[button color=”” size=”” type=”square” target=”” link=””]അദ്ധ്യായം -ഏഴ് : Eternal Sunshine of the Spotless Mind[/button]

Eternal Sunshine of the Spotless Mind എന്ന സിനിമ കാണുകയാണ്!…

നീയെന്നെ മായ്ച്ചു കളഞ്ഞാൽ, ഞാൻ നിന്നേയും മായ്ച്ചു കളയും. എന്നാൽ, ഒരിക്കലും ഒന്നും മായ്ച്ചു കളയുന്നില്ല. നമ്മളിപ്പോഴും പ്രണയത്തിലാണ്. നിന്നോടൊപ്പം ഒരിക്കലെങ്കിലും ഒന്നിച്ചു കാണണ മെന്ന് കൊതിക്കുന്ന സിനിമ. നട്ടപ്പാതിരയ്ക്ക് ഒറ്റയ്ക്കിരുന്ന് ഈ സിനിമ കണ്ടാൽ എന്നെപ്പോലെ ദേ, ഇങ്ങനെ കിളിഞ്ഞുകുത്തിയിരിക്കും! തലക്കെന്തോ പറ്റി, കിളി ഔട്ട് കംപ്ലീറ്റ്‌ലി. എഥലിനെ വർഷങ്ങൾക്ക് ശേഷം നീലിയുടെ ക്യാമ്പസിൽ വെച്ച് കണ്ടപ്പോൾ Eternal Sunshine of the Spotless Mind-ലെ ജോയൽ എന്ന ജിം കാരി കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലായിരുന്നു ഞാൻ അകപ്പെട്ടുപോയത്. അങ്ങനെയല്ല, ആ സിനിമ കാണുമ്പോൾ ഞാനതിലെ ജോയലായി മാറിയ സങ്കീർണ്ണത. ഈയൊരു സങ്കീർണ്ണതയായിരുന്നു എഥലുമായി വീണ്ടും കണ്ടുമുട്ടുമ്പോൾ എന്നിലുടനീളം പ്രകടമായത്. ശരിക്കും ഒരു സിനിമയ്ക്കകത്ത് പെട്ടപോലെ അനുഭവപ്പെടുകയായിരുന്നു..

എറണാകുളത്ത് വെച്ച് നിവിൻ ഈ സിനിമ കാണിച്ചു തന്നത് മുതൽ, ഞാൻ വീണ്ടും എഥലിനെ ഓർത്തു തുടങ്ങുകയായിരുന്നു. ഓർത്തു തുടങ്ങാൻ, അതിന് എന്നാണ് മറന്നത്! Eternal Sunshine of the Spotless Mind-നെ മലയാളീകരിച്ച് എന്റെ കുത്തിക്കഴപ്പും സമംചേർത്തൊരു തിരക്കഥയുണ്ടാക്കാൻ നിവിന്റെ കൂടെക്കൂടിയപ്പോൾ മുതൽ വീണ്ടും എഥലെന്ന ഒഴിയാബാധ കഥാപാത്രമായും പ്രണയിനിയായും എന്റെ ബോധത്തെ അലോസരപ്പെടുത്തിയിരുന്നു. ഈയൊരു എടങ്ങേറ് പിടിച്ച സാഹചര്യത്തിലാണ് ഞാൻ നീലിയുമായി പ്രണയത്തിലായതും! ഇതുകൊണ്ടൊക്കെയായിരിക്കും, പെട്ടെന്ന്…കണ്ടപ്പോൾ ശരിക്കും ഞാൻ എഥലിന്റെ കണ്ണുകളെ അനുസരിച്ചു പോകുകയായിരുന്നു. സ്‌കൂട്ടിയുടെ പിറകെ കയറി. തുടർന്ന്, അവളുടെ  ഫ്‌ളാറ്റിലേക്ക് ഒരു യാത്ര. എന്നെ പ്രതീക്ഷിച്ച് ക്യാമ്പസിൽ കാത്തുനിൽക്കുന്ന നീലി. ഇതെല്ലാം വളരെ സിനിമാറ്റിക്കാണ്., കാര്യങ്ങളെ ഇത്രമേൽ നൈസർഗികമായി നിയന്ത്രിക്കുന്നൊരു സംവിധായകൻ എന്നെ പിൻതുടരുന്നതായി അനുഭവപ്പെടുന്നു. ചങ്കൊന്ന് പിടഞ്ഞു, കഴിച്ചു കൊണ്ടിരിക്കുന്ന വറ്റ് തൊണ്ടയിൽ കുടുങ്ങി. ശ്വാസം കിട്ടാതെ ഒന്നാഞ്ഞ് ചുമച്ചതോടെ ജീവിക്കാനുള്ള ആസക്തി മനസ്സിലേക്ക് അലയടിച്ചെത്തുന്നു. ആത്മഹത്യാശ്രമം നടത്തിയ നിമിഷത്തോടിപ്പോൾ അങ്ങേയറ്റത്തെ വെറുപ്പ് തോന്നുന്നു. എടുത്ത് നീട്ടിയ വെള്ളം കുടിച്ച ശേഷം നിറകണ്ണുകളോടെ ഉമ്മയെ നോക്കി. അവരുടെ കണ്ണുകൾ ഇത്രമേൽ വ്യസനിച്ചു കാണുന്നത്  ഇതാദ്യമാണ്. മുഖംതാഴ്ത്തി, ഞാൻ കരഞ്ഞുകൊണ്ടിരുന്നു. അവരെന്നെ ചേർത്തുപിടിച്ച്  നെറുകയിൽ തടവി. പടച്ചോനേ, നീയാണ്… നീ, തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഡയറക്ടർ! വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ പോലെ നീ നിന്റെ ഖജനാവിലെ അനന്തമായ സമയം കൊണ്ട് കഥ മെനയുകയാണ്!…Eternal 281

എനിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്,

പക്ഷേ, അവയെല്ലാം കഥയെന്ന രണ്ടക്ഷരത്തിൽ തീരുന്നു…..

ബഷീറിനേയും കെ.ജി.ജോർജ്ജിനേയും പോലെ നല്ല കഥപറച്ചിലുകാരനാണ് നീയെങ്കിൽ പടച്ചോനേ, അന്നെ എനിക്ക് പെരുത്ത് ഇഷ്ടാ! എന്തിനാ നായിന്റെമോനേ…പടച്ചോനേ, നീയെന്നെയിങ്ങനെ കരയിപ്പിക്കുന്നത്! ഉമ്മാന്റെ സാരിത്തലപ്പു കൊണ്ട് ഞാൻ കണ്ണുകൾ തുടച്ചു. എന്നെ കസേരയിൽ നിന്നും എഴുന്നേൽപ്പിച്ച് കയ്യും മുഖവുമൊക്കെ കഴുകിത്തുടച്ച് ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി. പാടാൻ മറന്നുപോയൊരു താരാട്ടോർത്തെടുത്ത് പാടിയുറക്കാൻ വെമ്പുന്ന ഉമ്മയെ നോക്കിക്കിടന്നു. ഉറക്കത്തിലേക്കുള്ള വഴിയന്വേഷിച്ചു കൊണ്ട് വെറുതെ  പാട്ടുകേട്ടുകിടക്കുന്നതിന്റെ ഒന്നുമില്ലായ്മയിലേക്കെത്തുന്നു. ഒന്നുമില്ലായ്മ നല്ല വാക്കാണ്. എനിക്കത് ഫീൽ ചെയ്യാൻ കഴിയുന്നുണ്ട്! വല്ലപ്പോഴും മാത്രം സിനിമ കാണുന്ന ഉമ്മയൊരിക്കൽ തനിയാവർത്തനം കണ്ട് കരഞ്ഞതായി ഞാനോർക്കുന്നു.

എഥലിപ്പോഴും വടക്കേക്കാട് കോളേജിൽ തന്നെയാകുമോ ജോലി ചെയ്യുന്നത്. അവളെയൊന്ന് കാണണം. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല! വെറുതെയൊന്ന് കാണാൻ തോന്നുന്നു.

‘നീലിയാണോ പുതിയ കാമുകി?’

‘ഉം’

‘എന്നിൽ നിന്നും നിന്നിലേക്ക് എത്ര ദൂരമുണ്ട് ?’

