• സമ്പത്തും സാമ്പത്തിക വിനിമയങ്ങളും ഈ കൃതിയിൽ എങ്ങനെ എന്ന അന്വേഷണം തുടരുമ്പോൾ സ്വാഭാവികമായും നമ്മൾ സാമൂഹ്യചിത്രങ്ങളിലേക്കു പോകേണ്ടതുണ്ട്; ഒറ്റക്കിരിക്കുമ്പോള്‍  ഒരുവനെ അലട്ടുന്ന സാമ്പത്തികപ്രശ്നങ്ങൾ അയാളുടെ സാമൂഹ്യ ഇട പെടലുകളുടെ അനന്തരഫലമാണെന്നതിനാൽ. ആൾക്കൂട്ടം ഇതിൽ എങ്ങനെ നിർണ്ണീതമായി വരുന്നു.. രാമുമാഷിന്റെ ജീവിതത്തിലെ പൊതുമയുടെ സ്വാധീനം എന്തെന്ന നോട്ടം കൂടിയാണത്.

  • ആൾക്കൂട്ടം ഒരു കലാരൂപത്തിലേക്കു അവരോധിക്കപ്പെടുന്നതിന്റെ രസതന്ത്രം വിചിത്രവും വൈവിധ്യാത്മകവുമത്രെ. സാഹിത്യത്തിലും സിനിമയിലും താരതമ്യേന അയത്നലളിതമാണെങ്കിലും ചിത്രകലയിൽ അത് സാങ്കേതിക വൈദഗ്‌ധ്യം കൂടി ആവശ്യപ്പെടുന്ന ഒന്നാണ്. ഒരു ആൾക്കൂട്ടത്തെ – അതിന്റെ മനഃശാസ്ത്രത്തെ – അവതരിപ്പിക്കാൻ ചലച്ചിത്രകാരനായ അരവിന്ദന് എങ്ങനെ കഴിഞ്ഞു? സാധാരണ ഗതിയിൽ കാർട്ടൂണ്‍ അതി വർണ്ണനയുടെയും  വികലവൽക്കരണത്തിന്റെയും  ഉദാഹരണങ്ങൾ ആണ്. കാർട്ടൂണ്‍ എന്നാൽ പരിഹസിക്കാൻ ഉള്ളതാണെന്ന ലളിത ബോധം ആണ് അതിനു പിന്നിൽ ഉള്ളത്. പുച്ഛവും അമര്‍ഷവും നിന്ദയും ഫലിതവും എല്ലാം ചേർന്ന് കാർട്ടൂണ്‍ കഥാപാത്രങ്ങൾ ബുദ്ധിപരമായ വക്രീകരണത്തെ സാക്ഷ്യപ്പെടുത്തുന്നു. ”ചെറിയ മനുഷ്യരുടെ ” ആൾരൂപങ്ങൾ എങ്ങനെ കാണപ്പെട്ടു? അരവിന്ദനിലെ ചലച്ചിത്രകാരനെ ആണ് നാം ഇവിടെ ഓര്‍ക്കുക. ഒരു ചലച്ചിത്രകാരന്റെ വീക്ഷണ കോണിൽ ആണ് അദ്ദേഹം ഇതിനുള്ള ചിത്രീകരണം നടത്തിയത്.

