[button color=”” size=”” type=”square” target=”” link=””]ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ[/button] കൈത്തണ്ടയിലെ ഞരമ്പറുത്ത് ആത്മഹത്യ ചെയ്തവരാണ് മഞ്ചാടി മരങ്ങളായി പുനർജനിക്കുന്നത്. കൈത്തണ്ടയിൽ നിന്നും തെറിച്ചുവീഴുന്ന ചോരത്തുള്ളികൾ പോലുള്ള മഞ്ചാടികൾ പെറുക്കിയെടുക്കുമ്പോൾ നിന്റെ കാലുകൾ തരിക്കുകയും ഹൃദയത്തിലേക്കുള്ള  ചോരയോട്ടം കൃമാതീതമായി വർദ്ധിക്കുന്നതും അതുകൊണ്ടാണ് പെണ്ണേ! കരിയിലകളുടെ കിരുകിരുപ്പിലേക്ക് കാലമർത്തുമ്പോൾ മണ്ണിനടിയിൽ നിന്നും മരിച്ചവരുടെ ശ്വാസം കാലിൽ വന്ന് തൊടാറുണ്ടെന്നും, മരണഭയത്താൽ അതുകൊണ്ട് തന്നെ ഇതുവരെ ഒരു മഞ്ചാടിക്കുരുപോലും നീ പെറുക്കിയെടുത്തിട്ടില്ലെന്നും  എനിക്കറിയാം. എങ്കിലും, നിനക്ക് മഞ്ചാടിക്കുരുക്കൾ ഇഷ്ടമാണെന്നെനിക്കറിയാം. അതുകൊണ്ടാണല്ലോ നീ എന്നെ മഞ്ചാടിയെന്ന് വിളിക്കാറുള്ളത്. മറ്റുള്ളവരേക്കാൾ നീ എന്നെയാണ് പ്രണയിച്ചതെന്നെനിക്കറിയാം. എങ്കിലും, ഒന്ന് ചേർത്തുപിടിക്കുക കൂടി ചെയ്യാതെ എന്തിനാണ്…. യാത്ര പറഞ്ഞ് പോയതെന്റെ നദീ…..

അന്ന്, തങ്ങളെ മറികടന്നു പോയ പതിനായിരക്കണക്കിന് വാഹനങ്ങളുടെ ഒച്ചകൾക്ക് നടുവിൽ നിശബ്ദത തളംകെട്ടിക്കിടന്നത് ഓർമ്മ വരുന്നു. തികച്ചും, പരിചിതരായ  അപരിചിതരെപോലെ  കഴിച്ചു കൂട്ടിയ നിമിഷങ്ങൾ….. നമ്മൾ പറയാതെ പറഞ്ഞ ആയിരക്കണക്കിന് വിശേഷങ്ങൾ….. അവയെല്ലാം എന്റെ സമനിലയെ കാര്യമായി ബാധിക്കുന്നത് നീ അറിയുന്നുണ്ടോ? മരിച്ചവർ എന്തറിയാൻ? നിന്റെ ലോകം അവസാനിച്ചു കഴിഞ്ഞല്ലോ. എടുക്കാൻ വൈകിയ തീരുമാനത്തെ മനസ്സിൽ നിരവധി തവണ ശപിച്ചുകൊണ്ട് നീലിമ ഹോസ്റ്റൽ മുറിയിൽ തെക്കോട്ടും വടക്കോട്ടും നടന്നുകൊണ്ടിരുന്നു. ആന്ധ്രയിൽ കണ്ടുവരുന്ന ഒരുതരം വരണ്ടകാറ്റ് തന്റെ ശരീരത്തെ ചുട്ടു പൊള്ളിക്കുന്നതായി അവളറിഞ്ഞു. താനും മരിച്ചുപോകുമോ എന്നവൾ ഭയപ്പെട്ടു. സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും വാക്കുകളാൽ മുറിവേല്പിക്കുവനാണ് നദി. തന്നെ വലിച്ചു മുറുക്കുന്ന ചിലന്തിവലയാണവൻ.

