അകത്തി വച്ചിരുന്നാല്‍ സൂചനാ നോട്ടങ്ങള്‍ ചെറിയ നുള്ളിപ്പറിക്കലുകള്‍ ഒക്കെ കിട്ടുമായിരുന്ന കാലുകള്‍ നേര്‍കാലിതന്നെ തലയോളം പൊന്തുന്നു…. ഒന്നും സംഭവിക്കുന്നില്ല. ഒന്നും സംഭവിക്കാനില്ല. കാലുകള്‍ അടുത്തുണ്ടായിരുന്നപ്പോഴുണ്ടായ അതേ ലോകം സൂചിക്കിരുത്തി ചുറ്റും നോക്കിയാലും കാണാനാകുന്നുണ്ട്. മാറ്റമുണ്ടായത് പുറത്തല്ല, എനിക്കുള്ളിലാണ്. എന്റെ കാലുകളുടെ സാധ്യത അറിയാനും പഠിക്കാനും സാധിച്ചു (കളരിപ്പയറ്റും ഞാനും, 2010, 66).

കേരളത്തിലെ സ്ത്രീകളുടെ ശാരീരാവസ്ഥയുടെ, സ്വത്വത്തിന്റെ ഒരു വശം ഈ വരികളില്‍ വായിക്കാം. കളരിപ്പയറ്റ് പഠിച്ച ഗീതിയുടെ പ്രശ്നം അവളുടെ കാലുകളായിരുന്നു. സ്ത്രീക്ക് കാലുകളകത്തിവച്ച് പൊതുസമൂഹത്തിലോ ഏതെങ്കിലും കൂട്ടത്തിലോ ഇരിക്കുകയോ നില്‍ക്കുകയോ പാടില്ലെന്ന അലിഖിതവഴക്കം നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതവരുടെ മൊത്തം ശരീരാവസ്ഥയക്കൂടി അടയാളപ്പെടുത്തുന്നു. കാലുകള്‍YT-K1 അകത്തുന്നത് ശരിയല്ലെങ്കില്‍ കാലകത്താതെ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നാണ് പറയുന്നത്. കാലുകളധികം അകത്തേണ്ടെങ്കില്‍ പുരുഷനെപ്പോലെ കായികാധ്വാനവും ഓട്ടവും ചാട്ടവും ചലനാത്മകതയും പെണ്ണിനു വേണ്ട എന്നാണ് ഈ വിലക്കിനു കാരണം. ഇതാണ് കേരളത്തിലെ സാമൂഹികവഴക്കങ്ങളും കുടുംബ അച്ചടക്കങ്ങളും മതങ്ങളുമൊക്കെ പെണ്ണിനുമേല്‍ കെട്ടിവച്ചിരിക്കുന്നത്. സ്ത്രീയുടെ ശരീരം പുരുഷന്റെ ശരീരത്തില്‍ നിന്നു ഭിന്നമാണെന്നും അതിനാല്‍ പുരുഷനേക്കാള്‍ കരുത്തും ശേഷിയും കുറഞ്ഞ രണ്ടാംകിടയായ ഒന്നാണെന്നും സ്ത്രീക്ക് കായികമായ പ്രകടനങ്ങളോ മറ്റോ പാടില്ലെന്നും അധികം അനക്കവും ചലനാത്മകതയുമില്ലാതെ അടങ്ങിയൊതുങ്ങിക്കഴിയുകയാണു അവളുടെ രീതികളെന്നുമാണ് പഠിപ്പിക്കല്‍. അടക്കവുമൊതുക്കവും വേണം പെണ്ണിനെന്നും ആനനട നടത്തമായിരിക്കണമെന്നുമൊക്കെയുള്ള പെണ്‍ശീലങ്ങള്‍ നൂറ്റാണ്ടുകളായിട്ട് ഈ സമൂഹത്തില്‍ ശാശ്വതസത്യങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. അങ്ങനെ സ്ത്രീയെ സംബന്ധിച്ച് ചില ‘സഹജത’യും ‘പ്രകൃതിദത്ത’തയും ഇങ്ങനെ ഉറപ്പിക്കപ്പെടുന്നു. ഈ ലിംഗപരമായ സഹജതയിലൂടെ സ്ത്രീക്ക് വീടെന്ന ഇടത്തിലെ ജോലികളും മറ്റുമാണ് ചേരുന്നതെന്ന്  കല്പിക്കപ്പെടുന്നു.

പട്ടാളം, പോലീസ് തുടങ്ങിയവ ആണത്തത്തിന്റെ അധീശ മാതൃകയായി ലോകമാകെ വ്യവഹരിക്കുന്നതാണ്. കടന്നുകയറ്റത്തിന്റെയും അക്രമണത്തിന്റെയുമൊക്കെ തീവ്രമായ ഘടനകളാണിവ. അതിനാല്‍ സ്ത്രീകളുടെ ശരീരത്തിനും മാനസികഘടനയ്ക്കും പറ്റിയതല്ലെന്നു നൂറ്റാണ്ടുകളായി പ്രചരിക്കപ്പെട്ടവയുമാണിവ. എന്നല്ല സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്കാരമടക്കമുള്ള അക്രമങ്ങള്‍ക്ക് മിക്കയിടത്തും പോലീസും പട്ടാളവും പ്രതിസ്ഥാനത്തു വരുന്നതും കാണാം. ഇത്തരത്തില്‍ സ്ത്രീ വിരുദ്ധ സ്ഥാപനമെന്നുറപ്പിക്കപ്പെട്ട പട്ടാളത്തിലേക്ക് സ്ത്രീകളുടെ കടന്നുവരവ് ഒന്നാംലോകമഹായുദ്ധത്തോടെ സംഭവിച്ചപ്പോള്‍ അത് ബ്രിട്ടനടക്കമുള്ള പല സമൂഹത്തിലും നിലവിലെ ലിംഗപദവിയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടു എന്ന് പഠിതാക്കള്‍ എഴുതുന്നത് ശ്രദ്ധേയമാണ്. ചടുലഗതിയിലുള്ള ആക്ഷന്റെയും അക്രമണത്തിന്റെയും ആയുധപ്രയോഗത്തിന്റെയും ലോകത്തിലേക്ക് ശുശ്രൂഷയും പാചകവുമൊക്കെ പ്രകൃതിദത്തമായി ചെയ്യാന്‍ വിധിക്കപ്പെട്ട സ്ത്രീ കടന്നുവന്നത് ആ പ്രകൃതിദത്തതകളെ ചെറിയതോതിലെങ്കിലും ഉലയ്ക്കുന്നതായി മാറി എന്നതാണ് നിരീക്ഷണം. പുരുഷനെപ്പോലെ ആക്ഷനുകള്‍ക്കും ക്രിയകള്‍ക്കും വേണ്ടിയുള്ള ശരീരമാണവളുടേതും എന്ന ചിന്ത പരമ്പരാഗതമായ ലിംഗപദവിയെ  പലരൂപത്തില്‍ ചോദ്യം ചെയ്യാന്‍ പര്യാപ്തമായിരുന്നു. ഇത്തരത്തില്‍ പലതരം പ്രക്രിയകളിലൂടെയാണ് വീടെന്ന സ്വകാര്യതയുടെ ആളായി മുദ്രകുത്തപ്പെട്ട സ്ത്രീ അവളുടെ പ്രകൃതിദത്തമായ ശരീരത്തിന്റെ തടവില്‍ നിന്ന് പുറത്തുവന്നത്. കാഴചയ്ക്കു കൊള്ളാവുന്ന ശരീരമെന്ന പദവിയില്‍ നിന്ന് എല്ലാത്തരം ക്രിയകളുടെയും കേന്ദ്രമാകുന്ന ഒന്നെന്ന നിലയിലേക്കുള്ള പരിണാമം.20111

