ആകാശത്തെ വെല്ലുവിളിച്ചെന്നോണം ഉയർന്നുനിൽക്കുന്നൊരു വനവൃക്ഷം. മുകളിലേക്കു സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണാം, മേൽപ്പരപ്പിലാകെ പറന്നുകളിക്കുന്ന നൂറുനൂറായിരം ചിത്രശലഭങ്ങൾ.

കേരളത്തിലെ വനങ്ങളുടെ വനമായ സൈലന്റ് വാലിയിൽ അടുത്തൊരു ദിവസം ഈ അത്ഭുതദൃശ്യം കാണുമ്പോൾ എന്തെന്നറിയാതെ, കിഷോരിതായ് നാദത്തെ ഓർത്തു. ഒരു പ്രത്യക്ഷബന്ധവുമില്ലാത്ത ഇത്തരം ഓർമ്മകളുടെ പൊരുളെന്തെന്ന് അറിയില്ല. ഒന്നുമാത്രമറിയാം, ഇന്ത്യൻ സംഗീതത്തിൽ ആർക്കും പിടിതരാതെ അകാശത്തോളമുയർന്ന വനവൃക്ഷമായിരുന്നു കിഷോരി അമോങ്കർ. അതിനു മുകളിലാകട്ടെ, മറ്റൊരു മേൽപ്പരപ്പിനും സ്വന്തമാക്കാനാവാത്ത നാദശലഭങ്ങൾ എന്നും ചുറ്റിപ്പറന്നുകൊണ്ടിരുന്നു. ഉസ്താദ് സാക്കിർ ഹുസൈൻ പറഞ്ഞതുപോലെ, സങ്കടത്തിനു മഹാസങ്കടമായും ദുഃഖത്തിനു തീവ്രദുഃഖമായും ആനന്ദത്തിനു പരമാനന്ദമായും വേദനകൾക്കു കൊടുംവേദനയായും കിഷോരിതായുടെ നാദശലഭങ്ങൾ പറന്നുകൊണ്ടിരുന്നു. പിടിതരാതെ അകന്ന ഏതോ നിർമ്മലസ്നേഹത്തിന്റെ വിദൂരനാദമായി ഇന്നും കിഷോരിയെ കേൾക്കുമ്പോൾ ഉസ്താദ് പറഞ്ഞത് വാസ്തവമെന്ന് ഞാനറിയുന്നു. പശ്ചാത്താപത്തിന്റെ നീറലും പരിത്യക്തജന്മത്തിന്റെ കൊടും നോവും ചേർന്ന് മുനകൂർത്തൊരു മുള്ളുകൊണ്ട് ഹൃദയം കീറാനും അഭയവും സാന്ത്വനവുമായി മടിയിൽ കിടത്തിയുറക്കാനും കിഷോരിതായ് ഇന്നും കൂട്ടുവരുന്നു. ഉതിർപ്പൂക്കൾ വീണുകിടന്ന ആ വനവൃക്ഷത്തിനു മുകളിൽ ഇനിയുമെത്ര നാദശലഭങ്ങൾ!

അടിവേരുകൾ:
മുംബൈയിലെ മഹാലക്ഷ്മിക്ഷേത്രത്തിനടുത്ത് കിഷോരിയുടെ ഭൈരവ് തുമ്രി തകർത്തുപെയ്യുന്നു. “ബാവുൽ മോരാ..” ജനാലകൾക്കു പുറത്ത്, ചിറകിട്ടടിയ്ക്കുന്നൊരു പക്ഷിയെപ്പോലെ മഹാനഗരത്തിലെ മഴയും തിമർത്തുപെയ്യുന്നു. ആലാപനത്തിൽk-a-3 പരിസരബോധം കൈവിടുന്ന കിഷോരി തായ് പെട്ടെന്ന് പാട്ടുനിർത്തി. ജനാലയിലൂടെ പേമാരിയെ നോക്കി, ഒരു നിമിഷം നിശ്ശബ്ദമായി. എന്നിട്ടുപറഞ്ഞു:
“ എന്റെ അച്ഛൻ മരിച്ച ദിവസവും ഇങ്ങനെ മഴ പെയ്യുന്നുണ്ടായിരുന്നു.”
കൂടുതലൊന്നുമില്ല. വീണ്ടും ഭൈരവ് പെയ്തുതുടങ്ങി. താനെന്നും പാടിത്തുടങ്ങുന്ന പോലെ, തന്റെ സ്വരസ്ഥാനത്തിലേക്ക് സാവകാശം തിരഞ്ഞുപോകുന്ന ആലാപനം.

