(കെ.പി.രാമനുണ്ണിയുമായി നവമലയാളി മിഡിൽ ഈസ്റ്റ് എഡിറ്റർ ഷൈന ഷാജൻ നടത്തിയ അഭിമുഖത്തിൽ നിന്ന്)

1. ഹിന്ദു മുസ്ലിം ജനതക്കിടയിലുള്ള ആദാന പ്രദാനങ്ങളെ വിഷയമാക്കുന്നതാണ് പ്രധാനപ്പെട്ട പല നോവലുകളും. വളരെയധികം ആരോപണങ്ങളും വിമര്‍ശനശരങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ സ്വരവൈവിധ്യങ്ങളെയും നിരാകരിച്ചു കൊണ്ട് ഏകമുഖമായ ദേശീയ കാഴ്ചപ്പാടുകൾ അടിച്ചേൽപിക്കുകയും മറുശബ്ദങ്ങളെ ദേശവിരുദ്ധതയായി മുദ്ര കുത്തുകയും ചെയ്യുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. ദേശം, ദേശീയത, ദേശസ്നേഹം തുടങ്ങിയവ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന,വര്‍ഗ്ഗീയതയും വിഭാഗീയതയും ദേശത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈയൊരു പശ്ചാത്തലത്തില്‍ ജീവിക്കുമ്പോള്‍ പെരുമാള്‍ മുരുകനും കല്‍ബുര്‍ഗ്ഗിക്കും, പന്‍സാരേക്കുമൊക്കെ ഉണ്ടായ അവസ്ഥ എപ്പോഴെങ്കിലും നേരിടേണ്ടി വന്നേക്കാം എന്നൊരു ഭീതി ഉണ്ടായിട്ടുണ്ടോ?

