മീന കന്തസാമിയുടെ When I Hit You എന്ന നോവലിന്റെ നിരൂപണം.

ലെനിന്റെ കണ്ണീരും ഭാര്യയുടെ നിര്‍വര്‍ഗീകരണവും

അപൂര്‍ണമായ തലക്കെട്ട്‌ തന്നെയാണ് ഈ നോവലിന്റെ വിഷയത്തിന്റെ ഏറ്റവും പ്രസക്തമായ വിപുലീകരണം. ‘ ഞാന്‍ നിന്നെ മര്‍ദ്ദിക്കുമ്പോള്‍’ എന്ന് തലേക്കെട്ട് അര്ധോക്തിയില്‍ നിര്‍ത്തുമ്പോള്‍, അതിന്റെ മറ്റേ പകുതി ഇരുളടഞ്ഞു കിടക്കുന്നു. ആ നിഴല്‍ പ്രദേശമാണ് നോവലിന്റെ അടിസ്ഥാനം. അതൊരു കൊടിയ വഞ്ചനയുടെ കഥയാണ്. എല്ലാ അധികാരരൂപങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി ആത്മവഞ്ചനാപരമായ ചിന്താപദ്ധതികളിലൂടെയും അതിനു കരുത്തു നല്‍കപ്പെടാന്‍ മാത്രം സ്വരൂപിക്കപ്പെട്ട ഒരു ഭാഷാക്രമത്തിന്റെ സഹായത്തോടെയും തന്നില്‍ ഉറഞ്ഞുകിടക്കുന്ന പുരുഷാധികാരസ്വത്വത്തെ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതിന്റെ കഥ.

യഥാര്‍ഥത്തില്‍, ഇത് ഭാഷാപ്രയോഗത്തിന്റെ കഥയാണ്. തലക്കെട്ട്‌ തന്നെ ഈ കഥയിലെ പുരുഷന്‍ എഴുതുന്ന ഒരു കവിതയുടെ ആദ്യവരികളാണ്. അതെഴുതുന്നത്‌, എഴുത്തുകാരിയായ തന്റെ ഭാര്യയെ ( നായികയെ) മറികടക്കാനുള്ള വെമ്പലിന്റെ ഭാഗമായാണ്.

“ ഈ വിവാഹബന്ധത്തില്‍ ഞാനാണ് മര്‍ദ്ദനം ഏറ്റുവാങ്ങുന്നത്, പക്ഷെ, അയാളാണ് കവി. അയാള്‍ എഴുതിയ ഒരു കവിതയുടെ പ്രാരംഭവരികള്‍ ഇങ്ങനെ –

`ഞാന്‍ നിന്നെ മര്‍ദ്ദിക്കുമ്പോള്‍ 

കോമ്രേഡ് ലെനിന്‍ കണ്ണീര്‍ പൊഴിക്കുന്നു.’

ഞാന്‍ കരയുന്നു. അയാള്‍ രേഖകള്‍ ചമയ്ക്കുന്നു. വിവാഹമെന്ന സ്ഥാപനം അതിന്റേതായ തൊഴില്‍വിഭജനം നടത്തുന്നു.”

അയാള്‍ ഉദ്ദേശിക്കുന്നത് ഇതാണ് – എന്റെ വിശ്വാസധാര അനുസരിച്ചു ഞാന്‍ നിന്നെ മര്‍ദ്ദിച്ചുകൂട. പക്ഷെ, നീ എന്നെ ക്കൊണ്ട് അത് ചെയ്യിക്കുന്നു. കാരണം നീ വെറുമൊരു പെറ്റിബൂര്‍ഷ്വാ ഭാര്യയാണ്. നിന്റെ എഴുത്ത് എന്നത് വ്യഭിചാരമാണ്. തൊഴിലാളി സ്ത്രീകളുടെ ദൈന്യത നിറഞ്ഞ ജീവിതത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഫെമിനിസ്ടാണ് നീ. നിനക്ക് നിന്റെ പഴയ കാമുകന്മാരെ കുറിച്ചുള്ള ചിന്ത മാത്രമേ ഉള്ളൂ. ഭോഗചിന്തയാണ് നിന്നെ ഭരിക്കുന്നത്‌. നിന്റെ ഉടുപ്പ്, നടപ്പ് ഒന്നും ശരിയല്ല. നിന്നെ അതില്‍ നിന്ന് മോചിപ്പിച്ച്‌ വര്ഗാതീതചിന്തയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഒരു പുരുഷനും, ഭര്‍ത്താവും, വിപ്ലവകാരിയുമായ എന്റെ കടമ. അതിനു വേണ്ടിയാണ് ഞാന്‍ നിന്നെ തല്ലുന്നത്. തൊഴിക്കുന്നത്, മുടിക്ക് കുത്തിപ്പിടിക്കുന്നത്, ബെല്‍റ്റൂരി അടിക്കുന്നത്, കഴുത്തു ഞെക്കുന്നത്, കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുന്നത്. ഇതെല്ലാം ഞാന്‍ ചെയ്യേണ്ടിവരുന്നത് നീ ഒരു പെറ്റി ബൂര്ഷ്വയും, വ്യഭിചാരിണിയും, കണ്ടാറോളിയും, വിപ്ലവകാരിയായ ഭര്‍ത്താവിനെ അനുസരിക്കാത്തവളും ആയതു കൊണ്ടാണ്. എന്റെയും (നിന്റെയും) കഷ്ട്ടപാട് കണ്ടാണ്‌ ലെനിന്‍ കണ്ണീര്‍ പൊഴിക്കുന്നത്. ബാധകൂടിയ പെണ്ണിനെ പൂജാരി ഉച്ചാടനകര്‍മത്തിന് വേണ്ടി പുലരുവോളം പുളിവാര്‍ കൊണ്ട് അടിക്കുന്നതു കാണുന്ന ബന്ധുക്കളുടെതിനു സമാനമായ കണ്ണീരാണ് ബൂര്‍ഷ്വാവര്‍ഗസ്വഭാവം ബാധിച്ച നിന്നെ ഞാന്‍ കമ്പ്യൂട്ടര്‍ കേബിള്‍ കൊണ്ട് അടിക്കുമ്പോള്‍ ലെനിന്‍ പൊഴിക്കുന്നത്.