നീലിമ ജനലിലൂടെ പുറത്തേക്ക് നോക്കി. ഞാനും നദിയുമല്ലേ റോഡിൽ നിൽക്കുന്നത്! സ്ഥിരമായി ധരിക്കാറുള്ള കാക്കി നിറമുള്ള ഷർട്ടാണല്ലോ ഞാൻ ധരിച്ചിരിക്കുന്നത്. നീലിയിപ്പോഴും ഞങ്ങളെ പ്രതീക്ഷിച്ച് കാത്തുനിൽക്കാറുണ്ടാകുമോ? എന്നെയല്ലല്ലോ, അവനെയല്ലേ? അവളെപ്പോഴും  എവിടേയും പ്രതീക്ഷിച്ചിട്ടുള്ളത്. മാഗസിന്റെ വർക്ക് ഏകദേശം കഴിയാറാകുമ്പോഴാണ്, അല്ല… പോലീസ് കസ്റ്റഡിയ്ക്ക് ശേഷമുള്ള അവസാന യാത്രയിലാണ് ഞാനവസാനമായി അങ്ങോട്ട് ചെന്നത്. നീലിയപ്പോൾ എച്ച്.സി.യു.വിൽ  ജോയിൻ  ചെയ്തിട്ട്  മൂന്നു നാല്  മാസമേ  ആയിട്ടുണ്ടായിരുന്നുള്ളൂ…   ഓർമ്മകളെ നക്കിത്തിന്ന ഒരു മുഴുഭ്രാന്തിയായിരുന്നു അവന്നവൾ. ശരിക്കും റോഡിന്റെ എതിർവശത്ത് നിൽക്കുന്നത് ആരാണ്? അത് ഞങ്ങളല്ല. വേറെ ആരോ ആണ്…. ഞാനിട്ടിരിക്കുന്ന ഷർട്ടിന്റെ നിറമെന്താണ്? ഭ്രാന്താശുപത്രിയുടെ യൂണിഫോമിന് നീല നിറമാണോ! നോയലും അനന്തുവും ശാഹിദുമൊക്കെ ഇവിടെയുണ്ടോ? എനിക്ക് മാത്രമാണോ ശരിക്കും ഭ്രാന്തായത് ? പമ്മന്റെ കിടിലൻ നോവലാണ് ഭ്രാന്ത് !

നദിയുടെ ആത്മഹത്യ വല്ലാതെ അസ്വസ്ഥയാക്കുന്നു. ഫാസിൽ വിളിച്ചു പറഞ്ഞതൊന്നും ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. നീലിമ തന്റെ മുടിയിൽ പതിയെ വിരലോടിച്ചു. ആദ്യമായി അവനെ കണ്ടത് എന്നാണ്? ഫെബ്രുവരിയിലാണോ? ഓർമ്മ കിട്ടുന്നില്ലല്ലോ! ക്യാമ്പസിന്റെ  സ്‌മോക്കിങ്ങ് കോർണറിൽ തന്റെ അടുത്തിരുന്ന് കുസൃതി കാട്ടിയപ്പോൾ, കവിളിലും പിൻകഴുത്തിലും വിരലോടിച്ചപ്പോൾ…. കൈത്തണ്ടയിലെ രോമങ്ങൾ എഴുന്നേറ്റപോലെ തോന്നിയൊരു ഫീലുണ്ടല്ലോ? അതിപ്പൊ ശരീരത്തെയാകമാനം തകർത്തുകളയുന്നു. ഇപ്പോൾ,  ഹൈദ്രബാദ് നഗരത്തിലെ ചൂട് ചുറ്റും പരക്കുന്നുണ്ട്. നദിയുമൊത്തുള്ള അവസാനത്തെ ഓർമ്മ എന്തായിരുന്നു, അറിയില്ല. പക്ഷേ… ഓർമ്മയിൽ അവൻ പറഞ്ഞുപോയ കുറേ കഥകളുണ്ട്. കഥ പറയുന്നപോലെയാണ് അവൻ സംസാരിച്ചിരുന്നത്. നദിയല്ലല്ലോ അഷറഫായിരുന്നില്ലേ തന്നെ കാണാൻ വന്നത്! അതെ, ഞാനാണ് നിന്നെ കാണാൻ വന്നത്. നിന്നെയല്ല രാജലക്ഷ്മിയെ കാണാനായിരുന്നു വന്നത്. അവളെ കാണാൻ വന്നതിന്റെ  രണ്ടാംദിവസമാണ്….ഞാൻ നിന്നെ വന്നു കണ്ടത്.pjj-4-2

പുതിയ കൂട്ടുകാരിയെ കിട്ടിയപ്പോൾ പഴയവളെ മറന്നൂ എന്നും പറഞ്ഞ് നീയന്ന് അടിയുണ്ടാക്കിയതും കാറ്റിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പെൺകുട്ടിയാണ്  താനെന്നും  പറഞ്ഞിരുന്നു. അന്ന്, ട്രിപ്പായപ്പോൾ നിന്നോട് പറഞ്ഞ കഥകളോർത്ത് നിന്റെ കണ്ണുകളിൽ നനവ് പടരുന്നതായി ഞാനറിയുന്നു.

