ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടു കാലം മുതലേ മദ്ധ്യയൂറേഷ്യയിലെ സ്കൈത്തിയൻ ഭൂപ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പാചകരീതിയാണ് സ്റ്റൂ (stew)ന്റേത് എന്ന് ഗൂഗിളച്ചായൻ പറഞ്ഞുതരുന്നു. ശേഖരിച്ചുകിട്ടുന്ന പച്ചക്കറികളോ ഇറച്ചിയോ കഷണങ്ങളാക്കി വെറും വെള്ളത്തിലോ, അപ്പപ്പോൾ ലഭ്യമായ ഏതെങ്കിലും ദ്രാവകത്തിലോ ചെറുതീയിൽ വേവിച്ചെടുത്ത് സമയം പോലെ അടുപ്പത്തുനിന്ന് ചൂടോടെ എടുത്തു കഴിക്കുന്ന ലളിതവിഭവം. യൂറോപ്പ് മുഴുവൻ അത് പ്രചാരത്തിലുമായി. അവ്വിധത്തിലാണെങ്കിൽ ക്രിസ്തുവിനും അദ്ദേഹത്തിന്റെ പന്ത്രണ്ട് ശിഷ്യന്മാർക്കും അറിയാവുന്ന ചുരുങ്ങിയ പാചകത്തിൽ സ്റ്റൂ ഉൾപ്പെടുമെന്നത് തീർച്ച. ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിനു സമീപം വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന, ആ പന്ത്രണ്ടു ശിഷ്യരിലൊരാളായ സെയിന്റ്. തോമസ് കേരളക്കരയിലെ അതിജീവനത്തിന്റെ ആദ്യനാളുകൾ പിന്നിട്ടതും സ്റ്റൂവിന്റെ സഹായത്താലാവും എന്നും അനുമാനിക്കാനാവുന്നതാണ്.
ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ നമ്പൂതിരിമാർ ഉണ്ടായിരുന്നോ എന്നതും സെയിന്റ്.തോമസ് കേരളത്തിൽ വന്നോ എന്നതും പല സവർണ്ണ അച്ചായന്മാരും അവകാശപ്പെടുന്നതുപോലെ സെയിന്റ്. തോമസ് നേരിട്ട് അവരുടെ നമ്പൂരിയപ്പൂപ്പന്മാരെ മാമോദീസാ മുക്കിയതാണോ എന്നും മറ്റും തീർച്ചയില്ലെങ്കിലും സ്കൈത്തിയൻ സ്റ്റ്യൂ കേരളത്തിലെത്തിയപ്പോൾ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നത് വാസ്തവമാണ്. നാളികേരപ്പാലൊഴിക്കുക, വെളിച്ചെണ്ണ തുളിക്കുക, കറിവേപ്പില താഴ്ത്തുക തുടങ്ങിയ അനുഷ്ഠാനങ്ങൾ സ്റ്റൂ അഥവാ ഇഷ്ടു അഥവാ ഷ്ഠു വിന്റെ പാചകവുമായി ചേർന്നുപോയത് സംശയലേശമന്യേ മുസിരിസ് പ്രതാപകാലത്ത് കേരളതീരത്തുവെച്ചാണ്. നാളികേരപ്പാലിനു തന്നെ ഒന്നാം പാൽ രണ്ടാം പാൽ മൂന്നാം പാൽ എന്നൊക്കെ വേർതിരിവുകളുണ്ടായതു പോലും മതപരിവർത്തനത്തിന്റെ പല സാമുദായിക കിനിഞ്ഞിറക്കങ്ങങ്ങളിൽ ഇപ്പറഞ്ഞ ഒന്നാം നൂറ്റാണ്ടിൽ പിഴിഞ്ഞുണ്ടാക്കിയതാണ് എന്നുപോലും വിശ്വസിക്കാവുന്ന തെളിവുകളുണ്ട്. മദ്ധ്യപൗരസ്ത്യ യൂറോപ്പിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകളുടെ രാഷ്ട്രീയം മദ്ധ്യതിരുവിതാംകൂറിലെ കേരളാ കോൺഗ്രസ്സായി ഖദറിട്ട് നാളികേരപ്പാൽ ഒഴിച്ച് വെളുത്തുവന്നതുപോലെത്തന്നെ ഒന്നാം പാൽ രണ്ടാം പാൽ മൂന്നാം പാൽ എന്നൊക്കെ ഗ്രൂപ്പുകളായതും തികച്ചും കേരളീയമായ ഈ പരിവർത്തനപ്രക്രിയയുടെ തുടർച്ചയായി കരുതപ്പെടാവുന്നതാണ്. അധികം തിളച്ചാൽ പിരിഞ്ഞുപോകുന്ന നാളികേരപ്പാലിനു പകരം ആവശ്യാനുസരണം ഒട്ടുകയും വലിയുകയും ചുരുങ്ങുകയും ചെയ്യുന്ന റബ്ബർപാൽ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് പിന്നീടുള്ള ചരിത്രം.