പറഞ്ഞില്ലേ, ഇത് ഒരു ആത്മവഞ്ചനയുടെ കഥ മാത്രമല്ല, ഒരു ഭാഷാവഞ്ചനയുടെ കഥ കൂടിയാണ്. കാരണം, ഏറ്റവും വിപ്ലവകരമാവണം എന്ന് ഉദ്ദേശിക്കപ്പെട്ട ഒരു ഭാഷയെ വക്രീകരണത്തിലൂടെ പുരുഷാധികാരഭാഷയായി മാറ്റിത്തീര്‍ക്കുകയാണ് ഇവിടെ. പുറമേ വിപ്ലവകരവും അകമേ പുരുഷാധികാര പ്രമത്തതയുള്ളതുമായ ഈ ഭാഷ പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന എല്ലാ സംഘടനകളിലും, സമൂഹങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ഭാഷയാണ്‌. മീനയുടെ നോവലില്‍ ഈ രണ്ടു ഭാഷകളും നേര്‍ക്ക്‌ നേര്‍ വരുന്നു.

DBjXd8_V0AAmQGf

ഇവിടെ ഭര്‍ത്താവ് തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താന്‍ ഭൂട്ടാനില്‍ വരെ അട്ടിമറി നടത്താന്‍ ശ്രമിച്ച ഒരു പോരാളിയായിട്ടാണ്. ജാര്ഖണ്ടില്‍ നിന്ന് അയാള്‍ ഏകെ 47 തോക്കുകള്‍ ജീപ്പില്‍ കടത്തി കൊണ്ടുവന്നിട്ടുണ്ട്. മൂന്നു വര്‍ഗശത്രുക്കളെ അയാള്‍ വക വരുത്തിയിട്ടുണ്ട്. ഇപ്പോഴും ഒളിവില്‍ ആണ്. മാംഗളൂരിലെ ഒരു കോളേജില്‍ അയാള്‍ ഒളിവില്‍ പഠിപ്പിക്കയാണ്. പോലിസ് അയാള്‍ക്ക് പുല്ലാണ്. അയാള്‍ സ്വന്തം ജന്മദിനം ആഘോഷിക്കുന്നത് ഭഗത്സിങ്ങിന്റെ രക്തസാക്ഷി ദിനത്തില്‍ ആണ്. മാത്രമല്ല, ഒന്നാന്തരം ഒരു മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്- മാവോയിസ്റ്റ് സൈദ്ധാന്തികന്‍ കൂടെയാണ് അയാള്‍. എന്തിനെയും ആ കാഴ്ചപ്പാടിലൂടെ സിദ്ധാന്തവല്‍ക്കരിക്കാന്‍ അയാള്‍ക്ക്‌ കഴിയും. പല വിഷയങ്ങളില്‍ അയാള്‍ പ്രകടിപ്പിക്കുന്ന പ്രത്യയശാസ്ത്രപരമായ ജ്ഞാനം അത്ഭുതകരമാണ്.

ലിപ്സ്ടിക്:

ഒരു നാള്‍ ഒരു പ്രതിക്ഷേധസമരത്തില്‍ പങ്കെടുക്കാന്‍ അവര്‍ രണ്ടു പേരും പുറത്തു പോകുന്നു. അതൊരു വലിയ നഗരമാണ്. അവള്‍ അല്‍പ്പം കണ്മഷിയും ഇത്തിരി ലിപ്സ്ടിക്കും പുരട്ടുന്നു. അയാള്‍ കുപിതനാവുന്നു.

“ നിന്റെ ഹാന്‍ഡ്ബാഗും ലിപ്സ്ടിക്കും കൊണ്ട് നീ തത്തി തത്തി നടന്നാല്‍ തൊഴിലാളിവര്‍ഗസ്ത്രീകള്‍ നിന്നെ മാനിക്കില്ല. അവര്‍ കരുതും നീയൊരു വേശ്യയാണെന്ന്.”

“ വേശ്യകള്‍ തൊഴിലാളികള്‍ അല്ലെ?”

അയാള്‍ക്ക് കലി കയറുന്നു.