1.
ആക്ഷന്‍സിനിമകളുടെ (Action Movies) ചരിത്രവും വര്‍ത്തമാനവും  ലിംഗപരമായ മേല്പറഞ്ഞ സൂചനകളാണ് നല്കുന്നതെന്നു കാണാം. ആക്ഷന്‍ സിനിമകളെക്കുറിച്ചുള്ള വിക്കിപ്പീഡിയ വിവരണത്തില്‍ ഇപ്പോഴും ആണിന്റെ ആക്ഷന്‍ ചിത്രങ്ങളെക്കുറിച്ചേ വിശദീകരണവും മറ്റുമുള്ളൂ. ആണുങ്ങളായ താരങ്ങളും അവരുടെ സിനിമകളും മാത്രം. സ്ത്രീകളായ ആക്ഷന്‍ ഹീറോകളെക്കുറിച്ചൊരു പേജുണ്ടെങ്കിലും വിശദീകരണമോ മറ്റോ ഇല്ലാത്ത ഒന്നാണത്. കാലികസമൂഹത്തിലെ മാറ്റങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വിക്കിപ്പീഡിയപോലുള്ള ഒരു നിഘണ്ടുവിലെ ഈ ശൂന്യത പെണ്‍ ആക്ഷന്‍ഫിലിം എന്ന സങ്കല്പത്തിന്റെ രാഷ്ട്രീയം വിളിച്ചു പറയുന്നുണ്ട്. ആക്ഷനും അക്രമോത്സുകതയുമൊക്കെ പുരുഷനാണെന്നു വച്ചിരിക്കുന്ന ബോധ്യത്തിനു വരുന്ന മാറ്റങ്ങളിലേക്കാണ് ഇതെല്ലാം വെളിച്ചം വീശുന്നത്. ലിംഗപദവിയുടെ പരമ്പരാഗത മൂശകള്‍ സാമൂഹ്യപരിണാമങ്ങള്‍ ആഴത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.  സ്ത്രീവാദത്തിന്റെ വളര്‍ച്ച, അതിലൂടെ സമൂഹത്തിലും കുടുംബഘടനയിലും മാറ്റം വര്‍ധിക്കുന്ന ഉത്തരവാദിത്തങ്ങള്‍, പങ്കിടല്‍ തുടങ്ങി നിരവധി മാറ്റങ്ങള്‍ പരമ്പരാഗത പുരുഷാധിപത്യ സമൂഹത്തെ പോറലേല്പിക്കുന്നു. പെണ്‍ശരീരത്തെ നിയന്ത്രിച്ചും മറ്റും രൂപപ്പെടുത്തിയ വിലക്കുകള്‍ മിക്കതും പുരുഷനിര്‍മിതിയാണെന്നു പൊതുവില്‍ വിളിച്ചുപറയുയുന്ന പ്രക്രിയകള്‍ നടക്കുന്നു.  ശരീരമെന്നത് പുരുഷാധിപത്യ വ്യവസ്ഥ നെയ്തെടുക്കുന്ന വ്യവഹാരമാണെന്ന രാഷ്ട്രീയത്തിന്റെ വായനകള്‍ പരമ്പരാഗത സമൂഹത്തെ ഉലയ്ക്കുന്ന സ്വത്വചിന്തകളാല്‍ സമൂഹത്തെ ശകലിതമാക്കുന്നു. ഇതിലേറ്റവും വലിയ പതനം സംഭവിച്ചത് ആണത്തത്തിന്റെ പരമ്പരാഗത സ്വത്വത്തിനാണ്. കരുത്തിന്റെയും അക്രമത്തിന്റെയും ലൈംഗികതയുടെയും വലിയ രൂപമായി ആദര്‍ശവല്കരിച്ചിരുന്ന ആണ്‍ശരീരം ഉടയ്ക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പെണ്‍ആക്ഷന്‍ സിനിമകളുടെ ഇടപെടലിനെ കാണേണ്ടത്. യൂറോപ്യന്‍ സിനിമകളിലും ഹോളിവുഡിലും പുരുഷന്റെ നിഴലുപോലെ ആക്ഷന്‍ സിനിമകളില്‍ സ്ത്രീയുണ്ടായിരുന്നു. ആ നിഴലില്‍ നിന്നവള്‍ കുതറിമാറിയിരിക്കുന്നു.

നിലവില്‍ ആധിപത്യം ചെലുത്തുന്ന സിനിമയിലെ സ്ത്രീ സാന്നിധ്യത്തെയും പ്രതിനിധാനത്തെയും കുറിച്ചുള്ള വായനകള്‍ ഇവിടെ പരിശോധിക്കേണ്ടതാണ്.

