ചീര കഴിച്ച് ശക്തിമാനായിത്തീരുന്ന ഒരു കാർട്ടൂൺ കഥാപാത്രമുണ്ട്. തന്റെ കൃശഗാത്രിയായ പ്രണയിനിക്കു വേണ്ടി സകലമാന തടിമാടന്മാരേയും ടിന്നിലാക്കിയ ചീര കഴിച്ച് ശക്തി സംഭരിച്ച് പുഷ്പം പോലെ ഇടിച്ചിടുന്ന പൊപ്പേയ് എന്ന നാവികൻ. എന്നാൽ ചീരയേക്കാൾ പോഷകമൂല്യമുള്ള മുരിങ്ങയിലയ്ക്കു വേണ്ടി വിശ്വബാലസാഹിത്യത്തിലോ പിന്നീട് കാർട്ടൂൺ ചാനലുകളിലോ എന്നതു പോകട്ടെ, കുന്നംകുളത്തെ ഏതെങ്കിലും പ്രസ്സിലടിച്ച ലോക്കൽ സാഹിത്യത്തിലോ ബ്ലാക് ആൻഡ് വൈറ്റ് ചിത്രകഥകളിലോ പോലും  ഒരു കഥാപാത്രം സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇരുമ്പുകൈ മായാവി, സി.ഐ.ഡി മൂസ തുടങ്ങിയ ശാസ്ത്രീയബാലസാഹിത്യചിത്രകഥകളുടെ കർത്താവ് ശ്രീ. കണ്ണാടി വിശ്വനാഥൻ കേരളീയനായ ഒരു മുരിങ്ങയിലമായാവിയുടേയോ സി.ഐ.ഡി മുരിങ്ങന്റെയോ സാദ്ധ്യതകൾ കണ്ടറിഞ്ഞില്ല. മരുമക്കത്തായം അവസാനിക്കുകയും അപ്പോളോ മിഷനുകൾക്കു ശേഷം മായികപരിവേഷങ്ങൾ പലതും നഷ്ടമാവുകയും ചെയ്ത ശേഷം പ്രതാപം പോയി വിളറിയ അമ്പിളിയമ്മാമനെ കണ്ട് മാമുണ്ടുവളർന്ന കുഞ്ഞുങ്ങളുടെ പിൽക്കാലതലമുറകളിൽ വലിയൊരു ശതമാനത്തിന് ടെലിവിഷന്റെ വരവോടെ കുഞ്ഞുനാളിൽത്തന്നെ കണ്ണട വെച്ച് കാർട്ടൂൺ ചാനൽ കാണേണ്ടവിധം പോഷകാഹാരക്കുറവ് ബാധിച്ചു എന്നതും ഓർക്കേണ്ടതാണ്. ഈ ലേഖനത്തിന്റെ പരിധിയിൽ വരാത്തതുകൊണ്ട് മലയാളബാലസാഹിത്യവും കുട്ടികളുടെ ഭക്ഷണശീലങ്ങളും എന്ന ഒരു ഗവേഷണവിഷയം തൽക്കാലം എമ്മേ കഴിഞ്ഞവർക്കായി ചെമ്മേ സമർപ്പിക്കുന്നു (ചെറുശ്ശേരിമട്ടിൽ ചെഞ്ചെമ്മേ)

