ന്നേക്കാൾ രണ്ടു കൊല്ലം മുമ്പ്
മൂന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന കൃഷ്ണൻ
പിന്നെ ഞാനവന്റെ സഹപാഠിയാവുമ്പോഴേക്കും
ഉത്തരക്കടലാസിൽ
പേരു തെറ്റിയെഴുതിയതിനാൽ
‘കപ്പൻ ‘ ആയി

എല്ലാരുമവനെ കപ്പനെന്നു വിളിച്ചപ്പോൾ
ഞാൻ മാത്രം കൃഷ്ണനെന്നു വിളിച്ചു
പ്രത്യേക വാത്സല്യം അവനെന്നോട്
എന്നെ ആരെങ്കിലും തച്ചാൽ
അവനവരെ തിരിച്ചുതല്ലും

കൃഷ്‌ണൻ കൃഷ്ണൻ എന്നെഴുതാൻ
ഞാനവനെ പഠിപ്പിച്ചു
കപ്പൻ, കഷൻ, കഷ്ണൻ, കൃഷൻ എന്നിങ്ങനെ
ആ വാക്കിനു സാദ്ധ്യമായ വഴികളിലൂടെയെല്ലാം
തപ്പിത്തപ്പി നടന്നു
അവസാനം
കൃഷ്ണൻ എന്നെഴുതിയ ദിവസം
അവനെന്നോട് പറഞ്ഞു
“നിന്റെ അച്ഛന്റെ പേര് പപ്പൻ എന്നല്ലേ ..
ശരിക്കും പദ്മനാഭൻ എന്നാണല്ലോ ..
കപ്പനെന്നു വിളിക്കാൻ വിഷമമാണെങ്കിൽ
നീയെന്നെ
കത്മനാഭൻ എന്നു വിളിച്ചോളൂ! ”
വാക്കിൽ പണിഞ്ഞുകൊണ്ടിരുന്ന
വാക്കുകൾ പണികൊടുത്തുകൊണ്ടിരുന്ന
അവനായിരിക്കണം
ഞാനാദ്യം നേരിൽക്കണ്ട കവി.


(ഒരു ലോക കവിതാദിനത്തിൽ എഴുതിയത് )

Comments

comments