“നിന്നെപ്പോലത്തെ ഒരു പെറ്റിബൂര്‍ഷ്വാവേശ്യയല്ല. കമ്മ്യൂണിസത്തില്‍ വേശ്യാവൃത്തി ഉണ്ടാവില്ല. കമ്മ്യൂണിസത്തില്‍, നിന്നെപ്പോലത്തെ ഒരു പെറ്റിബൂര്‍ഷ്വാസ്ത്രീയ്ക്ക് അവളുടെ പ്രത്യേകാവകാശങ്ങള്‍ അടിയറ വെക്കേണ്ടി വരും. ലിപ്സ്ടിക് പുത്തന്‍ ജനാധിപത്യ വിപ്ലവത്തെ അതിജീവിക്കില്ല. മുന്നൂറു രൂപ വിലയുള്ള ഈ ലിപ്സ്ടിക് സമൂഹത്തിനു ആവശ്യമുള്ളതല്ല. ഛത്തീസ്ഗഡിലെ ഒരു ആദിവാസിസ്ത്രീയ്ക്ക് കിട്ടുന്ന ആഴ്ചക്കൂലിയെക്കാള്‍ വിലയുള്ള ഈ ലിപ്സ്ടിക് നിലനില്‍ക്കുന്നത് പെറ്റിബൂര്‍ഷ്വാ കൊടിച്ചിപട്ടികള്‍ക്ക് അവര്‍ക്ക് കടി മൂത്തിരിക്കയാണെന്ന സിഗ്നല്‍ അയക്കാനും തങ്ങള്‍ ലൈംഗികമായി ലഭ്യമാണെന്ന സന്ദേശം അയക്കാനുമാണ്‌. ഈ ലഭ്യതയുടെയും കൈമാറ്റത്തിന്റെയും ബിംബമാണ് ഈ ലിപ്സ്ടിക്, അതല്ലാതെ അതിനു ഭംഗിയൊന്നും ഇല്ല.”

പ്രത്യയശാസ്ത്രപരമായി എന്ത് വലിയ ശരിയാണ് അയാള്‍ പറയുന്നത്! പക്ഷെ, സ്ത്രീ-പുരുഷ ബന്ധത്തിന്റെ വിചിത്രമായ ഈ ഇഴുകലില്‍ അയാള്‍ ഉദ്ദേശിക്കുന്നത് മറ്റൊരു പുരുഷന്‍ അവളില്‍ ആക്രുഷ്ട്ടനാവരുത് എന്ന ഒറ്റ ലക്ഷ്യമാണ്‌. അവളെ ഒരു പണിക്കും പോകാനും അയാള്‍ സമ്മതിക്കുന്നില്ല. അതിന്റെ കാരണവും അത് തന്നെ. അയാള്‍ തന്റെ വിശ്വാസപ്രമാണത്തെയും അത് നല്‍കുന്ന ഭാഷാപാടവത്തെയും തനിക്കു അനുകൂലമാക്കി തന്റെ പുരുഷാധികാരത്തെ ഊട്ടിയുറപ്പിക്കുകയാണ്.

ഇന്റര്‍നെറ്റ്‌ പാസ്സ്‌വേര്‍ഡ്‌ ഫേസ്ബുക്ക്

ഭര്‍ത്താവ് ഒരു തീപ്പെട്ടിക്കൊള്ളി ഉരയ്ക്കുന്നു. സ്വന്തം കൈമുട്ടില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും അത് ചെയ്യുന്നു. ഭാര്യയുടെ ശ്രദ്ധ ലഭിച്ച ഉടനെ അയാളുടെ ഡിമാണ്ട്‌ വെളിവാക്കുന്നു. “ ഫേസ്ബുക്ക് കളയ്! “ ഇത് ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ തന്റെ നയം മേല്‍പ്പറഞ്ഞ പ്രത്യയശാസ്ത്രഭാഷയില്‍ വെളിവാക്കുന്നു –

“ ഫേസ്ബുക്ക് നാര്സിസിസ്സം ആണ്. എക്സിബിഷനിസം ആണ്. സമയം പാഴാക്കലാണ്. നീ നിന്നെ കുറിച്ചുള്ള വിവരങ്ങള്‍ നേരെ CIAയ്ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ്, അങ്ങനെ RAWയ്ക്ക്, IBയ്ക്ക്, എന്നെ പിന്തുടരുന്ന എല്ലാവര്ക്കും. ഈ മൈരെല്ലാം നോക്കിയിരിക്കാന്‍ ആളുണ്ട്. നിന്റെ ജീവിതം ആളുകള്‍ക്ക് ഒളിഞ്ഞു നോക്കി ആസ്വദിക്കാനുള്ള ഒരു തുളയായിരിക്കാം, പക്ഷെ ഞാന്‍ ഒരു വിപ്ലവകാരിയാണ്. എന്നെ അപകടത്തില്‍ ആക്കാന്‍ നിന്നെ ഞാന്‍ സമ്മതിക്കില്ല.” അവള്‍ സമ്മതിക്കുന്നത് വരെ അയാള്‍ തീപ്പെട്ടി കത്തിക്കയും സ്വയം പൊള്ളിക്കയും ചെയ്യുന്നു. അവള്‍ ഫേസ്ബുക്ക് ഡിആക്ടിവേറ്റ് ചെയ്യുന്നു.

ഇവിടെ, അയാള്‍ കളിക്കുന്ന കളി അവള്‍ക്കു മനസ്സിലാവാതെയല്ല. വിപ്ലവകാരി എന്ന ലേബലില്‍ അയാള്‍ ചെലുത്തുന്ന നാടകീയതയും അവള്‍ക്കു അറിയാം. പക്ഷെ, ഈ ഭ്രാന്തമായ കളിയില്‍ പങ്കു ചേരാന്‍ അവള്‍ക്കു വയ്യ.

അവള്‍ കീഴടങ്ങുന്നു. പക്ഷെ, ഇത് പടിപ്പടിയായുള്ള കീഴടങ്ങലുകള്‍ ആണ്. അവളുടെ പാസ്സ്‌വേര്‍ഡ്‌കള്‍ അയാള്‍ കൈക്കലാക്കുന്നു. അവളുടെ മെയിലുകള്‍ ചെക്ക്‌ ചെയ്യുന്നു. അയാള്‍ തന്നെ മറുപടികള്‍ അയക്കുന്നു. സ്വന്തം മെയിലില്‍ അയാള്‍ അവളുടെ പേരും കൂട്ടിച്ചേര്‍ക്കുന്നു. അവളുടെ ഫോണും അയാള്‍ കൈക്കലാക്കുന്നു.

