അനശ്വരകവിതകൾ  – അനശ്വരരുടെ കവിതകൾ- 5

രണ്ടാം ലോകമഹായുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു വീരമൃത്യു വരിച്ച 33 റഷ്യൻ കവികളുടെ യുദ്ധകാല കവിതകൾ ആണ് ‘ഇമ്മോർട്ടാലിറ്റി’ എന്ന കവിതാസമാഹാരത്തിൽ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

 

ലിയോനിഡ് വില്‍കോമിര്‍

16810271_1569252583103172_592993937_oലിയോനിഡ് വില്‍കോമിര്‍ ഉസ്ബക്കിസ്ഥാനിലെ സെരവ്ഷാന്‍ നദീതീരത്ത് പഴയ ബുഖാറ ഗ്രാമത്തില്‍ ഒരു തൊഴിലാളി കുടുംബത്തില്‍ 1912 ല്‍ ജനിച്ചു.
മോസ്കോയില്‍ സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബോറെറ്റ്സ് ഫാക്ടറിയില്‍ ജോലിയ്ക്ക് ചേര്‍ന്നു. Sh turm (Assault)
സാഹിത്യസംഘത്തില്‍ അംഗമായി, കവികളുടെ പട്ടികയില്‍ ഇടം നേടി.1931 ല്‍ ഒരു സംഘം സഖാക്കള്‍ക്കൊപ്പം നിഴ്നി ടാഗില്‍ എത്തുകയും പ്രാദേശികപത്രത്തില്‍ എഴുതാന്‍ തുടങ്ങുകയും ചെയ്തു. അവിടെവെച്ചാണ് യുറാള്‍ പറവതങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ ഇടം നേടുന്നത്. 1934 ഗോര്‍ക്കി ലിറ്റററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1938 ല്‍ അദ്ദേഹത്തെ പട്ടാളത്തിലേയ്ക്ക് വിളിച്ചു. വിദൂരപൌരസ്ത്യപ്രദേശത്തേയ്ക്ക് – far east – വിളിച്ചെങ്കിലും പട്ടാളപ്പത്രമായ ക്രാസ്നായ സ്വെസ്ഡയുടെ ( red star ) പത്രാധിപസമിതിയില്‍ അംഗമായി നിയമിതനായി. യുദ്ധപൂര്‍വ്വകാലത്ത് ഒരു ദശാബ്ദത്തോളം കാലം അദ്ദേഹം യാത്രകളില്‍ ആയിരുന്നു. സഞ്ചാരക്കുറിപ്പുകളില്‍ അമ്പതിലധികം നഗരങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്.1942 ജൂലൈ 19th അസ്സാള്‍ട്ട് വിമാനത്തിലെ റേഡിയോ ഓപ്പറേറ്റര്‍ ആയി ജോലിയെടുക്കവേ നോവോഷെര്‍കാസ്കിനടുത്ത് വെടിയേറ്റ്‌ മരിച്ചു. ഔദ്യോഗിക വിശദീകരണം ഇങ്ങിനെ:
“1942 ജൂലൈ 19th ക്രാസ്നായ സ്വെസ്ഡ ലേഖകനും മുതിര്‍ന്ന രാഷ്ട്രീയ ഉപദേഷ്ടാവും ആയിരുന്ന സഖാവ് വില്‍കോമിര്‍ അസ്സാള്‍ട്ട് 103 യുദ്ധവിമാനത്തിന്‍റെ വ്യോമാകാശപരിധിയില്‍ എത്തി. പൈലറ്റുകളുടെ വ്യോമാക്രണം റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു ഉദ്ദേശ്യം. ഒരു സംഘം പോര്‍വിമാനങ്ങള്‍ പുറപ്പെടാന്‍ തയ്യാറായിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വില്‍കോമിര്‍ സൈനികമേധാവിയോട് വിമാനം പുറപ്പെടണമെന്ന് കെഞ്ചി. സൈനികമേധാവിയും ആ യൂണിറ്റിന്‍റെ നേതൃത്വം വഹിയ്ക്കുന്ന ഉദ്യോഗസ്ഥനും വില്‍കോമിറുടെ അപേക്ഷ തള്ളി. ഉടനെ അദ്ദേഹം 216 യൂണിറ്റിന്‍റെ മേധാവി മേജര്‍ ജനറല്‍ ഷെവ്ചെങ്കോവിനെ സമീപിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും വില്‍കോമിറിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അനുവാദം കൊടുത്തു. ലെഫ്റ്റനന്‍റ് മാസ്ലോവിന്‍റെ നേതൃത്വത്തില്‍ പോര്‍വിമാനം ശത്രുസങ്കേതത്തെ ലക്ഷ്യമിട്ട് പറന്നു. ശത്രുക്കള്‍ കൈവശപ്പെടുത്തിയിരുന്ന നോവോഷെര്‍കാസ്കില്‍, യെര്‍മാകോവ്സ്കായ റെയില്‍വേ സ്റ്റേഷനടുത്ത്, ശത്രുസൈന്യങ്ങള്‍ ലെഫ്റ്റനന്‍റ് മാസ്ലോവിന്‍റെ വിമാനം വെടിവെച്ചു വീഴ്ത്തി. പൈലറ്റ്‌, ലെഫ്റ്റനന്‍റ് മാസ്ലോവും സഖാവ് വില്‍കോമിറും യൂണിറ്റിലേയ്ക്ക് തിരിച്ചുവന്നില്ല.”