ഇഷ്ടു :പാലപ്പം (വെള്ളേപ്പം ,കള്ളപ്പം ), ഇഷ്ടു : ഇടിയപ്പം (നൂൽപ്പിട്ട് ), ഇഷ്ടു : ഇഡ്ഡലി എന്നിവയാണ് നാളിതുവരെ കേരളക്കരയിൽ പരീക്ഷിച്ചുപോന്നിട്ടുള്ള ഇഷ്ടുവിന്റെ ജനപ്രീതിയുള്ള കേരളാ കോൺഗ്രസ് മുന്നണിബന്ധങ്ങൾ. പൊതുവേ ഉത്തരേന്ത്യൻ ഗോതമ്പുറൊട്ടികളുടേയും ചപ്പാത്തികളുടേയും രാഷ്ട്രീയവുമായി പ്രത്യക്ഷത്തിൽ ഒരു ചേർച്ചയില്ലായ്മ അനുഭവപ്പെടുന്നതുകൊണ്ടുതന്നെ അത്തരമൊരു ഭക്ഷ്യശീലത്തിനോട് ഒരു രുചിക്കുറവ് മലയാളിക്ക് മുൻവിധി ആയിട്ടുണ്ട്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന്റെ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായി മൂവാറ്റുപുഴയിൽ നിന്ന് പി.സി.തോമസ് തിരഞ്ഞെടുക്കപ്പെട്ടത് വെറും 511 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വത്തിക്കാനെ പൂർണമായും അംഗീകരിക്കുന്ന സിറോ മലബാർ കത്തോലിക്കാ സഭയുടെ റോമൻ സ്റ്റ്യൂ പോപ്പിന്റേയും മദർ തെരേസയുടേയുമൊക്കെ പടം വെച്ച് തിരഞ്ഞെടുപ്പുപ്രചരണത്തിന് വിളമ്പിയത് സുപ്രീം കോടതിക്കും അത്ര പിടിച്ചില്ല. പി.ടി.ചാക്കോയുടെ ഒറിജിനൽ നാളികേരപ്പാൽരാഷ്ട്രീയം രക്തത്തിലുണ്ടായിട്ടുപോലും പി.സിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കളഞ്ഞു.
കേരളാ കോൺഗ്രസ് പിളരുന്തോറും വളരും എന്ന പഴയ സിദ്ധാന്തം പോലെത്തന്നെ മദ്ധ്യതിരുവിതാംകൂറിലും മലയോരമേഖലയിലും ബഹുവിധമായ ആവിഷ്കാരങ്ങളുടെ വൈവിദ്ധ്യത്താൽ സ്റ്റൂ കൂടുതൽ കൂടുതൽ ജനപ്രിയത ആർജ്ജിക്കുകയാണുണ്ടായത്. വെറും ഉരുളക്കിഴങ്ങും സവാളയും പച്ചമുളകു കീറി ഇഞ്ചിയരിഞ്ഞിട്ട് വേവിച്ച് നാളികേരപ്പാൽ ചേർത്ത് കറിവേപ്പില താഴ്ത്തി വെളിച്ചെണ്ണ തുളിച്ച് വാങ്ങിവെക്കുന്ന ഗാന്ധിയൻ കോൺഗ്രസ് പാചകം മുതൽ സ്റ്റൂവിന്റെ യൂറോപ്യൻ സമ്പ്രദായത്തോട് ചേർന്നുപോകുന്ന കാരറ്റ്, ബീൻസ് മുതലായ പച്ചക്കറിക്കഷണങ്ങളോ ഉരുളക്കിഴങ്ങിനു പകരം കപ്പയോ പ്രാദേശികമായ അവൈലബിൾ ഇറച്ചികളോ ഒക്കെ മുറിച്ചിട്ട് മല്ലിപ്പൊടിയോ കുരുമുളകോ പട്ടയോ ഗ്രാമ്പൂവോ ചേർത്ത് മലയോരമേഖലയുടെ നീറലിട്ട് കലക്കുന്ന കേരളാ കോൺഗ്രസ് പാചകം വരെ എന്തും മലയാളിയുടെ രാഷ്ട്രീയരസനയ്ക്ക് രുചികരമായിട്ടേയുള്ളൂ. (വെള്ളത്തിനുപകരം ബിയറിലും വൈനിലുമൊക്കെ സ്റ്റൂ വെക്കുന്ന മനോഹരമായ ഒരു പാശ്ചാത്യസമ്പ്രദായവുമുണ്ട്. കേരളത്തിലെ ബാറുകൾ ബിയർ വൈൻ പാർലറുകളായ സാഹചര്യത്തിൽ ഒരു പാചകവിധിയുടെ പിൻബലത്തിൽ ബ്രാഹ്മണാൾ കാപ്പി ശാപ്പാട് ഹോട്ടലുകളിൽ പോലും ബിയറിഷ്ടു ഇടിയപ്പത്തോടൊപ്പം വിളമ്പുന്നതിന് നിയമപരമായ ഒരു പഴുത് ആരും അന്വേഷിക്കാത്തതെന്ത് എന്നത് ഉത്തരവിനോടൊപ്പം പഴുത് സൗജന്യമായി സപ്ലൈ ചെയ്തുപോരുന്ന കേരളത്തിലെ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ ഒരു വസ്തുതയാണ് ) സിറോ മലബാർ സഭ മാത്രമല്ല റോമനും സിറിയനും ലത്തീനും ക്നാനായക്കാരും തൊട്ട് പെന്തക്കോസ്തുകാർ വരെയുള്ള സർവ്വനസ്രാണികളും ഒഴിച്ചുകൂട്ടുന്ന ഒന്നാണ് കേരളീയമാക്കപ്പെട്ട സ്റ്റ്യൂ. നേരത്തെ പരാമർശിച്ച ജനപ്രിയരീതികൾക്കു പുറമേ പുട്ടിനും ദോശക്കും വരെ ഇഷ്ടു കൂട്ടുന്ന ഇഷ്ടം മതഭേദമന്യേ കേരളക്കരയാകെ ഉണ്ട്.
മറിച്ച് സ്റ്റുവിനെ ‘ഷ്ടു’, ഇഷ്ടു, ഷ്ഠു എന്നൊക്കെ തിരുവിതാംകൂറിൽ നിന്ന് സ്വാംശീകരിച്ച വള്ളുവനാട്ടിലെ ലളിതപാചകങ്ങളെ പരാമർശിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒഴിച്ചുകൂട്ടാനായ മൊളോഷ്യത്തിന്റെ കാര്യമെടുക്കുക. ഏതു വെള്ളത്തിലും ഏതു പാത്രത്തിലും വേവുന്ന പരിപ്പ് ഒരുപിടിയിട്ട് കുമ്പളങ്ങയോ മത്തങ്ങയോ പയറോ ചക്കക്കുരുവോ ചേനയോ എന്നല്ല സഹ്യപർവതത്തിനിപ്പുറത്തുള്ള എതൊരു പച്ചക്കറിയും മുറിച്ചിട്ട് ഉപ്പിട്ട് വേവിച്ച് ഒരു മുളകു കീറിയിട്ട് വെളിച്ചെണ്ണ തുളിച്ച് കറിവേപ്പിലയിട്ട് വാങ്ങാവുന്ന, ഏതാണ്ട് സ്കൈത്തിയൻ സ്റ്റ്യൂവിന് സമാനമായ അടിസ്ഥാനപാചകം തന്നെയാണ് മൊളോഷ്യത്തിനുമുള്ളത്. എന്നാൽ സ്റ്റ്യൂവിന് വിപരീതമായി ത്രേതായുഗത്തിൽ പരശുരാമൻ നിശ്ചയിച്ച കേരളസംസ്ഥാനത്തിന്റെ റവന്യൂ അതിർത്തികൾക്കുള്ളിൽ മാത്രമായി മൊളോഷ്യത്തിന്റെ പാചകം ഒതുങ്ങി നിന്നതെന്തുകൊണ്ട് എന്നത് പഠനവിധേയമാക്കേണ്ടതാണ്. 