@ സത്യത്തില്‍ ഹിന്ദു – മുസ്ലീം വിനിമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ മാത്രമല്ല നമ്മുടെ സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം ഇന്ത്യ ഒട്ടുക്കുണ്ട്. കാരണം ഇന്ത്യയുടെ ചരിത്രം ഹിന്ദു-മുസ്ലീം സംഘട്ടനത്തിന്റെ ചരിത്രമല്ല. സഹസ്രാബ്ദങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കൊണ്ടും കൊടുത്തും സാംസ്കാരികമായ വിനിമയങ്ങള്‍ നടത്തിയും ആത്മീയരംഗത്ത് പോലും പല കാര്യങ്ങളും പങ്കു വെച്ചും ജീവിച്ചിട്ടുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഇത് ഹൈന്ദവ കാഴ്ച്ചപ്പാടു പ്രകാരവും ഒട്ടും തെറ്റായിട്ടുള്ള കാര്യമല്ല. ഹൈന്ദവതയുടെ അടിസ്ഥാന തത്വം വെച്ച് നോക്കിയാല്‍ ഇസ്ലാമുമായി ഒരു പാട് സാമ്യങ്ങള്‍ ഉണ്ട് എന്ന് നമുക്ക് കാണാനാവും. എവിടെ ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുന്നുവോ അവിടെ ഞാന്‍ അവതരിക്കും എന്നാണ് കൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. ഞാന്‍ എന്നത് സാഹിത്യ ഭാഷയില്‍ പറയുകയാണ്‌. ഞാന്‍ – ഞാനെന്നു പറഞ്ഞാല്‍ ദൈവം എന്നല്ല, ദൈവദൂതന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ സന്ദേശം നല്‍കുന്നവന്‍ – അവതരിക്കും എന്നാണ്. ഇസ്ലാമിലും പറയുന്നത് അങ്ങനെയാണ്. ആദ്യം പ്രവചിക്കപ്പെട്ട മതം ജീര്‍ണ്ണിക്കുന്ന സമയത്ത് പുതിയൊരു പ്രവാചകന്‍ അത് നേരെയാക്കാന്‍ വരും. മതം എന്നു പറഞ്ഞാല്‍ ഒരു സന്മാര്‍ഗ്ഗ നിഷ്ഠയാണ്. മനുഷ്യന്‍ മാനസികവും ശാരീരികവും ആത്മീയവുമായി വിമോചിതമാകുന്ന ഒരു ധാര്‍മ്മികനിഷ്ഠ, നീതിയുക്തമായ ഒരു വ്യവസ്ഥ. പിന്നീട് എഴുത്തും വായനയുമെല്ലാം വന്നപ്പോള്‍ പ്രവാചകര്‍ അവതരിക്കേണ്ട ആവശ്യമില്ലാത്തതു കൊണ്ട് മുഹമ്മദ്‌ നബി അവസാന പ്രവാചകനായി എന്നാണ് ഇസ്ലാം സങ്കല്‍പ്പം. ഇത് തീര്‍ച്ചയായും ഹൈന്ദവതയുടെ സങ്കല്പ്പവുമായിട്ടും ചേര്‍ന്നു പോകുന്നതാണ്. അപ്പോള്‍ ദൈവശാസ്ത്രപരമായി അല്ലെങ്കില്‍ മതപരമായൊക്കെ നോക്കുകയാണെങ്കില്‍ ഹിന്ദുവിന്റെ ഒരു വിപരീത പദമല്ല മുസ്ലീം എന്ന് കാണാന്‍ പറ്റും. എല്ലാ മതങ്ങളുടെ സങ്കല്‍പ്പത്തിലും അടിസ്ഥാനപരമായ ഏകത്വത്തിന്റെ, തുടര്‍ച്ചയുടെ ഒരു സങ്കല്‍പ്പമുണ്ട്. താത്വികമായിട്ടും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വിഭജനത്തിന്റെയോ കലഹത്തിന്റെയോ ആവശ്യമില്ല. സാംസ്കാരികമായിട്ടു തന്നെ ഇന്ത്യയില്‍ ഇസ്ലാം വന്ന സമയത്ത്, ഇസ്ലാം ഇവിടത്തെ പാരമ്പര്യത്തിനും സംസ്കാരത്തിനും ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. സംഗീതം, ആര്‍ക്കിടെക്ചര്‍, നൃത്തം തുടങ്ങിയവയിലൊക്കെ ഇസ്ലാമിന്റെ സംഭാവനകള്‍ ഏറെയുണ്ട്. ഇവിടത്തെ സംസ്കാരവുമായി ചേര്‍ന്ന്‍ പുതിയ രൂപങ്ങള്‍ ഇസ്ലാമിലും ഉണ്ടായിവന്നിട്ടുണ്ട്. അപ്പോള്‍ അങ്ങനെയൊരു അടുപ്പത്തിന്റെ ബന്ധമാണ് ഉണ്ടായത്; അടിക്കലിന്റെ അല്ല. ഇതിനെ സംഘര്‍ഷാത്മകമാക്കി മാറ്റുകയും ഇത് സംഘര്‍ഷഭരിതമാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തത് കൊളോണിയല്‍ ശക്തികളാണ്. കാരണം അവര്‍ക്കത് ആവശ്യമായിരുന്നു. ബ്രിട്ടീഷ് മേധാവിത്വം പോയ ഇടങ്ങളിലെല്ലാം തന്നെ അവര്‍ അവിടത്തെ സമുദായങ്ങളെയും, വ്യത്യസ്ത വംശങ്ങളെയും മതങ്ങളെയും ഒക്കെ തമ്മിലടിപ്പിച്ചിട്ടുണ്ട്. എങ്കിലേ അവര്‍ക്കു നിലനില്‍ക്കാന്‍ പറ്റൂ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് വെറും മൂവായിരം വെള്ള ശരീരങ്ങളാണ് കപ്പല്‍ കയറി ഇന്ത്യ വിട്ടു പോയത്. കോടിക്കണക്കിനു വരുന്ന നമ്മളെ അവര്‍ ഭരിച്ചത്, നമ്മുടെ ആള്‍ക്കാരെത്തന്നെ ഉപകരണമാക്കി മാറ്റിക്കൊണ്ടാണ്. ഇവിടത്തെ വ്യത്യസ്ത സമുദായങ്ങളെ പരസ്പരം സംഘര്‍ഷത്തിലും ശത്രുതയിലും എത്തിച്ച് അതില്‍ നിന്നും മുതലെടുക്കുകയാണവര്‍ ചെയ്തത്. അതുകൊണ്ട് തന്നെ ഇന്ത്യാചരിത്രത്തെ ഹിന്ദു മുസ്ലീം സംഘട്ടന ചരിത്രമായിട്ട് അവര്‍ മുന്‍കാല പ്രാബല്യത്തോടു കൂടി പുനഃസൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷുകാര്‍ പഠിപ്പിച്ച ആ ചരിത്രമാണ് നമ്മുടെ ചരിത്രം എന്ന് പലരും തെറ്റിദ്ധരിച്ചു. ഇന്നിവിടെ ഹിന്ദുത്വ ശക്തികള്‍ എന്നു പറയുന്നവര്‍ ഹിന്ദുവിന്റെ വിപരീതപദമായിട്ട് മുസ്ലീമിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. അവര്‍ പലപ്പോഴും ഞങ്ങളാണ് ഭാരതീയതയുടെ വക്താക്കള്‍ എന്ന് പറഞ്ഞാണയിടുന്നുണ്ടെങ്കിലും അവര്‍ ഭാരതീയതയുടെ സങ്കല്‍പ്പമോ, ഭാരതീയതയുടെ സത്യമോ അല്ല പ്രതിനിധാനം ചെയ്യുന്നതും പ്രസരിപ്പിക്കുന്നതും. പകരം അവര്‍ കൊളോണിയല്‍ ശക്തികള്‍ ഉണ്ടാക്കിയെടുത്ത വികലമായ ചരിത്രത്തെ അതാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ടോ, അല്ലെങ്കില്‍ കരുതിക്കൂട്ടി അതാണെന്ന് സ്വയം വിശ്വസിച്ചു കൊണ്ടോ ഈ ശത്രുത ഉണ്ടാക്കുകയാണ്. ഒരിക്കലും ഇവിടത്തെ ഹിന്ദുത്വ ശക്തികള്‍ ഭാരതീയതയെ പ്രതിനിധാനം ചെയ്യുന്നില്ല മറിച്ച്, അവര്‍ സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു നാടന്‍ യുവതി തന്റെ കാമുകന്റെ കുട്ടിയാണെന്ന് പറഞ്ഞിട്ട് ഗര്‍ഭത്തില്‍ ഒരു ജാരന്റെ സന്തതിയെ വഹിക്കുന്നതു പോലെയാണ് ഇവര്‍ കൊളോണിയല്‍ പ്രത്യയശാസ്ത്രം തങ്ങളുടെയാണ് എന്ന് വിചാരിച്ചിട്ട് ആ തെറ്റായ പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ ഇവിടത്തെ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും വര്‍ഗ്ഗീയതയും വംശീയതയും ഉണ്ടാക്കി രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്. ഇന്ത്യയില്‍ മുഴുവന്‍ ഹിന്ദു മുസ്ലീം വിനിമയത്തിന്റെ ചരിത്രമുണ്ടെങ്കിലും കേരളത്തില്‍ അത് കൂടുതല്‍ ആയിട്ട് ഉണ്ട്. കാരണം കേരളത്തില്‍ എല്ലാ മതങ്ങളും ബൌദ്ധരും, ജൈനരും, ഇസ്ലാമും, ക്രിസ്ത്യാനിറ്റിയുമെല്ലാം ഒട്ടും സംഘര്‍ഷമില്ലാതെ പുതിയാപ്ലമാരുടെ പോലെയാണ് വന്നത്. അവര്‍ക്ക് താമസിക്കാന്‍ സ്ഥലവും വിവാഹം കഴിക്കാന്‍ പെണ്ണുങ്ങളെയും സ്വന്തം മക്കളെയടക്കം രാജാക്കന്മാര്‍ വിവാഹം കഴിച്ചു കൊടുത്തു. അവരുടെ പല കാര്യങ്ങളും ഇങ്ങോട്ടും സ്വീകരിച്ചു. ഇവിടത്തെ മരുമക്കത്തായം പോലുള്ള പല കാര്യങ്ങളും അവര്‍ അങ്ങോട്ടും സ്വീകരിച്ചിട്ടുള്ള ഒരു ചരിത്രമാണ് കേരളത്തില്‍ ഉണ്ടായത്. ഒട്ടും സംഘര്‍ഷമുണ്ടായിരുന്നില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടുകൂടിയാണ് അത്. കേരളീയമായ എഴുത്തു പാരമ്പര്യമെടുത്തു നോക്കിയാല്‍ കാണാം കേരളത്തിലെ എല്ലാ സാഹിത്യ സൃഷ്ടികളിലും ഭേദപ്പെട്ട എഴുത്തുകാരൊക്കെ മുസ്ലീങ്ങളെ നല്ല കഥാപാത്രങ്ങളായും മുസ്ളീം ജീവിതവുമായി നല്ല ബന്ധങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സി.വി രാമന്‍പിള്ളയൊക്കെ തെക്കുള്ള ആളാണ്‌. മലബാറിലെ പോലെ അധികം മുസ്ലീം ബന്ധമില്ല. പക്ഷെ സി.വിയുടെ മുസ്ലീം കഥാപാത്രങ്ങളൊക്കെ വളരെ ശ്രേഷ്ഠരും നല്ലവരുമാണ്. ഇവിടത്തെ രേഖപ്പെടുത്താതെ പോയിട്ടുള്ള പീറസാഹിത്യത്തിലൊക്കെയാണ് മുസ്ലീങ്ങളെ രാക്ഷസന്‍മാരായൊക്കെ ചിത്രീകരിച്ചിരിക്കുന്നത്. ‘ഇസ്ലാമിന്‍റെ വന്മല’ എഴുതിയ ഇടശ്ശേരി, പിന്നെ ഉറൂബ് ഇവരൊക്കെ ഹിന്ദു മുസ്ലീം വിനിമയത്തിന്റെ വലിയൊരു പാരമ്പര്യം ജീവിതത്തിലും സംസ്കാരത്തിലും സാഹിത്യത്തിലും ഉണ്ടാക്കിയവരാണ്. അതിന്റെയൊരു പിന്‍തുടര്‍ച്ചക്കാരനായിട്ടാണ് ഞാനിത് കൊണ്ടുപോകുന്നത്. പരസ്പരം എല്ലാവരുടേയും ഐഡന്റിറ്റിയെ ബഹുമാനിക്കുക- സഹിഷ്ണുത എന്ന വാക്കല്ല അവിടെ യോജിക്കുക. സഹിഷ്ണുത എന്നാല്‍ സഹിക്കാന്‍ പറ്റാത്തതിനെ സഹിക്കുക എന്നാണ്. സ്നേഹത്തോടു കൂടിയുള്ള സ്വീകരണമാണ് കേരളീയ പാരമ്പര്യം. ഈ തുടര്‍ച്ച തന്നെയാണ് എന്റെ കൃതികളില്‍ ഹിന്ദു-മുസ്ലീം വിനിമയത്തിലൂടെ നടന്നു വന്നിട്ടുള്ളത്. പക്ഷെ കാലം മാറിയപ്പോള്‍ സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ഇവിടത്തെ ഹിന്ദുത്വ ശക്തികളുടെ സ്വാധീനവും മൂലം ഹിന്ദുവും മുസ്ലീമും അടുക്കുന്നതും സ്നേഹിക്കുന്നതുമൊക്കെ തെറ്റാണ്, പരസ്പരം കലഹിക്കേണ്ടവര്‍ ആണ് എന്നൊരു അന്തരീക്ഷം വന്നു. അപ്പോഴാണ്‌ ഇയാള്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനാണ് എഴുതുന്നത് എന്നൊക്കെയുള്ള നികൃഷ്ടമായ ആരോപണങ്ങള്‍ ഉണ്ടാകുന്നത്. അതിനെ ഞാന്‍ കണക്കില്‍ എടുക്കുന്നതേയില്ല. ഫാസിസത്തിന്റെതായ ഒരു ഭീകരമായ ഒരവസ്ഥയിലേക്ക് ഇന്ത്യാ രാജ്യം പോകുകയാണെങ്കില്‍ എനിക്കും അപകടങ്ങള്‍ സംഭവിച്ചേക്കാം. മുസ്ലീമിനെ നല്ലതായി ചിത്രീകരിക്കുകയും ഊഷ്മളമായ ഹിന്ദു മുസ്ലീം ബന്ധത്തിന്റെ ചരിത്രത്തെ സ്ഥാപിക്കുകയും ചെയ്യുന്നത് അവര്‍ സഹിച്ചു എന്ന് വരില്ല. കാരണം പഴയ ചരിത്രവും കൂടി ശത്രുതയാണെന്നു വരുത്തിത്തീര്‍ക്കുന്നവര്‍ക്ക് ഇത് ഭീഷണിയാണ്. അതുകൊണ്ട് അതിനെതിരായിട്ടു പറയുന്നവര്‍ക്ക് ആരോപണങ്ങളും അക്രമങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നിലപാടുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് അതെല്ലാം നേരിടുക തന്നെയേ നിവൃത്തിയുള്ളൂ.മേല്‍പ്പറഞ്ഞതെല്ലാം വര്‍ഗ്ഗീയ വാദികളുടെ ഭാഗത്തു നിന്നുള്ള കാര്യം. വര്‍ഗ്ഗീയ വാദികളുടെ അജണ്ട അതാണ്‌ അല്ലെങ്കില്‍ വിവരമില്ലാത്തത് കൊണ്ട് അവരങ്ങനെ ആയി എന്ന് വിചാരിക്കാം. എന്നാല്‍ മതേതര വാദികള്‍ എന്ന് കരുതുന്നവരും അതായത് എല്ലാ മതത്തിനും എതിരായ, മതവിരുദ്ധരായ, മതരഹിതരായ യാന്ത്രിക മതേതര വാദികളും എനിക്കെതിരായിട്ടുള്ള നിലപാടുകള്‍ എടുത്തിട്ടുണ്ട്. അവര്‍ക്കും അത് ദഹിക്കാന്‍ പറ്റിയിട്ടില്ല. കാരണം എല്ലാ മതങ്ങളെയും ഒഴിവാക്കിയതിനു ശേഷം ശേഷം നിഃശ്ശൂന്യമായ ഒരു മതേതരത്വമാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള മതേതരത്വമല്ല. മതസഹിതമായ മതേതരത്വമാണ് നമ്മുടേത്. എല്ലാ മതങ്ങള്‍ക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും മറ്റുമുള്ള അവകാശങ്ങള്‍ ഉണ്ട്. ആ സംസ്കാരമാണ് ഇവിടെയുള്ളത്.