  • വ്യക്തി-സമഷ്ടി ചിത്രണങ്ങളിൽ ഒരു പോലെ സൂക്ഷ്മമായ കയ്യടക്കം വേണ്ടതാണ്. കാർട്ടൂണിലെ വരകൾക്ക് ക്രമാനുഗതമായ വളർച്ച സംഭവിക്കുന്നത് നമുക്ക് കാണാം. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കാണല്ലോ എല്ലാ കലകളുടേയും ചലനം നടക്കുക. ഇവിടെയും വാചാലതയിലേക്ക് ഇടക്ക് കടന്നു പോകാനുള്ള പ്രവണത കുറയുകയും ധ്വനിപ്പിക്കാനുള്ള കഴിവ് കൂടുതൽ നേടിയെടുക്കുകയും ആണ് ഉണ്ടായത്. കുറച്ച് വരകളും  കൂടുതൽ ശൂന്യ ഇടവും ക്രമീകരിച്ചു കൊണ്ട് ആശയപരമായ ഒരു ഏകാഗ്രതയിലേക്ക് അടുക്കുന്നു എന്ന് കാണാം. ഒരു പക്ഷേ കാർട്ടൂൺ ചിത്രീകരണങ്ങളിൽ ഏറെക്കുറെ കാണുന്നതാണ് ഇത്. ഈ ലോകം വലിയതും അതിലെ മനുഷ്യർ ചെറുതും ആണെന്ന വിധി വാക്യം വായനക്കാർക്കിടയിലേക്ക് പ്രകാശിപ്പിക്കണമെങ്കിൽ ആൾക്കൂട്ടത്തിന്റെ വിവിധ ഇടപെടലുകൾ മനുഷ്യന്റെ ഏകാന്തതയിലേക്കും ആശയലോകത്തിലേക്കും എങ്ങനെ വന്നു ചേരുന്നു എന്ന് പറഞ്ഞ് ഫലിപ്പിക്കേണ്ടതുണ്ടല്ലോ. ചിത്രകലയുടെ സാങ്കേതികത്തികവ് ഒരർത്ഥത്തിൽ ഇതിനെളുപ്പമേകുന്നുണ്ട്. വരകളിൽ കയ്യടക്കമുള്ള ഒരു കാർട്ടൂണിസ്റ്റിന് അതിവിദഗ്ദ്ധമായി ചെയ്തു കാണിക്കാമിത്. അങ്ങനെ ആൾക്കൂട്ടം വരുന്ന സന്ദർഭങ്ങളിൽ നിസ്വനും നിസ്സഹായനുമായി നിൽക്കുന്ന മനുഷ്യനെ നാമനുഭവിക്കുന്നു. സാമൂഹ്യ ഇടപെടലുകളിൽ ഓരോ വ്യക്തിയും ഒറ്റക്കും കൂട്ടായും നിർമ്മിക്കുന്ന വൈകാരിക ശൃംഖലകൾ ഉണ്ട്. വൈചാരികവും അവയുടെ അന്യോന്യ കൂടിപ്പിണയലുകൾ ഉണ്ടാക്കുന്ന ശ്രേണീ ബന്ധിതമായ വ്യാപാരങ്ങളുമാണ്  സമൂഹത്തെ ചലനാത്മകമാക്കുന്നത്. ചിത്രത്തിൽ ഭംഗിയായി വിനിമയം ചെയ്യാവുന്ന ആശയമാണിത്. കാർട്ടൂണിസ്റ്റ് ഉപയോഗിക്കുന്ന ഓരോ “പ്രോപ്പർട്ടി” ക്കും അവിടെ വലിയ സംഭാവനകൾ നൽകാനുണ്ട്. ലീലയാൽ തിരസ്കൃതനാവുന്ന താൻ എന്ന ചിന്ത ഉള്ളിൽ ശല്യം ചെയ്യുന്ന രാമുവിനെ കാണിക്കുമ്പോൾ മൂലക്ക് വെച്ചിരിക്കുന്ന സ്പിറ്റൂൺ തുടങ്ങിയവ ഉദാഹരണം. ഏകാകിയായ മനുഷ്യന്റെ ചുറ്റിലും ഉള്ള ശബ്ദായമാനപ്രപഞ്ചം കാർട്ടൂണിലൂടെ സംവദിക്കുമ്പോൾ കിട്ടുന്ന പ്രതീതി.

    വിഷയത്തിലേക്ക് വരാം.

