സ്വാതന്ത്ര്യം കിട്ടി 68 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ജനാധിപത്യം ഇന്നും ആദിവാസികളും ദലിതരുമായ ഇതര പിന്നോക്ക പാർശ്വവൽകൃത സമൂഹങ്ങളെ രാഷ്ട്രീയ സമൂഹ്യ അധികാരഘടനയ്ക്ക് പുറത്ത് അരികുവൽക്കരിക്കപ്പെട്ടവരായിത്തന്നെയാണു നിലനിർത്തുന്നത്. കേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. ഐക്യ കേരളം രൂപംകൊണ്ട് ആറ് ദശകം പിന്നിടുമ്പോഴും കേരളത്തിലെ ആദിവാസികൾ, ദലിതർ, ദലിത് ക്രൈസ്തവർ, തോട്ടം തൊഴിലാളികൾ, കർഷക തൊഴിലാളികൾ തുടങ്ങി, ജനിച്ച മണ്ണിൽ നിന്നും പുറന്തള്ളപ്പെട്ട് വന്ന് അഭയാർത്ഥികളാക്കപ്പെട്ടവരാണ്.

”നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്ന് ദലിതരെയും ആദിവാസിയേയും വിശ്വസിച്ചുകൊണ്ട് ഭരണത്തിലേറിയ ഇ.എം.എസ്. മന്ത്രിസഭ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമവും കേരള മോഡൽ വികസനവും ഇവിടെ ദലിത്, ആദിവാസികളായ 2,44,124 ഭൂരഹിത കുടുംബങ്ങളെയാണ് പുറമ്പോക്കുകളിലും കോളനികളിലുമായി സൃഷ്ടിച്ചത്. ഇതൊരു ഔദ്യോഗിക കണക്കുമാത്രം. അനൗദ്യോഗികമായി അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾ ഭൂരഹിതരായി ജീവിച്ചു മരിക്കുന്നു.

ആദിവാസി വികസനത്തിനായി കോടികൾ ചിലവഴിക്കുന്നു എന്ന് പരിഷ്‌കൃത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒരു സംസ്ഥാനത്ത് ആ ജനതയുടെ ഭൂരിഭാഗവും ദൂരഹിതരും പട്ടിണികൊണ്ടും പോഷകാഹാര കുറവുകകൊണ്ടും മരിച്ചു വീഴുന്ന ഒരു ജനതയുടെ അവശേഷിപ്പുകളായി  മാറുന്ന വൈരുദ്ധ്യവും നാം കാണുന്നു.

കേരളത്തിലെ ദലിത് ജനസംഖ്യയുടെ 47.5 ശതമാനവും കഴിയുന്നത് 26,193 കോളനികളിലെ 2 സെന്റും 3 സെന്റും വീടുകൾക്കുള്ളിലാണ് എന്നതാണ് വസ്തുത.  ഒരു ജില്ലയുടെ ഒരു ചെറിയ പഞ്ചായത്തിനകത്ത് മാത്രം 38-ഉം, 40-ഉം ദലിത് കോളനികളാണ് ഉള്ളത് എന്നറിയുമ്പോൾ തന്നെ സംസ്ഥാനത്താകമാനം അനൗദ്യോഗികമായി എത്ര ദളിത് കോളനികൾ ഉണ്ടാവും എന്ന് ചിന്തിക്കുക. ഇങ്ങനെ കോളനികൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ ഒരു ജനതയുടെ സാമൂഹ്യവും, സാമ്പത്തികവും, വിഭവപരവുമായ അവകാശത്തെ നിഷേധിക്കുകയും കൂടിയാണ്. കാരണം അവർ പൊതു സമൂഹത്തിൽ അരികുവൽകരിക്കപ്പെട്ട് പ്രത്യേക ഇടത്തിൽ വസിക്കുന്നവരാണ്. അവിടെ അവരുടെ എല്ലാ തരത്തിലുമുള്ള നീതി നിഷേധിക്കപ്പെടുന്നുണ്ട്. കാലാകാലങ്ങളായി അത്തരം നീതിനിഷേധത്തിനെതിരെ മുൻപും കേരളത്തിൽ ഭൂസമരങ്ങൾ ഉണ്ടായിട്ടുണ്ട്. മുത്തങ്ങയും, ആറളവും, ചെങ്ങറയും,  അരിപ്പയും, നിൽപ്പു സമരവും കേവലം കിടപ്പാടത്തിനുവേണ്ടി മാത്രമുള്ളതായിരുന്നില്ല. കൃഷിക്കും ഉപജീവനത്തിനും കൂടിയുള്ള അവകാശ സമരങ്ങളും കൂടെയായിരുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമി  ഒരു പ്രകൃതി വിഭവം മാത്രമല്ല, ഏതർത്ഥത്തിലും അതൊരു രാഷ്ട്രീയം കൂടിയാണ്. രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂമി ശക്തമായ ഒരു വിഭവമായി മാറിയിരുന്നുവെങ്കിലും ഭൂപരിഷ്‌ക്കരണ നിയമം കേരളത്തിലെ ദലിതനും ആദിവാസിക്കും എന്ത് നൽകി എന്ന ചോദ്യത്തിൽ നിന്നാണ് ”ജാതി കോളനികൾ തുടച്ചു നീക്കുക, കേരള മോഡൽ പൊളിച്ചെഴുതുക, വിഭവാധികാരം പാർശ്വവൽകൃതർക്ക്” എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ഭൂഅധികാര സംരക്ഷണ സമിതി മുന്നോട്ട് വരുന്നത്. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സണ്ണി.എം.കപിക്കാട്, ചെയർമാനും കേരളത്തിലെ ദലിത്/ആദിവാസി സമരങ്ങളുടെ തലച്ചോർ എന്ന് വിശേഷിപ്പിക്കുന്ന ശ്രീ ഗീതാനന്ദൻ ജനറൽ കൺവീനറുമായി ആണ് സമിതി പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കിയത്. സമിതിയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ട് ഒട്ടേറെ ദളിത് ആദിവാസി സംഘടനകളും, രാഷ്ട്രീയ സംഘടനകളും കൂട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. അതിന്റെ തുടർച്ചയായാണു 2016 ഒക്‌ടോബർ 14, 15, 16 തിയ്യതികളിൽ തൃശ്ശൂരിൽ ഗുജറാത്തിലെ ഉനാ സമര നായകൻ ശ്രീ ജിഗ്നേഷ് മേവാനി ചലോ തിരുവനന്തപുരം എന്ന അവകാശ പ്രഖ്യാപനം നടത്തുന്നത്. അതിനുശേഷം 2017 ജനുവരി 29-ന് ചെങ്ങറ സമരഭൂമിയിൽ വെച്ച് അയ്യായിരത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ജിഗ്നേഷ് മേവാനി ചലോ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.

അരനൂറ്റാണ്ടിലധികമായി കേരളം ഭരിച്ച മുഖ്യ രാഷ്ട്രീയ മുന്നണികളായ ഇടതു/വലതു സഖ്യങ്ങൾ ഇവിടുത്തെ ദലിതർക്കും ആദിവാസികൾക്കും, സ്ത്രീകൾ, ദലിത് ക്രൈസ്തവർ, മത്സ്യതൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, കർഷകർ, ലൈംഗിക ന്യൂനപക്ഷങ്ങൾ ദുർബല പിന്നോക്ക സമുദായങ്ങൾ തുടങ്ങിയ മഹാഭൂരിപക്ഷത്തിന് എന്ത് നൽകിയെന്നതിന്റെ ഉത്തരം ആണ് ”ചലോ തിരുവനന്തപുരം” എന്ന ഈ രാഷ്ട്രീയ മുന്നേറ്റം കേരളത്തോട് പറയാൻ പോകുന്നത്.