കിഷോരിയുടെ തീരെച്ചെറുപ്പത്തിലാണ് അച്ഛൻ വിട്ടുപോകുന്നത്. മരണം അച്ഛനെയല്ല, തങ്ങളെയാണ് അന്നു വിഴുങ്ങിയതെന്ന് കിഷോരി പിന്നീടോർത്തിട്ടുണ്ട്. നിസ്സഹായരായ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പമുള്ള ബാല്യത്തിന്റെ ദുരിതകാലം അവർ എന്നും ഓർമ്മയിൽ സൂക്ഷിച്ചു. ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഹൃദയനാദമായിരുന്നു കിഷോരിയുടെ അമ്മ – മോഗുബായ് കുർദികർ. ജയ്പൂർ അത്രോളി ഖരാനയുടെ ഭാവസൗന്ദര്യം. മോഗുബായ് മുൻപ് പാടിയിരുന്നത് സൗമ്യമധുരമായ അഭംഗുകളായിരുന്നത്രേ. എന്നാൽ ഭർത്താവിന്റെ മരണശേഷം കുട്ടികളെ വളർത്താനായി പാടിക്കൊണ്ടിരുന്ന മോഗുഭായ് വേദനയുടെ പാട്ടുകാരിയായിത്തീർന്നു. ബന്ദിഷുകളിൽ ചോരയൊലിയ്ക്കുന്ന അസ്ത്രങ്ങളുണ്ടെന്ന് മനസ്സിലായത് മോഗുബായ് പാടിക്കേട്ടാണ് എന്ന് പ്രഭാ ആർത്രേ പറയും. കടുത്ത ശോകസ്ഥായി മോഗുബായുടെ സംഗീതത്തിന്റെ അസാധാരണമായ ആഴം നൽകി. മുംബൈയിലെ ഒറ്റമുറിവീട്ടിൽ, നാലുമക്കൾക്കൊപ്പം ജീവിച്ച മോഗുബായ് ഒരിക്കലും തലകുനിച്ചില്ല.

അമ്മയ്ക്ക് സംഗീതലോകത്തു നേരിടേണ്ടിവന്ന അനീതികൾ എന്നും കിഷോരി ഓർക്കുകയും ആത്മരോഷത്തോടെ പറയുകയും ചെയ്തു. ഉത്തരേന്ത്യൻ സംഗീതത്തിലെ ഏറ്റവും വിലയേറിയ സംഗീതജ്ഞകളൊലൊരാളായ അമ്മയ്ക്ക് മിക്ക സംഘാടകരും അനുവദിച്ചിരുന്നത് മൂന്നാംക്ലാസ് കമ്പാർട്ട്മെന്റ് ടിക്കറ്റായിരുന്നു എന്നും, അരക്ഷിതസാഹഹര്യങ്ങളിൽ ഉള്ളൊരു ഗായിക എന്ന മട്ടിൽ പ്രതിഫലത്തിലടക്കം മോശമായി പരിഗണിച്ചിരുന്നതും കിഷോരി ഓർത്തുപറയും. കിഷോരിയുടെ സംഗീതപരിപാടി സാധാരണസംഘാടകർക്കു താങ്ങില്ല എന്ന ശ്രുതി നേരത്തേ പടർന്നതിനു കാരണവും മറ്റൊന്നല്ല. കിഷോരി തന്റെ സംഗീതത്തിനെയും അതുൾക്കൊള്ളുന്ന തന്നെയും വിലമതിച്ചിരുന്നു. അമ്മയുടെ ദുരവസ്ഥ ഒരിക്കലും നേരിടാൻ കിഷോരി തയ്യാറായില്ല. ഏതു പരിപാടിയ്ക്കും വിലയേറിയ സൂട്ടുകളും വേണ്ടത്ര ആഡംബരങ്ങളും അനിവാര്യമാണെന്ന് കിഷോരി അമോങ്കർ ശഠിച്ചു. വേണ്ടത്ര തന്നെ ആദരിക്കാത്ത ഒന്നിനും, ഒരു സ്നേഹനിർബന്ധങ്ങളിലും കിഷോരി വഴങ്ങിയില്ല. വേണ്ടത്ര സൗകര്യങ്ങൾ വേദിയ്ക്കു മുൻപും വേദിയിലും വേദിയ്ക്കു ശേഷവും അനിവാര്യമായിരുന്നു. ഔത്തരാഹസംഗീതത്തിലെ ക്ലാസിക്കൽ സൂക്ഷ്മതയിലും ഗൗരവത്തിലും കിഷോരി അമോങ്കർ ദാർഢ്യത്തോടെ ഉറച്ചുനിന്നു. അതിനു വിഘാതമാകുന്ന ഏത് അലോസരത്തിലും ഒത്തുതീർപ്പില്ലാതെ കലഹിച്ചു.