അ). സിനിമയിലെ സ്ത്രീ പ്രത്യക്ഷപ്പെടലിന്റെ വായനകളിലൊന്ന് സ്ത്രീ കാണപ്പെടുന്നവളും കര്‍ത്താവും കാഴ്ചക്കാരനുമായ പുരുഷന്റെ കണ്ണിനാഹ്ലാദം നല്കുന്ന ദൃശ്യബിംബമാണെന്നുള്ളതാണ്. ഇന്നും സിനിമയെ നിയന്ത്രിക്കുന്ന പുരുഷാധിപത്യത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാന കാഴ്ചപ്പാട് ഇതുതന്നെയാണെന്നു പല സിനിമകളും ഏറ്റു പറയുന്നു. ലോറ മള്‍വി വോയറിസമെന്നും സ്കോപ്പോഫീലിയയെന്നു വിളിച്ച പ്രശ്നത്തിന്റെ അകത്താണ് മിക്കപ്പോഴും സിനിമ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ പുരുഷകാഴ്ചയെ എല്ലാരൂപത്തിലും തൃപ്തിപ്പെടുത്തുന്ന, പുരുഷ സങ്കല്പത്തിനു വിരുദ്ധമായ അബലയും സൗന്ദര്യമുള്ളവളും ലൈംഗിക ചോദനയുണര്‍ത്തുന്നവളുമായ  സ്ത്രീ സങ്കല്പമാണ് സിനിമയെ നയിക്കുന്നത്. പെണ്ണ് ലൈംഗികതയുടെ പ്രലോഭനവിഷയവും നിറകുടവുമാണെന്ന ധാരണ ഇതിലൂടെ സിനിമ ഉറപ്പിക്കുന്നു. സ്ത്രീശരീരത്തെ, ലൈംഗികതയുമായി ബന്ധപ്പെട്ടതെന്നു പറയുന്ന ശരീരഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള, സൗന്ദര്യവല്കരിക്കുന്ന കാമറാവീക്ഷണങ്ങളിലൂടെ സ്ത്രീ പുരുഷന്റെ തുളഞ്ഞുകയറലെന്ന (penetrate) ലൈംഗികതയ്ക്കുവേണ്ടിയുള്ള ശരീരം മാത്രമെന്നു സ്ഥാപിക്കുന്നു.

ആ). നിലവിലെ പുരുഷാധിപത്യ  ഘടനയുടെ ലിംഗവിവേചനത്തെ സ്ഥാപിച്ചെടുക്കുന്നത് സ്ത്രീയെ പുരുഷനു വിരുദ്ധമായ ഗുണങ്ങളിലേക്കു വെട്ടിച്ചുരുക്കുന്നതിലൂടെയാണ്. വീടുമായി ബന്ധപ്പെട്ട, അധികാരമില്ലാത്ത, പ്രകടിപ്പിക്കാനവസരമില്ലാത്ത വേഷങ്ങളിലവളെ കെട്ടിയിടുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന, പ്രണയത്തിന്റെയും ശുശ്രൂഷയുടെയും വീടുമായി ബന്ധപ്പെട്ട വേലകളിലും മാത്രമാണ് സ്ത്രീയുടെ സ്ഥാനം വെളിപ്പെടുക. ഇതിലൂടെ പുരുഷന്റെ കൂടെ അവനെ പരിപോഷിപ്പിക്കുന്ന – സഹധര്‍മിണി- വേഷങ്ങള്‍ ചെയ്യുന്നവള്‍ എന്ന അര്‍ഥമാണ് നല്കപ്പെടുന്നത്. എല്ലാ ക്രിയകളും പുരുഷന്‍ ചെയ്യുമ്പോള്‍ അവന്റെ ശുശ്രൂഷയും മറ്റും ചെയ്ത് അവനെ പൂരിപ്പിക്കുന്ന ഒരാളെന്ന നിലമാത്രം. സ്വന്തമായി ബുദ്ധി ഉപയോഗിക്കുകയോ അതിനനുസരിച്ച് ക്രിയകളെ രൂപപ്പെടുത്തുകയോ സ്ത്രീക്കാവശ്യമില്ലെന്നാണ് കാഴ്ചകള്‍ പറയുന്നത്. ബുദ്ധിയും ക്രിയകളും ആവശ്യമില്ലാത്ത ഒരു ശരീരമെന്നാണ് സിനിമകളുടെ പൊതുവേയുള്ള സ്ത്രീക്കാഴ്ച. ഇത് പുരുഷലോകത്തിന് ഓരത്തുകിടക്കുന്ന ചെറിയൊരു ദ്വീപുമാത്രമാണ്.