വറുതിയുടെ കർക്കിടകമാസങ്ങളിൽ ഇലകൾ വെച്ചുകഴിക്കുന്ന മലയാളശീലങ്ങൾക്കു വേണ്ടി ആദ്യത്തെ കാറ്റിനു തന്നെ കീഴടങ്ങി കൊമ്പൊടിച്ച് ഇട്ടുകൊടുക്കുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. കരുണാമയമായ ഈ ബലക്കുറവു തന്നെയാണ് മലയാളസാഹിത്യത്തിലെന്ന പോലെ മലയാളചലച്ചിത്രരംഗത്തും മുരിങ്ങക്ക് വിനയായത്. സെല്ലുലോയ്ഡ് പ്രണയം വൃക്ഷകേന്ദ്രീകൃതവൃത്താകാരമായിരുന്ന കാലത്തോ പിന്നീട് എലിപ്റ്റിക്കൽ, പാരബോളിക്ക്, ത്രികോണ, ചതുർഭുജ വകഭേദങ്ങളുൾപ്പെടെ വിശാലമായ ജ്യാമിതീയ ന്യൂ ജനറേഷൻ രൂപവൈവിദ്ധ്യങ്ങളിലേക്ക് വളർന്നുവന്ന കാലത്തോ ഒരു മുരിങ്ങയുടെ സാന്നിദ്ധ്യം ഒരു മലയാളചലച്ചിത്രത്തിലും ശ്രദ്ധിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. ജയഭാരതിയുടേയോ ഷീലയുടേയോ കണ്ണിമകളുടെ പെടപെടപ്പ്തരംഗങ്ങളുടെ കമ്പനാധിക്യമോ ജലജയുടെ കണ്ണീർക്കനത്തിന്റെ അധികഭാരമോ പ്രേംനസീറിന്റെ ഒരു കൊമ്പിൽത്തൂങ്ങിയാടലോ വേണു നാഗവള്ളിയുടെ ഷർട്ടിന്റെ വിഷാദഭരിതമായ ഒരു കോളർച്ചിറകടിയോ ഒന്നും ഒന്നിലധികം ടേക്കിൽ താങ്ങാനുള്ള കെല്പ് നിർഭാഗ്യവശാൽ മുരിങ്ങയുടെ ദുർബലശിഖരങ്ങൾക്ക് ഇല്ലാതെ പോയതുകൊണ്ട് മാത്രമായിരിക്കണം സംവിധായകരെല്ലാം ഗാനരംഗങ്ങളിൽ മലയാളികളുടെ ഈ പ്രിയവൃക്ഷത്തെ പാടേ അവഗണിച്ചത് എന്നു വെക്കാം. പക്ഷേ ഫ്യൂഡൽ ഗൃഹാതുരതകളുടെ വരിക്കാശ്ശേരിമനലൊക്കേഷനുകളിൽ പോലും മമ്മൂട്ടിയുടെയോ മോഹൻലാലിന്റേയോ വല്യേട്ടൻ കഥാപാത്രങ്ങൾ ഒരു മുരിങ്ങക്കൊമ്പ് തൊടിയിൽ നിന്ന് ഒടിച്ചുകൊണ്ടുവന്നിട്ട് “ശ്രീദേവീ… ന്നാൽ ഇന്ന് ഉച്ചക്ക് മുരിങ്ങയിലെൽശേരി ആയ്ക്കോട്ടെ.. അരച്ചുപാരാൻ നാളികേരല്യാന്നാണെങ്കിൽ  കഞ്ഞിവെള്ളമൊഴിച്ച് വെർദേ വെച്ചോളൂ ട്ട്വോ” എന്നൊരു ചെറിയ ഡയലോഗു പോലും പറയാൻ തയ്യാറായില്ല എന്നതിലാണ് മൂവാണ്ടൻ മുതൽ നീലം സേലം എന്നു വേണ്ട എച്ച്.151 വരെയുള്ള  മാവുകളേയും  നെല്ലികളേയും വാകകളേയും ഗുൽമോഹറുകളെയുമൊക്കെ ആഘോഷിച്ച  മലയാളസിനിമ കേവലം ശാരീരികമായ ബലക്കുറവിന്റെ പേരിൽ ഈ വൃക്ഷത്തോടു കാണിച്ച അവഗണന നമുക്ക് മനസ്സിലാവുന്നത്.