‘എല്ലാവരും പുസ്തകങ്ങളാണു, വായിക്കാൻ കൊതിക്കുന്ന പുസ്തകങ്ങൾ. തീരുമ്പോൾ സങ്കടം വരുന്ന പുസ്തകങ്ങളാണ് പെണ്ണേ, ഞാനും നീയും… ഞാനൊരു പുസ്തകത്തിൽ കുടുങ്ങിപ്പോയി. ആ പുസ്തകത്തിൽ നിന്നും ഇറങ്ങുതോടെ എന്റെ മരണമാണ്. ഇനി പറയുന്നത് എന്റെ കഥയാണ്. മരണത്തിന്റെ തൊട്ടുമുമ്പുള്ള മിടിപ്പിൽ ഞാനെന്റെ ആദ്യശ്വാസത്തെ എന്നിലൂടെ പുറത്തേക്ക് കളയും. ഇത്രയും ചേർന്ന ഒരു നിമിഷത്തെ ഓർമ്മയാണ് ഈ കഥ. ഇതിൽ എല്ലാമുണ്ട്, ഒന്നുമില്ല.’ എഴുതാനിരിക്കുന്ന ഏതോ കഥയുടെ കുറച്ച് ഭാഗങ്ങൾ നീ പറഞ്ഞുതന്നത്, തലച്ചോറിൽ വല്ലാത്തൊരു മുഴക്കത്തോടെ കുത്തിനോവിക്കുന്നു. ഞാനും നീയും നദിയുമൊക്കെ കുടുങ്ങിപ്പോയത് കഥയിലായിരുന്നില്ല, നശിച്ചൊരു മാഗസിനിലായിരുന്നു!

ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയുടെ മുമ്പിൽ, തെക്ക് ഭാഗത്തുള്ള പെട്ടിക്കടയുടെ സൈഡിലെ ആളൊഴിഞ്ഞ ബസ്സ് സ്റ്റോപ്പിലിരുന്ന് നീലിയുടെ പരിഭവങ്ങൾക്ക് മറുപടിയെന്നോണമാണ് നദി ആ കഥയുടെ തുടക്കം ആരോടെന്നില്ലാതെ പറഞ്ഞു തീർത്തത്. അപ്പോഴവൻ ഒന്നും പറഞ്ഞിട്ടേയില്ല. ഒന്ന് ചേർത്തുപിടിക്കുക കൂടി ചെയ്തിട്ടില്ല. പ്രണയമാണ് പോലും! ഒന്നു ചേർത്തുപിടിക്കാതെ… ഒരിക്കൽ പോലുമൊന്ന് ഉമ്മ വെക്കാത്തൊരു കാമുകൻ, ഒരു ദുർബല കാമുകൻ. അല്ല, അവനവിടെ വന്നിട്ടേയില്ല!… നീയിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസികാവസ്ഥ തന്നെയാണ് എനിക്കും. നദിയുടെ മരണത്തിൽ നിന്നും നമ്മളൊരിക്കലും കരകയറിയിട്ടില്ല. നിന്നെയന്ന്, കാണാൻ വന്നത് നദിയായിരുന്നില്ല, ഞാനായിരുന്നു. എന്നെ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിട്ട് മടങ്ങി  വരുമ്പോഴാണ് നദി സ്യൂയിസൈഡ് ചെയ്ത വാർത്ത നീയറിയുന്നത്. അന്നായിരുന്നു, യാക്കൂബ് മേമനെ ഭരണകൂടം കഴു വേറ്റിയത്. അവിടെ നിന്നും ഒരുമാസം കഴിഞ്ഞ് നിന്റെ ഫെയ്‌സ്ബുക്ക്  പോസ്റ്റ് വഴിയാണ് ഞാനിതെല്ലാം അറിയുന്നത്….