എന്നിൽ നിന്നും നിന്നിലേക്ക് എത്ര ദൂരമുണ്ട് ? ഊളച്ചോദ്യമൊന്നുമല്ല. ഉടൻ, മറുപടി പറയണം! എഥലിൽ നിന്നും നീലിയിലേക്ക് എത്ര ദൂരമുണ്ടെന്ന ധ്വനിയുണ്ട് ചോദ്യത്തിൽ. സിഗരറ്റിന്റെ സിൽവർ പേപ്പറിൽ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളുമിട്ട് തലതിരിച്ചെഴുതിയ ചോദ്യമെന്തായാലും ചങ്കിൽ കൊള്ളുന്നുണ്ട്. എഥലിന്റെ പിൻകഴുത്തിലേക്ക് മുഖമമർത്തി, അരമണിക്കൂറെന്ന് ഉത്തരം നൽകി. അവളെഴുതിക്കൊണ്ടിരിക്കുന്ന സിഗരറ്റ് പേപ്പർ എനിക്ക്‌ നേരെ നീട്ടി. ഗൗരവപൂർവ്വം ഞാനത് വാങ്ങി, ഉള്ളിലൂറുന്ന ചിരിയൊതുക്കാൻ പാടുപെട്ടാണ് വായിച്ചു തീർത്തത്. ഒറ്റനോക്കിലെ വായനയ്ക്ക് ശേഷം ഞാനവനളെ നോക്കി, കണ്ണുകളിൽ സായാഹ്നവെയിൽ കുത്തിമുറിവേൽപ്പിക്കുന്ന പോലെ തോന്നി. ഇടംകണ്ണിന് മുറിവേറ്റോ? രണ്ടുപേരുടെ കണ്ണിലും പരിഭവം പ്രണയം നിറച്ചു. വിസ്‌കിയുടെ നിറഭേദങ്ങൾക്കിടയിലൂടെ….അങ്ങ്, ദൂരെ അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനെ നോക്കി  മദ്യപിച്ചുകൊണ്ടിരിക്കുന്ന എഥലും അഷറഫും! ഈ സീനിലൂടെയാണ് ഞങ്ങളുടെ ബന്ധത്തിന്റെ തീവ്രത പ്രേക്ഷകർക്ക് ലഭിക്കേണ്ടത്.eternal 3

ഞാനും എഥലും ഫ്‌ളാറ്റിലെത്തുന്നു. ഫ്‌ളാറ്റിലെത്തുന്നതിനിടയിൽ ഞങ്ങൾ കുറേ കാര്യങ്ങൾ, വിശേഷങ്ങൾ പറഞ്ഞു തീർത്തിട്ടുണ്ട്. അതൊന്നും പ്രേക്ഷകർ അറിയേണ്ടാ! ഗ്രാസടിച്ചുകൊണ്ടും മദ്യപിച്ചു കൊണ്ടും ഞങ്ങളങ്ങനെ സിനിമാറ്റിക് വിദൂരതയിലേക്ക് നോക്കി നിൽക്കുകയാണ്. അവിടെ വെച്ച് എഥൽ സംസാരിക്കുന്നത് മുഴുവൻ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടാണ്….അവളുടെ ഇഷ്ടങ്ങളെ  പരിഗണിക്കാത്തതിന്, വിമർശിച്ച് നാണംകെടുത്തിയതിന്, കള്ളിയെന്ന അപകർഷതയിലേക്ക് തള്ളിയിട്ടതിന്, ഇങ്ങനെ നൂറുകൂട്ടം പരിഭവങ്ങൾ  അവൾക്ക്  പറഞ്ഞുതീർക്കാനുണ്ടായിരുന്നു…..,എനിയ്ക്ക്  കേട്ട് തീർക്കാനും.