മലയാളസിനിമയുടെയും സാഹിത്യത്തിന്റേയും വരേണ്യധാര ഇലയോടും കൊമ്പിനോടും  കാണിച്ച ഈ കീഴാളമനോഭാവം തന്നെയാണ് സ്വാഭാവികമായും മുരിങ്ങക്കായും നേരിട്ടത്. ഇന്ത്യൻ പൗരുഷത്തിന്റെ  ഉത്തേജകൗഷധങ്ങളിലൊന്നെന്ന പരിഗണന പോലും  സബാൾട്ടേൺ ചന്തകളുടെ പാർശ്വവൽകൃത മൂലകളിൽ കാൽക്കിലോ അരക്കിലോ കെട്ടുകളായി വിറ്റഴിക്കപ്പെട്ട മുരിങ്ങക്കായുടെ കീഴാളജീവിതത്തിന് ലഭിക്കുകയുണ്ടായില്ല. പ്രേംനസീറിന്റെ ഡിഷ്യൂം ഡിഷ്യൂം അഭ്യാസങ്ങളിൽ നിന്ന് തികച്ചും പേശീബലത്തിന്റെ പൗരുഷപ്രകടനങ്ങളിലേക്ക് നായകസങ്കല്പത്തെ മാറ്റിമറിച്ച ജയനു വേണ്ടി “ കുറച്ച് മുരിങ്ങാക്കായ് കിട്ടിയിരുന്നെങ്കിൽ.. സൂപ്പാക്കി കുടിക്കാമായിരുന്നൂ…” എന്നോ മറ്റോ ഒരു ഡയലോഗുണ്ടായിരുന്നെങ്കിലോ അരക്കിലോ മുരിങ്ങക്കായുടെ കെട്ടും കയ്യിലേന്തി അദ്ദേഹം കുതിരയോടിച്ചുവരുന്ന ഒരു രംഗമുണ്ടായിരുന്നെങ്കിലോ ശരപഞ്ജരത്തിന്റെ കഥക്ക് കൈവരുമായിരുന്ന  അധികമാനങ്ങൾ ഒന്ന് ഓർത്തുനോക്കൂ..! എത്ര തവണ കുതിരയെ കുളിപ്പിച്ചാലും കിട്ടാത്ത ഒരു ഷീലാത്മകത ആ ചലച്ചിത്രത്തിന് കൈവരുമായിരുന്നു. ഒട്ടും മാപ്പർഹിക്കാത്ത ഈ അശ്രദ്ധയേയും അവഗണനയേയും ഓർക്കുമ്പോഴാണ് മുരിങ്ങക്കായ്ക്ക്  മൂല്യവർദ്ധകമായ ഒരു ഇടപെടൽ പിന്നീട് തമിഴ് നാട്ടിൽ നിന്ന് ഉണ്ടാവേണ്ടി വന്നു എന്നത് ശ്രദ്ധേയമാവുന്നത്. ആ ഇടപെടലാവട്ടെ കേരളത്തിന്റെ ഭക്ഷ്യസംസ്കാരത്തിന്റെ കമ്പോളസമവാക്യങ്ങളെ പാടേ മാറ്റിമറിക്കുന്ന ചരിത്രമായിത്തീരുകയും ചെയ്തു.