ജനിച്ച മണ്ണിൽ തന്നെ അഭയാർത്ഥികളായി മാറിയ അരികുവൽകൃതന്റെ ജീവിതമാണ് ആ ചരിത്ര സത്യം. ഭൂമി പൊതുസമൂഹത്തിലെ ഒരുവന് ഒരേ സമയം അധികാരബന്ധങ്ങളുടെ ചിഹ്നവും, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മൂലധനമായി മാറുമ്പോൾ, ദലിതനും, ആദിവാസി അവന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുടെ സാമൂഹിക രൂപീകരണത്തിന് തടസ്സമായി ആണ് ഈ മൂന്ന് സെന്റ് കോളനി മാറുന്നത്.  മാത്രമല്ല ഇത്തരം ഭൂമിയിൽ താമസിക്കുന്നവർ പൊതു സമൂഹത്തിൽ അഡ്രസ്സ് ചെയ്യപ്പെടുന്നത് അവൾ/അവൻ ”ജാതിക്കോളനികളുടെ അവകാശികൾ” എന്ന നിലക്കാണ്. ഇങ്ങനെ ദലിത്/ആദിവാസി പാരമ്പര്യ സമൂഹങ്ങളുടെ വിഭവാധികാരം സംരക്ഷിക്കുവാനും, അതു നേടുന്നതിനുമായി ആണ് ചലോ തിരുവനന്തപുരം തുടക്കമിടുന്നത്.

കോളനികൾ നൽകിയതിലൂടെ ഭൂരഹിതരായ ഒരു വിഭാഗം ജനതയുടെ താമസിക്കാനുള്ള ഇടം എന്ന ആവശ്യം പരിഹരിക്കപ്പെടുന്നു എന്ന് ആ ജനതയെ നിരന്തരം വിശ്വസിപ്പിക്കുമ്പോൾ തന്നെയാണ് അവരെ സാമൂഹികമായി പൊതു സമൂഹത്തിന്റെ ജീവിതരീതിയുമായി പൊരുത്തപ്പെടാത്ത പ്രത്യേക ഇടമായി മാറ്റി നിർത്തി കോളനിവാസിയാക്കുന്നത്. മറ്റ് ജാതി വിഭാഗങ്ങൾ മറ്റു സമുദായങ്ങളുമായി ഏകോപിച്ച് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മൂലധനം നേടാനുള്ള സ്വാധീനം അരക്കെട്ടുറപ്പിക്കുമ്പോഴാണ് ഇതേ സാഹചര്യത്തിൽ ഇത്തരത്തിൽ സാമൂഹികമായി യാതൊരു ബന്ധവുമില്ലാതെ ഒരു ജനത  കോളനിവാസികളായ അഭയാർത്ഥികളായി മാറുന്നുവെന്നതാണു ഇവിടുത്തെ വൈരുധ്യം.