ഒരു സ്വതന്ത്ര വ്യക്തിയെന്ന അവളുടെ നിലനില്‍പ്പ്‌ തന്നെ അയാള്‍ കവരുകയാണ്, സ്വയം ഒരു മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികനായി ചമഞ്ഞു കൊണ്ട്.

ഒറ്റയടിക്ക് അയാള്‍ അവളുടെ ആയിരക്കണക്കിന് മെയിലുകള്‍ മായ്ച്ചുകളയുന്നു. അങ്ങനെ, അവളുടെ ഭാഗധേയം പൂര്‍ണമായും തന്റെ വരുതിയില്‍ ആക്കാന്‍ ശ്രമിക്കുന്നു.

കവിത:

എഴുത്തുകാരി എന്ന അവളുടെ പദവി അയാള്‍ക്ക്‌ 200px-Meena_Kandasamyസഹിക്കാനാവാത്തതാണ്. അതയാള്‍ക്ക്‌ വെല്ലുവിളിയാണ്. അതിനെയും അയാള്‍ നേരിടുന്നത് പ്രത്യയശാസ്ത്രത്തിന്റെ മറവിലാണ്. അയാളെ സംബന്ധിച്ചിടത്തോളം എല്ലാ എഴുത്തുകാരികളും വെടികള്‍ ആണ്. കാമസംപൂര്‍ത്തിക്കുള്ള ഒരുപായം മാത്രമാണ് എഴുത്ത്. പുസ്തകോത്സവങ്ങള്‍ സംഘരതിക്കുള്ള വേദികള്‍ മാത്രമാണ്. Outlook വാരികയ്ക്ക് അവരുടെ ലൈംഗികസര്‍വേയുടെ ഭാഗമായി ലേഖനമെഴുതുന്നത് പോലും അയാള്‍ എതിര്‍ക്കുന്നു.

“ കോര്‍പ്പറെറ്റ് മാധ്യമങ്ങളുടെ അടിമയാണ് നീ. നീ നിന്റെ ശരീരം വില്‍ക്കയാണ്. ഇത് വരേണ്യവര്‍ഗവേശ്യാവൃത്തിയാണ്. വായനക്കാര്‍ നിന്നെ തൊടുന്നില്ലായിരിക്കാം, പക്ഷെ അവര്‍ നിന്റെ പ്രതിരൂപത്തെ മസസ്സില്‍ ധ്യാനിച്ച്‌ മുഷ്ടിമൈഥുനം ചെയ്യുകയാണ്. ഇത് വിമോചനമല്ല. വെറും ലൈംഗിക അരാജകത്വമാണ്‌. ഇത് വിപ്ലവകരമല്ല. ഇത് വൃത്തികെട്ട സാമ്രാജ്യത്വ സംസ്കാരത്തിന് ചൂട്ടു പിടിക്കലാണ്.”

തുടര്‍ന്ന്, അവള്‍ Outlook വാരികയുടെ മൊത്തം എഡിറ്റര്‍മാരുടെ കൂടെയും കിടന്നിട്ടുണ്ട് എന്നാകുന്നു അയാളുടെ ആരോപണം. അങ്ങനെ അവസാനം, കവിതയിലും ( അവള്‍ ഒരു അറിയപ്പെടുന്ന കവിയാണ്‌) നിരോധനം കടന്നെത്തുന്നു. കവിതയില്‍ അവള്‍ അവരുടെ വിവാഹബന്ധത്തെ വിമര്ശിച്ചാലോ എന്നാണ് അയാളുടെ ഭയം. “ നമ്മള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീ കവിതയില്‍ ഇട്ടാല്‍, അവ അവിടെ മായാതെ കിടക്കും, തടവിലിട്ട പോലെ. അതൊരു വിഷമായി മാറും, നമ്മെ ഒരിക്കലും ക്ഷമിക്കാനോ മറക്കാനോ സമ്മതിക്കാതെ.” എന്താണ് ഇതിനു പ്രതിവിധി?

ഒന്നുമില്ല. അവള്‍ കവിതയെഴുത്ത് നിര്‍ത്തുക തന്നെ.

പകരം, അയാള്‍ എഴുതും. കാരണം, അവള്‍ എഴുതുന്നത്‌ അയാള്‍ക്കെതിരെ ആയിരിക്കും. അയാള്‍ എഴുതുന്നതും അയാള്‍ക്കെതിരെ ആയിരിക്കും. അവളുടേത്‌ വെറുപ്പിന്റെ കവിത, അയാളുടേത് സ്വയം വിമര്‍ശനത്തിന്റെ കവിത.

അതിന്റെ മാതൃകയാണ് ലെനിന്റെ കണ്ണീരിന്റെ കവിത. മര്‍ദ്ദനം മുഴുവന്‍ അവള്‍ താങ്ങേണ്ടിവരുന്ന ഒരു ബന്ധത്തില്‍,അയാള്‍ കവിയായി മാറുന്നു. അവളുടെ ഏറ്റവും പ്രധാനപ്പെട്ട അസ്തിത്വം അവള്‍ക്കു നഷ്ട്ടമാവുന്നു.

വേഷം

നിറമുള്ള വസ്ത്രങ്ങള്‍, ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍, അങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന ഒരു വസ്ത്രവും അവള്‍ ധരിക്കാന്‍ പാടില്ല. അങ്ങനെ ധരിച്ചെങ്കില്‍, അത് വേശ്യയാകാനുള്ള അവളുടെ ആഗ്രഹത്തെയാണ് പ്രകടമാക്കുന്നത്. ദുപട്ട ധരിക്കാതെ ചന്തയില്‍ പോയാല്‍ പറയാനുമില്ല. അവള്‍ അഭയം പ്രാപിക്കുന്നത് എല്ലാ ലൈംഗികതയും മറച്ചുപിടിക്കുന്ന നൈറ്റി എന്ന ആ വിചിത്രവേഷത്തിലാണ്.