ശരപഞ്ജരം പുറത്തിറങ്ങി നാലു വർഷങ്ങൾക്കു ശേഷം 1983 ലാണ് ജയന്റെ നാലിലൊന്നു പോലും ശാരീരികശേഷിയില്ലാത്തവനും ഒരു പക്ഷെ ബാല്യകാലത്തെ പോഷകാഹാരക്കുറവു മൂലം കണ്ണട വെക്കേണ്ടിവന്നവനുമായ കെ.ഭാഗ്യരാജ് എന്ന തമിഴൻ “മുന്താണൈ മുടിച്ച്” എന്ന ഒരു പടം മലയാളിയായ കുമാരി ഉർവ്വശിയെ നായികയാക്കി സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്ത് സ്വയം നായകനായി അഭിനയിച്ച് പുറത്തിറക്കുന്നത്.  ശരാശരി അര മീറ്ററോളം നീളം വരുന്ന മുരിങ്ങക്കായകൾ അനേകം റീലുകളുടെ ദൈർഘ്യമുള്ള പ്രസ്തുത ചലച്ചിത്രത്തിന്റെ അന്തർധാരയായി വർത്തിച്ചുകൊണ്ട് കഥയുടെ ബലം വർദ്ധിപ്പിച്ചപ്പോഴാണ്  “കണ്ണ് തൊറക്കണം സാമീ…” എന്ന ഗാനത്തിന്റെ ധ്വനിസാന്ദ്രമായ അഫ്രോഡീസിയാക് അർത്ഥതലങ്ങളിലേക്ക് മലയാളിയുടെ കണ്ണ് തുറന്നത്. തുടർന്ന് തമിഴ് തുറസ്സുകളുള്ള പാലക്കാട് ജില്ലയടക്കം കേരളത്തിലുടനീളം മുരിങ്ങക്കായ് ഉപഭോഗത്തിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് ആഭ്യന്തര ഉദ്പാദനത്തിന്റെ തോത് വെച്ച് മറികടക്കാനായില്ല. ചലച്ചിത്രരംഗത്തുപോലും തമിഴിൽ നിന്ന് ഇറക്കുമതി ആവശ്യമില്ലാതിരുന്ന അക്കാലത്ത് ടൺ കണക്കിന് മുരിങ്ങക്കായ്കൾ പാണ്ടിലോറികളിൽ കേരളത്തിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ഉരുളക്കിഴങ്ങും സവാളയുമൊഴിച്ചുള്ള കേരളത്തിലെ പച്ചക്കറിമാർക്കറ്റിന്റെ അനന്തസാദ്ധ്യതകൾ ശരിയായ രീതിയിൽ സംസ്ഥാനത്തിനു പുറത്തേക്ക് വിശാലമായി തുറന്നിടപ്പെട്ടത് ഇതോടുകൂടി ആവണം.d

എന്തായാലും, പ്രധാനമായും വാളയാർ ചുരത്തിന്റെ 30 കിലോമീറ്റർ വീതിയിൽ, വാളയാർ, വേലന്താവളം, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെല്ലാം മലയാളത്താന്മാർക്ക് വേണ്ടിയുള്ള പച്ചക്കറിലോറികൾ ഇത്രയുമധികം വരിനിൽക്കുന്ന ഒരു കാലത്തിന്റെ ആരംഭം അങ്ങനെയായിരുന്നു. മുന്താണൈ മുടിച്ച് ഇറങ്ങുന്നതിനും രണ്ട് വർഷം മുമ്പ് പുറത്തിറങ്ങിയ അന്ത ഏഴു നാൾകൾ എന്ന ഭാഗ്യരാജ് സിനിമയിലെ അദ്ദേഹത്തിന്റെ നായകകഥാപാത്രം പാലക്കാട് മാധവൻ ആയത് യാദൃച്ഛികമല്ലെന്നും, പാലക്കാട് തുറസ്സിന്റെ വ്യാപാരസാദ്ധ്യതകൾ തുറന്നിടുന്നതിനായി തമിഴ് നാട് പച്ചക്കറിലോബി കോടമ്പാക്കം സ്വാധീനം വഴി കെ.ഭാഗ്യരാജിലൂടെ നടത്തിയ ആസൂത്രിതമായ ഒരു മുൻകൂർ നീക്കമാണെന്നും ഒരു വാദമുണ്ട്. പ്രസ്തുത സിനിമയിൽ ബോധപൂർവം തന്നെ അദ്ദേഹം നായികയാക്കിയതാകട്ടെ മലയാളിയും മഹിളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സജീവമായ പശ്ചാത്തലമുള്ള ശ്രീമതി കല്ലറ സരസമ്മയുടെ മകളുമായ കുമാരി അംബികയെയാണ്.  പിന്നീട് മറ്റൊരു മലയാളിയെക്കൊണ്ടു തന്നെയാണ് ( നടൻ ചവറ വി.പി.നായരുടെ മകളായ കുമാരി ഉർവശി) മുന്താണൈ മുടിച്ചിലെ മുരിങ്ങക്കായ് മുഴുവൻ മുറിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.  യഥാർത്ഥത്തിൽ പാലക്കാടൻ ചുരത്തിലൂടെയുള്ള നിശബ്ദമായ ഒരു നവപച്ചക്കറിക്കൊളോണിയൽ അധിനിവേശമാണ് കെ.ഭാഗ്യരാജിലൂടെ തമിഴ് നാട് സാധിച്ചെടുത്തത് എന്നു വേണം കരുതാൻ. ഈ പച്ചക്കറികളെല്ലാം മലയാളത്താന്മാർക്കു വേണ്ടി നട്ടുവളർത്താനെന്ന വ്യാജേന, പെയ്തുകൊണ്ടിരിക്കുന്ന കാലവർഷത്തിന്റെ ടി.എം.സി അടക്കം കേരളത്തിലെ ഡാമുകളും ചോർത്തിയെടുക്കുക എന്ന അടവും പൂർവാധികം ഭംഗിയായി മാറിമാറിവന്ന തമിഴ് നാട് സർക്കാരുകൾ നടപ്പിലാക്കിക്കൊണ്ടിരുന്നു. ആളിയാർ ഡാം ചോർത്തിക്കൊണ്ടുപോവുന്നത്ര വിദഗ്ധമായിട്ടാണ്  അക്കാലത്തെ മലയാളിയൗവനത്തിന്റെ പ്രണയോർജസ്രോതസ്സായിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായികയെത്തന്നെ മേൽപ്പറഞ്ഞ ഭാഗ്യരാജ് കല്യാണം കഴിച്ച് തമിഴ് നാട്ടിലേക്ക് കടത്തിയതും എന്നോർക്കുക.