കെ പി രാമനുണ്ണി, ഷൈന ഷാജൻ
കെ പി രാമനുണ്ണി, ഷൈന ഷാജൻ

2. പക്ഷേ സമകാലിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ മതേതരത്വം എന്നത് വിനാശകരമായ ഒരു പ്രത്യയശാസ്ത്രമായി മാറിയിട്ടില്ലേ ? പരസ്പര ബഹുമാനത്തിലുള്ള സഹവര്‍ത്തിത്വം സാധ്യമാക്കുന്നതിന് പകരം മതപരവും സമുദായപരവുമായ ബഹുസ്വരത ഇല്ലാതായിവരികയാണ് . അപ്പോള്‍ മതേതരത്വം എന്നത് വീണ്ടും പുനഃപ്പരിശോധിക്കപ്പെടേണ്ട ഒരു സങ്കല്‍പമായി മാറിയിട്ടില്ലേ?

@ നമ്മുടെ ഭരണഘടന പ്രകാരമുള്ള മതേതരത്വം വളരെ പോസറ്റീവ് ആയിട്ടുള്ള ഒന്നാണ്. മതസഹിതമായിട്ടുള്ള മതേതരത്വം ആണത്. എല്ലാവര്‍ക്കും മതത്തില്‍ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ അവകാശമുണ്ട്‌. ഒരാളുടെ മതപരമായുള്ള വികാരങ്ങളെ കരുതിക്കൂട്ടി വ്രണപ്പെടുത്തുന്നത് ക്രിമിനല്‍ കേസാണ്. അങ്ങനെയൊക്കെയുള്ള, സഹിഷ്ണുതയുടേയും പരസ്പര ബഹുമാനത്തിന്റെയുമായ മതേതരത്വമാണ് ഉള്ളത്. ഈ മതേതരത്വമല്ല വേണ്ടത് എന്ന് വാദിക്കുന്ന, വര്‍ഗ്ഗീയതയും മതസംഘര്‍ഷങ്ങളുമൊക്കെ ഉണ്ടാവുന്നത് മതങ്ങള്‍ കൊണ്ടാണ് എന്ന് തെറ്റിദ്ധരിച്ച് എല്ലാ മതങ്ങളെയും ഒഴിവാക്കുന്ന യുക്തിവാദപരമായ മതേതര സങ്കല്‍പ്പം പല ബുദ്ധിജീവികളും കൊണ്ടുനടക്കുന്നുണ്ട്. അത് സത്യത്തില്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നതല്ല. പക്ഷെ ഇവരെന്തുകൊണ്ട് അത് കൊണ്ടുനടക്കുന്നു എന്ന് വെച്ചാല്‍ ഇവര്‍ വെസ്റ്റേണ്‍ ആയിട്ടുള്ള മോഡേണിറ്റിയുടെ അഥവാ മുഖ്യധാരാ മോഡേണിറ്റിയുടെ തടവറയില്‍ കിടക്കുന്നവരാവുന്നതു കൊണ്ടാണ്. വെസ്റ്റേണ്‍ മോഡേണിറ്റി അഥവാ മുഖ്യധാരാ മോഡേണിറ്റി എന്നാല്‍ മതങ്ങളുടെയും വാക്കിന്റെയും സങ്കല്പ്പത്തിന്റെയും ലോകങ്ങളെ അന്ധവിശ്വാസമായി കരുതി, വസ്തുവിന്റെ ലോകത്തെ വാക്കിന്റെയും സങ്കല്പ്പത്തിന്റെയും ലോകത്തിനു മുകളിലായി സ്ഥാപിച്ച ഐഡിയോളജിക്കലായിട്ടുള്ള പൊസിഷനാണ്. അതില്‍ നിന്നാണ് അവര്‍ക്ക് ഈ തെറ്റിദ്ധാരണ ഉണ്ടായിട്ടുള്ളത്. അവരുടെ ഈ നിലപാട് വര്‍ഗ്ഗീയതയെ കൂടുതല്‍ വളര്‍ത്തുകയാണ് ചെയ്യുക. ബുദ്ധിജീവികളായിട്ടുള്ള ആള്‍ക്കാര്‍ മതത്തെ പോസറ്റീവ് ആയി സമീപിക്കാത്തതു കൊണ്ട് മതപരമായുള്ള കാര്യങ്ങള്‍ വര്‍ഗ്ഗീയവാദികള്‍ക്ക് റാഞ്ചിക്കൊണ്ട് പോകാനുള്ള അവസരം ലഭിക്കുന്നു. മതത്തിനകത്തുള്ള, വൈകാരികമായി ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഇവരൊക്കെ ഇടപെടാതെ നില്‍ക്കുന്ന സമയത്ത് അത് വേഗം ദുഷിക്കും. മതം എന്നാല്‍ മനുഷ്യന്റെ വൈകാരികവും സാങ്കല്‍പ്പികവുമായ ഒരു ലോകത്തിന്റെ അനുഭൂതിലോകത്തെ പരിചരിക്കുന്ന വലിയൊരു കാര്യമാണ്. ഭൌതികം എന്ന് പറഞ്ഞാല്‍ മനുഷ്യന്‍ ജീവിക്കുന്ന, പ്രപഞ്ചത്തിലുള്ള വസ്തുക്കള്‍ മാത്രമല്ല. യഥാര്‍ത്ഥത്തില്‍ മതവും സങ്കല്‍പ്പവുമെല്ലാം ഒരു ഭൌതിക ശക്തിയാണ്. അപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളിലെ വിവരക്കേട് കൊണ്ടാണ് പലപ്പോഴും അനുഭൂതിയുടെ ലോകത്തെ, സങ്കല്‍പ്പങ്ങളുടെ ലോകത്തെ നമ്മള്‍ യാന്ത്രികമായ യുക്തിവാദം കൊണ്ട് ശ്രദ്ധിക്കാതിരിക്കുന്നത്. അതുകൊണ്ടാണ് വര്‍ഗ്ഗീയവാദികള്‍ക്ക് അതിനെയെല്ലാം ഹൈജാക്ക് ചെയ്യാന്‍ കഴിഞ്ഞത്. ഇന്ന്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വരാനുള്ള ചില കാരണങ്ങള്‍ ഇടതുപക്ഷത്തിനകത്തൊക്കെ ഉണ്ടായിട്ടുള്ള യാന്ത്രിക യുക്തിവാദവും അതിനകത്തുള്ള വെസ്റ്റേണ്‍/മുഖ്യധാരാ മോഡേണിറ്റിയുടെ സ്വാധീനവുമാണ്. തന്മൂലമുള്ള അവരുടെ നിലപാടുകളിലെ പല പാളിച്ചകള്‍ കൊണ്ടുമാണ്.