കശ്മീരിൽ ഫറൂക്ക് അബ്ദുള്ളയടക്കമുള്ള അതിഥികൾക്കു മുന്നിൽ പാടുമ്പോഴാണ് ഒരു വലിയ വ്യവസായിയുടെ ഭാര്യ പാൻ ആവശ്യപ്പെട്ടതിൽ പിണങ്ങി, കിഷോരി പാട്ടുനിർത്തി ഇറങ്ങിപ്പോയത്. “എന്റെ സംഗീതത്തിന്റെ വില കറൻസിയുടെ മൂല്യത്തിൽ എത്രയെന്ന് എനിയ്ക്കു കൃത്യമായറിയില്ല. പക്ഷേ സംഗീതത്തിന്റെ മൂല്യത്തിൽ എത്രയെന്ന് നന്നായറിയാം” എന്നായിരുന്നു വിശദീകരണം. കച്ചേരിക്കിടയിൽ കാണികൾ ഭക്ഷണം കഴിക്കുന്നൊരു വേദിയിൽ കിഷോരി ഇന്നോളം പാടിയിട്ടില്ല. അങ്ങനെ സംഭവിച്ച കൊൽക്കൊത്തയിലെ രാജകീയസദസ്സിൽ നിന്ന് പൊട്ടിത്തെറിച്ചാണ് കിഷോരി ഇറങ്ങിപ്പോന്നത്. ഇവിടെ നിഷ്ഠകൾ അവസാനിക്കുന്നില്ല. കിഷോരി കച്ചേരിക്കു മുൻപോ ശേഷമോ ആരോടും സംസാരിയ്ക്കില്ല. പാടുന്നതിനിടയിൽ അത്യപൂർവ്വമായേ വല്ലതും പറയൂ. അതും ചുരുങ്ങിയ വാക്കുകൾ. എന്തു പാടണം എന്ന് കാണികളുടെ അഭിപ്രായത്തിനു വഴങ്ങാറില്ല. പാടുമ്പോൾ മുഖത്തേയ്ക്ക് വെളിച്ചം തീരെ വീണുകൂടാ. ഇടയിൽ മുന്നിലൂടെ ആരും എഴുന്നേറ്റു നടന്നുകൂടാ. ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുത്താൽ കച്ചേരി അവിടെ തീരും. ആദ്യമേ ശബ്ദം വേണ്ട രീതിയിൽ സംവിധാനം ചെയ്യപ്പെട്ടിരിയ്ക്കണം. ആലാപനത്തിനിടയിൽ ശബ്ദതകരാറുകൾ ക്ഷമിക്കപ്പെടുന്നതല്ല. ഇങ്ങനെ, അനേകമനേകം ഒത്തുതീർപ്പില്ലാത്ത നിഷ്ഠകൾ കൊണ്ട് കിഷോരിയുടെ കച്ചേരികൾ പലയിടത്തും കുപ്രസിദ്ധവുമായിത്തീർന്നു. എന്നാൽ ഒന്നിലും കുലുങ്ങാതെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ കിഷോരി തായ് പാടിക്കൊണ്ടിരുന്നു. എല്ലാ ഉപാധികളുമംഗീകരിച്ച് കിഷോരിയുടെ പാട്ടിനു കാത്തുനിൽക്കുന്നവർ എന്നിട്ടും നാൾക്കുനാൾ വർദ്ധിച്ചതേയുള്ളൂ. അമ്മക്ക് ഏൽക്കേണ്ടി വന്ന അപമാനങ്ങൾക്ക് എണ്ണിയെണ്ണി സ്വജീവിതം കൊണ്ട് കണക്കുചോദിക്കുകയായിരുന്നു കിഷോരി എന്നു തോന്നാം. എന്നാൽ അതിലും പ്രധാനം, പുരുഷസംഗീതകാരന്മാർക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും എല്ലാ ഇടങ്ങളിലും സ്ത്രീകളായ പാട്ടുകാരികൾക്കും ലഭിക്കണമെന്ന കിഷോരിയുടെ ആർജ്ജവമുള്ള നിലപാടായിരുന്നു. പുതിയ ഓരോ സംഗീതജ്ഞകളും അത് നന്ദിയോടെ സ്മരിക്കാറുണ്ട്.