മുല്ലപ്പെരിയാർ ഡാമിന്റെയൊക്കെ കാര്യത്തിൽ സംഭവിച്ചിട്ടുള്ള അശ്രദ്ധ മുരിങ്ങക്കായുടെ മാത്രമല്ല മുരിങ്ങ എന്ന വൃക്ഷത്തിന്റെ കാര്യത്തിൽ തന്നെa സംഭവിച്ചിട്ടുണ്ട് എന്നു വേണം ചുരുക്കത്തിൽ വിലയിരുത്താൻ. ആഗോളതലത്തിൽ തന്നെ പോഷകവർദ്ധനവിനായി നൽകുന്ന മുരിങ്ങയിലയും ഉദ്ദീപനൗഷധമായ മുരിങ്ങക്കായും ഒരുപോലെ എരിശ്ശേരി വെച്ചു കഴിക്കുന്നവരാണ് മലയാളികൾ എന്ന ഒരു പ്രത്യേകത ഉണ്ട്. ഒരു പിടി പരിപ്പും ഒരു നുള്ളു ജീരകവും എരുവിനനുസരിച്ച് പച്ചമുളകും ചേർത്തരച്ച ഒരു മുറിത്തേങ്ങയുമുണ്ടെങ്കിൽ ഒരു അണുകുടുംബത്തിനാവശ്യമായ ഇലയോ കായോ എരിശ്ശേരി ഉദ്പാദിപ്പിക്കാം. ചെറിയ ഉള്ളി അരിഞ്ഞതോ ചിരകിയ നാളികേരമോ യുക്തം പോലെ വഴറ്റിമൂപ്പിച്ച് മുരിങ്ങോൽപ്പന്ന എരിശ്ശേരികളിൽ വറുത്തിടാവുന്നതാണ്. മറ്റു വിഭവവൈവിദ്ധ്യങ്ങളുണ്ടെങ്കിലും ഒരു വൃക്ഷത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളാൽ ഏതാണ്ടൊരേ മട്ടിൽ നിർമ്മിക്കുന്ന രണ്ട് വിഭവങ്ങൾ എന്ന ഉദാഹരണമായിട്ടാണ് എരിശ്ശേരി (അഥവാ എൽശേരി) യുടെ കാര്യം പ്രത്യേകം പരാമർശിച്ചത്.