3 . ‘ദൈവത്തിന്റെ പുസ്തക’ത്തില്‍ കൃഷ്ണനും നബിയും ചേർന്ന് പുതിയ കാലത്തിലൂടെ നടത്തുന്ന സഞ്ചാരമാണല്ലോ  ‘നീലയും ചന്ദ്രക്കലയും’ എന്ന ഭാഗം. തങ്ങളുടെ തന്നെ അനുയായികൾ തങ്ങളുടെ ആശയങ്ങളെയും ചരിത്രത്തെയും എത്രത്തോളം വികലമാക്കിക്കളഞ്ഞു എന്ന അറിവ് അവരിലുളവാക്കുന്ന വേദന അതിൽ വരുന്നുണ്ട്. ഇന്ത്യയിലെ മുസ്ലീം വ്യക്തി നിയമം നോക്കിയാല്‍ അറിയാം മുത്തലാക്കും  ബഹുഭാര്യാത്വവും തുടങ്ങി ഖുറാനില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും വളച്ചൊടിച്ചാണ് വ്യക്തി നിയമത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ വ്യക്തി നിയമം completely twisted ആണ് എന്നൊരു വാദമുണ്ട്. ആ അദ്ധ്യായം ഈ വാദത്തെ സാധൂകരിക്കുന്നില്ലേ ? മുസ്ലീം സമുദായത്തെക്കുറിച്ച് ധാരാളം പഠിച്ച ഒരാളെന്ന നിലയില്‍ ആ വാദത്തെക്കുറിച്ചും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടതിനെക്കുറിച്ചും എന്താണ് പറയാനുള്ളത്?

@ മതങ്ങള്‍ക്ക് ജനാധിപത്യപരവും വിപ്ലവാത്മകവുമായ ഒരു തുടക്കമുണ്ട്. എല്ലാ മതങ്ങളുടെയും തുടക്കം അങ്ങനെയാണ്. വഴിയേ അതിനെ യാഥാസ്ഥിതികർ റാഞ്ചിക്കൊണ്ടു പോകുകയും സ്ഥാപന വല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ്‌, തുടക്കത്തില്‍ അത് എന്തിനു വേണ്ടി തുടങ്ങിയോ അതിനു നേരെ വിപരീതമായിട്ടു വരുന്നത്. ഇസ്ലാം സ്ത്രീകള്‍ക്ക് ഏറ്റവും അധികം അവകാശങ്ങള്‍ നല്‍കുന്ന മതമാണ്‌. അറബി സമൂഹം സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുകയും പെണ്‍കുട്ടികളെ കുഴിച്ചു മൂടുകയും ചെയ്തിരുന്ന ആ ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വിവാഹമോചനം നേടാനുള്ള അധികാരവും സ്വത്തിന് അധികാരവും ഒക്കെ നല്‍കിയിട്ടുള്ള വിപ്ലാവാത്മകമായ സ്ത്രീ വിമോചനത്തിന്റെ ഒരംശം ഇസ്ലാമിനുണ്ടായി. ഇസ്ലാമിന്റെ ബേസിക് ആയുള്ള നിയമങ്ങളൊക്കെ സ്ത്രീക്ക് അനുകൂലമായിട്ടുള്ളതാണ്. യാഥാസ്ഥിതികരാണ് അതിനെ വളച്ചൊടിച്ച് മുത്തലാക്ക് പോലുള്ള കാര്യങ്ങള്‍ കൊണ്ടുവരുന്നത്. ഇതിനു ന്യായീകരണമില്ല. ഇസ്ലാമിന്റെ അടിസ്ഥാനതത്വം വെച്ച് നോക്കുകയാണെങ്കില്‍, അത്തരത്തില്‍ തോന്നിയ മാതിരി ബന്ധം ഒഴിവാക്കാന്‍ പറ്റില്ല . നബി തന്നെ പറയുന്നുണ്ട് അനുവദിക്കപ്പെട്ടതില്‍ ദൈവത്തിന് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ് വിവാഹമോചനം എന്ന്‍. തീരെ ചേരാത്തവര്‍ ജീവിതം നരകതുല്യമാക്കേണ്ട എന്ന് വിചാരിച്ച് ഒഴിയുക എന്ന അര്‍ത്ഥത്തില്‍, വളരെ മോഡേണ്‍ ആണ് ആ സങ്കല്പം. സ്ത്രീയെ പൂര്‍ണ്ണമായി വലിച്ചെറിയലല്ല അവിടെ. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഇസ്ലാമിക നിയമങ്ങളില്‍ സ്ത്രീ വിരുദ്ധമായ അംശങ്ങളുണ്ടെങ്കില്‍ അതിനെ ദൂരീകരിക്കുക തന്നെ വേണം. ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ക്കനുസൃതമായി മാറ്റുക തന്നെ വേണം. അതിന്റെ കൂടെ നില്‍ക്കുന്ന ആളാണ്‌ ഞാന്‍. പക്ഷെ ഇപ്പോഴത്തെ ഗവര്‍മെന്റ് ഇപ്പോള്‍ ഈ ഏക സിവില്‍കോഡ് കൊണ്ടു വരുന്നതിന്റെ പിറകിലുള്ള ദുരുദ്ദേശം കൊണ്ടാണ് അതിനോട് മുഖം തിരിച്ച് നില്‍ക്കുന്നത്. കാരണം, നമ്മുടെ ഭരണഘടനയുടെ ഡയറക്ട്ടീവ് പ്രിന്‍സിപ്പിള്‍സിലാണ് ഏകീകൃത സിവില്‍ കോഡ് എന്ന നിര്‍ദ്ദേശം ഉള്ളത്. അതില്‍ ഉള്ള എല്ലാവര്‍ക്കും ഭക്ഷണത്തിനുള്ള അവകാശം, എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിങ്ങനെയുള്ളവയില്‍ ശ്രദ്ധ കൊടുക്കാതെ പെട്ടെന്ന്‍ ഇതില്‍ കേറിപ്പിടിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി, അവരെ ഒടുക്കാനുള്ള നിലപാടിന്റെ ഭാഗമായിട്ട് വര്‍ഗ്ഗീയത ഉണ്ടാക്കാനാണ്. അതുകൊണ്ടാണ് അതൊരു ദുരുദ്ദേശമാണ് എന്ന രീതിയില്‍ അതിനെ എതിര്‍ക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള ഇസ്ലാമിക നിയമങ്ങളില്‍ കൂടുതല്‍ റിഫൈന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മുസ്ലീം സംഘടനകളും മറ്റെല്ലാവരും കൂടി ആലോചിച്ച് ചെയ്യേണ്ടതാണ്.

4 . ‘ജീവിതത്തിന്റെ പുസ്തകം’ എന്ന കൃതി ഇപ്പോള്‍ കേരളത്തിന്റെ സമകാലിക അവസ്ഥയുമായി നല്ലപോലെ കൂട്ടിചേര്‍ത്തു വായിക്കാവുന്നൊരു പുസ്തകമാണ്. അതില്‍ അംഗീകൃത ലൈംഗിക ധാരണകളെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഉണ്ടല്ലോ. ഇന്നത്തെ കേരളീയ സമൂഹത്തിലെ ലൈംഗികതയോടുള്ള സമീപനത്തിന്റെ വിമര്‍ശനമായി ആ പുസ്തകത്തെ വായിക്കാമോ?