അപ്രവചനീയനന്മകൾ:
കലയെക്കുറിച്ച് യൂജിനോ ബാർബയുടെ ഒരു വിദഗ്ധനിരീക്ഷണം, ‘നല്ല കലയുടെ യഥാർത്ഥശത്രു ചീത്തകലയല്ല, മറിച്ച് ശരാശരി കലയാണ്’ എന്നതാണ്. ഏതു കലയുടേയും നിലവാരമില്ലാത്ത വ്യവഹാരങ്ങൾ ഉപരിപ്ലവമാകുകയേ ഉള്ളൂ, അത് കലയെ ഒന്നും ചെയ്യുകയില്ല. എന്നാൽ ശരാശരികല, ഉദാത്തകലയെന്ന തെറ്റിദ്ധാരണയുപ്പാദിപ്പിക്കുകയും കലാബാഹ്യമായ ഉറപ്പുകളും സുരക്ഷിതത്വങ്ങളും പ്രദാനം ചെയ്യുകയും ചെയ്യും.

ഏകതാനവും യാന്ത്രികാവർത്തിതവുമായ ശരാശരികലയുടെ ‘മിനിമം ഗാരണ്ടി’ ആധുനികാനന്തര സംഘാടകർക്ക് എപ്പോഴും താല്പര്യമുള്ള കാര്യമാണ്. അവിസ്മരണീയമായ അത്യപൂർവ്വപ്രകടനങ്ങൾക്കായി കാത്തിരിക്കുന്ന ആസ്വാദകരുടെ സംതൃപ്തിയിലല്ല, തീരെ മോശമാവാൻ സാദ്ധ്യതയേറ്റവും കുറഞ്ഞ ശരാശരി ആവിഷ്കാരത്തിലാണ് ആധുനികാനന്തര കലാസംഘാടനത്തിന്റെ കണ്ണ്. വ്യാപകമായ ശരാശരിവൽക്കണത്തിന് വിധേയമാക്കപ്പെട്ട കലാസംസ്കാരം ഉത്തരാധുനികവ്യവഹാരങ്ങൾക്ക് അനുകൂലമായ പരിസ്ഥിതി നിർമ്മിച്ചുനൽകുന്നുണ്ട്.

ശരാശരിവൽക്കരണത്തിനു വിധേയമാകാതെ, അപ്രവചനീയതയുടെ എല്ലാ ആകസ്മികതകളും പേറി കലയുടെ പെരുംകടലിലേക്ക് യാത്രപോകുന്നവരാണ് ഏതു കലയിലേയും പ്രതിഭാശാലികൾ. ചിലപ്പോഴവർ തിരമുറിച്ച് മുന്നേറിയെന്നുവരും, അന്നവരെ അർക്കും തടുക്കാനാവില്ല. ചിലപ്പോൾ കപ്പൽച്ചേതത്തിൽ പെട്ടെന്നുവരും, അതിൽ നിന്നും ആർക്കുമവരെ തടയാനാവില്ല. അപ്രവചനീയതയുടെ പെൻഡുലംk-a-5 നിരന്തരം ആടിയുലയുന്ന അത്തരം പ്രതിഭകളിലാണ് എന്നും കല കീഴടങ്ങി നിന്നിട്ടുള്ളത്. തായമ്പകയിൽ തൃത്താലകേശവനും പൂക്കാട്ടിരി ദിവാകരപ്പൊതുവാളും പോലെ, കഥകളിസംഗീതത്തിൽ ഉണ്ണികൃഷ്ണക്കുറുപ്പും വെണ്മണി ഹരിദാസും പോലെ, കർണാടകസംഗീതത്തിൽ എം ഡി രാമനാഥനും മധുരൈ സോമുവും പോലെ എത്രയോ പേർ. കിഷോരി കണ്ണിചേരുന്നതും ഈ അപ്രവചനീയതയുടെ അപായക്കൂട്ടത്തിലേക്കാണ്. നന്നായാൽ ആർക്കുമൊപ്പമെത്താനാവില്ല. നന്നായില്ലെങ്കിൽ എത്രയും താഴാമോ, അതിനും അടിപ്പടവിലും താഴെ മോശമാവുകയും ചെയ്യും.

