എഴുത്തുകാരൻ അഷ്ടമൂർത്തിയുമായി നവമലയാളി  എഡിറ്റോറിയൽ ബോർഡ് അംഗം വി എൻ ഹരിദാസ് നടത്തിയ അഭിമുഖം.

ചോ: എങ്ങിനെയാണ് എഴുത്തിന്റെ വഴിയിലെ തുടക്കം ?
ഉ: മറ്റുപലരേയും പോലെ കവിതകളിലാണ് തുടങ്ങിയത്. പിന്നെ കഥകൾ എഴുതാൻ ശ്രമിച്ചു. ഒരു കഥ എഴുതി മാതൃഭൂമിക്ക് അയച്ചു. ബാലപംക്തിയുണ്ടെന്നോ ഒന്നും അറിഞ്ഞിട്ടല്ല; മുതിർന്നവരുടെ കൂട്ടത്തിലേക്ക് തന്നെയാണ് അയക്കുന്നത്. കുറച്ചുkunjunnimash1 ദിവസങ്ങൾക്ക് ശേഷം കുഞ്ഞുണ്ണി മാഷിന്റെ മറുപടി വന്നു. അന്ന് കുഞ്ഞുണ്ണി മാഷെ ഒന്നും അറിയില്ല, കേട്ടിട്ടുപോലുമില്ല. ‘ആത്മനിഷ്ഠമാകണം കഥ’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അന്നത്തെ ഉപദേശം ഇന്നും കഥാക്യാമ്പുകളിലും മറ്റും ഞാൻ ആവർത്തിക്കാറുണ്ട്. ആ കത്തിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞു ‘ആറാട്ടുപുഴ പൂരം തന്നെ കഥക്കുള്ള ഒരു വിഷയമല്ലേ?’. അപ്പോൾ എന്റെ അത്ഭുതം ആറാട്ടുപുഴയും ഇവിടത്തെ പൂരവുമൊക്കെ കോഴിക്കോട് കിടക്കുന്ന ഒരാൾ എങ്ങിനെ അറിയുന്നു എന്നായിരുന്നു. ‘പൂരം എങ്ങിനെയാണ് കഥയാവുക?’ എന്നൊരു മറുപടി ചോദ്യം ഞാനയച്ചു. അതിനും മറുപടി വന്നു. ‘പൂരം കഴിഞ്ഞുള്ള പാടം കണ്ട് പ്രചോദനം ഉൾക്കൊള്ളുക.’

ചോ: അന്ന് വിഷുപ്പതിപ്പും കഥാമത്സരങ്ങളുമൊക്കെയുള്ള കാലമാണല്ലോ അതിലൊന്നും പങ്കെടുത്തില്ലേ?
ഉ: ഉവ്വുവ്വ്. ഞാനും ഗംഭീരമായി കഥയൊക്കെ അയച്ചു. പക്ഷേ മത്സരത്തിന്റെchandramathi ഫലപ്രഖ്യാപനം; അത് എന്തൊരു വരവായിരുന്നു! എൻ.എസ്.മാധവൻ, കുമാരി ചന്ദ്രിക എന്ന ഇന്നത്തെ ചന്ദ്രമതി  അവരൊക്കെ എത്ര ഉയരത്തിലാണ് നിൽക്കുന്നത് എന്നും നമ്മുടെ അതേ പ്രായമുള്ളവരിൽ നമ്മൊളൊന്നും ഒന്നുമല്ലെന്നുമുള്ള ഒരു തിരിച്ചറിവ് ഉണ്ടായി. എഴുത്തിനെ കുറേക്കൂടി ഗൗരവത്തിൽ സമീപിക്കാൻ അത് സഹായകമായി.