@ തീര്‍ച്ചയായും. ആ പുസ്തകം സംബന്ധിച്ച് ആനന്ദം പിള്ള ട്രാപ് ചെയ്തിട്ട് എം.എം.ബഷീര്‍ ഒക്കെ ഉള്‍പ്പെട്ട കേസ് ഇപ്പോഴും ഹൈ ക്കോടതിയില്‍ കിടക്കുന്നുണ്ട്. അത് തെറി പുസ്തകമാണ് എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ട് ഉണ്ടായjeevithathintepusthakam2 അതിക്രമത്തിനെതിരെ, അപമാനത്തിനെതിരെ കേസ് കൊടുത്തതാണ്.
‘ജീവിതത്തിന്റെ പുസ്തകം’  മലയാള സാഹിത്യത്തില്‍ തന്നെ ഏറ്റവുമധികം ലൈംഗിക വര്‍ണനകളുള്ള പുസ്തകമാണ്. സ്ത്രീപുരുഷ ബന്ധങ്ങളുടെ ശാരീരികതലങ്ങളെ ഏറ്റവും കൃത്യമായി ചിത്രീകരിക്കുന്ന ഒരു പുസ്തകമാണത്. അതിനെയാണ് ഇവര്‍ തെറി എന്ന് പറയുന്നത്. ലൈംഗികതയും തെറിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ലൈംഗികത എന്നു പറഞ്ഞാല്‍ മനുഷ്യന്റെ വളരെ മനോഹരമായിട്ടുള്ള ഒരു വികാരമാണ്. ആ ലൈംഗികത പ്രണയത്തിലേക്കൊക്കെ എത്തുമ്പോള്‍ ഏറ്റവും ഉദാത്തമായ രീതിയിലുള്ള സൌന്ദര്യ അനുഭൂതിയായി മാറുന്നു. അത് തെറിയല്ല. തെറി എന്നാല്‍ അശ്ലീലമാണ്. ലൈംഗികതയെ വികൃതവല്‍ക്കരിക്കുമ്പോഴാണ് തെറിയും അശ്ലീലവുമായി മാറുന്നത്. പലപ്പോഴും ഇന്ന് ലൈംഗികതയെ തെറിയായിട്ട് അശ്ലീലവല്‍ക്കരിക്കുന്ന ഒരു സ്വഭാവമാണ് കാണുന്നത്. സ്ത്രീപുരുഷബന്ധത്തിനെ വികൃതമാക്കി കാണിക്കുകയും അതിനെ ഒളിച്ചു നോക്കിക്കൊണ്ട്‌ സ്ത്രീയെ അപമാനിക്കുകയും ചെയ്യുന്ന കപടസദാചാര പ്രവണത കേരളീയ സമൂഹത്തിനുണ്ട്. ലൈംഗികത എന്നാല്‍ ശരീരത്തിന്റെ ഒരഭ്യാസം മാത്രമാണ് എന്ന തെറ്റിദ്ധാരണയാണ് ആധുനികലോകത്തിലെ ഒരു പ്രശ്നം. സ്ത്രീയും പുരുഷനും തമ്മില്‍ ജിംനാസ്റ്റിക് പോലുള്ള ഒരേര്‍പ്പാടാണ് ലൈംഗികബന്ധം എന്നും അതിന് ശാരീരികമായ ഒരു തലം മാത്രമേ ഉള്ളൂ എന്നുമൊക്കെ ആള്‍ക്കാര്‍ തെറ്റിധരിച്ചിരിക്കുന്നു. ലൈംഗികത അതല്ല. സ്നേഹത്തോടു കൂടിയ ലൈംഗികതയാണ് ഏറ്റവും മനോഹരമായത്. സ്നേഹരഹിതമായുള്ള ലൈംഗികതയില്‍, വെറും പച്ചക്കാമത്തില്‍ ആള്‍ക്കാര്‍ അഭിരമിക്കുന്ന സമയത്ത് ശരിയായിട്ടുള്ള ലൈംഗികത, പ്രണയത്തോടു കൂടിയ സ്നേഹത്തോടു കൂടിയ ലൈംഗികതയാണ് എന്ന് കാണിച്ചു കൊടുക്കാനാണ് ഞാനാ പുസ്തകം എഴുതി വെച്ചിരിക്കുന്നത്. എങ്ങനെയാണ് സ്നേഹത്തോട് കൂടിയുള്ള ലൈംഗികത ഏറ്റവും അനുഭൂതിദായകമാവുന്നത് എന്ന് കാണിക്കാനും. സ്നേഹേതരലൈംഗികത വെറും ശരീരനിഷ്ഠമായുള്ള, അതുകഴിഞ്ഞാല്‍ വെറുപ്പോട് കൂടി പുറം തിരിഞ്ഞു കിടന്നു പിരിയുന്ന ഒന്നാണ് എന്നൊക്കെ കാണിക്കാന്‍ വേണ്ടിയിട്ടാണ് അതില്‍ സ്നേഹനിര്‍ഭരമായുള്ള രതിയെ ചിത്രീകരിച്ചിരിക്കുന്നത്. അത് ശരീരവും മനസ്സും ആത്മാവും എല്ലാം ചേര്‍ന്നതാണ്. ആ പുസ്തകത്തില്‍ ഇന്ന്‍ നിലനില്‍ക്കുന്ന വിവാഹ ബന്ധങ്ങളിലൊക്കെ ഉള്ള സ്നേഹരഹിതമായ രതിയെപ്പറ്റി പറയുന്നുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ പറ്റാതെ ഒന്നിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതരായ ബാങ്ക് ഓഫീസറായ ഗോവിന്ദവര്‍മ്മ രാജയും ഗൈനക്കോളജിസ്റ്റായ ഭാര്യയും തമ്മിലുള്ള രതി, സ്ത്രീയും പുരുഷനും എന്ന പോലെയല്ലാതെ വെറും ബാങ്ക് ഓഫീസറും ഗൈനക്കോളജിസ്റ്റും തമ്മിലുള്ള ബന്ധം പോലെയുള്ള അവസ്ഥയാണ്. അതിലെ വിവാഹിതയായ ശില്‍പ്പയും വിജയനുമായുള്ള ബന്ധത്തില്‍ ശില്‍പ്പക്കൊരു കുറ്റബോധം തോന്നുമ്പോള്‍ നമ്മുടെയാണ് ഏറ്റവും അര്‍ഹതപ്പെട്ട ബന്ധം എന്ന് പറയുന്നുണ്ട്. സ്നേഹത്തോടു കൂടിയുള്ള ആ ലൈംഗികതയാണ് ദൈവം കൂടി അംഗീകരിക്കുന്നത് എന്ന നിലക്കുള്ള ഭാഗങ്ങളൊക്കെ ആ പുസ്തകത്തിലുണ്ട്. മാധവിക്കുട്ടി പറയുന്ന പോലെ പ്രണയമില്ലാത്തവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ഒരാളുടെ വായിലെ തുപ്പല്‍madhavikkutty6 മറ്റൊരാളുടെ വായിലാക്കുന്നതു പോലെ അറപ്പുളവാക്കുന്ന കാര്യമാണ്. പ്രണയിക്കുന്നവര്‍ തമ്മിലേ ലൈംഗികതക്ക് അര്‍ഹതയുള്ളൂ. അല്ലാതെ, ഭാര്യയും ഭര്‍ത്താവും തമ്മില്‍ ലൈംഗികതക്ക് അര്‍ഹതയില്ല; അവര്‍ തമ്മില്‍ സ്നേഹവും പ്രണയവുമില്ലെങ്കില്‍. അപ്പോള്‍ അതൊക്കെ വായിക്കുന്ന സമയത്ത് ഞാന്‍ അവിഹിത ബന്ധങ്ങളുടെ കൂടെ നില്‍ക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉണ്ടായി. അങ്ങനെയല്ല. ശരിക്കും സ്നേഹമില്ലാത്ത ഭാര്യയും ഭര്‍ത്താവും തമ്മിലാണ് അവിഹിത ബന്ധം ഉള്ളത്. സ്നേഹനിര്‍ഭരമായിട്ടുള്ള ലൈംഗികതയും സ്ത്രീ പുരുഷ ബന്ധത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് ഇന്നേറ്റവും യാന്ത്രികവല്‍ക്കരിക്കുന്ന സ്ഥാപനവല്‍ക്കരിക്കുന്ന ബന്ധങ്ങളുടെ ഇടയില്‍ ഞാന്‍ ജീവിതത്തിന്റെ പുസ്തകം എഴുതിയത്.

5 . എഴുത്തുകാരുടെ മുന്‍തലമുറയ്ക്ക്  ഉണ്ടായിരുന്ന തരത്തിലുള്ള സാമൂഹിക ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് കുറഞ്ഞു വരുന്നൊരു കാലമാണ് ഇത്. എഴുത്ത് വെറും ആത്മാവിഷ്‌ക്കാരം മാത്രമാണോ? സര്‍ഗാത്മകതകൊണ്ട് സാമൂഹിക തിന്മകള്‍ക്കെതിരെയും, അനീതിക്കെതിരെയും പ്രതിരോധം തീര്‍ക്കേണ്ടവരല്ലേ എഴുത്തുകാര്‍?