കിഷോരി അമോങ്കറിന്റെ സംഗീതത്തിൽ നിരന്തരം നമുക്കു കാണാനാവുന്ന സവിശേഷത, സമ്പൂർണ്ണതയിലേക്കുള്ള അവരുടെ പരിശ്രമമാണ്. സംഗീതലോകത്തിലെ ഏറ്റവും വലിയ പ്രയത്നശാലി എന്ന് അലി അക്ബർ ഖാൻ കിഷോരിയെ വിശേഷിപ്പിച്ചത് അന്വർത്ഥമാണ്. ഒരു കച്ചേരിയുടെ പ്രാരംഭത്തിൽ, ആലാപനം തുടങ്ങുന്നതു മുതൽ പലതവണ കിഷോരി തായ് ഇടറുന്നത് നമുക്കു കേൾക്കാം. അപ്പോഴെല്ലാം ക്ഷോഭിച്ചും സ്വയം സ്വന്തമിടർച്ചക്ക് അഭിമുഖം ധീരതയോടെ നിന്നും വീണ്ടും അതേ സംഗതികൾ പിഴവില്ലാതെ പാടിയെത്തിക്കും, കിഷോരി. ബാണീവ്യത്യാസങ്ങളെ കാര്യമായി കണക്കാക്കാത്ത, വൈയക്തികമായൊരു ഗേയമാർഗം കിഷോരി സ്വീകരിച്ചതിൽ ഈ സമീപനവുമുണ്ടായിരുന്നു. ബാണികൾ ജാതിവ്യവസ്ഥ പോലൊരു അശ്ലീലമാണ് എന്ന് കിഷോരി പറഞ്ഞു. ജയ്പൂർ അത്രോളി ഖരാനയുടെ സ്വർണനാദം മോഗുബായ് കുർദിക്കറിൽ നിന്ന് സംഗീതമഭ്യസിച്ച കിഷോരി പിന്നീട് നിരവധി ബലിഷ്ഠനാദങ്ങളിൽ നിന്ന് പാഠങ്ങളുൾക്കൊണ്ടു. ആഗ്രഖരാനയിലെ അൻവർ ഹുസൈൻ ഖാൻ, ഭേണ്ഡി ബസാർ ഖരാനയിലെ അഞ്ജനിബായ് മൽപേക്കർ, ബാൽകൃഷ്ണബവ പർവട്കർ എന്നിവർക്കെല്ലാം കീഴിൽ കിഷോരി സംഗീതമഭ്യസിച്ചിട്ടുണ്ട്.

ബാണികൾക്ക് അമിതപ്രാധാന്യം കൈവരുന്ന സംഗീതഭാവുകത്വത്തിൽ ഏറ്റവും കടുത്ത നിരാശയോടെയാണ് പിന്നീട് കിഷോരി സംസാരിച്ചുകൊണ്ടിരുന്നത് എന്നതാണ് അത്ഭുതകരം. പലതരം ഖരാനകളുടെ സൂക്ഷ്മവൈചിത്ര്യങ്ങളിലൂടെ കയറിയിറങ്ങിയ മനസ്സും നാദവും പിന്നീട് ഖരാനകളെ അതിലംഘിക്കുന്ന പുതിയൊരു ഗേയഭാവുകത്വത്തിലേക്ക് പരിണമിക്കുകയാണ് ഉണ്ടായത്. അതിനു പ്രേരണയായത് മൗനത്തിന്റെ മഹാപാഠശാലയാണ്.