3.
ആക്ഷന്‍ സിനിമകള്‍ ലോകസിനിമയുടെ ചരിത്രം ആരംഭിക്കുന്ന കാലം മുതലുണ്ടെങ്കിലും അതൊരു പ്രധാനപ്പെട്ട സിനിമാവിഭാഗമെന്ന നിലയില്‍ വേര്‍തിരിയുന്നത് അമ്പതുകളോടെയാണ്. എഴുപതുകള്‍ മുതല്‍ ഇവ വന്‍മുതല്‍മുടക്കുള്ളcoffy1 വ്യവസായത്തിന്റെ സുപ്രധാനമായ ഭാഗമായിമാറി. എന്നാലിതെല്ലാം ആണ്‍ ആക്ഷന്‍ സിനിമകളായിരുന്നു. ആണിന്റെ കരുത്തിന്റെ വിവിധതലത്തിലുള്ള പ്രകടനങ്ങള്‍. ഇവിടെ സ്ത്രീകള്‍ നായിക എന്ന നിലയില്‍ അവന്റെ സഹായിയായി നില്ക്കുകയായിരുന്നു. സ്ത്രീകള്‍ നായകസ്വഭാവത്തിലെത്തുന്ന  ചില ആക്ഷന്‍ സിനിമകള്‍ അമ്പതുകളിലും എഴുപതുകളിലും പുറത്തുവന്നെങ്കിലും അവ സ്ത്രീയെക്കുറിച്ചുള്ള പുരുഷ ധാരണകളുടെ ഉറപ്പിക്കലാണ് നിര്‍വഹിച്ചതെന്നു കാണാം. 1973-ല്‍ പുറത്തുവന്ന കോഫി (Coffee, സംവി. ജാക്ക് ഹില്‍) എന്ന സിനിമ ഇത്തരത്തില്‍ ശ്രദ്ധേയമാണ്. കറുത്തവര്‍ഗക്കാരിയായ കോഫി എന്ന നേഴ്സ് തന്റെ സഹോദരിയെ കൊന്ന മയക്കുമരുന്നു മാഫിയയ്ക്കെതിരേ പ്രതികാരം നിര്‍വഹിക്കുന്നതാണ് ഇതിലെ കഥ. ഇവിടെ ഉപയോഗിച്ചിരിക്കുന്ന രീതി കോഫി വേശ്യയുടെ വേഷം കെട്ടി സ്ത്രീയുടെ സഹജമായ ശരീരവശീകരണം  കൊണ്ട് തന്റെ ഇരകളെ കുടുക്കി പ്രതികാരം നിര്‍വഹിക്കുന്നതാണ്. സ്ത്രീക്ക് പുരുഷനെപ്പോലെ കായികകരുത്തിലൂടെ പ്രതികാരം നിര്‍വഹിക്കാനാവുകയില്ലെന്നും ലൈംഗികതയുടെ വശീകരണത്തിലൂടയേ അതൊക്കെ സാധ്യമാകൂ എന്നും പറയുകയാണ് ഇത്തരം സിനിമകള്‍. ലോറ മള്‍വി പറയുന്ന വോയറിസം വളരെ ശക്തമായി ഇത്തരം സിനിമകള്‍ പരിപോഷിപ്പിക്കുന്നുണ്ടുതാനും. തൊണ്ണൂറുകളിലാണ് ഇത്തരം സിനിമകളില്‍ നിന്നു സ്ത്രീയുടെ ആക്ഷന്‍ സിനിമകള്‍ പുതിയരൂപത്തിലേക്കു വരുന്നത്. അവയില്‍ത്തന്നെ പലതിലും സ്ത്രീയെ ലൈംഗികതയുടെ ബിംബമാക്കി നിലനിര്‍ത്തിയിരുന്നുവെന്ന് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഥവാ ആക്ഷന്‍ സിനിമകളും സ്ത്രീയെ സഹജമായ പുരുഷ കാഴ്ചയുടെ വിഭവമാക്കുന്നുവെന്ന്. എന്നാലത്തരം ധാരണകളെ ഉലയ്ക്കുകയും സ്ത്രീയെ ആക്ഷന്റെ കേന്ദ്രമാക്കിക്കൊണ്ട് പരമ്പരാഗതമായ ശരീര- ലിംഗ ബോധ്യങ്ങളെ ഉടച്ചുകൊണ്ട് പുതിയ കഥാപാത്രമാക്കുന്നു പുതിയ രൂപത്തിലേക്കെത്തിയ കഥകള്‍. അങ്ങനെ ഫീമെയില്‍ ആക്ഷന്‍ സിനിമകള്‍ എന്നവിഭാഗം ശക്തമാകുന്നു. അതിലൂടെ നായകന്‍ – നായിക എന്ന പരമ്പരാഗതമായ കലാസങ്കല്പം ചോദ്യം ചെയ്യപ്പെടുന്നുവെന്നു പറയാം.2521212

ഇത്തരത്തിലുള്ള നായക – നായികാ സങ്കല്പങ്ങളിന്ന് ചോദ്യം ചെയ്യപ്പെടുന്നു എന്നത് മാറിക്കൊണ്ടിരിക്കുന്ന ലിംഗപദവീ ബോധത്തെ പ്രകാശിപ്പിക്കുന്നു.  ഹീറോ – ഹീറോയിന്‍ എന്ന ഇംഗ്ലീഷ് ഭാഷയിലെ വേറിടല്‍ അപ്രസക്തമാകുകയും ഹീറോ എന്നുതന്നെ സ്ത്രീകളെയും വിശേഷിപ്പിക്കുകയും ചെയ്യുന്ന പരിണാമം സാധ്യമാകുന്നു. വനിതാതാരങ്ങള്‍ ഫീമെയില്‍ ഹീറോ എന്നറിയപ്പെടുന്നു.    ഇത്തരത്തില്‍ നിരവധി ഫീമെയില്‍ ഹീറോസ് സൃഷ്ടിക്കപ്പെട്ടു ആക്ഷന്‍ സിനിമകളിലൂടെ എന്നതാണ് പ്രസക്തം. എന്നല്ല ഹോളിവുഡിലെ ഹിറ്റുകളില്‍ പലതും ഇത്തരത്തില്‍ സ്ത്രീകളുടെ ആക്ഷന്‍ ചിത്രങ്ങളായിരുന്നുതാനും. എഞ്ചലിന ജോളി ഇത്തരത്തില്‍ ലോറ ക്രോഫ്റ്റ് പരമ്പരയിലൂടെ സൂപ്പര്‍താരമായി മാറിയത് പലതരത്തില്‍ അമേരിക്കന്‍ സമൂഹത്തില്‍ പിടിച്ചുലച്ചതായിട്ടാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ലോറ ക്രോഫ്റ്റ് എന്ന വീഡിയോ ഗയിമിന്റെ വരവ് പരമ്പരാഗതമായ പുരുഷകേന്ദ്രീകൃതമായ വീഡിയോ ഗയിമുകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വീഡിയോ ഗയിമുകളുടെ സ്ത്രീപക്ഷത്തെ ശക്തമാക്കുകയും ചെയ്തു. സ്ത്രീശക്തി (Girl Power) എന്ന സ്വതന്ത്ര, പരുഷമായ സ്ത്രീസങ്കല്പങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഇത്തരം ചിത്രങ്ങളും ഗയിമുകളും വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ട്. എഞ്ചലീന തന്നെ നിരവധി ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. സൈബോര്‍ഗ്, സാള്‍ട്ട്, വാന്റഡ് തുടങ്ങിയവ അവയില്‍vijayshanthi1 ചിലതാണ്. ലിന്‍ഡ ഹാമില്‍ട്ടണ്‍ (ടെര്‍മിനേറ്റര്‍ ), മില്ല ജോവിവിച്ച (അള്‍ട്രാവയലറ്റ്), ഷരണി വിന്‍സര്‍ (ബയ്റ്റ്), ബ്രിഗേറ്റ നില്‍സണ്‍( റോക്കി), സിഗോര്‍ണി വിവര്‍ (എയ്ലന്‍സ്), ഉമ തുര്‍മാന്‍ (കില്‍ ബില്‍), ലൂസി ലിയൂ (കില്‍ ബില്‍), മാഗി ക്യൂ ( മിഷന്‍ ഇംപോസിബിള്‍), ചാര്‍ളീസ് തെറോണ്‍ (മാഡ് മാക്സ് റോഡ് ഫറി) തുടങ്ങി വളരെ വിപുലമായൊരു താരനിര ഇത്തരത്തില്‍ ഹോളിവുഡ് അടക്കമുള്ള സിനിമാ മേഖലകളില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ അധികം പറയാനില്ലെങ്കിലും തമിഴ്നടി വിജയശാന്തിയുടെ പോലീസ് ആക്ഷന്‍ ചിത്രങ്ങള്‍ ഏറെ പഠനാര്‍ഹങ്ങളാണ്. ലേഡി സൂപ്പര്‍താരം ലേഡി അമിതാഭ് എന്നൊക്കെ വിശേഷിക്കപ്പെട്ട അവരുടെ സിനിമാജീവിതം ചടുലമായ ആക്ഷനുകള്‍കൊണ്ട് സവിശേഷമായ ശരീരഭാഷ നിര്‍മിക്കുന്നു. മലയാളത്തില്‍ ഒട്ടും വളര്‍ച്ചയില്ല്ലെങ്കിലും വാണി വിശ്വനാഥിന്റെ ചില വേഷങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതാണ്. കേരളത്തിലെ കുലീന പെണ്‍ശരീരവാര്‍പ്പുമാതൃകയെ അവരുടെ ആക്ഷന്‍ കാഴ്ചകള്‍ ചെറുതായെങ്കിലും പോറലേല്പിക്കുന്നുണ്ട്.26542