21 വട്ടം ക്ഷത്രിയരെ കൊന്നൊടുക്കിയ, ഉന്മൂലനസിദ്ധാന്തം നകസലുകൾക്കും യുഗങ്ങൾക്കു മുമ്പ് പ്രയോഗിച്ചയാളെങ്കിലും (മുൻകാലയുഗപ്രാബല്യത്തോടെ UAPA, POTA, TADA തുടങ്ങിയവ വകുപ്പുകൾ ചുമത്താവുന്ന ഭീകരനെങ്കിലും ) ഭക്ഷ്യശീലങ്ങളിൽ കഴിവതും വെജിറ്റേറിയനായ പരശുരാമന്റെ പിന്മുറക്കാരുടെ പാചകത്തിൽ മൊളോഷ്യം അഥവാ മുളകൂഷ്യത്തിന് അതിന്റെ ലളിതപാചകം കൊണ്ട് ഏറ്റവും പഴക്കവും പ്രാധാന്യവുമുള്ളതായ ഒരു സ്ഥാനം ഉണ്ടാവേണ്ടതാണ്. നാളികേരവും ജീരകവും അരച്ചുകൂട്ടുന്ന മുളകൂഷ്യത്തിന്റെ തെക്കൻ രീതി കലിയുഗത്തിൽ മിക്സിയൊക്കെ വന്ന ശേഷമേ സ്ത്രീജനങ്ങൾ സ്വീകരിച്ചിട്ടുള്ളൂ. അമ്മിയിലരവിനുള്ള സാവകാശമില്ലാത്ത നേരങ്ങളിൽ ധൃതിയിൽ വെക്കേണ്ട ഒരു വിഭവമെന്ന നിലയിലാണ് മൊളോഷ്യം മലയാളപാചകത്തിൽ പ്രസക്തമാകുന്നതും. ഓലന്റെ പാചകം ഇതിലും ലളിതമാണെങ്കിലും ഒരു മുഖ്യധാരാ ഒഴിച്ചുകൂട്ടാൻ എന്ന നിലയിൽ പ്രവർത്തിക്കാനുള്ള ശേഷി ഓലന് ഇല്ലെന്നിരിക്കെ, അപ്രതീക്ഷിതരായ ഉച്ചയൂണതിഥികളെ സ്വീകരിച്ചുകൊണ്ട് നേതൃത്വപരമായി പ്രവർത്തിക്കാൻ കെല്പുള്ള വീട്ടമ്മമാരുടെ സുഹൃത്താണ് മോളോഷ്യം.
ചരിത്രപരമായി ഇത്രയും ശക്തമായ പശ്ചാത്തലമുണ്ടായിട്ടും അരക്കാത്ത മൊളോഷ്യം വള്ളുവനാടിനപ്രത്തേക്കും അരച്ചുപാർന്ന മൊളോഷ്യം കേരളക്കരയ്ക്ക് പുറത്തേക്കും വെജിറ്റേറിയൻ സമൂഹങ്ങളിൽ പോലും പ്രചരിച്ചിട്ടില്ല എന്നതാണ് വാസ്തവം. സ്റ്റ്യൂവിനുണ്ടായിട്ടുള്ള സാമ്പത്തികാധിനിവേശങ്ങളുടെ പിൻബലത്തോടെയുള്ള സാംസ്കാരികരുചിയുടെ ജനപ്രീതി മൊളോഷ്യം എന്നൊക്കെ പറയുമ്പോൾ ( കൊളോസ്സിയം എന്നൊക്കെ പറയുന്നതുപോലെ ) അനുഭവപ്പെടുന്ന സാർവദേശീയത പേരിലുണ്ടായിട്ടുപോലും യൂറോപ്പിലോ അമേരിക്കയിലോ തിരിച്ച് നേടിയെടുക്കാൻ മൊളോഷ്യത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് ഏറ്റവും ലളിതമായി നിരീക്ഷിക്കാൻ കഴിയുന്നത്.
