വലിയൊരു സവർണ്ണജാതി അട്ടിമറിയാണ് വിദ്യാഭ്യാസ മേഖലയില്‍ നിശബ്ദമായി നായര്‍ സർവീസ് സൊസൈറ്റി നേടി എടുത്തിരിക്കുന്നത് എന്ന് പറയാതെ വയ്യ. യു ജി സിയുടെ നെറ്റ് (NET) പരീക്ഷയില്‍ യാതൊരു കാരണവശാലും പൊതുവിഭാഗത്തില്‍ നിന്നുള്ളതില്‍ കൂടുതല്‍ പേര്‍ സംവരണ വിഭാഗത്തില്‍ നിന്ന് യോഗ്യത നേടിക്കൂടാ എന്നും അങ്ങനെ നേടാതിരിക്കുന്നതിനുള്ള മുൻകരുതലായി സംവരണ വിഭാഗങ്ങൾക്ക് കുറഞ്ഞ മാർക്കില്‍ നൽകിയിരുന്ന ഇളവു അനുവദിക്കരുത് എന്നുമുള്ള വിധിയാണ് എന്‍ എസ് എസ് ഹൈക്കോടതിയില്‍ നിന്ന് നേടിയെടുത്തതും യു ജി സി ഇപ്പോള്‍ നിയമമാക്കിയിരിക്കുന്നതും. അക്കാദമിക് രംഗത്തെ ദളിത്‌-ആദിവാസി – പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ദൂരവ്യാപകമായ ഒരു വിധി സംവരണ ആനുകൂല്യവുമായി ബന്ധപ്പെട്ട കേരളാ ഹൈക്കോടതി പുറപ്പെടുവിക്കുകയും അപ്പീല്‍ പോകാന്‍ ന്നിൽക്കാതെ യു ജി സി അത് നടപ്പിലാക്കുകയുമാണ്‌ ചെയ്തിരിക്കുന്നത് എന്നാണു ഞാന്‍ ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്‌. ഈ വിധിയുമായി ബന്ധപ്പെട്ട കാര്യമായ ചർച്ചകള്‍ കേരളത്തില്‍ പോലും നടന്നില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നു. ഒരു വശത്ത് സാമ്പത്തിക സംവരണ സമരങ്ങളില്‍ കൂടിയും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ മറികടന്നും സംവരണാനുകൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ സവർണ്ണ വിഭാഗങ്ങൾക്ക് കഴിയുമ്പോള്‍ അതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, സാർവ്വത്രികമായി സംവരണ പ്രശ്നത്തില്‍ അലംഭാവത്തിന്റെതായ ഒരു അന്തരീക്ഷം ക്രമേണ സംജാതമാവുകയാണ് എന്നുകൂടി കരുതേണ്ടിയിരിക്കുന്നു. 2017 ജനുവരിയില്‍ പ്രസ്താവിച്ച ഈ വിധി എന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് ഞാന്‍ ഖേദപൂർവ്വം ഓർക്കുന്നു. ജനുവരിയില്‍ ആണ് ഞാന്‍ അഹമ്മദാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് മാറിയത്. അക്കാലത്തെ കടുത്ത ഔദ്യോഗിക തിരക്കുകള്‍ ആവാം ഈ വാർത്ത എന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനുള്ള കാരണം. ഞാനറിഞ്ഞത് കൊണ്ട് വിശേഷിച്ചു കാര്യമുണ്ട് എന്നല്ല. ഒരു ചർച്ച ഇതില്‍ ആവശ്യമുണ്ട് എന്ന് തീർച്ചയായും അന്ന് പറയാന്‍ കഴിയുമായിരുന്നു. പക്ഷെ ഇത് ഒരു വ്യക്തിയുടെ കാര്യമല്ല. ചർച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇല്ലങ്കിലും ഇപ്പോള്‍ ഇത് നിയമം ആയിരിക്കുന്നു. നിരവധി ദളിത്‌-ആദിവാസി- പിന്നാക്ക വിഭാഗം വിദ്യാർത്ഥികളെ ഇത് അക്കാദമിക് ഗവേഷണ- ജോലി സാധ്യതകളില്‍ നിന്ന് ആട്ടിയകറ്റുന്നു. ഈ പ്രശ്നം ഇതിനകം ആരെങ്കിലും ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ അവര്‍ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