ഒളിഞ്ഞുനോട്ടം

പ്രത്യയശാസ്ത്രഭാഷയും കൊണ്ട് എക്കാലവും പിടിച്ചുനില്‍കാന്‍ കഴിയുമോ? മറ്റൊരാള്‍ തന്റെ ഭാര്യയെ ഒളിഞ്ഞുനോക്കുന്നു എന്ന സംശയത്തിന് രാഷ്ട്രീയതലത്തില്‍ എന്തെങ്കിലും വിശദീകരണം സാധ്യമാവുമോ? തോട്ടം നനയ്ക്കാന്‍ വരുന്ന പയ്യനോട് അയാള്‍ കയര്‍ക്കുന്നതും അടിക്കുന്നതും ഒളിഞ്ഞു നോട്ടം മാത്രം സംശയിച്ചിട്ടല്ല.

നേരത്തെ പറഞ്ഞ ഭാര്യയുടെ പെറ്റിബൂര്‍ഷ്വാസ്വഭാവം അവളെ അവനെ വശീകരിക്കുന്നതില്‍ നിന്ന് തടയില്ല എന്നയാള്‍ക്ക് ഉറപ്പാണ്. അയാളുടെ കണ്ണില്‍ തൊഴിലാളിവര്‍ഗസ്ത്രീകളൊഴിച്ച് ബാക്കി സ്ത്രീകളെല്ലാം വ്യഭിചാരിണികള്‍ ആണല്ലോ. ഇവിടെ അയാള്‍ ചെയ്യുന്നത് `ഓട്ട അടയ്ക്കല്‍’ മാത്രമാണ്. ഓട്ട അടയ്ക്കല്‍ ബിംബാത്മകവും കൂടിയാണ്. അവന്‍ ഒളിഞ്ഞു നോക്കാന്‍ ഇടയുള്ള എല്ലാ സുഷിരങ്ങളും അയാള്‍ അടയ്ക്കുന്നു.

സെക്സ്

സംഭോഗവേളയില്‍ അപൂര്‍വ നിമിഷങ്ങളില്‍ അവളില്‍ നിന്ന് ഉയരുന്ന ചെറിയ ഒച്ച പോലും അയാള്‍ തടയുന്നു. അത്തരം ഒച്ചകള്‍ പ്രകടാത്മകമാണെന്നാണ് അയാളുടെ പക്ഷം. ലൈംഗികപെരുമാറ്റ രീതികളുടെ ഒരു വര്‍ഗ വിശകലനമാണ് പിന്നീട് നടക്കുക. “ നീ ഭോഗത്തെ ഒരു കെട്ടുകാഴ്ച്ച ആക്കുകയാണ്. നീ ഓളിയിടുന്നത് ഇത് നിനക്ക് ഒരു പ്രകടനം ആയതുകൊണ്ടാണ്‌.”

“ഈ സഖാവിന്റെ കമ്മ്യൂണിസം വെറും നിയന്ത്രണവും ശിക്ഷയും മാത്രമാണ്. ഇയാളോടൊത്തുള്ള സെക്സ് സ്വാഭാവികമായ ഒരു ക്രിയയുടെ അന്ത്യമാണ്.”

ഒരു ഘട്ടത്തില്‍, തന്റെ ലൈംഗികജീവിതത്തെ ഒരു സിനിമ പോലെ അവള്‍ കാണുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ “പന്ത്രണ്ടു കുപിതരായ പുരുഷന്മാര്‍ (ശയ്യയില്‍)” എന്നാണ്. യുവതിയും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവളും എഴുത്തുകാരിയുമായ തന്റെ ഭാര്യയെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് വേണ്ടി തയ്യാറാക്കുവാനായി ഭര്‍ത്താവ് അവരുടെ കിടപ്പറയിലേക്ക് മറ്റു പതിനൊന്നു കുപിതരായ പുരുഷന്മാരെ ആനയിക്കുന്നതാണ് ഇതിവൃത്തം. അവര്‍ ഇവരാണ് –

ഹെഗല്‍, മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, സ്റാലിന്‍, മാവോ, എട്വര്ദ് സൈദ്‌, ഗ്രാമ്ചി, സിസെക്, ഫാനന്‍, പിന്നെ ചെഗവാരയും. കാരണം, ഭോഗശയ്യ പോലും അയാള്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ സംവാദത്തിന്റെ വേദിയാണ്.

വാദപ്രതിവാദങ്ങള്‍ ആണ് ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവവായു. അവള്‍ ( ഒരു അടവുനയത്തിന്റെ ഭാഗമായി) ഒരു കാര്യത്തിനും മിണ്ടാതാകുന്നതോടെ അയാള്‍ക്ക് വാക്ക് മുട്ടുന്നു. ചുമരിനോട് വാദിക്കാനാകുമോ? അയാള്‍ അപ്പോള്‍ വാക്കുകള്‍ മടക്കി വെച്ചു കര്മത്തിലേക്ക് നീങ്ങുന്നു. അതോടെ അയാളിലെ കമ്മ്യൂണിസ്റ്റ് പൂര്‍ണമായും ഇല്ലാതാവുകയും പുരുഷന്‍ പുറത്തുചാടുകയും ചെയ്യുന്നു.. ഒരു ബലാല്‍ സംഗത്തിലൂടെയാണ് അയാള്‍ അവളെ അടുത്ത പാഠം പഠിപ്പിക്കുന്നത്‌. പിന്നില്‍ നിന്നുള്ള ഒരാക്രമണം. അവളുടെ യോനിയെ താന്‍ തകര്‍ത്ത് മറ്റൊരു പുരുഷനും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കും എന്നാണ് അയാള്‍ വിളിച്ചുപറയുന്നത്‌. പിന്നീടുള്ള ഭോഗങ്ങള്‍ എല്ലാം ബലാല്‍സംഗം ആയിമാറുന്നു. മീന എഴുതുന്നു – “ I imagine my vagina falling out of me like spare change. Not with jingling noises, but in a wet, pulpy, silent way, carrying the purple of dead roses.”