  • രാമുവിന്റെ ബാഹ്യഇടപെടലും ജീവിതവും സൃഷ്ടിക്കുന്ന ചിന്തയോ ആശയമോ സമ്പദ്ഘടനയുടെ വിചിത്രവിതരണത്തെക്കുറിച്ചുള്ളതാണ്. ഈ കാര്‍ട്ടൂണ്‍ പരമ്പരയിൽ മാറിമാറി പ്രമേയപരിസരം ആകുന്നതു മതം, രാഷ്ട്രീയം, അധികാരം എന്നിവയാണ്. ഇവ മൂന്നും കൃത്യമായി പണം എന്ന ഘടകത്തിൽ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു. സ്വകാര്യസ്വപ്നങ്ങളിലും ഈ അധികാരവും പണവും രാമുവിനെ വിട്ടൊഴിയുന്നില്ല.

  • രാമു കാണുന്ന സ്വപ്നം

  • അധികാരത്തിന്റെ ഉന്നതവിഹായസ്സാണ് സ്വപ്നം. ഓച്ഛാനിച്ചു പിന്നിൽ പതുങ്ങുന്ന ശിപായി ആണതിൽ മുഖ്യം. പക്ഷെ ജോലി തേടാൻ കളത്തില്‍ ഇറങ്ങിയ രാമു ഈ വ്യാമോഹത്തിൽ അടിപ്പെടുന്നില്ല എന്ന് കാണാം. സാമ്പത്തികനില ഭദ്രമെന്നു ചിന്തിക്കുന്നത് മഹാഭാഗ്യമായി കാണുന്ന പൊതുജനത്തിന്റെ നാനാ പ്രതികരണങ്ങളിലൂടെ രാമുവിന്റെ ജീവിതം നീങ്ങുന്നു.

  • നാനാതരം തൊഴിൽ സംസ്‌ക്കാരത്തെ അരവിന്ദൻ കാണിക്കുന്നുണ്ട്. ഇന്ന് വിമര്‍ശന രീത്യാ നോക്കുമ്പോൾ രസകരമായ പലതും കാണുന്നു. ജോലിയെക്കുറിക്കുന്ന ഒരു തത്വം ഉണ്ടെങ്കിൽ അത് തത്വദീക്ഷയില്ലാത്തതായിരിക്കുന്നു. എല്ലാ ജോലിക്കും, എങ്ങും പണം വാരൽ മാത്രം ലക്ഷ്യമാക്കുന്നു എന്നതത്രെ. അദ്ധ്യാപക ജോലിയെ മാത്രം കുറച്ചു മാന്യമായി അവതരിപ്പിക്കുന്നുണ്ട്. ദു:ഖവും രോഷവും പുച്ഛവും നിരാശയും മാറിമറിഞ്ഞുകൊണ്ട് രാമുമാഷിൽ നുരയിടുന്നു. ചിലപ്പോളൊക്കെ ഗുരുജി സാക്ഷിയായി നിൽക്കുന്നു. താനുൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഏതു വിധത്തിൽ വഞ്ചിക്കപ്പെടുന്നു എന്ന് രാമുവിന് ബോധ്യപ്പെട്ടുതുടങ്ങുമ്പോൾ മുതൽ മൂല്യനിരാസത്തിന്റെ കടുംചാരനിറം അന്തരീക്ഷത്തിൽ പടരുന്നു. മൂകസാക്ഷി എന്ന നിലപാടിൽ നിന്നു മാറി രാമു ഗുണഭോക്താവായി മാറുന്നു.