മലയാളിയുടെ പൊതുബോധത്തിൽ മുരിങ്ങയെ ഉയർത്തിക്കൊണ്ടുവരേണ്ടത് സത്യത്തിൽ മറ്റൊരു വിധത്തിലാണ്. ദ്വിലിംഗപുഷ്പങ്ങളുള്ള മുരിങ്ങയുടെ അർദ്ധനാരീശ്വരത്വം സ്ത്രീപുരുഷ അനുപാതത്തിൽ തുല്യത പാലിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം അത്യന്തം പുരോഗമനപരമായ രീതിയിൽ വ്യാഖ്യാനിച്ചെടുക്കേണ്ടതാണ്. തികച്ചുംb സ്ത്രൈണമായ വിരലനക്കങ്ങളുടെ ശ്രദ്ധയാൽ ഊരിയെടുക്കേണ്ട മുരിങ്ങയിലകളും പരുക്കനായ ഒരു പുരുഷസമ്പ്രദായത്തിൽ തോൽ ചീന്തിയെടുത്ത്  കഷ്ണം മുറിക്കേണ്ട മുരിങ്ങക്കായും എരിശ്ശേരിയായിത്തീരുന്നു എന്ന വസ്തുത പകർന്നു നൽകുന്ന പാഠങ്ങൾ പലതാണ്. എരിശ്ശേരി പോലുള്ള ഒരു കുടുംബവ്യവസ്ഥയിൽ സ്ത്രീപുരുഷ അംശങ്ങൾ പാരസ്പര്യത്തോടെ അലിഞ്ഞു ചേരേണ്ടതെങ്ങിനെ എന്നുള്ളതിന് ഇതിലും മികവാർന്ന ഒരു ദൃഷ്ടാന്തം മലയാളപാചകത്തിൽ ഇല്ലെന്നു പറയാം. മാത്രമല്ല ഈ എരിശ്ശേരികളുടെ നിർമ്മാണപ്രക്രിയയിൽ കുടുംബസമേതം പങ്കാളികളാവുന്നതിലൂടെ ആരോഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങളുടെ ആദ്യപാഠങ്ങളാണ് കുട്ടികൾക്ക് പകർന്നു നൽകാനാവുക. മുരിങ്ങയിലയൂരുന്നതിലെ സൂക്ഷ്മവൈദഗ്ദ്ധ്യത്തിൽ പരിശീലനം നേടുന്ന ആൺകുട്ടിയും മുരിങ്ങക്കായ് തോൽ ചീന്തി കഷ്ണം മുറിച്ചിടുന്നതിലെ പരുക്കൻ ജാഗ്രത മനസ്സിലാക്കുന്ന പെൺകുട്ടിയും കൈവരിക്കുന്ന ലിംഗപരമായ പരസ്പരധാരണയുണ്ട്. തിരിച്ച് കമ്പു പെടാതെയുള്ള ഇലയൂരലും തോലു ചീന്തലിന്റെ  കനപരിധിയും ഒരു ഇന്ദ്രിയബോധമായിത്തീരുന്നതിലൂടെ കൈവരിക്കുന്ന തിരിച്ചറിവുകളുമുണ്ട്. പെർവർഷന്മാരെന്ന് പേരുകേൾപ്പിച്ച കേരളത്തിലെ പുരുഷവർഗത്തിന് ഈ മുരിങ്ങയില – കായ എരിശ്ശേരിവെപ്പ് കൗൺസിലിങ്ങ് വളരെ ഫലപ്രദമാകേണ്ടതാണ്. കുട്ടിക്കാലം മുതൽ മുരിങ്ങാക്കായ് കഷ്ണം മുറിയും മുരിങ്ങയില നുള്ളലും കണ്ട് ശീലിക്കുന്നതിന്റെ ഫ്രോയ്ഡിയൻ മാനങ്ങൾ, അസമയത്തും അസ്ഥാനത്തും എന്ന് മാത്രമല്ല സാമൂഹ്യമര്യാദകൾക്ക് നിരക്കാത്ത ഏതൊരു വിധത്തിലും ഉണ്ടാകാവുന്ന മുരിങ്ങാക്കായ് ഉദ്ദീപനങ്ങളെ നിർവീര്യമാക്കാൻ മാത്രം അബോധത്തിൽ വേരുറക്കുന്ന അർത്ഥങ്ങളുള്ളതാണ്.