കൂട്ടുകാരെ കാണാനോ, മൊബൈൽ വഴിയോ ഫെയ്‌സ്ബുക്ക് വഴിയോ ഒന്ന് ബന്ധപ്പെടാനോ കഴിയുന്നില്ല. ആരും ഇതുവരെ എത്തപ്പെട്ടിട്ടില്ലാത്ത അജ്ഞാതമായ ഒരു ദ്വീപായി താൻ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പേടിച്ചിരുന്ന കാര്യങ്ങൾ ഒടുവിൽ സംഭവിച്ചിരിക്കുന്നു. ഇദ്രീസിനെ പോലെ ആരാലും കേൾക്കപ്പെടാത്ത ഒരാളായി ഞങ്ങളെല്ലാം മാറുന്നു. ഞാനുള്ള സകല ഇടങ്ങളിലേക്കും പോലീ സ് എത്തിയിരിക്കുന്നു. വല നെയ്ത് ഇരപിടിക്കുന്ന ഭീമാകാരനായ ചിലന്തിയെപോലെ അധികാരസംവിധാനങ്ങൾ പെരുമാറുന്നു. സ്വതന്ത്രമായൊന്ന് കാറ്റുകൊള്ളാൻ പോലും കഴിയുന്നില്ല. പോലീസ്, കസ്റ്റഡിയ്ക്ക് ശേഷം ഒന്ന് പുറത്തിറങ്ങുമ്പോൾ നൂറുകൂട്ടം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നു. അങ്ങാടിയിലെ പീടികത്തിണ്ണയിലിരിക്കുന്ന അപ്പൂപ്പന്മാർ മുതൽ വഴിയിലൂടെ നടന്നുപോകുന്ന അപരിചിതരായ മനുഷ്യർ വരെ ഇപ്പോൾ സംശയത്തോടെ തുറിച്ചു നോക്കുകയാണ്. മാവോയിസ്റ്റ്, തീവ്രവാദി (മുസ്ലിം), സംസ്‌ക്കാരമില്ലാത്തവൻ, ചാപ്പ കുത്തിത്തരുന്ന ഐഡന്റിറ്റി കോളങ്ങളിൽ കിടന്ന് പാവമെന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോയ്ക്ക് ശ്വാസം മുട്ടുന്നല്ലോ?pjj-4-3

ആത്മഹത്യാശ്രമത്തിനും ഐ.സി.യു. വാസത്തിനും ശേഷം മനസ്സിന്റെ താളം തെറ്റിക്കിടക്കുകയാണെന്ന് പതിയെ തിരിച്ചറിയുന്നു. തിരിച്ചറിവുകൾ പലപ്പോഴും എന്റെ കളഞ്ഞുപോയ തിരക്കഥയിലെ കഥാപാത്രങ്ങളെ  പോലെ  ഒരിക്കലും  കേൾക്കപ്പെടില്ലെന്ന്  ആകാശത്ത്  നിന്നും വെളിപാടുണ്ടാകുന്നു. തലച്ചോറിലെ ഒരു മഷിപ്പാട് പോലെ ഉന്മാദത്തിന്റെ വെളിവുകേട് ബാക്കിയാകുന്നു. ഞാനടക്കമുള്ള മനുഷ്യർ കഥാപാത്രങ്ങളായി ആകാശത്തിലേക്കുള്ള വാതിൽ തുറക്കുന്നു. സിഗരറ്റുപുക പോലെ മൂടൽമഞ്ഞ് മുറിയിലാകെ പരക്കുന്നു. ഇന്ന്, തീയതിയെന്താണ്? ദിവസമേതാണ്? എന്നാണ്, ആൽബിനെ കാണാൻ ആ നശിച്ച നാട്ടിലേക്ക് പോയത്! ആൽബിനെ കാണാൻ പോയത് ആഗസ്റ്റ് 30-ന് തന്നെയാണ്…. ആ ദിവസം ഞാനൊരിക്കലും മറക്കില്ല!

ഓർമ്മയിലിപ്പോൾ ആൽബിനടക്കമുള്ള കൂട്ടുകാർ മാത്രമാണ് തെളിഞ്ഞു വരുന്നത്…. അവർ, കൂട്ടുകാരാണോ? അതോ താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോ! അറിയില്ല…. കോൺസ്റ്റബിൾ കുട്ടൻപിള്ളയും ഇദ്രീസും ജാനകിയുമൊക്കെ ഏത് കഥയിലെ സിനിമയിലെ കഥാപാത്രങ്ങളായിരുന്നു! കെ.ജി.ജോർജ്ജിന്റെ പഞ്ചവടിപ്പാലത്തിലെ കഥാപാത്രമാണോ കോൺസ്റ്റബിൾ കുട്ടൻപിള്ള?

Comments

comments