ഒന്നിച്ച് കഥകളെഴുതാൻ കൊതിച്ച കാലം, ഫെയ്‌സ്ബുക്ക്, ഉടക്കുകളും തെറ്റിദ്ധാരണകളും, മറ്റു പ്രണയങ്ങൾ,  മാടായിപ്പാറയിലെ സാഹിത്യക്യാമ്പ്, ഒരു തീവണ്ടിയാത്ര, രണ്ട് പുസ്തകങ്ങൾ, കോളേജ് മാഗസിൻ, അറിയാതെ പോയ പ്രണയകാലം,  ഇങ്ങനെ നൂറുനൂറ് കുഞ്ഞുവിശേഷങ്ങൾ ഞങ്ങൾക്കിടയിലുണ്ടെന്ന് ഈയൊരൊറ്റ സീനിലൂടെ എങ്ങനെ ബോധ്യപ്പെടുത്തും? എങ്ങനെ ബോധ്യപ്പെടുത്തിയാലും വേണ്ടില്ല! അഷറഫും എഥലും കാമുകീ-കാമുകന്മാരായിരുന്നെന്നും പ്രഫഷണൽ ഈഗോയും വാശിയുമാണ് അവരെ അകറ്റിയതെന്നും പ്രേക്ഷകന് മിനിമം മനസ്സിലാകണം. പണ്ടൊരിക്കൽ ചെയ്‌തൊരു തെറ്റ് അവളുടെ ജീവിത്തിലെനിക്കൊരു വില്ലൻ ഇമേജുകൂടി നൽകുന്നുണ്ടെന്നും പ്രേക്ഷകന് ബോധ്യമാവണം! ഒരു ഡീറ്റെയിൽ സ്വീക്വൻസിലൂടെ ചിലപ്പൊ നമുക്കിത് എക്‌സിക്യൂട്ട് ചെയ്യാൻ പറ്റും. പക്ഷേ, ബജറ്റ് താങ്ങില്ല. അതുകൊണ്ട് ഞാനീ സ്‌ക്രിപ്റ്റ് രാജീവ് രവിയ്ക്ക് വേണ്ടി എഴുതാമ്പോവാ!…

‘അതിന് നിനക്ക് രാജീവ് രവിയെ അറിയോ?’ ‘ഇല്ല!’

‘പിന്നെയെങ്ങനെയാ നീ, അയാൾക്കുവേണ്ടി എഴുതുന്നേ?  ഗ്രാസുംപൊറത്ത് നടക്കാത്ത സ്വപ്നം കാണല്ലേ…മൈരേ!’

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നല്ലേ?’

അത് കേട്ടപ്പൊ ആൽബിൻ നിലാവ്‌ പോലെ ചിരിച്ചു. ആ മൈരൻ അങ്ങനെയാ ചിരിച്ചോണ്ട് മനുഷ്യന്മാരുടെ ഖൽബില് കേറിക്കൂടും! മുസമ്മിൽഹാജീടെ വാടകക്കെട്ടിടത്തിൽ വെച്ചാണ് ഞാൻ കൂടുതൽക്കൂടുതൽ സിനിമയെ പ്രണയിച്ചു തുടങ്ങിയത്. അക്കാലത്താണ്, ഞാൻ സിനിമയേക്കാൾ കൂടുതൽ എഥലിനെ പ്രണയിക്കാൻ തുടങ്ങിയത്.

‘അപ്പൊ എഥലാണല്ലേ കഥേലെ നായിക? നമ്മുടെ ഡോക്ടറെ അപ്പൊ നിങ്ങക്ക് വേണ്ടേ?’

ഇഞ്ചക്ഷന് ശേഷം സിറിഞ്ച് ഊരിയെടുത്ത് ഷെഹീൻ സിസ്റ്റർ ഉത്തരത്തിനായി കാതോർത്തു. മരുന്ന് മണങ്ങളും മനംമടുപ്പിക്കുന്ന വായുവും നിശ്ചലമാക്കിയ മുറിക്കുള്ളിൽ സിനിമാറ്റിക് സാഹചര്യങ്ങളോ അതിന്റെ വിജൃംഭിത വർണ്ണങ്ങളോ ഇല്ലായിരുന്നു. മുറിമുഴുവൻ, എഴുതിക്കൂട്ടിയും വലിച്ചുവാരിയുമിട്ട കടലാസ് മാലിന്യങ്ങളായിരുന്നു അധികവും. കൂട്ടിന് ഭക്ഷണാവശിഷ്ടങ്ങളും അത്യാവശ്യം ഈച്ചകളും ഉണ്ടായിരുന്നു. മരുന്നുകളും കഴുകാത്ത പാത്രങ്ങളും ഈ സീനിലെ പ്രോപ്പർട്ടികളായി പ്രത്യക്ഷപ്പെടുന്നുണ്ട്! ഈ സീനിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ, സിനിമ തലക്കടിച്ച് വട്ടായ പ്രാന്തനും ഭ്രാന്താശുപത്രിയിലെ നേഴ്‌സുമാണ്!….