ഈ ബലാല്‍സംഗം എന്താണെന്ന് അയാള്‍ക്ക്‌ വ്യക്തമായും അറിയാം. നോവലില്‍ അത് വിവരിക്കുന്നു – “ഈ ലൈംഗികമനശാസ്ത്രയുക്തി ലിംഗം ഉള്ളില്‍ ചെലുത്തുന്നതിനെ ഒരു ശിക്ഷാക്രമമായി കരുതുന്നു. ഇത് അച്ചടക്കം പഠിപ്പിക്കുന്ന ബലാല്‍സംഗം ആണ്, എന്നെ നല്ലൊരു ഭാര്യയാവാനുള്ള വഴിയിലേക്ക് തെളിച്ചുകൊണ്ടു പോവുന്നതാണ് ഈ ബലാല്‍സംഗം. തന്റെ ഭര്‍ത്താവിനു തന്റെ ശരീരത്തെ എന്തും ചെയ്യാനുള്ള അധികാരം ഉണ്ടെന്നു എന്നെ പഠിപ്പിക്കുന്ന ഒന്നാണ് ഈ ബലാല്‍സംഗം.ഈ ബലാല്‍സംഗം ഉടമ ആരാണെന്ന് തെളിയിക്കുന്ന ഒന്നാണ്. ഈ ബലാല്സംഗത്തില്‍, ഒരു ഭര്‍ത്താവിനു തന്റെ ഭാര്യയെ തൊട്ടുകഴിഞ്ഞ, തൊടാനിരിക്കുന്ന, അവളെ കാമിച്ചേക്കാവുന്ന എല്ലാ പുരുഷന്മാരോടുമുള്ള ക്രോധം അടങ്ങിയിരിക്കുന്നു.”

“അയാള്‍ എന്റെ വയറ്റില്‍ തൊഴിക്കുന്നു. ‘തെളിയിക്ക്!’ അയാള്‍ ആക്രോശിക്കുന്നു, ഞാന്‍ വയര്‍ പൊത്തിപ്പിടിച്ചു കുനിയുമ്പോള്‍, ‘ തെളിയിക്ക്, നീ എന്റെ ഭാര്യയാണെന്ന്. നീ മറ്റൊരു പുരുഷനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്ന് തെളിയിക്ക്. അല്ലെങ്കില്‍, അത് ഞാന്‍ നിനക്ക് തെളിയിച്ചു തരും.”

പ്രണയം

ചോദ്യം: എന്താണ് പ്രണയം?

ഉത്തരം: (മൌനം)

ചോ: കേട്ടില്ലേ? എന്താണ് പ്രണയം എന്ന്.

ഉത്തരം: കമ്മ്യൂണിസം?

ചോ: ശരി. എന്താണ് കമ്മ്യൂണിസം?

ഉത്തരം: പ്രണയം?

ചോ: തെറ്റ്! കമ്മ്യൂണിസം പ്രണയമല്ല; നമ്മുടെ തെറ്റുകളെ തിരുത്താനും ശത്രുക്കളെ തകര്‍ക്കാനും നമ്മള്‍ ഉപയോഗിക്കുന്ന ചുറ്റികയാണത്.

ലെനിനും കണ്ണീരും

ലെനിന്റെ കണ്ണീരിനെകുറിച്ചു എഴുതവെയാണ്, ` ലെനിന്റെ ധര്‍മസങ്കടങ്ങള്‍’ എന്ന താരിഖ്അലിയുടെ പുസ്തകത്തെ അധികരിച്ച് എം.എം.ഷിനാസ് എഴുതിയ ലേഖനം മാതൃഭൂമി വാരികയില്‍ വരുന്നത്, ലെനിന് കണ്ണീര്‍ ഒഴുക്കാന്‍ വേണ്ടുവോളം കാരണങ്ങള്‍ അന്നത്തെ സോവിയറ്റ് ഭരണരീതി തന്നെ കൊടുത്തിരുന്നുവന്നു അതില്‍ കാണാം. മാത്രമല്ല, അക്കാലത്ത് രാജഭരണത്തിനെതിരെയുള്ള പല അനാര്കിസ്റ്റ് ആക്രമണങ്ങളിലും സ്ത്രീകള്‍ മുന്‍കൈ എടുത്തിരുന്നതായും കാണാം. സാര്‍ അലക്സാണ്ടര്‍ രണ്ടാമന്റെ വധത്തില്‍ പ്രധാന പങ്കു സ്ത്രീകള്‍ക്കായിരുന്നു.എല്ലാവരും പ്രഭു-ബൂര്‍ഷ്വാ കുടുംബങ്ങളില്‍ നിന്നുള്ളവര്‍. സോഫിയ പെരോവ്സ്കയാണ് ഈ അക്രമത്തിന്റെ പേരില്‍ തൂക്കിക്കൊല്ലപ്പെട്ട ആദ്യ വനിതാ വിപ്ലവകാരി. കീവിലെ ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ച വേര സാസുലിച് ആണ് റിവോള്‍വര്‍ ഉപയോഗിച്ച ആദ്യ റഷ്യന്‍ വനിതാ വിപ്ലവകാരി. പല സ്ത്രീകളും തീവ്രവാദവിപ്ലവസംഘടനകളില്‍ പ്രവര്‍ത്തിക്കയും അതിന്റെ പേരില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തിരുന്നു.