ചോ: അന്ന് സമ്മാനം കിട്ടിയവർ, തിളങ്ങി നിന്നവർ അക്കാലത്തെക്കുറിച്ചുള്ള ഓർമകൾ?
ഉ: ഒരുപാട് പേരുണ്ട്. നമ്മൾ തുടർച്ചയായി  അവരുടെ  നല്ല കഥകൾ വായിക്കുന്നു. ഏതൊക്കെയോ ഉയരങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിച്ചവർ വളരെ നിശ്ശബ്ദരായി പതുക്കെ രംഗത്തു നിന്നും നിഷ്‌ക്രമിച്ച് എവിടേയോ അപ്രത്യക്ഷമാകുന്നു. മറിയമ്മ പിന്നീട് കണ്ടെടുക്കപ്പെടുകയൊക്കെയുണ്ടായി. അതുപോലെ  സുമിത്ര വർമ്മ എന്ന ഒരെഴുത്തുകാരി. പിന്നെ ഗിരിജാ വാരിയർ. പ്രശസ്ത കഥാകാരി എന്ന നിലയിൽ അറിയപ്പെടേണ്ടിയിരുന്ന അവർ ഇന്ന് വേറെ  നിലയിൽ അറിയപ്പെടുന്നു – മഞ്ജു വാര്യരുടെ അമ്മ എന്ന പേരിൽ.

ചോ: റിഹേഴ്‌സൽ ക്യാമ്പ് എന്ന നോവലും കുങ്കുമം അവാർഡുമാണോ എഴുത്തുകാരൻ എന്നത് ഉറപ്പിച്ചത്?
ഉ: റിഹേഴ്‌സൽ ക്യാമ്പ് അങ്ങിനെ ഒരു ഒഴുക്കിൽ എഴുതിപ്പോയതാണ്. അതിനു ശേഷം എഴുതിയ കഥകളൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നും തിരിച്ചു വന്നില്ല.

ചോ: എന്നിട്ടും വളരെക്കുറച്ച് കഥകളേ എഴുതിയിട്ടുള്ളു. എഴുത്തിന്റെ കാലം വച്ചു നോക്കുമ്പോൾ  ഒരു വർഷം ശരാശരി 2-3 കഥകൾ?
ഉ: കുഞ്ഞുണ്ണി മാഷിന്റെ ഉപദേശം എന്നും മനസ്സിൽ ഉണ്ടായിരുന്നു. അന്നൊക്കെ മാത്യഭൂമി ആഴ്ചപ്പതിപ്പിന് ഒരു കഥ അയച്ചാൽ ഒരു ക്രമമുണ്ട്. ആ ക്രമത്തിലേ വരൂ. ഒരു കഥ വന്ന് മൂന്നുമാസമൊക്കെ കഴിയുമ്പോഴാകും  നമ്മുടെ അടുത്ത കഥ വരിക. നമ്മൾ നമ്മളെത്തന്നെ ആവർത്തിക്കാതിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. എഴുത്തുകാരന്റെ ശൈലിയൊന്നുമല്ല അത്. പേരു പോലും വായിക്കാതെ കഥയിൽ നിന്ന് എഴുത്തുകാരനെ തിരിച്ചറിയുന്നു എങ്കിൽ എഴുത്തുകാരൻ സ്വയം അനുകരിക്കുന്നു എന്നാണ് അർഥം. അതൊരു ദുരന്തമാണ്. അങ്ങിനെ ഒരു സംശയം വന്നപ്പോഴാണ് കഥയെഴുത്ത് കുറച്ചത്.

ചോ: ആദ്യ കാല ചില കഥകൾ വായിക്കുമ്പോൾ എം.ടി.യുടെ ഭാഷാശൈലി  സ്വാധീനിച്ചിട്ടുണ്ടോ  എന്നു സംശയം തോന്നും?
ഉ: തീർച്ചയായും  ഉണ്ട്. എം.ടി യുടെ ഭാഷ അപാരമാണ്. അത് സ്വാധീനിക്കാതെ വയ്യ. നല്ലE._Santhoshkumar കഥകൾ വായിച്ചാൽ നമുക്കൊരു കഥ എഴുതാൻ തോന്നും. തിരിച്ചുമതെ. ചീത്ത കഥകൾ അടുപ്പിച്ച് കുറെ വായിച്ചാൽ ഈ മാധ്യമത്തിനെ തന്നെ വെറുത്തുപോകും. ഈയടുത്ത് ഇ. സന്തോഷ്‌കുമാറിന്റെ മനോഹരമായ ഒരു കഥ വായിച്ചു. അതിന്റെ വായനാനുഭവും  തുടർന്നുള്ള ചിന്തകളുമാണ് ‘അവസാനത്തെ ശില്പം’ എന്ന കഥക്ക് പ്രേരണയായത്. സന്തോഷ്‌കുമാറിന്റെ കഥയുമായി  ഒരു ബന്ധവുമില്ല. പക്ഷേ നല്ലൊരു  കഥയുടെ വായന പുതിയൊരു കഥ എഴുതുവാൻ പ്രചോദനമായി എന്നു മാത്രം.