നാദത്തിന്റെ പുനർജനി:

ഇരുപത്തഞ്ചാമത്തെ വയസ്സിലാണ് അതുണ്ടായത്. പലതരം ഖരാനകളുടെ പാട്ടുവഴക്കങ്ങളുടെ ഉൽസവമായി പാടിയുയർന്നു കൊണ്ടിരുന്ന കിഷോരിയുടെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടു. പാടാൻ പോയിട്ട് സംസാരിക്കാനടക്കം സാധ്യമാവാതെ, മൗനത്തിന്റെ ഇരുട്ടിലേക്ക് കിഷോരി വീണുപോയി. വീട്ടിൽ അന്നാരെയും കാണാൻ പോലും അനുവദിച്ചിരുന്നില്ല എന്ന് അനിലേഷ് കർവട്കർ പോലുള്ള സുഹൃത്തുക്കൾ പറയും. ചിറകരിയപ്പെട്ട പക്ഷിയെപ്പോലെ എല്ലായിടത്തു നിന്നും ഓടിയകന്ന കിഷോരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഒരു സന്യാസിയാണ്. പൂനൈയിൽ ഉള്ള സർദേശ് മുഖ് മഹാരാജ്. ആയുർവേദചികിൽസയിലൂടെ മഹാരാജ് കിഷോരിയ്ക്കു നഷ്ടമായ ശബ്ദം സമ്പൂർണ്ണലാവണ്യത്തോടെ തിരിച്ചുനൽകി.
“ശബ്ദനഷ്ടം വലിയ നഷ്ടം തന്നെയായിരുന്നു, പക്ഷേ എന്നെ സംബന്ധിച്ചത് മറ്റൊരു വലിയ ലാഭമായിത്തീർന്നു” എന്നാണ് പിന്നീട് കിഷോരി അതേക്കുറിച്ച് പ്രതികരിച്ചത്. ആ മൗനകാലം മറ്റൊരു മാർഗത്തിന്റെ തുറവിയായി മാറി. അമ്മ പറഞ്ഞുതന്ന പലതും അപ്പോഴാണ് കിഷോരി പൂർണാർത്ഥത്തിൽ തിരിച്ചറിഞ്ഞത്. ഒരു ഉദാഹരണമെടുത്ത് മോഗുബായ് വിശദീകരിക്കുന്നത് കിഷോരി വിവരിയ്ക്കാറുണ്ട്. ശുദ്ധകല്യാണിലെ ഋഷഭം ഭൂപിലെ ഋഷഭത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അമ്മ ചോദിക്കുമായിരുന്നു എന്ന് കിഷോരി ഓർത്തെടുത്തു. ഏതു രാഗമെന്നതോ ഏതു കൃതിയാണെന്നുള്ളതോ അല്ല, അത്രമേൽ ആത്മാർത്ഥമായും വിശുദ്ധമായും ഒരു സ്വരത്തെ ചെന്നു സ്പർശിക്കുമെങ്കിൽ, അതുതന്നെയാണ് രാഗവും രാഗമൂർച്ഛയും. അതുകൊണ്ട് കിഷോരി തന്റെ ഓരോ കച്ചേരിയിലും ഉൾപ്പിടപ്പോടെ ആ സ്വരം തേടി അലഞ്ഞു.

Singer Kishori Amonkar. Express archive photo *** Local Caption *** Singer Kishori Amonkar.