  • ചുറ്റുമുള്ള നാട്ടുകൂട്ടങ്ങൾ, റെയിൽവേസ്റ്റേഷൻ, മാർക്കറ്റ്, ടൗണ്ഹാൾ തുടങ്ങിയ പൊതുവിടങ്ങൾ, കല്യാണം, ഇലക്ഷൻ, ഉത്സവം തുടങ്ങിയ പൊതുപരിപാടികൾ.. ഇങ്ങനെ രാമുവിന്റെ ജനസമ്പർക്കവേദിയും അവസരവും വിവിധരീതിയിൽ കാലത്തിന്റെയും പ്രദേശത്തിന്റെയും മൂല്യബോധത്തെ അലിഖിതമായി പതിക്കുന്നുണ്ട്. ജനനിബിഡ സ്ഥലങ്ങള്‍ ജീവിതത്തെക്കുറിച്ചുള്ള പാഠങ്ങൾ തരുന്ന കളരിയാണ്.രാമു ചിന്താധീനനും ഏകാകിയുമായി നിൽക്കുന്നിടത്താണ് പല സ്ട്രിപ്പുകളും അവസാനിക്കുന്നത്.

നിരവധി അനുഭവങ്ങളുടെ സമാകലനം. അരവിന്ദൻ ആവർത്തിച്ചു പറയാൻ ശ്രമിക്കുന്ന ഒന്നുണ്ട്. അത് രാമുമാഷ് ഈ വലിയ ലോകത്തു ഒറ്റക്കാണ് എന്നതാണ്. അക്കാലത്തെ ദാർശനിക നിലപാടുകൾ എങ്ങനെയായിരുന്നു എന്ന അന്വേഷണം ആകാം. അവ സാമ്പത്തിക അടിത്തറയ്‌ക്കു മേൽ പണിഞ്ഞത്  ഏത് വിധമെന്നും. നവോത്ഥാനത്തിനു ശേഷമുള്ള ഏറെക്കുറെ ലിബറൽ ആയെന്നു പറയാവുന്ന സാമൂഹികാന്തരീക്ഷം, ജാതിമത സ്പര്ധകൾ കാര്യമായില്ല, ബൂർഷ്വാ എന്ന വിളി തികഞ്ഞ അശ്ലീലമായി തോന്നുന്ന ചിന്താപരിസരം, എന്നാലും ഹിഡണ്‍ അജണ്ടകളായി പല കുടുംബ, സമൂഹ തലത്തിലും ചില പിന്തിരിപ്പൻ ആശയങ്ങള്‍ കൊടികുത്തി വാഴുകയും ചെയ്യുന്നു. സാമ്പത്തിക ഭദ്രത കൈവരിക്കുന്നത് കുറ്റകരമാണെന്ന ബുദ്ധിജീവിനാട്യം, പണത്തിനും പദവിക്കും വേണ്ടിയുള്ള നെട്ടോട്ടങ്ങൾ, ഇത് രണ്ടുമില്ലാത്തതിന്റെ പേരിൽ തഴയപ്പെടുന്ന പ്രണയമനസ്സുകൾ…അങ്ങനെ മുതലാളിത്തത്തെ ജയിപ്പിക്കുന്ന സാമൂഹ്യമനോഭാവങ്ങൾ. സ്വയംതൊഴിൽ, ഗ്രാമീണവ്യവസായം, ഗ്രാമീണോദ്ഗ്രഥനം എന്നതൊക്കെ ഗാന്ധിയൻ ആദര്ശങ്ങളുടെ ഭാഗമായി ഇന്ത്യയൊട്ടാകെ അലയടിച്ചതാണെങ്കിലും അത് ആരും ചെവിക്കൊണ്ടിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതിലെ സാമൂഹ്യചിത്രം. ഗ്രാമീണമേഖലയിലെ തൊഴിൽ അവസരങ്ങളെപ്പറ്റി എത്ര സങ്കുചിതമാണ് രാമുമാഷിന്റെ ചിന്തകൾ. രണ്ട് തരത്തിൽ അത് പ്രകടമാകുന്നുണ്ട്. ഒന്ന് ജോലിയെന്നാൽ വൈറ്റ്‌കോളർ തന്നെ;വേറിട്ട വഴിയിൽ ചിന്തിക്കാത്ത ബുദ്ധിജീവിവർഗം രണ്ടാമത്തേത്.

Comments

comments