വാക്കുകളുടെ ശ്വാസകോശം പോലെ
ചുരുങ്ങികൊണ്ടിരിക്കുന്നതായ്
തോന്നിച്ച
ആ മുറിയുടെ ഒരു മതിൽ
എഴുത്തുമേശയോടൊട്ടി വളരുന്നു
അല്ലെങ്കിൽ
ഗർഭപാത്രം പോലെ
ശരീരത്തിൽ നിഷേധിച്ചു മുറ്റിയ
മേശയിരിപ്പതു കൊണ്ട്
ഉയരമേറിക്കൊണ്ടേയിരിക്കുന്നു
മറ്റു മൂന്നിൽ നിന്നും
ആ ഭിത്തി.
എന്നുമുണ്ട്
ഭിത്തിയിൽ,
നിത്യതയിലേക്ക്
കല്ലിച്ച ഒരു പല്ലി
ഇര ഒരില്ലായ്മ ആയിരിക്കിലും
പിടഞ്ഞല്ലാതെ ചലിക്കാനാകാതെ
ഒരിട
വെളിച്ചത്തിന്റെ വലിവിനൊത്ത്
തന്റെ നിഴൽ കൂർക്കുന്നതും
ദേഹത്തൊട്ടുന്നതും
അറിഞ്ഞും അനങ്ങാതെ.
അനങ്ങായ്മയുടെ അരക്ഷിതത്വത്തെക്കുറിച്ച്
തന്നാലൊരു ശില്പമായ്
തന്നെയാവിഷ്കരിക്കലെന്ന
അറപ്പിക്കുന്ന ദുരന്തത്തെ
അവയവങ്ങൾ പുറത്തേക്കു നിഴലിച്ച,
മനുഷ്യത്തൊലിയുടെ നിറമുള്ള
ശരീരം കൊണ്ട് വെളിപ്പെടുത്തിയ
മഹാപ്രാണൻ

ഒരു വാക്കും
ഇനിയും
കുറിക്കപ്പെടില്ല
വിണ്ട ഭിത്തിയുടെ കാല്പനികതയിലേക്ക്
വാലു പൊട്ടിച്ചിട്ട്
ഒരവയവഭംഗത്തിന്റെ മാരകസൗന്ദര്യവുമായി
വെളുത്ത കടലാസിലേക്കത്
കടന്നു കയറും വരെ.


 

Comments

comments