തുമ്രി വ്യാഖ്യാതാവായ ഗിരിജാദേവി കിഷോരിയെക്കുറിച്ച് പറയുന്ന പ്രധാനകാര്യം ഈ സ്വരസഞ്ചാരമാണ്. “സ്വരത്തിലേക്ക് എത്തിച്ചേരുന്ന ലക്ഷ്യത്തിൽ ഒട്ടും കുറഞ്ഞ പ്രാധാന്യമല്ല കിഷോരി തായ്ക്ക് അതിനുള്ള മാർഗത്തിനുള്ളത്. ഓരോ തവണയും സമാനതകളില്ലാത്ത പരിശ്രമങ്ങളിലൂടെ സഞ്ചരിക്കുന്ന വഴികളിലാണ് എത്തിച്ചേരുന്ന സ്വരത്തിന്റെ മഹത്വം തന്നെ നിലനിൽക്കുന്നത്” എന്ന് ഗിരിജാദേവി നിരീക്ഷിച്ചിട്ടുണ്ട്. മാൽകൗൺസും ഭൂപും പോലെ, കിഷോരിയുടെ പ്രിയപ്പെട്ട ഏതു രാഗത്തിന്റെയും ആലാപനത്തിൽ ഈ പർവ്വതാരോഹണം കാണാം. സ്വയം നിശ്ചയിച്ചൊരു കൊടുമുടിയിലേക്ക് ഏകാന്തമായി നടന്നുകയറുകയാണ് രാഗപ്രസ്താരങ്ങളിൽ കിഷോരി ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ രാഗം അതിന്റെ സ്കൈയിലിൽ അല്ല, സൂക്ഷ്മസ്വരഭേദങ്ങളിലാണ് എന്നു കിഷോരി തിരിച്ചറിഞ്ഞു. നിരവധി ഖരാനകളിൽ പ്രഗത്ഭയായിത്തീർന്ന കിഷോരി തായ് ഖരാനകളുടെ തീവ്വ്രവിമർശകയായത് അതുകൊണ്ടാണ്. കേവലാനുഷ്ഠാനങ്ങളായി മാത്രം രാഗങ്ങളെ കാണുകയും വ്യാകരണഭേദങ്ങളെ മാത്രം മുൻനിർത്തി ഖരാനകൾ വേർതിരിക്കുകയും പിന്നീടവ ജാതിവ്യവസ്ഥ പോലെ സംരക്ഷിക്കുകയും ചെയ്യുന്നത് അസംബന്ധമാണ് എന്നു തുറന്നുപറഞ്ഞത്. പ്രിയശിഷ്യയായ നന്ദിനിബഡേക്കറും ചെറുമകളും ശിഷ്യയുമായ തേജസ്വി അമോങ്കറുമെല്ലാം പാടുമ്പോൾ ബാണികളുടെ വൈജാത്യങ്ങൾക്കു കൂടി ഇടമുണ്ടാവണം എന്ന് നിഷ്കർഷിച്ചത്.

കേട്ടതും കേൾക്കാതെപോയതും:
ഉത്തരേന്ത്യൻ സംഗീതത്തിൽ ചെവിയുടക്കിയ കാലത്ത് പ്രിയങ്കരമായിരുന്ന ചില രാഗങ്ങളുണ്ടായിരുന്നു. അവയിൽ പ്രധാനമായിരുന്നു യമൻകല്യാൺ. മുറിവുകളിൽ മഞ്ഞു സ്പർശിയ്ക്കുന്ന സാന്ത്വനാനുഭവത്തിന്റെ നാദമായി, എന്നും കൂടെക്കൊണ്ടുനടന്നിരുന്ന രാഗം. പ്രിയപ്പെട്ട യമൻകല്യാണിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഒരു സുഹൃത്ത് കിഷോരി തായ് പാടിയ ‘മാരോ പ്രണാം’ കേട്ടിട്ടുണ്ടോ എന്നുചോദിച്ചത്. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യക്കടുത്തുള്ള മ്യൂസിക്ക് ഹൗസിൽ നിന്ന് വാങ്ങിയ കാസറ്റിൽ കേട്ട മാരോ പ്രണാം ആണ് കിഷോരിയിലേക്ക് ജ്ഞാനസ്നാനം ചെയ്യിക്കുന്നത്. യമൻകല്യാണിൽ അന്നുവരെ ഒളിച്ചിരുന്ന വികാരങ്ങൾ, ഭാവകോടികൾ വിടർന്നുവന്ന അനുഭവം.