@ ആത്മാവിഷ്കാരം എന്നു പറഞ്ഞാല്‍ സമൂഹ പ്രതിബദ്ധതയല്ലാത്തൊരു സാധനമാണ് എന്നൊരു തെറ്റിദ്ധാരണയാണ് പലപ്പോഴുമുള്ളത്. സമൂഹ പ്രതിബദ്ധത എന്നാല്‍ നേരിട്ട് സമൂഹത്തിലെ കാര്യം പറഞ്ഞ് അതിനെ കൃത്രിമമായിട്ടാണെങ്കില്‍ കൃത്രിമമായിട്ട് അതിനെപ്പറ്റി എഴുതലാണ് എന്നൊരു വിചാരം പലര്‍ക്കുമുണ്ട്. ശരിക്ക് പറയുകയാണെങ്കില്‍ യഥാര്‍ത്ഥ ആത്മ സാക്ഷാത്കാരം സമൂഹ പ്രതിബദ്ധമാവും അറിയാതെ തന്നെ. കാരണം ആത്മാവ് എന്ന് പറഞ്ഞാല്‍ ഒറ്റപ്പെട്ടു കിടക്കുന്നൊരു സാധനമല്ല. ആത്മത്തിലും അപരം ഉണ്ട്. ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ അകത്ത് ഈ സമൂഹം കൂടി ചേര്‍ന്നതാണ് ഞാന്‍. അല്ലാതെ സമൂഹവും നിങ്ങളും ഒന്നും ഇല്ലാതെ ഞാന്‍ ഉണ്ടാവുകയില്ല. രാമനുണ്ണി എന്നത് എന്റെ പേരാണെങ്കിലും ഞാന്‍ രാമനുണ്ണി ആവണമെങ്കില്‍ നിങ്ങളൊക്കെ എന്നെ രാമനുണ്ണി എന്ന് വിളിക്കണം. അതുകൊണ്ട് ആത്മത്തില്‍ ഒരു അപരമുണ്ട്. അതാണല്ലോ ശ്രീനാരായണഗുരു ‘അവനവനാത്മ സുഖത്തിനായ് വരുന്നവ, യപരന്നു സുഖത്തിനായ് വരേണം’ എന്നു പറഞ്ഞത്. ശരിയായ രീതിയില്‍, ആത്മത്തിന്റെ സുഖത്തിനായിട്ട് ആചരിക്കുന്നവ സ്വാഭാവികമായിട്ട്  അപരന്റെ സുഖത്തിനായും കൂടി വരും. ആത്മത്തില്‍ അപരമില്ല എന്നും അപരം മുഴുവന്‍ അന്യനാണ് എന്നും വിചാരിക്കുമ്പോഴേ പ്രശ്നം വരുന്നുള്ളൂ. ശരിയായ ആത്മ സാക്ഷാത്കാരം എന്നത് അറിയാതെ, സ്വാഭാവികമായി സമൂഹ പ്രതിബദ്ധമായി മാറും. അപ്പോള്‍ ആത്മസാക്ഷാത്കാരത്തിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഞാനൊട്ടും എതിരല്ല. ഞാന്‍ ആത്മസാക്ഷാത്കാരം നടത്തുകയാണെങ്കില്‍ അത് സ്വാഭാവികമായും സമൂഹത്തിന് പ്രതിബദ്ധമായിത്തീരും എന്നതില്‍ യാതൊരു സംശയവുമില്ല. സമൂഹ പ്രതിബദ്ധം എന്നത് മാത്രം ശ്രദ്ധിച്ച് കൃത്രിമമായി അത് നടത്തുമ്പോഴാണ് മുദ്രാവാക്യം വിളിയായിട്ട് മാറുന്നത്. ഇന്നത്തെ പ്രശ്നം എന്താണെന്നു വെച്ചാല്‍ ആത്മസാക്ഷാത്കാരവുമില്ല, സമൂഹ പ്രതിബദ്ധതയുമില്ല, മാര്‍ക്കറ്റ് പ്രതിബദ്ധത മാത്രമേ ഉള്ളൂ. ആ രീതിയില്‍ ട്രെന്‍ഡിനനുസരിച്ച വില്‍പ്പന മാത്രം പരിഗണിക്കുന്നതാണ് സാഹിത്യത്തിന് ഏറ്റവും വിനാശകരമായി വരുന്നത്. സാഹിത്യം അടിസ്ഥാനപരമായി അതല്ല. അത്തരത്തില്‍ വില്‍ക്കാന്‍ വേണ്ടി ഉണ്ടാക്കാന്‍ പറ്റുന്ന ഒരുല്‍പ്പന്നമല്ല. ചില പ്രസാധകര്‍ ചില തീം പറഞ്ഞ് അതിനെക്കുറിച്ചൊരു നോവലെഴുതിക്കൊണ്ടു വരാന്‍ പറയും. അങ്ങനെ എഴുതുമ്പോള്‍ ഉള്ളിലുള്ള അനുഭവപരമായിട്ടുള്ള സത്യസന്ധത അയാള്‍ക്ക് അനുഭവിക്കാന്‍ പറ്റില്ല. അയാളുടെ ഉള്ളില്‍ അതൊരു അനുഭവമായി മാറി സ്വാംശീകരിച്ച് എഴുതുമ്പോഴാണ് അത് ജൈവമായിട്ടുള്ള ഒരു സാഹിത്യമായി വരുന്നത്. അതാണ്‌ ഇപ്പോഴത്തെ വലിയൊരു പ്രശ്നം. ആത്മ സാക്ഷാത്കാരവും സമൂഹ പ്രതിബദ്ധതയും ഒക്കെ നല്ല രീതിയിലാണെങ്കില്‍ നല്ലതാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ലാതെ, പിടിച്ചു നില്‍ക്കാനുള്ള ഒരു പ്രൊഡക്റ്റ് മാനുഫാക്ചറിംഗ് ആയിട്ട് സാഹിത്യം വരുന്നു എന്നുള്ളതാണ് ദയനീയം.

6 . മറ്റുള്ളവന്റെ ജീവിതം ഒളിഞ്ഞു നോക്കാനുള്ള ഒരു ആസക്തി ഇപ്പോള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണല്ലോ. മാധ്യമരംഗത്തൊക്കെ മുന്‍പേ ഉണ്ടായിരുന്ന ആ വികാരം ഇപ്പോള്‍ സാഹിത്യലോകത്തും പരക്കെ ഉണ്ട്. അനുഭവ എഴുത്തുകള്‍ എന്നൊരു ശാഖ വളര്‍ന്നു വരുന്നു. പുസ്തകം വിറ്റു പോകാനായിട്ട് പ്രസാധകര്‍ വായനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു അജണ്ടയല്ലേ അത്? അത്തരം എഴുത്തുകളെ മൂല്യമുള്ള സാഹിത്യം എന്നു കരുതുന്നുണ്ടോ?

