന്‍ ഇതു രണ്ടിനെയും മാത്രമല്ല, എല്ലാ തരത്തിലുള്ള തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നു. ഹിറ്റ്‌ലറിനെയും മുസ്സോളിനിയേയും പോലുള്ളവര്‍ ഭൂരിപക്ഷ തീവ്രവാദം എത്രത്തോളം ഭീകരമാവാം എന്നതിന്റെ ഉദാഹരണമാണ്. ഇന്ത്യയിലുള്ളതു പോലെയുള്ള വൈവിധ്യം ലോകത്തെവിടെയും കാണാനാവില്ല. ഇന്ത്യക്ക് ഒരു രാഷ്ട്രം എന്ന നിലയില്‍ അതിജീവിക്കാനും, വളരാനും ‘സര്‍വ്വ ധര്‍മ്മ സമഭാവ്’ (എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന) എന്ന ആശയം അത്യാവശ്യമാണ്. അതേപോലെതന്നെ മനുഷ്യന്റെ അതിജീവിനത്തിനു ഇന്‍സാനിയ്യത്തും (മനുഷ്യത്വം) അത്യന്താപേക്ഷിതമാണ്. വ്യത്യസ്ത ഭാഷാ-മത സമൂഹങ്ങൾ തമ്മിൽ സഹവർത്തിത്വത്തോടെ ജീവിച്ചില്ലായെങ്കിൽ ഇന്ത്യ ഒരു അമീബയെപ്പോലെ പല കഷണങ്ങളായി ചിതറിത്തെറിക്കും.

അഹമ്മദ് ജുനൈദ്, സുരേഷ് ഖൈർനർ
അഹമ്മദ് ജുനൈദ്, സുരേഷ് ഖൈർനർ

വ്യത്യസ്ത മതസമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ ഭൂതകാലം സൂചിപ്പിക്കുന്നതെന്താണു?
ഈ വിഷയത്തിൽ വർത്തമാനകാലത്തേക്കാൾ എന്തുകൊണ്ടും മികച്ച ഒരു ഭൂതകാലമാണു നമുക്കുള്ളത്. അതുകൊണ്ടാണല്ലോ, ഇന്ത്യ ഇന്ത്യയായി തുടരുന്നതും. വിഭജനം വളരെ വ്യത്യസ്തമായ ഒരു കാര്യമാണു. മുഗൾ രാജാക്കന്മാരുടെ കാലങ്ങളോളം ഇവിടെ ഭരിച്ചെങ്കിലും, എൺപതു ശതമാനത്തോളം വരുന്ന ജനങ്ങൾ ഹിന്ദുക്കളായി തുടരുന്നു. അവർ ഒരു കയ്യിൽ വാളും മറുകൈയ്യിൽ ഖുർ ആനും ആയി ഇറങ്ങിയിരുന്നെങ്കിൽ സുരേഷ് ഖൈർനർ, നരേന്ദ്ര മോദി, മോഹൻ ഭാഗവത് എന്നീ പേരുകളൊന്നും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ശിവാജി പോലും ഇന്ത്യ ഇരു ഹിന്ദു രാഷ്ട്രമാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ശിവാജിയുടെ പട്ടാളത്തിലെ പ്രധാനചുമതലകൾ വഹിച്ചിരുന്ന മുസ്ലിംങ്ങളെ കാണാനാകും. ഇതുതന്നെയാണു അക്ബറിനെ പോലെയുള്ള മുഗൾ ഭരണാധികാരികളുടെ കാര്യത്തിലും കാണാൻ കഴിയുക. പലരും നെഗറ്റീവായി ചിത്രീകരിക്കാറുള്ള ഔറംഗസേബിന്റെ പട്ടാളത്തിലും കൊട്ടാരത്തിലെ പ്രധാനചുമതലക്കാരിലും മുസ്ലിം ഇതര സമുദായങ്ങളിൽ നിന്നുള്ളവരെ ധാരാളമായി കാണാനാകും.