യൂറോപ്പില്‍ രാഷ്ട്രീയമായും സാമൂഹികമായും ഏറ്റവും പുരോഗമിച്ച വിഭാഗം റഷ്യയിലെ റാഡിക്കല്‍ വനിതകള്‍ ആയിരുന്നു എന്നാണ് താരിഖ് അലി പറയുന്നത്. ഇതിനെ തുടര്‍ന്ന്, 1919 ല്‍ വിപ്ലവ സര്‍ക്കാരിന്റെ കീഴില്‍ ഷേനോത് ജേല്‍ എന്ന വനിതാ വകുപ്പ് രൂപീകരിക്കുന്നുണ്ട്. നിരവധി സോഷ്യല്‍ ഫെമിനിസ്റ്റുകള്‍ ഇതില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളി സ്ത്രീകള്‍ക്കും കര്‍ഷക സ്ത്രീകള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കാനാണ് ഇത് രൂപീകരിച്ചത് തന്നെ. വിപ്ലവം അഭിമുഖീകരിക്കേണ്ട ഒരു പ്രധാന പ്രശ്നം സ്ത്രീവിമോചനമാണെന്ന വ്യക്തമായ ധാരണ അത് നയിച്ച സ്ത്രീനേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ലിംഗസമത്വത്തെകുറിച്ചുള്ള പുതിയ അവബോധം റഷ്യയിലെങ്ങും പരത്താന്‍ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ, ബോള്‍ഷെവിക് നേതാക്കളില്‍ പലരും അവരോട് അസഹിഷ്ണുത പുലര്‍ത്തുകയും ആ സ്ത്രീസന്ഘം പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പറഞ്ഞുവന്നത് ഇതാണ്. ലെനിന്‍ ആണ് ഈ സ്ത്രീസംഘത്തിനു താങ്ങായി അവസാനം വരെ നിന്നിരുന്നത്. ലെനിന്റെ മരണശേഷം 1930 ല്‍ സ്റ്റാലിന്‍ സംഘത്തെ പിരിച്ചുവിട്ടു. ഒരുപക്ഷെ, സ്ത്രീസന്ഘത്തിന്റെ നേതാവായിരുന്ന ഇന്നെസ അര്മാണ്ട് ലെനിന്റെ പ്രണയിനി ആയിരുന്നു എന്നുള്ളത് ലെനിന്റെ വീക്ഷണത്തെ ബാധിച്ചിരിക്കാം.

എങ്കിലും, റഷ്യന്‍ വിപ്ലവത്തിന്റെ സമരനായകന്‍ വിപ്ലവത്തിന്റെ പൂര്‍ണത സ്ത്രീവിമോചനത്തെക്കൂടെ ആശ്രയിച്ചിരിക്കുന്നു എന്ന് ശരിയായി മനസ്സിലാക്കിയ ഒരു നേതാവായിരുന്നു എന്നത് തീര്‍ച്ചയാണ്. മാത്രമല്ല, നോവലിന്റെ നായകന്‍ റഷ്യ കണ്ട ഏറ്റവും പ്രമുഖയായ സ്ത്രീ വിമോചക പ്രവര്‍ത്തകയായ കൊളോന്തോയ് രചിച്ച ‘The autobiography of a sexually emancipated Communist Woman(1926), &quote;The New Morality and the Working Class” എന്നീ പുസ്തകങ്ങള്‍ വായിച്ചിരിക്കാനും ഇടയില്ല. അവരുടെ ആത്മകഥ അവസാനിക്കുന്നത് ഇങ്ങനെയാണ് – “It is perfectly clear to me that the complete liberation of the working woman and the creation of the foundation of a new sexual morality will always remain the highest aim of my activity, and of my life.”

അതിനാല്‍, ഈ നോവലിന്റെ നായകന്‍ കരുതിയ പോലെ കമ്മ്യൂണിസം ചുറ്റിക മാത്രമല്ല, പ്രണയവും കൂടിയാണ്. അയാള്‍ അവളെ മര്‍ദ്ദിക്കുമ്പോള്‍ ലെനിന്റെ കണ്ണുകളില്‍ നിന്ന് ഒഴുകുന്നത്‌ കണ്ണീരിനു പകരം ചോരയാവാനാണ് സാധ്യത.

രചന

ഒരു പക്ഷെ, ഇത്തരം ഒരു വിഷയം ഇത്ര കരുത്തുറ്റ രീതിയില്‍ എഴുതാന്‍ നോവലിസ്റ്റിനു കഴിഞ്ഞത് സ്വന്തം ജീവിതത്തില്‍ നേരിടേണ്ടി വന്ന അവസ്ഥയാണത് എന്നത് കൊണ്ടാവാം. വലിയ അളവോളം ആത്മകഥാംശമുള്ള ഒരു കൃതിയാണിത്. രചനാരീതിയില്‍ കൂടുതലും ഉപയോഗിച്ചിട്ടുള്ളത് സ്വഗതാഖ്യാനങ്ങളും, നേരിട്ടുള്ള ആഖ്യാനവും, കത്തുകളും, ടെലിഫോണ്‍ സംഭാഷണങ്ങളും മറ്റുമാണ്. രണ്ടു മൂന്നു സ്ഥലത്ത് നോവലിസ്റ്റ് തന്റെ കഥയെ മുന്നോട്ടു കൊണ്ടുപോകാനായി സ്വയം അവതരിക്കുന്നുണ്ട്. ഇതില്‍, ഏറ്റവും ഫലപ്രദമായ രചനാതന്ത്രം എല്ലാ ദിവസവും അവള്‍ തന്റെ ഭാവനയിലെ കാമുകന്മാര്‍ക്കു എഴുതുന്ന കത്തുകളാണ്. അയക്കാത്ത ഈ കത്തുകളൊക്കെ അവള്‍ അയാള്‍ കോളേജില്‍ നിന്ന് മടങ്ങി വരുന്നതിനു മുമ്പ് ഡിലീറ്റു ചെയ്യുന്നവയാണ്. ഇവയിലൂടെ അവള്‍ പല തരം പുരുഷന്മാരെ കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്താനും തന്റെ പ്രണയസങ്കല്പങ്ങള്‍ വിശദമാക്കാനും ഉപയോഗിക്കുന്നു.