ആഗോളതയുടെ വാതിലിന്റെ ഓടാമ്പൽ തുറന്നിട്ട മന്മോഹൻസർദാർജി അധികാരത്തിൽ വരുന്നതിനും മുമ്പ് ഇംഗ്ലണ്ടിൽ ജനപ്രീതി നേടിയ ചിക്കൻ ടീക്കാ മസാല എന്ന സർദാർജിവിഭവത്തെ ഇതോട് ചേർത്ത് പരാമർശിക്കേണ്ടതാണ്. ചിക്കൻ ടീക്ക എന്ന കഷ്ണമാത്രമായ വിഭവത്തിൽ സ്വല്പം ഗ്രേവി വേണം എന്ന ഏതോ സായിപ്പിന്റെ ആവശ്യത്തെത്തുടർന്ന് ബർമിങ്ഹാമിലോ മറ്റോ ഒരു റെസ്റ്റോറന്റിൽ ഉരുത്തിരിഞ്ഞ ‘ഇന്ത്യൻ’ വിഭവമത്രേ ‘ചിക്കൻ ടീക്കാ മസാല’. അങ്ങനെയാലോചിക്കുമ്പോൾ ആഗോളമുതലാളിത്തം പതിനഞ്ചുനായും പുലിയും കളിച്ച് നമ്മുടെ ഉമ്മറത്തിണ്ണയിലിരിക്കുന്ന ഇക്കാലത്ത് മൊളോഷ്യത്തിനെ ഒരു അന്താരാഷ്ട്രവിഭവമാക്കി മാറ്റിയെടുക്കുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. മൊളോഷ്യത്തിന്റെ അഡാപ്റ്റബിലിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത അതിൽ അധികമായി ചേർക്കുന്നതെന്തോ അതിന്റെ പേരിലാണ് പിന്നീട് ആ മൊളോഷ്യം പരാമർശിക്കപ്പെടുക എന്നതാണ്. ഉദാഹരണമായി കുമ്പളങ്ങമൊളോഷ്യത്തിൽ പപ്പടക്കഷ്ണം വറുത്തിട്ടു കൂട്ടിയാൽ അത് കുമ്പളങ്ങോണ്ട് ള്ള പപ്പടമൊളോഷ്യം ആയി. പപ്പടം വറുത്തുകൂട്ടിയ കുമ്പളങ്ങ മൊളോഷ്യം എന്ന് അതിനെ പരാമർശിക്കാൻ മലയാളവ്യാകരണത്തിൽ വകുപ്പില്ല. സായിപ്പിന്റെ ഇഷ്ട ഉപദംശങ്ങളായ ഓണിയൻ റിങ്സ്, പിസ്സ, ഹാംബർഗർ മുതലായവ കഷ്ണം മുറിച്ചിട്ട് കൂട്ടിയാൽ പിസ്സ മൊളോഷ്യം, ഹാംബർഗർ മൊളോഷ്യം എന്നൊക്കെ ഒട്ടും ഉച്ചാരണപ്രശ്നങ്ങളില്ലാതെ പാശ്ചാത്യഭോജനശാലകളിൽ അവതരിപ്പിക്കാവുന്നതേ ഉള്ളൂ.
ലക്ഷ്മി നായർ ഇപ്പോൾ വെച്ചുണ്ടാക്കുന്നതൊക്കെ മാറ്റിവെച്ചുകൊണ്ട് ഇമ്മാതിരി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മൊളോഷ്യത്തെപ്പോലുള്ള പ്രാദേശികരസനാശീലങ്ങളെ സാമ്രാജ്യത്തവിരുദ്ധപ്രവർത്തനങ്ങളുടേയും ചെറുത്തുനില്പുകളുടേയും മാദ്ധ്യമമായി ഉപയോഗിക്കാൻ കേരളത്തിലെ രാഷ്ട്രീയനേതൃത്വം ശ്രദ്ധിക്കേണ്ടതുണ്ട് എന്നും കേരളാ കോൺഗ്രസ്സുകാർ അടക്കമുള്ളവർ ഇക്കാര്യം ഉൾക്കൊള്ളേണ്ടതുമുണ്ട് എന്നുമാണ് ഭക്ഷണത്തിന്റെ രാഷ്ട്രീയം മുൻനിർത്തിയുള്ള ഒരു വിനീതമായ നിരീക്ഷണം. വെളുത്ത ഇഷ്ടുവിനോടൊപ്പം തന്നെ ഇരുണ്ട മൊളോഷ്യങ്ങളും കൂടി ചേർന്ന ബഹുരുചികളാണ് രാഷ്ട്രീയമായ ബഹുസ്വരതകളുടെ ജീവൻ നിലനിർത്തുന്നത് എന്നത് നാം ഓർത്തേ മതിയാവൂ.
Be the first to write a comment.