ഒരു പൗര സമൂഹ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ പൗര സമൂഹസംഘടനകളുടെ Civil Society Organizations) സമകാലിക ഇന്ത്യൻ സാഹചര്യത്തിലെ പ്രസക്തിയെക്കുറിച്ച് താങ്കൾ എന്തു കരുതുന്നു?
ആഗോളതലത്തിൽ വ്യത്യസ്ത സാഹചര്യങ്ങളോടും, ആവശ്യങ്ങളോടും പ്രതികരിക്കുന്ന ഒരു വലിയ ശക്തിയാണു പൗര സമൂഹസംഘടനകൾ. പുതിയ കാലത്തെ, ഒരേയൊരു പ്രതീക്ഷയും ഇത്തരം കൂട്ടായ്മകളാണു. ലോകചരിത്രത്തിന്റെ പലഘട്ടങ്ങളിലും ഇത്തരം കൂട്ടായ്മകളുടെ ഇടപെടലുകൾ കാണാനാകും. ഗ്രീക്ക്, പടിഞ്ഞാറൻ സമൂഹങ്ങൾ മുതൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം വരെ അതിന്റെ ഉദാഹരണങ്ങൾ കാണാനാകും. നമ്മൾ സന്യാസികളും സൂഫികളുമെന്ന് വിളിക്കുന്ന ശ്രീനാരായണഗുരുവും, മഹാരാഷ്ട്രയിലെ തുക്കാറാമും, ഗുരുനാനാക്കും, റൂമിയും, ഏക്നാഥ് മഹാരാജുമെല്ലാം സിവിൽ സൊസൈറ്റിയുടെ വക്താക്കളായിരുന്നു എന്നാണു ഞാൻ കരുതുന്നത്. ഇവരുടെ പാരമ്പര്യം പേറുന്ന ഒരു പിന്മുറക്കാരനായി സ്വയം പരിചയപ്പെടുത്താനാണു ഞാൻ ആഗ്രഹിക്കുന്നതും. അത്മീയവൽക്കരിക്കപ്പെട്ട രാഷ്ട്രീയം (spiritual politics) എന്ന ഗാന്ധിയൻ ദർശനത്തിനു വലിയ പ്രസക്തിയുണ്ടെന്നാണു ഞാൻ കരുതുന്നത്. രാഷ്ട്രീയം ആത്മീയവൽക്കരിക്കപ്പെടണമെങ്കിൽ അതു മാനുഷികമാകണം; അമാനുഷികമാകരുത്.

മുതലാളിത്തം ഒരു യാഥാർത്ഥ്യമായ, ഭൗതികമായ ഒരു ലോകത്ത് ഇത്തരം വിഷയങ്ങളുടെ പ്രസക്തി എന്താണു?
അഞ്ചു രാജ്യങ്ങളുടെ ഒന്നിച്ചുള്ള ബജറ്റിനെക്കാൾ അധികമാണു ചില കോർപ്പറേറ്റുകളുടെ ബജറ്റ്. കോർപ്പറേറ്റ് സാമ്രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ മാനവികതയ്ക്ക് എതിരാണു. കാരണം, വർഗ്ഗീയതയ്ക്കും യുദ്ധങ്ങൾക്കും പിന്നിൽ അവരുടെ കരങ്ങളുണ്ട്. പശുവിനെക്കുറിച്ചും പള്ളിയെക്കുറിച്ചും മാത്രമായി ജനങ്ങളുടെ ചർച്ച ഒതങ്ങുകയാണെങ്കിൽ അവർക്ക് എന്തും ചെയ്യാനുള്ള ഒരു ‘ഫ്രീ ഹാൻഡ്’ ഉണ്ടാകും. മുസ്ലീം ബ്രദർഹുഡ്, വഹാബിസം, തീവ്രഹിന്ദുത്വസംഘടനകൾ എന്നിവർക്ക് മില്യണുകൾ ഫണ്ടായി നൽകി കോർപ്പറേറ്റുകൾ ഈ ലക്ഷ്യം നേടുന്നു. ചുരുക്കത്തിൽ, ലാഭം മാത്രം ആഗ്രഹിക്കുന്ന മുതലാളിത്ത ശക്തികളും, വർഗ്ഗീയശക്തികളും പരസ്പരം സഹായിക്കുകയാണു. ഈ പ്രപഞ്ചത്തെ സംരക്ഷിക്കാൻ മാനവികതയിൽ അധിഷ്ഠിതമായ ശ്രമങ്ങളാണു ആവശ്യം.

Comments

comments