നോവലിലെ ഏറ്റവും തെളിമയാര്‍ന്ന പേജുകള്‍ ഇവയാണ്. കാരണം, നിരന്തരമായ മര്‍ദ്ദനങ്ങളുടെ വിവരണങ്ങള്‍ക്കിടയ്ക്കു അവള്‍ക്കും നമുക്കും ശ്വാസം വിടാന്‍ ഒരു ഇടവേള കിട്ടുന്നു. അല്ലെങ്കില്‍, ഇത് വായനക്കാരനോട് ഒരു ദാക്ഷിണ്യവുമില്ലാത്ത കൃതിയായി മാറിയേനെ. അത്ര ജൂഗുപ്ത്സാവഹമാണ് ഇതിലെ നായകന്‍റെ പെരുമാറ്റരീതികള്‍.

നാല് മാസത്തിനുള്ളില്‍ സാഹസികമായ ഒരു ഒളിച്ചോട്ടത്തിലൂടെ അവള്‍ രക്ഷപ്പെടുന്നുണ്ടെങ്കിലും അയാളുടെ പിന്നീടുള്ള ജീവിതത്തെ കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് അവള്‍ തരുന്ന്നുണ്ട്. അയാളോട് അത്രയധികം വിദ്വേഷമൊന്നും അവള്‍ പ്രകടിപ്പിക്കുന്നില്ല. സൌത്ത് ആഫ്രികയില്‍ പോയ അയാള്‍ ചൂഷണത്തിനു വിധേയമായ നിരവധി സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ രൂപരേഖയാണ് നമുക്ക് കിട്ടുന്നത്. “Activism becomes the mask behind which he hides.” ഈ അവസരത്തില്‍, അനാഥസമൂഹങ്ങള്‍ക്ക് വേണ്ടി അയാള്‍ ചെയ്യുന്ന നിരവധി സേവനങ്ങളുടെ പശ്ചാത്തലത്തില്‍ അയാള്‍ക്കെതിരെ, അയാളുടെ സ്ത്രീവിദ്വേഷത്തിനെതിരെ, അക്രമത്തിനെതിരെ, സംസാരിക്കുന്നത് പോലും ദൈവനിന്ദ ആയേക്കാമെന്ന് അവള്‍ ഭയപ്പെടുന്നുണ്ട്. അതിനിടെ, അവളാകട്ടെ, അയാള്‍ക്കെതിരേയുള്ള കേസുകളുമായി ചെന്നൈയില്‍ കോടതികള്‍ കയറി ഇറങ്ങുകയാണ്. എങ്കിലും, അയാളുടെ വാക്കുകളോടെ ഈ ബുക്കില്‍ നിന്നും വിട പറയാമെന്നു അവള്‍ കരുതുന്നു.

“ പ്രശ്നമെന്താണെന്നു വെച്ചാല്‍, നിനക്ക് ഒരു ശരിയായ ജീവിതത്തോട് താല്പര്യമേ ഇല്ലായിരുന്നു എന്നതാണ്. നീ ഒരു കഥയ്ക്ക്‌ പുറകെ വെച്ചു പിടിക്കയായിരുന്നു, അങ്ങനെ എന്റെ ജീവിതം നരകതുല്യമാക്കാനും.ഈ വാക്കുകള്‍ ഒരു ശവകുടീരത്തില്‍ കൊത്തിവെച്ച വാക്കുകള്‍ക്കു സമാനമാണ്. അതിനുള്ളില്‍, എന്റെ ഒരു പാതി മറവു ചെയ്യപ്പെട്ടിരിക്കുന്നു.”

നോവല്‍ ശരിക്കും ഇവിടെ അവസാനിക്കേണ്ടതാണ്. പക്ഷെ സ്വയം പ്രകാശിതമാവാനുള്ള ഒരു ആന്തലോടെ നോവലിസ്റ്റ് ഒരു അദ്ധ്യായം കൂടി ബാക്കി വെക്കുന്നു. ഈ അദ്ധ്യായത്തില്‍, എല്ലാ ഖണ്ഡികകളും തുടങ്ങുന്നത് “I am the woman” എന്നാണ്. ഇവിടെ എന്റെ എഴുത്തും അവസാനിപ്പിക്കാം.

“ ലോലമായ ഒന്നിന് വേണ്ടി ദാഹിക്കുകയും, പകരം ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്ത പെണ്ണാണ് ഞാന്‍.തന്റെ ശിക്ഷാവധി പൂര്‍ത്തിയാക്കിയ പെണ്ണ്.തകര്‍ന്ന ഹൃദയത്തോടെയെങ്കിലും, ഇപ്പോഴും, പ്രണയത്തില്‍ വിശ്വസിക്കുന്ന പെണ്ണാണ് ഞാന്‍.”

Comments

comments