ഇത്തരം ഒരു കേസ്സ് നായര്‍ സർവ്വീസ് സൊസൈറ്റി നല്കുകയും അത് കോടതി വാദം കേൾക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തിട്ടും യാതൊരു ചലനവും കേരളത്തില്‍ പോലും ഉണ്ടായില്ല എന്നാണോ ഇപ്പോള്‍ കരുതേണ്ടത്? ഗുജറാത്തിലെ പട്ടേല്‍ സമരക്കാർക്ക് പോലും സാധിക്കാത്ത അട്ടിമറികള്‍ ആരും അറിയാതെ എന്‍ എസ് എസ്സിന് നേടിയെടുക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടെ നിലവിലുണ്ട് എന്നല്ലേ ഇതിനർത്ഥം. കേരള സർക്കാരിനു ഇതില്‍ എന്താണ് ചെയ്യുവാന്‍ കഴിയുമായിരുന്നത് എന്ന് എനിക്കറിയില്ല. എങ്കിലും തീർച്ചയായും ഇതില്‍ കക്ഷി ചേരാനും സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിക്കാനും കഴിയുന്നവര്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണു എന്റെ വിശ്വാസം. അവരത് ചെയ്തോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ കേസ്സിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തീർച്ചയായും പുറത്തു വരേണ്ടതുണ്ട്.

യു ജി സിയുടെ കോളജ് /യൂണിവേഴ്സിറ്റി അധ്യാപകര്‍ ആകാനുള്ള യോഗ്യതാ പരീക്ഷ ആയ നെറ്റിന്റെ (NET) സംവരണ മാനദണ്ഡം പരീക്ഷയില്‍ ഒന്നും രണ്ടും പേപ്പറിന് പൊതു വിഭാഗത്തിന് 40 ശതമാനവും സംവരണ വിഭാഗങ്ങൾക്ക് 35 ശതമാനവുമായിരുന്നു. മൂന്നാം പേപ്പറിന്റെ കാര്യത്തില്‍ പൊതു വിഭാഗത്തിന് 50 ശതമാനവും സംവരണ വിഭാഗത്തില്‍ 40 ശതമാനവുമാണ് മിനിമം യോഗ്യതാ മാർക്ക് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മിനിമം മാർക്ക് നേടിയവരെ ഉൾപ്പെടുത്തി, ആകെ മാർക്കിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനപട്ടിക തയ്യാറാക്കിയിരുന്നത്. അഞ്ചു വിഭാഗങ്ങൾക്കായി വെവ്വേറെ മെറിറ്റ് പട്ടികയാണ് തയ്യാറാക്കുക. മുഖ്യവിഷയത്തിന്റെ അടിസ്ഥാനത്തിലും പട്ടിക ഉണ്ടാക്കുന്നു. ഓരോ പട്ടികയിലും നിന്ന് ഏറ്റവും കൂടുതല്‍ മാർക്ക് കിട്ടുന്ന 15 ശതമാനം പേരെയാണ് നെറ്റ് യോഗ്യത നേടിയവരായി തിരഞ്ഞെടുത്തിരുന്നത്. ഇത് നിരവധി ദളിത്‌ പിന്നാക്ക വിഭാഗം വിദ്യാർത്ഥികളെ സഹായിച്ചിരുന്ന ഒരു രീതിയായിരുന്നു.

നായര്‍ സർവീസ് സൊസൈറ്റിയുടെ പരാതി സംവരണക്കാരിലെ നാല് വിഭാഗങ്ങളുടെ പട്ടികയിൽ നിന്ന് ആദ്യ 15 ശതമാനം വീതം യോഗ്യത നേടുമ്പോള്‍ അങ്ങനെ യോഗ്യത നേടുന്നവരുടെ എണ്ണം പൊതുവിഭാഗത്തിൽ നിന്നും യോഗ്യത നേടിയവരേക്കാള്‍ കൂടും എന്നായിരുന്നു. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും ഇതിനോടുള്ള അസഹിഷ്ണുത ആയിരുന്നു എന്‍ എസ് എസ്സിനെ ഈ കേസ്സിനു പ്രേരിപ്പിച്ചത്. ഇത് 50 ശതമാനം കടക്കാന്‍ സാധ്യത ഉണ്ടെന്നും അത് അവസരസമത്വത്തിന്റെ ലംഘനമാണു എന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ എന്‍ എസ് എസ്സിന് ഒരു പക്ഷെ അധികം വിയർക്കേണ്ടി വന്നിട്ടുണ്ടാവില്ല. ചില എതിർവാദങ്ങള്‍ യു ജി സി കോടതി മുമ്പാകെ ഉയർത്തിയിരുന്നുവെങ്കിലും അവ എത്രമാത്രം ശക്തിമത്തായിരുന്നു എന്ന് എനിക്ക് അറിയില്ല. അതുപോലെ യോഗ്യതാ മാനദണ്ഡത്തിലെ കുറഞ്ഞ മാർക്കിന്റെ കാര്യത്തിലും എന്‍ എസ് എസ് അനുകൂല വിധി നേടി എടുക്കുകയും അതിപ്പോള്‍ യു ജി സി നിയമം ആക്കിയിരിക്കുകയുമാണ്.