അതും സാഹിത്യത്തിന്റെ ഒരു രൂപം തന്നെയാണ്. അതിനെ പൂര്‍ണ്ണമായും തള്ളിക്കളയേണ്ട കാര്യമില്ല. അതിലെ ആത്മാര്‍ഥതയുടെ അംശമാണ് പ്രധാനം. അനുഭവ എഴുത്തില്‍ സ്വാഭാവികമായിട്ടും ഒരു ഒളിഞ്ഞുനോട്ടത്തിനുള്ള കൌതുകം, എഴുത്തുകാരന്റെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള ഒരു കൌതുകം വായനക്കാരനെ അത്തരം പുസ്തകങ്ങള്‍ വാങ്ങാനായിട്ട്‌ കൂടുതല്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. പക്ഷെ അതുകൊണ്ട് മാത്രം അനുഭവ എഴുത്തുകളെ നമുക്ക് പൂര്‍ണ്ണമായും തള്ളിക്കളയാന്‍ പറ്റില്ല. കാരണം ചെറുകഥ, നോവല്‍ തുടങ്ങി വ്യവസ്ഥാപിത സാഹിത്യ രൂപങ്ങളില്‍ എഴുതാന്‍ പ്രാപ്തിയോ പരിശീലനമോ ഇല്ലാത്തവര്‍ക്ക് അവരുടെ ജീവിതത്തിലെ വലിയ അനുഭവങ്ങളെ ആവിഷ്കരിക്കാനുള്ള ഒരു രൂപമായിട്ട് നമുക്കത് സ്വീകരിക്കാം. അതിലൊരു തെറ്റുമില്ല. പക്ഷെ അതില്‍ എത്രത്തോളം ആത്മാര്‍ഥതയുണ്ട് എന്നതാണ് അതിലെ കാര്യം. അല്ലാതെ അനുഭവ എഴുത്താണ് ഇപ്പോള്‍ മാര്‍ക്കെറ്റ് എന്നതു കൊണ്ട് നോവല്‍ മാറ്റിയിട്ട് നോവലിലെ കാര്യങ്ങള്‍ കള്ളത്തരമായി അനുഭവമാണെന്ന തരത്തില്‍ എഴുതിയാല്‍ അതിലെ ആര്‍ജ്ജവം നഷ്ടപ്പെടും. പ്രസാധകരുടെ പ്രലോഭനങ്ങളില്‍ വീഴുന്നത് എഴുത്തുകാരന്റെ എഴുത്തിന് ഗുണം ചെയ്യില്ല. തല്‍ക്കാലം എന്തെങ്കിലും കിട്ടി എന്ന് വരും എന്നു മാത്രം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവല്‍ വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനും എതിരായ ആശയമുള്ളതാണ്, ഇപ്പോഴത്തെ കാലത്തിനും വേണ്ടതാണ്. പക്ഷെ കാലത്തിനു യോജിക്കുന്നു എന്ന് കരുതിയിട്ട് കൃത്രിമമായി ഉണ്ടാക്കിയല്ല അത്. മുഹമ്മദ്‌ നബിയെ ഒരു ഭാഷയിലും ഇതിനു മുന്‍പ്‌ നോവലില്‍ ചിത്രീ കരിക്കപ്പെട്ടിട്ടില്ല എന്ന് വന്നപ്പോഴാണ് അത് എഴുതിയത്. മുഹമ്മദ്‌ നബിയോടുള്ള പാഷന്‍ എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉണ്ട്. നമ്മുടെ കൃഷ്ണനെപ്പോലെത്തന്നെയാണ് നബിയും എന്നു പറഞ്ഞ് എന്റെ അമ്മ പകര്‍ന്നു തന്നതാണ് അത്. ആ ജീവിതം ആവിഷ്കരിക്കാന്‍ വേണ്ടി എഴുതിയതാണ്. അല്ലാതെ നബിയെപ്പറ്റി നന്നായി എഴുതിയാല്‍ ഇപ്പോള്‍ മാര്‍ക്കറ്റ് ഉണ്ട് എന്ന നിലക്കോ,അതിലെ വിഷയത്തിന് ഡിമാന്റ് ഉണ്ട് എന്ന നിലക്കോ എഴുതിയതല്ല. അങ്ങനെ എഴുതുകയാണെങ്കില്‍ അതില്‍ ഒട്ടും ആര്‍ജ്ജവം ഉണ്ടാവുകയില്ല.

7. വര്‍ഗീയത വളരെയധികം വര്‍ധിച്ചുവരുന്ന സന്ദര്‍ഭത്തില്‍, തുറന്ന് പറയാന്‍ മടിയില്ലാത്ത, ഭയമില്ലാത്ത ആളുകളുടെ അഭാവം സാഹിത്യലോകത്ത് ഉണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണല്ലോ. സുകുമാര്‍ അഴീക്കോടിന് ശേഷം സാഹിത്യലോകത്ത് നിന്ന് ഒരു ശക്തമായ ശബ്ദം പിന്നീടുണ്ടായിട്ടില്ല. എന്ത് കൊണ്ടാണ് അത്തരത്തിലൊരു വിടവ് ഉണ്ടാവുന്നത്?

അഴീക്കോട് മാഷ്‌ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്ന പ്രാസംഗികന്‍ എന്ന നിലക്ക് മാഷ്‌ എന്തെങ്കിലും പറയുമ്പോഴേക്കും മീഡിയയില്‍ വേഗത്തില്‍ എത്തുമായിരുന്നു. അങ്ങനെയൊരു അവസ്ഥ അദ്ദേഹംzach6 ഉണ്ടാക്കിയെടുത്തിരുന്നു. പക്ഷെ മാഷിനെപ്പോലെ വര്‍ഗ്ഗീയതക്കെതിരായി നിലപാടെടുത്തിട്ടുള്ള സച്ചിദാനന്ദന്‍, സക്കറിയ തുടങ്ങി എത്രയോ എഴുത്തുകാരുണ്ട്. ഞാനും അതിലൊന്നും ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. അപ്പോള്‍ അങ്ങനെയുള്ളവര്‍ ഇല്ല എന്ന് പറഞ്ഞുകൂടാ. വര്‍ഗീയതക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ മലയാളത്തില്‍ ഉള്ളു. പിന്നെ ചിലര്‍ പ്രകടമായിട്ടു വരാതെ താളത്തില്‍ നില്‍ക്കുന്നവര്‍ ഉണ്ടാവും. കഥയും കവിതയുമൊക്കെ എഴുതുന്നത്‌ കൊണ്ട് ഞങ്ങള്‍ക്ക് നേരിട്ട് പറയേണ്ട ഉത്തരവാദിത്വം ഇല്ല എന്ന് വിചാരിക്കുന്നവരുണ്ടാവും. പക്ഷെ സച്ചിദാനന്ദനും സക്കറിയക്കുമൊന്നും എനിക്കുമൊന്നും അങ്ങനെ പറയാന്‍ പറ്റില്ല. ഞങ്ങള്‍ എഴുത്തുകാരെന്ന പോലെത്തന്നെ ആക്റ്റിവിസ്റ്റുകളുമാണ്. ഞാനെന്റെ കൃതിയുടെ നിലപാടുകള്‍ ലേഖനമായിട്ടും പലപ്പോഴും എഴുതാറുണ്ട്. പ്രഭാഷണങ്ങള്‍ ചെയ്യാറുണ്ട്. ആക്റ്റിവിസം എഴുത്തിന്റെ ഭാഗമായി അംഗീകരിച്ച് എന്നെപ്പോലെയുള്ളവര്‍ നിലപാടുകള്‍ എടുക്കുന്നുണ്ട്. അഴീക്കോട് മാഷ്‌ ദിവസേനയുള്ള പ്രസംഗങ്ങളിലൂടെ പത്രത്തിലൊക്കെ വന്നു ഒരു സ്റ്റാർ ആയി മാറുകയായിരുന്നു.

8.സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ? യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷാവകാശം ഇന്നത്തെ രീതിയില്‍ ഉപയോഗിക്കുമ്പോള്‍, ന്യൂനപക്ഷം മുഖ്യധാരയില്‍ നിന്നും അകലുകയല്ലേ ചെയ്യുന്നത്? വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷവകാശ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ മുഖ്യധാരക്ക് ന്യൂനപക്ഷങ്ങളോട് വെറുപ്പും അകല്‍ച്ചയുമാണുണ്ടാവുക എന്നൊരു വാദമുണ്ട്. മുഖ്യധാരയില്‍ നിന്നും അകലാതിരിക്കാന്‍, ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം ആവശ്യമില്ല. അതിനു വേണ്ടത് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും സംവരണമാണ്‌ എന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു?

@ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം നടത്തിപ്പ് പോലെയുള്ള ചില അവകാശങ്ങള്‍ കൊടുത്തിട്ടുണ്ട്. താത്വിക മായിട്ട് നോക്കിയാല്‍ അതൊരു സൌജന്യമല്ല. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നത് സത്യമാണ്. വിഭാഗീയത പോലെയുള്ള പ്രശ്നങ്ങള്‍ വളര്‍ത്താനുള്ള ആയുധമായിട്ട് അത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അതൊരു സൌജന്യം കൊടുക്കലല്ല. എത്രയോ നൂറ്റാണ്ടുകളായി അവര്‍ക്ക് നഷ്ടപ്പെട്ടതിന്റെയെല്ലാം ഒരു കോമ്പന്‍സേഷന്‍ കൊടുക്കലാണ്. അതുകൊണ്ട് താത്വികമായി ഈ സംവരണങ്ങളെയൊന്നും ഞാന്‍ എതിര്‍ത്തു പറയില്ല. `പക്ഷെ അത് ഒരു വിലപേശല്‍ തന്ത്രമായിട്ടോ വോട്ട് ബാങ്ക് ആയോ ഒക്കെ മാറ്റുന്ന ഒരു ദുഷ്പ്രവണത ഇപ്പോള്‍ കാണുന്നുണ്ട്. ജാതികളുടെ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും അവര്‍ തമ്മിലുള്ള ക്ലാഷുകള്‍ ഉണ്ടാക്കാനും ഇതിനെ ദുരുപയോഗപ്പെടുത്തുന്നു എന്നത് മറ്റൊരു കാര്യം. പക്ഷെ താത്വികമായി സംവരണത്തിന് ഒരു ന്യായമുണ്ട്. നീതിയുടെ ഒരംശം അതിനുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അവിടെ വരുന്ന പ്രശ്നം ഒരു സമുദായത്തിന്റെ ആള്‍ക്കാര്‍ മാത്രമേ ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ സ്വാഭാവികമായും കുട്ടികള്‍ തമ്മില്‍ ഇടകലര്‍ന്നു ജീവിക്കാനുള്ള അവസരം ഇല്ലാതാവും. അത് ഏറ്റവും അപകടകരമായിട്ടുള്ള ഒരു പ്രവണതയാണ്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാനുള്ള വളക്കൂര്‍ ഉള്ള മണ്ണ് ഉണ്ടാക്കുകയാണ്. പരസ്പരമുള്ള അപരിചിതത്വമാണ് മറ്റുള്ളവരെ പെട്ടെന്ന് അന്യവല്‍ക്കരിക്കുകയും ശത്രുവായി മുദ്ര കുത്തുകയും ചെയ്യുന്നത്. അറിവില്ലായ്മയില്‍ നിന്നാണ് എപ്പോഴും വര്‍ഗ്ഗീയത ഉണ്ടാവുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള സ്വയം ഭരണാവകാശത്തെ അവര്‍ ഉപയോഗിക്കുന്ന സമയത്ത്, അതവര്‍ വിഭാഗീയതക്കെതിരായി ഉപയോഗിക്കണം. എല്ലാ സമുദായത്തിലുമുള്ള കുട്ടികളെയും പ്രവേശിപ്പിക്കുകയും വേണം.