ആക്ഷന്‍ സിനിമകളിലൂടെ തന്റെ ലോകം പടുത്തിയര്‍ത്തിയ  അമേരിക്കന്‍ സംവിധായകനായ ക്വിന്റിന്‍ ടാരന്റിനോയൂടെ ( Quentin Tarantino) ഏറെ ജനപ്രീതി നേടിയ ചിത്രമാണ് കില്‍ ബില്‍ 1, 2. (Kill Bill 1, 2, 2003, 2004) ഉമ തുര്‍മാന്റെ (Uma Thurman) ശ്രദ്ധേയമായ വേഷം. രണ്ടൂഭാഗമായി പുറത്തിറങ്ങിയ ചിത്രം  പിന്നീട് ഒന്നിച്ച് ഒറ്റക്കഥയായും പുറത്തുവന്നിരുന്നു. ബില്‍ എന്ന അധോലോക/ കൊലപാതകസംഘത്തിലെ അംഗമായിരുന്നു ബിയാട്രീസ്. അവള്‍ ഒന്നാം ഭാഗത്തില്‍ പേരുവെളിപ്പെടാതെയാണ് വരുന്നത്. വധുവായി മാത്രം. അവള്‍ ബില്ലിനാല്‍6214 ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. എന്നാലവളുടെ വിവാഹം നടക്കുന്ന ദിവസം പള്ളിയില്‍ ഡെഡ്‌ലി വൈപ്പര്‍ അസാസിനേഷന്‍ സ്ക്വാഡ് എത്തുകയും അവളെ അടക്കം മിക്കവരെയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. നാലുവര്‍ഷം ആശുപത്രിയില്‍ കോമയില്‍ കിടന്ന അവള്‍ രക്ഷപെട്ടു. തന്നെ വകവരുത്താന്‍ ശ്രമിച്ച സ്ക്വാഡിലെ ഓരോരുത്തരെയായി കൊല്ലാന്‍ തീരുമാനിക്കുന്നതാണ് കഥ. ഇതിനിടെ അവള്‍ മരിച്ചില്ലെന്നും ആശുപത്രിയില്‍ ആണെന്നുമറിഞ്ഞ ബില്‍ അവളെ കുത്തിവയ്പിലൂടെ കൊല്ലാനാളെ വിട്ടെങ്കിലും അവസാന നിമഷം അത് വേണ്ടെന്നുവച്ചു. അങ്ങനെ തന്നെ ബലാത്കാരം ചെയ്യാനായി വന്ന ആളിന്റെ കാറ് വാഹനമാക്കി അവള്‍ രക്ഷപെടുന്നു. ആദ്യമവള്‍ തന്റെ ഇരകളിലൊരാളായ വെര്‍നിറ്റയെ കൊല്ലുന്നു. സിനിമ തുടങ്ങുന്നത് കുടുംബജീവിതം നയിക്കുന്ന വെര്‍നിറ്റയുടെ വീട്ടിലെത്തുന്നതോടെയാണ്. അവിടെ വച്ച് ഭയങ്കരമായ അടി നടക്കുന്നു. ഒടുവില്‍ കത്തികൊണ്ട് വെര്‍നിറ്റയെ വധു കൊല്ലുന്നു. തന്റെ അടുത്ത ശത്രുക്കളെത്തപ്പി അവളിറങ്ങുന്നു. ഒ റെനെയെയും സോഫിയെയും തേടി അള്‍ ജപ്പാനിലേക്കു പോകുന്നു. അവരെ കണ്ടെത്തുന്നതിനുമുമ്പ് അവള്‍ വാള്‍പരിശീലനം നേടുകയും ഹട്ടോരി ഹാന്‍സോ വാള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. ഏതാക്രമണത്തിലും ഒടിയാത്ത ഈ വാളിന്റെ ശക്തിയാണവളുടെ2891 അക്രമണത്തിന്റെ കാതല്‍. ഒ റെനെയെ അവളുടെ ടോക്കിയോയലുള്ള റെസ്റ്റോറന്റില്‍ വച്ച് അവള്‍ കണ്ടുമുട്ടി. റെനെയുടെ ശരീര സംരക്ഷകരായ ക്രേസി എണ്‍പത്തെട്ട് എന്ന സംഘമുള്‍പ്പെടുന്ന യാക്കുസാ ആര്‍മിയെ കടുത്ത വാള്‍പ്പയറ്റിലൂടെ, ചോര ചിന്തിയ യുദ്ധത്തിലൂടെ  മുഴുവന്‍ ഇല്ലാതാക്കുന്നു അവള്‍. ബില്ലിന്റെ ആശ്രിതയും ഒ റെനിന്റെ ലെഫ്റ്റനന്റുമായ സോഫിയെ മാരകമായി മുറിവേൽപ്പിച്ച്  മറ്റെതിരാളികൾക്ക് മുന്നറിയിപ്പ് എന്ന നിലയ്ക്ക് വിട്ടുകളയുന്നു. തുടര്‍ന്ന് റെനെയെ നീണ്ട പോരാട്ടത്തിലൂടെ കൊല്ലുന്നു. ഇവിടെ സിനിമയുടെ ഒന്നാം ഭാഗം അവസാനിക്കുകയാണ്.26241