അനുബന്ധകഥ:

പോസ്റ്റ് മുന്താണൈ മുടിച്ച് കാലഘട്ടത്തിലെ ഒരു പാലക്കാടൻ സായാഹ്നം. താടിവെച്ച ഒരു മുതിർന്ന വിപ്ലവജീവബിന്ദുവേട്ട പാർട്ടിയാപ്പീസിന്റെ അരമതിലിൽ ഇരുന്നുകൊണ്ട് കുറച്ച് കുഞ്ഞിത്താടി ജീവബിന്ദുക്കളോട് പറയുന്നു:

“ഇനി കുറേ കഥാപാത്രങ്ങൾ ആപ്പീസു വിട്ട് ഈ വഴി നടന്നുവരും. പല പ്രായക്കാർ, പല തരക്കാർ.. എല്ലാവരുടെ കയ്യിലും പക്ഷെ സഞ്ചിയുണ്ടാവും. പച്ചക്കറികളാണെന്നത് മറച്ചുപിടിക്കാൻ ചിലരൊക്കെ ആവതും ശ്രമിക്കും. പക്ഷേ  അവരെയെല്ലാം വിഷമിപ്പിച്ചുകൊണ്ട് മുരിങ്ങക്കായ്കൾ സഞ്ചിയിൽ കുത്തനെ നിൽപ്പുണ്ടായിരിക്കും”

ജീവബിന്ദുവേട്ട പ്രവചിച്ച പോലെത്തന്നെ അഞ്ചര അഞ്ചേമുക്കാൽ നേരങ്ങളിൽ പലവിധ കഥാപാത്രങ്ങൾ എൻ.എസ്.പെരുങ്കായത്തിന്റെ മഞ്ഞസ്സഞ്ചികളും സഹകരണബാങ്കുകളുടെ ബിഗ് ഷോപ്പറുകളും ഒക്കെത്തൂക്കി നടന്നുവരുന്നു. മിക്കതിലും മുരിങ്ങക്കായ്കൾ എഴുന്നുനിൽക്കുന്നു.

കുറച്ച് വർഷങ്ങൾ കഴിഞ്ഞു. അതേ കുഞ്ഞിത്താടികൾ അതേ അരമതിലിൽ ഇരിക്കുന്നു. ആറു മണി നേരത്ത് വിപ്ലവജീവബിന്ദുവേട്ട ഒരു സഹകരണബാങ്ക് ബിഗ് ഷോപ്പറിൽ പച്ചക്കാറിയുമായി അതേ വഴി നടന്നുവരുന്നു. മുരിങ്ങക്കായ്കൾ എഴുന്നുനിൽക്കുന്നു.

അർത്ഥഗർഭമായ കുഞ്ഞിത്താടിനോട്ടങ്ങൾക്ക് താടി ഉഴിഞ്ഞുകൊണ്ട് വിഷാദമഗ്നനെങ്കിലും ഏട്ട അക്ഷോഭ്യനായി ഒരു ഉദ്ധരണി വായുവിലേക്ക് വീശുന്നു :

“ചരിത്രം വിസ്മരിക്കുന്നവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു”

ചരിത്രം ഇങ്ങനെ വറുത്തരച്ച് വിളമ്പുന്നതും മറ്റൊന്നുകൊണ്ടുമല്ല എന്ന് മാന്യവായനക്കാർ മനസ്സിലാക്കുമല്ലോ.

Comments

comments