പട്ടികജാതി/ പട്ടികവർഗ്ഗ കോളനികൾ ആഗോളവൽകൃത കേരളത്തിന്റെ ‘ഗെറ്റോ’കളായി ആണ് മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഇടതു/വലതു ഭേദമില്ലാതെ നിലനിർത്തുന്നത്. ഭൂമിക്കായി സമരത്തിനിറങ്ങുമ്പോഴക്കെതന്നെയും അധികാരികളുടെ സമീപനം ഭൂമിയില്ല വിതരണം ചെയ്യാനെന്നതാണ്. എന്നാൽ നമ്മൾ മനസിലാക്കേണ്ട കാര്യം വളരെ മഹത്തരമെന്ന് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പരിധിയിൽ കൃഷിഭൂമിയുൾപ്പെടെ 65 ശതമാനവും തോട്ടങ്ങളായും നിലനിർത്തിയെന്നതാണ്. മാത്രമല്ല ട്രസ്റ്റുകളെ ഭൂനിയമപരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നു. അങ്ങിനെ അക്കാലത്ത് ധാരാളം ട്രസ്റ്റുകളാണ് പല പേരിൽ രജിസ്റ്റർ ചെയ്ത് ഏക്കർ കണക്കിന് ഭൂമി കൈവശം വെച്ചത്. ഇങ്ങനെ ഭൂമി കൈവശം വെച്ച് തോട്ടങ്ങളായി നിലനിർത്തിയ ഭൂമികളൊക്കെ തന്നെ പാട്ടക്കാലാവധി കഴിഞ്ഞു നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അധികാരികളുടെ ഒത്താശയോടെ ഹാരിസൺ- ടാറ്റ തുടങ്ങിയവർ കൈക്കലാക്കി. കേരളത്തിന്റെ 57% ശതമാനം റവന്യൂ ഭൂമിയും ഇവരുടെ കൈവശം തന്നെയാണ്. ഏകദേശം 5 ലക്ഷം ഏക്കറോളം വരുമിത്. ഇത് നിയമനിർമാണത്തിലൂടെ ഏറ്റെടുത്ത് സർക്കാർ തലത്തിൽ വിതരണം ചെയ്യുക എന്നതാണ് ചലോ തിരുവനന്തപുരം ഉയർത്തുന്ന പ്രധാനാവശ്യം. ജാതിക്കോളനികൾ തുടച്ചു നീക്കാൻ ദലിത്/ആദിവാസികൾക്ക് കൃഷി ഭൂമി നൽകുക – എയ്ഡഡ് പൊതുമേഖല നിയമനങ്ങൾ പി.എസ്.ക്ക് വിടുക, ആദിവാസി സ്വയം ഭരണ നിയമം സംരക്ഷിക്കുക തുടങ്ങി ഏകദേശം 17-ഓളം ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. അതിൽതന്നെ പ്രധാനമായും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾക്കെതിരായി നിയമങ്ങൾ കർശനമാക്കുക, ട്രാൻസ്‌ജെൻഡർ പരിരക്ഷാ പദ്ധതികൾ നടപ്പാക്കുക തുടങ്ങി സമൂഹത്തിലെ ന്യൂനപക്ഷങ്ങളുടേയും ദുർബല-പിന്നോക്ക വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചലോ തിരുവനന്തപുരം പദയാത്ര ഏപ്രിൽ 29-ന് കാസർഗോഡ് നിന്നും തുടങ്ങുന്നത്. സാമൂഹിക സമത്വത്തിലൂന്നിയ ഒരു നവ ജനാധിപത്യ സമൂഹം നിർമ്മിക്കുന്നതിനും പാർശ്വവൽകൃതരുടെ വിഭവാധികാരത്തിനുമായി ഉയരുന്ന ചലോ തിരുവനന്തപുരത്തിന് വരും കാല ചരിത്രത്തോട്, കേരളത്തോട് പറയാനുള്ളത് വിജയിക്കുന്നവന്റെ ചരിത്രം തന്നെയായിരിക്കും – നിശ്ചയമായും. റാലി കേരളത്തിന്റെ കോളനികളിലൂടേയും, തീരദേശത്തിലൂടേയും, തോട്ടം മേഖലയിലൂടേയും സഞ്ചരിച്ച് മെയ് 31-ന് വമ്പിച്ച റാലിയും പൊതുസമ്മേളനവുമായി സെക്രട്ടറിയേറ്റ് നടയിൽ കേരളത്തെ അഭിസംബോധന ചെയ്യും. അത് കേരളത്തിന്റെ ചരിത്രത്തിലെ ദലിതരുടെ/ആദിവാസികളുടെ പിന്നോക്ക ദുർബല വിഭാഗങ്ങളുടെയും, സ്ത്രീകളുടെയും മുന്നോട്ടുള്ള ഒരു പ്രധാന ചരിത്രം തന്നെയായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.
—–
കവർചിത്രത്തിനു കടപ്പാട്: ചലോ തിരുവനന്തപുരം, ഇ വി അനിൽ

Comments

comments