ചോ: കോളമെഴുത്ത് കഥാരചനയെ ബാധിക്കുന്നുണ്ടോ? പല അനുഭവങ്ങളും കഥകളാക്കാമായിരുന്നു എന്നു തോന്നാറുണ്ട്?
ഉ: അങ്ങിനെ പലരും പറയുന്നുണ്ട്. ചിലതെല്ലാം വായിച്ച് ഇത് കഥയാക്കാമായിരുന്നല്ലോ എന്ന് പറയുന്നവരുണ്ട്. കോളമെഴുത്ത് താല്കാലികമാണ്, നിലനിൽക്കില്ല, അത് എഴുത്തുകാരനും വായനക്കാരനും ഗുണം ചെയ്യില്ല എന്നുപദേശിക്കുന്നവരുമുണ്ട്. പക്ഷേ ഞാൻ കോളമെഴുത്തിനെ അത്ര നിസ്സാരമായല്ല കാണുന്നത്.  കഥ എഴുതുന്ന അത്ര ഗൗരവവും ശ്രമവും കോളമെഴുത്തിനും നല്കുന്നുണ്ട്. കഥയ്ക്കും യാഥാർത്ഥ്യത്തിനും അല്ലെങ്കിൽ യാഥാർത്ഥ്യത്തോട് ഭാവന കൂടി ചേർത്താണ് ഞാൻ എഴുതുന്നത്. പണ്ട് മാതൃഭൂമിയിൽ വിക്രമനൊക്കെ (സി ആര്‍ കേരളവര്‍മ്മ) എഴുതിയിരുന്നു. ഇംഗ്ലീഷിൽ Essay എന്നുപറയുന്ന രചനാരീതി ഇപ്പോഴുമുണ്ട്. ആ മാതൃകയിലാണ് ഞാൻ എഴുതുന്നത്. ഒരുപാടു പേർ ആസ്വദിക്കുന്നുണ്ട് അത്. ഞാൻ കഥ എഴുതും എന്നറിയാത്തവർ പോലും കോളങ്ങളും അനുഭവങ്ങളും സ്ഥിരമായി വായിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. അത് ആഹ്ലാദവും നല്കുന്നു.

വി എൻ ഹരിദാസ്, അഷ്ടമൂർത്തി. ചിത്രം: നവനീത് കൃഷ്ണൻ
വി എൻ ഹരിദാസ്, അഷ്ടമൂർത്തി. ചിത്രം: നവനീത് കൃഷ്ണൻ

ചോ: കോളമെഴുത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക അനുഭവങ്ങൾ ഓർമകൾ?
ഉ: ഒരിക്കൽ മലയാള പഠനഗവേഷണ കേന്ദ്രത്തിന്റെ വാർഷികത്തിന് എന്നെ ക്ഷണിച്ചു. അന്ന് സ്വാഗതം പറഞ്ഞ രേവതി എന്ന കുട്ടി ചുരുങ്ങിയ വാക്കുകളിൽ എന്റെ കഥകളെക്കുറിച്ച് ഉൾകാഴ്ചകളോടെ സംസാരിച്ചു. പിന്നീട് പരിപാടി കഴിഞ്ഞ് പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. വളരെ ശോഷിച്ച് ദുർബലയായ ഒരു പെൺകുട്ടി. കുറച്ചു നാളുകൾക്കുശേഷം പഠനഗവേഷണകേന്ദത്തിലെ അദ്ധ്യാപകൻ അമൃതയിലെ ‘കഥയല്ലിത് ജീവിതം’ കാണാറുണ്ടോ എന്ന് ചോദിച്ചു. നമ്മുടെ രേവതിയാണ് ഇപ്പോൾ അതിൽ എന്നു പറഞ്ഞു. യൂട്യൂബിലും  കിട്ടും.  ഞാനാ പരിപാടി  കാണാറില്ലായിരുന്നു. രേവതിയാണെന്നറിഞ്ഞപ്പോൾ  യൂടൂബിൽ  കണ്ടു. വളരെ ദുരിതമയമായ ജീവിതം. ‘കഥയല്ലിതു രേവതി’ എന്ന പേരിൽ ഞാനെന്റെ കോളത്തിൽ എഴുതി. അത് പിന്നീട് മനോരമ ഏറ്റെടുക്കുകയും  വലിയൊരു ഫീച്ചറായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് സർക്കാർ ആ കുട്ടിക്ക് കലാമണ്ഡലത്തിൽ ജോലി നൽകുകയും  മനോരമ തന്നെ നല്ല പാഠത്തിൽ ഉൾപ്പെടുത്തി അവർക്ക് വീട് വെച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥ സംഭവം  ആയതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഒരു കഥ എഴുതിയാൽ ഇത് സംഭവിക്കണമെന്നില്ല.