രണ്ടാംഭാഗത്തില്‍ ബില്ലിനെ തിരിക്കിയുള്ള യാത്രയാണ്. ആ യാത്രക്കിടയില്‍ ബില്ലിന്റെ സഹോദരന്‍ ബഡിനെ ആക്രമിക്കാനുള്ള ശ്രമം പക്ഷേ ദുരന്തത്തിലാണെത്തുന്നത്. അവന്റെ അക്രമണത്തില്‍ വെടിയേറ്റു വീഴുന്ന അവളെ അവന്‍ ജീവനോടെ ശവപ്പെട്ടിയില്‍ കുഴിച്ചുമൂടുന്നു. ഇവിടെയാണവളുടെ അയോധന പരിശീലനങ്ങളെക്കുറിച്ച് പറയുന്നത്. ജപ്പാനില്‍ നിന്ന് കുങ് ഫു അടക്കമുള്ള അയോധന കലകളില്‍ കഠിന പരിശീലനം സിദ്ധിച്ചവളാണ് അവള്‍. ആ മികവില്‍ ശവക്കുഴി തകര്‍ത്ത് അവള്‍ പുറത്തുവരുന്നു. വീണ്ടും ബഡിനെ വധിക്കാനായി അവളെത്തുന്നു. പക്ഷേ അപ്പോഴേക്കും ബില്ലിന്റെ സംഘത്തില്‍പെട്ട എല്ല അയാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നിരുന്നു. ബില്ലിനെ കൊല്ലാനായി എത്തുന്ന ബിയാട്രിക്സ് എല്ലയെ കടുത്ത് സംഘട്ടനത്തിലൂടെ കീഴ്പെടുത്തി അവള്‍ ബില്ലിനെത്തേടി പോകുന്നു. തന്റെ മകളുമൊത്ത് താമസിക്കുന്ന ബില്ലിനെ കണ്ടുമുട്ടുന്നു. മകളെ താരാട്ടി ഉറക്കിയശേഷം അവള്‍ ബില്ലിനെ നേരിടുന്നു. ചെറിയ അക്രമണം മാത്രം. എതിരാളിക്കു ഹൃദയാഘാതം വരുത്തി ഇല്ലാതാക്കാനുള്ള മർമ്മവിദ്യ പണ്ട് പഠിച്ചിട്ടുള്ള അവള്‍ അതുപയോഗിച്ച് ബില്ലിനെ കൊല്ലുന്നു. തുടര്‍ന്ന് മകളുമായി പോകുന്നു.

5.
ആക്ഷന്‍ സിനിമയുടെ നിര്‍വചനം ഒരു ഗൗരവകരമായ ക്രിയയെ അത് പിന്തുടരുന്നു എന്നതാണ്. അത് മിക്കപ്പോഴും പ്രതികാര സ്വഭാവമുള്ള ക്രിയയാണുതാനും. കൊലപാതകങ്ങളണതിന്റെ ആഖ്യാനത്തെ നിയന്ത്രിക്കുന്നത്. ഇവിടെ ബില്ലിനെ വകവരുത്താനുള്ള ശ്രമവുമായി ഇറങ്ങിത്തരിക്കുന്ന അവള്‍ ക്രമാനുഗതമായി തന്റെ ശത്രുക്കളെ ഒന്നായി വകവരുത്തുന്നു. ബിയാട്രീസിന്റെ പ്രതികാരമാണ് കഥ. അതിനാല്‍ അവളാണെല്ലാം നിയന്ത്രിക്കുന്നത്. അവളില്ലേല്‍ സിനിമയ്ക്കു ചലനമേയില്ലെന്നും പറയാം. അതിനാല്‍ ഇത്തരം സിനിമകള്‍ സ്ത്രീയെ ആഖ്യാനത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുകയും പരമ്പരാഗതമായ ലിംഗപദവീപരമായ ആഖ്യാന, ചലനക്രമത്തില്‍ നിന്നവളെ മോചിപ്പിക്കുകയും ചെയ്യുന്നു. പുരുഷാധിപത്യം സ്ത്രീക്കു നിശ്ചയിച്ച വേഷങ്ങളോ ശരീരഭാഷകളോ, ഭാവങ്ങളോ, അല്ലവള്‍ക്ക് കെട്ടിയാടാനുള്ളത്. സര്‍വത്ര ചലനവും ക്രിയകളും സംഘട്ടനവുമാണവളെ കാത്തിരിക്കുന്നത്. അവളുടെ ജീവിതം അവളുടെ ചിന്തയിലും ക്രിയയിലുമാണ്. അവളുടെ ബുദ്ധി അവള്‍ക്കു നിരന്തരം ഉപയോഗിക്കേണ്ടിവരുന്നു. ചുരുക്കത്തില്‍ പുരുഷാധിപത്യം സ്ത്രീക്കു വിലക്കിയിരിക്കുന്ന ക്രിയാഭരിതമായ, ചലനാത്മകമായ ജീവിതം അവള്‍ക്ക് ഇത്തരം ഫ്രെയ്മുകളില്‍ ലഭിക്കുന്നു.  പൊതുവില്‍ ഇത്തരം ചിത്രങ്ങള്‍ക്കുനേരെയുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്നായ സ്ത്രീയെ ലൈംഗികതയുടെ ബിംബമായിത്തന്നെ അവതരിപ്പിക്കുന്നു എന്നത് ഇവിടെ കാണുന്നതേയില്ല എന്നുള്ളതാണ്. സങ്കീര്‍ണമായ ശരീരിക- ആയുധ സംഘട്ടനങ്ങള്‍ക്കു നേതൃത്വം നല്കുന്ന കഥാപാത്രത്തെയാണ് ഇവിടെ കാണുന്നത്. കടുത്ത വയലന്ഡസാണ് കില്‍ബില്ലിലെ ഓരോ സീനും. വാളുപോലെയുള്ള ആയുധങ്ങളാണ് ഏറെ ഉപയോഗിക്കുന്നത് എന്നതിനാല്‍ ശരീരം വെട്ടിക്കീറുന്ന, ചോരചിന്തുന്ന പ്രവര്‍ത്തനങ്ങളാണ് ഏറെയും.2184