9. നോവല്‍ പോലെ സജീവമല്ലെങ്കിലും സാന്ദര്‍ഭികമായെങ്കിലും ചര്‍ച്ചകളുണര്‍ത്തി വിടാനുള്ള ഭാവുകത്വശേഷി ഇപ്പോഴും ചെറുകഥക്കുണ്ട്. സമകാല ചെറുകഥയെപ്പറ്റിയുള്ള വിലയിരുത്തല്‍ എന്താണ്? മുകുന്ദന്‍, കാക്കനാടന്‍… തുടങ്ങിയ മുന്‍ തലമുറക്കാരെ അപേക്ഷിച്ച് ആധുനിക ചെറുകഥാ സാഹിത്യത്തിന് താങ്കളുടെ തലമുറ നല്‍കിയിട്ടുള്ള സംഭാവനകള്‍ എന്തൊക്കെയാണ്?

@മുകുന്ദന്‍, കാക്കനാടന്‍, സക്കറിയ, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ക്കൊക്കെ ശേഷം വന്നിട്ടുള്ള ആധുനികോത്തര തലമുറയിലാണ് ഞാനൊക്കെ പെടുന്നത്. ആധുനികതക്ക് അവരുടെതായൊരു ദാര്‍ശനിക ഭാരം ഉണ്ടായിരുന്നു. ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും മരണത്തെപ്പറ്റിയും ഒക്കെ കൂടുതല്‍ ചിന്തിക്കുന്ന ഒരു സ്വഭാവം, ഒരു ദാര്‍ശനിക ഭാരം അവരുടെ എഴുത്തിലെല്ലാംkafka6 ഉണ്ടായിരുന്നു. അവര്‍ ഭാഷാപരമായി വലിയ വിസ്ഫോടനങ്ങളൊക്കെ സൃഷ്ടിച്ചു, അതൊരു വലിയ സംഭാവനയാണ്. എന്നാലും ആ കഥകളൊക്കെ അരാഷ്ട്രീയം എന്ന് മുദ്ര കുത്തപ്പെടാന്‍ ഇടയായി. പക്ഷെ അങ്ങനെ അരാഷ്ട്രീയം എന്ന് ലളിതമായി മുദ്ര കുത്തുന്നതില്‍ അര്‍ത്ഥമില്ല. ഈ നിരാശയൊക്കെ ഉണ്ടാവുന്നതിന്റെ പിറകില്‍ ഒരു രാഷ്ട്രീയം തീര്‍ച്ചയായും ഉണ്ട്. പണ്ട് സോവിയറ്റ് യൂണിയനിലൊക്കെ കാഫ്കയെ ഏറ്റവും പ്രതിലോമകാരിയായ സാഹിത്യകാരനായിട്ട്, ശൂന്യതാ വാദത്തിന്റെ പേരില്‍ മുദ്രകുത്തപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കാഫ്ക ഏറ്റവും വലിയ പുരോഗമനക്കാരനായി മാറി. കാരണം കാഫ്ക ശൂന്യതയുടെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിച്ചു കൊണ്ട് അതുമായി കലഹിക്കുകയാണ് ചെയ്തിട്ടുള്ളത്. അപ്പോള്‍ ആധുനികര്‍ അരാഷ്ട്രീയവാദികളും പ്രതിലോമകാരികളുമല്ല. പക്ഷെ ആ കാലം കഴിഞ്ഞ് ഞങ്ങളുടെ തലമുറ ആയപ്പോഴേക്ക് ഈയൊരു ദാര്‍ശനിക ഭാരവും, മരണവും, നിരാശാ ബോധവുമൊക്കെ മാറി, അതിനപ്പുറം നേരിട്ടുള്ള രാഷ്ട്രീയ ഇടപെടലുകള്‍ വേണം, ജീവിതോന്മുഖമാകണം എന്ന നിലക്ക് കഥകളെഴുതിയവരാണ് ടി.വി.കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍, പി.കെ പാറക്കടവ്, അശോകന്‍ ചരുവില്‍, വി.ആര്‍.സുധീഷ്‌, പി.സുരേന്ദ്രന്‍, യു.കെ കുമാരന്‍, അംബികാസുധന്‍ മങ്ങാട്, ഗ്രേസി, ചന്ദ്രമതി, പ്രിയ.എ.എസ് തുടങ്ങി ഞങ്ങളുടെ തലമുറയില്‍പ്പെട്ടവരൊക്കെ. കൂടുതല്‍ പൊളിറ്റിക്കല്‍ ആയിട്ടും സോഷ്യല്‍ ആയിട്ടും ഇടപെടലുകള്‍ ഉള്ള എഴുത്താണ് ഞങ്ങള്‍ക്കുണ്ടായിട്ടുള്ളത് . അതിന്റെ സരണി തന്നെയാണ് കൂടുതല്‍ ശില്പഭദ്രമായ നവീനരൂപങ്ങളില്‍ക്കൂടി സുഭാഷ് ചന്ദ്രന്‍, സന്തോഷ്‌ എച്ചിക്കാനം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന, അതിനു ശേഷമുള്ള തലമുറ തുടര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത്. കഥകളില്‍ അവരെല്ലാം പൊളിറ്റിക്കല്‍ ആയുള്ള ഒരു സ്പെയ്സ് ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇന്നത്തെ കാലത്തെ അവസ്ഥകളോട് നിശിതമായി പ്രതികരിക്കുകയും അതിനെ തുറന്നു കാണിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ യാതൊരു സംശയവുമില്ല.

10. യു പി ഇലക്ഷന്‍ റിസല്‍ട്ടിനെപ്പറ്റി ?

അതൊരു ഭീതിപ്പെടുത്തുന്ന റിസല്‍ട്ടാണ്. നോട്ടു നിരോധനത്തിന്റെ പ്രശ്നമൊക്കെ ഉണ്ടായിട്ടു കൂടി ബിജെപി അധികാരത്തില്‍ വന്നു. കമ്യൂണല്‍ ആയുള്ള കാര്‍ഡ് എടുത്ത് അവര്‍ നല്ലപോലെ കളിച്ചു. അവരുടെ ശക്തിയേക്കാള്‍ കോണ്‍ഗ്രസ്സിന്റെയും മറ്റുള്ളവരുടെയും പിടിപ്പുകേടാണ് അവര്‍ വിജയിക്കാനുള്ള കാരണം. മുലായം സിംഗിനെ പ്പോലെയുള്ളവര്‍ അവസാനം വരെ നിസ്സാരമായ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുകയാണ് ചെയ്തത്. മായാവതിയും മുലായം സിംഗിന്റെ മകനുമൊക്കെ ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ ബിജെപിയുടെ പൊടിയുണ്ടാവുമായിരുന്നില്ല. ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ ചെറിയ ചെറിയ സ്വാര്‍ഥതകളാണ് അത്തരമൊരവസ്ഥ വരാന്‍ കാരണം. ഒരു ക്രിമിനലിന്റെ നിലവാരം പോലുമില്ലാത്ത നേതാക്കന്മാര്‍ ഇന്നത്തെ കക്ഷി രാഷ്ട്രീയത്തില്‍ കളിക്കുന്നതു കൊണ്ടു കൂടിയാണ് ഈ കമ്യൂണല്‍ ശക്തികള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്.

Comments

comments