ചോ: എങ്ങിനെയാണ് ഈ കോളമെഴുത്തിലേക്ക് വരുന്നത്? അതിന്റെ  തുടക്കം?
ഉ: മനോരമ മഹാനഗരങ്ങളിൽ ബോംബെ, ഡൽഹി, ചെന്നൈ, കൽക്കട്ട എന്നിവിടങ്ങളിൽ മാത്രം മെട്രോ (ഇന്ന് ഇവിടേയും കിട്ടും) എന്ന പേജ് തുടങ്ങിയപ്പോൾ ബോംബെയിലെ ചില അനുഭവങ്ങൾ  ചോദിക്കുകയും അത് എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്തു. അത് പിന്നീട് ഒരു പുസ്തകമായി. പിന്നീട് ജനയുഗം  വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ അതിൽ എഴുതാൻ നിർബന്ധിച്ചു. അങ്ങിനെയാണ് തുടക്കം. അതിന്റെ പ്രധാന ആകർഷണം പാർട്ടി പ്രസിദ്ധീകരണമായിരുന്നു എന്നതാണു. എങ്കിലും; ഒരിക്കൽ ഹർത്താലിനെ വിമർശിച്ചെഴുതിയ ഒരു ലേഖനത്തിൽ ഒഴികെ; ഒരിക്കലും ഒരു വിധ കൈ കടത്തലുകളും ഉണ്ടായില്ല എന്നതാണ്. ഉള്ളടക്കം, സ്ഥലം, വലുപ്പം എല്ലാറ്റിലും  സമ്പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അത് കുറെയേറെക്കാലം നീണ്ടു. ഇപ്പോൾ ദേശാഭിമാനി വാരികയിൽ എഴുതുന്നുണ്ട്.

ചോ: പല എഴുത്തുകാരും ഇടതു സഹയാത്രികരും അനുഭാവികളുമാണ്. രാഷ്ട്രീയ കുടുംബ പശ്ചാത്തലമുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രത്യക്ഷ പാർട്ടി  പ്രവർത്തകനാകാതിരുന്നത്?
ഉ: അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളയാളായിരുന്നു. എങ്കിലും പാർട്ടി മെമ്പറായിരുന്നില്ല. പാർട്ടിയുടെ സൈദ്ധാന്തികനായിരുന്നു. ക്ലാസ്സുകൾ എടുക്കലായിരുന്നു ചുമതല. പാർട്ടിക്കുവേണ്ടി ക്യാംപയിനു വേണ്ടിയൊക്കെ പോകുമായിരുന്നു. ഇടത് അനുഭാവിയൊക്കെയാണെങ്കിലും പ്രത്യക്ഷപാർട്ടി വിധേയത്വം എഴുത്തുകാരന് ഭൂഷണമല്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണു ഞാൻ. എഴുത്തുകാരൻ സ്വതന്ത്രനായി നിൽക്കണം. പാർട്ടിയേയും ഇടതുപക്ഷത്തേയും എല്ലാം നിശിതമായി വിമർശ്ശിക്കാൻ കഴിയുന്നത് എഴുത്തുകാരന് വിധേയത്വമില്ലാത്തതുകൊണ്ടും  പാർട്ടിയും ഭരണവും അധികാരവും നൽകുന്ന എല്ലാ സൗജന്യങ്ങൾക്കും അതീതനായി സ്വതന്ത്രനായി ഉയർന്നു നിൽക്കുന്നതുകൊണ്ടുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചോ: ചില എഴുത്തുകാർ പാർട്ടിക്കാർ പോലും  ന്യായീകരിക്കാൻ മടിക്കുന്ന കാര്യങ്ങളെ അന്ധമായി ന്യായീകരിച്ച  രംഗത്ത്  വരുന്നത് കാണുന്നില്ലേ? അതിനോട് എങ്ങിനെ പ്രതികരിക്കും?
ഉ: സങ്കടകരമാണത്. പാർട്ടി ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരെ നാണിപ്പിക്കുന്ന വിധത്തിൽ  ന്യായീകരണവുമായി എഴുത്തുകാരൻ രംഗത്തുവരുമ്പോൾ താനിന്നോളം എഴുതിയ തന്റെ രചനകളെത്തന്നെ റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്. ആത്മാർത്ഥതയില്ലാത്ത, സത്യസന്ധത  കൈമോശം വന്ന എഴുത്തുകാരന്റെ രചനകളിലും അത് പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം.