പുരുഷന്റെ കായിക പ്രകടനം പോലെയാണ് സ്ത്രീയുടെ ശരീരഭാഷയെയും ഇവിടെ വിന്യസിച്ചിരിക്കുന്നത്. കെട്ടിയിടപ്പെട്ട, വശീകരണവും പ്രലോഭനവും ഉപയോഗിക്കേണ്ട ശരീരമല്ല കാഴ്ചയില്‍ നിറയുന്നത്. വിധേയത്വത്തിന്റെയോ സൗമ്യതയുടെയോ ഭാഷ ഇവിടെയില്ല. തകര്‍ക്കപ്പെടുമ്പോഴും പോരടിക്കുന്ന ശരീരമാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന് കോമയില്‍ കിടന്ന് നാലുവര്‍ഷത്തിനുേശേഷം ജീവിതത്തിലേക്കു വരുന്ന വരവുതന്നെ കീഴടക്കപ്പെടാനുള്ളതല്ല ശരീരം എന്നുപറയുകയാണ്.  രണ്ടാംഭാഗത്തില്‍ മൂഡിന്റെ അക്രമണത്തില്‍ പരാജിതയായി ശവപ്പെട്ടിയില്‍ അടക്കം ചെയ്യുമ്പോഴും അതിനകത്തുനിന്ന് പുറത്തുവരുന്ന ബിയാട്രിക്സിന്റെ പോരാട്ടം ഉദാഹരണം. സാധാരണമായി ഇത്തരം രംഗങ്ങള്‍ പരാജയത്തിന്റെ അങ്ങേയറ്റം അഥവാ മരണത്തിന്റെ വക്കിലെത്തി തിരികെവരുന്ന കഥകള്‍ പുരുഷനാണ് സിനിമകള്‍ നല്കുന്നത്. വിശേഷിച്ച് വാണിജ്യസിനിമകള്‍. എതിരാളികളുടെ അക്രമണത്തില്‍ പരിക്കറ്റ് നിലംപരിശായി ഒരു ക്ഷണത്തില്‍ ജീവിതത്തിലേക്ക് നായകന്മാര്‍ തിരിച്ചുവരുന്നതാണ് മിക്കപ്പോഴും താരസിനിമകളുടെ ആവേശകരമായ ഭാഗം. അങ്ങനെ പ്രതികാരം തുടരുക. വില്ലന്മാരെ നശിപ്പിക്കുക. കാഴ്ചയില്‍ ശരീരത്തെ സക്രിയമായി നിലനിര്‍ത്തുകയും നായകപദവിയെ ഉറപ്പിക്കുകയും ചെയ്യുന്നത് ഇത്തരം അതിശയോക്തിപരമായ ദൃശ്യങ്ങളിലൂടെയാണ്. അതേ മാനത്തിലാണ് ഇവിടെയും ബിയാട്രിക്സിന്റെ കഥ പറയുന്നത്. കഥകഴിഞ്ഞു എന്നുതോന്നിപ്പിക്കുന്ന രംഗങ്ങള്‍ക്കുശേഷം അവള്‍ പൊരുതി തിരിച്ചുവരുന്നു. ഇതില്‍ ആദ്യഭാഗത്തിലെ കോമയിലെ തിരിച്ചുവരവില്‍ അവളുടെ പ്രത്യക്ഷമായ പങ്കില്ല. എന്നാല്‍ ശവപ്പെട്ടിയില്‍ അടക്കപ്പെട്ടതിനുേശേഷമുള്ള വരവില്‍ അവളുടെ ഇച്ഛാശക്തിയും പോരാട്ടവുമുണ്ട്. ഇത്തരത്തിലുള്ള പോരാട്ടത്തിനായി വര്‍ഷങ്ങളോളം ശരീര/ആയുധ പരിശീലനം അവള്‍ നേടിയത് സങ്കീര്‍ണമായ ശിക്ഷാക്രമങ്ങളിലൂടെയാണ്. ശരീരമെന്നത് നിര്‍മിച്ചെടുക്കുന്നതാണെന്ന വ്യക്തമായ തിരിച്ചറിവ് സിനിമ കാണിക്കുന്നു.  ദീര്‍ഘനാളത്തെ പരിശീലനത്തിലൂടെ ദുര്‍ബലമായ അവളുടെ ശരീരം കരുത്തിലേക്ക് വളരുന്നു.  അവളുടെ ശരീരഭാഷ സ്ത്രീയെ സാധാരണയായി കാണിക്കുമ്പോഴുള്ള പരിമിതികളിലൂടെയല്ല, അഥവാ അവളുടെ ശരീരം ദുര്‍ബലമാണെന്ന രീതിയിലല്ല ദൃശ്യവല്കരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. മറിച്ച് ഇത്തരം പോരാട്ടങ്ങള്‍ക്കു സജ്ജമാക്കപ്പെട്ട ഒരു ശരീരമാണ് പെണ്‍ശരീരം എന്ന നിലയിലാണ്. ഇത്തരം ദൃശ്യവല്കരണത്തിലൂടെ സ്ത്രീശരീരത്തിന്റെ പുരുഷകാഴ്ചയെയും ശീലത്തെയും മറികടക്കുന്നു സിനിമ എന്നുകാണാം.924