മറാത്തി അഭംഗുകളിൽ കിഷോരിയെപ്പോലെ മറ്റൊരാളെ ഇന്നോളം കേട്ടിട്ടില്ല. അലസമായി പാടിപ്പോകുന്നതല്ല കിഷോരിയുടെ അഭംഗുകൾ. മോഗുബായ് തന്റെ ആദ്യകാലത്ത് നിരന്തരം പാടിക്കൊണ്ടിരുന്ന്അഭംഗുകളുടെ ലാവണ്യപൂരം ഒന്നാകെ പുത്രിയ്ക്ക് പകർന്നു നൽകിയിരുന്നു. തന്റെ അഭംഗുകളെ പ്രശംസിക്കുന്നവരോട് സ്വതസിദ്ധമായ ചിരിയുമായി കിഷോരി തായ് പറയുമായിരുന്നു – “നിങ്ങൾ അമ്മ അഭംഗ് പാടുന്നത് കേട്ടിട്ടില്ല.” ചേതോഹരങ്ങളായ നിരവധി അഭംഗുകൾ കിഷോരിയുടെ ശബ്ദത്തിൽ പൂത്തുലഞ്ഞു. ബൂലാവോ വിഠലാ, കാനാവോ വിഠലാ, യാ പാണ്ഡരി ചെ സുഖ്, ജനി മനേ പാണ്ഡുരംഗാ – ഇങ്ങനെ ഒറ്റവീർപ്പിൽ പറയാവുന്ന നിരവധി അഭംഗുകൾ. വൈയക്തികമായി ഏറ്റവുമാഴത്തിൽ സ്പർശിച്ച അഭംഗ് ഇവയൊന്നുമല്ല. ‘അവചിത പരിമൾ’ എന്ന അപൂർവ്വമായി മാത്രം കിഷോരി പാടിയിരുന്ന അഭംഗ് ആണ്. സംഗീതം പരിമളമായി തർജ്ജമ ചെയ്യപ്പെടുന്ന, അനുഭവിക്കാതെ പോയ ഏതോ അജ്ഞാതസാന്ത്വനത്തിന്റെ പരിമളം പേറുന്ന ആലാപനം.

ജയ്പൂർ ഖരാനയിലെ പ്രാചീനമായ ബന്ദിഷുകൾ, അതിമനോഹരമായ ഖയാലുകൾ എന്നിവയെല്ലാം കിഷോരിയിൽ ഇടമുറിയാതെ പ്രവഹിച്ചു. മിയ ക മൽഹാറിൽ നിരന്തരം പാടിക്കൊണ്ടിരുന്ന ‘ഉമര് ഗുമര് ബർസാൻ’ കാണികൾ സ്വീകരിച്ചിരുന്നത് മൽഹാർ ഉൽസവ് എന്ന പേരിലായിരുന്നു. അപൂർവ്വമായി മാത്രം പാടിയിരുന്ന രാഗങ്ങൾക്കാവട്ടെ, മറ്റാരിലും കാണാത്ത ഇരുൾച്ചന്തം ഒളിപ്പിച്ചുവെക്കാനായിരുന്നു താനും. ‘ഛനനന് ബിച്വാ’ എന്ന് ജീവൻപുരിയിൽ പാടുമ്പോൾ, കേദാറിൽ ദ്രുതകാലത്തിലുള്ള ബന്ദിഷുകൾ പാടുമ്പോൾ നാമിത് അറിയും.
കിഷോരിക്കും കിഷോരിയെ കേട്ടുകൊണ്ടിരുന്നവർക്കും എന്നും പ്രിയപ്പെട്ട രാഗമായിരുന്നു ഭൂപ്. ‘സരിഗപധ’ എന്ന അഞ്ച് സ്വരങ്ങളിൽ വിടരുന്ന ഭൂപിൽ കിഷോരിയും ലോകവും പ്രപഞ്ചത്തെ കണ്ടു. ‘സഹേലാ രേ’ എന്ന ഭൂപിലെ കിഷോരിയുടെ ആലാപനത്തോളം വിലപ്പെട്ടതല്ല താനിന്നോളം തബലയിൽ തീർത്ത നാദപ്രപഞ്ചമൊന്നും എന്ന് ഉസ്താദ് സക്കിർ ഹുസൈൻ. എത്ര തവണ കേട്ടാലും മടങ്ങിയെത്തുന്ന ആശ്രയസ്ഥാനമായി ‘സഹേലാ രേ’ നിലനിൽക്കും.

ആർക്കുമെത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ, ഇനിയുമെത്രയോ കാലം നാദശലഭങ്ങൾ ചുറ്റിപ്പറക്കുന്ന വനവൃക്ഷമായി, കിഷോരി അമോങ്കർ പാടിക്കൊണ്ടിരിയ്ക്കും.
———
നവമലയാളിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖകന്റെ  സംഗീതസംബന്ധിയായ ലേഖനങ്ങൾ അടങ്ങുന്ന കോളം  – പാട്ട് കേൾക്കുമ്പോൾ – മുൻ ലക്കങ്ങൾ ഇവിടെ വായിക്കുക.

ലേഖകൻ നവമലയാളിയിൽ എഴുതിയ എല്ലാ ലേഖനങ്ങളും ഇവിടെ വായിക്കുക.

Comments

comments