ഇതില്‍ ഏറ്റവും ദൌർഭാഗ്യകരം എന്ന് പറയുവാന്‍ കഴിയുന്നത്‌, അഖിലേന്ത്യാടിസ്ഥാനത്തില്‍ മറ്റു മത്സര പരീക്ഷകൾക്കും ഈ വിധി ബാധകമാവാന്‍ പോകുന്നു എന്നുള്ളതാണ്. സി ബി എസ് സി യെ ഈ വിവരം യു ജി സി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സംവരണവുമായി ബന്ധപ്പെട്ട ഈ വിധിയെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഉണ്ടാകാം. ഇപ്പോള്‍ നടപ്പിലായിരിക്കുന്നതാണ് നീതി എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകാം. അല്ലെങ്കില്‍ ഇതൊന്നും ദളിത്‌ സംഘടനകള്‍ വിഷയമാക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകാം. അതുപോലെ ഇത്തരം ഇളവുകള്‍ വേണ്ട, അത് മെറിറ്റിനെ ബാധിക്കും എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. എന്റെ ചോദ്യം അവരോടല്ല. സംവരണത്തില്‍ കാലാകാലങ്ങളായി പാലിച്ചു പോരുന്ന ഒരു കീഴ്വഴക്കം ആണ് പല യോഗ്യതാപരീക്ഷകളിലും അടിസ്ഥാനമായുള്ള മിനിമം മാർക്കില്‍ പാർശ്വവൽകൃതർക്ക് നല്കിവന്ന ചെറിയ ഇളവുകള്‍. ഇതിന്റെ അടിസ്ഥാനയുക്തി സംവരണത്തിന്റേത് തന്നെ. പാർശവൽക്കരിക്കപ്പെട്ടവർക്കുള്ള ഒരു പരിഗണന എന്നതില്‍ ഉപരി, ഭരണഘടനാപരമായ ഒരു അവകാശം. ആ അവകാശമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ശബ്ദിക്കേണ്ടതില്ല എന്നാണെങ്കില്‍ അത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമായ ഒരു നിലപാടായിരിക്കും. ദളിത്‌ – ആദിവാസി മേഖലകളില്‍ നിന്നുള്ള വിദ്യാർഥികള്‍ ഇതിന്റെ ഗുണഭോക്താക്കള്‍ ആയിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയുന്ന കാര്യമല്ല. പല യൂണിവേഴ്സിറ്റികളിലും ധാരാളം ദളിത്‌ – ആദിവാസി വിദ്യാർഥികള്‍ ഗവേഷകരായി എത്തിയതും ഈ ആനുകൂല്യത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ആയിരുന്നു. അതിന്റെ ഫലമായാണ് അക്കാദമിക് മേഖലയിലെ പല ജാതി വിവേചനത്തിന്റെയും പ്രശ്നങ്ങള്‍ കൂട്ടായി ഉന്നയിക്കുന്നതിനും സംഘടിച്ചു പൊരുതുന്നതിനുമുള്ള സംഖ്യാബലം ഈ മേഖലയില്‍ അവർക്കുണ്ടായത്. ദളിത്‌- ആദിവാസി വിദ്യാർഥികള്‍ അക്കാദമിക് മേഖലയിലേക്ക് കൂടുതലായി കടന്നു വരുന്നതിനെ ഈ പുതിയ നിയമം കാര്യമായി ബാധിക്കും എന്ന് ഉറപ്പാണ്.

ഇക്കാര്യത്തില്‍ എന്താണ് ചെയാന്‍ കഴിയുക എന്ന് കൂടിയാലോചിക്കേണ്ടിയിരിക്കുന്നു  എന്നാണു എനിക്ക് സൂചിപ്പിക്കാനുള്ളത്.  ഭരണഘടനാപരമായ പ്രശ്നങ്ങള്‍ ഇതില്‍ അന്തർഭവിച്ചിട്ടുണ്ട് . അത്തരത്തില്‍ അടിയന്തിര പ്രാധാന്യമുള്ള ഒന്നായി ഇതിനെ കാണുന്നില്ലായെങ്കിൽ അത് ദളിത്‌- ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ജോലിയുൾപ്പടെയുള്ള ഭാവിസാധ്യതകൾക്ക്  എല്ലാ മേഖലകളിലും വലിയൊരു ഭീഷണിയാവുമെന്ന കാര്യത്തില്‍ തർക്കമില്ല.  ഇത്തരത്തിൽ  കുറഞ്ഞ മാർക്കില്‍ ഇളവുകള്‍ നൽകുന്ന എല്ലാ സ്ഥാപനങ്ങളും സ്വന്തം നിലപാട് തിരുത്താന്‍ ബാധ്യസ്ഥരാവും എന്ന് നാം ഓർക്കേണ്ടതുണ്ട് . ദേശീയ തലത്തില്‍ തന്നെ ഇതിനെ കുറിച്ചുള്ള നിലപാടുകള്‍ ഉർന്നു വരും എന്നാണു ഞാന്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

Comments

comments