വരാന്തയിലെ ചെറിയ കാലനക്കങ്ങൾ, സഹപ്രാന്തന്മാരുടെ പൊട്ടലും ചീറ്റലും……ആശയും നിരാശയും….അമർഷവും….., മതിലിനപ്പുറത്ത് നിന്നും പ്രാന്തിന്റെ നൂറായിരമനുഭവങ്ങൾ കുറുകെ ചാടാനായി കച്ചകെട്ടുന്നുണ്ടോ? കാഴ്ചയും കേൾവിയും  ബുദ്ധിയുമെല്ലാം  ഭ്രാന്തിലേക്ക്  പരാവർത്തനം  ചെയ്യപ്പെടുന്നു!

മരുന്നു പാത്രവും പേറി, തിരിഞ്ഞു നടക്കുന്ന ഷെഹീന്റെ കയ്യിൽ കയറിപ്പിടിച്ചു, കണ്ണുകളിലേക്ക് ആഴത്തിലൊന്ന് നോക്കി.

‘എനിക്ക്, ചിത്രശലഭങ്ങളുടെ കണ്ണുകളിൽ നോക്കി പ്രണയിക്കാനറിയാം! ഇന്ന്, ചിലപ്പോൾ നിങ്ങളെയായിരിക്കാം ഞാനേറ്റവും കൂടുതൽ പ്രണയിക്കുന്നത്. ഈ നിമിഷം ചിലപ്പോഴത് തീർന്നുപോയേക്കാം…തീരട്ടേ, പക്ഷേ…ഈ നിമിഷം ഞാൻ ജീവിക്കുന്നത് നിന്നോടുള്ള പ്രണയത്താലാണ്.’ അവൾ എന്നിലേക്ക് ചേർന്നു നിന്നു. പിന്നീട്, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ പെരുമാറിക്കൊണ്ട് ഒരപരിചിതയായി അവളീ മുറി വിട്ടു. ചിലപ്പോൾ, ഭ്രാന്താശുപത്രിയെക്കുറിച്ചുള്ള ഓർമ്മകളിലെ മനോഹരമായ രാത്രികളിലൊന്ന് ഇതായിരിക്കും.

നിമിനേര പ്രണയങ്ങൾ പോലും ചിലപ്പോൾ കരളിൽ അതികഠിനമായൊരു വേദന തരും. വേദനകളിൽ നിന്നും ഒളിച്ചോടണം! വേദനകളിൽ നിന്നും ഒളിച്ചോടാൻ സിനിമകളെ കുറിച്ച് ചിന്തിക്കുകയെന്ന പതിവ് ശീലത്തിലേക്ക് എടുത്തെറിയപ്പെടുന്നു. സിനിമയെന്ന പതിവ് വേദനാസമഹാരി ഇവിടേയും കൃത്യമായി ഫലപ്രദമാകേണ്ടതാണ്.

എന്നിലേയ്ക്ക്……., നബിദിനപ്പരിപാടിയുടെ പശ്ചാത്തലസംഗീതം പുറപ്പെട്ട് വരുന്നുണ്ട്.  ഫ്‌ളാഷ്ബാക്കിലേക്ക് സീൻ ഡിസോൾവ് ചെയ്യണം! സ്‌ക്രീനിൽ 1987-ലെ വടക്കേക്കാട് അങ്ങാടിയുടെ ഉത്സവഛായയിലേക്ക് പ്രേക്ഷകനെ ആനയിക്കേണ്ടതുണ്ട്….. സിനിമയിലെ മർമ്മ പ്രധാനമായ ഫ്‌ളാഷ്ബാക്ക് സീനുകളാണ് ഇനി ദൃശ്യവൽക്കരിക്കപ്പെടുക. ചില, ഉറപ്പുള്ള സ്വപ്നങ്ങളെ കൂടെക്കൂട്ടി….അന്നും, പതിവു പോലെ ഞാനുറങ്ങാൻ കിടന്നു.

അഷറഫ് പി.പി.

(ഒപ്പ്)
————————–

അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15

അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ

അധ്യായം – 3: ഉന്മാദത്തിന്റെ വേരുകൾ

അധ്യായം – 4: ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ

അധ്യായം – 5: ക്ലൈമാക്സ് ഒളിപ്പിച്ചുവെച്ചൊരു പുസ്തകം

അധ്യായം – 6: പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?

Comments

comments