ചോ: face book പോലുള്ള നവമാധ്യമങ്ങൾ  എങ്ങിനെ കാണുന്നു?
ഉ: വലിയോരു സാദ്ധ്യതയാണ്  സമൂഹ മാദ്ധ്യമങ്ങൾ  തുറന്നിട്ടത്. വലിയ  വലിയsatheeshdr2 വായനക്കാരുണ്ട്. നിശബ്ദമായി നല്ല രചനകൾ തേടിപ്പിടിച്ച് വായിക്കുന്നവർ. അവരാരും എഴുതിയിരുന്നില്ല. പക്ഷേ നവമാധ്യമങ്ങൾ വന്നതോടുകൂടി അവർ എഴുതാൻ തുടങ്ങി. അവർക്ക് ധാരാളം വായനക്കാരുമുണ്ടായി. ഡോ. സതീഷ് കുമാറിനെപ്പോലുള്ള ഒരു എഴുത്തുകാരനൊക്കെ സമൂഹമാധ്യമങ്ങളുടെ സാദ്ധ്യതകളുടെ കണ്ടെത്തലാണ്.

ചോ: പുതിയ ധാരാളം എഴുത്തുകാരെ അവരുടെ രചനകളെ പ്രകീർത്തിച്ചുകൊണ്ട് എഴുതാൻ മടികാണിക്കാറില്ല. അതും എഴുത്തുകാർക്കിടയിലെ അപൂർവ്വതയാണ്?
ഉ: നമുക്ക് ചെയ്യാൻപറ്റുന്ന വളരെ ചെറിയ കാര്യമാണ് ഒരു നല്ല കൃതി ദൃഷ്ടിയിൽപ്പെട്ടാൽ

ഹാരിസ് നെന്മേനി
ഹാരിസ് നെന്മേനി

അത് താൽപര്യമുള്ളവർക്കു കൂടി ചൂണ്ടിക്കാണിക്കുക എന്നത്. വായനയുടെ ആഹ്ലാദം അവരും അനുഭവിക്കട്ടെ. വൻകിട പ്രസാധകരോ ലബ്ധ പ്രതിഷ്ഠരായ  എഴുത്തുകാരോ അല്ലാത്തതുകൊണ്ടുമാത്രം പുസ്തകങ്ങളുടെ ഈ മലവെള്ളപ്പാച്ചിലിൽ അവരൊക്കെ ശ്രദ്ധിക്കപ്പെടാതെ  പോകരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് നമുക്ക് ചെയ്യാൻപറ്റുന്ന ചെറിയ ഒരു കാര്യം  നമ്മൾ ചെയ്യുന്നു അത്ര മാത്രം. ഹാരിസ്  നെന്മേനി, മനോജ് വെങ്ങോല തുടങ്ങിയവരുടെ രചനകൾ  കൂടുതൽ ശ്രദ്ധയും പരിഗണനയും അർഹിക്കുന്നുണ്ട്.

ചോ: പുതിയ കഥകൾ, രചനാ പദ്ധതികൾ
ഉ: ഒരു കഥ ശാന്തം മാസികയിൽ വരുന്നുണ്ട്. തല്ക്കാലം വേറെയൊന്നുമില്ല. കഥയെഴുത്തിന്റെ ആഹ്ലാദം പഴയതുപോലെ ലഭിക്കാത്തതുകൊണ്ട് എഴുതുന്നില്ല എന്നു മാത്രം. കഥയെഴുത്ത് പോലുള്ള സർഗ്ഗാത്മക പ്രവർത്തികൾ എത്രകാലം മുന്നോട്ടുകൊണ്ടുപോകാൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഉറവ വറ്റിയാൽ എഴുത്തും നിൽക്കണമല്ലോ.

 

Comments

comments