എന്‍റെ ഈ ജീവിതം – ലിയോനിഡ് വില്‍കോമിര്‍
ഇംഗ്ലീഷ് മൊഴിമാറ്റം : പീറ്റര്‍ ടെമ്പസ്റ്റ്
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി

ജീവിതം ഒരിയ്ക്കലും ആവര്‍ത്തിയ്ക്കില്ല
വീണ്ടും നിനക്കു പാടാവുന്ന
ഒരു ഗീതമല്ല അത്.
ഒരു ദിവസം ഞാനും മരിയ്ക്കും.

ചെയ്തുകൊണ്ടിരിയ്ക്കുന്നതെല്ലാം
അവസാനിപ്പിക്കുന്നതിനു മുമ്പെ
ഈ ജീവിതത്തോട്
ഞാന്‍ യാചിക്കുകയാണ്:
വെള്ളത്തിന്‍റെ രുചി ആസ്വദിക്കട്ടെ
ഋതുഭേദങ്ങളുടെ ഗന്ധം ശ്വസിക്കട്ടെ.
നക്ഷത്രങ്ങളെ കാണട്ടെ.
സൂര്യനുദിക്കുമ്പോള്‍
എതിരേല്‍ക്കട്ടെ!

എനിക്ക് സന്തോഷമായി
ഏറ്റവും സ്വച്ഛമായ
സഹജാവബോധത്തോടെ ജീവിക്കണം.
മരണം എന്നെ വെറുതെ വിടില്ല.
എന്നാലും ഞാന്‍ എങ്ങനെ
ചിന്തിക്കാനും ജീവിക്കാനും
പഠിക്കാതിരിയ്ക്കും!

ആവേശം – ലിയോനിഡ് വില്‍കോമിര്‍
ഇംഗ്ലീഷ് മൊഴിമാറ്റം : പീറ്റര്‍ ടെമ്പസ്റ്റ്
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി

ഇലച്ചാര്‍ത്തുകള്‍ തിങ്ങി
വളരുന്നതുപോലെ
വളരെ അനുസരണയോടെ
പട്ടാളക്കാര്‍ വരികളാകുന്നു.
രാപ്പാടിയുടെ ശ്വാസോച്ഛ്വാസം കേള്‍ക്കാം.
യുദ്ധകാഹളം മുഴങ്ങുന്നുണ്ട്.
എവിടെനിന്നോ ഒരു വിളി കേള്‍ക്കുന്നു.
ശാന്തമായ ആകാശം തണുത്ത് മരവിയ്ക്കുന്നു.
ഉത്സാഹത്തോടെ
വേഗം തോക്ക് നിറയ്ക്കുക;
ഉടനെ തയ്യാറെടുക്കണം!
അല്ലെങ്കില്‍
അന്ധനായ ഒരു ചിത്രകാരനെപ്പോലെ,
ബധിരനായ പാട്ടുകാരനെപ്പോലെ,
തകര്‍ന്ന വിമാനത്തിലെ പൈലറ്റിനെപ്പോലെ
നീ നിസ്സഹായനാകും!

തമ്പിനുള്ളിലിരുന്ന് തീകായുന്നു – ലിയോനിഡ് വില്‍കോമിര്‍
ഇംഗ്ലീഷ് മൊഴിമാറ്റം: പീറ്റര്‍ ടെമ്പസ്റ്റ്
മലയാളമൊഴി : അച്യുതന്‍ വടക്കേടത്ത് രവി

ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിരണ്ടിലേതു പോലെ
കഠിനശൈത്യം അനുഭവപ്പെട്ട
ഒരു ഹേമന്തകാലം
മനുഷ്യര്‍ ഇന്നേവരെ
അനുഭവിച്ചിട്ടുണ്ടാവില്ല.
രാത്രിയില്‍
നനഞ്ഞ, ആവി പൊന്തുന്ന,
വിറകുകൊള്ളിയില്‍ നിന്നും
ഒരു തീനാളം ഊതിയുണര്‍ത്താന്‍
ഞങ്ങള്‍ നന്നേ ഞരുങ്ങി.
തീക്കട്ടകള്‍ക്ക്
ചിറകു വെച്ച്
ചുകന്നു ജ്വലിയ്ക്കാന്‍ തുടങ്ങിയപ്പോള്‍
ഞങ്ങളുടെ ചിന്തകള്‍
ചിറകേറി വിദൂരതയിലെക്കെവിടേയ്ക്കോ
പറന്നു പോയി.
ഞങ്ങള്‍ നിര്‍മ്മിയ്ക്കുന്ന
വിമാനശാലയില്‍നിന്നും
ഒരു പൈലറ്റ്‌ നല്ല ഉയരത്തില്‍
വിമാനം പറത്തുന്നത്
സ്വപ്നം കാണും
ഞങ്ങള്‍ ആവേശഭരിതരാകും.
തരിശായി കിടക്കുന്ന സൂചിയിലക്കാടുകള്‍
പുതുനഗരങ്ങളാകും.
സൂര്യന്‍ ചുകന്നു തുടുക്കും
കാര്‍ണിവലില്‍ ഉയര്‍ത്തുന്ന ചെങ്കൊടിപോലെ


 

Comments

comments