നിലവിലുള്ള ലിംഗബോധം സ്ത്രീശരീരത്തെ അടയാളപ്പെടുത്തുന്നത് പ്രകൃതിയുമായി വല്ലാത്ത സത്താപരമായ ബന്ധം പുലര്‍ത്തുന്ന ഒന്നായിട്ടാണെന്നുള്ളത് സുവിദിതമാണ്. അവളുടെ ബലഹീനതയും വികാരപരതയും പ്രസവം പോലുള്ളവയും ഈ പ്രകൃതിബന്ധമായി വ്യാഖ്യാനിച്ച് അത് ‘പ്രകൃതിദത്തമായവിധി’യാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ പ്രകൃതിദത്തമായി സ്ത്രീയുടെ ഇടമായി നിര്‍വചിച്ച വീടെന്ന ഇടത്തെ ഉടയ്ക്കുകയാണ്  ഇത്തരം ആക്ഷന്‍ സിനിമകള്‍. ആക്ഷനുമായി പുറത്ത് ജീവിക്കുന്ന സ്ത്രീ കഥാപാത്രം ഗാര്‍ഹികതയ്ക്കു പുറത്താണ് ജീവിക്കുന്നത്. വീടെന്ന ഇടം വല്ലപ്പോഴും ദൃശ്യവല്കരിക്കുന്നതേയുള്ളൂ. താനേറ്റെടുത്ത പ്രതികാരത്തിന്റെ പൂര്‍ത്തീകരണത്തിനായി നിരന്തരം പോരടിച്ചുകൊണ്ട് അതിനായി തന്ത്രങ്ങളും പരിശീലനവും നടത്തിക്കൊണ്ട് വീടുവിട്ട് പുറത്ത് ജീവിക്കുകയാണ് സ്ത്രീ. വീടൊരു തോന്നലുപോലുമായി ഇവിടെ കടന്നുവരുന്നില്ലെന്നുള്ളതാണ് വസ്തുത. എന്നല്ല കില്‍ ബില്ലില്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കാണ് പ്രാധാന്യം. റെസ്റ്റോറന്റിലെ സംഘട്ടനം തന്നെ ഉദാഹരണം. നൂറുകണക്കിനാളുകളെയാണ് അവള്‍ അരിഞ്ഞു വീഴ്ത്തുന്നത്. യാത്ര, ആയുധ പരിശീലനം, അന്വേഷണം തുടങ്ങി വീടെന്ന ലോകത്തിന്റെ അപരഇടങ്ങളാണ് സിനിമയിലെ പെണ്ണിടം. സൗമ്യാദി ഗുണങ്ങളും ശുശ്രൂഷാ മനോഭാവങ്ങളുമാണ് വീട്ടില്‍ വേണ്ടതെങ്കില്‍ ഇവിടെ അതിന്റെ വിപരീതങ്ങളാണ്. ക്രൂരത, ദയയില്ലായ്മ, കരുത്തിന്റെ ശരീരഭാഷ, എതിര്‍പ്പ്, പ്രതികാരം തുടങ്ങിയവയാണ് ഇവിടെ പ്രകടമാകുന്നത്. ചോരകണ്ടാല്‍ അറയ്ക്കാത്ത മനോഭാവം. തന്റെ എതിരാളികളെയല്ലാം വകവരുത്തുന്ന അവള്‍ ഒരു പയ്യനെ മാത്രമാണ് കൊല്ലാതെ വിടുന്നതെന്നു കാണാം- റെസ്റ്റോറന്റിലെ സംഘട്ടനരംഗത്തില്‍.  അങ്ങനെ പ്രകൃതിദത്തം എന്നു പറയുന്ന ശീലങ്ങളെ അതിന്റെ ശരീരത്തെ ഇവിടെ മായിച്ചുകളയുന്നു. ശരീരം വിധിയാണ് എന്ന ബോധത്തെ കുടഞ്ഞെറിയുകയും ശരീരം പുതിയരൂപത്തില്‍ ഭാവനചെയ്യുകയും ചെയ്യുന്നു. ചലനാത്മകവും അക്രമോത്സുകവുമായ പെണ്‍ശരീരം വീടിനെയും പുരുഷാധിപത്യ സ്വഭാവത്തെയും പൊളിച്ചെഴുതുന്നു എന്നതാണ് ഇവിടെ കാണുന്നത്. വീടെന്ന നിര്‍മിതി പോലെ ശരീരവും നിര്‍മിച്ചെടുക്കുകയാണെന്ന കാഴ്ചയാണ് ഇത്തരം സിനിമകളുടെ പൊരുള്‍.265

നവോത്ഥാനന്തര യൂറോപ്പിലെ സാമൂഹ്യ പരിവര്‍ത്തന പ്രക്രിയായ ആധുനികതയുടെ വ്യവഹാരങ്ങളിലൊന്നായിരുന്നു പൊതുവിടം – സ്വകാര്യമിടം എന്നവിഭജനവും പെണ്ണിന് അവളുടെ ശരീരത്തിന് ചേരുക സ്വകാര്യമിടമായ വീടാണെന്നുമുള്ള വാദവും. ഇവിടെനിന്നാണ് പ്രകൃതിദത്തതയുടെയും സഹജതയുടെയും ശരീരമാണ് സ്ത്രീയെന്ന പുതിയരൂപത്തിലുള്ള നിര്‍വചനങ്ങള്‍ ഉറയ്ക്കപ്പെട്ടത്. വ്യത്യസ്ത കള്ളികളിലായി ലിംഗപരമായി ആണിനെയും പെണ്ണിനെയും വേര്‍തിരിച്ച് ആണിന്റെ ആധിപത്യത്തെ ഉറപ്പിക്കുന്ന രാഷ്ട്രീയത്തെയാണ് ആക്ഷന്‍ സിനിമകളിലെ സ്ത്രീശരീരം നേരിടുന്നത്. ആണിനെപ്പോലെ സ്വഭാവികമായി സഹജമായി സ്വതന്ത്രമായി പ്രതികാരവും സംഘട്ടനവും നിര്‍വഹിക്കുന്ന ശരീരമാണ് പെണ്ണെന്നു കാണിച്ച് കീഴടങ്ങലിന്റെയും ദൗര്‍ബല്യത്തിന്റെയും സഹജതയെ ഉടച്ചുകളയുന്നു. അതിലൂടെ ആവശ്യപ്പെടുന്ന, ആക്രോശിക്കുന്ന, ആക്രമിക്കുന്ന ‘പെണ്‍നായകനാ’യി അവള്‍ മാറുന്നു.

Comments

comments